അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

01 ജനുവരി 2015

2014 - വാര്‍ഷിക കണക്കെടുപ്പ്!

ഒരു കൊല്ലം പോയ പോക്കേ! രണ്ടായിരത്തി പതിനാല് എന്ന് തികച്ച് പറയുന്നതിന് മുമ്പേ വര്‍ഷം തീര്‍ന്നു പോയ പ്രതീതി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒരു കണക്കെടുപ്പ് പോസ്റ്റ് പോലും ബ്ലോഗില്‍ ഇടുന്നില്ല. ഇത്തവണ അതായി കളയാം എന്ന് വെച്ചു.

അനുഭവങ്ങള്‍ വെച്ച് ഒരു വര്‍ഷത്തെ അളക്കുക എന്നത് എന്നെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്. അങ്ങനെ ഓര്‍ത്തിരിക്കാനും മാത്രം സംഭവങ്ങള്‍ ഒന്നും അങ്ങനെ ഉണ്ടാവാറില്ല എന്നതാണ് സത്യം. ഈ കൊല്ലം അങ്ങനെയൊന്ന് നടന്നത് ജെ4എഫ് മീറ്റ് ആയിരുന്നു. ഓര്‍ക്കുട്ടില്‍ വെച്ച് കൂട്ടുകൂടിയ ഒരു പറ്റം സിനിമാ സ്നേഹികള്‍, ഓര്‍ക്കുട്ടിനെ ഗൂഗിള്‍ മറന്നപ്പോള്‍ മെല്ലെ മെല്ലെ ഫേസ്‌ബുക്കില്‍ ചേക്കേറി. വിദേശത്ത് നിന്ന് വരുന്ന അംഗങ്ങളെ ഊറ്റുക എന്ന പണി ഇതിന് മുമ്പും മീറ്റ് എന്ന പേരില്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അന്നൊന്നും പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ സാഹചര്യങ്ങളും സമയവും ഒത്ത് വന്നപ്പോള്‍ പോയി. എന്നെ കൊണ്ടാവുന്ന പോലെ ഞങ്ങളുടെ സ്വന്തം അഡ്‌മിന്റെ ചീട്ട് കീറി..! ഏതായാലും സംഭവം ജോറായി.

പിന്നെ ഒരു രാമേശ്വരം യാത്ര. അനിയന്മാരൊക്കെ ഉണ്ടായിരുന്നത് കൊണ്ട് - അപ്പൂപ്പന്റെ ചിതാഭസ്മം ഒഴുക്കാന്‍ പോയതാണെങ്കിലും - ഞങ്ങള്‍ അടിച്ച് പൊളിച്ചു! പാമ്പന്‍ പാലം നേരില്‍ കണ്ടത് ഒരു വലിയ അത്ഭുതമായിരുന്നു. അത് പോലെ, അമല്‍ നീരദിന്റെ സ്വന്തം ധനുഷ്‌കോടി. ചുമ്മാ ഒരു ക്യാമറയുമായി ഇറങ്ങിയാല്‍ മതി, എങ്ങനെ പടമെടുത്താലും കിടിലം! രാമേശ്വരം യാത്രയെ കുറിച്ച് ബ്ലോഗില്‍ ഒരു കുറിപ്പ് ഇടണം എന്നൊക്കെ കരുതിയിരുന്നു. പിന്നെ എന്തോ ആ ശ്രമം അങ്ങ് ഉപേക്ഷിക്കുകയായിരുന്നു, മടി തന്നെ കാ‍ര്യം.

ബ്രസീ‍ലിന്റെ തോല്‍‌വി! എനിക്ക് ബ്രസീലിനോട് വിരോധമോ, ജര്‍മ്മനിയോട് ആരാധനയോ ഇല്ല. എന്നാലും ഒരു വേള്‍ഡ് കപ്പ് സെമി ഫൈനലില്‍ തീപാറുന്ന പോരാട്ടം പ്രതീക്ഷിച്ച്, ചെറുതായി ഉറക്കപ്പിച്ച്, ടീവിക്ക് മുന്നിലിരുന്നതാണ്. 5 മിനിറ്റ് കൊണ്ട് ജര്‍മ്മനി സകല ഉറക്കവും പമ്പ കടത്തി. വെളുപ്പിനെ രണ്ട് മണിക്ക് ഫോണ്‍ ഒക്കെ ചുമ്മാ കിടന്ന് ചിലച്ചു - വാട്സ് അപ്പ്, ഫേസ്‌ബുക്ക് എല്ലാം അഞ്ച് മിനിറ്റ് കൊണ്ട് ആക്‍ടീവ് ആയി. ഒരൊന്നൊന്നര ഞെട്ടല്‍ ആയിരുന്നു അത്.

അത്രക്കൊക്കെയെ ഉള്ളൂ ഓര്‍മ്മിക്കാനുള്ള ജീവിതാനുഭവങ്ങള്‍. പിന്നെ ഉള്ളത് നമ്മള്‍ കൈ വെയ്ക്കുന്ന ബാക്കി മേഖലകളാണ്.

ബ്ലോഗില്‍ ഒരു പോസ്റ്റ്. കഴിഞ്ഞ കൊല്ലം അത് പോലുമില്ലായിരുന്നു എന്ന അവസ്ഥ ആയിരുന്നത് കൊണ്ട് തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലക്ക് ഈ കൊല്ലം ഭേദം.

വായിച്ച പുസ്തകങ്ങള്‍. എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മോശം. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷ്യം വെച്ചിരുന്നു. ഇത്തവണ അതില്ലാതെ ഇരുന്നതിന്റെ കാണാനുണ്ട്. Goodreads നോക്കിയപ്പോ ആകെ എന്റെ പേരിലുള്ളത് നാലെണ്ണം. അതേതായാലും സത്യമല്ല. ഏതൊക്കെയോ ഞാന്‍ അതില്‍ കൂട്ടിയിട്ടില്ല.

കണ്ട സിനിമകള്‍. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയില്‍ വന്നതിന്റെ കാണാനുണ്ട്. ഓരോ പടങ്ങള്‍ ഒന്നും ഇറങ്ങുന്നത് പോലും അറിയുന്നില്ല. മലയാളം സിനിമകള്‍ ഇതിനു മുമ്പുള്ള രണ്ട് കൊല്ലവും 20-ന് മേല്‍ തീയറ്ററില്‍ നിന്ന് കണ്ടിരുന്നു. ഇത്തവണ അതുണ്ടായില്ല. കണ്ടതില്‍ അപ്പോത്തിക്കിരി, മുന്നറിയിപ്പ് ഒക്കെ ഒരു ക്ലാസ് എന്ന് പറയാമെങ്കിലും എനിക്ക് പിടിച്ചത് ബാംഗ്ലൂര്‍ ഡേയ്‌സ്, ഓം ശാന്തി ഓശാന, 1983 എന്നീ സിനിമകളാണ്. യൂ സീ ദി ഐറണീ ഹിയര്‍. മൂന്നിലും നിവിന്‍ പോളി ആണ് നായകന്‍.. :D തമിഴില്‍ കത്തിയും ഹിന്ദിയില്‍ പി.ക്കെയും (വാനരസേനക്കാര് വല്ലതും ഇവിടുണ്ടോ ആവോ) എന്റെ പ്രിയപ്പെട്ട നായകന്മാര്‍ ഗംഭീരമാക്കി. നോളന്റെ ഞെട്ടിക്കുന്ന വിഷ്വത്സുമായി Interstellar-ഉം നന്നായി. ആദ്യം കണ്ടപ്പോള്‍ പകുതിയും മനസിലായില്ല എന്നതാണ് സത്യം. ഇപ്പോള്‍ എല്ലാം മനസിലായോ എന്ന ചോദ്യം ആരും ചോദിക്കരുത്.

ക്രിക്കറ്റിനെക്കാള്‍ ഫുട്‌ബോളിനെ സ്നേഹിച്ച് തുടങ്ങിയ വര്‍ഷം എന്ന് ധൈര്യമായി പറയാം. സാധാരണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മാത്രമാണ് കാണാറ്. ഈ കൊല്ലം വേള്‍ഡ് കപ്പ് ഉണ്ടായിരുന്നല്ലോ.. പതിവ് പോലെ വേള്‍ഡ് കപ്പ് സമയത്ത് തുടങ്ങിയ മൂത്ത ഫുട്ബോള്‍ ഭ്രാന്ത് പിന്നങ്ങോട്ട് പോയില്ല. വേള്‍ഡ് കപ്പ് കഴിഞ്ഞു. വീണ്ടും പ്രീമിയര്‍ ലീഗ്. കൂടെ ദാ വരുന്നു സൂപ്പര്‍ ലീഗ്. ബ്ലാസ്‌റ്റേഴ്‌സ് കീ... ജയ്! പതിയെ തുടങ്ങിയ സൂപ്പര്‍ ലീഗ് പുരോഗമിക്കുന്തോറും മികച്ച നിലവാരത്തിലേക്കെത്തി. തകര്‍പ്പന്‍ സെമി ഫൈനല്‍ പ്രകടനത്തിലൂടെ ബ്ലാസ്റ്റേഴ്സും ഒരു വേള്‍ഡ് ക്ലാസ് ഗോളുമായി സുശാന്ത് മാത്യുവും മറക്കാനാവാത്ത ആദ്യ സീസണ്‍ സമ്മാനിച്ചു.

ജോലി പതിവ് പോലെയൊക്കെ അങ്ങനെ പോകുന്നു. പല മുഖങ്ങളും അനുഭവങ്ങളും കാണുന്നു. അങ്ങനെയങ്ങനെ പോകുന്നു.

ഇനി 2015. എന്താകുമോ എന്തോ.. വീട്ടുകാര്‍ പെണ്ണു കെട്ടിക്കാന്‍ അതിശക്തമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഞാനും നിര്‍ബന്ധിക്കുന്നുണ്ട്. അതിഭയങ്കരമായ ഒരു വര്‍ഷമാണ് വരാന്‍ പോകുന്നത് എന്ന പ്രതീക്ഷയില്‍ ഞാന്‍ ഇങ്ങനെ ഇരിക്കുന്നു. എന്തൊക്കെ കാണണം, എന്തൊക്കെ കേള്‍ക്കണം.. എന്തായാലും, വിജയ് പറയുന്ന പോലെ

I am waiting!

28 ജൂൺ 2010

ഞാന്‍ എന്ന ഫുട്ബോളര്‍

എവിടെ നോക്കിയാലും ഇപ്പോള്‍ ഫുട്‌ബോള്‍ ആണ് ചര്‍ച്ചാവിഷയം. ഒന്നും ഒന്നിലധികം ടീമുകളേയും സപ്പോര്‍ട്ട് ചെയ്ത് പ്രിയപ്പെട്ട ടീം ജയിക്കുമ്പോള്‍ ആവേശത്തോടെ ജയ് വിളിക്കുകയും തോല്‍ക്കുമ്പോള്‍ അരശുമ്മൂട്ടില്‍ അപ്പുക്കുട്ടനെ പോലെ “കാവിലെ പാട്ട് മത്സരത്തിന് എടുത്തോളാമെന്ന്വെല്ലുവിളിക്കുകയും ചെയ്യുന്ന സമയം. ചുറ്റും കാണുന്ന ആവേശവും ആരവവും എന്നെ സംശയിപ്പിക്കുന്നു - കളി നടക്കുന്നത് സൌത്ത് ആഫ്രിക്കയിലോ അതോ ഇങ്ങ് കേരളത്തിലോ? ഒന്നുറപ്പ്. ഒരു മാസം ഒന്നുങ്കില്‍ ലോകം സൌത്ത് ആഫ്രിക്കയിലാണ്, അല്ലെങ്കില്‍ സൌത്ത് ആഫ്രിക്ക ആണ് ലോകം!

അപ്പോ പറഞ്ഞ് വന്നത് ഫുട്‌ബോളിന്റെ കാര്യം. എല്ലാവരും ഫുട്‌ബോളിന്റെ പിറകെ ആണല്ലൊ. വഴിവക്കില്‍ പിള്ളേര് പോലും ഇപ്പോ ബാറ്റും സ്റ്റമ്പും മാറ്റി വെച്ച് ഇഷ്ടിക കൊണ്ട് ഗോള്‍‌പോസ്റ്റ് ഉണ്ടാക്കി ഫുട്ബോള്‍ കളി തുടങ്ങി. കളിയൊക്കെ കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്, എന്റെ അവസാന ഫുട്‌ബോള്‍ മത്സരം ഓര്‍ത്ത്..

8 വര്‍ഷം മുമ്പ്.. ഇത് പോലൊരു ലോകകപ്പ് കാലം. കൊറിയ-ജപ്പാന്‍. അന്ന് കളി നടന്നിരുന്നത് ഫുട്‌ബോള്‍ ഉപയോഗിച്ചായിരുന്നു, ജബുലാനിയൊന്നും ഇല്ല! വുവുസേല ഇല്ലെങ്കിലും ആരവങ്ങള്‍ ഇന്നത്തെ പോലെ തന്നെ ചെവി തുളയ്ക്കുന്നതായിരുന്നു.

ഞാന്‍ പ്ലസ് വണ്ണിന് പാലക്കാട് കേന്ദ്രിയ വിദ്യാലയത്തില്‍ ചേര്‍ന്ന സമയം. ചേര്‍ന്ന മൂന്നാം ദിവസം PT കിട്ടി - 2 മണിക്കൂര്‍! എന്നെ സംബന്ധിച്ച് അതൊക്കെ ഒരത്ഭുതം ആയിരുന്നു. അതിനു മുമ്പ് വരെ അര മണിക്കൂര്‍ ഉള്ള ഒരു പിരീഡ്, അതും സാറ് കനിഞ്ഞാല്‍ മാത്രം കളിക്കാന്‍ പോകാം എന്ന അവസ്ഥയില്‍ നിന്നും രണ്ട് മണിക്കൂര്‍ കളിക്കാന്‍ മാത്രം എന്ന നില..

കണ്ടാല്‍ അല്പം കടുപ്പക്കാരന്‍ എന്ന് തോന്നുന്ന ഒരു സാറ് വന്നു. കുട്ടികള്‍ എല്ലാവരും വരി വരി ആയി നില്‍ക്കുന്നു.

Dear Children, I'm Veera, your Chief Physical Education Instructor. തമിഴ് കലര്‍ന്ന ഇംഗ്ലീഷില്‍ വീര സാറിന്റെ ഒരു കിടിലന്‍ പ്രസംഗം. സംഗതി ഇതാണ്. KVയില്‍ ക്രിക്കറ്റ്, ഫുട്ബോള്‍, ബാസ്കറ്റ്‌ബോള്‍, വോളി‌ബോള്‍ തുടങ്ങി സകല കളികള്‍ക്കും ടീം ഉണ്ട്. നിങ്ങള്‍ക്കും അതില്‍ ഒരംഗമാവാം. ഇപ്പോള്‍ ചെയ്യേണ്ടത്, എല്ലാവരും അവരവര്‍ക്ക് ഇഷ്ടമുള്ള ഒരു കളി തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് അതില്‍ പരിശീലനം നല്‍കി ഒരു നല്ല കളിക്കാരനാക്കി വാര്‍ത്തെടുക്കാന്‍ ഞങ്ങളാല്‍ കഴിയുന്നത് ചെയ്യും. സ്കൂളിനോട് ചേര്‍ന്ന് ഒരു ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടും വോളീബോള്‍ കോര്‍ട്ടുമുണ്ട്. അതിനപ്പുറം ചെറിയ ഗ്രൌണ്ട്. അതിനപ്പുറം വലിയ ഗ്രൌണ്ട്. ചെറിയ ഗ്രൌണ്ടില്‍ ക്രിക്കറ്റ് പരിശീലനവും വലിയ ഗ്രൌണ്ടില്‍ ഫുട്ബോള്‍ പരിശീലനവും. തിരഞ്ഞെടുക്കുന്ന കളി അനുസരിച്ച് അതാത് കളിക്ക് അനുവദിച്ചിരിക്കുന്ന സ്ഥലത്തേക്ക് കുട്ടികള്‍ക്ക് പോകാം.

ഫുട്ബോള്‍ തലയ്ക്ക് പിടിച്ചിരുന്ന കാലമായത് കൊണ്ട് രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ നേരെ വലിയ ഗ്രൌണ്ട് ലക്ഷ്യമാക്കി നടന്നു. ക്രിക്കറ്റ് തിരഞ്ഞെടുത്ത എന്റെ ചില സുഹൃത്തുക്കള്‍ ഇവന്‍ ഫുട്ബോള്‍ കളിക്കുമോ എന്ന ഞെട്ടലോടെ നോക്കി നിന്നത് ഞാന്‍ കണ്ടില്ല എന്ന് നടിച്ചു. ശരിയാണ്. മെലിഞ്ഞുണങ്ങി, ഒരു കാറ്റടിച്ചാല്‍ പറന്ന് പോകുന്ന ഞാന്‍ എങ്ങനെ ഫുട്ബോള്‍ കളിക്കും? എന്ത് കൊണ്ട് കളിച്ചു കൂടാ? ഇത്തിരിപ്പോന്ന മൈക്കിള്‍ ഓവന്‍ എന്നൊരു ചെക്കന്‍ ഇംഗ്ലണ്ട് ടീമില്‍ ഉണ്ട്. അവനൊക്കെ വേള്‍ഡ് കപ്പ് കളിക്കാമെങ്കില്‍ എനിക്കെന്റെ സ്കൂളില്‍ ഫുട്ബോള്‍ കളിച്ചു കൂടെ? ഞാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് വെച്ച കാല്‍ മുന്നോട്ട് തന്നെ എന്നുറപ്പിച്ച് വലിയ ഗ്രൌണ്ടിലേക്ക് എത്തിച്ചേര്‍ന്നു.

സമാധാനം. സയന്‍സ് ഗ്രൂപ്പിലുള്ള എന്റത്രയും സൈസ് ഉള്ള പയ്യന്മാര്‍ ഒക്കെ അവിടെ നില്‍പ്പുണ്ട്. ക്ലാസിലെ പൊക്കക്കാരും, ജിമ്മന്മാരും ഉണ്ട്. പ്രശ്നമില്ല. സാറെത്തി. കുറച്ച് നേരം കളിയെ പറ്റിയൊക്കെ സംസാരിച്ചു. ചില എക്സര്‍സൈസ് ഒക്കെ ചെയ്യിച്ചു. മുക്കാല്‍ മണിക്കൂര്‍ ഉണ്ടാവും വ്യായാമം എന്ന സംഗതി! വാം അപ്പ് എന്നറിയപ്പെടുന്നു.

ഒരു മാസത്തോളം ഇങ്ങനെ കടന്നു പോയി. 2 മണിക്കൂര്‍ ഉള്ള പീരിയഡ്. മുക്കാല്‍ മണിക്കൂര്‍ വ്യായാമം, സോറി, വാം അപ്പ്. അര മണിക്കൂര്‍ സാറിന്റെ കത്തി. കുട്ടികള്‍ ഗ്രൌണ്ടില്‍ വട്ടം കൂടി ഇരിക്കും, സാര്‍ അവിടെ നിന്ന് സംസാരിക്കും. സാറിന്റെ കൈയ്യില്‍ ഒരു ഫുട്ബോള്‍ കാണും. അതിങ്ങനെ കറക്കിയും തിരിച്ചും മറിച്ചുമൊക്കെയാണ് പുള്ളിക്കാരന്റെ ക്ലാസ്. ഇടയ്ക്ക് പന്ത് പുള്ളിയുടെ കൈയ്യില്‍ നിന്ന് ചാടി നമ്മുടെ അടുത്ത് വരും. അതിലൊന്ന് തൊടാന്‍ അങ്ങനെയൊക്കെയേ പറ്റൂ..! പിന്നെ കുട്ടികളെ രണ്ട് ഗ്രൂപ്പ് ആയി തിരിക്കുന്നു. ഒരു കൂട്ടര്‍ ഗ്രൌണ്ടിന്റെ ഒരറ്റത്തും മറ്റുള്ളവര്‍ ഇങ്ങേയറ്റത്തും നില്‍ക്കുന്നു. ഒരു പ്രത്യേക രീതിയില്‍ ഉള്ള ഓട്ടമാണ് പിന്നെ. പന്ത് നമ്മുടെ കാലില്‍ ഉണ്ടെന്ന് സങ്കല്‍പിക്കുക. എന്നിട്ട് അതുമായി മുന്നേറുക. ഇടയ്‌ക്ക് വെച്ച രണ്ട് കൂട്ടരും നേര്‍ക്ക് നേര്‍ വരും, അപ്പോള്‍ വെട്ടിയൊഴിഞ്ഞ് പോവുക. ടൈപ്പ് കലാപരിപാടികളും നടന്നു.

വീര സാറിന്റെ ആദ്യ ദിവസത്തെ ഡയലോഗിനെ ഞാന്‍ വെറുത്തു തുടങ്ങി. പരിശീലനം നല്‍കി നല്ല കളിക്കാരനാക്കും പോലും.. ഫുട്ബോള്‍ ഇത് വരെ ഒന്ന് തട്ടാന്‍ പറ്റിയിട്ടില്ല. പഴയ സ്കൂളിലെ ഫുട്ബോള്‍ എത്ര രസമായിരുന്നു.. ഒരു ബോളും അതിന്റെ പിറകേ ഒരു പത്തിരുപത് പിള്ളേരും (ഗോളി അടക്കം ഗോളടിക്കാന്‍ ഓടി വരും!). ഇവിടെ പന്ത് കാല് കൊണ്ട് പോയിട്ട് കൈ കൊണ്ട് പോലും ഒന്ന് തൊടാന്‍ പറ്റുന്നില്ല.. ഇതോ ട്രെയിനിങ്ങ്?

പക്ഷെ രണ്ടാം മാസം കഥ മാറി. ഫുട്ബോള്‍ കളി തുടങ്ങിയില്ല.. എന്നാല്‍ പാസ് ചെയ്യുക, പന്തുമായി ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഓടുക തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറാന്‍ തുടങ്ങി. പത്ത് കുട്ടികളെ വരി വരിയായി നിര്‍ത്തുന്നു. ഒരറ്റത്ത് നിന്നും നമ്മള്‍ പന്തുമായി ഓരോരുത്തരുടെയും ഇടയിലൂടെ പോകണം. ഏതാണ്ട് S ആകൃതിയിലുള്ള ഓട്ടം! അങ്ങനെ ഓടുന്നതിനിടയില്‍ ഒരു തവണ ഞാന്‍ തെന്നി താഴെ വീണു. ഓടിയെത്തിയ സാറും കുറച്ച് കൂട്ടുകാരും കൂടെ എന്നെ പൊക്കിയെടുത്ത് വിശ്രമ സ്ഥലമായ മാവിന്റെ ചുവട്ടില്‍ കൊണ്ടിരുത്തി. ഇതൊക്കെ കളിയുടെ ഒരു ഭാഗമാണെന്നൊക്കെ പറഞ്ഞ് സാര്‍ എന്നോട് കുറച്ച് നേരം വിശ്രമിക്കാന്‍ പറഞ്ഞു. കൂട്ടുകാരില്‍ ചിലരാകട്ടെ, വെള്ളമൊക്കെയായി വന്ന് ഒരു വി..പി ട്രീറ്റ്മെന്റും നല്‍കി..!

ദിവസങ്ങള്‍ കഴിഞ്ഞു. വേള്‍ഡ് കപ്പ് അങ്ങ് ബ്രസീലില്‍ എത്തി. ഇന്ത്യാക്കാര്‍ വീണ്ടും ക്രിക്കറ്റ് കളി തുടങ്ങി. ഞാന്‍ ഗ്രൌണ്ടില്‍ പന്ത് പാസ് ചെയ്തും, സാറിന്റെ ക്ലാസ് അഥവാ കത്തിയടി കേട്ടും സമയം കളഞ്ഞു. ഇതിനിടെ ഓരോ വിദ്യാര്‍ത്ഥിയും അവന് പ്രിയപ്പെട്ട പൊസിഷന്‍ ഏതെന്ന് പറയാന്‍ പറഞ്ഞു. എനിക്ക് മധ്യനിരയില്‍ കളിച്ചാല്‍ മതി എന്ന് ഞാന്‍ അറിയിച്ചു - ഓം ഡേവിഡ് ബെക്കാമായ നമഃ!സാറാവട്ടെ, ഞങ്ങളുടെ കൂട്ടത്തിലുള്ള ചില പുലികളെ കണ്ടെത്തുകയുണ്ടായി. മുന്നേറ്റ നിരയില്‍ പ്രാണേഷ്, മധ്യനിരയില്‍ ഭരത്, പ്രതിരോധത്തില്‍ ജിജേഷ് എന്നിവര്‍ സ്കൂള്‍ ടീമില്‍ സ്ഥിരസാന്നിധ്യമാകുമെന്ന് വിളിച്ചറിയിച്ച എന്റെ ക്ലാസ്‌മേറ്റ്സ്. കോമേഴ്‌സുകാരന്റെ മനസ്സും സയന്‍സ് ഗ്രൂപ്പിന്റെ തലയുമുള്ള ഗിരീഷ് എന്നൊരു സുഹൃത്തും വളരെ നന്നായി കളിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ഒരു ഫുട്‌ബോള്‍ കളി എന്റെ വിദൂര സ്വപ്‌നങ്ങളില്‍ പോലും ഇല്ലാതിരുന്ന സമയത്ത്, ചരിത്രപരമായ PT പിരീഡ് സംജാതമായി. അന്നത്തെ പിരീഡ് തുടങ്ങിയപ്പോള്‍ തന്നെ സാര്‍ കാതിനും മനസിനും കുളിരു പകരുന്ന വാര്‍ത്ത പറഞ്ഞു. ഇന്ന് വാം അപ്പിനു ശേഷം നമ്മള്‍ രണ്ട് ടീമായി തിരിഞ്ഞ് 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു മത്സരം നടത്തും. സാര്‍ ആയിരിക്കും റഫറി, കാര്‍ഡുകള്‍ ഉണ്ടാവും, അത് കൊണ്ട് പരുക്കന്‍ കളി വേണ്ടെന്ന് ഒരു മുന്നറിയിപ്പും!

വളരെ കാലത്തിനു ശേഷം വാം അപ്പ് ചെയ്യാന്‍ ഭയങ്കര താത്പ‌ര്യമായിരുന്നു. ഏകദേശം 40-45 മിനിറ്റ് നീണ്ടു നിന്ന വാം അപ്പിനു ശേഷം സാര്‍ എല്ലാരേം വിളിച്ച് ടീം പ്രഖ്യാപിച്ചു. പ്രാണേഷും ജിജേഷും ക്യാപ്‌റ്റന്മാര്‍. നേരത്തെ പറഞ്ഞ പുലികളേയും ഒരുവിധം നന്നായി കളിക്കുന്നവരേയും, ബാക്കിയുള്ള ഞങ്ങള്‍ കുറച്ച് പേരേയും വെച്ച് സാര്‍ ടീമുകള്‍ ഉണ്ടാക്കിയിരുന്നു. രണ്ട് ടീമും ഏകദേശം തുല്യര്‍. ആര്‍ക്കും ജയിക്കാം. ഒരു ടീം യൂണിഫോം ഷര്‍ട്ട് അഴിച്ച് വെക്കണം. അങ്ങനെയാണ് സ്വന്തം ടീം അംഗങ്ങളെ തിരിച്ചറിയുക. ഞാന്‍ പ്രാണേഷിന്റെ ടീമിലായിരുന്നു. കിട്ടിയ സ്ഥാനം വലതു വിങ്ങറുടെ. സാര്‍ അത് പറഞ്ഞപ്പോള്‍.. മൈതാനത്തിന്റെ വലത് മൂലയിലൂടെ പറന്ന് കയറുന്ന ഞാന്‍.. എതിര്‍ ഗോള്‍മുഖത്ത് പരിഭ്രാന്തി പരത്തി പറന്നിറങ്ങുന്ന എന്റെ ക്രോസുകള്‍..

ബാലൂ.. പ്രാണേഷിന്റെ വിളി കേട്ടപ്പോഴാണ് ഞാന്‍ സ്വപ്നത്തില്‍ നിന്നുണര്‍ന്നത്. എതിര്‍നിരയില്‍ നിനക്ക് തടയാനുള്ളത് ഭരതിനെ ആണ്. അവന്‍ നന്നായി കളിക്കുമെന്നറിയാമല്ലോ.. പക്ഷെ വിട്ടു കൊടുക്കരുത്. ഒരുപാട് നേരം പന്ത് കാലില്‍ വെച്ചോണ്ടിരിക്കരുത്. പാസ് ചെയ്ത് മുന്നേറണം.. ആദ്യത്തെ ഉത്തരവാദിത്വം, ആദ്യത്തെ ജോലി. ഞാന്‍ തയ്യാര്‍!

കാത് തുളച്ച് വിസില്‍ മുഴങ്ങി. ആദ്യത്തെ പത്ത് മിനിറ്റില്‍ ഞാന്‍ മനസിലാക്കിയത് 3 ദാരുണ സത്യങ്ങളാണ് - 1. പ്രാക്ടീസ് ചെയ്യുമ്പോള്‍ പാസ് കൊടുക്കുന്ന അത്ര നിസാരമല്ല കളിയില്‍ പാസ് കൊടുക്കുന്നത്. 2. വേഗം, കഴിവ് - ഇവ രണ്ടും ആവശ്യത്തിനില്ലെങ്കില്‍ പണിക്ക് ഇറങ്ങരുത്. 3. മിഡ്‌ഫീല്‍ഡര്‍ എന്നത് ഫുട്‌ബോളിലെ ഏറ്റവും ഭാരിച്ച പണിയാണ്. മുന്നോട്ടും പിന്നോട്ടും ഓടി മനുഷ്യന്റെ അടപ്പിളകും! ആദ്യ പത്ത് മിനിറ്റില്‍ തന്നെ എനിക്ക് മനസിലായി - ഒരു മികച്ച ഫുട്‌ബോളര്‍ ആവാന്‍ ഞാന്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കണമെന്ന്..

എങ്കിലും തീരെ മോശമായി എന്ന് പറയാനും പറ്റില്ല. പാസുകള്‍ ഭൂരിഭാഗവും കൃത്യമായിരുന്നു, അല്ലെങ്കില്‍ ഞാന്‍ പാസ് കൊടുത്തവന് ഓടി പിടിച്ചെടുക്കാന്‍ കഴിയുമായിരുന്നു! എന്റെ കാലില്‍ നിന്ന് ഭരതിന് പന്ത് തട്ടിയെടുക്കാന്‍ കഴിഞ്ഞില്ല. കാരണം പന്ത് എന്റെ കാലില്‍ അതിനും മാത്രം നേരം നിന്നിരുന്നില്ല. ഞാന്‍ പാസ് കൊടുത്ത് ഒഴിവാക്കും! അങ്ങനെ ഞാന്‍ കൊടുത്ത ഒരു പാസില്‍ നിന്നും ഉണ്ടായ നീക്കത്തില്‍ ഞങ്ങള്‍ ഒരു ഗോളുമടിച്ചിരുന്നു.

കളി ഏകദേശം അവസാനത്തോട് അടുക്കുമ്പോഴാണ് എന്റെ ഫുട്‌ബോള്‍ ജീവിതം തന്നെ മാറ്റി മറിച്ച സംഭവം നടന്നത്. ഞങ്ങളുടെ ടീമിന് ഒരു കോര്‍‌ണര്‍ കിട്ടി. ഞാന്‍ ഏകദേശം ഗ്രൌണ്ടിന്റെ നടുക്ക്, വലത് വശം ചേര്‍ന്ന് നില്‍ക്കുന്നു. അഥവാ കോര്‍ണര്‍ എതിര്‍ ടീമിന്റെ കാലില്‍ ആണെത്തുന്നതെങ്കില്‍ ഉണ്ടാകുന്ന പ്രത്യാക്രമണം തടയുക എന്നതാണ് എന്റെ ജോലി. കോര്‍ണര്‍ എടുത്തു. എന്തൊക്കെയോ അവിടെ സംഭവിച്ചു. എനിക്ക് ശരിക്ക് കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ പെട്ടെന്ന് അവിടുന്ന് ഒരു പന്ത് ഉരുണ്ട് വരുന്നത് എന്റെ കണ്ണില്‍ പെട്ടു. പന്തിനു പിന്നില്‍ ഭരതും. ഞാന്‍ നോക്കി. എന്റെ ടീമിലെ കുറെ പേര്‍ എതിര്‍ ഗോള്‍മുഖത്ത് നിന്നും ഓടി വരികയാണ്. പക്ഷെ അവര്‍ക്ക് മുമ്പേ ഭരത് പന്ത് തട്ടിയെടുക്കും എന്ന് എനിക്ക് മനസിലായി. ഞാന്‍ മുന്നോട്ട് കുതിച്ചു..

ഉരുണ്ട് വന്ന പന്ത് ഭരതിന് മുമ്പേ എത്തിയ ഞാന്‍ ഉയര്‍ത്തി ഗോള്‍മുഖത്തേക്ക് വിട്ടു. വായുവില്‍ ഉയര്‍ന്ന് ചാടി പ്രാണേഷ് അത് വലയ്‌ക്കുള്ളിലാക്കി.. ഗോള്‍!!!

അങ്ങനെ തീര്‍ന്നിരുന്നു എങ്കില്‍ പിന്നെ ഞാന്‍ കളി നിര്‍ത്തേണ്ട കാര്യമുണ്ടോ?? ഇല്ല. എന്നിട്ടും ഞാന്‍ കളി നിര്‍ത്തി. കാരണം? റീവൈന്‍ഡ്.. പന്ത് ഉരുണ്ട് വരുന്നു. ഞാന്‍ അതിനു നേര്‍ക്ക് പാഞ്ഞടുക്കുന്നു. ഭരതിന് മുമ്പ് പന്തിനടുത്തെത്തുന്നു. ഗോള്‍‌മുഖത്ത് നിന്നുംബാലൂ.. പാസ്എന്നൊരു വിളി കേള്‍ക്കുന്നു. പന്ത് ഗോള്‍മുഖം ലക്ഷ്യമാക്കി ഉയര്‍ത്തി അടിക്കാന്‍ ശ്രമിക്കുന്നു.. എന്നാലോ.. ഞാന്‍ പന്തില്‍ കാല്‍ തട്ടി ദാ കിടക്കുന്നു താഴെ!

ഫുട്‌ബോളില്‍ കാല്‍ തട്ടി വീണ ആദ്യത്തെയും, ഒരുപക്ഷെ ലോകത്തിലെ ഒരേയൊരു ഫുട്‌ബോളറും ഞാന്‍ ആയിരിക്കും. ഉരുണ്ട് വരുന്ന ഒരു ഫുട്‌ബോള്‍ പോലും അടിച്ച് കളയാന്‍ വയ്യാത്ത ഞാന്‍ എങ്ങനെ ഫുട്‌ബോള്‍ കളിക്കും? വീഴ്‌ചയില്‍ കാലിനു മസില്‍ കയറുകയും 3 ദിവസം കാല്‍ അനക്കാന്‍ വയ്യാതെ ലീവ് എടുക്കുകയും ചെയ്ത ഞാന്‍ പിന്നീട് ഫുട്‌ബോള്‍ കളിക്കാന്‍ പോയതേയില്ല. മാസങ്ങള്‍ക്ക് ശേഷം എന്റെ സ്കൂളില്‍ വെച്ച് നടന്ന ഒരു ഇന്റര്‍ സ്കൂള്‍ മത്സരത്തിനിടയില്‍ വീണ ജിജേഷിന്റെ കൈ ഒടിഞ്ഞ് 6 മാസം പ്ലാസ്റ്റര്‍ ഇട്ടതും കൂടിയായപ്പോള്‍ ഫുട്‌ബോള്‍ കളി എന്നന്നേക്കുമായി ഞാന്‍ അവസാനിപ്പിച്ചു..

06 ജനുവരി 2009

ഗജിനി

അഭി ഒരു എം.ബി.ഏ വിദ്യാര്‍ത്ഥി ആണ്. അവന്‍ ഇന്ന് ഹോസ്റ്റലില്‍ എത്തുമ്പോള്‍ സമയം 7.49. പവര്‍കട്ട് ആയിരുന്നു. അവന്‍ ഇരുട്ടത്ത് തപ്പി തടഞ്ഞ് തന്റെ മുറിയിലെത്തി. അത് പൂട്ടിയിരിക്കുകയായിരുന്നു. സഹമുറിയന്മാര്‍ രണ്ട് പേരാണ് - മഹേഷും വിനോദും. ഇതില്‍ മഹേഷിന് ബൈക്ക് ഉണ്ട്. എന്നും അഭിയോ വിനോദോ മഹേഷിന്റെ കൂടെ വരും. ഇന്ന് വിനോദ് ആണ് ബൈക്കില്‍ പോയത്. എന്നാല്‍ അവന്മാരെ ഇവിടെ കാണാനില്ല. പുറത്ത് പോയിരിക്കും. അങ്ങനെയെങ്കില്‍ താക്കോല്‍ മുറിയുടെ വാതിലിന് മുകളിലായി വെച്ചിട്ടുണ്ടാവും. ഏതായാലും കറണ്ട് വരട്ടെ. അഭി കറണ്ട് വരാനായി വരാന്തയില്‍ കാത്തിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഒറ്റനില കെട്ടിടമാണ് ഹോസ്റ്റല്‍. ഓടിട്ട കെട്ടിടം. മഴക്കാലത്ത് ചെറിയതോതിലുള്ള ചോര്‍ച്ച ഉണ്ടാവുമെങ്കിലും, രാത്രിയില്‍ എലികള്‍ ഓടി നടന്ന് ശബ്ദമുണ്ടാക്കുമെങ്കിലും അഭിക്ക് വളരെ ഇഷ്ടമാണ് ഈ ഹോസ്റ്റല്‍. അതിന് പിന്നില്‍ കാരണം രണ്ടാണ്. ഒന്ന്, ഹോസ്റ്റല്‍ ഇരിക്കുന്ന സ്ഥലം കുറച്ച് ഉള്ളിലായുള്ള പ്രദേശമാണ്. അത്കൊണ്ട് വലിയ ബഹളങ്ങളും ശബ്ദവുമില്ലാത്ത ശാന്തമായ അന്തരീക്ഷമാണ്. രണ്ട്, ചുറ്റും മരങ്ങളും കുറ്റിക്കാടുമൊക്കെയായി പ്രകൃതിയോട് അടുത്ത് നില്‍ക്കുന്ന നല്ല തണുപ്പുള്ള കെട്ടിടം കൂടിയാണ് ഈ ഹോസ്റ്റല്‍.

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :-

ഹോസ്റ്റല്‍ കെട്ടിടത്തിന്റെ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും ഒരാള്‍ മെല്ലെ പുറത്തിറങ്ങി. അഭി അയാളെ കണ്ടില്ല. അത്രയ്ക്കിരുട്ടായിരുന്നു. ഡിസംബര്‍ മാസത്തിലെ തണുപ്പുള്ള രാത്രി. കുറ്റിക്കാട്ടില്‍ നിന്നും ഇറങ്ങിയവന്‍ ചുറ്റുപാടും നോക്കി. പിന്നെ നേരെ പടികള്‍ ലക്ഷ്യമാക്കി നടന്നു തുടങ്ങി. എന്നാല്‍ പടിയുടെ അടുത്തെത്തിയതും അയാള്‍ നിന്നു. എന്തിനാണ് ഇവിടെ വന്നത്? അയാള്‍ സ്വയം ചോദിച്ചു. പക്ഷെ ഒരുത്തരം കിട്ടിയില്ല. അയാളുടെ ഓര്‍മ്മയില്‍ നിന്നും ആ കാരണം മാഞ്ഞ് പോയിരുന്നു. ബൈക്കുകള്‍ വരാന്തയില്‍ കയറ്റി വയ്ക്കാനായി പടികളുടെ നടുക്കായി ഒരു വഴിയുണ്ട്. അതിലൂടെ അയാള്‍ വരാന്തയിലെത്തി. എന്തിന് ഈ സ്ഥലത്ത് വന്നെന്നോ എങ്ങനെ വന്നുവെന്നോ അയാള്‍ മറന്ന് പോയിരുന്നു. പെട്ടെന്ന് വെളിച്ചം വീണു. അതു വരെ ഇരുട്ട് മൂടി കിടന്നിരുന്ന ആ വരാന്ത അതോടെ പ്രകാശപൂരിതമായി. അയാള്‍ ഉടന്‍ തന്നെ അവിടെയുള്ള തൂണിന് പിന്നിലേക്ക് മറഞ്ഞു.

അഭി ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. എട്ട് മണിയായിരിക്കുന്നു. കറണ്ട് വന്നു. ഇനി ഒന്ന് കുളിക്കണം. അവന്‍ തന്റെ മുറിയുടെ വാതിലിന് മുകളില്‍ പരതി. താക്കോല്‍ അവിടെയുണ്ടായിരുന്നു. അവന്‍ മുറി തുറന്ന് അകത്ത് കയറി.ജനലുകളൊക്കെ തുറന്നിട്ടു. ടവ്വലും ബക്കറ്റുമെടുത്ത് കുളിമുറിയിലേക്ക് നടന്നു. പോകുന്നതിന് മുമ്പ് വാതിലടയ്ക്കാന്‍ അവന്‍ മറന്നില്ല.

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :-

തൂണിന് പിന്നില്‍ നിന്നും അയാള്‍ മെല്ലെ ഒളിഞ്ഞ് നോക്കി. ഒരു പയ്യന്‍ വരാന്തയില്‍ നിന്നും എഴുന്നേറ്റ് ഒരു മുറിയുടെ അരികിലേക്ക് ചെന്നു. അതിന്റെ വാതിലിന് മുകളില്‍ വെച്ചിരുന്ന താക്കോലെടുത്ത് മുറി തുറന്ന് അകത്ത് കയറി. അയാള്‍ പിന്നെ ഒരു നിമിഷം വൈകിച്ചില്ല. ഒറ്റകുതിപ്പിന് ആ മുറിയുടെ വാതില്‍ക്കലെത്തി. അകത്ത് ആ പയ്യന്‍ ജനലുകള്‍ തുറക്കുകയാണ്. അവന്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നു. സമയം കളയാതെ അയാള്‍ ഒച്ചയുണ്ടാക്കാതെ മുറിക്കുള്ളിലേക്ക് കയറി. ആദ്യം കിടന്ന കട്ടിലിനടിയിലേക്ക് കയറിയിരുന്നു. പക്ഷെ എന്തിന്? അയാള്‍ അതും മറന്ന് പോയിരുന്നു. എന്തിനാണ് ആ മുറിയില്‍ കയറിയത്? എന്തിനാണ് കട്ടിലിനടിയില്‍ കയറിയത്? അയാളുടെ ഓര്‍മയില്‍ നിന്നും അതിനുള്ള കാരണവും മാഞ്ഞ് പോയിരുന്നു. പുറത്തിറങ്ങാം എന്ന് വിചാരിച്ചപ്പോഴേക്കും ആ പയ്യന്‍ മുറി പുറത്ത് നിന്നും അടച്ചിട്ട് എങ്ങോട്ടൊ പോയി കളഞ്ഞു.

അഭി കുളിച്ചിട്ട് വന്നപ്പോള്‍ മുറിയുടെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു.

“ഓ.. വന്നോ രണ്ടും?? എവിടെ തെണ്ടാന്‍ പോയതാടാ?”, അഭി ചോദിച്ചു. മറുപടിയായി നല്ല രണ്ട് ചിരി സമ്മാനിച്ചു മഹേഷും വിനോദും.
“അളിയാ ജംഗ്‌ഷനില്‍ ഒന്ന് കറങ്ങാന്‍ പോയതാ. അവിടെ എത്തിയപ്പോ ദേ ഇവന് വിശക്കുന്നു എന്ന് പറഞ്ഞു. എന്നാല്‍ പിന്നെ എന്തേലും കഴിച്ചേക്കാമെന്ന് കരുതി.” മഹേഷ് ഡ്രെസ്സ് മാറുന്നതിനിടയില്‍ പറഞ്ഞു.
“അപ്പോ രണ്ടാളും കഴിച്ചല്ലേ.. എന്നാല്‍ ശരി. ഞാന്‍ വല്ലതും പോയി കഴിക്കട്ടെ.”അഭി പറഞ്ഞു.
“നിക്ക് നിക്ക്.. ഞാനുമുണ്ട്.” വിനോദ് പറഞ്ഞു.
“നീ കഴിച്ചില്ല്ലേ?”
“ഓ.. നാല് പൊറോട്ട എന്തോ ആവാനാ? ഞാനും വരുന്നു നിന്റെ കൂടെ.” കൂട്ടത്തില്‍ തടിയുള്ളവന്‍ വിനോദ് ആണ്. എങ്ങനെ തടി വെക്കാതിരിക്കും. ഇതാണ് സ്വഭാവം. അഭി ഓര്‍ത്തു. രണ്ട് പേരും കൂടെ കഴിക്കാന്‍ വേണ്ടി മെസ്സിലേക്ക് നടന്നു. മഹേഷ് തന്റെ ഷൂ ഊരി കട്ടിലിനടിയിലേക്ക് എറിഞ്ഞു.

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :-

കട്ടിലിനടിയില്‍ നിന്നും എങ്ങനെയെങ്കിലും പുറത്തിറങ്ങാം എന്ന് കരുതിയപ്പോഴാണ് മുറി തുറക്കുന്ന ശബ്ദം അയാള്‍ കേട്ടത്. അയാള്‍ ഒളിഞ്ഞ് നോക്കി. രണ്ട് പിള്ളേര്‍ കേറി വന്നു മുറിയിലേക്ക്. അവര്‍ എന്തോ സംസാരിക്കുന്നുണ്ട്. പക്ഷെ ഭാഷ അങ്ങോട്ട് മനസിലാവുന്നില്ല. ഒരാള്‍ കൂടെ മുറിയില്‍ കയറി വന്നു. നേരത്തെ മുറി അടച്ചിട്ട് പോയ ചെറുക്കന്‍ തന്നെ. അവര്‍ എന്തോ പറയുന്നു. ഇതേത് ഭാഷ. അല്ല.. ഞാനിതെവിടെയാണ്? എന്തിന് ഇവിടെ വന്നു?? രണ്ട് പേര്‍ പോയി. ഈ മൂന്നാമന്‍ കൂടെ പോയാല്‍ പുറത്തിറങ്ങാമായിരുന്നു. പെട്ടെന്നാണ് എന്തോ ഒരു സാധനം വന്ന് മുഖത്തിടിച്ചത്.

മഹേഷ് തനിക്ക് ഇടാനുള്ള തുണി എടുക്കാന്‍ കട്ടിലിനടിയിലിരിക്കുന്ന ബാഗിലേക്ക് കൈ നീട്ടിയപ്പോഴാണ് അവന്റെ മൊബൈല്‍ അടിച്ചത്. ഏകദേശം ഒന്നര മിനിറ്റ് സംസാരിച്ച ശേഷം അവന്‍ വീണ്ടും തന്റെ ബാഗെടുത്തു. എന്നാല്‍ അടുത്ത നിമിഷം തന്നെ ഹോസ്റ്റല്‍ മുഴുവന്‍ കിടിലം കൊള്ളിക്കുന്ന ഒരു അലര്‍ച്ചയോടെ അവന്‍ ആ ബാഗ് വലിച്ചെറിഞ്ഞു. അലര്‍ച്ച കേട്ട് അടുത്ത മുറിയില്‍ നിന്നും ഓടിയെത്തിയ സുഹൃത്തിനോട് ആ ബാഗ് ചൂണ്ടി അവന്‍ വിറയാര്‍ന്ന ശബ്ദത്തില്‍ മന്ത്രിച്ചു - അരണ.. അരണ.. ബാഗിനകത്ത്.. അരണ..

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :-

മുഖത്ത് അപ്രതീക്ഷിതമായി വന്നിടിച്ച സാധനം അയാളെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. ആ നശിച്ച ചെറുക്കന്‍. കട്ടിലിനടിയില്‍ നിന്നും അവന്റെ കാലിനിട്ട് നല്ലൊരു കടി കൊടുക്കാന്‍ അയാള്‍ മുന്നോട്ട് പാഞ്ഞെങ്കിലും കാലിന്നടുത്ത് എത്തിയപ്പോഴേക്കും എന്തിനാണ് ഓടി വന്നതെന്ന് അയാള്‍ മറന്ന് കഴിഞ്ഞിരുന്നു. എന്തോ ഒരു ശബ്ദം. ആ ചെറുക്കന്‍ എന്തോ സാധനം ചെവിയില്‍ വെച്ച് സംസാരിക്കുന്നു. പുറത്തിറങ്ങിയാല്‍ ചിലപ്പോള്‍ കുഴപ്പമായേക്കും. അയാള്‍ വീണ്ടും കട്ടിലിനടിയില്‍ കയറി. ഒരു കറുത്ത സഞ്ചി പോലെ എന്തോ ഉണ്ടായിരുന്നു. അയാള്‍ അതിനകത്ത് കയറി ഇരുന്നു. ആ പയ്യന്‍ ആ സഞ്ചി എടുത്തു. എന്നിട്ട് കൈ അകത്തേക്കിട്ടു. കഷ്ടകാലത്തിന് തൊട്ടത് അയാളുടെ ദേഹത്തായിരുന്നു. ഒരു നിമിഷം രണ്ട് പേരും മുഖത്തോട് മുഖം നോക്കി. ചെവി പൊട്ടുന്ന ശബ്ദത്തില്‍ ആ പയ്യന്‍ അലറുകയും സഞ്ചി വലിച്ചെറിയുകയും ചെയ്തു. കുറേ തുണികള്‍ ഉണ്ടായിരുന്നത് കൊണ്ടും ദൈവാധീനം കൊണ്ടും അയാള്‍ക്ക് ഒന്നും പറ്റിയില്ല.

മഹേഷിന്റെ ഉറക്കെയുള്ള അലര്‍ച്ചയുടെ സ്വരം മെസ്സ് ഹാള്‍ വരെയെത്തിയിരുന്നു. ആ ശബ്ദം തിരിച്ചറിഞ്ഞ അഭിയും വിനോദും ഒരു നിമിഷം പോലും പാഴാക്കാതെ റൂമിലേക്ക് കുതിച്ചു. അവര്‍ റൂമിലെത്തുമ്പൊഴേക്കും അവിടെ ഒരു ആള്‍ക്കൂട്ടം തന്നെ രൂപപ്പെട്ടിരുന്നു. അടുത്ത മുറിയിലുള്ളവര്‍ സ്റ്റമ്പും ബാറ്റുമൊക്കെയെടുത്ത് കട്ടിലിനടിയില്‍ നോക്കി നില്‍ക്കുന്നുണ്ട്. മഹേഷ് കട്ടിലിന് മുകളിലായി നിന്ന് ബാക്കിയുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു - ആ കട്ടിലിനടിയിലേക്കാ പോയത്. ആ ബാഗ് മാറ്റി നോക്ക്.. ദാ കണ്ടാ കണ്ടാ.. അവിടുണ്ട്.. എനിക്ക് കാണാംന്ന്..

“എന്താടാ? വല്ല പാമ്പുമാണോ?” ഒരല്പം ഭയത്തോടെ അഭി ചോദിച്ചു.

“അല്ലെടാ.. ഒരരണ. എന്തൊരു സൈസ്! ദേ ഇത്രേമുണ്ട്”, തന്റെ കൈയ്യുടെ മുട്ടു മുതല്‍ വിരലിന്റെ അറ്റം വരെയുള്ള നീളം കാണിച്ച് മഹേഷ് പറഞ്ഞു.

“അയ്യേ! അരണയാ.. അതിനാണോ ഇത്ര പേടി? അതിനെ ഞാന്‍ പിടിച്ചു തരാം. അരണയെ പിടിക്കാന്‍ ഞാനൊരു എക്സ്‌പെര്‍ട്ട് ആണ്.” വിനോദ് അടുത്ത് നിന്ന പയ്യന്റെ കയ്യില്‍ നിന്നും സ്റ്റമ്പ് വാങ്ങി കുനിഞ്ഞ് കട്ടിലിനടിയിലേക്ക് നോക്കി.

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :-

ഒരു വിധം ആ കറുത്ത സഞ്ചിയില്‍ നിന്നും പുറത്തിറങ്ങിയതാണ് അയാള്‍. നോക്കി നില്‍ക്കേ ഒരു കൂട്ടം പയ്യന്മാര്‍ അറ്റം കൂര്‍ത്ത കമ്പുകളും പിന്നെ പരന്ന പലകയ്ക്ക് പിടി വെച്ച പോലെ എന്തോ ഒരു സാധനവുമായും മുറിയിലേക്ക് വരുന്നത് കണ്ടു. കാര്യം പന്തിയല്ലെന്ന് മനസിലാക്കിയ അയാള്‍ ഒറ്റയോട്ടത്തിന് കട്ടിലിനടിയിലേക്ക് കയറി.ഇതിനിടയില്‍ ആദ്യം സഞ്ചി വലിച്ചെറിഞ്ഞ ആ നാശം പിടിച്ച പയ്യന്‍ കട്ടിലിന്റെ മേല്‍ ചാടിക്കയറുകയും ചെയ്തിരുന്നു. കട്ടിലിനടിയില്‍ കയറിയിട്ടും സ്വസ്ഥത തരാതെ അവര്‍ കമ്പും പലകയുമൊക്കെ എടുത്ത് കട്ടിലിനടിയില്‍ കുത്താന്‍ തുടങ്ങി. ഒരു കളരി അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ അയാള്‍ അവയില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറി. ഹൊ! രക്ഷപ്പെടാന്‍ ഒരു പഴുതുമില്ലേ? ഇതിനിടയില്‍ വേറെ രണ്ട് പയ്യന്മാര്‍ കൂടെ മുറിയില്‍ കയറി വന്നു. അവര്‍ കുറച്ച് മുമ്പ് മുറിയില്‍ നിന്നും ഇറങ്ങി പോയവരാണെന്ന് അയാള്‍ക്ക് മനസിലായി. അതിലൊരുത്തന്‍ എന്തൊക്കെയോ പറഞ്ഞ് കൊണ്ട് അടുത്ത് നിന്നവന്റെ കയ്യില്‍ നിന്നും ഒരു കമ്പ് വാങ്ങി കുനിഞ്ഞ് തന്റെ നേരെ നോക്കി. ഇനി രക്ഷയില്ല. രക്ഷപ്പെടാന്‍ ഒരു വഴി മാത്രം. അവനെ അങ്ങോട്ട് ആക്രമിക്കുക. രണ്ടും കല്‍പിച്ച് അയാള്‍ മുന്നോട്ട് കുതിച്ചു.

“എവിടെടാ നിന്റെ അരണ? അത് പോയോ?” വിനോദ് കട്ടിലിനടിയിലെ ഇരുട്ടിലേക്ക് സൂക്ഷിച്ച് നോക്കി. പെട്ടെന്ന് എന്തോ ഒരു സാധനം ശരവേഗത്തില്‍ തന്റെ നേര്‍ക്ക് വരുന്നത് അവന്‍ കണ്ടു. “അമ്മേ! അരണ!” എന്നൊരലര്‍ച്ചയോടെ അവന്‍ ഒരു വശത്തേക്ക് മറിഞ്ഞു. അവന്റെ ശരീരം നിലത്തിടിച്ചപ്പോള്‍ അവിടെ കൂടി നിന്നവര്‍ ഒരു നിമിഷം അതൊരു ഭൂകമ്പമാണോ എന്ന് സംശയിച്ചു. അരണ മുറിയിലെ വെളിച്ചത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് തിരിഞ്ഞ ശേഷം മറ്റൊരു മൂലയില്‍ കാലിയായി കിടന്ന ഒരു ബാഗിലേക്ക് കയറി. ഇത് തന്നെ അവസരം. വിനോദ് ചാടി എഴുന്നേറ്റു. തന്റെ കയ്യിലിരുന്ന സ്റ്റമ്പ് കൊണ്ട് അവന്‍ ആ ബാഗ് മെല്ലെ പൊക്കി. എന്നിട്ട് അതെടുത്ത് മുറിയുടെ പുറത്തേക്കിട്ടു. എല്ലാവരും നോക്കി നില്‍ക്കേ അരണ ബാഗില്‍ നിന്നും ഇറങ്ങി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടി. ദൈവമേ രക്ഷപ്പെട്ടു എന്നൊരു ദീര്‍ഘനിശ്വാസത്തോടെ അഭിയും സുഹൃത്തുക്കളും അത് നോക്കി നിന്നു..

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :‌‌‌-

കൂര്‍ത്ത കമ്പുമായി നില്‍ക്കുന്ന തന്റെ എതിരാളിയെ അപ്രതീക്ഷിതമായ ആക്രമണത്തിലൂടെ കീഴടക്കണം എന്ന ചിന്തയോടെയാണ് അയാള്‍ മുന്നോട്ട് കുതിച്ചതെങ്കിലും ആ പയ്യന്റെ അടുത്തെത്തിയപ്പോളേക്കും താന്‍ എന്തിന് ഓടി വന്നു എന്ന കാര്യം അയാള്‍ മറന്നു പോയി. ഒരു നിമിഷം താന്‍ എവിടെയാണെന്നോ എന്തിന് അവിടെ വന്നുവെന്നോ അയാള്‍ മറന്ന് പോയി. ഇതിനകം ആ പയ്യന്‍ എന്തോ ഉച്ചത്തില്‍ പറഞ്ഞ് കൊണ്ട് മറുവശത്തേക്ക് വീണിരുന്നു. അവനെങ്ങാനും തന്റെ ദേഹത്ത് വീണിരുന്നെങ്കില്‍ പിന്നെ ബാക്കി കിട്ടില്ലായിരുന്നു എന്നയാള്‍ ഓര്‍ത്തു. തന്റെ ചുറ്റിനും എന്തിനും തയ്യാറായി നില്‍ക്കുന്ന പയ്യന്മാരെ കണ്ട അയാള്‍ പിന്നെ ഒന്നും നോക്കിയില്ല. ഓടി. മറ്റൊരു സഞ്ചിയില്‍ ഒരുവിധം കയറിപ്പറ്റി. ആശ്വാസത്തോടെ ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ക്കാന്‍ പോവുകയായിരുന്നു അയാള്‍. പെട്ടെന്നാണ് സഞ്ചി പൊങ്ങിയത് പോലെ തോന്നിയത്. ദൈവമേ എന്താണ് ഈ പയ്യന്മാരുടെ ഉദ്ദേശ്യം? എന്നെ ഇവന്മാര്‍ തട്ടിയത് തന്നെ. ഈശ്വരാ! രക്ഷിക്കണേ.. അയാള്‍ അവസാനമായി പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥന ദൈവം കേട്ടുവോ? സഞ്ചി വീണ്ടും നിലത്ത്. അതും മുറിയുടെ വെളിയില്‍. പിന്നെ ഒരു നിമിഷം പോലും കളഞ്ഞില്ല അയാള്‍. അടുത്ത് കണ്ട കുറ്റിക്കാട് ലക്ഷ്യമാക്കി കുതിച്ചു. ഓടുമ്പോള്‍ ദൈവത്തിന് നന്ദി പറയുകയായിരുന്നു അയാള്‍..

19 ഒക്‌ടോബർ 2007

ദി ഹെലികോപ്‌റ്റര്‍


ഒക്‍ടോബര്‍ 16, 2007. സ്ഥലം: ആലപ്പുഴ ബീച്ച്.

കടല്‍ത്തീരത്ത് തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ താഴ്ന്നു വന്ന ഹെലികോപ്‌റ്ററില്‍ നിന്നും കമാന്‍‌ഡോകള്‍ കുതിച്ചിറങ്ങി. തീരത്ത് കാത്തു കിടന്ന ജെമിനി എന്ന റബ്ബര്‍ ബോട്ടില്‍ ചാടിക്കയറി അവര്‍ കടലിലേയ്‌ക്ക് പാഞ്ഞു. നിമിഷങ്ങള്‍ക്കകം തീരത്ത് വീണ്ടും ഹെലികോപ്‌റ്റര്‍. ചീറിപ്പാഞ്ഞെത്തിയ കമാന്‍ഡോകള്‍ ദൌത്യം കഴിഞ്ഞു മടങ്ങവേ പുക ബോംബ് പൊട്ടിച്ചു. പുകമറയില്‍ മുങ്ങി കമാന്‍ഡോകള്‍ ഹെലികോപ്‌റ്ററില്‍ കയറി ദൂരേയ്‌ക്ക് മറഞ്ഞു

[കടപ്പാട്: മലയാള മനോരമ ദിനപ്പത്രം 2007 ഒക്ടോ. 17, പേജ് 3, കോളം 2].

ആലപ്പുഴയില്‍ നടന്ന സംയുക്ത നാവികാഭ്യാസ പ്രകടനത്തെ കുറിച്ചുള്ള വാര്‍ത്തയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. സാഹചര്യവശാല്‍ പരിപാടി കാണാന്‍ പോകാന്‍ എനിക്ക് കഴിഞ്ഞില്ല. എന്നാല്‍ പേപ്പറില്‍ കണ്ട വാര്‍ത്ത എന്റെ മനസ്സിന്റെ കോണില്‍ നിന്നും അവനെ തിരികെ കൊണ്ടുവന്നു.. ഹെലികോപ്‌റ്ററിനെ..

ഒന്നര വര്‍ഷം മുമ്പ്, ഒരു സായാഹ്നം..

ആലപ്പുഴ ബീച്ചിന് തൊട്ടടുത്തായി റിക്രിയേഷന്‍ ഗ്രൌണ്ട് എന്നറിയപ്പെടുന്ന ഒരു മൈതാനമുണ്ട്. ഞങ്ങളുടെ കോളേജും ഈ മൈതാനത്തിനടുത്താണ്.

ക്ലാസ് നേരത്തെ വിടുന്ന അവസരത്തില്‍ ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാന്‍ വേണ്ടി അവിടെ പോകാറുണ്ട്. ആലപ്പുഴക്കാര്‍ ഡ്രൈവിങ്ങ് പഠിക്കുന്ന സ്ഥലം കൂടിയാണ് പ്രസ്തുത മൈതാനം എന്നും ഈ അവസരത്തില്‍ പറയട്ടെ. അതുകൊണ്ട് തന്നെ എന്നു ചെന്നാലും ഒരു പട ആളുകള്‍ നമ്മുടെ ജീവന് ഭീഷണിയുയര്‍ത്തി ഡ്രൈവിങ്ങ് ചെയ്യുന്നുണ്ടാവും അവിടെ. ഫീള്‍ഡ് ചെയ്യുമ്പോള്‍ നാലുചുറ്റും കണ്ണ് വേണം.

അന്നും ക്ലാസ് നേരത്തേ വിട്ടു. പതിവു പോലെ ഞങ്ങള്‍ മൈതാനത്ത് ചെന്നു. അവിടെ കണ്ട കാഴ്ച ഞങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.. കാരണം ഗ്രൌണ്ടില്‍ ഒരൊറ്റ വണ്ടി പോലുമില്ല! കുറച്ചു കൂടി നീങ്ങി നിന്നപ്പോളാണ് ഞങ്ങള്‍ അവനെ കണ്ടത്.. കഥയിലെ വില്ലന്‍.. ഹെലികോപ്‌റ്റര്‍! ബുഹു ഹാഹാ.. ഞങ്ങളെ നോക്കി അവന്‍ പൊട്ടിച്ചിരിക്കുന്ന പോലെ തോന്നി.. നിന്നെയൊക്കെ കളിപ്പിക്കാമെടാ എന്ന ഭാവം അവന്റെ മുഖത്ത്!

ഓ.... രക്ഷയില്ല. നമുക്കു പോകാം. ഇന്നിനി കളിയൊന്നും നടക്കില്ല. ഇങ്ങനെ പറഞ്ഞ് ഞങ്ങള്‍ പോകാന്‍ തുടങ്ങി. അപ്പോഴാണ് അവിടുത്തെ സ്ഥിരം കളിക്കാര്‍ ഞങ്ങള്‍ക്ക് ഒരു ഗ്ലാഡ് ന്യൂസ് തന്നത്- ഹെലിഇപ്പോള്‍ പോകും..

എന്നാല്‍ പിന്നെ ഓക്കെ! ക്രിക്കറ്റും കളിക്കാം ഹെലി പോകുന്നതും കാണാം എന്ന ചിന്തയില്‍ ഞങ്ങള്‍ അവിടെ കുറ്റിയടിച്ചു. പത്ത്-പതിനഞ്ച് മിനിറ്റ് അങ്ങനെ പോയി. ഒടുവില്‍ അവന്‍ പോകാന്‍ തയ്യാറായി. പൈലറ്റ് വന്ന് വീലും പിന്നെ എന്തൊക്കെയൊ പരിശോധിച്ചു. ഒടുവില്‍ തംസ് അപ്പിന്റെ സിഗ്‌നലൊക്കെ കാണിച്ച് ഹെലിക്കകത്തേയ്ക്ക് കയറി.

അതെ.. ആ മുഹൂര്‍ത്തം.. അത് അടുത്തിരിക്കുന്നു. പതിനെട്ട് വയസ്സായിട്ടും ടീവിയിലല്ലാതെ ഈ സാധനം ഞാന്‍ കണ്ടിട്ടില്ല. ഒരു ഹെലികോപ്‌റ്റര്‍ പറന്നുയരാന്‍ പോകുന്നത് ജീവിതത്തില്‍ ആദ്യമായി കാണാന്‍ പോകുന്നു.. വല്ലാത്ത സന്തോഷമായിരുന്നു അപ്പോള്‍.

വുക്..വുക്..വുക്‌വുക്..വുക്‌വുക്... ഞങ്ങള്‍ നോക്കി നില്‍ക്കേ ഹെലിയുടെ ഫാന്‍ കറങ്ങാന്‍ തുടങ്ങി.. ചെറുതായി പൊടിയും പറക്കുന്നു.

ഓ.. പൊടിയല്ലേ. ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടില്‍ ഞങ്ങള്‍.. സമയം ഇഴഞ്ഞ് നീങ്ങി.. ഫാനിന്റെ സ്പീഡ് കൂടാന്‍ തുടങ്ങി. പൊടി ശരിക്കങ്ങ് പറന്നു പൊങ്ങാന്‍ തുടങ്ങി.. ഞങ്ങള്‍ അപകടം മണത്തു.. പക്ഷേ വൈകിപ്പോയെന്ന് മാത്രം!

ഒരഞ്ച് മിനിറ്റ്.. എന്താണ് നടന്നതെന്ന് ഒരു പിടിയുമില്ല എന്ന് പറഞ്ഞാല്‍ മതിയല്ലൊ! മണല്‍ക്കാറ്റോ, ചുഴലിക്കാറ്റോ.. ഹൊ! ഒന്നും കാണാന്‍ വയ്യ! അവിടെ കൂടിനിന്ന കൊച്ചുപ്പിള്ളേരും സ്ഥിരമായി കളിക്കാന്‍ വരുന്ന വലിയപിള്ളേരും ഡ്രൈവിങ്ങ് പഠിക്കാന്‍ വന്നവരും പഠിപ്പിക്കാന്‍ വന്നവരും പിന്നെ ഞങ്ങളും അടങ്ങുന്ന പത്തമ്പത് പേര്‍ വരുന്ന ജനക്കൂട്ടം നാലുപാടും ചിതറിയോടി. ഓടീട്ട് കാര്യമില്ലെന്ന് മനസിലാക്കി ഞാനും കൂട്ടുകാരും അവിടെ നിര്‍ത്തിയിട്ടിരുന്ന വണ്ടികളുടെ പുറകില്‍ അഭയം തേടി. നിമിഷങ്ങള്‍ക്കകം പൊടി ഞങ്ങളെ മൂടി. ചില കൂട്ടുകാരുടെ വായില്‍ നിന്ന് ഇവിടെ എഴുതാന്‍ വയ്യാത്ത രീതിയിലുള്ള പ്രയോഗങ്ങളൊക്കെ കേട്ടു. പൊടിയെ തെറി പറഞ്ഞിട്ട് എന്തോ ചെയ്യാനാ??

കുറച്ച് നേരം കഴിഞ്ഞപ്പോഴേയ്ക്കും പൊടി അടങ്ങി.. ആട് കിടന്നിടത്ത് പൂട പോലുമില്ല എന്നു പറഞ്ഞ പോലെയായി ഹെലിയുടെ അവസ്ഥ.. ഇത്രയും പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കിയിട്ട് അവന്‍ കടന്നു കളഞ്ഞു!

അവിടെ ഡ്രൈവിങ്ങ് പഠിപ്പിക്കാന്‍ കൊണ്ടു വെച്ചിരുന്ന ബജാജ് സണ്ണി സ്കൂട്ടറൊക്കെ മറിഞ്ഞ് കിടക്കുന്നതൊക്കെ കണ്ടപ്പോഴാണ് ഞങ്ങള്‍ ഏത് സാഹചര്യത്തിലൂടെയാണ് കടന്ന് പോയതെന്ന് പൂര്‍ണമായ ബോധ്യം വന്നത്. ഉടുപ്പിനകത്ത് പോലും ഓറഞ്ച് നിറത്തില്‍ പൊടി കട്ട പിടിച്ചിരുന്നു..

അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്.. കൂടെയുള്ള മൂന്നാലു പേരെ കാണാനില്ല! ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി നില്‍ക്കെ തൊട്ടപ്പുറത്തുള്ള ലെവല്‍ക്രോസിനപ്പുറത്തു നിന്ന് കാണാതെ പോയവര്‍ തിരിച്ചെത്തി.. അപ്പോഴാണ് പൊടി പറന്നു തുടങ്ങിയപ്പോള്‍ കേട്ട ഓടിക്കോടാഎന്ന നിലവിളിയുടെ ഉറവിടം മനസിലായത്..

വീട്ടില്‍ വന്ന് തലവഴി വെള്ളമൊഴിച്ചപ്പോള്‍ ഓറഞ്ച് ജ്യൂസിനെ അനുസ്‌മരിപ്പിച്ചാണ് ആ വെള്ളം ഒലിച്ച് പോയത്..