മറ്റുള്ളവ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മറ്റുള്ളവ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

01 ജനുവരി 2015

2014 - വാര്‍ഷിക കണക്കെടുപ്പ്!

ഒരു കൊല്ലം പോയ പോക്കേ! രണ്ടായിരത്തി പതിനാല് എന്ന് തികച്ച് പറയുന്നതിന് മുമ്പേ വര്‍ഷം തീര്‍ന്നു പോയ പ്രതീതി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒരു കണക്കെടുപ്പ് പോസ്റ്റ് പോലും ബ്ലോഗില്‍ ഇടുന്നില്ല. ഇത്തവണ അതായി കളയാം എന്ന് വെച്ചു.

അനുഭവങ്ങള്‍ വെച്ച് ഒരു വര്‍ഷത്തെ അളക്കുക എന്നത് എന്നെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്. അങ്ങനെ ഓര്‍ത്തിരിക്കാനും മാത്രം സംഭവങ്ങള്‍ ഒന്നും അങ്ങനെ ഉണ്ടാവാറില്ല എന്നതാണ് സത്യം. ഈ കൊല്ലം അങ്ങനെയൊന്ന് നടന്നത് ജെ4എഫ് മീറ്റ് ആയിരുന്നു. ഓര്‍ക്കുട്ടില്‍ വെച്ച് കൂട്ടുകൂടിയ ഒരു പറ്റം സിനിമാ സ്നേഹികള്‍, ഓര്‍ക്കുട്ടിനെ ഗൂഗിള്‍ മറന്നപ്പോള്‍ മെല്ലെ മെല്ലെ ഫേസ്‌ബുക്കില്‍ ചേക്കേറി. വിദേശത്ത് നിന്ന് വരുന്ന അംഗങ്ങളെ ഊറ്റുക എന്ന പണി ഇതിന് മുമ്പും മീറ്റ് എന്ന പേരില്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അന്നൊന്നും പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ സാഹചര്യങ്ങളും സമയവും ഒത്ത് വന്നപ്പോള്‍ പോയി. എന്നെ കൊണ്ടാവുന്ന പോലെ ഞങ്ങളുടെ സ്വന്തം അഡ്‌മിന്റെ ചീട്ട് കീറി..! ഏതായാലും സംഭവം ജോറായി.

പിന്നെ ഒരു രാമേശ്വരം യാത്ര. അനിയന്മാരൊക്കെ ഉണ്ടായിരുന്നത് കൊണ്ട് - അപ്പൂപ്പന്റെ ചിതാഭസ്മം ഒഴുക്കാന്‍ പോയതാണെങ്കിലും - ഞങ്ങള്‍ അടിച്ച് പൊളിച്ചു! പാമ്പന്‍ പാലം നേരില്‍ കണ്ടത് ഒരു വലിയ അത്ഭുതമായിരുന്നു. അത് പോലെ, അമല്‍ നീരദിന്റെ സ്വന്തം ധനുഷ്‌കോടി. ചുമ്മാ ഒരു ക്യാമറയുമായി ഇറങ്ങിയാല്‍ മതി, എങ്ങനെ പടമെടുത്താലും കിടിലം! രാമേശ്വരം യാത്രയെ കുറിച്ച് ബ്ലോഗില്‍ ഒരു കുറിപ്പ് ഇടണം എന്നൊക്കെ കരുതിയിരുന്നു. പിന്നെ എന്തോ ആ ശ്രമം അങ്ങ് ഉപേക്ഷിക്കുകയായിരുന്നു, മടി തന്നെ കാ‍ര്യം.

ബ്രസീ‍ലിന്റെ തോല്‍‌വി! എനിക്ക് ബ്രസീലിനോട് വിരോധമോ, ജര്‍മ്മനിയോട് ആരാധനയോ ഇല്ല. എന്നാലും ഒരു വേള്‍ഡ് കപ്പ് സെമി ഫൈനലില്‍ തീപാറുന്ന പോരാട്ടം പ്രതീക്ഷിച്ച്, ചെറുതായി ഉറക്കപ്പിച്ച്, ടീവിക്ക് മുന്നിലിരുന്നതാണ്. 5 മിനിറ്റ് കൊണ്ട് ജര്‍മ്മനി സകല ഉറക്കവും പമ്പ കടത്തി. വെളുപ്പിനെ രണ്ട് മണിക്ക് ഫോണ്‍ ഒക്കെ ചുമ്മാ കിടന്ന് ചിലച്ചു - വാട്സ് അപ്പ്, ഫേസ്‌ബുക്ക് എല്ലാം അഞ്ച് മിനിറ്റ് കൊണ്ട് ആക്‍ടീവ് ആയി. ഒരൊന്നൊന്നര ഞെട്ടല്‍ ആയിരുന്നു അത്.

അത്രക്കൊക്കെയെ ഉള്ളൂ ഓര്‍മ്മിക്കാനുള്ള ജീവിതാനുഭവങ്ങള്‍. പിന്നെ ഉള്ളത് നമ്മള്‍ കൈ വെയ്ക്കുന്ന ബാക്കി മേഖലകളാണ്.

ബ്ലോഗില്‍ ഒരു പോസ്റ്റ്. കഴിഞ്ഞ കൊല്ലം അത് പോലുമില്ലായിരുന്നു എന്ന അവസ്ഥ ആയിരുന്നത് കൊണ്ട് തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലക്ക് ഈ കൊല്ലം ഭേദം.

വായിച്ച പുസ്തകങ്ങള്‍. എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മോശം. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷ്യം വെച്ചിരുന്നു. ഇത്തവണ അതില്ലാതെ ഇരുന്നതിന്റെ കാണാനുണ്ട്. Goodreads നോക്കിയപ്പോ ആകെ എന്റെ പേരിലുള്ളത് നാലെണ്ണം. അതേതായാലും സത്യമല്ല. ഏതൊക്കെയോ ഞാന്‍ അതില്‍ കൂട്ടിയിട്ടില്ല.

കണ്ട സിനിമകള്‍. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയില്‍ വന്നതിന്റെ കാണാനുണ്ട്. ഓരോ പടങ്ങള്‍ ഒന്നും ഇറങ്ങുന്നത് പോലും അറിയുന്നില്ല. മലയാളം സിനിമകള്‍ ഇതിനു മുമ്പുള്ള രണ്ട് കൊല്ലവും 20-ന് മേല്‍ തീയറ്ററില്‍ നിന്ന് കണ്ടിരുന്നു. ഇത്തവണ അതുണ്ടായില്ല. കണ്ടതില്‍ അപ്പോത്തിക്കിരി, മുന്നറിയിപ്പ് ഒക്കെ ഒരു ക്ലാസ് എന്ന് പറയാമെങ്കിലും എനിക്ക് പിടിച്ചത് ബാംഗ്ലൂര്‍ ഡേയ്‌സ്, ഓം ശാന്തി ഓശാന, 1983 എന്നീ സിനിമകളാണ്. യൂ സീ ദി ഐറണീ ഹിയര്‍. മൂന്നിലും നിവിന്‍ പോളി ആണ് നായകന്‍.. :D തമിഴില്‍ കത്തിയും ഹിന്ദിയില്‍ പി.ക്കെയും (വാനരസേനക്കാര് വല്ലതും ഇവിടുണ്ടോ ആവോ) എന്റെ പ്രിയപ്പെട്ട നായകന്മാര്‍ ഗംഭീരമാക്കി. നോളന്റെ ഞെട്ടിക്കുന്ന വിഷ്വത്സുമായി Interstellar-ഉം നന്നായി. ആദ്യം കണ്ടപ്പോള്‍ പകുതിയും മനസിലായില്ല എന്നതാണ് സത്യം. ഇപ്പോള്‍ എല്ലാം മനസിലായോ എന്ന ചോദ്യം ആരും ചോദിക്കരുത്.

ക്രിക്കറ്റിനെക്കാള്‍ ഫുട്‌ബോളിനെ സ്നേഹിച്ച് തുടങ്ങിയ വര്‍ഷം എന്ന് ധൈര്യമായി പറയാം. സാധാരണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മാത്രമാണ് കാണാറ്. ഈ കൊല്ലം വേള്‍ഡ് കപ്പ് ഉണ്ടായിരുന്നല്ലോ.. പതിവ് പോലെ വേള്‍ഡ് കപ്പ് സമയത്ത് തുടങ്ങിയ മൂത്ത ഫുട്ബോള്‍ ഭ്രാന്ത് പിന്നങ്ങോട്ട് പോയില്ല. വേള്‍ഡ് കപ്പ് കഴിഞ്ഞു. വീണ്ടും പ്രീമിയര്‍ ലീഗ്. കൂടെ ദാ വരുന്നു സൂപ്പര്‍ ലീഗ്. ബ്ലാസ്‌റ്റേഴ്‌സ് കീ... ജയ്! പതിയെ തുടങ്ങിയ സൂപ്പര്‍ ലീഗ് പുരോഗമിക്കുന്തോറും മികച്ച നിലവാരത്തിലേക്കെത്തി. തകര്‍പ്പന്‍ സെമി ഫൈനല്‍ പ്രകടനത്തിലൂടെ ബ്ലാസ്റ്റേഴ്സും ഒരു വേള്‍ഡ് ക്ലാസ് ഗോളുമായി സുശാന്ത് മാത്യുവും മറക്കാനാവാത്ത ആദ്യ സീസണ്‍ സമ്മാനിച്ചു.

ജോലി പതിവ് പോലെയൊക്കെ അങ്ങനെ പോകുന്നു. പല മുഖങ്ങളും അനുഭവങ്ങളും കാണുന്നു. അങ്ങനെയങ്ങനെ പോകുന്നു.

ഇനി 2015. എന്താകുമോ എന്തോ.. വീട്ടുകാര്‍ പെണ്ണു കെട്ടിക്കാന്‍ അതിശക്തമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഞാനും നിര്‍ബന്ധിക്കുന്നുണ്ട്. അതിഭയങ്കരമായ ഒരു വര്‍ഷമാണ് വരാന്‍ പോകുന്നത് എന്ന പ്രതീക്ഷയില്‍ ഞാന്‍ ഇങ്ങനെ ഇരിക്കുന്നു. എന്തൊക്കെ കാണണം, എന്തൊക്കെ കേള്‍ക്കണം.. എന്തായാലും, വിജയ് പറയുന്ന പോലെ

I am waiting!

01 ജനുവരി 2010

പ്രതിജ്ഞകള്‍. സംഭവങ്ങള്‍. സത്യങ്ങള്‍

വീണ്ടുമൊരു പുതിയ വര്‍ഷം കൂടെ വരവായി. കഴിഞ്ഞ കൊല്ലം “ദാ..”ന്ന് പറയുന്നതിന് മുമ്പ് അങ്ങ് തീര്‍ന്നു പോയ പോലെ. പതിവു പോലെ ഒരു വാര്‍ഷിക കണക്കെടുപ്പിന് സമയമായിരിക്കുന്നു. നല്ലതെത്ര, മോശമെത്ര എന്ന കണക്കുകള്‍ നോക്കി പറയാം 2009 കൊള്ളാമായിരുന്നോ അതോ കൂതറയായിരുന്നോ എന്ന്.


തുടക്കം കഴിഞ്ഞ ന്യൂ ഇയറില്‍ നിന്നു തന്നെയാവാം. കഴിഞ്ഞ കൊല്ലം ചില കഠിന തീരുമാനങ്ങള്‍ എടുത്തിരുന്നു. അതില്‍ എന്തൊക്കെ പ്രാവര്‍ത്തികമാക്കി എന്ന് നോക്കട്ടെ..


1. ഇനി മുതല്‍ എല്ലാ ദിവസവും കുളിച്ച ശേഷമേ ആഹാരം കഴിക്കൂ.. - ഒരു നാലു മാസം നല്ല സുന്ദരമായി ഈ പദ്ധതി മുന്നോട്ട് കൊണ്ട് പോയി. അതിനു ശേഷം എനിക്ക് ജോലി കിട്ടി. ജോലിയുടെ സമയം എന്റെ സകല ശീലങ്ങളും മാറ്റി. പിന്നെയാ രാവിലത്തെ കുളി! ലഞ്ച് 12 മണിക്ക് കഴിക്കണം. എന്നിട്ടാണ് ഓഫീസില്‍ പോക്ക്. അതിന് ബ്രേക്ക്ഫാസ്റ്റ് മിനിമം 9 മണിക്കെങ്കിലും കഴിക്കണ്ടേ? വേണം. ആ നേരത്ത് ഞാന്‍ കിടക്കയില്‍ നിന്നും പൊങ്ങുന്നതെ ഉണ്ടാവൂ. പല്ലുതേപ്പും പരിപാടികളും കഴിഞ്ഞ് ഒമ്പതേകാലിന് മുമ്പ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ നോക്കണോ അതോ കുളിക്കണോ? എല്ലാം ആരോഗ്യത്തിന് വേണ്ടിയല്ലേ? അത് കളഞ്ഞിട്ട് കാലത്ത് കുളിക്കണം എന്നൊക്കെ പറഞ്ഞാല്‍ നടക്കുന്ന കാര്യമാണോ? നിങ്ങള്‍ തന്നെ പറ!


2. ഡ്രൈവിങ്ങ് പഠിക്കും. ഇനിയും വൈകിയാല്‍ ശരിയാവില്ല. കൊല്ലം അവസാനിക്കുമ്പോള്‍ ഞാന്‍ ഡ്രൈവിങ്ങ് പഠിച്ച് കഴിഞ്ഞിരിക്കും. - ജൂണ്‍ മാസം 16ന് ലൈസന്‍സ് വാങ്ങി പോക്കറ്റിലിട്ടു. അത്യാവശ്യം സ്കൂട്ടര്‍ ഓടിക്കാം. കാറും ഓടിച്ചു. ബൈക്ക് ഇതു വരെ ഓടിച്ചില്ല.


3. ഡയറി എഴുത്ത് തുടരും. - 2008-ല്‍ തുടങ്ങിയ പരിപാടിയാണ് ഡയറി എഴുത്ത്. 2009-ലെ 365 ദിവസവും എഴുതണം എന്ന് വിചാരിച്ചതാണ്. എന്നാല്‍ ചില ദിവസങ്ങളില്‍ എഴുതിയില്ല. പ്രത്യേകിച്ച് ഒന്നും എഴുതാനില്ലായിരുന്നു.


4. ബുക്ക് വായിക്കും. കോളേജ് ലൈബ്രറിക്ക് നന്ദി. ഇനി അവിടുന്ന് പുറത്തിറങ്ങിയാലും ബുക്കുകള്‍ വാങ്ങി വായിക്കാന്‍ ശ്രമിക്കും. - ഇവിടെ പണി കിട്ടി. ഈ കൊല്ലം മേടിച്ചത് ആകെ രണ്ട് ബുക്കുകള്‍. ചേതന്‍ ഭഗത്തിന്റെ 2 സ്റ്റേറ്റ്സ്, ടി.പി. രാജീവന്റെ പാലേരിമാണിക്യം. അതില്‍ പാലേരിമാണിക്യം മുഴുവന്‍ വായിച്ചില്ല. സിനിമ കാണാന്‍ വേണ്ടി വായന പകുതിക്ക് നിര്‍ത്തി. 2 സ്റ്റേറ്റ്സ് വായിച്ചു. കൊള്ളാം. അത് കൂടാതെ ഓ. ഹെന്‍‌റി കഥകള്‍ (അത് പോസ്റ്റുമാക്കി), ഒരു സങ്കീര്‍ത്തനം പോലെ, ക്യാമ്പസ് ഓര്‍മ്മകളുടെ പുസ്തകം എന്നിവയും വായിച്ചു.


5. വായിക്കുന്ന ബുക്കുകളെ കുറിച്ച് ബ്ലോഗില്‍ എഴുതും. - വിജയകരമായി ഒരെണ്ണം പോസ്റ്റാക്കി. ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവല്‍ വായിച്ചിട്ട് അതിനൊരാസ്വാദനം എഴുതാന്‍ ആവാതെ ഞാന്‍ പകച്ചു നിന്നു! ക്ലാസ് നോവല്‍ ആയിരുന്നു. 2 സ്റ്റേറ്റ്സ് റിവ്യൂ എഴുതാന്‍ മടിയായിരുന്നു.


6. സിഗററ്റ് വലി, കള്ളുകുടി തുടങ്ങിയ ദുഃശീലങ്ങളില്‍ നിന്നും ഇത്ര നാള്‍ വിട്ടു നിന്നത് പോലെ ഇനിയും വിട്ടു നില്‍ക്കും. - വിട്ടു നിന്നു. വലിയും കുടിയും ആരോഗ്യത്തിനും പോക്കറ്റിനും ഹാനീകരം!


7. പാചകം പഠിക്കാന്‍ ചിലപ്പോ ശ്രമിച്ചേക്കും. - ഏടത്തിയമ്മ നല്ല ഒന്നാന്തരം ഭക്ഷണം തരുമ്പോള്‍ ഞാനായിട്ട് എന്തിനാ വേണ്ടാത്ത പണിക്ക് പോകുന്നത്? പാചകം അവസരം വരുമ്പോള്‍ പഠിക്കും. അത്ര തന്നെ!


2009 എന്നെ സംബന്ധിച്ച് വളരെ നല്ലൊരു വര്‍ഷമായിരുന്നു. എന്റെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ആദ്യമായി സംഭവിച്ച വര്‍ഷം.


തലയില്‍ തൊപ്പി വെച്ച് കറുത്ത കോട്ടൊക്കെ ഇട്ട് എന്റെ അമ്മാവന്‍ ഡിഗ്രി സെര്‍ട്ടിഫിക്കറ്റ് പിടിച്ച് നില്‍ക്കുന്ന ഒരു ഫോട്ടൊ ഉണ്ട് വീട്ടില്‍. ഈ 2009 മാര്‍ച്ച് 30ന് ഞാനും ഇട്ടു ഒരു കറുത്ത കോട്ടും തൊപ്പിയും. തൊപ്പിയൂരി ആകാശത്തേക്ക് പറത്തി എറിഞ്ഞ് ഒരു എം.ബി.എക്കാരനായി.


ആ ചടങ്ങ് നടക്കുന്നതിനു മുമ്പ് തന്നെ ഒരു ജോലിയും കൈയ്യിലായിരുന്നു. എന്റെ ആദ്യത്തെ ജോലി. മാര്‍ച്ച് 16ന് ആയിരുന്നു ഇന്റര്‍വ്യൂ. ഏപ്രില്‍ 27-ന് ഔദ്യോഗിക ജീവിതം ആരംഭിച്ചു. കൃത്യം ഒരു മാസവും 4 ദിവസവും കഴിഞ്ഞപ്പോള്‍, ആദ്യ ശമ്പളവും കൈയ്യില്‍ കിട്ടി. സോറി, ശമ്പളം അക്കൌണ്ടില്‍ ആണ് വീണത്.


ഈ കിട്ടിയ ഒരുമാസത്തില്‍ ആണ് ഞാന്‍ ഡ്രൈവിങ്ങ് എന്ന കടമ്പ കടന്നു കൂടിയത്. ഏപ്രില്‍ ഒന്നാം തീയതി ആണ് ഡ്രൈവിങ്ങ് ക്ലാസിന് ചേര്‍ന്നത് (നല്ല ബെസ്റ്റ് ദിവസം!). ആദ്യത്തെ ദിവസം തന്നെ ആശാന്‍ എന്നെകൊണ്ട് വണ്ടി ദേശിയപാതയില്‍ ഓടിപ്പിച്ചു. ഞാന്‍ സത്യത്തില്‍ സ്റ്റീയറിങ്ങ് പിടിച്ചു എന്നേ ഉള്ളു. ബാക്കിയെല്ലാം പുള്ളിയാണ് ചെയ്തത്. അധികം ഓടിപ്പിച്ചില്ല. പോയി ലേണേഴ്‌സ് എടുത്തോണ്ട് വരാന്‍ പറഞ്ഞു. പറഞ്ഞതിലും നേരത്തെ ഓഫീസില്‍ ജോയിന്‍ ചെയ്യേണ്ടി വന്നത് കൊണ്ട് ക്ലാസ് ഇടയ്ക്ക് ഒന്ന് മുറിഞ്ഞു. എങ്കിലും തട്ടീം തടഞ്ഞും ഞാന്‍ പഠിച്ചെടുത്തു. ജൂണ്‍ 16ന് മാന്യമായി ടെസ്റ്റ് എടുത്ത് ലൈസന്‍സും മേടിച്ചു.


ഇതിനിടയില്‍ ഒരു ഐതിഹാസികമായ കാത്തിരിപ്പിനൊടുവില്‍ എനിക്ക് പാസ്‌പോര്‍ട്ട് കിട്ടുകയുണ്ടായി. 2008-ല്‍ അപേക്ഷിച്ചെങ്കിലും സംഭവം കൈയ്യില്‍ കിട്ടാന്‍ 2009 മാര്‍ച്ച് ആവേണ്ടി വന്നു. എന്റെ തിരുവനന്തപുരം ജീവിതം അന്വേഷിക്കാന്‍ എത്തിയ പോലീസേമാനെ വേണ്ട വിധം സന്തോഷിപ്പിക്കാഞ്ഞത് കൊണ്ടാവാം ഈ താമസം എന്ന് കരുതുന്നു. എനിക്കപ്പോ പാസ്‌പോര്‍ട്ട് കിട്ടിയിട്ട് വലിയ അത്യാവശ്യം ഒന്നും ഇല്ലായിരുന്നു. വരുമ്പോ മതി എന്ന മട്ട്. കുറച്ച് കാത്തിരുന്നെങ്കിലും, രണ്ടു മൂന്ന് തവണ പാസ്‌പോര്‍ട്ട് ഓഫീസില്‍ പോയി ക്യൂ നില്‍ക്കേണ്ടി വന്നെങ്കിലും വിഷമമില്ല. അത് കൈയ്യില്‍ കിട്ടിയപ്പോള്‍ ഒരുപാട് സന്തോഷിക്കുകയും ചെയ്തു.


ഡ്രൈവിങ്ങ് പഠിച്ചു, സ്കൂട്ടര്‍ ഓടിച്ചു എന്നൊക്കെ പറഞ്ഞല്ലോ. അതിന്റെയൊപ്പം മറ്റൊന്ന് കൂടി സാധിച്ചെടുത്തു. സ്വന്തമായി ഒരു ആക്സിഡന്റ്. അത്ര വലിയ സംഗതി ഒന്നുമല്ലാന്നേ. വീട്ടില്‍ നിന്നും വണ്ടി ഇറക്കികൊണ്ട് പോയ വഴിയില്‍ അവിടെ ഒരു വേലിയുടെ അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന സൈക്കിളിന് ഒരു തട്ട് കൊടുത്തു. വണ്ടിയുടെ സൈഡില്‍ കുറച്ച് പെയിന്റ് പോയി. സൈക്കിള്‍ മറിഞ്ഞും വീണു. ഹെല്‍മെറ്റ് വെച്ചത് കൊണ്ട് എനിക്കൊന്നും പറ്റിയില്ല! നിര്‍ത്തിയിട്ട സൈക്കിളില്‍ കൊണ്ട് പോയി വണ്ടി എന്തിന് ഇടിപ്പിച്ചു എന്നൊന്നും ചോദിക്കരുത്. അതൊക്കെ ഒരുപാട് വലിയ കഥയാണ്. കുറച്ച് ഫിസിക്സ് ഒക്കെ ചേര്‍ത്ത് പറഞ്ഞാലെ മനസിലാവൂ..


കഴിഞ്ഞ ഒരു 10-12 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഒരു വര്‍ഷം ഞാന്‍ പത്തില്‍ കൂടുതല്‍ മലയാളം സിനിമ തീയറ്ററില്‍ പോയി കാണുന്നത്. ഈ കൊല്ലം ഇറങ്ങിയ 15 മലയാളം സിനിമകളാണ് തീയറ്ററില്‍ പോയി കണ്ടത്. അതും പോരാഞ്ഞ് ദേവ് ഡി, ദില്ലി 6, ഷൂട്ട് ഓണ്‍ സൈറ്റ് (നസിരുദ്ദീന്‍ ഷായെ കണ്ട് കയറിയതാണ്.. എന്റമ്മേ!), അജബ് പ്രേം കി ഖസബ് കഹാനി, പിന്നെ ഹോളിവുഡില്‍ നിന്നും ഏയിഞ്ചല്‍‌സ് & ഡീമണ്‍സ് എന്നിവയാണ് തീയറ്ററില്‍ കണ്ടത്. അല്ലാതെ കണ്ടതിന്റെ ലിസ്റ്റ് നോക്കിയാല്‍ വീണ്ടും നീളും. ഏതായാലും 2008 പോലെ മലയാളം സിനിമ എന്നെ ചതിച്ചില്ല. കണ്ട ഭൂരിഭാഗം സിനിമകളും എനിക്കിഷ്ടപ്പെട്ടു.


സിനിമയുടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്. ഓഫീസില്‍ ഒരു സ്കിറ്റിന് വേണ്ടി ഞാന്‍ സ്റ്റേജില്‍ കയറി. അതൊരു ചരിത്ര സംഭവമാണ്. എന്നാല്‍ അതിലും എന്നെ സന്തോഷിപ്പിക്കുന്ന മറ്റൊരു സംഗതി ആ സ്കിറ്റിലൂടെ നടന്നു. ഞങ്ങള്‍ സ്കിറ്റ് റെക്കോഡ് ചെയ്യാന്‍ പോയി. സിനിമയിലും ടീവിയിലും മാത്രമാണ് കണ്ണാടിക്കൂട്ടിനുള്ളില്‍ നിന്നും ഹെഡ് ഫോണ്‍ ഒക്കെ ചെവിയില്‍ വെച്ച് സംസാരിക്കുന്നത് കണ്ടിട്ടുള്ളത്. അങ്ങനെയൊരു കാര്യം നേരിട്ട് ചെയ്യാന്‍ കഴിഞ്ഞപ്പോള്‍ ഭയങ്കര സന്തോഷം. എന്റെ ശബ്ദം ഞാന്‍ വിചാരിച്ചത് പോലെയേ അല്ല എന്നും എനിക്ക് മനസിലായി!


ഇതിനിടയില്‍ പൊതു തിരഞ്ഞെടുപ്പ് വന്ന വകയില്‍ “കന്നി വോട്ട്” എന്ന സംഭവം നടന്നു. ആര്‍ക്ക് വോട്ട് ചെയ്തെന്ന് ഞാന്‍ കൊന്നാലും പറയില്ല.


അങ്ങനെ ഒരുപിടി നല്ല കാര്യങ്ങളുമായി ഒരു നല്ല വര്‍ഷമായിരുന്നു 2009. ദുഃഖങ്ങള്‍ ഇല്ല എന്നല്ല. എങ്കിലും സന്തോഷത്തിനിടയ്ക്ക് വെറുതെ എന്തിനാണ് ദുഃഖങ്ങള്‍ കൊണ്ടു വരുന്നത്? പോരാത്തതിന് 2009 തീര്‍ന്നത് പോലും സുന്ദരമായിട്ടാണ്. എല്ലാവര്‍ക്കും കമ്പനി വക ബോണസ് കിട്ടി..! അപ്പോള്‍ 2009 ഒരു സൂപ്പര്‍ വര്‍ഷം തന്നെ!


ഇനി 2010. എങ്ങനെയുണ്ടെന്ന് നോക്കാം. കഴിഞ്ഞ വര്‍ഷത്തെ പോലെ പുതിയ തീരുമാനങ്ങള്‍ ഒന്നും എടുക്കുന്നില്ല. തല്‍ക്കാലം പ്രതിജ്ഞകള്‍ ഒന്നും ഓര്‍മ്മയില്‍ വരുന്നില്ല. ആകെ തോന്നിയത് വ്യായാമം ചെയ്തു തുടങ്ങാം എന്നതാണ്. അത് എന്തായാലും നടക്കില്ല എന്ന് എനിക്ക് തന്നെ ഉറപ്പുള്ളത് കൊണ്ട് ഒരു പ്രതിജ്ഞയാക്കി സ്വയം നാണംകെടാന്‍ ഉദ്ദേശിക്കുന്നില്ല..! ഇനി പുതുവര്‍ഷമായിട്ട് പ്രതിജ്ഞ എടുത്തില്ല എന്ന് വേണ്ട. എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പുള്ള പ്രതിജ്ഞ എടുക്കാം. ഇതാ എന്റെ പുതുവര്‍ഷ പ്രതിജ്ഞ - എല്ലാ മാസവും ഒരു ദിവസമെങ്കിലും അമ്പലത്തില്‍ പോകും. അമ്മയ്ക്ക് പൊതുവെ ഒരു പരാതിയുണ്ട് എനിക്ക് ഈശ്വരവിശ്വാസം തീരെയില്ല എന്ന്. അതങ്ങ് മാറുന്നെങ്കില്‍ മാറട്ടെ..


2009-ല്‍ ചെയ്തു തീര്‍ക്കണം എന്ന് വിചാരിച്ച രണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയില്ല. അത് 2010യുടെ ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ തീര്‍ക്കണം എന്ന് വിചാരിക്കുന്നു - 1. ഒരു പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങണം. 2. “അവതാര്‍” കാണണം.


2009 എനിക്ക് നല്ല വര്‍ഷമായിരുന്നു. നിങ്ങള്‍ക്കും അങ്ങനെ തന്നെ എന്ന് വിശ്വസിക്കുന്നു. 2010 ഇതിലും നല്ല വര്‍ഷമാകട്ടെ എന്ന് ആശംസിക്കുന്നു. ഏവര്‍ക്കും പുതുവത്സരാശംസകള്‍! :)

14 നവംബർ 2009

പേടിക്ക് 20 വയസ്സ്..!





ബോളര്‍മാരുടെ പേടിക്ക് 20 വയസ്സ്..!

ഒരിക്കലും മറക്കാനാവാത്തത് :

ഷാര്‍ജ - ഓസീസിനെതിരെ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ - ഒന്ന് ടീമിനെ ഫൈനലില്‍ എത്തിക്കാനും, അടുത്തത് കപ്പ് നേടാനും.. ഇതിനു ശേഷം ഷെയ്ന്‍ വോണ്‍ സച്ചിനെ പേടിച്ച് ഉറങ്ങാതിരുന്നിട്ടുണ്ട് എന്നൊരു കഥ കേള്‍ക്കുന്നു..!

ഷാര്‍ജ - ഹെന്‍‌റി ഒലോങ്കയുടെ അഹങ്കാരം തീര്‍ത്ത “തല്ല്”.. അന്ന് വിരമിച്ച ഒലോങ്ക പിന്നെ മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും കളി തുടങ്ങിയത്. അതിനു ശേഷം ഇന്ത്യയില്‍ പരമ്പരയ്ക്കെത്തിയ കക്ഷിയെ വീണ്ടും “കൈകാര്യം ചെയ്ത്“ എന്നന്നേക്കുമായി ഗ്രൌണ്ടില്‍ നിന്നും ഓടിച്ചു!

2003 ലോകകപ്പ് - പാകിസ്ഥാനുമായുള്ള മത്സരം. അക്തറിനും വാഖറിനും കണക്കിനു കൊടുത്തു. അന്നൊരു സെഞ്ച്വറി കിട്ടിയില്ല എന്നത് ഇന്നും സങ്കടമുണ്ടാക്കുന്നു. ഇടയ്‌ക്ക് കാലില്‍ പേശിവലിവ് വന്നിരുന്നു. അതുകൊണ്ട് മാത്രം അന്ന് അവന്മാര്‍ കൂടുതല്‍ വാങ്ങാതെ രക്ഷപ്പെട്ടു..

1993 ഹീറോ കപ്പ് (വര്‍ഷം കൃത്യമാണൊ എന്നോര്‍മ്മയില്ല) - വെസ്റ്റ് ഇന്റീസുമായുള്ള മത്സരത്തില്‍ അടിച്ചു തകര്‍ത്തിരുന്ന ബ്രയാന്‍ ലാറയെ ബോള്‍ഡ് ആക്കിയത്. സ്റ്റമ്പ് കറങ്ങി കറങ്ങി പോയത് ഇപ്പോഴും ഓര്‍ക്കുന്നു. അത് പോലെ സൌത്ത് ആഫ്രിക്കയുമായുള്ള കളി. അവസാന ഓവറില്‍ ജയിക്കാന്‍ 6 റണ്‍സ് വേണ്ടപ്പോള്‍, അതും ബ്രയാന്‍ മക്മില്ലനെ പോലെ അപകടകാരിയായ ഒരു ഓള്‍‌റൌണ്ടര്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍ അസറിന് തന്റെ ബോളര്‍മാരെക്കാള്‍ വിശ്വാസം സച്ചിനെയായിരുന്നു. ആ വിശ്വാസം സച്ചിന്‍ കാത്തു..

കൊച്ചി - കേരളത്തില്‍ സച്ചിന്റെ ഒരു മിന്നുന്ന ബാറ്റിങ്ങ് കാണാന്‍ കാത്തിരുന്ന മലയാളികളെ നിരാശരാക്കി സച്ചിന്‍ നേരത്തെ പുറത്തായി. എന്നാല്‍ ഓസ്ട്രേലിയയ്‌ക്കെതിരെ നടന്ന ആ കളിയില്‍ സച്ചിന്‍ ഇന്ദ്രജാലം ബോള്‍ കൊണ്ട് കാണിച്ചു - 5 വിക്കറ്റ്!

സി.ബി. സീരിസ് - ഓസ്‌ട്രേലിയയെ തോല്‍‌പിക്കുക തന്നെ പ്രയാസം. അവരെ അവരുടെ മണ്ണില്‍ തോല്‍‌പിക്കുക എന്നത് അതിലേറെ പ്രയാസം. രണ്ട് ഫൈനലുകളിലും ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണായി നിന്ന് കപ്പ് നേടി തന്നത്..

ഹൈദരബാദ് - 350 എന്ന ഭീമന്‍ ടോട്ടലിന് മുന്നില്‍ പതറാതെ നിന്ന് പൊരുതി, 175 റണ്‍സും നേടി. ജയിക്കാന്‍ വേണ്ടതില്‍ പകുതി റണ്‍സ്. ബാക്കി പകുതി നേടാന്‍ പത്ത് പേര്‍ ഉണ്ടായിട്ടും നടന്നില്ല.. ജയിക്കാന്‍ വെറും 17 പന്തും 18 റണ്‍സും മാത്രം അകലെ അന്ന് സച്ചിന്‍ പുറത്താകുമ്പോഴും ഞാന്‍ വിശ്വസിച്ചിരുന്നു, ബാക്കിയുള്ളവര്‍ ഈ ജയം സച്ചിന് വേണ്ടി നേടിയെടുക്കുമെന്ന്..

ഇരുപത് വര്‍ഷമായി ഈ മനുഷ്യന്‍ ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കുന്നു. 2011 ലോകകപ്പ് നേടാന്‍ സച്ചിന്‍ എന്തായാലും പൊരുതും. ടീമിലെ ബാക്കി 13 പേരും കൂടെ നിന്നാല്‍ മതിയായിരുന്നു..

09 ഫെബ്രുവരി 2009

ആ ഒരു “ഇത്”

വീണ്ടും ഒരു പ്രണയദിനം കൂടെ വരവായി. "അതിന് എനിക്കെന്താ?" എന്നാവും എന്റെ ആദ്യ ചോദ്യം. ആദ്യം തൊട്ടെ പ്രണയിക്കുന്നവര്‍ക്കായി ഒരു ദിനം എന്നുള്ള കണ്‍സപ്റ്റ് എനിക്ക് ഇഷ്ടമായിരുന്നില്ല. അങ്ങനെ ഒരു ദിവസം അത്ര “സ്പെഷ്യല്‍” ആയി കാണേണ്ട കാര്യമുണ്ടോ ഈ പ്രണയിക്കുന്നവര്‍ക്ക്? വാലന്റൈന്‍സ് ഡേ കാര്‍ഡുകളും സമ്മാനങ്ങളുമൊക്കെ എന്തിനാണ്? മറ്റൊരു ദിവസം പോലെ തന്നെയല്ലെ ഈ ദിവസവും? ഇതൊന്നും പോരാഞ്ഞ് മൊബൈല്‍ കമ്പനികള്‍ വക ഓഫറും കുന്തവും കൊടചക്രവും വേറെ. ആരും സംശയിക്കേണ്ട. ഞാന്‍ ശിവസേനക്കാരനൊന്നുമല്ല! എന്റെ അഭിപ്രായത്തില്‍ പ്രേമിക്കുന്നവര്‍ക്ക് എല്ലാ ദിവസവും ഒരു പോലെയായിരിക്കും. അവര്‍ക്ക് പ്രത്യേകിച്ച് ഒരു ദിവസം കൊടുക്കേണ്ട കാര്യമൊന്നുമില്ല. ഇത് വെറുതെ “ഷോ”.. ഞാനും ഈ ഷോയുടെ ഭാഗമാവുകയാണ്.

ഈ കഴിഞ്ഞ ഫെബ്രുവരി അഞ്ചാം തീയതി ഞങ്ങളുടെ ക്ലാസ് കഴിഞ്ഞു. ഇനി ഒരു ക്ലാസ്‌റൂം പഠനം ഉണ്ടാവുമോ എന്നുറപ്പില്ല. നീണ്ട പത്തൊമ്പത് വര്‍ഷങ്ങള്‍, ചിലര്‍ക്ക് ഇരുപതും, ചിലര്‍ക്ക് ഇരുപത്തൊന്നും വര്‍ഷം ഉണ്ടായിരുന്നു പഠനം. തോറ്റതൊന്നുമല്ല കേട്ടോ. അവര്‍ എഞ്ജിനീയറിങ്ങും എല്‍. എല്‍. ബിയുമൊക്കെ കഴിഞ്ഞ് വന്നവരാണ്. അപ്പോള്‍ പറഞ്ഞു വന്നത് ക്ലാസ് കഴിഞ്ഞ കാര്യം. ഉച്ച കഴിഞ്ഞ് ചുമ്മാ ഇരിക്കവെ ആണ് ഒരു ചര്‍ച്ച ആരംഭിച്ചത്, ഇത്രനാളത്തെ സ്കൂള്‍ - കോളേജ് ജീവിതത്തില്‍ എത്ര പേരോട് “ഒരു ഇത്” തോന്നിയിട്ടുണ്ട് എന്ന്. പ്രേമം തന്നെയാവണമെന്നില്ല. ഒന്നാം ക്ലാസിലെ ചിലരെ ഇപ്പോഴും ഓര്‍ക്കാറില്ലേ? അന്നേ പ്രേമം തുടങ്ങി എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. എന്തോ ഒരു ഇഷ്ടം തോന്നിയ കഥാപാത്രങ്ങള്‍. അവരിലെ എന്തെങ്കിലും ചില പ്രത്യേകതകള്‍, അല്ലെങ്കില്‍ കഴിവുകള്‍, ഇതൊക്കെ കൊണ്ട് ഒരു ഇഷ്ടം തോന്നിയ കഥാപാത്രങ്ങള്‍.

രസകരമായ ഒരുപാട് അനുഭവങ്ങള്‍ കേട്ടു. അതില്‍ നിന്നൊക്കെ മനസിലായ ഒരു ചെറിയ സംഗതി - ചേച്ചിമാരെ സൂക്ഷിക്കുക! അവര്‍ പ്ലാനില്‍ അടുത്ത് കൂടി ഓരോ പേരുകള്‍ ചോര്‍ത്തിയെടുക്കും, പിന്നെ ഇടയ്‌ക്കിടെ കളിയാക്കലാണ്. സ്കൂളില്‍ നിന്നും വരുമ്പോള്‍ ചോദിക്കും ഇന്ന് “നിന്റെ” ****** എന്ത് പറഞ്ഞു? നിന്നെ നോക്കി ചിരിച്ചോ? എങ്ങാനും കഷ്ടകാലത്തിന് ചിരിച്ചു എന്നെങ്ങാനും പറഞ്ഞാല്‍ ഠിം! കഴിഞ്ഞു. അന്നത്തെ ദിവസം പിന്നെ ഒരു രക്ഷയുമില്ല. ഇതൊക്കെ പക്ഷെ ഞങ്ങള്‍ ചെറിയ ക്ലാസില്‍ പഠിക്കുമ്പോളുള്ള കലാപരിപാടികളാണ്. കുറച്ച് വലിയ ക്ലാസിലെത്തിയാല്‍ പിന്നെ ആരും ഇതൊന്നും ചോദിക്കാറില്ല.

പിന്നെയുള്ളത് കൂട്ടുകാരുടെ കളിയാക്കലുകളാണ്. ചേച്ചിമാരെ പോലല്ല കൂട്ടുകാര്‍. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണ് (അനുഭവമെന്നാല്‍ കളിയാക്കിയിട്ടുമുണ്ട്, ഇങ്ങോട്ട് കിട്ടിയിട്ടുമുണ്ട്), ഒരു ഭയങ്കരമായ പ്ലാനിങ്ങിന്റെ പരിണാമഫലമാണ് കളിയാക്കല്‍. ആദ്യം ചെയ്യുന്നത് നമ്മുടെ “ഇര”യെ കണ്ടെത്തുകയാണ്. മിക്കവാറും ഒന്നും മിണ്ടാതെ ഒരു മൂലയ്ക്ക് ഒതുങ്ങി കൂടുന്ന സ്വഭാവക്കാരനാവും ഇര. അതുമല്ലെങ്കില്‍ പെണ്‍‌കുട്ടികളെ കുറിച്ച് പൊതുവായി വലിയ അഭിപ്രായമൊന്നുമില്ലാത്തവര്‍. ഏതെങ്കിലും ഒരു പെണ്‍‌കുട്ടി ഉണ്ടാവും അവനോട് സംസാരിക്കുന്നത്. ഇനി സംസാരിക്കണം എന്ന് തന്നെയില്ല. താഴെ വീണ ഒരു ബുക്ക് എടുത്ത് കൊടുക്കകയോ അതുമല്ലെങ്കില്‍ ചുമ്മാ ഒന്ന് നോക്കുകയോ ചെയ്താല്‍ മതി. അതോടെ കാര്യങ്ങള്‍ക്ക് ഒരു തീരുമാനമായി. പ്ലസ് 2 പഠിക്കുമ്പോള്‍ എനിക്കുള്ള അനുഭവം പറയാം. പൊക്കം കുറവായതിനാല്‍ ഒരു ബെഞ്ചിന്റെ അറ്റത്തായിട്ടാണ് എന്റെ സ്ഥാനം. അക്കൌണ്ടന്‍സിയിലെ ചില കണക്കുകളില്‍ സംശയങ്ങളുണ്ടാവും. ഒരറ്റത്ത് ഇരിക്കുന്ന അവസ്ഥയില്‍ എന്റെ നേരെ എതിരെയുള്ള ഗീതു എന്ന കുട്ടിയില്‍ നിന്നും ബുക്ക് വാങ്ങി ഞങ്ങള്‍ നോക്കാറുണ്ട്, ചിലപ്പോള്‍ എന്റെ ബുക്ക് അവള്‍ക്കും കൊടുക്കാറുണ്ട്. പോരാത്തതിന് ഞങ്ങള്‍ രണ്ട് പേരും കണക്ക് ഓപ്ഷന്‍ എടുത്തവര്‍. കണക്ക് ക്ലാസിലെ കുട്ടികളുമായി മറ്റ് വിഷയങ്ങള്‍ ഓപ്ഷന്‍ എടുത്തവരേക്കാള്‍ കൂട്ടായിരുന്നു. സ്വഭാവികമായും ഗീതുവും എന്റെ നല്ലൊരു സുഹൃത്ത് ആയിരുന്നു, ഇപ്പോഴും അതെ.. അന്ന് അവളുടെ കാര്യം പറഞ്ഞ് കൂട്ടുകാര്‍ ഒരുപാട് കളിയാക്കിയിട്ടുണ്ട്. രസകരമായ സംഗതി എന്തെന്നാല്‍ കളിയാക്കല്‍ കേട്ട് കേട്ട് ഒടുവില്‍ ശരിക്കും പ്രേമിച്ച ആളുകളുടെ കഥയും ഇല്ലാതില്ല!

എന്നെ സംബന്ധിച്ചിടത്തോളം പാട്ട് പാടുന്നവരായിരുന്നു പ്രധാന “വീക്ക്നെസ്”. പണ്ട് തൊട്ടെ പാട്ട് പാടുന്നവരെ വലിയ ഇഷ്ടമായിരുന്നു, ഒരല്പം ബഹുമാനം കലര്‍ന്ന ഇഷ്ടം. മീര എന്നൊരു കുട്ടിയുണ്ടായിരുന്നു സ്കൂളില്‍. അതിന് ശരിക്കും കൃഷ്ണന്റെ ഭക്തയായ മീരയുടെ ഒരു ഇമേജ് ആണ് ഞാന്‍ കണ്ടിരുന്നത്! അതിന് കാ‍രണമുണ്ട്. അത് ഒരിക്കല്‍ ഫാന്‍സി ഡ്രസ്സ് മത്സരത്തില്‍ ഭക്തമീരയുടെ വേഷം കെട്ടിയാണ് വന്നത്. പിന്നെ നന്നായി പാടുമായിരുന്നു. പക്ഷെ മിക്കവാറും പാടാറുള്ളത് കൃഷ്ണഭക്തിഗാനങ്ങളും! എന്നെ കുറ്റം പറയാനൊക്കുമോ?

മറ്റൊരു ഇഷ്ടം മുടിയാണ്. “മീശമാധവനി”ല്‍ കാവ്യ മാധവന്റെ മുടി പോലത്തെ മുടി! പക്ഷെ അങ്ങനെ മുടിയുള്ള ചുരുക്കം ചിലരെ കണ്ടതായെ ഓര്‍മ്മയുള്ളു. ആരുടെയും പേരോര്‍ക്കുന്നുമില്ല.

ചിലരുടെ മുഖം കൊണ്ടും ചിലരുടെ സ്വഭാവം കൊണ്ടും ഇഷ്ടമായവര്‍ ഉണ്ട്. മുഖം എന്ന് പറയുമ്പോള്‍ ആദ്യം ശ്രദ്ധിക്കുക കണ്ണാണ്. ചിലരുടെ കണ്ണുകള്‍ക്ക് ഒരു വല്ലാത്ത തിളക്കം ഉണ്ടാവും. ചിലരുടെ കണ്ണാവട്ടെ ഉറക്കം തൂങ്ങിയും ഇരിക്കും. തിളക്കമുള്ള കണ്ണുകാരെ ആണ് എനിക്ക് ഇഷ്ടം. സ്വഭാവത്തിന്റെ കാര്യം അങ്ങനെ വിശദമാക്കാനാവില്ല. ആര്‍ക്കും പ്രത്യേകത നല്‍കാതെ എല്ലാവരോടും കൂട്ടുകൂടുന്ന ചിലരുണ്ട്. എല്ലാത്തിലും പ്രധാനം പെരുമാറ്റമാണല്ലോ. ആരും കുറ്റം പറയാത്ത നല്ല രീതിയില്‍ പെരുമാറുന്ന കുറച്ച് പേരും ഉണ്ട്. ഇപ്പോള്‍ എന്റെ കൂടെ പഠിക്കുന്ന വിനീത എന്ന സുഹൃത്തിന്റെ പേര് ഈയവസരത്തില്‍ പറയാതിരിക്കാനാവില്ല.

ചിരിയെ പറ്റി പറയാതെ ഈ പോസ്റ്റ് പൂര്‍ണമാവില്ല. കുറച്ച് നാള്‍ മുമ്പ് ഞാന്‍ “തെറ്റുകള്‍“ എന്നൊരു പോസ്റ്റ് ഇട്ടിരുന്നു. അതിലെ ചില വരികള്‍ ഇവിടെ ആവര്‍ത്തിക്കട്ടെ - മുഖത്ത് എന്നും ഒരു പുഞ്ചിരിയുണ്ടാവും. നിങ്ങള്‍ എത്ര വിഷമിച്ചിരിക്കുകയാണേലും ആ മുഖമൊന്നു കണ്ടാല്‍ മതി, എല്ലാ സങ്കടങ്ങളും എങ്ങോ പോയിരിക്കും. അങ്ങനെ ചില ആളുകളും ഉണ്ടായിരുന്നു ഈ പത്തൊമ്പത് വര്‍ഷത്തിനിടയില്‍.

എല്ലാ കാമുകീകാമുകന്മാര്‍ക്കും ആശംസകള്‍.. വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ ആയിട്ടല്ല.. നിങ്ങളുടെ ജീവിതം എന്നും സന്തോഷത്താല്‍ നിറയട്ടെ..!

24 ജനുവരി 2009

ഒരു “ബിലേറ്റഡ്” ജന്മദിനം

ജനുവരി 22. നിന്റെ പിറന്നാളാണ്. അറിയാമല്ലോ അല്ലേ?? ചില പ്രത്യേക സാഹചര്യങ്ങളാല്‍ അന്ന് എനിക്ക് വരാന്‍ കഴിഞ്ഞില്ല.

അതികഠിനമായ പനി മൂലം കട്ടിലേന്ന് പൊങ്ങാന്‍ വയ്യാതെ, മരുന്നടിച്ച് മയങ്ങി കിടക്കുകയായിരുന്നു ഞാന്‍. നല്ല ഹെവി ഡോസ് ആന്റിബയോട്ടിക് അടിച്ച് നിമിഷങ്ങള്‍ക്കകം ബോധം കെട്ടുറങ്ങിയിരുന്ന ഞാന്‍ എങ്ങനെ വരാനാണ്. നിനക്ക് എന്റെ അവസ്ഥ മനസിലാവുമല്ലോ അല്ലേ ബാലവാടീ??

ദോഷം പറയരുതല്ലോ.. മരുന്നേറ്റു! അതല്ലേ, ദാ, ഞാനിങ്ങെത്തിയത്. ഏതായാലും താമസിപ്പിക്കുന്നില്ല. പ്രധാ‍ന കാര്യം ഫസ്റ്റ്..!

“ബിലേറ്റഡ് ബര്‍ത്ത് ഡേ വിഷസ് ബാ‍ലവാടി”

ആദ്യ വര്‍ഷത്തെക്കാള്‍ പോസ്റ്റുകള്‍ കുറവായിരുന്നെങ്കിലും വായനക്കാര്‍ കൂടിയത് നല്ല വാര്‍ത്തയാണല്ലേ? എല്ലാ വായനക്കാര്‍ക്കും നന്ദി. ഇനിയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റു രൂപത്തില്‍ പ്രതീക്ഷിക്കുന്നു.

ആദ്യ വര്‍ഷം എഴുത്തു മാത്രമായിരുന്നു ബ്ലോഗില്‍. എന്നാല്‍ രണ്ടാം വര്‍ഷം ആയപ്പോള്‍ ഒരു ഫോട്ടൊ ഫീച്ചര്‍ കൂടെ ഉള്‍പ്പെടുത്തി. മൂന്നാം വര്‍ഷത്തിലേക്ക് യാത്ര തുടങ്ങുമ്പോള്‍ ബാലവാടിയില്‍ കൂടുതല്‍ വിഭവങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നതാണ്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയത് കൊലയാളി എന്ന പോസ്റ്റിനാണ്. എന്നാല്‍ ഞാന്‍ പൂര്‍ണ തൃപ്തിയോടെ എഴുതിയ കഥയല്ല അതെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. എങ്കിലും ആ പോസ്റ്റ് പലര്‍ക്കും ഇഷ്‌ടമായി. അത് എനിക്കും ഇഷ്‌ടമായി!

ഈ കൊല്ലം ഒരു കവിത പോലും എഴുതിയില്ല എന്നത് അത്ഭുതകരമായ സംഗതിയായി എനിക്ക് തോന്നിയതേയില്ല.

ഒരിക്കല്‍ കൂടി എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും നന്ദി പറയുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ് എനിക്കുള്ള പ്രോത്സാഹനം. ഇവ തുടര്‍ന്നും പ്രതീക്ഷിച്ചു‌കൊണ്ട് ബാലവാടി മുന്നോട്ട്.. മൂന്നാം വര്‍ഷത്തിലേക്ക്..

ബാലവാടീ.. ദേ എല്ലാരേം ഒന്ന് കൈ വീശി കാണിച്ചേ.. ഹായ്..! ഇനി ഒരു ഫ്ലൈയിങ്ങ് കിസ്.. ഉം‌മ്മാ...!

01 ജനുവരി 2009

പുതുവര്‍ഷവും പ്രതിജ്ഞകളും

പുതുവര്‍ഷം. എല്ലാ കൊല്ലവും ജനുവരി ഒന്ന് അടുക്കാറാവുമ്പൊഴേക്കും, അല്ലെങ്കില്‍ അതിനോടടുപ്പിച്ചുള്ള ദിവസങ്ങളില്‍, സ്ഥിരമായി കേള്‍ക്കാറുള്ളതാണ് പ്രതിജ്ഞകളെ പറ്റി. എന്നാല്‍ ഇതു വരെ ഞാന്‍ അങ്ങനെയൊരു പ്രതിജ്ഞയും ന്യൂ ഇയര്‍ ആയിട്ട് എടുത്തിട്ടില്ല. എന്നാല്‍ ഈ കൊല്ലം കുറച്ച് മാറി ചിന്തിക്കുകയാണ്. അതിന് കാരണം കഴിഞ്ഞ വര്‍ഷത്തെ കുറിച്ച് ആലോചിച്ചിട്ട് എനിക്ക് തന്നെ നാണക്കേടായി. പ്രത്യേകിച്ച് യാതൊന്നും ചെയ്യാതെ പോയ വര്‍ഷമാണ് 2008. ലോകത്തിന് മൊത്തത്തില്‍ അത്ര മെച്ചമല്ലായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്ന വര്‍ഷം.

2008-ല്‍ എനിക്കുണ്ടായ നല്ല അനുഭവങ്ങള്‍ വളരെ ചുരുക്കം. ചേട്ടന്റെ കല്ല്യാണം അതില്‍ ഏറ്റവും വലുതും. പിന്നെ പറയാനുള്ളത് പത്ത് - നൂറ് പേരുടെ മുന്നില്‍ നിന്നും സംസാരിച്ചു എന്നതാണ്. കുറച്ച് ബുക്ക് വായിച്ചു. കുറച്ച് ബുക്ക് വാങ്ങിച്ചു. ബ്ലോഗ് എഴുത്തിനെ പറ്റി പറഞ്ഞാല്‍... പോസ്റ്റുകളുടെ എണ്ണം കുറവാണ്, ഒരൊറ്റ കവിത പോലും എഴുതിയില്ല.!!! നിങ്ങളുടെ ഭാഗ്യം. പിന്നെ ഒരു വലിയ നേട്ടം. ഒരു വര്‍ഷം ഡയറി എഴുതി. 2007ല്‍ തുടങ്ങിയെങ്കിലും അത് ഒന്ന് രണ്ട് മാസം കൊണ്ട് നിര്‍ത്തിയതാണ്. എന്നാല്‍ 2008ല്‍ അത് നിര്‍ത്താതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. എന്നാല്‍ തുടര്‍ച്ചയായി 365 ദിവസത്തെ ഡയറിക്കുറിപ്പുകള്‍ ഇല്ല എന്നതും സത്യം. ഒരുപാട് ഇടവേളകളിലായാണ് എഴുതിയത്. എങ്കിലും അത്രെയെങ്കിലും ചെയ്തല്ലോ എന്ന് സമാധാനം.

സിനിമ എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു സാധനമാണ്. 2008ല്‍ ആകെ ഹിറ്റായത് 5 മലയാളം സിനിമയെ ഉള്ളു എന്നൊക്കെ വായിച്ചു. അതില്‍ മാടമ്പിയും അണ്ണന്‍ തമ്പിയും കണ്ടില്ല. ട്വന്റി 20, വെറുതെ ഒരു ഭാര്യ, സൈക്കിള്‍ എന്നിവ കണ്ടു. എന്നാല്‍ നല്ലതെന്ന് വിലയിരുത്തപ്പെട്ട തലപ്പാവ്, തിരക്കഥ, ഗുല്‍മോഹര്‍ ഒന്നും കണ്ടില്ല. കോളേജ് കുമാരന്‍, കല്‍ക്കട്ട ന്യൂസ് ഒക്കെ കാണുകയും ചെയ്തു. മറ്റ് ഭാഷകളില്‍ ശ്രദ്ധേയമായ എ വെനെസ്ഡേ, ആമിര്‍, ജോധാ അക്ബര്‍, രബ് നെ ബനാ ദി ജോഡി, ഗജിനി, സുബ്രഹ്മണ്യപുരം, വാരണം ആയിരം, സന്തോഷ് സുബ്രഹ്മണ്യം, ബാറ്റ്മാന്‍, വാള്‍-ഇ തുടങ്ങി ഒരുപറ്റം നല്ല സിനിമകളും കണ്ടു. മലയാളസിനിമ ചതിച്ചെങ്കിലും അന്യഭാഷാ സിനിമകള്‍ ചതിച്ചില്ല എന്ന ആശ്വാസം.

കോളേജ് വിദ്യാഭ്യാസം ഈ വരുന്ന മാര്‍ച്ച് ആകുന്നതോടെ തീരുകയാണ്. കോളേജിലെ അവസാനത്തെ ഓണാഘോഷത്തില്‍ ഇത് വരെ ചെയ്യാത്ത രണ്ട് കാര്യങ്ങള്‍ ചെയ്തു എന്ന സമാധാനം - കാന്റില്‍ റേസ്, പെയിന്റിങ്ങ് എന്നീ മേഖലകളില്‍ എന്റെ പാദമുദ്ര പതിപ്പിച്ചു ഞാന്‍..!

2009. ഇതാദ്യമായി ചില പ്രതിജ്ഞകള്‍ എടുക്കാന്‍ പോകുന്നു. അത് ബ്ലോഗിലൂടെ എല്ലാരേം അറിയിക്കുന്നു. ഇനി ഞാന്‍ മറന്നാലും എന്നെ എന്റെ പ്രതിജ്ഞകള്‍ ഓര്‍മിപ്പിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ..

1. ഇനി മുതല്‍ എല്ലാ ദിവസവും കുളിച്ച ശേഷമേ ആഹാരം കഴിക്കൂ.. ഇന്ന് മുതല്‍ തുടങ്ങി..!
2. ഡ്രൈവിങ്ങ് പഠിക്കും. ഇനിയും വൈകിയാല്‍ ശരിയാവില്ല. ഈ കൊല്ലം അവസാനിക്കുമ്പോള്‍ ഞാന്‍ ഡ്രൈവിങ്ങ് പഠിച്ച് കഴിഞ്ഞിരിക്കും.
3. ഡയറി എഴുത്ത് തുടരും. നല്ലൊരു ശീലമാണ്. ഇത് വരെ അത് ശീലിക്കാത്തവര്‍ ഉണ്ടെങ്കില്‍ ഈ കൊല്ലം തന്നെ തുടങ്ങിക്കോളൂ..
4. ബുക്ക് വായിക്കും. കോളേജ് ലൈബ്രറിക്ക് നന്ദി. ഇനി അവിടുന്ന് പുറത്തിറങ്ങിയാലും ബുക്കുകള്‍ വാങ്ങി വായിക്കാന്‍ ശ്രമിക്കും.
5. വായിക്കുന്ന ബുക്കുകളെ കുറിച്ച് ബ്ലോഗില്‍ എഴുതും. ചുളിവില്‍ ഒരു പോസ്റ്റുമായി..!
6. സിഗററ്റ് വലി, കള്ളുകുടി തുടങ്ങിയ ദുഃശീലങ്ങളില്‍ നിന്നും ഇത്ര നാള്‍ വിട്ടു നിന്നത് പോലെ ഇനിയും വിട്ടു നില്‍ക്കും. വലിക്കാരെ, കുടിയന്മാരെ, നിങ്ങളൊക്കെ അക്ഷരാഭ്യാസമുള്ളവരും സയന്‍സ് പഠിച്ചവരുമല്ലേ?? ഈ പറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ചാലുള്ള ഭവിഷ്യത്ത് നിങ്ങള്‍ക്കും അറിയാമല്ലോ?
7. പാചകം പഠിക്കാന്‍ ചിലപ്പോ ശ്രമിച്ചേക്കും. അവസാന പ്രയോറിറ്റി ആയത് കൊണ്ട് ഇതിനെ ഒരു പ്രതിജ്ഞ ആയി കണക്കാക്കേണ്ട..!

അപ്പോ ഇതൊക്കെയാണ് 2009ലെ പ്രധാന കര്‍മ്മപരിപാടികള്‍. ഞാന്‍ ഇതൊക്കെ പാലിക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ എല്ലാരും ഒന്ന് നോക്കിക്കോണേ..

അപ്പോ എല്ലാവര്‍ക്കും ഹാപ്പി ന്യൂ ഇയര്‍.. ഇന്ന് ബ്ലോഗ് തുടങ്ങുന്ന നമ്മുടെ മമ്മൂട്ടിക്കും ഒരു സ്പെഷ്യല്‍ പുതുവത്സരാശംസകള്‍..!

22 ജനുവരി 2008

ഇന്ന് പിറന്നാളാണ്..

ഒരു വര്‍ഷം മുമ്പ്, അതായത് 2007 ജനുവരി 22ന് രാത്രിയാണ് ഞാന്‍ “ബാലവാടി”യില്‍ എന്റെ ആദ്യ പോസ്റ്റ് ഇട്ടത്. ഓര്‍ക്കുട്ടിലെ മലയാളം കമ്മ്യൂണിറ്റിയില്‍ പോസ്റ്റ് ചെയ്ത മരീചിക എന്ന കഥയായിരുന്നു ആദ്യ പോസ്റ്റ്. അതിനു മുമ്പ് പല കഥകള്‍ എഴുതിയിരുന്നെങ്കിലും പുറത്ത് കാണിക്കാന്‍ ധൈര്യമില്ലായിരുന്നു. എനിക്ക് വിശ്വാസം തോന്നിയ ആദ്യത്തെ കഥയാണ് മരീചിക. ആ പേരിട്ട് തന്നത് എന്റെ സുഹൃത്ത് ആസിഫ് ആണ്.

ബാലവാടിയിലെ ആദ്യ കമന്റ് ഇട്ടത് “മലയാള”ത്തിലെ അശ്വതി ചേച്ചിയാണ്. നന്ദി.. “പിന്മൊഴികളി”ലേക്ക് ബ്ലോഗിനെ ബന്ധിപ്പിക്കുവാനുള്ള നിര്‍ദ്ദേശം തന്നത് “ചിത്രവിശേഷം” എഴുതുന്ന ഹരീ(ഞാന്‍ വിളിക്കുന്നത് ഹരീഷേട്ടന്‍ എന്നാണ്.. എന്റെ ചേട്ടന്റെ സുഹൃത്തെന്ന നിലയ്‌ക്ക് വളരെ മുമ്പ് തന്നെ എനിക്ക് ഹരീഷേട്ടനെ അറിയാമായിരുന്നു.). ഹരീഷേട്ടാ, നന്ദി. എന്റെ ബ്ലോഗ് പുറത്തറിഞ്ഞത് ആ നിര്‍ദ്ദേശം കൊണ്ടാണ്.. കൂടാതെ ആദ്യ പോസ്റ്റിന് കമന്റിയ മലയാളത്തിലെ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി..

എനിക്ക് ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയത് കേബീസിയെ കുറിച്ചെഴുതിയ പോസ്റ്റിനാണ്.. ബ്ലോഗ്‌റോളില്‍ പേര് ചേര്‍ക്കാന്‍ ആവശ്യപ്പെട്ട് ശ്രീജിത്തേട്ടന്‍ കമന്റിയതും അതേ പോസ്റ്റിന് തന്നെ.. ബ്ലോഗ്‌റോളില്‍ പേര് ചേര്‍ക്കുന്നത് എന്തിനാണെന്ന് പക്ഷെ ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല..!

ഇതു വരെ 18 പോസ്റ്റുകളാണ് ബാലവാടിയില്‍ ഞാന്‍ ഇട്ടിട്ടുള്ളത്. ഞാന്‍ എഴുതുന്ന കഥകള്‍ക്കായൊരിടം എന്ന രീതിയില്‍ തുടങ്ങിയതാണെങ്കിലും വെറും മൂന്ന് കഥകള്‍ മാത്രമേ ഞാന്‍ പോസ്റ്റിയിട്ടുള്ളു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.. ഞാന്‍ നാല് കവിതയെഴുതി എന്നത് എന്നെ ഞെട്ടിക്കുന്നു..!

ഏകദേശം 1200 വിസിറ്റുകള്‍ എന്റെ ബ്ലോഗിനുണ്ടായി, അതായത് മാസം 100 എണ്ണം.. എന്റെ “സൃഷ്ടികള്‍” വായിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഉണ്ടെന്നത് ഒരുപാട് സന്തോഷം തരുന്നു.. ഇനിയും ഇതുപോലെ എന്നെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു..

ഇതുവരെയുള്ള പോസ്റ്റുകള്‍ക്ക് കമന്റിയ എല്ലാ വായനക്കാര്‍ക്കും നന്ദി..

അതിലേറെ എനിക്ക് ഇങ്ങനെയൊക്കെ എഴുതാന്‍ ഒരിടമുണ്ടാക്കി തന്ന ഗൂഗിളിനും ബ്ലോഗര്‍ക്കും പ്രത്യേക നന്ദി.. നിങ്ങള്‍ ഒരു സംഭവം തന്നെയാണേ..!

പ്രസംഗം കഴിഞ്ഞു.. എന്നാല്‍ പിന്നെ ഇനി പരിപാടിയിലേക്ക് കടക്കാം.. “ബാലവാടീ, വരൂ.. വന്ന് ഈ കേക്ക് മുറിക്കൂ..”

ഹാപ്പി ബര്‍ത്ത്‌ ഡേ റ്റൂ യൂ,
ഹാപ്പി ബര്‍ത്ത്‌ ഡേ റ്റൂ യൂ,
ഹാപ്പി ബര്‍ത്ത്‌ ഡേ ഡിയര്‍ ബാലവാടീ,
ഹാപ്പി ബര്‍ത്ത്‌ ഡേ റ്റൂ യൂ..........

“ഫൂ..” ദാ.. മെഴുകുതിരി കെട്ടു.. എല്ലാരുമൊന്ന് കൈയ്യടിച്ചേ.. ക്ലാപ് ക്ലാപ് ക്ലാപ്.. :)

27 ഒക്‌ടോബർ 2007

ഡീസി ഇന്റര്നാഷനല്‍ ബുക്ക് ഫെയര്‍

മാന്യ ബ്ലോഗര്മാരെ,

കേരളത്തിലെ പ്രമുഖ പബ്ലിഷിങ്ങ് സ്ഥാപനമായ ഡീസി ബുക്സ് തിരുവനന്തപുരത്ത് നടത്തുന്ന പുസ്‌തകമേളയിലേക്ക് നിങ്ങളെ ക്ഷണിക്കുകയാണ് എന്റെ ക്ലാസിന് (PGDM (07-09), DC School of Management, Kinfra Park, Trivandrum) വേണ്ടി ഞാന്‍.

തീയതി: ഒക്ടോcബര്‍ 28 മുതല്‍ നവംബര്‍ 8 വരെ.

സമയം: രാവിലെ 10 മണി മുതല്‍ രാത്രി 8 മണി വരെ.

സ്ഥലം: ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം, തിരുവനന്തപുരം.

എല്ലാ ദിവസവും പുതിയ പുസ്തകങ്ങളുടെ പ്രകാശനവും കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബര് 28 വൈകിട്ട് നാല് മണിക്ക് പത്മശ്രീ കമല്‍‌ഹാസന്‍ ഉത്ഘാടനം നിര്‍വ്വഹിക്കുന്നു. കലാപരിപാടികളുടെ ഉത്ഘാടനം മന്ത്രി എം.എ. ബേബി നിര്‍വ്വഹിക്കും. കമല്‍‌ഹാസന്റെ രണ്ട് തിരക്കഥകള്‍ (ഹേ റാം, മഹാനദി) പുസ്തകരൂപത്തില്‍ പ്രകാശനം ചെയ്യുന്നു. കൂടാതെ, പി.ഭാസ്കരന് ആദരസൂചകമായി എന്‍. ലതിക നയിക്കുന്ന ഗാനമേളയും ഉണ്ട്.

ഒക്ടോബര്‍ മുപ്പതാം തീയതി മമ്മൂട്ടിയും സംവിധായകന്‍ കമലും എത്തുന്നു. മമ്മൂട്ടി എഴുതിയ മഞ്ഞക്കണ്ണട എന്ന പുസ്തകവും കമലിന്റെ കറുത്തപക്ഷികള്‍ എന്ന ചിത്രത്തിന്റെ തിരക്കഥയും അന്ന് രാവിലെ 11 മണിക്ക് പ്രകാശനം ചെയ്യുന്നുണ്ട്. വൈകുന്നേരം കരുണാനിധിയുടെ മകള്‍ കനിമൊഴി എഴുതിയ കറുക്കുന്ന മൈലാഞ്ചി എന്ന പുസ്തകവും പ്രകാശനം ചെയ്യുന്നു. വൈകുന്നേരം തമിഴ് ഗാനമേളയുമുണ്ട്.

നവംബര്‍ ഒന്നിന് രാവിലെ കേരളപ്പിറവി അനുബന്ധിച്ചുള്ള പ്രത്യേക പരിപാടികള്‍ ഉണ്ടായിരിക്കും. അന്ന് പ്രകാശനം ചെയ്യുന്ന പുസ്തകങ്ങള്‍ കേരളത്തിന്റെ അമ്പത് വര്‍ഷത്തെ കവിതകളുടെയും കഥകളുടെയും നാടകങ്ങളുടെയുമൊക്കെ വിഷയമാക്കിയുള്ളവയാണ്. അന്ന് ഓ.എന്‍.വി, സാറ ജോസഫ്, കെ.ആര്‍. മീര, സക്കറിയ, സേതു, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വരുന്നുണ്ട്. വൈകുന്നേരം ജയരാജ് വാര്യരുടെ കാരിക്കേച്ചര്‍ ഷോയും ഉണ്ടാവും.

നവംബര്‍ അഞ്ചിന് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 18 കവിതകള്‍ എന്ന കൃതിയുടെ ഇരുപത്തഞ്ചാം വാര്‍ഷികമാണ്. അതിന്റെ ഭാഗമായി ആ ബുക്കിന്റെ സില്‍‌വര്‍ ജൂബിലി എഡിഷന്‍ ഇറങ്ങുന്നു. അന്ന് വൈകുന്നേരം അഫ്‌സലിന്റെ ഗാനമേളയും ഉണ്ട്.

ഞാന്‍ നേരത്തെ പറഞ്ഞത് പോലെ എല്ലാ ദിവസവും പരിപാടികള്‍ നടക്കുന്നുണ്ട്. എന്റെ സമയപരിധി മൂലം എല്ലാം എഴുതാന്‍ കഴിയുന്നില്ല എന്ന് മാത്രം. പ്രധാനപ്പെട്ടതെന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: http://www.dcbookfair.com

അപ്പോ എല്ലാം പറഞ്ഞപോലെ.. നാട്ടിലുള്ള സകല ബ്ലോഗര്‍മാരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു.. അതോടൊപ്പം കേരളത്തിന് വെളിയിലുള്ള ബ്ലോഗര്‍മാര്‍ സ്വയം എത്താന്‍ ശ്രമിക്കുക, അല്ലെങ്കില്‍ വീട്ടുകാരെയോ കൂട്ടുകാരെയോ അറിയിച്ച് ബുക്ക് ഫെയറില്‍ തല കാണിക്കുക..

:-)

25 സെപ്റ്റംബർ 2007

20 - 20യും ഇന്ത്യയും പിന്നെ ഞാനും..

ഹൊ ഹൊ ഹൊ! എന്തൊരു കളിയായി പോയി.. പുല്ലു പോലെ ജയിക്കുമെന്ന് വിചാരിച്ച കളി ടെന്‍ഷന്‍ കേറ്റി മനുഷ്യനെ വിറപ്പിച്ചു കളഞ്ഞു..! എന്തായാലും ഒടുവില്‍ കപ്പ് ഇന്ത്യയ്‌ക്ക് തന്നെ കിട്ടിയല്ലോ..

കുറേ നാളുകള്‍ക്ക് ശേഷമാണ് ഇന്ത്യ ഒരു വലിയ ടൂര്‍ണമെന്റ് ജയിക്കുന്നത്, അതും സൂപ്പര്‍ താരനിരയില്ലാതെ. ധോണിയും യുവ്‌രാജും താരങ്ങളാണെങ്കിലും സൂപ്പര്‍ താരങ്ങള്‍ എന്ന വിശേഷണം ചേരില്ലല്ലോ.. അപ്പോ പറഞ്ഞ് വരുന്നത് എന്താണെന്ന് വെച്ചാല്‍ ഇന്ത്യ എങ്ങനെ കളി ജയിച്ചു?? നമുക്ക് അതിന്റെ കാരണങ്ങള്‍ ഒന്ന് നോക്കാം..

ധോണിയുടെ ക്യാപ്റ്റന്‍സി

ആക്രമണോത്സുകനായ ക്യാപ്റ്റനാണ് ധോണി. മാത്രമല്ല തന്റെ ടീമംഗങ്ങളുമായി നല്ല പോലെ ആശയവിനിമയം നടത്താനും ധോണിക്ക് കഴിഞ്ഞു. ഓരോ തവണ മോശമായി പന്തെറിയുമ്പോഴും ബോളറുടെ അടുത്ത് വന്ന് സംസാരിക്കുകയും അയാള്‍ക്ക് ധൈര്യം പകരുകയും ചെയ്യുന്നു. ഇതു വഴി ടീമംഗങ്ങള്‍ക്ക് ക്യാപ്റ്റനെന്നതിലുപരി ഒരു കൂട്ടുകാരനായിരുന്നു ധോണി. അതുകൊണ്ടാവണം ധോണിക്ക് ആവശ്യമുള്ളത് നല്‍കാന്‍ അവര്‍ എപ്പോഴും കൂടെ തന്നെ ഉണ്ടായിരുന്നു.

ഒരുമ, ആക്രമണം, മനോധൈര്യം

ഒരു സാധാരണ ഇന്ത്യന്‍ ടീമില്‍ കാണാന്‍ കഴിയാതിരുന്നതാണ് ഈ മൂന്ന് ഗുണങ്ങള്‍. പലപ്പോഴും ഒന്നോ രണ്ടോ പേരുടെ മികവില്‍ ഇന്ത്യ കളി ജയിച്ചിരുന്നു. ഒരു ടീമായി ഇന്ത്യ ജയിക്കുന്നത് അപൂര്‍വമായി മാത്രമായിരുന്നു. എന്നാല്‍ ഈ ടൂര്‍ണമെന്റില്‍ ഒത്തൊരുമയോടെ ഒരേ മനസുമായി കളിക്കുന്ന ഒരു ടീമിനെ കാണാന്‍ കഴിഞ്ഞു. എടുത്ത് പറയേണ്ട മറ്റൊരു കാര്യം ടീമിന്റെ മനോധൈര്യമാണ്. അതില്‍ ധോണിയുടെ പങ്ക് എത്ര മാത്രമുണ്ടെന്ന് പറയാന്‍ കഴിയില്ലെങ്കിലും ധോണി ഒരു പ്രധാനകാരണം തന്നെയാണ്. ധോണിയുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: “നമ്മള്‍ 140തും 150തും ഒക്കെയേ അടിക്കുന്നുള്ളുവെങ്കിലും ജയിക്കണമെങ്കില്‍ പാകിസ്ഥാന് അതിലും കൂടുതല്‍ അടിക്കണമല്ലോ..” ഇതല്ലേ ഒരു ടീമിനുണ്ടാവേണ്ട സമീപനം.. അവസാന പന്തുവരെയും വിടാതെ പിന്തുടരുന്ന ആക്രമണോത്സുകരായ ചങ്കുറപ്പുള്ള ചെറുപ്പക്കാരുടെ ഒരു ടീമായി ഈ ഇന്ത്യ.

യുവതാരങ്ങള്‍

എന്തൊക്കെയുണ്ടെന്ന് പറഞ്ഞാലും കളിക്കാര്‍ നന്നായി കളിക്കാതെ ഒരു ടീമിനും ജയിക്കാന്‍ കഴിയില്ലല്ലോ.. അവസരത്തിനൊത്തുയര്‍ന്ന യുവതാരങ്ങള്‍ കപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ മുഖ്യപങ്കു വഹിച്ചു. രോഹിത് ശര്‍മ്മ, ജൊഗീന്തര്‍ ശര്‍മ്മ എന്നിവര്‍ ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കണ്ടെത്തലാണ്. ആര്‍.പി. സിങ്ങ്, ഇര്‍ഫാന്‍ പഥാന്‍, ഗൌതം ഗംഭീര്‍, ഹര്‍ഭജന്‍ സിങ്ങ് എന്നിവര്‍ ഇന്ത്യന്‍ ടീമിലേയ്ക്ക് തിരിച്ചുവരവ് നടത്താന്‍ പ്രാപ്‌തരാണെന്ന് തെളിയിച്ചു. ഫൈനലില്‍ നിറം മങ്ങിയെങ്കിലും സെമിയില്‍ ഓസീസിനെതിരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ ശ്രീശാന്തും ശ്രദ്ധിക്കപ്പെട്ടു. വാണ്ടറേഴ്‌സില്‍ തിങ്ങി നിറഞ്ഞ കാണികളുടേയും ഇന്ത്യയിലെ കോടിക്കണക്കിനാരാധകരുടേയും പ്രതീക്ഷയുടെ ഭാരം മനസിലുണ്ടായിട്ടും ആ ക്യാച്ച് ശ്രീ പിടിച്ചില്ലേ?? ശ്രീശാന്തിനെ നേരിട്ട് കണ്ടാല്‍ ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യമാണ് :പന്ത് ഉയര്‍ന്ന് വരുന്നത് കണ്ടപ്പോള്‍ എന്തായിരുന്നു മനസിലെന്ന്..

ഇതൊന്നും പോരാഞ്ഞ് ഇന്ത്യ കളി ജയിക്കാന്‍ ഞങ്ങള്‍ കുറച്ച് പേര്‍ നടത്തിയ പ്രകടനങ്ങളും ഈയവസരത്തില്‍ പറയണമല്ലോ..

1. കളി ഇന്ത്യ പുല്ലു പോലെ ജയിക്കുമെന്ന് തോന്നിയ നിമിഷം സോഫയില്‍ “ഇരുന്ന്” കളി കണ്ടിരുന്ന ഞാന്‍ കുറച്ച് നേരം കിടന്നു. ചറപറാന്ന് സിക്സറടിച്ച് പാകിസ്ഥാന്‍ കളി ജയിക്കാറായപ്പോള്‍ ഞാന്‍ വീണ്ടും “പഴയ പോലെ” ഇരുന്നു. മിസ്‌ബാ ഔട്ട്! കപ്പ് നമുക്ക് തന്നെ..

2. ദാഹിച്ചിട്ടും കസേരയില്‍ നിന്ന് എണീക്കാതെ കളി മുഴുവന്‍ കണ്ട എന്റെ അച്ഛന്റെ ത്യാഗം! അതും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.

3. പ്രാര്‍ത്ഥനയുമായി നരസിംഹ മൂര്‍ത്തിയുടെ സ്വൈര്യം കെടുത്തിയ എന്റെ അമ്മ. പ്രാര്‍ത്ഥന സഹിക്കാന്‍ വയ്യാതെ അദ്ദേഹം അനുഗ്രഹിച്ചതാണ് പാകിസ്ഥാന്റെ വിക്കറ്റുകള്‍..!

4. സ്വന്തം മകനെ ഉപയോഗിച്ച് പാകിസ്ഥാനെ തോല്‌പിച്ചയാളാണ് എന്റെ ചേച്ചി. വിക്കറ്റ് വേണ്ടപ്പോഴൊക്കെ പുള്ളിക്കാരി മോനെ കൊണ്ട് പറയിക്കും വിക്കറ്റ് പോട്ടെ എന്ന്.. അപ്പോ തന്നെ പോകുകയും ചെയ്യും!

5. എന്റെ ചേട്ടന്‍ ചെയ്‌ത പ്രവൃത്തി ഈ ലോകത്ത് വേറാരും ചെയ്‌ത് കാണില്ല. ചേട്ടന്‍ ചിറ്റപ്പന്റെ വീട്ടിലാണ് കളി കണ്ടത്. ഇന്ത്യ കളി ജയിച്ച് കൊണ്ടിരുന്നപ്പോളാണ് ചിറ്റപ്പന്‍ ഓഫീസില്‍ നിന്നും വന്നത്. പുള്ളിക്കാരന്‍ കളി കണ്ട് തുടങ്ങിയതും പാകിസ്ഥാന്‍ സിക്സര്‍ മഴ തുടങ്ങി. ചിറ്റപ്പന്റെ മോനേ കൂട്ടു പിടിച്ച് ചേട്ടന്‍ ചിറ്റപ്പനെ റ്റീവിയുടെ മുന്നില്‍ നിന്നും ഓടിച്ചു വിട്ടു!!!

ഇങ്ങനെ എത്ര പേരുണ്ടാവും നമ്മള്‍ കളി ജയിക്കുന്നതിനായി ഓരോന്ന് ചെയ്യുന്നവര്‍?? ജയിച്ചത് 20 - 20 ആണെങ്കിലും വേള്‍ഡ് കപ്പ് വേള്‍ഡ് കപ്പ് തന്നെയാണല്ലോ.. പക്ഷെ ജയിച്ചത് ഇന്ത്യ കളിച്ചത് കൊണ്ട് മാത്രമല്ല എന്ന് മനസിലായില്ലേ?? :)