20 ഫെബ്രുവരി 2007

കോന്‍ ബനേഗാ ക്രോര്‍പതി???

ഒരു വ്യാഴാഴ്ച. ഇന്ത്യന്‍ സമയം രാത്രി 9.00 മണി. അമ്മയും ചേച്ചിയും സീരിയല്‍ കാഴ്ച അവസാനിപ്പിച്ച് ടീവി നിര്‍ത്തി. ഞാന്‍ അപ്പോഴാണ് ആ മുറിയിലേയ്‌ക്ക് എത്തിയത്, എന്നത്തേയും പോലെ...

ഞാന്‍ ടീവി ഓണ്‍ ചെയ്തു. എന്റെ കൈ റിമോട്ടിലെ ബട്ടണുകളില്‍ ഒന്നോടി. എനിക്ക് കാണേണ്ട പരിപാടി തുടങ്ങി കഴിഞ്ഞു. ടേന്‍ ടേന്‍ ടെന്‍ ടെന്‍ ടെ ടെ ടേന്‍ ടേണ്‍ ടെ ടേന്‍.... എന്ന സംഗീതം എന്റെ കാതില്‍ മുഴങ്ങി.

“നമസ്കാര്‍.. മേം ഹൂന്‍ ഷാഹ്‌രുഖ് ഖാന്‍.. ഓര്‍ ആപ് ദേഖ് രഹെ ഹൈന്‍ കോന്‍ ബനേഗാ.. ക്രോര്‍പതീ...”

നിറഞ്ഞ കരഖോഷം.. അതെ കേബീസി തുടങ്ങി കഴിഞ്ഞു. 15 ചോദ്യങ്ങള്‍.. സമ്മാനം രണ്ട് കോടി രൂപ.. കളിക്കാന്‍ തയ്യാറായി പത്ത് പേര്‍ അവിടെ ആ സ്റ്റുഡിയോവില്‍ ഉണ്ട്. ഫാസ്റ്റസ്റ്റ് ഫിംഗര്‍ ഫസ്റ്റ് എന്ന ആദ്യ റൌണ്ടില്‍ നിന്നും ഒരാള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇനി അയാളും ഷാഹ്‌രുഖും തമ്മില്‍ കളിക്കും.. കോന്‍ ബനേഗാ.. ക്രോര്‍പതീ!

അയാള്‍ കളിച്ച് കളിച്ച് 25 ലക്ഷം രൂപയുമായി പോയി.. ഹൊ! ഭാഗ്യവാന്‍.. ഈ പരിപാടിയിലൊന്ന് കയറിപറ്റാന്‍ എന്താ വഴി?? ഞാന്‍ ആലോചിച്ചു. ഷാഹ്‌രുഖ് എപ്പിസോട് കഴിഞ്ഞ് പോകുന്നതിന് മുമ്പ് ഒരു വരി പറഞ്ഞു, “നിങ്ങള്‍ക്കും പങ്കെടുക്കാം കേബീസിയില്‍.. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. ഈ എപ്പിസോടിന് ശേഷം ചോദിക്കുന്ന ചോദ്യത്തിന് ശരിയുത്തരം നല്‍കുക.”

പ്രതീക്ഷ എന്റെ മുഖത്തേയ്‌ക്ക് ടോര്‍ച്ചടിച്ചു. ഞാന്‍ കാത്തിരുന്നു ആ ചോദ്യത്തിനായി.. പക്ഷേ വന്നില്ല. പകരം ഒരു ഹിന്ദി സീരിയല്‍ വന്നു. ഒരു മലയാളം സീരിയല്‍ പോലും കാണാത്ത ഞാന്‍ അന്നാദ്യമായി ഒരു ഹിന്ദി സീരിയല്‍ കണ്ടു, കുറച്ച് നേരം. അത് സഹിക്കാനുള്ള ശക്തി എനിക്കില്ലാത്തത് കൊണ്ട് മനസ്സില്ലാമനസ്സോടെ ഞാന്‍ ടീവി നിര്‍ത്തി.

ശനിയാഴ്ച. രാത്രി ചുമ്മാ ചാനല്‍ മാറ്റി കളിക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന്.. അതാ ഒരു ചോദ്യം.. വെറും ചോദ്യമല്ല. നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാവുന്ന ഒരു ചോദ്യം!

“ഭഗവാന്‍ വിഷ്ണു തന്റെ കൂര്‍മ്മാവതാരത്തില്‍ ഏത് മൃഗത്തിന്റെ രൂപമാണ് സ്വീകരിച്ച്ത്? 1)ആന, 2)ആമ, 3)പന്നി, 4)സിംഹം. ഉത്തരം അറിയിക്കാനുള്ള ഫോണ്‍ നമ്പര്‍: 1904 424 78270 പിന്നെ ഉത്തരമേതാണ് എന്ന് സൂചിപ്പിക്കുന്ന നമ്പരും. ഉദാ: നിങ്ങളുടെ ഉത്തരം ആന എന്നാണെങ്കില്‍ 1904 424 78270 1 എന്ന് വിളിക്കുക”.

പിന്നെ വൈകിയില്ല. ഞാന്‍ വിളിച്ചു. ഫോണിലൂടെ സന്ദേശം, “കേബീസി കൊ ഫോണ്‍ കര്‍നേ കേ ലിയെ ധന്യവാദ്. കമ്പ്യൂട്ടര്‍ ദ്വാരാ ചുനേ ഗയേ നമ്പേര്‍സ് കൊ ഹം ഫോണ്‍ കരേംഗെ അഗ്‌ലെ തീന്‍ ദിനോം മേ”. അതായത് ശരിയുത്തരം തരുന്നവരില്‍ നിന്നും കമ്പ്യൂട്ടര്‍ തിരഞ്ഞെടുക്കുന്നവരെ മൂന്നു ദിവസത്തിനകം അവര്‍ തിരികെ വിളിക്കുമെന്ന്. ഇതു കേട്ടതോടെ കിലുക്കത്തിലെ ഇന്നസെന്റിന്റെ അവസ്ഥയിലായി ഞാന്‍.. ഊം.. മ്.. ഇത് കൊറേ കണ്ടിട്ടിണ്ട്.. ഞാന്‍ സ്വയം പറഞ്ഞു.

ഞായറാഴ്ച എനിക്കൊരല്പം പ്രതീക്ഷയുണ്ടായിരുന്നു. തിങ്കളാഴ്ച ആ പ്രതീക്ഷയുടെ ശക്തി കുറഞ്ഞു. ചൊവ്വാഴ്ച. മൂന്നാം ദിവസം. ഞാന്‍ കോളേജില്‍ നിന്ന് വരുമ്പോള്‍ പതിവിന് വിപരീതമായി ചേച്ചി വീടിന്റെ വാതില്‍ക്കല്‍ തന്നെ നില്പുണ്ട്.. ഒരു സെവെന്റി എം.എം ചിരിയുമായി.

“കുറച്ചു കൂടി നേരത്തേ വരാന്‍ മേലായിരുന്നൊ നിനക്ക്?”, ചേച്ചിയുടെ ചോദ്യം.

ഞാന്‍ ഒന്നും മിണ്ടാ‍തെ അകത്തേയ്ക്ക് കയറി.

“എടാ.. നിന്നെ കേബീസിയില്‍ നിന്ന് വിളിച്ചിരുന്നു”

ഞാന്‍ വീണ്ടും ഇന്നസെന്റായി..

പക്ഷേ.. അന്ന് രാത്രി.. ഏകദേശം ഒരു എട്ടു മണിയായി കാണും.. ഒരു എസ്.റ്റീ.ഡി ബെല്‍. ഞാന്‍ ഫോണെടുത്തു.

അതെ.. ഇന്ത്യ മുഴുവനുമുള്ള ആളുകളില്‍ നിന്നും 340 പേരെ രണ്ടാം റൌണ്ടിലേയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നു. അതിലൊരാള്‍ ഞാന്‍.. ഒരു പത്തിരുപത് മിനിറ്റ് നേരം അവര്‍ സംസാരിച്ചു.. എന്റെ പേരും മേല്‍‌വിലാസവും അവര്‍ വാങ്ങി വെച്ചു. കേബീസിയുടെ മുപ്പത്തിയെട്ടാം എപ്പിസോഡിനായി അവരുടെ ചിലവില്‍ മാര്‍ച്ച് 6ന് മുംബൈയില്‍ ചെല്ലാമോ എന്ന്.. സന്തോഷത്തോടെ ഞാന്‍ സമ്മതം മൂളി.

അപ്പോളതാ അടുത്ത ചോദ്യം. “ഇവയിലേതാണ് ഗ്രാന്റ്‌സ്ലാം ടൂറ്ണമെന്റ് - ജര്‍മന്‍ ഓപണ്‍, സിംഗപൂര്‍ ഓപണ്‍, റഷ്യന്‍ ഓപണ്‍, യു.എസ് ഓപണ്‍?”

ശരിയുത്തരം വളരെ എളുപ്പത്തില്‍ തന്നെ ഞാന്‍ പറഞ്ഞു. ഇപ്പോള്‍ പ്രതീക്ഷ ടോര്‍ച്ചല്ല.. ഒരു ലൈറ്റ് ഹൌസ് ആയി തന്നെ അടിക്കുന്നുണ്ട്..

എന്നാല്‍...

“ശരിയുത്തരം പറയുന്നവരില്‍ നിന്നും 100 പേരെ തിരഞ്ഞെടുക്കുന്നു. അവരെ ഞങ്ങള്‍ മൂന്നു ദിവസത്തിനകം വിളിക്കും.” എന്ന മറുപടിയോടെ അവര്‍ ഫോണ്‍ വെച്ചു.

വെള്ളിയാഴ്ച. ശിവരാത്രി ദിവസം. എനിക്കവധി ദിവസമാണ്.. സമയം ഏകദെശം 3.45 കഴിഞ്ഞു.. വീണ്ടും ഒരു എസ്.റ്റീ.ഡി ബെല്‍!!!

“ഹലോ.. മേന്‍ പ്രതിഭാ ജാ ബോല്‍ രഹി ഹൂന്‍.. കോന്‍ ബനേഗാ ക്രോര്‍പതി സേ”

സംഭാഷണം ഹിന്ദിയില്‍ വേണോ ഇംഗ്ലീഷില്‍ വേണോ എന്നായി അവര്‍.. ഏത് ഭാഷയായാലും കുഴപ്പമില്ല, സംസാരിച്ചാല്‍ മതി എന്ന അവസ്ഥയില്‍ ഞാന്‍. എന്തായാലും ഇംഗ്ലീഷില്‍ തന്നെ സംസാരം തുടരാന്‍ തീരുമാനിച്ചു.

വീണ്ടും നിയമങ്ങള്‍.. ഒരഞ്ച് മിനിട്ട്.

ഇനി നാല് ചോദ്യങ്ങള്‍ ചോദിക്കും.. മൂന്നെണ്ണം ഓപ്‌ഷനോടെയും ഒരെണ്ണം ഓപ്‌ഷനില്ലാതെയും. ഇതു കേട്ടതോടെ അതുവരെ സംഭരിച്ചു വെച്ചിരുന്ന ധൈര്യമെല്ലാം എങ്ങോ ചോര്‍ന്നു പോയി!

പിന്നെ എന്താ സംഭവിച്ചത് എന്നെനിക്കറിയില്ല. നാലില്‍ മൂന്നെണ്ണവും തെറ്റിച്ച് ഞാന്‍ ദാ പുറത്തേയ്ക്ക്. എന്റെ ലൈറ്റ് ഹൌസിന് ഞാന്‍ തന്നെ കല്ലെറിഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ..

നിങ്ങളുടെ അറിവിലേയ്ക്കായി ആ നാല് ചോദ്യങ്ങള്‍ ഇവിടെ കൊടുക്കുന്നു. ആദ്യ ചോദ്യത്തിന് മാത്രമാണ് ഞാന്‍ ഉത്തരം നല്‍കിയത്:

1) ഭാരതത്തിലെ പരിശീലകര്‍ക്ക് കൊടുക്കുന്ന പുരസ്കാരം ഏത്?
A. പത്മശ്രീ B. അര്‍ജ്ജുന അവാര്‍ഡ് C. ഭാരതരത്ന D. ധ്രോണാചാര്യ അവാര്‍ഡ്

2) ഇവരിലാരാണ് അര്‍ജ്ജുനന്റെ മരുമകള്‍?
A. ഉത്തര B. സുഭദ്ര C. ഗംഗ D. യമുന

3) ഇക്കഴിഞ്ഞ ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ താരം?
A. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ B. സൌരവ് ഗാംഗുലി C. ഗൌതം ഗംഭീര്‍ D. രാഹുല്‍ ദ്രാവിഡ്

4) റിസര്‍വ് ബാങ്ക് സ്ഥാപിച്ച വര്‍ഷം?
ഈ ചോദ്യത്തിന് ഓപ്‌ഷന്‍ ഇല്ലായിരുന്നു.

‌‌‌‌‌‌‌‌----------------------------------------------------------------------------------------------------------------------------------------------------

ഇന്ന് ഫെബ്രുവരി 19. വീണ്ടും ചോദ്യം ഞാന്‍ കണ്ടു. വീണ്ടും വിളിച്ചു. പതിവു പോലെയുള്ള മറുപടികള്‍.

ഫെബ്.20. വൈകുന്നേരം ആറര മണി. ഞാന്‍ ഓര്‍ക്കുട്ടിലാണ്. ഫോണ്‍ ബെല്ലടിക്കുന്നു. എസ്.റ്റീ.ഡി ബെല്‍!!! പ്രതീക്ഷ എന്റെ മുഖത്തേയ്‌ക്ക് ടോര്‍ച്ചടിച്ചു... ഒരിക്കല്‍ കൂടി.

16 ഫെബ്രുവരി 2007

ഫോട്ടോസ്റ്റാറ്റ്!!!

മനുഷ്യനായി പിറന്നാല്‍ അബദ്ധങ്ങള്‍ സ്വാഭാവികം.. ഏത് കൊമ്പത്തുള്ളവനും അബദ്ധം പറ്റും. അബദ്ധത്തിന് എന്തു വലിപ്പചെറുപ്പം?? ഞാന്‍ വീണ്ടും പറയുന്നു.. പുലികള്‍ക്കും പറ്റും അബദ്ധം! അതെ, എനിക്കും പറ്റി ഒരബദ്ധം...

എനിക്ക് പറ്റിയ അബദ്ധത്തിന് മണിക്കൂറുകളുടെ പഴക്കമേ ഉള്ളൂ.. ഒരു അസൈന്‌മെന്റിലാണ് സംഗതിയുടെ തുടക്കം. ഇന്‍‌ക്കം ടാക്സ് ആണ് വിഷയം.. ഓരോ കൊല്ലവും നിയമം മാറുന്നതിനാല്‍ ഈ വര്‍ഷത്തെ ബുക്ക് നോക്കി തന്നെ വേണം അസൈന്‍‌മെന്റ് എഴുതാന്‍.. ഞങ്ങള്‍(ഞാനും എന്റെ രണ്ട് കൂട്ടുകാരും) ടീച്ചറിന്റെ കൈയ്യില്‍ നിന്നും ടെക്സ്‌റ്റ് ബുക്ക് വാങ്ങി ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ തീരുമാനിച്ചു.. പത്തമ്പത് പേജുള്ള ഒരു പാഠമാണ് എഴുതേണ്ടത്(മൊത്തമൊന്നും വേണ്ട, പ്രസക്ത ഭാഗങ്ങള്‍ മാത്രം). ഞങ്ങള്‍ ടീച്ചറിന്റെ കൈയ്യില്‍ നിന്നും ബുക്ക് വാങ്ങി ഫോട്ടോസ്റ്റാറ്റ് കടയിലെത്തി. ആവശ്യമുള്ള പേജുനമ്പരുകള്‍ എഴുതി കടക്കാരന് കൊടുത്തു. കുറെ ഉള്ളതു കാരണം കുറച്ച് കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് ഞങ്ങള്‍ അവിടെ നിന്നിറങ്ങി. അല്പം കഴിഞ്ഞ് പോയി ഫോട്ടോസ്റ്റാറ്റ് വാങ്ങുകയും ചെയ്തു. എല്ലാം കൂടി പതിനെട്ട് രൂപ മാത്രം, സന്തോഷമായി.. കാരണം അതില്‍ കൂടുതലാവുമെന്ന് പ്രതീക്ഷിച്ചിരുന്നു..

മൂന്നു പേര്‍ക്കും എഴുതണമല്ലോ.. അതു കൊണ്ട് ഞങ്ങള്‍ ആ ഫോട്ടോസ്റ്റാറ്റ് മൂന്നായി ഭാഗിച്ചു. കൂട്ടുകാരില്‍ ഒന്നാമന്‍ ആദ്യഭാഗവും രണ്ടാമന്‍ രണ്ടാംഭാഗവും ഞാന്‍ അവസാനഭാഗവും കൊണ്ടുപോയി.. എഴുത്തോടെഴുത്ത്.. ഇതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച ഞാനും എന്റെ ഒരു കൂട്ടുകാരനും ഞങ്ങളുടെ കൈവശമുള്ള ഫോട്ടോസ്റ്റാറ്റുകള്‍ മുഴുവന്‍ മൂന്നാമന്റെ കൈയ്യില്‍ കൊടുത്തു. തിങ്കളാഴ്ച അവന്‍ അതു മുഴുവന്‍ എഴുതി കൊണ്ടുവരികയും ചെയ്തു. കൂട്ടുകാരന്‍ എഴുതിയത് എന്റെ മറ്റേ കൂട്ടുകാരന്‍ കൊണ്ടുപോയി, ഞാന്‍ ഫോട്ടോസ്റ്റാറ്റും കൊണ്ടു വന്നു. മൂന്നാം ഭാഗം എഴുതിയത് കൊണ്ടാവണം, ഞാന്‍ അതു കഴിഞ്ഞെഴുതിയത് രണ്ടാം ഭാഗമാണ്.. എഴുത്തിനിടയില്‍ പലപ്പോഴും എന്റെ ഉള്ളില്‍ സംശയം സടകുടഞ്ഞെഴുന്നേറ്റു- ഇതൊക്കെ എഴുതേണ്ടത് തന്നെയാണോ?? ഞാന്‍ തന്നെ ആ സംശയത്തെ അടിച്ചു ബോധം കെടുത്തി ഒരു മൂലയിലൊതുക്കി-- ഹും, മടിയന്‍! എഴുതാതിരിക്കാന്‍ കാരണങ്ങള്‍ കണ്ടുപിടിക്കുന്നത് കണ്ടില്ലേ? ഞാന്‍ എന്നോട് തന്നെ ചോദിച്ചു.

അങ്ങനെ തട്ടിമുട്ടി ഞാന്‍ രണ്ടും മൂന്നും ഭാഗങ്ങള്‍ എഴുതി തീര്‍ത്തു. ഇനി ഒന്നാം ഭാഗം, വെറും നാലു പേജു കൂടി.. ഹാവൂ.. അതു കഴിഞ്ഞാല്‍ സമാധാനം.. ഞാനോര്‍ത്തു. അപ്പോഴാണ് എന്റെ ശ്രദ്ധ പേജിന്റെ മുകളിലേയ്ക്കൊന്ന് തിരിഞ്ഞത്.. മൂന്നക്കങ്ങള്‍.. അത് പേജ് നമ്പരാകുന്നു..

പാഠം തുടങ്ങുന്നത് പേജ് നം. 412. ഞാന്‍ ഇത്രയും നേരം എഴുതിയത്.. പേജ് നം. 227 മുതല്‍ 242 വരെ!!! ഇതെന്താ കഥ?? ഞാന്‍ ഒന്നുകൂടി സൂക്ഷിച്ച് നോക്കി.. ആ ദുഃഖ സത്യം ഞാന്‍ മനസിലാക്കി.. കടക്കാരന് പേജ് മാറിപ്പോയിരിക്കുന്നു.

ഒരു പുതിയ ടെക്സ്റ്റ് വാങ്ങിയിട്ടുണ്ട്.. അതു നോക്കി എല്ലാം ആദ്യം മുതല്‍ എഴുതാന്‍ പോകുന്നു.. പാവം ഞാന്‍!

ഗുണപാഠം:

1)ഒരു കടക്കാരനേം വിശ്വസിക്കരുത്...
2) എന്തു വാങ്ങിയാലും അതൊന്ന് നോക്കണം, ഒരുവട്ടമല്ല.. രണ്ടു വട്ടം!!!

14 ഫെബ്രുവരി 2007

പക്ഷേ...

ഞാന്‍ തനിച്ചിരുന്നപ്പോള്‍
ഒന്നു കണ്ണടച്ചിരുന്നെങ്കില്‍...

മുല്ലപ്പൂവിന്റെ മണമറിഞ്ഞപ്പോള്‍
ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍..

മഴയത്ത് പോയപ്പോള്‍
കുട എടുക്കാതിരുന്നെങ്കില്‍...

എനിക്കു നിന്നെ കാണാനാവുമായിരുന്നു.
പക്ഷേ...

09 ഫെബ്രുവരി 2007

ധോണി

ആദ്യമായി തന്നെ, ക്രിക്കറ്റ് കളിയുടെയും ഇന്ത്യന്‍ ടീമിന്റേയും മഹേന്ദ്ര സിങ്ങ് ധോണി എന്ന നമ്മുടെ സ്വന്തം വിക്കറ്റ് കീപ്പറുടെയും ആരാധകര്‍ക്കും, സാക്ഷാല്‍ ധോണിക്കും ഇങ്ങനെയൊരു പോസ്റ്റ് എഴുതുന്നതിലുള്ള എന്റെ വിഷമം അറിയിച്ചുകൊള്ളട്ടെ..

ആരാണ് ധോണി?? ഒരു സാധാരണ ഇന്ത്യാക്കാരനോട് ചോദിച്ചാല്‍ ബാറ്റില്‍ നിന്നും തീയുണ്ട പോലെ റണ്ണൊഴുക്കുന്ന, ഏതു ബോളര്‍മാരുടെയും പേടിസ്വപ്നമായ, ദിനവും രണ്ട് ലിറ്റര്‍ പാല്‍ കുടിക്കുന്ന, പരസ്യങ്ങളിലെ സ്ഥിര സാന്നിധ്യമായ ഇന്ത്യയുടെ ചങ്കുറപ്പുള്ള വിക്കറ്റ്കീപ്പറിനെ പറ്റിയാവും നിങ്ങള്‍ കേള്‍ക്കുക.. എന്നാല്‍, ഇവിടെ എന്റെ സ്വന്തം നാടായ പറവൂരില്‍ ധോണിയെ അന്വേഷിച്ചാല്‍ നിങ്ങള്‍ക്ക് ഭൂരിപക്ഷം പേരിലും ഒരു കണ്‍ഫ്യൂഷന്‍ കാണുവാന്‍ കഴിയും. എന്തുകൊണ്ട്?? ഉത്തരമറിയാന്‍ തുടര്‍ന്നു വായിക്കുക..

എന്റെ നാട്ടിലെ സാവേരി സൌണ്ട്സിനെ (കൊടി എന്ന പോസ്റ്റ് നോക്കുക) കുറിച്ച് നിങ്ങള്‍ വായിച്ചിരിക്കും എന്നു കരുതട്ടെ.. ആ സാവേരിയിലെ ജോലിക്കാരനാണ് ധോണി.. ക്ഷമിക്കുക, ആ വ്യക്തിയുടെ ശരിയായ പേര് എനിക്കറിയില്ല.. ഈ നാട്ടില്‍ തന്നെ എത്ര പേര്‍ക്കറിയാം എന്ന് എനിക്ക് സംശയവുമുണ്ട്.. എന്തായാലും ഇവിടെ ഒരു ധോണി ഉണ്ട്. അമ്പലപ്പറമ്പില്‍ കൂട്ടംകൂടി നില്‍ക്കുന്ന ഒരു പറ്റം ചെറുപ്പക്കാരില്‍ ആരുടേയൊ തലയില്‍ ഉദിച്ചതാവും ആ നാമം.. കുറച്ച് കൂടി വ്യക്തമാക്കിയാല്‍ ഇരട്ടപ്പേര്..!

രൂപം കൊണ്ട് ധോണിയുടെ ഒരു വിദൂര സാദൃശ്യം നമ്മുടെ ധോണിക്കും ഉണ്ടെന്ന് എനിക്ക് പറയേണ്ടി വരും, പക്ഷേ ധോണിയുടെ “വന്‍” ആരാധകരാരെങ്കിലും ഇത് കേട്ടാല്‍ പിന്നെ എന്റെ കാര്യം, ധോണിക്ക് പന്തെറിയുന്ന ബോളര്‍മാരിലും കഷ്ടമായിരിക്കും. അസൂയക്കാര്‍ ധോണിയുടെ ഒരു “ഉണങ്ങിയ” രൂപം എന്നൊക്കെ പറയുമെങ്കിലും അത്രയ്ക്കങ്ങോട്ട് പോകേണ്ട എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

ധോണിയുടെ രൂപമല്ല പ്രധാനം.. അവന്റെ ജോലിയാണ്.

ഞാന്‍ ഇനി പറയുന്ന സംഭവത്തിന്റെ പശ്ചാത്തലം ഒരു വീട് മാറല്‍ ആണ്.. മറ്റാരുടേയുമല്ല, ഞങ്ങളുടെ തന്നെ.. പുതിയ വീട്ടിലേയ്ക്ക് താമസം മാറിയപ്പോഴാണ് ഞങ്ങള്‍ക്ക് കേബിള്‍ തന്ന സ്ഥാപനത്തിന് ഞങ്ങളുടെ വീടിരിക്കുന്ന സ്ഥലത്ത് “റേയ്ഞ്ച്” ഇല്ല എന്ന സത്യം ഞങ്ങള്‍ മനസിലാക്കിയത്. അവരുമായി കുറച്ച് വഴക്കൊക്കെ ഇടേണ്ടിവരികയും ചെയ്തു. വീട് മാറി ഒരാഴ്‌ചയായിട്ടും കേബിള്‍ ഇല്ലാത്ത അവസ്ഥ.. ഇന്നത്തെ കാലത്ത് അതിന്റെ ഭീകരത നിങ്ങള്‍ക്കൂഹിക്കാമല്ലോ?? ഞങ്ങള്‍ പുതിയ കേബിള്‍ കണക്ഷന്‍ തേടുകയാണ്. സാവേരി സൌണ്ട്സിന് ഒരു കേബിള്‍ റ്റീവി ശൃംഗലയുണ്ട്. ഒരു ദിവസം രാവിലെ ബാങ്കില്‍ പോകുന്ന വഴി എന്റെ അച്ഛന്‍ അവിടെ കയറി പറഞ്ഞു, “കേബിള്‍ വേണമായിരുന്നു..“

“അതിനെന്താ ചേട്ടാ, ദാ ഇന്ന് തന്നെ ധോണിയെ വിട്ടേക്കാം” എന്ന് സാവേരി സൌണ്ട്സ് ഉടമ ശശി. പക്ഷേ.. അന്ന് ധോണി വന്നില്ല.. മൂന്നു ദിവസമായിട്ടും ധോണി വന്നില്ല. അച്ഛന്‍ വീണ്ടും കടയിലെത്തി. “ചേട്ടാ, ഇന്ന് തീര്‍ച്ചയായും ധോണിയെ വിടാം.”, ശശി.

അങ്ങനെ ഒരാഴ്ച.. ധോണി വന്നില്ല. ഒടുവില്‍ ഞങ്ങള്‍ ഏസീവിയുടെ കേബിള്‍ എടുത്തു. അടുത്ത ദിവസം അച്ഛന്‍ ബാങ്കിലേയ്ക്ക് പോകുമ്പോള്‍ സാവേരിയില്‍ ശശിയും ധോണിയും നില്‌പുണ്ട്.

“ചേട്ടാ, ദാ ധോണിയെ ഇപ്പോ വിട്ടേക്കാം“, ശശി പറഞ്ഞു.

“ഓ.. ഇനി വേണ്ട.. ഇയാളുടെ ധോണി ക്രിക്കറ്റ് കളിയൊക്കെയായി തിരക്കിലല്ലേ..ഞങ്ങള്‍ പുതിയ കണക്ഷന്‍ എടുത്തു.“

ശശിയുടെ മുഖം ഒന്നു കാണേണ്ടത് തന്നെയായിരുന്നു.