19 നവംബർ 2008

കട്ടുറുമ്പ് - അവസാന ഭാഗം

“സാറേ.. ഇറങ്ങാനുള്ള സ്ഥലമെത്തി.”

അവന്‍ കണ്ണ് തുറന്നു. നീണ്ട യാത്രയായിരുന്നു ബസ്സില്‍. തന്റെ നാട്ടിലേക്ക്. അതും നാലു വര്‍ഷങ്ങള്‍ക്ക് ശേഷം. പെട്ടിയെടുത്ത് പുറത്തിറങ്ങി, ചുറ്റുപാടും ഒന്ന് നോക്കി. നാട് ഒരുപാട് മാറി പോയി. എന്തായിരുന്നു കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും തിരികെ വരാഞ്ഞത്? പണിയെടുത്ത് പണിയെടുത്ത് വീടിനെ മറന്ന് പോയോ? കൂടുതല്‍ പൈസ ഉണ്ടാക്കാന്‍ അമ്മയെ മറന്നോ? ചോദ്യങ്ങള്‍ ഒരുപാടാണ്. അതിനൊന്നും ഉത്തരം തേടാത്തതാണ് നല്ലത്. ഒരേയൊരു ചോദ്യം മാത്രം - എന്തിന് തിരികെ വന്നു? ഉത്തരം നിസാരം. നഗരത്തില്‍ കട്ടുറുമ്പിനെ കിട്ടാനില്ല..!

ഇനി നാല് ദിവസം കൂടിയെ സമയമുള്ളൂ. കഴിഞ്ഞ മൂന്ന് ദിവസം എന്തൊക്കെ സംഭവിച്ചു?

സ്വപ്നം കണ്ടത് മുതല്‍ അവന്‍ ആശയക്കുഴപ്പത്തിലായിരുന്നു. അവശേഷിക്കുന്ന ഒരാഴ്ച എന്തൊക്കെ ചെയ്ത് തീര്‍ക്കും എന്നതിലുപരി എങ്ങനെ അമ്പത് കട്ടുറുമ്പിനെ കണ്ടെത്തി ലഡ്ഡു തീറ്റിക്കും എന്നതായിരുന്നു അവന്റെ മുന്നിലുള്ള ചോദ്യം. രാവിലെ ഓഫീസില്‍ പോകാന്‍ അവന്‍ തീരുമാനിച്ചതിന് പിന്നിലുള്ള കാരണവും വഴിയില്‍ കട്ടുറുമ്പിനെ തേടാം എന്നതായിരുന്നു. എന്നാല്‍ അവന് ഒരു കട്ടുറുമ്പിനെ പോലും കാണാന്‍ കഴിഞ്ഞില്ല. അന്ന് കമ്പനിയില്‍ നിന്നും രാജി വെച്ചാണ് അവന്‍ ഇറങ്ങിയത്. നോട്ടീസ് നല്‍കാതെ രാജി വെച്ചതിന് എച്. ആര്‍ ഹെഡ്ഡിന്റെ വായിലിരിക്കുന്നത് മുഴുവന്‍ കേള്‍ക്കുകയും ചെയ്തു. അടുത്ത രണ്ട് ദിവസം അവന്‍ ചിലവഴിച്ചത് നഗരത്തിന്റെ മുക്കിലും മൂലയിലും കട്ടുറുമ്പിനെ തേടുകയായിരുന്നു. എന്നാല്‍ എലി, പാറ്റ, പല്ലി, ചീവീട് മുതല്‍ ആന, സിംഹം, ജിറാഫ് തുടങ്ങിയ ജീവികളെ വരെ അവന്‍ കണ്ടു. കട്ടുറുമ്പിനെ തേടി അവന്‍ മൃഗശാലയില്‍ വരെ പോയിരുന്നു! പക്ഷെ അവന്‍ ആരെ തേടിയാണോ പോയത്, ആ ആളെ മാത്രം കണ്ടില്ല. അങ്ങനെയാണ് അവന്‍ തിരികെ തന്റെ നാട്ടിന്‍‌പുറത്തേക്ക് വരാന്‍ തീരുമാനിച്ചത്. തിരിച്ച് വരുന്നു എന്ന് വിളിച്ച് പറഞ്ഞപ്പോള്‍ അങ്ങേതലയ്ക്കല്‍ അമ്മയുടെ കരച്ചില്‍ സങ്കടത്തിന്റെയല്ല മറിച്ച് സന്തോഷത്തിന്റെയാണെന്ന് അവന് ആരും പറയാതെ തന്നെ മനസിലാവുകയും ചെയ്തു.

പഴയ സ്റ്റേഷന്‍ കവലയിലാണ് താന്‍ നില്‍ക്കുന്നത് എന്ന് തിരിച്ചറിയാന്‍ അവന്‍ കുറച്ച് സമയമെടുത്തു. കാരണം അവിടെ പണ്ടുണ്ടായിരുന്ന പോലീസ് സ്റ്റേഷന്‍ ഇപ്പോള്‍ സ്ഥലം മാറി വേറൊരു കെട്ടിടത്തിലാണ്. സ്റ്റേഷന്‍ നിന്നിടത്ത് ഇപ്പോള്‍ ഒരു വലിയ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ്. അതിനടുത്തുണ്ടായിരുന്ന വിശാലമായ മൈതാനത്തിന് പകരം മൂന്ന് ഫ്ലാറ്റുകള്‍. അവന്‍ വീട്ടിലേക്ക് നടന്നു. ഏകദേശം പത്ത് മിനിറ്റ് നടക്കാനുണ്ട്. ജംഗ്‌ഷനില്‍ ഇപ്പോ ഓട്ടോ സര്‍വ്വീസ് ഉണ്ട്. പണ്ട് നേരെയൊരു റോഡ് പോലുമില്ലാത്ത സ്ഥലമായിരുന്നു. ജോലി കിട്ടിയ ആദ്യ നാളുകളില്‍ ഒരവധി കിട്ടിയാലുടന്‍ ഓടി വരുമായിരുന്നു. അന്നത്തെ ശീലമാണ് ബസ്സിറങ്ങിയാലുള്ള നടപ്പ്. നാടെത്ര മാറിയാലും നാളെത്ര കഴിഞ്ഞാലും ആ ശീലത്തിന് മാറ്റമുണ്ടാവില്ല. വഴിയില്‍ അവന്‍ കണ്ടത് മുഴുവന്‍ മാറ്റങ്ങളായിരുന്നു. തന്റെ ഗ്രാമം ഒരു ചെറിയ ടൌണ്‍ ആയി മാറിയതായി അവന് തോന്നി. പോകുന്ന വഴിയില്‍ കട്ടുറുമ്പിന്റെ കൂട് അവന്‍ തേടി. എന്നാല്‍ ഒരെണ്ണം പോലും കാണാനുണ്ടായിരുന്നില്ല.

വീട്ടില്‍ അവനെ കാത്ത് അമ്മയുടെ സെന്റി ഡയലോഗുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. എല്ലാം കേട്ടിരിക്കുമ്പോഴും അവന്റെ മനസില്‍ ഒരൊറ്റ ചിന്ത മാത്രമേ ഉള്ളായിരുന്നു - എങ്ങനെയെങ്കിലും കട്ടുറുമ്പുകളെ കണ്ടെത്തണം.

“എന്നാലും നിനക്കെങ്ങനെ തോന്നി വരാതിരിക്കാന്‍? അമ്മയെ നീ മറന്നോ? വീട് നീ മറന്നോ? ഓഫീസ് മാത്രമായോ ജീവിതം? എന്തിനാടാ എന്നെ ഇങ്ങനെ വിഷമിപ്പിച്ചത്? നിന്നെയൊന്ന് കാണാന്‍ എത്ര കൊതിച്ചു.. ഫോണില്‍ വിളിച്ചാല്‍ തിരക്കോട് തിരക്ക്. പിന്നെ വിളിക്കാം പിന്നെ വിളിക്കാം എന്ന് പറഞ്ഞോണ്ടിരിക്കും..”

“അമ്മേ..”

“എന്താ മോനെ?”

“ഇവിടെ കട്ടുറുമ്പിനെ എവിടെ കിട്ടും?”

“കട്ടുറുമ്പോ?”

“അതെ, കട്ടുറുമ്പ്.. അത് പോട്ടെ. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ കട്ടുറുമ്പുകളുമായി എന്തെങ്കിലും പ്രശ്നം ഉണ്ടായതായി ഓര്‍ക്കുന്നുണ്ടോ?”, അവന്റെ ശബ്ദം പ്രമാദമായ കൊലപാതകക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഓഫീസറുടെ പോലെയിരുന്നു.

“മോനെ.. നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?” അമ്മയുടെ ശബ്ദത്തില്‍ പരിഭ്രമം. മോന് വട്ടായോ എന്ന ചിന്തയാവാം.

അവന്‍ ഒന്നും മിണ്ടിയില്ല. ഇതാണ് പ്രശ്നം. വെറുതെ തെറ്റിദ്ധരിക്കപ്പെടും. ആ ചെകുത്താന്റെ ഓരോ പരീക്ഷണങ്ങള്‍. ആരോടും സഹായം ചോദിക്കാന്‍ പറ്റില്ല. ഞാന്‍ സ്വയം കണ്ടെത്തണം. ഇപ്പോള്‍ ഇരുട്ടി. നാളെയാട്ടെ. അവന്‍ സ്വയം പറഞ്ഞു.

പിറ്റേന്ന് രാവിലെ തന്നെ അവന്‍ പറമ്പിലിറങ്ങി. ഒരു വശത്തും നിന്നും അന്വേഷണം തുടങ്ങി. ഏകദേശം നാല്‍‌പത് മിനിറ്റുകളുടെ പരിശ്രമഫലമായി അവന്‍ ഒരു കട്ടുറുമ്പിന്റെ കൂട് കണ്ടെത്തി. സന്തോഷത്തോടെ അവന്‍ കുളിക്കാന്‍ പോയി. കുളിച്ചിട്ട് വേഗം പുറത്തേക്കിറങ്ങി. കവലയില്‍ പോയി ഒരു പായ്‌ക്കറ്റ് ലഡ്ഡു വാങ്ങുക എന്നതായിരുന്നു ലക്ഷ്യം. കവലയിലെ മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ നിന്നും ലഡ്ഡൂ വാങ്ങി അവന്‍ തിരികെ വീട്ടിലെത്തി. എന്നാല്‍ വീട്ടില്‍ അവനെ കാത്തിരുന്നത് ഏറ്റവും സങ്കടമേറിയ ഒരു വാര്‍ത്തയായിരുന്നു. അവന്റെ അമ്മ....

അവന്റെ അമ്മ അന്ന് വീടും പരിസരവും വൃത്തിയാക്കാന്‍ പണിക്കാരെ വരുത്തി. ആ പണിക്കാര്‍ അവന്‍ നാല്‍‌പത് മിനിറ്റ് കഷ്ടപ്പെട്ട് കണ്ടെത്തിയ ആ കട്ടുറുമ്പിന്‍ കൂട് വെറും നാല്‍‌പത് സെക്കന്റു കൊണ്ട് ഇടിച്ചു നിരത്തിയിരുന്നു. ആ പണിക്കാരെ മനസ് കൊണ്ട് ശപിച്ച് അവന്‍ തന്റെ മുറിക്കുള്ളിലേക്ക് പോയി. ലഡ്ഡുവിന്റെ പൊതി അവന്‍ ആരും കാണാതെ മുറിയിലെ കട്ടിലിനടിയില്‍ ഒളിച്ചു വെച്ചു. അത് ആരെങ്കിലും കണ്ടാല്‍ പിന്നെ അതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയണം. അവന്‍ കട്ടിലില്‍ കിടന്നു, ഇനിയെന്ത് ചെയ്യും? ഏതായാലും പണിക്കാര്‍ പോകട്ടെ. പറമ്പിലെ പുല്ലൊക്കെ ചെത്തിക്കളയുമ്പോള്‍ ഒരു കൂടെങ്കിലും കാണാതിരിക്കില്ല. അവന്‍ അങ്ങനെ കിടന്നങ്ങ് ഉറങ്ങിപ്പോയി.

“മോനെ എഴുന്നേല്‍ക്ക്.. നിന്നെ കാണാന്‍ ദാ കണ്ണന്‍ വന്നിരിക്കുന്നു” അമ്മയുടെ ശബ്ദം കേട്ടാണ് അവന്‍ ഉണര്‍ന്നത്. കുറച്ചധികനേരം ഉറങ്ങിയെന്ന് അവന് മനസിലായി. കണ്ണന്‍ വന്നിരിക്കുന്നു. പഴയ സുഹൃത്താണ്. സ്കൂളില്‍ ഒരേ ബഞ്ചിലിരുന്ന് പഠിച്ചവര്‍. എന്തിനും എതിനും അവര്‍ ഒരുമിച്ചായിരുന്നു. എന്നിട്ടും പിരിഞ്ഞു. ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ രണ്ട് വഴിക്കായെങ്കിലും അടുപ്പം ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷക്കാലമായി യാതൊരു ബന്ധവുമില്ല. അവന്‍ വരുമെന്ന് കരുതിയതല്ല. എന്തായാലും വന്നത് നന്നായി. താന്‍ പോകുമ്പോള്‍ എല്ലാവരും അടുത്തുണ്ടാവുമല്ലോ..

അവന്‍ കണ്ണനുമായി ഒട്ടേറെ നേരം സംസാരിച്ചു. കണ്ണന്‍ ഇപ്പോള്‍ ഒരു സാറായി ജോലി ചെയ്യുന്നു.

“എന്നാലും എന്റെ കണ്ണാ, നീ എങ്ങനെ ഒരു സാറായെടാ? പിള്ളേരെ ഒക്കെ ഒരു വഴിയ്‌ക്കാക്കിയോ?”

“എന്ത് പറയാനാടാ.. ഒരിക്കലും ആഗ്രഹിച്ചതല്ല സാറാവാന്‍. പക്ഷെ നമുക്ക് വേണ്ടത് കിട്ടിയില്ലെങ്കില്‍ പിന്നെ എന്താ ചെയ്യുക?”

“ശരിയാടാ. അത് ഞാനിപ്പോ അനുഭവിച്ച് കൊണ്ടിരിക്കുവാ. ഒരു സാധനം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ അത് മാത്രം കിട്ടുന്നില്ല”, കട്ടുറുമ്പിനെ മനസിലോര്‍ത്ത് അവന്‍ പറഞ്ഞു.

“ജീവിതം ചിലപ്പോ അങ്ങനെയാടാ. നമ്മള്‍ ഏറ്റവും ആഗ്രഹിക്കുന്നത് മാത്രം നമുക്ക് കിട്ടില്ല. ബാക്കിയെല്ലാം കിട്ടും. പക്ഷെ നമ്മള്‍ എപ്പോഴും കിട്ടാത്തതിനെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കും! ഞാനിപ്പോള്‍ മാറി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. കിട്ടാത്തതിനെ കുറിച്ച് വെറുതെ എന്തിന് ടെന്‍ഷന്‍ ആവണം? ഉള്ളത് കൊണ്ട് അടിച്ച് പൊളിച്ച് ജീവിക്കണം. അദ്ധ്യാപനം ഞാന്‍ ഇപ്പോള്‍ വളരെ ഇഷ്ടപ്പെടുന്നു. ഒന്നുമില്ലേലും നമ്മള്‍ എപ്പോഴും കുട്ടികളുടെ കൂടെയല്ലെ.. ഒരു കുട്ടിത്തം മനസില്‍ വരുന്നു.”

വീണ്ടും കുറെ നേരം കൂടി അവര്‍ സംസാരിച്ചിരുന്നു. കണ്ണന്‍ പോയ ശേഷവും അവന്റെ മനസില്‍ ആ വാക്കുകള്‍ തങ്ങി നിന്നു. കിട്ടാത്തത് ഓര്‍ത്ത് എന്തിന് വിഷമിക്കണം. എന്തൊരു മണ്ടത്തരമാണ് ഇത്രനാള്‍ കാണിച്ചുകൂട്ടിയത്. കട്ടുറുമ്പിനെ തേടി നാലു ദിവസം കളഞ്ഞു. ഇനി മൂന്ന് ദിവസം കൂടിയെ ബാക്കിയുള്ളു. അതും കട്ടുറുമ്പിന്റെ പിന്നാലെ നടന്ന് കളയണോ? അതോ മാക്സിമം അടിച്ച് പൊളിക്കണോ? അവന്‍ സ്വയം ചോദിച്ചു. ഉത്തരം നിസാരമായിരുന്നു. അടിച്ച് പൊളിക്കുക. ചത്ത് നരകത്തില്‍ ചെന്ന് ആ‍ ഇടിവെട്ട് ശിക്ഷ അനുഭവിച്ചാലെന്ത്? ഭൂമിയിലുള്ള സമയം ആഘോഷിക്കണമല്ലൊ.

അടുത്ത രണ്ട് ദിവസം അവന്‍ ആസ്വദിക്കുകയായിരുന്നു. കട്ടുറുമ്പിനെക്കുറിച്ച് ഒന്ന് ചിന്തിക്കുക പോലും ചെയ്തില്ല. ചെകുത്താന്‍ പറഞ്ഞ ഏഴാം ദിവസം വന്നെത്തി. രാവിലെ അവന്‍ കണ്ണു തുറന്നു. ഇന്ന് ഏതെങ്കിലും നേരത്ത് തീരും എല്ലാം. അതിന് മുമ്പ് എല്ലാവര്‍ക്കും മധുരം നല്‍കണം. അവന്‍ മുറിയില്‍ ഒളിച്ചു വച്ചിരുന്ന ലഡ്ഡു പായ്ക്കറ്റ് തപ്പിയെടുത്തു. എന്നാല്‍ ആ പായ്ക്കറ്റ് കാലിയായിരുന്നു. ദേഷ്യത്തോടെ അവന്‍ ആ കൂട് കളഞ്ഞു. എന്തെങ്കിലും വാങ്ങാം എന്ന് കരുതി അവന്‍ പുറത്തേക്ക് പോയി. കട്ടിലിനടിയില്‍ ഒരു മൂലയ്ക്കായി ഒരു കൊച്ച് തുളയുണ്ടായിരുന്നു. അത് ഒരു വലിയ കട്ടുറുമ്പ് സാമ്രാജ്യത്തിന്റെ വാതിലായിരുന്നു. അതിനുള്ളില്‍ എണ്ണത്തില്‍ നൂറിലധികം വരുന്ന കട്ടുറുമ്പുകള്‍ ലഡ്ഡു തിന്ന് മടുത്തിരുന്നു.

വീണ്ടും ഒരു പായ്ക്കറ്റ് ലഡ്ഡുവുമായാണവന്‍ തിരികെ എത്തിയത്. അമ്മയെ വിളിച്ചെങ്കിലും കാണാനുണ്ടായിരുന്നില്ല. അവന്‍ അമ്മയെ അന്വേഷിച്ച് അടുക്കളയിലെത്തി. അവിടെയും അമ്മയെ കണ്ടില്ല. പക്ഷെ അവന്റെ ശ്രദ്ധ മറ്റൊന്നില്‍ പതിഞ്ഞു. കിണറിന്റെ പടിയില്‍ ഒരു കട്ടുറുമ്പ്. അവന്‍ മെല്ലെ അതിനടുത്തേക്ക് ചെന്നു. ആ കട്ടുറുമ്പ് മെല്ലെ കിണറ്റിലേക്ക് ഇറങ്ങി. അതിന്റെ വീട് ആ കിണറിന്റെ പടിയിലെ ഏതോ കല്ലുകള്‍ക്കിടയിലായിരുന്നു. ഇനി കട്ടുറുമ്പിന് ലഡ്ഡു കൊടുത്തില്ലെന്ന പരാതി വേണ്ട. അവന്‍ ഒരു ലഡ്ഡൂവുമായി ഏന്തി വലിഞ്ഞ് കിണറ്റിലേക്ക് നോക്കി. ഒരു നിമിഷം കാലു തെന്നി ദാ കിടക്കുന്നു കിണറ്റില്‍. ആറാള്‍ താഴ്ചയുള്ള ആ കിണറ്റില്‍ വീണായിരുന്നു അവന്റെ അന്ത്യം. അറിയാതെയാണെങ്കിലും ചെയ്ത പ്രായശ്ചിത്തം അവന് സ്വര്‍ഗത്തിലേക്കുള്ള വാതില്‍ തുറന്നു.

...അവസാനിച്ചു...

17 നവംബർ 2008

കട്ടുറുമ്പ്

സമയം രാത്രി 11.30. പണിയെടുത്ത് നടുവൊടിഞ്ഞ് ഒരു വിധത്തില്‍ മുറിയില്‍ തിരിച്ചെത്തുമ്പോള്‍ മനസില്‍ ഒരേയൊരു ചിന്ത മാത്രമേ ഉള്ളായിരുന്നു - നന്നായൊന്നുറങ്ങുക. നാളെ അവധിയാണല്ലോ എന്ന ചിന്ത മനസിന് വല്ലാത്തൊരു സുഖം നല്‍കുന്നു. വേഷം മാറാനൊന്നും ക്ഷമയുണ്ടായിരുന്നില്ല. നേരെ ചെന്ന് കട്ടിലിലോട്ട് വീഴുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ഉറങ്ങി പോവുകയും ചെയ്തു.

ഒരു ചിരി കേട്ടാണ് അവന്‍ കണ്ണ് തുറന്നത്. ഇതാരാണ് ഇത്ര പൈശാചികമായി ചിരിക്കുന്നത്?. അയ്യോ.. ഞാനിതെവിടാ?? ഇതേത് സ്ഥലം? എന്തൊരു ചൂട്? ഇതെന്ത്? കത്തുന്ന മരമോ? അവന് സംശയങ്ങള്‍ മാത്രമായിരുന്നു. അവന്‍ ഒരു മരച്ചുവട്ടില്‍ കസേരയില്‍ ഇരിക്കുന്നു. മരം പക്ഷെ സാധാരണ മരമല്ല. ഇലകള്‍ക്ക് പച്ച നിറമില്ല, പകരം തീയാണ്. അതിന്റെ ചൂട് അസഹനീയമായി തോന്നി. അപ്പോഴാണ് എതിരെ ഇരിക്കുന്ന മനുഷ്യന്‍ അവന്റെ ശ്രദ്ധയില്‍‌പ്പെട്ടത്. സുന്ദരന്‍. കറുത്ത കുര്‍ത്തയും സ്വര്‍ണ്ണ കസവുള്ള മുണ്ടും വേഷം. ഒരുമാതിരി മംഗലശ്ശേരി നീലകണ്ഠന്‍ സ്റ്റൈല്‍. കൈയ്യില്‍ ഗോള്‍ഡ് ചെയ്ന്‍, അതില്‍ 666 എന്ന് എഴുതിയിരുന്നു. അവന്‍ ആ ചെയ്നില്‍ സൂക്ഷിച്ച് നോക്കി.

“പുതിയതാ.. ഇപ്പോള്‍ ചെകുത്താനാണെന്ന് പറഞ്ഞാല്‍ ഈ 666 കൂടെ വേണമെന്നാ അവസ്ഥ. ഞങ്ങളും ഗ്ലോബലൈസേഷന്‍ കാലത്ത് ജീവിക്കുന്നവരാണല്ലോ.. സ്വഭാവികമായും ഈ വെസ്റ്റേണ്‍ സ്റ്റൈല്‍ ഉണ്ടാവും.”, തന്റെ ചെയ്ന്‍ ഒന്ന് കുലുക്കി അയാള്‍ പറഞ്ഞു.

“താനാരാ? ഇതേതാ സ്ഥലം?”

“ഓഹ്! എന്നെ ഇനിയും മനസിലായില്ലേ?? ഞാന്‍ ചെകുത്താനാണ്. പക്ഷെ ഇപ്പോ കുറച്ച് കൂടി സ്റ്റൈല്‍ ആക്കി “ചെക്ക്“ എന്നറിയപ്പെടുന്നു. ഞാനാരാണെന്ന് മനസിലായ സ്ഥിതിക്ക് സ്ഥലവും മനസിലായി കാണുമല്ലോ.. ഇപ്പോള്‍ താങ്കള്‍ നരകത്തിലാണ്. യൂ ആര്‍ ടോക്കിങ്ങ് ടു മിസ്റ്റര്‍ ചെക്ക് ഫ്രം ഹെല്‍..” അയാള്‍ ചിരിച്ചു. അതേ പൈശാചികമായ ചിരി.

“അപ്പോ മാഷെ, ഞാന്‍ തട്ടിപ്പോയോ?”

“ഇല്ലെടോ.. അതിനിനിയും ഒരാഴ്ച സമയമുണ്ട്. പിന്നെ.. ഈ “മാഷെ”, “ചേട്ടാ” എന്നൊന്നും വിളിക്കരുത്. യൂ ക്യാന്‍ കോള്‍ മീ ചെക്ക്.. ഓക്കെ??”

“ശരി ശരി. ചെക്കെങ്കില്‍ ചെക്ക്. അപ്പോ.. ടാ ചെക്കാ..”

“ചെക്കനല്ല മിസ്റ്റര്‍.. ചെക്ക്, ചെകുത്താനെന്ന ചെക്ക്!”

“അതെ.. ചെക്ക്. എനിക്കൊരു സംശയം.. സാധാരണ നമ്മള്‍ മരിച്ച് കഴിഞ്ഞല്ലേ ഈ സ്വര്‍ഗത്തിലും നരകത്തിലുമൊക്കെ പോകുന്നത്? ഞാന്‍ ഇപ്പോ ചത്തിട്ടില്ലെങ്കില്‍ പിന്നെന്തിന് എന്നെ ഇവിടെ കൊണ്ടുവന്നു?”

“സീ.. ഞാന്‍ ആദ്യമേ പറഞ്ഞല്ലോ.. ഞങ്ങള്‍ ഗ്ലോബലൈസേഷന്റെ കാലഘട്ടത്തിലാണെന്ന്.. അമേരിക്കയിലും മറ്റുമൊക്കെ പരീക്ഷിച്ച് വിജയിപ്പിച്ച ഒരു രീതിയാണ് ഇവിടെ കേരളത്തില്‍ ഞങ്ങള്‍ ഫോളോ ചെയ്യുന്നത്. പ്രധാനമായും നരകത്തിലെ ജനസംഖ്യ കണ്ട്രോള്‍ ചെയ്യാന്‍ വേണ്ടി. എല്ലാവരും വലിയ വലിയ തെറ്റൊക്കെ ചെയ്ത ശേഷം മരിക്കുന്നു. എന്നിട്ട് നേരെ ഇങ്ങോട്ട് കെട്ടിയെടുക്കും. ഞങ്ങള്‍ക്ക് പരിധിയുണ്ട് മിസ്റ്റര്‍. എല്ലാവരെയും നരകത്തില്‍ കേറ്റാന്‍ ഇനി പറ്റില്ല. അതു കൊണ്ട് അധികം തെറ്റൊന്നും ചെയ്യാത്ത ആളുകളെ തേടിപ്പിടിച്ച് ഞങ്ങള്‍ നേരത്തെ ചെല്ലും. അവര്‍ ചെയ്ത തെറ്റ് എന്തെന്ന് പറഞ്ഞ് കൊടുക്കും. പ്രായശ്ചിത്തത്തിന് ഒരവസരവും. ഒരുവിധപ്പെട്ടവരൊക്കെ തെറ്റ് തിരുത്തി സ്വര്‍ഗത്തില്‍ പൊയ്ക്കോളും. പിന്നെ ചിലര്‍ ഒരു രക്ഷയുമില്ലാതെ നരകത്തില്‍ തന്നെ വന്നെത്തും.”

“ഓഹോ.. അപ്പോള്‍ നരകത്തില്‍ ഇനി സ്ഥലമില്ല എന്നാണോ പറഞ്ഞ് വരുന്നത്? എന്നാല്‍ പിന്നെ എല്ലാവരേയും സ്വര്‍ഗത്തില്‍ അയച്ചാല്‍ പോരെ?”

“സോറി. അത് പറ്റില്ല. സ്വര്‍ഗത്തില്‍ പോകാന്‍ പാസ്പോര്‍ട്ട് വേണം. അത് തെറ്റ് ചെയ്യാത്തവര്‍ക്കും തെറ്റ് തിരുത്തിയവര്‍ക്കും മാത്രമേ കിട്ടൂ.. അല്ലാത്തവര്‍ നരകത്തില്‍ തന്നെ കിടക്കണം.”

“ശരി ശരി. എന്നെ ഇവിടെ കൊണ്ടുവനന്തിന്റെ ഉദ്ദേശ്യം?”

“സിനിമയുടെ ട്രെയിലര്‍ കാണിക്കില്ലെ ആദ്യം? അത് പോലെ ഒരു ചെറിയ വിദ്യ. അത്ര മാത്രം. ഈ സ്ഥലം കണ്ടിട്ട് ഇങ്ങോട്ട് വരാന്‍ തോന്നുന്നുണ്ടോ?? ഉണ്ടാവില്ല എന്നെനിക്കറിയാം. കം വിത്ത് മീ.”

ചെകുത്താന്‍, ക്ഷമിക്കണം, ചെക്ക് എണീറ്റു. എന്നിട്ട് നടന്നു. അവന്‍ ചെക്കിന്റെ പിറകേയും. മുണ്ടും കുര്‍ത്തയും വേഷം. എന്നിട്ടവന്റെയൊരു ഇംഗ്ലീഷും ഗ്ലോബലൈസേഷനും. തനി കോമാളി തന്നെ. അവന്‍ ഓര്‍ത്തു. ഒരു വലിയ കുഴിയുടെ അടുത്തേക്കാണ് ചെക്ക് അവനെ കൊണ്ടുപോയത്. അവന്‍ ആ കുഴിയിലേക്ക് നോക്കി. ഒരു മനുഷ്യനെ ഒരു വലിയ ജീവി ഞെരിക്കുകയാണ്. അയാളുടെ തല ഈ ജീവിയുടെ കൈകള്‍ക്കിടയില്‍. അയാള്‍ വേദന കൊണ്ടു പുളയുന്നു. ആ ദൃശ്യം കാണുന്നത് തന്നെ വല്ലാതെ ഭയപ്പെടുത്തും.

“ആ മനുഷ്യനെ കണ്ടോ?” ചെക്ക് സംസാരിച്ച് തുടങ്ങി, “അയാളും നീയും തമ്മില്‍ ഒരു സാമ്യമുണ്ട്. നീ അടുത്ത ആഴ്ച ഇവിടെ വരുമെങ്കില്‍ നീ അനുഭവിക്കാന്‍ പോകുന്നത് ഈ ശിക്ഷയായിരിക്കും. കാരണം നിങ്ങള്‍ രണ്ടും ഒരു തെറ്റ് ചെയ്തിരിക്കുന്നു. ഒരു കട്ടുറുമ്പിനെ നീ ഞെരിച്ച് കൊന്നു.”

“കട്ടുറുമ്പിനെ കൊന്നെന്നോ?? നിങ്ങളിതെന്തൊക്കെയാ മനുഷ്യാ പറയുന്നത്?”

“മനുഷ്യനല്ല.. ചെകുത്താന്‍. കട്ടുറുമ്പിനെ കൊന്നു എന്നത് സത്യം. അന്ന് താനൊരു കൊച്ചുകുട്ടിയായിരുന്നു.”

“കട്ടുറുമ്പിനെ കൊന്നതിന് ഇതാണോ ശിക്ഷ? ഈക്കണക്കിന് ഒരു മനുഷ്യനെ കൊന്നവനെ നിങ്ങള്‍ എന്ത് ചെയ്യും?”

“നിങ്ങള്‍ ആരെ കൊല്ലുന്നു എന്നല്ല. എങ്ങനെ കൊല്ലുന്നു എന്നതാണ് വലിയ കാര്യം. അത് കൊണ്ട് മനുഷ്യനെ കൊന്നാല്‍ അത്രയ്ക്കൊന്നും കുഴപ്പമില്ല. ആഫ്റ്റെറാള്‍, ഒരു തവണ മരിച്ചിട്ടല്ലെ നിങ്ങള്‍ ഇങ്ങ് വരുന്നത്? അത് കൊണ്ട് ഇവിടെ നിങ്ങളെ എന്ത് ചെയ്താലും നിങ്ങള്‍ മരിക്കില്ല. അനുഭവിക്കുക തന്നെ വേണം.”

“എന്നാലും ഇത് കുറച്ച് കടുപ്പമാണ്.”

“എന്ത് കടുപ്പം? ഭൂമിയിലും ഇതൊക്കെ തന്നെയല്ലെ നടക്കുന്നത്.. ഹെല്‍മറ്റ് ഇല്ലാതെ പോകുന്നവനും ബൈക്കില്‍ ട്രിപ്പിള്‍സ് വെച്ച് പോകുന്നവനും നൂറ് രൂപ ഫൈന്‍. ടാക്സ് വെട്ടിക്കുന്നവരും കൈക്കൂലി വാങ്ങുന്നവരും ശിക്ഷയില്ലാതെ രക്ഷപ്പെടുന്നില്ലേ? അതുപോലെയുള്ളു.”

“കൊച്ചുകുട്ടിയായിരുന്നപ്പോള്‍ ഒരു ഉറുമ്പിനെ കൊന്നതിനാണോടോ എനിക്കിങ്ങനെയൊരു ശിക്ഷ തരാന്‍ പോകുന്നത്? നീയൊന്നും ചത്താലും ഗുണം പിടിക്കില്ലെടാ.”

“ഹെയ് മിസ്റ്റര്‍. ഞാനും ദൈവവുമൊന്നും നിങ്ങള്‍ മനുഷ്യരെ പോലെ ചാകുന്നവരല്ല. വീ ആര്‍ ഇമ്മോര്‍ട്ടല്‍‌സ്.. പിന്നെ ഇയാള്‍ ഇത്ര ഇമോഷനല്‍ ആകുകയൊന്നും വേണ്ട. ഞാനാദ്യമേ പറഞ്ഞല്ലോ. ഇതൊരു ട്രെയിലര്‍ മാത്രം. തനിക്ക് ഒരാഴ്ച സമയമുണ്ട്. വേണമെങ്കില്‍ തെറ്റ് തിരുത്തി സ്വര്‍ഗത്തില്‍ പോകാം.”

“ഏതായാലും ഈ ശിക്ഷ എനിക്ക് വേണ്ട. ഈയൊരു തെറ്റേ ഞാന്‍ ചെയ്തിട്ടുള്ളോ? അങ്ങനെയെങ്കില്‍ എന്ത് ത്യാഗം സഹിച്ചും ഞാനത് തിരുത്തും.”

“തല്‍‌ക്കാലം ഇത് മാത്രമേ ഞാന്‍ കാണുന്നുള്ളു. ഞങ്ങള്‍ സ്വര്‍ഗത്തിലെ സിസ്റ്റം ഹാക്ക് ചെയ്തിട്ട് ഇത് വരെ തെറ്റിയിട്ടില്ല..”

“ഹാക്ക് ചെയ്തെന്നോ? അതൊക്കെ തെറ്റല്ലേ? അതിന് ശിക്ഷയൊന്നുമില്ലേ?”

“എടോ.. താനേത് ലോകത്താ ജീവിക്കുന്നത്? ഇത് നരകമാണ്. ഇവിടെ തെറ്റ് മാത്രമാണ് നടക്കുക. അതിനെക്കുറിച്ചൊന്നും ഇയാള്‍ തലപുകയ്‌ക്കണ്ട.”

“ശരി. പറയൂ.. ഈ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ ഞാനെന്ത് ചെയ്യണം?”

“പറയുമ്പോള്‍ തമാശയെന്ന് തോന്നിയേക്കാം. വളരെ നിസാരമായ ഒരു കാര്യമാണ് താന്‍ ചെയ്യെണ്ടത്. 50 കട്ടുറുമ്പിന് ലഡ്ഡു കൊടുക്കണം.”

“50 കട്ടുറുമ്പിന് ലഡ്ഡൂ കൊടുക്കണമെന്നോ? ഇതെന്താടോ? സത്യം പറ. താന്‍ ഭ്രാന്താശുപത്രിയില്‍ നിന്നും ചാടി വന്നതാണോ?”

“ഞാന്‍ നേരത്തെ പറഞ്ഞില്ലേ.. കേള്‍ക്കുമ്പോള്‍ തമാശയാണെന്നൊക്കെ തോന്നും. പക്ഷെ അതാണ് സത്യം. തനിക്ക് ഒരാഴ്ച സമയമുണ്ട്. അതിനുള്ളില്‍ 50 കട്ടുറുമ്പുകള്‍ക്ക് ലഡ്ഡൂ കൊടുത്താല്‍ സ്വര്‍ഗത്തില്‍ പോകാം. അല്ലെങ്കില്‍ കുറച്ച് നാള്‍ ഇവിടെ കിടന്ന് ദാ ഈ ശിക്ഷ അനുഭവിക്കണം.”

അപ്പോഴും കട്ടുറുമ്പിനെ കൊന്ന മനുഷ്യനെ ആ വലിയ ജീവി ഞെരിക്കുന്നുണ്ടായിരുന്നു. കൈകള്‍ക്കിടയില്‍ അയാളുടെ തല റബ്ബര്‍ പന്ത് പോലെ ഇരുന്നു.

“എന്നാല്‍ ശരി. തനിക്ക് തിരിച്ച് പോകാന്‍ സമയമായി. ഒരാഴ്ച കഴിഞ്ഞ് നമുക്ക് കാണാതിരിക്കാന്‍ ശ്രമിക്കാം” എന്ന് പറഞ്ഞ് ചെക്ക് അവന് കൈ നീട്ടി. ചെകുത്താനുമായി കൈ കൊടുത്ത് പിരിയാന്‍ അവനും നീട്ടി കൈ. എന്നാല്‍ പെട്ടെന്ന് ചെക്കിന്റെ തള്ളവിരലില്‍ നിന്നും കൂര്‍ത്ത നഖങ്ങള്‍ നീണ്ടു വന്നു. അത് വെച്ച് ചെക്ക് അവന്റെ കൈയ്യില്‍ ആഞ്ഞ് കുത്തി.

എന്റമ്മോ.. എന്ന് പറഞ്ഞ് അവന്‍ ഞെട്ടി എഴുന്നേറ്റു. ഓഹ്.. അതൊരു സ്വപ്നമായിരുന്നോ?? വല്ലാത്ത സ്വപ്നം തന്നെ. ചെകുത്താന്‍ കട്ടുറുമ്പിന് ലഡ്ഡു കൊടുക്കാന്‍ പറഞ്ഞിരിക്കുന്നു. മണ്ടന്‍ സ്വപ്നം.

ഒരു നിമിഷം. അവന്‍ തന്റെ കൈയ്യിലേക്ക് നോക്കി. കൈയ്യില്‍ നഖം കൊണ്ടത് പോലെ ഒരു മുറിവ്. മെല്ലെ അത് മാഞ്ഞ് പോകുകയാണ്. ഏകദേശം ഒരു മിനിറ്റു കഴിഞ്ഞപ്പോള്‍ കൈയ്യില്‍ ആ പാട് കാണാനുണ്ടായിരുന്നില്ല. ഞെട്ടലോടെ അവന്‍ തിരിച്ചറിഞ്ഞു - താന്‍ കണ്ടത് വെറും സ്വപ്നമല്ല. അതിലും ഞെട്ടിക്കുന്ന മറ്റൊരു കാര്യം അവന്റെ മനസില്‍ മിന്നി - ഒരാഴ്ച കൂടിയെ തനിക്ക് ആയുസ്സ് ബാക്കിയുള്ളു എന്ന്...
[[തുടരും]]

09 സെപ്റ്റംബർ 2008

സ്വീകരണം (അതിഥി ഭാഗം 2)

കഴിഞ്ഞ പോസ്റ്റില്‍ അതിഥിയെ കണ്ടില്ലേ?? അവനെ എങ്ങനെ സ്വീകരിച്ചു എന്ന് കൂടി കാണൂ..



പടിയുടെ അരികില്‍ സുഖമായി റെസ്റ്റെടുക്കുമ്പോഴാണ് ഏതോ ഒരു പയ്യന്‍ നമ്മുടെ അതിഥിയെ കണ്ടത്. അവന്‍ തന്റെ മനോഹരമായ സ്വരത്തില്‍ വിളിച്ച് കൂവിയതിന്റെ ഫലമായി അതിഥി നേരെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കയറി.



പല ആംഗിളുകളില്‍ നിന്നും പലരും നോക്കിയിട്ടും അതിഥിയുടെ പൊടി പോലും കാണാനില്ല. ഇതിനിടെ പലവിധ “റൂമറുകള്‍“ പരക്കാന്‍ തുടങ്ങി. നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ പോയി അതിഥിയുടെ പേരിനെ കുറിച്ചുള്ള ചര്‍ച്ചകള്‍..!



ഒടുവില്‍ മറ നീക്കി ആശാന്‍ പുറത്തേക്ക്..



അയ്യോ..! കമ്പിട്ട് കുത്തല്ലേടാ ചെക്കാ.. വേദനിക്കുന്നു..



ഇവന്‍ പുലിയാണെന്ന്‍ തോന്നുന്നു.. അനുമാനങ്ങള്‍ക്ക് വിട.. അണലിയുമല്ല, രാജവെമ്പാലയുമല്ല..



ഷാജി കൈലാസ് മോഡലില്‍ ഒരു ക്ലോസ് അപ്പ് ഷോട്ട്.. ഇവന്‍ ശംഖുവരയന്‍ തന്നെ.. അല്ല വെള്ളിക്കെട്ടന്‍.. അല്ലെന്നേ, ആ തല കണ്ടില്ലേ.. ഇത് അണലി വര്‍ഗത്തിലെ ഏതോ സാധനമാ.. എല്ലാര്‍ക്കും തെറ്റി. എന്റെ ബലമായ സംശയം ഇത് ചേരയാണെന്നാ.. ഒന്നു പോടേയ്.. ചേര പോലും.. ഇത് ശംഖുവരയനാണെന്ന് നൂറ് രൂപയ്‌ക്ക് ബെറ്റ്!



ടമാര്‍..! ഡം.. ഡിഷ്! ബാങ്ങ്..!
അതിഥി.. അവന്‍ ആരായാലും.. തീര്‍ന്നു..!



വിജയാഹ്ലാദം.. പ്രിയപ്പെട്ട കാച്ചപ്പിള്ളിയും മുഹ്സിനും ഞങ്ങളുടെ അതിഥിയുമായി..



ഫോട്ടോഗ്രാഫര്‍ : സുതാനു പാര്‍ഹ് (ഞങ്ങളുടെ കൂട്ടത്തിലെ ബംഗാളി)
ക്യാമറ : FUJIFILM FinePix S5700 S700

07 സെപ്റ്റംബർ 2008

അതിഥി



കഴിഞ്ഞയാഴ്ച ഹോസ്റ്റലില്‍ എത്തിയ വിരുന്നുകാരനാണ് കക്ഷി. പല തര്‍ക്കങ്ങളും ഉണ്ടായി ഇവന്റെ പേര് കണ്ടുപിടിക്കാന്‍.. ശംഖുവരയന്‍ ആണെന്നാണ് ഭൂരിപക്ഷാഭിപ്രായം.ഇനി ബുലോഗം പറയൂ.. ആരാണിവന്‍??

09 ഓഗസ്റ്റ് 2008

തെറ്റുകള്‍

നാളെയാണ് ഒക്ടോബര്‍ 7. എന്റെ ജീവിതത്തില്‍ അത്ഭുതകരമായ ദിവസമാണ് ഒക്ടോബര്‍ 7. ഞാന്‍ വിശാല്‍. വയസ് 24. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും ഡയറിയില്‍ എഴുതുകയെന്നത് എന്റെ ഇഷ്ടങ്ങളില്‍ ഒന്ന് മാത്രം. ആ എഴുതിയതൊക്കെ വീണ്ടും വീണ്ടും വായിക്കുക എന്നത് എന്റെ മറ്റൊരിഷ്ടം. അങ്ങനെയാണ് ഞാന്‍ ആ സത്യം മനസിലാക്കിയത്. ചില തെറ്റുകള്‍ (അല്ലെങ്കില്‍ മണ്ടത്തരങ്ങള്‍?) സംഭവിച്ചത് ഒക്ടോബര്‍ 7 എന്ന തീയതിയിലാണ്.

നാല് കൊല്ലം മുമ്പ്, ഞാന്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിക്കുന്ന സമയം. തീയതി.. ഒരു ഗസ്? എന്ത്? ഒക്ടോബര്‍ 7? അല്ലേയല്ല.. ഒക്ടോബര്‍ 4. അതൊരു വ്യാഴാഴ്ച. അന്ന് ഉച്ചയായപ്പോഴേക്കും ഒരു സമരം. ജൂനിയര്‍ ബാച്ചിലെ പിള്ളേരൊക്കെ അവിടിവിടെ കൂടി നില്‍ക്കുന്നു. എനിക്ക് തോന്നി, ഇവന്മാരുമായി ഒന്ന് ക്രിക്കറ്റ് കളിച്ചാലോ? അതിനൊരു പ്രധാന കാരണമുണ്ട്. ഞാന്‍ എന്റെ ക്ലാസിലെ ഏറ്റവും നല്ല ബാറ്റ്സ്‌മാനും ഏറ്റവും നല്ല ബൌളറുമാണല്ലോ. ഒരു വിധം നന്നായി കളിക്കുന്ന കുറച്ച് പേരും ഉണ്ട്. ഞങ്ങള്‍ അവന്മാരെ കളിക്കാന്‍ വിളിച്ചു. അവര്‍ സമ്മതിച്ചു. പത്തോവര്‍ കളി. ആ‍ദ്യം ബാറ്റിങ്ങ് കിട്ടി. ഞാന്‍ ആദ്യമേ ഇറങ്ങുമല്ലോ.. വിശാലേ രണ്ട് സിക്സര്‍..! ഞാന്‍ ബാറ്റിങ്ങ് എന്റ് ലക്ഷ്യമാക്കി നടക്കുമ്പോള്‍ പിന്നില്‍ നിന്നും ആരോ വിളിച്ച് പറഞ്ഞു.
ആ കളി ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്നു. ഡക്ക് പോയതില്‍ എനിക്ക് സങ്കടമില്ല. പക്ഷെ ബോള്‍ഡായല്ലോ.. അതും ആദ്യപന്തില്‍ തന്നെ. എന്നിട്ടും തീര്‍ന്നില്ല. എറിഞ്ഞ 3 ഓവറില്‍ 20 റണ്‍സ്. എന്നെ ഇതുവരെ പത്തില്‍ കൂടുതല്‍ ഒരു കളിയിലും അടിച്ചിട്ടില്ല. അതും അവസാന ഓവറില്‍ 14 റണ്‍സ്. കളിയും തോറ്റു. പക്ഷെ ഞാന്‍ വിട്ടില്ല. ജൂനിയേഴ്സിനോട് തോല്‍ക്കുന്നത് എനിക്ക് സഹിക്കാന്‍ പറ്റുമായിരുന്നില്ല. ഞങ്ങള്‍ അവരെ വെല്ലുവിളിച്ചു. ഞായാറാഴ്ച മാച്ച് കളിക്കാം. ഒക്ടോബര്‍ 7, ഞായാറാഴ്ച. ജയിക്കാനാണ് ഞങ്ങള്‍ ഇറങ്ങിയത്. വീണ്ടും ആദ്യം ബാറ്റിങ്ങ്. പക്ഷെ ഇത്തവണ ഞാന്‍ ഡക്ക് പോയില്ല. അടിച്ച് തകര്‍ത്തു. പത്തോവര്‍ കളിയില്‍ ജയിക്കാന്‍ 97 റണ്‍സ് എന്ന ഭീമന്‍ ലക്ഷ്യമിട്ടുകൊടുത്തിട്ടാണ് ഞങ്ങള്‍ ബാറ്റിങ്ങ് നിര്‍ത്തിയത്. ഞാനാരാണെന്ന് അവരെ മനസിലാക്കുന്ന ആദ്യ സ്പെല്‍ 2 ഓവര്‍ കൂടെ ആയപ്പോഴേക്കും ഞങ്ങള്‍ ഏകദേശം വിജയം ഉറപ്പിച്ചു. പക്ഷെ പിന്നീട് അവര്‍ സ്കോര്‍ ഉയര്‍ത്തി. ഒടുവില്‍ അവസാന ഓവര്‍ എത്തി. അവര്‍ക്ക് ജയിക്കാന്‍ 27. രണ്ടേ രണ്ട് വിക്കറ്റുകള്‍ മാത്രം ബാക്കി. ബാറ്റ് ചെയ്യുന്നത് കഴിഞ്ഞ കളിയില്‍ എന്നെ ഓവറില്‍ 14 റണ്‍സടിച്ച ആ കാലമാടന്‍.
ടാ.. രണ്ട് ബോള്‍ അടിപ്പിക്കാതിരുന്നാല്‍ നമ്മള്‍ ജയിച്ചു.. കമോണ്‍ വിശാല്‍.. ഞാന്‍ പന്തുമായി എന്റെ റണ്ണപ്പ് തുടങ്ങുന്ന ഭാഗത്തേക്ക് നടന്നു. രണ്ട് ബോള്‍ നല്ല ലൈനില്‍ എറിഞ്ഞാല്‍ കളി ജയിക്കാം.പക്ഷെ.. എനിക്കത് പോരാ. എന്റെ ഓവറില്‍ പതിനാല് റണ്‍സടിച്ച ഇവനെ ഞാന്‍ വെറുതെ വിടില്ല. ഇവനെ ഞാന്‍ ഔട്ടാക്കും.. അതും ബോള്‍ഡ്. യോര്‍ക്കര്‍ തന്നെ എറിയാം. ഞാന്‍ മനസിലുറപ്പിച്ചു. പന്തുമായി പാഞ്ഞെത്തി കൊടുത്തു ഒരെണ്ണം. പക്ഷെ ലൈന്‍ കുറച്ച് മാറിപ്പോയി. ബോള്‍ അവന്റെ കാലിന്റെ ഇടയിലൂടെ കീപ്പറുടെ അടുത്തേക്ക്.
അത് തന്നെടാ.. സെയിം ബോള്‍ സെയിം ബോള്‍.. എന്റെ കൂട്ടുകാരന്‍ വിളിച്ചു പറഞ്ഞു.ഞാന്‍ തിരിച്ച് റണ്ണപ്പിലേക്ക് നടന്നു. ഒരു ബോള്‍ കൂടി. പിന്നെ കളി ഞങ്ങള്‍ക്ക് സ്വന്തം. വരട്ടെ.. അവന്‍ അങ്ങനെ പോയാല്‍ ശരിയാവില്ല. ഈ ബോളില്‍ അവനെ ഞാന്‍ ഔട്ടാക്കും. ഞാന്‍ സ്വയം പറഞ്ഞു (തെറ്റ് തെറ്റ് തെറ്റ്..!). പാഞ്ഞെത്തി ഒരു യോര്‍ക്കര്‍ കൂടി. പക്ഷെ ഇത്തവണ പിഴച്ചു - പന്ത് നേരെ അവന്റെ ബാറ്റിലേക്ക് ഫുള്‍‌ടോസായി ചെന്നു. അവന് തെറ്റിയില്ല - സിക്സര്‍!
നോ പ്രോബ്ലം.. വണ്‍ മോര്‍ ഗുഡ് ബോള്‍..നാവെടുത്താല്‍ മലയാളം മാത്രം പറയുന്ന കൂട്ടുകാര്‍ കളിക്കിടയില്‍ ഇംഗ്ലീഷ് മാത്രമാണ് സംസാരിക്കുന്നത് എന്ന കാര്യം എനിക്ക് അപ്പോഴാണ് ഓര്‍മ്മ വന്നത്. അവന്‍ സിക്സ് അടിച്ച സ്ഥിതിക്ക് ഔട്ടാക്കിയിട്ടെ ഉള്ളു കാര്യം. ഞാന്‍ യോര്‍ക്കര്‍ മാറ്റി പരീക്ഷിക്കാന്‍ തീരുമാനിച്ചു. പക്ഷെ ഏത് ബോള്‍ എറിയണം എന്നറിയില്ല. എറിഞ്ഞത് ഒരു ഷോട്ട് പിച്ച് ബോള്‍ - വീണ്ടും സിക്സ്!
തുറന്നു പറയണമല്ലോ.. രണ്ട് സിക്സ് കിട്ടിയതോടെ എന്റെ ധൈര്യമെല്ലാം എവിടെയോ പോയി. പിന്നീടെറിഞ്ഞ രണ്ട് ബോള്‍ സിക്സും ഒരു ബോള്‍ ഫോറും. കളി ഞങ്ങള്‍ തോറ്റു. ഞാന്‍ അന്നത്തോടെ ക്രിക്കറ്റ് കളി നിര്‍ത്തി. രണ്ട് കാര്യങ്ങള്‍ ആ തെറ്റില്‍ നിന്നും ഞാന്‍ പഠിച്ചു - ആവശ്യമില്ലാതെ വാശി പിടിക്കരുത്, മുമ്പുണ്ടായ അനുഭവം ഓര്‍ത്ത് പേടിക്കരുത്.

ഡയറിയുടെ പേജുകള്‍ മറിഞ്ഞു. ഡയറികള്‍ തന്നെ മാറിപ്പോയി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, ജീവിതത്തിലെ ഒരു സുപ്രധാന ദിവസം. മറ്റൊരു ഒക്ടോബര്‍ 7. ഞാനപ്പോള്‍ എം.ബി.എ അവസാന വര്‍ഷ വിദ്യാര്‍ത്ഥി. കോളേജില്‍ റിലയന്‍സ് കമ്പനി ഇന്റര്‍വ്യൂവിന് വരുന്ന ദിവസം, വൈകിട്ട് നാലരയ്ക്കാണ് ഇന്റര്‍വ്യൂ. കടുത്ത ഇന്റര്‍വ്യൂവായിരിക്കുമെന്നാണ് സര്‍ പറഞ്ഞത്. അത് കൊണ്ട് തന്നെ എല്ലാവരും അതിഗംഭീരമായി കമ്പനിയെ കുറിച്ചും മറ്റുമൊക്കെ പഠിക്കുന്നുണ്ടായിരുന്നു. ഞാനും അതിലൊരാളായിരുന്നു. അപ്പോഴാണ് എനിക്കൊരു ചായ കുടിക്കാന്‍ തോന്നിയത്.
കഥ തുടരുന്നതിന് മുമ്പ് വായനക്കാര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്റെ ജൂനിയര്‍ ബാച്ചില്‍ ഒരു കുട്ടിയുണ്ട്, ലേഖ. വെളുത്തു മെലിഞ്ഞ കുട്ടി. നല്ല മുടിയുണ്ട്. എന്നും കണ്ണെഴുതി പൊട്ടും കുത്തിയാണ് വരവ്. മുഖത്ത് എന്നും ഒരു പുഞ്ചിരിയുണ്ടാവും. നിങ്ങള്‍ എത്ര വിഷമിച്ചിരിക്കുകയാണേലും ആ മുഖമൊന്നു കണ്ടാല്‍ മതി, എല്ലാ സങ്കടങ്ങളും എങ്ങോ പോയിരിക്കും. ഇത്രയും പറഞ്ഞതില്‍ നിന്ന് എന്റെ “അസുഖം” നിങ്ങള്‍ക്ക് മനസിലായിരിക്കുമെന്ന് കരുതുന്നു. അതെ. “ലേഖാ.. ഐ ലവ് യൂ..” എത്ര തവണ ഞാനതവളോട് പറഞ്ഞിരിക്കുന്നു. പക്ഷെ അവള്‍ കേള്‍ക്കെയല്ലെന്ന് മാത്രം..! തുറന്ന് പറഞ്ഞാല്‍ എനിക്ക് ഒരു തരം ഭ്രാന്താണ്. അവളോട് ഞാന്‍ ഇതുവരെ മിണ്ടിയിട്ടില്ല. പക്ഷെ അവളെ കുറിച്ച് പലകാര്യങ്ങളും ഞാനറിയുന്നു.
രണ്ടാം വര്‍ഷം എന്ന് പറയുന്നത് സ്പെഷ്യലൈസേഷന്‍ സമയം ആണല്ലോ. എന്നുമൊന്നും ക്ലാസുണ്ടാവില്ല. എന്നാലും ഞാന്‍ എന്നും കോളേജില്‍ പോകും, അവളുടെ ഒരു ചിരി കാണാന്‍ മാത്രം. ഒരു ദിവസം അവളെ കണ്ടില്ലെങ്കില്‍ എന്റെ മൂഡ് പോവും. ആദ്യമൊക്കെ എന്തോ വിഷമം പോലെ തോന്നുകയേ ഉള്ളായിരുന്നു, എന്നാല്‍ ദിവസങ്ങള്‍ കടന്ന് പോകവേ ഞാന്‍ മനസിലാക്കി, അവളില്ലെങ്കില്‍ ഞാന്‍ മറ്റാരോ ആയി പോകുന്നു. എന്നിട്ടും ഒരു വട്ടം പോലും സംസാരിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല, അതോ ധൈര്യമില്ലായിരുന്നോ? അറിയില്ല.
ലേഖയുടെ ഓരോ പുഞ്ചിരിയേയും ഒരുത്സവം പോലെ ഞാന്‍ ആഘോഷിച്ചിരുന്നു. എന്നും കാണാറുണ്ട്, അല്ലെങ്കില്‍ കാണാന്‍ ഞാന്‍ അവസരം ഉണ്ടാക്കാറുണ്ട്. എന്നിട്ടും മിണ്ടിയില്ല. കൂട്ടുകാരൊക്കെ കളിയാക്കും. ഇവന് വട്ടാണ്.. ഇത്രയും ഇഷ്ടമാണെങ്കില്‍ നിനക്ക് പോയി പറഞ്ഞുകൂടെ? ഇങ്ങനെ പല ചോദ്യങ്ങളും ഞാന്‍ നേരിട്ടു. പക്ഷെ അങ്ങനെയൊരു സംഭവം മാത്രം ഉണ്ടായില്ല. ഞാന്‍ ഒന്നു രണ്ട് തവണ ശ്രമിച്ചതാണ്. പക്ഷെ അവളുടെ അടുത്തെത്തുമ്പൊഴേക്കും ഹൃദയം ചാടി പുറത്ത് പോകുന്നത് പോലെയാണ്. അവളെങ്ങാനും എന്നോട് മിണ്ടിയാല്‍ ഞാന്‍ ചിലപ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് തട്ടിപ്പോകും എന്നതാണ് അവസ്ഥ..!
ഞാന്‍ ചായ കുടിക്കാന്‍ വന്നതാണ്. ഗ്ലാസുകള്‍ അടുക്കിയടുക്കി വെച്ചിരുന്നു. ഞാന്‍ ഒരു ഗ്ലാസെടുത്തു. അടുത്ത് വെച്ചിരുന്ന ചായപ്പാത്രത്തില്‍ നിന്നും ഒരു ഗ്ലാസ് ചായ എടുത്ത് ഞാന്‍ മെല്ലെ മാറി നിന്നു. മനസില്‍ മുഴുവന്‍ വരാന്‍ പോകുന്ന ഇന്റര്‍വ്യൂവായിരുന്നു. ഇത് കിട്ടിയാല്‍ ജീവിതം രക്ഷപ്പെട്ടു. നല്ല ശമ്പളം, നല്ല കമ്പനി.. ഞാന്‍ ചായ കുടിച്ച് ഗ്ലാസ് കഴുകി അതിരുന്നിടത്തേക്ക് നടന്നു. ഡും ഡും ഡും ഡും.. ഹൃദയം ഭയങ്കരമായി ഇടിക്കാന്‍ തുടങ്ങി. എന്റെ മുന്നില്‍, എന്നെ തന്നെ നോക്കി അവള്‍ നടന്നു വരുന്നുണ്ടായിരുന്നു.
ഏട്ടാ.. ആ ഗ്ലാസൊന്ന് തരുമോ?.. ഞാന്‍ നോക്കി, മറ്റ് കുട്ടികളൊക്കെ ഗ്ലാസ് കൈയ്യിലാക്കി കഴിഞ്ഞിരുന്നു. ബഹളമുണ്ടാക്കി അവര്‍ ചായ കുടിക്കുകയായിരുന്നു. പക്ഷെ ഞാന്‍ ആ ശബ്ദങ്ങളൊന്നും കേള്‍ക്കുന്നില്ലായിരുന്നു. ഞാന്‍ മറ്റാരെയും കാണുന്നുമില്ലായിരുന്നു. യാന്ത്രികമായി ഗ്ലാസ് അവള്‍ക്ക് നേരെ നീണ്ടു. താങ്ക്സ്.. അവള്‍ പറഞ്ഞു. ഞാന്‍ ഒന്നും പറഞ്ഞില്ല. എന്റെ ചെവിയില്‍ അവളുടെ ശബ്ദത്തിനു പുറമേ എന്റെ ഹൃദയമിടിപ്പുകള്‍ മാത്രമേ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നുള്ളു. ഇന്ന് ഇന്റര്‍വ്യൂവല്ലേ? അടുത്ത ചോദ്യം.
എന്താ??
ഇന്ന്.. ഇന്റര്‍വ്യൂവല്ലെ??
അ..അതെ.
ടൈം ആവാറായി അല്ലെ? ടെന്‍ഷനൊന്നും വേണ്ട. നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റും. ബെസ്റ്റ് ഓഫ് ലക്ക്.
ഞാന്‍ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു. കുറച്ച് നേരം എന്നെ നോക്കി നിന്ന ശേഷം അവള്‍ പോയി, ഒരു ചിരിയോടെ തന്നെ. ഓഹ്! ഒരു നന്ദി പോലും പറഞ്ഞില്ല. മണ്ടന്‍! ആ സംഭവം അവിടെ വിട്ടിട്ട് ഇന്റര്‍വ്യൂവില്‍ ശ്രദ്ധിക്കണമായിരുന്നു ഞാന്‍. പക്ഷെ അത് ചെയ്തില്ല. അവളോട് മിണ്ടിയതിന്റെ സന്തോഷത്തില്‍ മുഖത്തൊരു ചിരിയുമായി ഞാന്‍ എന്റെ ക്ലാസിലേക്ക് പോയി. എന്നാല്‍ ആ കോളേജ് മുഴുവന്‍ ഓടിചാടി നടന്ന് നൃത്തം ചെയ്യുകയായിരുന്നു എന്റെ മനസ്. ഞാന്‍ ഏറ്റവും പ്രതീക്ഷയോടെ ഇരുന്ന ആ ഇന്റര്‍വ്യൂ എന്റെ ജീവിതത്തിലെ ഏറ്റവും ബോറന്‍ ഇന്റര്‍വ്യൂവായി മാറി. ചോദ്യങ്ങളൊന്നും ഞാന്‍ കേള്‍ക്കുന്നില്ലായിരുന്നു. അല്ലെങ്കില്‍ രണ്ടേ രണ്ട് ചോദ്യങ്ങളെ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നുള്ളു - ഗ്ലാസൊന്ന് തരുമോ? ഇന്ന് ഇന്റര്‍വ്യൂവല്ലെ??

ആ ഇന്റര്‍വ്യൂ നഷ്ടപ്പെട്ടെങ്കിലും എനിക്ക് മറ്റൊരു ജോലി കിട്ടി. പക്ഷെ ശമ്പളം നേര്‍ പകുതിയായിരുന്നു എന്ന് മാത്രം. കോളേജില്‍ എന്റെ ശേഷിച്ച അഞ്ചാറ് മാസങ്ങള്‍ ലേഖയുമായി സംബന്ധിച്ചാല്‍ ഒന്നും സംഭവിക്കാതെ കടന്നു പോയി. പഴയ പോലെ ചിരിയില്‍ മാത്രമൊതുങ്ങി ഞങ്ങളുടെ ബന്ധം(?). ഞാന്‍ ഡയറി അടച്ച് വെച്ചു.
ഇന്ന് ഒക്ടോബര്‍ 7. ഒരു വര്‍ഷം കൂടെ കടന്നു പോയിരിക്കുന്നു. കോളേജില്‍ നിന്നും ഇറങ്ങിയ ശേഷം ലേഖയെ ഞാന്‍ കണ്ടിട്ടില്ല. എന്റെ ജോലിയില്‍ ഞാന്‍ അത്രകണ്ട് സന്തുഷ്ടനൊന്നുമല്ലായിരുന്നു എങ്കിലും ജോലി ഞാന്‍ വെറുത്തിരുന്നില്ല. ഇന്ന് ഒരു വെള്ളിയാഴ്ച. ഏകദേശം 12 മണി കഴിഞ്ഞു. ഞാന്‍ എറണാകുളത്ത് തിരക്കേറിയ നഗരവീഥിയിലൂടെ വണ്ടിയോടിച്ച് പോവുകയാണ്. പെട്ടെന്ന് ഒരു മിന്നായം പോലെ ഞാന്‍ കണ്ടു. ലേഖ. പെട്ടെന്ന് ഒന്ന് തിരിഞ്ഞ് നോക്കി. തെറ്റ്! തിരക്കുള്ള റോഡില്‍ കൂടെ വണ്ടിയോടിച്ച് പോകുമ്പോള്‍ നേരെ നോക്കി വണ്ടിയോടിക്കണം. അല്ലെങ്കില്‍...

ഈ വര്‍ഷം എന്റെ ഡയറിയില്‍ ഒക്ടോബര്‍ 7 എന്ന തീയതിയില്‍ ഞാനൊന്നുമെഴുതിയില്ല. പിന്നീടങ്ങോട്ട് ഒരു ദിവസവും ഞാന്‍ ഡയറി എഴുതിയില്ല. അവസാനമായി എനിക്കൊരു തെറ്റ് പറ്റിയത് ഈ ഒക്ടോബര്‍ ഏഴാം തീയതിയായിരുന്നു. പിന്നീട് ഒരു തെറ്റ് പറ്റാന്‍ ഞാന്‍ ഉണ്ടായിരുന്നില്ല..

02 ജൂലൈ 2008

ലവ് ലെറ്റര്‍

പ്രിയപ്പെട്ട അനസൂയ അറിയുന്നതിന്,

കത്തെഴുതി ശീലമില്ലാത്ത ഒരാളാണ് ഞാനെന്ന് അനസൂയയ്ക്ക് അറിയുമോ എന്നെനിക്കറിയില്ല. ഗള്‍ഫില്‍ ജോലിയുള്ള അമ്മാവന് അദ്ദേഹം ലീവിന് വരുന്നതിന് ഒരു മാസം മുമ്പ് അയയ്‌ക്കുന്ന ഒരു കത്തൊഴിച്ചാല്‍ ഞാന്‍ വര്‍ഷത്തില്‍ വേറെ ആര്‍ക്കും എഴുതാറില്ല. പക്ഷെ നിന്നോട് സംസാരിക്കാന്‍ അവസരം ലഭിക്കാത്ത ഈ സാഹചര്യത്തില്‍ എനിക്ക് ഇതല്ലാതെ വേറൊരു വഴിയില്ല.

ഇന്നത്തെ കാലത്ത് നമ്മുടെ ഈ കൊച്ചുഗ്രാമത്തില് പോലും ഇന്റര്നെറ്റും മൊബൈല്ഫോണും അരങ്ങുതകര്ക്കുമ്പോള് നീ ഇത് വരെ ഒരു 1100 പോലും വാങ്ങിയില്ല എന്നത് എന്നില് കുറച്ചൊന്നുമല്ല അത്ഭുതമുളവാക്കുന്നത്. നീ അഥവാ മൊബൈല് വാങ്ങിയിരുന്നുവെങ്കില് നിന്റെ ഏറ്റവും അടുത്ത കൂട്ടുകാരി സുനന്ദയുടെ കൈയ്യില് നിന്നും ഞാന്‍ നിന്റെ നമ്പര്‍ എങ്ങനെയെങ്കിലും വാങ്ങിയേനെ. കാലിത്തീറ്റയുടെ പേരും പശുവിന്റെ മുഖവുമുള്ള നിന്റെ ആ കൂട്ടുകാരി എനിക്ക് ഇപ്പോള്‍ ചെറിയ തോതില്‍ പാര പണിയുന്നത് മറന്നിട്ടല്ല. നിന്നോടുള്ള ഇഷ്‌ടം എനിക്ക് അവളോടുള്ള ദേഷ്യത്തെക്കാള്‍ അധികമാണ്.

ഒരു ഈമെയില്‍ ഐഡിയും ഇതുവരെയായി നീ ക്രിയേറ്റ് ചെയ്‌തില്ലല്ലോ അനസൂയേ? ഒരുപകാരവുമില്ലാത്ത നമ്മുടെ സര്‍ക്കാരുകള്‍ സൌജന്യമായി കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍‌കുന്ന ഈ നാളുകളില്‍ നിന്നില്‍ നിന്ന് ഞാന്‍ ഒരു ഈമെയില്‍ ഐഡിയെങ്കിലും പ്രതീക്ഷിച്ചു. എല്ലാം പോട്ടെ.. വെറുതെ എന്തിന് ഇല്ലാത്ത കാര്യങ്ങള്‍ ഓര്‍ത്ത് എഴുത്തിന്റെ പേജുകള്‍ കൂട്ടണം? എങ്കിലും മുകളില്‍ പറഞ്ഞ സാധനങ്ങളുടെ സേഫ്റ്റി ഈ നേരിട്ടുള്ള കത്തിന് ഇല്ല എന്നത് നീ മറക്കാന്‍ പാടില്ല. അത് കൊണ്ട് എന്നോട് ഒരല്‍‌പമെങ്കിലും സ്നേഹമുണ്ടെങ്കില്‍ നീ ഉടന്‍ തന്നെ ഒരു ഈമെയില്‍ ഐഡി ക്രിയേറ്റ് ചെയ്യണം.

ഈ കത്തിന്റെ മറുപടിക്കൊപ്പം നിന്റെ ഈമെയില്‍ ഐഡി കൂടെ പ്രതീക്ഷിച്ച് കൊണ്ട്,

നിന്നെ ഒരുപാടിഷ്ട‌പ്പെടുന്ന നിന്റെ മാത്രം സ്വന്തമായ,


(പേര് വെയ്‌ക്കുന്നില്ല. എന്റെ കഷ്ട‌കാലത്തിന് നിന്റെ അച്ഛനെങ്ങാനും ഈ കത്ത് കിട്ടിയാല്‍ എന്റെ തടി കേടാകരുതല്ലോ.. അച്ഛന്‍ ആരുടെ കത്താണെന്ന് ചോദിച്ച് നിന്നെ തല്ലിയാലും, എന്റെ പേര് പറയരുതേ ചക്കരേ..)

നിനക്ക് എന്റെ ആയിരം ഉമ്മകള്‍..!

09 ഏപ്രിൽ 2008

കള്ളം..

ജൂലൈ 7, 2007.

പതിവു പോലെ ഞാന്‍ കസേരയിലിരുന്ന് കമ്പ്യൂട്ടര്‍ ഓണാക്കി. ഒരു രണ്ട് മിനിറ്റിന് ശേഷം എനിക്കുപയോഗിക്കാന്‍ പരുവത്തില്‍ എന്റെ തന്നെ പടമുള്ള സ്ക്രീന്‍ എനിക്ക് മുന്നില്‍ പ്രകാശിച്ചു നിന്നു. വലത് വശത്ത് യാഹൂ മെസെഞ്ചറിന്റെ വിന്‍ഡോ ചാടി വന്നു നില്‌പുണ്ട്. യൂസര്‍‌നെയിമും പാസ്‌വേര്‍ഡും റിമംബര്‍ ചെയ്‌തിട്ടുള്ളതിനാല്‍ എനിക്ക് വീണ്ടും ടൈപ്പ് ചെയ്യേണ്ടി വന്നില്ല. സൈന്‍ ഇന്‍ ബട്ടണില്‍ ഞാന്‍ ക്ലിക്ക് ചെയ്‌തു. ഒന്നു ചാടിയ ശേഷം യാഹൂവിന്റെ സ്‌മൈലി എന്നെ നോക്കി ചിരിച്ചു.

ഞാന്‍ ഇന്‍‌വിസിബിള്‍ ആയിരുന്നു. എന്റെ 7 കൂട്ടുകാര്‍ ഓണ്‍ലൈന്‍ ഉണ്ട്. പക്ഷെ ആരോടും സംസാരിക്കാന്‍ തോന്നിയില്ല. ഞാന്‍ ചാറ്റ് റൂമുകളില്‍ കൂടെ ഒന്ന് ഓടി നടന്നു. അവസാനം ഒരു റൂമില്‍ കയറി.

rosebowl എന്ന പേരാണ് ആദ്യം എന്റെ ശ്രദ്ധയില്‍ പെട്ടത്. ആ പേരില്‍ ഒരു റ്റീവി ചാനല്‍ ഉള്ളത് കൊണ്ടാവാം. എന്തായാലും rosebowl-നോടാവാം ചാറ്റ് എന്ന് ഞാന്‍ തീരുമാനിച്ചു. ഹായ്ഞാ‍ന്‍ പറഞ്ഞു.

“i am alone” ഇതായിരുന്നു എനിക്ക് തിരിച്ച് വന്ന മറുപടി. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെയിരുന്നു ഞാന്‍. എന്തായാലും സംസാരിക്കം എന്ന് കരുതി ഞാന്‍ വീണ്ടും ടൈപ്പ് ചെയ്‌ത് തുടങ്ങി.. “hi rose, why are yo...”

അതായിരുന്നു രേഖയുമായി എന്റെ പരിചയത്തിന്റെ തുടക്കം. മാസങ്ങള്‍ പിന്നിട്ടു. ഏകയായ രേഖയെ ഞാന്‍ കൂടുതല്‍ അറിഞ്ഞു. അവള്‍ ബീക്കോമിന് പഠിക്കുന്നു. എറണാകുളത്ത് ഒരു കോളേജില്‍. പക്ഷെ ഏത് കോളേജെന്ന് അവള്‍ പറഞ്ഞില്ല. ഞാന്‍ അവളെ കാണണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ഒരു പക്ഷെ എനിക്കങ്ങനെയൊരാഗ്രഹം ഉണ്ടെന്ന് അവള്‍ ധരിച്ചിരിക്കണം. അവളുടെ കോളേജ് വഴി അവളെ ഞാന്‍ തേടി ചെല്ലുമെന്ന് കരുതിയിട്ടുണ്ടാവാം.

എന്നെക്കുറിച്ചും ഞാനവളോട് പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് എഞ്ചിനീയറിങ്ങിന് പഠിക്കുകയാണെന്നും കമ്പ്യൂട്ടര്‍ സയന്‍സ് ആയത് കൊണ്ട് മിക്ക സമയവും ലാബില്‍ കയറി നെറ്റില്‍ സര്‍ഫ് ചെയ്യുകയാണ് എന്റെ പണിയെന്നും ഞാന്‍ പറഞ്ഞു.

***

മാര്‍ച്ച് 23, 2008

വീട്ടില്‍ നിന്നും ഹോസ്റ്റലിലേക്ക് പോവുകയായിരുന്നു ഞാന്‍. കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസില്‍. ഇടത് വശത്ത് മുന്നില്‍ നിന്നും അഞ്ചാമത്തെ വരിയില്‍ ജനലിനടുത്താണ് ഞാന്‍ ഇരുന്നത്. വീട്ടില്‍ നിന്നും ഹോസ്റ്റലിലേയ്ക്കുള്ള യാത്രയില്‍ സ്ഥിരമായി ഇടത് വശത്താണ് ഇരിക്കുന്നതെന്ന് ഞാനോര്‍ത്തു. ഉച്ചയ്ക്ക് ഒരു രണ്ട് മണിയോടെ സ്റ്റാന്റില്‍ പോയാണ് ഞാന്‍ ബസ് കയറാറുള്ളത്. ഇന്നും പതിവ് തെറ്റിയില്ല. ഈസ്റ്റര്‍ ദിവസമാണ്. നാല് ദിവസത്തെ അവധി കഴിഞ്ഞതിനാല്‍ ചെറിയ തോതില്‍ തിരക്കുണ്ടായിരുന്നു.

കായംകുളം വരെ ഞാന്‍ സുഖമായി ഉറങ്ങി. ഉണര്‍ന്നപ്പോള്‍ ബസില്‍ അത്യാവശ്യം തിരക്കുണ്ടായിരുന്നു. ഒരുപാട് പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. കൊല്ലം വരെ ഈ തിരക്കുണ്ടാവാറുണ്ട്. എന്റെ പ്രതീക്ഷ് തെറ്റിയില്ല. കൊല്ലത്ത് കുറച്ച് പേര്‍ ഇറങ്ങി. എന്റെ അടുത്തിരുന്ന ആളും അതില്‍ പെടും. എന്റെ അടുത്ത് ഒരു പെണ്‍‌കുട്ടി നില്‍‌പുണ്ടായിരുന്നു. സുന്ദരമായ കണ്ണുകളുടെ ഉടമ. ഞാന്‍ ബസില്‍ ആകെയൊന്ന് നോക്കി. എല്ലാവരും ഇരുന്നു കഴിഞ്ഞു. ആകെ നില്‍‌ക്കുന്നത് ഈ കുട്ടി. സീറ്റ് മിച്ചമുള്ളത് എന്റെ അടുത്ത് മാത്രം. ആരൊക്കെയോ ബസില്‍ കയറാന്‍ വരുന്നുണ്ടായിരുന്നു.

ഇഫ് യൂ ഡോണ്ട് മൈന്റ്, ഇവിടെ ഇരിക്കാംഞാന്‍ പറഞ്ഞു. ആ കുട്ടി എന്നെ ഒന്ന് നോക്കി. പിന്നെ പുറത്തേക്കും. ഇനിയുള്ള ദൂരവും നില്‍‌ക്കണമെന്നോര്‍ത്താവും, എന്റെ അടുത്തിരുന്നു.

ബസ് വിട്ട് ഏകദേശം പതിനഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല. ഇനിയും ഏകദേശം ഒന്നര മണിക്കൂര്‍ ഉണ്ടെന്ന് ഞാനോര്‍ത്തു. എനിക്ക് വല്ലാതെ ബോറടിക്കുന്നുണ്ടായിരുന്നു. സാധാരണ എന്റെ കൂടെ ഉണ്ടാവാറുള്ള കൂട്ടുകാര്‍ ഇന്ന് എന്റെ കൂടെയില്ല. ബോറടി മാറ്റാന്‍ അടുത്തിരിക്കുന്ന പെണ്‍‌കുട്ടിയോട് സംസാരിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

ഹലോ..ഞാന്‍ പറഞ്ഞു. ആ കുട്ടി എന്നോടാണോ?” എന്ന മട്ടില്‍ എന്നെ നോക്കി.

ഹായ്തിരിച്ച് മറുപടി കിട്ടി.

ഞാന്‍ മഹേഷ്. ഒരു ബീടെക്ക് വിദ്യാര്‍ത്ഥി ആണ്.

ഓഹ്.. ഏതാ ബ്രാഞ്ച്??”

കമ്പ്യൂട്ടര്‍ സയന്‍സ്. കുട്ടീ...

സോറി.. ഞാന്‍ വിദ്യ. ടെക്‍നോപാര്‍ക്കിലാണ്. ഐ.ബി.എസ്സില്‍.

എവിടുന്നാണ്?”

ഞാന്‍ കായംകുളം. മഹേഷിന്റെ വീട്?”

ഞാന്‍ ആലുവയ്‌ക്കടുത്താണ്.

പിന്നീട് കുറച്ച് നേരം ഞങ്ങള്‍ സംസാരിച്ചു. വിദ്യ ആദ്യം കാര്യമായി ഒന്നും സംസാരിച്ചില്ലെങ്കിലും പയ്യെ പയ്യെ അവള്‍ നല്ല പോലെ സംസാരിക്കാന്‍ തുടങ്ങി. കഴക്കൂട്ടത്ത് അവള്‍ ഇറങ്ങുമ്പൊഴേക്കും നല്ലൊരു സൌഹൃദം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു.

***

മാര്‍ച്ച് 25, 2008

ഞാന്‍ യാഹൂ മെസെഞ്ചര്‍ എടുത്തു. ഏകദേശം അര മണിക്കൂര്‍ കടന്നു പോയി. രേഖ ഇതു വരെ വന്നില്ല. അവള്‍ വരേണ്ട സമയം കഴിഞ്ഞു. ഇന്നെന്ത് പറ്റി? സാധാരണ അവള്‍ വരില്ലെങ്കില്‍ ഓഫ്‌ലൈന്‍ മെസേജ് തരാറുണ്ട്. ഇന്ന് അതും കാണാനില്ല.

എന്താണ് എനിക്ക് രേഖയോടുള്ളത്? ഞാനോര്‍ത്തു. പ്രണയമാണോ? അല്ല. സൌഹൃദം? അതുമല്ല. എന്തോ ഒന്ന്. എനിക്കത് ഡിഫൈന്‍ ചെയ്യാന്‍ കഴിയുന്നില്ല. പക്ഷെ ഒന്നുണ്ട്. ഇതുവരെ കണ്ടിട്ടില്ലെങ്കിലും എന്റെ മറ്റു പല കൂട്ടുകാരേക്കാളും എനിക്ക് വിശ്വാസം അവളെയാണ്. എന്തും വിശ്വസിച്ച് പറയാം. എന്തിനും പക്വതയോടെ അവള്‍ എനിക്ക് മറുപടി തരും. കോളേജിലെ ചില പ്രശ്‌നങ്ങള്‍ ഞാന്‍ അവളോട് പറഞ്ഞപ്പോള്‍ എനിക്ക് വ്യക്തമായ മറുപടി തന്ന് അവള്‍ സഹായിച്ചിരുന്നു. അത് കൊണ്ട് തന്നെ എന്ത് പ്രശ്‌നം വന്നാലും ഞാന്‍ ഒറ്റയ്‌ക്കല്ല എന്ന തോന്നല്‍ എന്നില്‍ ഉണ്ടായിരുന്നു.

സ്..എന്ന ശബ്‌ദത്തോടെ ഒരു പോപ്പ് അപ്പ് മെസേജ് വന്നു - rosebowl is online. എന്റെ മുഖത്ത് ഒരു ചിരി വന്നു, ഞാനറിയാതെ..

me: hi rekha

rosebowl: hi

me: y r u late?

rosebowl: i ws a litl bc

me: k..

rosebowl: oru surprise und

me: entha

rosebowl: me now in tvm!

me: what??

rosebowl: yes.. i'm in tvm now. thats y late

me: u don hav clas nw?

rosebowl: its over. exam only in may. me in my uncl's hom.

me: eppo vannu

rosebowl: innale. bus-il

me: njanum athe. easter avadhim kazhinj innale ethi.

rosebowl: eppo vannu? njan uchakk aane vannath

me: njan ravile vannu. uchakk thirakkayirikkum ennu vicharichu.

rosebowl: u r rite. kollam vare njan ninnu. ennit oru seat kitti.

me: omg! orupad ninnallo..

rosebowl: yeah. ente pani theernu. bhagyathina a payyan seat thannath.

me: payyano?

rosebowl: yeah. kollath vech oru seat undayirunnu. oru payyante aduth, ekadesham ninte prayam varum. njan enganeya irikkuka enne orth nikkuvarunnu. avan paranju irunnolan.

me: avan oru poovalan aayirikkum.

rosebowl: ayyo alla. nice guy. his name's mahesh. doin btech computer science.

ഞാന്‍ ഒരു നിമിഷം ഒന്ന് ഞെട്ടി. ഇന്നലെ ഞാന്‍ കണ്ട വിദ്യ തന്നെയാണോ ഈ രേഖ? എങ്കില്‍ രേഖ എന്നോടിത്രയും നാള്‍ പറഞ്ഞത് മുഴുവന്‍ കള്ളമല്ലേ? അതോ ഇനി വിദ്യ ആണോ എന്നോട് കള്ളം പറഞ്ഞത്?

മി.വിഷ്‌ണൂ.. ബോസ് ഈസ് കോളിങ്ങ് യൂ..സുന്ദരമായ ഒരു ശബ്‌ദം എന്റെ കാതില്‍ മുഴങ്ങി. എന്റെ ബോസിന്റെ പി.എ മിസ്. ആര്യയുടെ ശബ്‌ദമായിരുന്നു അത്. യാ.. ആം കമിങ്ങ്.ഞാന്‍ പറഞ്ഞു. എന്നിട്ട് ചാറ്റ് വിന്‍ഡോവിലേക്ക് നോക്കി.

rosebowl: entha onnum mindaathe?

rosebowl: hello

rosebowl: evide poyi

rosebowl: njan pinangum

rosebowl: poyo?

me: illa.. sir vannu.. njan kurach kazhinj varaam.. don't go ok??

മെസെഞ്ചര്‍ മിനിമൈസ് ചെയ്‌ത് ഞാന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു. ഇപ്പോള്‍ സ്‌ക്രീനില്‍ എന്റെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ കാണാം. അതില്‍ about me-യില്‍ എഴുതിയിരിക്കുന്നു..

hi all, i'm vishnu. a native of alpy. staying away frm home as a part of my job. 'm a btech graduate working as a software engineer for the past two years.

doing my job, but still want to be a student. what i believe is the best part of your life is when you are a student. you may feel you have restrictions. but think again friend, there is absolute freedom for you. its all a matter of survival. otherwise i would have flied from one college to another.. just as a student...

05 ഫെബ്രുവരി 2008

കൊലയാളി..!

എനിക്ക് ഒരാളെ കൊല്ലണം..!

ഈ ചിന്ത എന്റെ മനസില്‍ കയറിയിട്ട് ദിവസം നാലാകുന്നു. അന്ന് ഏതോ ഒരു ഇംഗ്ലീഷ് സിനിമ കണ്ടപ്പോള്‍ തോന്നിയതാണ്. കൊന്നാല്‍ മാത്രം പോരാ, അത് നല്ല പോലെ ഒളിപ്പിക്കണം. എത്ര ശ്രമിച്ചാലും ഒരിക്കല്‍ മറ നീക്കി സത്യം പുറത്ത് വരും എന്നൊക്കെയാണ് വെയ്‌പ്പ്. അതിന്റെ സത്യാവസ്ഥയും പരീക്ഷിക്കണം.. ഏതായാലും തീരുമാനിച്ചു, ഒരാളെ കൊല്ലണം.

ആരെ കൊല്ലും? ശത്രുക്കളായിട്ട് മൂന്ന് പേരേ ഉള്ളു - അബ്‌ദുള്ള, ചാക്കോ, ശിവന്‍‌ക്കുട്ടി(ഇതെന്താ മതമൈത്രിയോ??). ഇവരെങ്ങനെ ശത്രുക്കളായി? വര്‍ഷങ്ങള്‍ പിന്നിലേക്ക് പോകണം. ആദ്യം അബ്‌ദുള്ള. അന്ന് ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. ക്ലാസില്‍ സുന്ദരിയായൊരു പെണ്‍‌കുട്ടി ഉണ്ടായിരുന്നു, സൈനബ. ഞാന്‍ അവള്‍ക്കൊരു പ്രേമലേഖനം കൊടുത്തു. അവളത് അബ്‌ദുള്ളയ്‌ക്ക് കൊടുത്തു. അവനെന്നെ തല്ലാന്‍ വന്നു, തല്ലിയില്ല! അവന്റെ പെങ്ങളാണ് സൈനബ.

പിന്നീട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ചാക്കോയുമായി ഞാന്‍ ശത്രുതയിലായി. യാദൃശ്ചികമായി അതും പെണ്‍‌വിഷയമായിരുന്നു. ചാക്കോയുടെ കാമുകി സൂസിയുമായി ഞാന്‍ നല്ല ഫ്രണ്ട്‌ഷിപ്പിലായിരുന്നു. അത് ചാക്കോയ്‌ക്ക് ഇഷ്ടപ്പെട്ടില്ല. അവന്‍ എന്നോട് ചൂടായി, അതെനിക്ക് ഇഷ്ടപ്പെട്ടില്ല. അല്ല പിന്നെ.. അവനാരാ എന്നോട് തട്ടിക്കയറാന്‍? പാവം സൂസി. ചാക്കോയെ കെട്ടേണ്ട ദുര്‍‌ഗതി അവള്‍ക്ക് വരരുതെ..

ഞാന്‍ എം.ബി.ഏക്ക് പഠിക്കുമ്പോഴാണ് മൂന്നാമത്തെ ശത്രു ജനിച്ചത്! അവന്‍ എന്റെ ക്ലാസ്‌മേറ്റാകുന്നു, പേര് ഞാനാദ്യമേ പറഞ്ഞല്ലോ, ശിവന്‍‌ക്കുട്ടി. അവന്റെ പേര് ശിവശങ്കര്‍ എന്നാണ്. അത്രയും നല്ല പേരൊന്നും അവന് വേണ്ട, ശിവന്‍‌ക്കുട്ടി മതി! എന്തോ ചെയ്യാനാ, ഒരിക്കല്‍ കൂടി ഒരു പെണ്ണിനെ ചൊല്ലിയായി ഈ ശത്രുതയും. അവളുടെ പേര് സംഗീത. സുന്ദരിയാണ്..! എനിക്കാദ്യമേ തന്നെ അവളെ ഇഷ്ടമായി. പക്ഷെ അപ്പോഴേക്കും ഈ ദ്രോഹി, ശിവന്‍‌ക്കുട്ടി, അവളെ വലയിലാക്കി കഴിഞ്ഞിരുന്നു. പല കുതന്ത്രങ്ങളുമായി ഞാന്‍ അവരുടെ ഇടയില്‍ കയറി. ഒടുവില്‍ അവരെ പിരിക്കാന്‍ എനിക്ക് കഴിഞ്ഞു. എന്നാലും ശിവന്‍‌ക്കുട്ടി ക്ലാസിലുള്ളിടത്തോളം എനിക്ക് അവളെ ലൈനാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

എനിക്ക് ഒരാളെ കൊല്ലണം..!

ഈ ചിന്ത എന്റെ മനസില്‍ കയറിയിട്ട് ദിവസം ഏഴാകുന്നു. അന്ന് ഏതോ ഒരു ഇംഗ്ലീഷ് സിനിമ കണ്ടപ്പോള്‍ തോന്നിയതാണ്. എന്റെ ശത്രുക്കളുടെ എണ്ണം കൂടിയിരിക്കുന്നു. ശിവന്‍‌ക്കുട്ടി പ്രബലനായ എതിരാളിയാണിപ്പോള്‍. സത്യം പറയണമല്ലോ, എനിക്കവനെ പേടിയാണ്. അവനും സംഗീതയുമായി തെറ്റാനുള്ള കാരണം ഞാനാണെന്ന് അവന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ക്ലാസില്‍ ഒരു വൃത്തിക്കെട്ട ചാരന്‍ ഉണ്ട്. എന്റെ കൈയ്യില്‍ കിട്ടിയാല്‍ അവനെ ഞാന്‍ കൊന്നേനെ..

ഏതായാലും ശിവന്‍‌ക്കുട്ടിയെ കൊല്ലണ്ട. അവനെ കൊല്ലാന്‍ നോക്കിയാല്‍ എന്റെ തടി കേടാകും. ഞാന്‍ വീണ്ടും എന്റെ ശത്രുക്കളിലേക്ക് തിരിച്ച് പോകാം. പുതിയ ശത്രുക്കളെ ഒന്നും കൊല്ലാനുള്ള ദേഷ്യം എനിക്കില്ല. ഒന്നുങ്കില്‍ അബ്‌ദുള്ള, അല്ലെങ്കില്‍ ചാക്കോ. അബ്‌ദുള്ളയുടെ ഒരു വിവരവുമില്ല. ചാക്കോ...

അവന്‍ ഇപ്പോള്‍ എന്റെ മുന്നിലിരുന്ന് ചായ കുടിക്കുന്നു. കൊല്ലാന്‍ കൊണ്ടു വന്നതാണ്. പക്ഷെ പാവം അവനറിയില്ല.

“ഞാനും സൂസിയും ഫ്രണ്ട്സ് ആയിരുന്നു”

“എനിക്ക് മനസിലായി. സൂസി പറഞ്ഞു.”

“അന്ന് നീയെന്നെ തെറ്റിദ്ധരിച്ചു. അത് കൊണ്ട് നിന്നെ ഞാന്‍ കൊല്ലാന്‍ പോകുവാ”

“ഹഹ.. നല്ല തമാശ.”

“ഞാന്‍ സീരിയസ് ആണ്.”

“എന്തിനാ എന്നെ കൊല്ലുന്നത്”

ഞാന്‍ കാരണങ്ങള്‍ പറഞ്ഞു. എന്തു കൊണ്ടാണ് കൊല്ലാന്‍ ചാക്കോയെ തിരഞ്ഞെടുത്തത് എന്നും പറഞ്ഞു.

“ഇത്രേ ഉള്ളോ കാര്യം. ഞാന്‍ നിന്നെ സഹായിക്കാം. നീ ശിവന്‍‌ക്കുട്ടിയെ ആണ് കൊല്ലേണ്ടത്. അവനെ കൊന്നാല്‍ നിനക്ക് പ്രയോജനങ്ങള്‍ ഉണ്ട്. പക്ഷെ എന്നെ കൊന്നാലോ?? ”

ഞാനെന്റെ തീരുമാനം മാറ്റി. ശിവന്‍‌ക്കുട്ടിയെ തന്നെ കൊല്ലാം. അതാണ് എനിക്ക് നല്ലത്. ചാക്കോയെ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഞാന്‍ പിരിഞ്ഞു. വീട്ടിലേയ്‌ക്ക് പോകും വഴി ഞാനൊരു പെണ്‍‌കുട്ടിയെ കണ്ടു. അടുത്ത നാല് ദിവസം ആരെയെങ്കിലും കൊല്ലണമെന്ന എന്റെ ചിന്തയില്‍ നിന്നും ഞാന്‍ ഒഴിവായിരുന്നു. ആ കുട്ടിയെ മനസിലാക്കുകയായിരുന്നു ഞാന്‍. അവളുടെ പേര് ആരതി..

എനിക്ക് ഒരാളെ കൊല്ലണം..!

ഈ ചിന്ത എന്റെ മനസില്‍ കയറിയിട്ട് ദിവസം പത്താകുന്നു. അന്ന് ഏതോ ഒരു ഇംഗ്ലീഷ് സിനിമ കണ്ടപ്പോള്‍ തോന്നിയതാണ്. ഇന്ന് ഞാന്‍ ആ തീരുമാനത്തിലെത്തി. ആരെ കൊല്ലണം എന്ന് ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു, എങ്ങനെ കൊല്ലണമെന്നും.. ആരും കണ്ടുപിടിക്കാത്ത രീതിയില്‍ ഞാന്‍ കൊല്ലും.

ഞാന്‍ കൊല്ലാന്‍ പോകുന്നത് ആരതിയേയാണ്.. എങ്ങനെയെന്നോ?? സ്നേഹിച്ച്.. ഞാന്‍ അവളെ സ്നേഹിച്ച് കൊല്ലും!

22 ജനുവരി 2008

ഇന്ന് പിറന്നാളാണ്..

ഒരു വര്‍ഷം മുമ്പ്, അതായത് 2007 ജനുവരി 22ന് രാത്രിയാണ് ഞാന്‍ “ബാലവാടി”യില്‍ എന്റെ ആദ്യ പോസ്റ്റ് ഇട്ടത്. ഓര്‍ക്കുട്ടിലെ മലയാളം കമ്മ്യൂണിറ്റിയില്‍ പോസ്റ്റ് ചെയ്ത മരീചിക എന്ന കഥയായിരുന്നു ആദ്യ പോസ്റ്റ്. അതിനു മുമ്പ് പല കഥകള്‍ എഴുതിയിരുന്നെങ്കിലും പുറത്ത് കാണിക്കാന്‍ ധൈര്യമില്ലായിരുന്നു. എനിക്ക് വിശ്വാസം തോന്നിയ ആദ്യത്തെ കഥയാണ് മരീചിക. ആ പേരിട്ട് തന്നത് എന്റെ സുഹൃത്ത് ആസിഫ് ആണ്.

ബാലവാടിയിലെ ആദ്യ കമന്റ് ഇട്ടത് “മലയാള”ത്തിലെ അശ്വതി ചേച്ചിയാണ്. നന്ദി.. “പിന്മൊഴികളി”ലേക്ക് ബ്ലോഗിനെ ബന്ധിപ്പിക്കുവാനുള്ള നിര്‍ദ്ദേശം തന്നത് “ചിത്രവിശേഷം” എഴുതുന്ന ഹരീ(ഞാന്‍ വിളിക്കുന്നത് ഹരീഷേട്ടന്‍ എന്നാണ്.. എന്റെ ചേട്ടന്റെ സുഹൃത്തെന്ന നിലയ്‌ക്ക് വളരെ മുമ്പ് തന്നെ എനിക്ക് ഹരീഷേട്ടനെ അറിയാമായിരുന്നു.). ഹരീഷേട്ടാ, നന്ദി. എന്റെ ബ്ലോഗ് പുറത്തറിഞ്ഞത് ആ നിര്‍ദ്ദേശം കൊണ്ടാണ്.. കൂടാതെ ആദ്യ പോസ്റ്റിന് കമന്റിയ മലയാളത്തിലെ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി..

എനിക്ക് ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയത് കേബീസിയെ കുറിച്ചെഴുതിയ പോസ്റ്റിനാണ്.. ബ്ലോഗ്‌റോളില്‍ പേര് ചേര്‍ക്കാന്‍ ആവശ്യപ്പെട്ട് ശ്രീജിത്തേട്ടന്‍ കമന്റിയതും അതേ പോസ്റ്റിന് തന്നെ.. ബ്ലോഗ്‌റോളില്‍ പേര് ചേര്‍ക്കുന്നത് എന്തിനാണെന്ന് പക്ഷെ ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല..!

ഇതു വരെ 18 പോസ്റ്റുകളാണ് ബാലവാടിയില്‍ ഞാന്‍ ഇട്ടിട്ടുള്ളത്. ഞാന്‍ എഴുതുന്ന കഥകള്‍ക്കായൊരിടം എന്ന രീതിയില്‍ തുടങ്ങിയതാണെങ്കിലും വെറും മൂന്ന് കഥകള്‍ മാത്രമേ ഞാന്‍ പോസ്റ്റിയിട്ടുള്ളു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.. ഞാന്‍ നാല് കവിതയെഴുതി എന്നത് എന്നെ ഞെട്ടിക്കുന്നു..!

ഏകദേശം 1200 വിസിറ്റുകള്‍ എന്റെ ബ്ലോഗിനുണ്ടായി, അതായത് മാസം 100 എണ്ണം.. എന്റെ “സൃഷ്ടികള്‍” വായിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഉണ്ടെന്നത് ഒരുപാട് സന്തോഷം തരുന്നു.. ഇനിയും ഇതുപോലെ എന്നെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു..

ഇതുവരെയുള്ള പോസ്റ്റുകള്‍ക്ക് കമന്റിയ എല്ലാ വായനക്കാര്‍ക്കും നന്ദി..

അതിലേറെ എനിക്ക് ഇങ്ങനെയൊക്കെ എഴുതാന്‍ ഒരിടമുണ്ടാക്കി തന്ന ഗൂഗിളിനും ബ്ലോഗര്‍ക്കും പ്രത്യേക നന്ദി.. നിങ്ങള്‍ ഒരു സംഭവം തന്നെയാണേ..!

പ്രസംഗം കഴിഞ്ഞു.. എന്നാല്‍ പിന്നെ ഇനി പരിപാടിയിലേക്ക് കടക്കാം.. “ബാലവാടീ, വരൂ.. വന്ന് ഈ കേക്ക് മുറിക്കൂ..”

ഹാപ്പി ബര്‍ത്ത്‌ ഡേ റ്റൂ യൂ,
ഹാപ്പി ബര്‍ത്ത്‌ ഡേ റ്റൂ യൂ,
ഹാപ്പി ബര്‍ത്ത്‌ ഡേ ഡിയര്‍ ബാലവാടീ,
ഹാപ്പി ബര്‍ത്ത്‌ ഡേ റ്റൂ യൂ..........

“ഫൂ..” ദാ.. മെഴുകുതിരി കെട്ടു.. എല്ലാരുമൊന്ന് കൈയ്യടിച്ചേ.. ക്ലാപ് ക്ലാപ് ക്ലാപ്.. :)

01 ജനുവരി 2008

അഞ്ജലി


അഞ്ജലി. 20 വയസ്. വാഹനാപകടത്തില്‍ മരിച്ചു. പത്രത്തില്‍ ഫോട്ടോയും വന്നിട്ടുണ്ട്. ആ പടം കണ്ടാണ് വിവേക് വേഗം മിഥുന്റെ മുറിയിലേക്ക് ചെന്നത്.

മിഥുന്‍, നീ അറിഞ്ഞോ? അഞ്ജലി...

മ്.. ഞാനറിഞ്ഞു വിവേക്‍.

“...”

എന്തേ നീ ഓടി ഇങ്ങോട്ട് വന്നത്? എന്നെ നിനക്ക് പേടിയാ? ഞാനെന്തെങ്കിലും ചെയ്തു കളയുമെന്ന് കരുതിയോ?”

മിഥൂ.. എനിക്ക് നിന്നെ അറിയാം. നീ മണ്ടത്തരങ്ങള്‍ കാണിക്കില്ലെന്നും അറിയാം. പക്ഷെ ഈ വാര്‍ത്ത കേട്ടപ്പോള്‍ എനിക്കാദ്യം തോന്നിയത് നിന്നെ കാണാനാണ്.

ഇഷ്ടപ്പെട്ട പെണ്‍കുട്ടി മരിച്ചാല്‍ ഒരു ആണ്‍കുട്ടിക്ക് എന്ത് തോന്നും എന്നറിയാനാണോ??”

എനിക്കറിയാം നിനക്ക് അവളെ ഇഷ്ടമായിരുന്നെന്ന്. പക്ഷെ അവളുടെ ഭാഗത്ത് അങ്ങനെയൊരു ഇഷ്ടമുണ്ടോയെന്ന് നമുക്കറിയില്ലല്ലോ.. തന്നെയുമല്ല ഞാനൊരിക്കലും നിങ്ങള്‍ ഒന്നിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല.

മിഥുന്‍ ചോദ്യഭാവത്തില്‍ വിവേകിനെ നോക്കി.

*** *** *** *** ***

എന്റെ ഉണ്ണി, നീയിത്ര പേടിത്തൊണ്ടനായാലെങ്ങനെയാ?”, അരുണ്‍ ചോദിച്ചു. ഉണ്ണി മറുപടി പറഞ്ഞില്ല. അവന്‍ തല ചെരിച്ച് അരുണിനെ ഒന്ന് നോക്കുക മാത്രം ചെയ്തു.

നീ അഞ്ജലിയെ ഇന്നുമിന്നലെയും ഒന്നും കാണാന്‍ തുടങ്ങിയതല്ലല്ലോ? അവളുമായി നീ നല്ല കമ്പനിയുമാണ്. പിന്നെയെന്താ പ്രശ്നം?”

എടാ, നീയെന്താ മനസിലാക്കാത്തത്? ഞങ്ങള്‍ നല്ല കൂട്ടാണെന്ന് വെച്ച് ഇഷ്ടമാണെന്നൊക്കെ ചെന്ന് പറഞ്ഞാല്‍ എന്താ റിയാക്ഷന്‍ എന്ന് പറയാന്‍ പറ്റില്ല. ഉള്ള ഫ്രെണ്ട്‌ഷിപ് കൂടി പോകും ചിലപ്പോള്‍..

അതൊന്നുമില്ല. നീ ചെന്ന് പറയാന്‍ നോക്ക്.. ഒരു കാര്യം പറഞ്ഞേക്കാം, ഇനി രണ്ടേ രണ്ട് ദിവസം കൂടിയേ ക്ലാസുള്ളു. അത് കഴിഞ്ഞാല്‍ നമ്മുടെ ഡിഗ്രി ജീവിതം അവസാനിക്കുകയാണ്. നന്നായി ആലോചിക്കുക.

അരുണ്‍ നടന്നകന്നു. ഉണ്ണി കുറച്ച് നേരം കൂടി അവിടെ നിന്നു. അരുണ്‍ പറയുന്നതിലും കാര്യമില്ലേ? രണ്ട് ദിവസം കൂടിയേ ഉള്ളു. പിന്നെ പരീക്ഷയാണ്. അത് കഴിഞ്ഞാല്‍ പിന്നെ അഞ്ജലിയെ ഒക്കെ കാണാന്‍ കഴിയുമോ എന്ന് തന്നെ സംശയമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി അവളുമായി സൌഹൃദം തുടങ്ങിയിട്ട്. എന്നു മുതലാണ് അതൊരിഷ്ടമായതെന്ന് അറിയില്ല. പക്ഷെ അതൊരിക്കലും തുറന്ന് പറഞ്ഞില്ല. ഇനി വൈകിക്കണ്ട, നാളെ തന്നെ പറയാം. ഈ തീരുമാനത്തില്‍ ഉണ്ണി കോളേജ് വിട്ടു.

പിറ്റേന്ന് വൈകുന്നേരമാണ് ഉണ്ണി അഞ്ജലിയുമായി കണ്ടുമുട്ടിയത്. രാവിലെ മുതല്‍ പല അവസരങ്ങള്‍ ഉണ്ടായെങ്കിലും ഉണ്ണി അതെല്ലാം മനഃപൂര്‍‌വ്വം ഒഴിവാക്കുകയായിരുന്നു. കണ്ടുമുട്ടിയപ്പോഴാകട്ടെ, ടെന്‍ഷന്‍ കൊണ്ട് അവനൊന്നും മിണ്ടാന്‍ തന്നെ വയ്യാത്ത അവസ്ഥയായിരുന്നു.

അഞ്ജലിയെ ഇന്ന് കണ്ടതേയില്ലല്ലോ?”

ഞാന്‍ ഇവിടെ ഉണ്ടായിരുന്നു, ഉണ്ണിയേട്ടനെയാ ഇവിടെ കാണാതിരുന്നത്. ഞാന്‍ രാവിലെ മുതല്‍ നോക്കി നടക്കുവാ.

എന്തേ?”

ഒരു ബെസ്റ്റ് ഓഫ് ലക്ക് പറയാന്‍.. ഞാന്‍ നാളെ വരില്ല, ഒരു മാര്യേജ് ഉണ്ട്.

ഞാന്‍ നാളെ പോകുകയാണ്..

അറിയാം.. അതാ ഞാന്‍ നോക്കി നടന്നത്. ഒരു ഗിഫ്റ്റ് തരാന്‍..

എവിടെ?”

ഒരു കണ്ടീഷന്‍. ഇത് ഇന്ന്‍ തുറന്ന് നോക്കരുത്. നാളെയേ തുറക്കാവൂ.. ഓക്കെ?”

ശരി.. സമ്മതിച്ചു.

അവള്‍ അവന് ഒരു പൊതി നല്‍കി, വര്‍ണ്ണക്കടലാസാല്‍ പൊതിഞ്ഞ ഒരു സമ്മാനം.

അയ്യോ.. ബസ് വന്നു. ഞാന്‍ പോകുവാണേ.. ബൈ

ബൈ..ഉണ്ണി അറിയാതെ കൈ വീശി. പറയാന്‍ വന്നത് അവന്‍ മറന്നിരുന്നുവോ?? കൈയ്യില്‍ ആ സമ്മാനപ്പൊതി അവന്‍ മുറുകെ പിടിച്ചിരുന്നു. ബസിനുള്ളിലിരുന്ന് ആരൊക്കെയൊ അവനെ നോക്കുന്നത് അവന്‍ അറിയുന്നുണ്ടായിരുന്നില്ല.

അന്ന് രാത്രി ആ സമ്മാനം നോക്കി ഉണ്ണി എത്ര നേരം ഇരുന്നു എന്ന് പറയാന്‍ കഴിയില്ല. എങ്കിലും അവന്‍ അത് തുറന്നില്ല. അഞ്ജലിയോട് പ്രോമിസ് ചെയ്തതാണ്, അത് ഞാന്‍ തെറ്റിക്കില്ല എന്നതായിരുന്നു ഉണ്ണിയുടെ പക്ഷം. രാത്രി എപ്പഴോ അവന്‍ ഉറങ്ങി. നേരം വെളുത്തു. ഉണ്ണി ഉണര്‍ന്നു. മേശമേല്‍ ഇരുന്ന ആ പൊതി അവന്‍ വിറയ്‌ക്കുന്ന കൈകളോടെ എടുത്തു. മെല്ലെ അത് അവന്‍ തുറന്നു. ഒരു ഗ്രീറ്റിങ്ങ് കാര്‍ഡ്. അതില്‍ ഇങ്ങനെയെഴുതിയിരുന്നു..

റ്റു മൈ ഡിയര്‍ ബ്രദര്‍..

ബാക്കി അവന്‍ വായിച്ചില്ല.കുറച്ച് നേരം അവന്‍ അനങ്ങാതെയിരുന്നു. പതിയെ അവന്റെ മുഖത്ത് ഒരു ചിരി വിടര്‍ന്നു. തനിക്കൊരനിയത്തിയെ കിട്ടിയിരിക്കുന്നു..

*** *** *** *** ***

ജോണി കുറെ നേരമായി കാത്തിരിക്കുന്നു. ഈ ബസിതെവിടെ പോയി കിടക്കുന്നു. അവന്‍ സ്വയം ചോദിച്ചു. മണി അഞ്ചരയാകുന്നു. എന്നും അഞ്ചേ ഇരുപതിന് കൃത്യമായി വരുന്നതാണ്. ഇന്ന് മാത്രം എന്തേ ഇത് താമസിക്കുന്നു? അഞ്ജലിയോട് തന്റെ ഇഷ്ടം പറയാന്‍ തീരുമാനിച്ച ദിവസം തന്നെ ഈ ബസ് താമസിച്ചാലോ.. ജോണി അവിടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

അപ്പോളതാ, ദൂരെ നിന്നും വരുന്നു മുരുകന്‍, വെള്ളയില്‍ നീലയും ചുവപ്പും വരകളുള്ള മുരുകന്‍ എന്ന പ്രൈവറ്റ് ബസ്. അഞ്ജലി എന്നും വരുന്ന ബസ്. ജോണി വേഗം അവിടുന്ന് കുറച്ച് മാറി നിന്നു. അവള്‍ ബസിറങ്ങുമ്പോള്‍ തന്നെ എന്നെ കാണണ്ട, ജോണി മനസില്‍ പറഞ്ഞു.

ജോണി ഒരു കടത്തിണ്ണയില്‍ നിന്നു, അവന്റെ കണ്ണ് റോഡിലേക്ക് തന്നെയായിരുന്നു. അവന്‍ കണ്ടു, അഞ്ജലി മെല്ലെ നടന്ന് പോകുന്നത്. അവനും അവളുടെ പുറകേ നടന്നു, അഞ്ച് മിനിറ്റോളം. അഞ്ജലി നിന്നു.

എന്താ ഇയാള്‍ക്ക് വേണ്ടത്? കുറച്ച് നേരമായല്ലോ പുറകേ നടക്കുന്നു?”

അഞ്ജലിയോട് ഒരു കാര്യം പറയാനുണ്ടായിരുന്നു..

പറയൂ.. ഇങ്ങനെ പുറകേ നടക്കുന്നത് ശരിയല്ല.

അത്.. എനിക്ക് .. അഞ്ജലി..സംഭരിച്ചു വെച്ചിരുന്ന ധൈര്യമെല്ലാം ചോര്‍ന്നു പോകുന്ന പോലെ ജോണിക്ക് തോന്നി.

വേഗം പറയൂ.. എനിക്ക് പോണം.

എനിക്ക്.. അഞ്ജലിയെ.... അ.. അഞ്ജലീടെ ചിരി എനിക്കിഷ്ടമാ‍.

അഞ്ജലി പൊട്ടിചിരിച്ചു. ജോണി എന്ത് പറയണമെന്നറിയാതെ നിന്നു. പെട്ടെന്നാണ് അവളുടെ ചിരി നിന്നത്.

താനിങ്ങനെ എന്റെ പുറകേ നടക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായല്ലോ.. ഞാന്‍ അറിയുന്നില്ല എന്നാണോ വിചാരം?”

അവളുടെ കനത്ത ശബ്ദം ജോണിയെ നിശബ്‌ദനാക്കി.

ഒരു കാര്യം ഞാന്‍ പറയാം.. ഇതൊന്നും എനിക്കിഷ്ടമല്ല. എന്ന് വെച്ച് എന്നും ഞാന്‍ ഇങ്ങനെ ആയിരിക്കും എന്നൊന്നും പറയുന്നില്ല.. ഇപ്പോള്‍ ഒരു പ്രേമം എന്റെ മനസിലില്ല, ആരോടും.. ഭാവിയില്‍ ഉണ്ടായേക്കാം, ചിലപ്പോള്‍ തന്നോട് തന്നെ..

ജോണിയുടെ മുഖം തെളിഞ്ഞു. അവന്‍ എന്തോ പറയാന്‍ തുടങ്ങി. പക്ഷെ അഞ്ജലി അത് തടഞ്ഞ് കൊണ്ട് തുടര്‍ന്നു

തല്‍ക്കാലം താന്‍ എന്റെ പുറകെ വരുന്നത് നിര്‍ത്തണം. ഒരു പക്ഷെ ഒരു ദിവസം എനിക്ക് തന്നെ ഇഷ്ടപ്പെടാന്‍ അതൊരു കാരണമാകുമായിരിക്കും.. വരട്ടെ

അഞ്ജലി നടന്നകന്നു. ജോണി അവളെ തന്നെ നോക്കി നിന്നു. ഒരു വഴിപോക്കന്‍ അവരെ തന്നെ ശ്രദ്ധിച്ച് നോക്കി വരുന്നുണ്ടായിരുന്നു..

*** *** *** *** ***

അഞ്ജൂ, ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയണം..

എന്താ? നീ ചോദിക്ക്.. നമ്മള്‍ ഈ റൂമിലായിട്ട് ഇപ്പോള്‍ നാല് മാസം. ഞാന്‍ നിന്നോട് നുണ പറയില്ല.

നീ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?”

അങ്ങനെ ചോദിച്ചാല്‍.. ഇല്ല.

കള്ളം. നീ ഒരു സുന്ദരിക്കുട്ടിയല്ലേ? എന്തായാലും നിന്റെ പിറകേ ആണ്‍‌പിള്ളേര് വന്നു കാണും, അവരിലൊരാളെ നീ പ്രേമിച്ചും കാണും.

ആണ്‍കുട്ടികള്‍ ഒരു പാട് പുറകേ നടന്നിട്ടുണ്ട്.. പക്ഷെ ഞാന്‍ അവരെ ആരേം പ്രേമിച്ചിട്ടില്ല.

ഓ പിന്നെ..

ഞാന്‍ പറയട്ടെ, എന്റെ പുറകേ നടന്നിട്ടില്ലാത്ത ഒരാളുണ്ട് നമ്മുടെ കോളേജില്.. അയാളെ എനിക്ക് വല്ല്യ ഇഷ്ടമാ..

അതാരാ?”

അവന്റെ പേര് വിവേക്. നമ്മുടെ സീനിയര്‍ ആണ്.

ഏത്? ആ മിഥുന്റെ ഒക്കെ കൂടെ നടക്കുന്ന വിവേകോ?”

അതെ.

അയ്യോ.. ഒരു മുരടന്‍ സ്വഭാവമാ.. വായിലിട്ടു കുത്തിയാലും മിണ്ടത്തില്ല.

ശരിയാ. ബട്ട്.. എനിക്കവനെ ഇഷ്ടമായി..

എന്നിട്ട് നീ അവനോട് പറഞ്ഞോ? പോട്ടെ എന്തെങ്കിലും സൂചന കൊടുത്തോ?”

ചെറിയ ചില സൂചനകള്‍ കൊടുത്തു. പക്ഷെ ആശാന്‍ അടുക്കുന്ന മട്ടില്ല. മിഥുന്‍ ആണ് പുള്ളിയുടെ ക്ലോസ് ഫ്രണ്ട്. ഞാന്‍ ഇനി മിഥുന്‍ വഴി ഒന്ന് അപ്പ്രോച്ച് ചെയ്യാന്‍ പോകുവാ.

ഓക്കെ.. ഓള്‍ ദ ബെസ്റ്റ്. ആ.. പിന്നെ മിഥുനെ ഒന്ന് സൂക്ഷിച്ചോ, കേട്ടൊ..

ഓ.. സൂക്ഷിച്ചോളാമേ.. എങ്കില്‍ ശരി. ഞാന്‍ പോകുവാ. ഇന്ന് തന്നെ മിഥുനെ കണ്ട് സംസാരിക്കണം.

അഞ്ജലി പോയി. അവളുടെ കൂട്ടുകാരി ഗോപിക അവളെ യാത്രയാക്കി. എന്നാല്‍ അഞ്ജലി മിഥുനെ കണ്ടില്ല. പിറ്റേന്ന് പത്രത്തില്‍ അവളുടെ പടം വന്നു - അഞ്ജലി. 20 വയസ്. വാഹനാപകടത്തില്‍ മരിച്ചു..

*** *** *** *** ***

എനിക്കറിയാം നിനക്ക് അവളെ ഇഷ്ടമായിരുന്നെന്ന്. പക്ഷെ അവളുടെ ഭാഗത്ത് അങ്ങനെയൊരു ഇഷ്ടമുണ്ടോയെന്ന് നമുക്കറിയില്ലല്ലോ.. തന്നെയുമല്ല ഞാനൊരിക്കലും നിങ്ങള്‍ ഒന്നിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല”,വിവേക് പറഞ്ഞു.

മിഥുന്‍ ചോദ്യഭാവത്തില്‍ വിവേകിനെ നോക്കി.

മിഥൂ.. ഞാനീ കോളേജില്‍ വരുന്നതിന് മുമ്പ് തന്നെ ഞാന്‍ അഞ്ജലിയെ കണ്ടിട്ടുണ്ട്. ഞാന്‍ എം.ബി.എ എന്‍‌ട്രന്‍സ് കോച്ചിങ്ങിന് പോയ്കൊണ്ടിരുന്ന സമയത്താണ് അഞ്ജലിയെ ഞാന്‍ ആദ്യമായി കാണുന്നത്. അപ്പോളവള്‍ കോളേജില്‍ പഠിക്കുകയായിരുന്നു. എന്നും ഞാന്‍ കയറുന്ന ബസിലാണ് അവളും കയറിയിരുന്നത്. അത് കൊണ്ട് തന്നെ ഞാനവളെ ശ്രദ്ധിച്ചിരുന്നു. ആദ്യമൊക്കെ ഞാന്‍ വെറുതെ നോക്കുകയേ ഉള്ളായിരുന്നു. പിന്നീടെപ്പൊഴോ അവളുടെ കോളേജ് അടുക്കുമ്പോള്‍ ഞാന്‍ ബസ് സ്റ്റോപ്പില്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങനെയാണ് അവളുടെ സ്വഭാവത്തെ പറ്റി എനിക്ക് ബോധ്യമായത്.

എന്താ അവള്‍ക്ക് കുഴപ്പം? ഒരു നല്ല കുട്ടിയായേ എനിക്ക് തോന്നിയിട്ടുള്ളു.

അതൊക്കെ അവളുടെ അഭിനയമാണ്.. എന്നും അവള്‍ അവിടെ ഒരുത്തനുമായി സംസാരിക്കാറുണ്ടായിരുന്നു.

അവളുടെ ക്ലാസ്‌മേറ്റ് ആയിരിക്കും. ഒരു നല്ല ഫ്രണ്ട് ആയിരിക്കും അവന്‍.

ആദ്യം ഞാനും അങ്ങനെയാ വിചാരിച്ചേ.. പക്ഷെ ഒരു ദിവസം അവള്‍ അവനൊരു സമ്മാനം കൊടുത്തു. എന്നിട്ട് ഓടി വന്ന് ബസില്‍ കയറി. അവന്റെ മുഖം ഞാനിപ്പോഴും ഓര്‍ക്കുന്നു.. എന്തൊരു പ്രേമം!

ഓഹൊ.. അവള്‍ക്ക് ഒരാളെ ഇഷ്ടമായിരുന്നല്ലേ..

ഒരാളെ അല്ല.. അതെനിക്ക് പിന്നീട് മനസിലായി. അവളുടെ വീടിനടുത്ത് എനിക്കൊരു സുഹൃത്തിനെ കിട്ടി, ജോണി. ഒരു ദിവസം ജോണി ക്ലാസില്‍ വന്നില്ല. അന്ന് കുറച്ച് സ്റ്റഡി മെറ്റീരിയല്‍‌സ് കിട്ടി. ഞാന്‍ അതുമായി ജോണിയുടെ വീട്ടിലേക്ക് പോയി. വഴിയില്‍ വെച്ച് അവളും ജോണിയുമായി ചിരിച്ച് സംസാരിക്കുന്നത് കണ്ടു. അവള്‍ പോയപ്പോള്‍ ഞാന്‍ ജോണിയോട് ആരാണവളെന്ന് ചോദിച്ചു. അവന്‍ പറഞ്ഞു അവന്റെ കാമുകിയാണെന്ന്.

ഒരു പക്ഷെ ആദ്യം നീ പറഞ്ഞ ആ പയ്യന്‍ അവളുടെ ഫ്രണ്ടും ജോണി അവളുടെ ലൈനും ആണെങ്കിലോ??”

ആയിരിക്കാം.. പക്ഷെ പിന്നെ അവളെന്തിന് എന്നെ വളയ്‌ക്കാന്‍ നോക്കുന്നു?”

നിന്നെയോ?? നീ എന്താ വിവേക് പറഞ്ഞു വരുന്നത്?”

അതേടാ.. അവള്‍ എന്നെ വളയ്‌ക്കാനും പല ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷെ ഞാന്‍ പിടി കൊടുത്തില്ല. നിന്നോട് ഈ കാര്യം പറയണമെന്ന് ഞാന്‍ പലപ്പോഴും വിചാരിച്ചതാണ്. പിന്നെ വേണ്ട എന്ന് വെച്ചു.

പിന്നെ ഇപ്പോള്‍ പറയുന്നത്?”

അവള്‍ മരിച്ചതോര്‍ത്ത് നീ വിഷമിക്കരുത് എന്ന് കരുതി. നിന്റെ ലൈഫ് നശിക്കരുതല്ലോ, അതും അവളെ പോലൊരു പെണ്ണിന് വേണ്ടി..

താങ്ക്സ്.. നീയിത് ഇപ്പോഴെങ്കിലും പറഞ്ഞല്ലോ.. എന്നാലും അഞ്ജലി അങ്ങനെയൊരു കുട്ടിയാണെന്ന് എനിക്കിപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല.

മിഥുന്‍ സങ്കടമെല്ലാം മറന്ന് ചാടി എഴുന്നേറ്റു.

വിവേക്.. പെട്ടെന്ന് പോയാല്‍ മോണിങ്ങ് ഷോയ്‌ക്ക് കയറാം, അല്ലേ? നീ വേഗം റെഡിയായി വാ.. ഞാന്‍ താഴെ കാണും.

അവന്‍ ഒരു റ്റീഷര്‍ട്ട് എടുത്തിട്ട് ബൈക്കിനടുത്തേക്ക് പോയി. വിവേക് വേഗം അവന്റെ റൂമിലേക്കും...