23 മേയ് 2007

തീര്‍ത്ഥാടനം - ഭാഗം 4

ഞങ്ങളുടെ അടുത്ത ലക്ഷ്യം ഗുരുവായൂര്‍.. വെളുപ്പിനെ അഞ്ച് മണിയായപ്പോള്‍ അച്ഛന്‍ വന്ന് വിളിച്ചുണര്‍ത്തി. ട്രെയിന്‍ തൃശൂരെത്താറാകുന്നു. അവിടെ ഇറങ്ങി എറണാകുളത്ത് നിന്നും വരുന്ന കണക്ഷന്‍ ട്രെയിനില്‍ ഗുരുവായൂര് പോകാം എന്നതായിരുന്നു ഞങ്ങളുടെ പദ്ധതി. തൃശൂര്‍ റെയില്‍‌വേ സ്റ്റേഷനില്‍ ഏകദേശം അര മണിക്കൂര്‍ സമയം കിട്ടും. ആ സമയത്ത് ടിക്കറ്റും എടുത്ത് ഓരോ ചായയും കുടിച്ചിരിക്കാം എന്നും കരുതി.

എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത വാര്‍ത്തയായിരുന്നു സ്റ്റേഷനില്‍ ഞങ്ങളേ കാത്തിരുന്നത്. ഞങ്ങളുടെ വണ്ടി സ്റ്റേഷനിലേക്ക് കയറുമ്പോള്‍ ഒരു അനൌണ്‍സ്‌മെന്റ് സ്റ്റേഷനില്‍ മുഴങ്ങുന്നുണ്ടായിരുന്നു.. “ ട്ലിം ട്ലിം ട്ലിം.. യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്.. ട്രെയിന്‍ നമ്പര്‍ ---- (നമ്പരൊക്കെ ആര് ഓര്‍ക്കുന്നു??) നാഗര്‍കോവില്‍ ഗുരുവായൂര്‍ എക്‍സ്‌പ്രസ്സ് പ്ലാറ്റ്ഫോം നമ്പര്‍ രണ്ടിലേക്ക് അല്‍‌പസമയത്തിനകം എത്തിചേരുന്നതാണ്..ട്ലിം ട്ലിം ട്ലിം”. നാഗര്‍കോവില്‍ - ഗുരുവായൂര്‍ ട്രെയിന്‍ ലേറ്റായി വരികയാണ്.. വെളുപ്പിനെ നാലരയ്‌ക്ക് ഗുരുവായൂരിലെത്തുന്ന ട്രെയിന്‍ ഇതാ അഞ്ചര കഴിഞ്ഞപ്പോള്‍ തൃശൂരെത്തിയിരിക്കുന്നു. “ഈ വരുന്ന ട്രെയിനില്‍ പോയാല്‍ നമുക്ക് കുറച്ച് കൂടി നേരത്തെ അവിടെ എത്താം.. നിങ്ങള്‍ ഇവിടെ നില്‍ക്കൂ.. ഞങ്ങള്‍ പോയി ടിക്കറ്റ് എടുത്തോണ്ട് വരാം” എന്ന് പറഞ്ഞ് അച്ഛനും ചിറ്റപ്പനും ഓടി.

ഞങ്ങള്‍ ലഗേജൊക്കെ എടുത്ത് പുറത്ത് വെച്ചപ്പോഴേക്കും ട്രെയിന്‍ എത്തി‍. അച്ഛാ.. ചിറ്റപ്പാ എവിടെയാണ് നിങ്ങള്‍?? ലഗേജെല്ലാം പൊക്കി ഓവര്‍ ബ്രിഡ്‌ജ് കടന്ന് ചെല്ലുമ്പൊഴേക്കും ട്രെയിന്‍ അതിന്റെ പാട്ടിന് പോകും. അതുകൊണ്ട് പാളത്തിലൂടെ അപ്പുറം കടക്കാമെന്ന് തീരുമാനിച്ചു (‌പാളം മുറിച്ച് കടക്കുന്നത് സുരക്ഷിതമല്ല. അതറിയാഞ്ഞിട്ടല്ല. വേറെ വഴിയില്ല!). എന്നാല്‍ ഞങ്ങള്‍ വന്ന ട്രെയിന്‍ പോകാത്തത് കാരണം പാളം മുറിച്ച് കടക്കാനും വയ്യ. ഇതിനൊക്കെ പുറമേ ടിക്കറ്റെടുക്കാന്‍ പോയവരുടെ ഒരു വിവരവും ഇല്ല. ഞങ്ങള്‍ ദയനീയമായി ട്രെയിന്‍ നോക്കിനിന്നു.. (ആ സന്ദര്‍ഭത്തെ വിവരിക്കാന്‍ ജഗതി ശ്രീകുമാറിന്റെ ഒരു ഡയലോഗ് ഞാന്‍ കടമെടുക്കുകയാണ്.. ചുണ്ടോളമെത്തിയ മുട്ട ബിരിയാണി നീ തട്ടിയെറിയുകയാണോ എന്റെ കര്‍ത്താവേ!!!).

ഞങ്ങള്‍ നിരാശരായി നില്‍ക്കേ അതാ..... ദൂരെ നിന്നും ഓടി വരുന്നു അച്ഛനും ചിറ്റപ്പനും (സിനിമയിലായിരുന്നേല്‍ സ്ലോ മോഷനില്‍ ഓടി വന്നേനെ!).. പക്ഷെ ഇത് സിനിമയല്ലല്ലോ.. അവര് പെട്ടെന്ന് തന്നെ ഓടിയെത്തി. ഞങ്ങള്‍ വന്ന ട്രെയിന്‍ അപ്പൊഴേക്കും പോയി. ഞങ്ങള്‍ക്കും ട്രെയിനിനും ഇടയില്‍ ഒരു പാളം മാത്രം.. ഓരോരുത്തരായി പാളം മുറിച്ച് കടക്കാന്‍ തുടങ്ങി. അച്ഛന്‍ ആദ്യം ട്രെയിനില്‍ കയറി. ചിറ്റപ്പനും ചേട്ടനും ഞാനും അനന്തുവും കൂടി ബാഗുകള്‍ ഓരോന്നായി പ്ലാറ്റ്ഫോമില്‍ നിന്നും ട്രെയിനിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. അച്ഛനാകട്ടെ ബാഗുകളുടെ എണ്ണമെടുത്ത അകത്തേക്ക് പാസ് ചെയ്‌തുകൊണ്ടിരുന്നു. ഇനി മൂന്നാല് ബാഗുകളേ ബാക്കിയുള്ളു. ട്രെയിന്‍ ഇപ്പോള്‍ പോകും എന്ന അനൌണ്‍സ്‌മെന്റ് കേട്ടു. ഞങ്ങളോട് വണ്ടിയില്‍ കയറാന്‍ പറഞ്ഞ് ചിറ്റപ്പന്‍ ഒറ്റയ്‌ക്ക് ബാഗുകള്‍ പൊക്കാന്‍ തുടങ്ങി.

ചിറ്റപ്പന്‍ ഒരു കറുത്ത ബാഗ് കൊണ്ട് അച്ഛനെ ഏല്‍‌പിക്കുന്നു, അടുത്ത ബാഗെടുക്കാന്‍ തിരിച്ചോടുന്നു.. അച്ഛന്‍ ആ കറുത്ത ബാഗില്‍ കൈ വെച്ചതും അതാ മറ്റൊരു കൈ!!! “എന്‍ ബാഗ്.. എന്‍ ബാഗ്..” ഒരു തമിഴന്‍ ഞങ്ങളുടെ ബാഗില്‍ പിടിച്ചിരിക്കുകയാണ്. ഈ സമയം ചിറ്റപ്പന്‍ അവസാനത്തെ ബാഗും എടുത്ത് സ്ഥലത്തെത്തി. അച്ഛനും തമിഴനുമായുള്ള പിടിവലി കണ്ട് ചിറ്റപ്പന്‍ ഒന്ന് ഞെട്ടി. ഒച്ച കേട്ട് അമ്മയും എത്തി. ഇതിനിടയില്‍ ബാഗേന്ന് വിടടോ എന്നൊകെ ചിറ്റപ്പന്‍ പറയുന്നുണ്ട്. പക്ഷെ തമിഴന്‍ വിടാനുള്ള ഭാവമില്ല. അമ്മ നോക്കിയപ്പോള്‍ ആ കറുത്ത ബാഗ് ആദ്യമേ അകത്തെത്തിയതാണ്.

“ഈ ബാഗ് ആരാ പുറത്ത് വെച്ചത്??” അമ്മ ചോദിച്ചു. “പുറത്ത് വെച്ചെന്നൊ??”, അച്ഛന് ഒന്നും മനസിലായില്ല. “അതേന്നെ.. ദേ നമ്മുടെ കറുത്ത ബാഗ് ഇവിടെ അകത്തിരുപ്പുണ്ട്..”, അമ്മ പറഞ്ഞു. “അപ്പോ പിന്നെ ഇതേത് ബാഗ്??” ചിറ്റപ്പന്‍ ചോദിച്ചു. “ഇതെന്‍ ബാഗയ്യാ..” എന്ന് പാണ്ടി.

കണ്‍ഫ്യൂഷനായോ?? സംഭവം നിസാരം.. ഞാനീ പറഞ്ഞ പാണ്ടിയും കുടുംബവും ആ ഗുരുവായൂര്‍ ട്രെയിനില്‍ വന്നവരാണ്. ഓവര്‍ബ്രിഡ്‌ജ് കയറിയിറങ്ങാന്‍ മടിയായത് കൊണ്ട് ഞങ്ങള്‍ വന്ന ട്രെയിന്‍ പോകുന്നത് വരെ കാത്തിരുന്ന ശേഷം പാളത്തിലൂടെ അപ്പുറം കടക്കുകയായിരുന്നു അവര്‍. പാണ്ടി അവരുടെ ബാഗ് എടുത്ത് പ്ലാറ്റ്ഫോമില്‍ വെച്ച് അങ്ങോട്ട് കയറാന്‍ തുടങ്ങുമ്പൊഴേക്കും ഒരുത്തന്‍ ഓടി വന്ന് ബാഗെടുത്തുകൊണ്ട് പോയി.. ആ ഒരാള്‍ എന്റെ ചിറ്റപ്പനായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ?? ധൃതിയില്‍ ആരുടെ ബാഗെന്നൊന്നും നോക്കാതെ പൊക്കിയെടുത്തുകൊണ്ട് ഓടിയതാണ്.. ഏതായാലും പാണ്ടിക്ക് ബാഗ് തിരിച്ച് കിട്ടി, ചിറ്റപ്പന്‍ ഒരു “തിരുടന്‍” ആകാതെ രക്ഷപ്പെടുകയും ചെയ്‌തു.

വേറെയാരുടെയെങ്കിലും ബാഗ് പൊക്കിയിട്ടുണ്ടോ എന്നറിയാന്‍ ഞങ്ങള്‍ ബാഗൊക്കെ ഒന്നൂടെ എണ്ണിനോക്കി. കൂടുതലായി ഒന്നുമില്ലായിരുന്നു. യാത്ര സുഖമായിരുന്നു. മുറി ബുക്ക് ചെയ്‌തിരുന്നത് കൊണ്ട് താമസത്തിനും കുഴപ്പമൊന്നുമില്ലായിരുന്നു. അമ്പലത്തില്‍ തിരക്കിന് കുറവൊന്നുമുണ്ടായിരുന്നില്ല. മൂന്ന് - മൂന്നര മണിക്കൂറൊക്കെ ക്യൂ നിന്നാണ് അകത്തെത്തിയത്. എങ്കിലും അതൊക്കെ ശീലമുള്ളത് കൊണ്ട് അതിനും വിഷമമില്ലായിരുന്നു. ഒടുവില്‍ ആ അവസാന ദിവസവും എത്തി. അന്ന് രാവിലെ 8.15 -നുള്ള ട്രെയിനിന് തൃശൂരിറങ്ങിയാല്‍ ഞങ്ങള്‍ക്ക് കണ്ണൂര്‍ - ആലപ്പുഴ ട്രെയിനില്‍ വീട്ടിലെത്താം. അങ്ങനെ പദ്ധതി പ്രകാരം രാവിലെ 8 മണിയോട് കൂടി ഞങ്ങള്‍ റെയില്‍‌വെ സ്റ്റേഷനില്‍ എത്തി.

എന്നാല്‍ ചിറ്റപ്പന്റെ മുഖത്തൊരു സങ്കടം.. ഗുരുവായൂരില്‍ എല്ലായിടവും പോയി, എന്നാല്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ മാത്രം പോയില്ല. റെയില്‍‌വേ സ്റ്റേഷന് അടുത്താണ് ക്ഷേത്രം. ഞങ്ങള്‍ക്ക് പോകേണ്ട ട്രെയിന്‍ ഇതുവരെ എത്തിയിട്ടില്ല. “ഉള്ള സമയത്ത് ഒന്ന് പോയിട്ട് വന്നാലോ??”, ചിറ്റപ്പന്‍ ചോദിച്ചു. വീണ്ടും ബാഗുമൊക്കെ പൊക്കി എല്ലാവരും കൂടെ പോവണ്ട എന്ന് തീരുമാനിച്ചു. ചിറ്റപ്പന്‍, അപ്പച്ചി, ഞാന്‍, ചേട്ടന്‍, അനന്തു, പപ്പു എന്നിവര്‍ പോകാന്‍ തീരുമാനിച്ചു. പതിനഞ്ച് മിനിറ്റിനകം തിരിച്ചു വരണം എന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ അമ്പലത്തിലേക്ക് നടന്നു(ഓടി എന്ന് പറയുന്നതാവും കുറച്ചുകൂടി ശരി..).

അപ്പച്ചി ആദ്യമേ അകത്ത് കയറി, തൊട്ടുപുറകേ ഷര്‍ട്ട് പോലും ഊരാതെ ചിറ്റപ്പനും.. ഞങ്ങളും ഓടി അകത്ത് കയറാന്‍ പോയപ്പോളാണ് ആ ബോര്‍ഡ് കണ്ണില്‍പെട്ടത്. “അമ്പലത്തിനുള്ളില്‍ ഷര്‍ട്ട്, ബനിയന്‍, ലുങ്കി, കള്ളിമുണ്ട്, പാന്റ് തുടങ്ങിയവ ധരിച്ച് കയറരുത്”. ഞങ്ങള്‍ പുറത്ത് നിന്നു, കാരണം ഞങ്ങള്‍ പാന്റായിരുന്നു ധരിച്ചിരുന്നത്.

അപ്പോഴാണ് പപ്പുവിന്റെ കൊച്ചുതലയില്‍ ഒരു സംശയം രൂപപ്പെട്ടത്, “ഷര്‍ട്ടും പാന്റുമിട്ട് അമ്പലത്തില്‍ കയറരുത് എന്ന് പറഞ്ഞിട്ട് ചിറ്റപ്പന്‍ കയറിയതോ??” അപ്പോഴാണ് ഞങ്ങളും ആ കാര്യം ഓര്‍ത്തത്. ഞങ്ങള്‍ അമ്പലത്തിനകത്തേയ്‌ക്ക് നോക്കി. ചിറ്റപ്പന്‍ ദാ ഓടി വരുന്നു.. “വേഗം പോവണമല്ലോ.. അത് കൊണ്ട് ഞാന്‍ പെട്ടെന്നിറങ്ങി, നിങ്ങടെ അപ്പച്ചി ഇതു വരെ വന്നില്ലെ?” വന്നയുടന്‍ ചിറ്റപ്പന്‍ ചോദിച്ചു. എന്നിട്ട് അകത്തേയ്‌ക്ക് നോക്കി നിന്നു. ഒരു പരിഭ്രമം ആ മുഖത്തുണ്ടായിരുന്നു. അതിന്റെ കാരണം ഞങ്ങള്‍ ഊഹിച്ചു. അപ്പച്ചി പെട്ടെന്ന് വന്നു, ഞങ്ങള്‍ ഉടന്‍ സ്റ്റേഷനിലേക്ക് പോവുകയും ചെയ്‌തു. ട്രെയിനിലിരിക്കുമ്പോള്‍ ഞങ്ങള്‍ ചോദിച്ചു, “ചിറ്റപ്പാ, അമ്പലത്തില്‍ എന്തെങ്കിലും സംഭവിച്ചോ?”

“ഏയ്.. ഒന്നുമില്ല.. എന്താടാ?” ചിറ്റപ്പന്‍ ചോദിച്ചു. നിങ്ങളിതെങ്ങനെയറിഞ്ഞു എന്ന് ചിറ്റപ്പന്‍ ചോദിക്കാതെ തന്നെ ചോദിക്കുന്നതായി ഞങ്ങള്‍ക്ക് തോന്നിയെങ്കില്‍ ഞങ്ങളെ കുറ്റം പറയാനൊക്കുമോ?? നിങ്ങള്‍ തന്നെ പറയൂ..

കഥാപാത്രങ്ങളുടെ ചിത്രങ്ങളുമായി അവസാന ഭാഗം ഉടന്‍...

17 മേയ് 2007

തീര്‍ത്ഥാടനം - ഭാഗം 3

പോലീസ് സ്റ്റേഷനില്‍ നിന്നും വിട്ട ബസ് പിന്നെയൊരിടത്തും നിര്‍ത്തിയില്ല. അതുവരെ അനുഭവിച്ചതിനെല്ലാം കൂടി ഒരു കോമ്പന്‍സേഷന്‍!!! എന്തായാലും ഉച്ചയ്‌ക്ക് ഒന്നരയോടെ ബസ് മൂകാംബികയിലെത്തി. പഴവും ഓറഞ്ചും ബിസ്‌കറ്റുമൊക്കെകൊണ്ട് നമ്മള്‍ എത്ര നേരം പിടിച്ച് നില്‍ക്കും?? മൂകാംബികയിലെത്തുമ്പോള്‍ വിശപ്പ് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരുന്നു.

ബസ് സ്‌റ്റാന്റില്‍ നിന്നും മൂന്ന് ഓട്ടൊകളിലായി ഞങ്ങള്‍ അമ്പലപരിസരത്തെത്തി. ചുറ്റും ഒട്ടേറെ കടകള്‍. അപ്പോളതാ കുറേ കന്നടയ്‌ക്കിടയില്‍ നിന്നും ഒരു മലയാളം കേള്‍ക്കുന്നു.. അത് ഒരു ഹോട്ടലായിരുന്നു, ഒരു മലയാളി ഹോട്ടല്‍. ഒരു വിധം നല്ല ഭക്ഷണം പ്രതീക്ഷിച്ച് ഞങ്ങള്‍ അവിടെ കയറി.

ചോറ് ആവശ്യത്തിന് തന്നു, പക്ഷെ കറികള്‍... അവയെ വര്‍ണ്ണിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല..! ആകെപ്പാടെ വായില്‍ വെക്കാന്‍ കൊള്ളാവുന്നത് ഒരച്ചാര്‍ മാത്രമായിരുന്നു. അച്ചാര്‍ കൂട്ടി തീരുന്നത് വരെ ഞങ്ങള്‍ ഭക്ഷണം കഴിച്ചു. കുറച്ചുകൂടി അച്ചാര്‍ ചോദിച്ചപ്പോള്‍, എന്താണെന്നറിയില്ല, വെയിറ്റര്‍മാര്‍ക്ക് ചെവി കേള്‍ക്കുന്നില്ല! ഞങ്ങള്‍ ആ ദാരുണസത്യം മനസിലാക്കി... “അച്ചാര്‍ ഒരിക്കലേ തരൂ, ബാക്കി കറികള്‍ വേണ്ടുവോളം തിന്നോളൂ” എന്നതാണ് അവരുടെ പോളിസി! ഹോട്ടലിന് പുറത്തിറങ്ങിയപ്പോളാണ് അച്ചാര്‍ തരാത്തതിന്റെ കാരണം ഞങ്ങള്‍ക്ക് മനസിലായത്. അവരുടെ കൌണ്ടറില്‍ പാക്കറ്റുകളാക്കി വെച്ചിരിക്കുന്നു നമ്മുടെ നാട്ടിലെ പ്രശസ്‌തമായ അച്ചാര്‍!

അമ്പലത്തില്‍ തിരക്ക് കുറവായിരുന്നു. അതുകൊണ്ട് തന്നെ ലോഡ്‌ജുകളില്‍ മുറി കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അമ്പലത്തിന് കുറച്ചപ്പുറത്തായി ഞങ്ങള്‍ക്ക് മുറി ലഭിച്ചു.

മൂകാംബികയില്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ അത് ഭക്ഷണത്തിന് മാത്രമാണ്. അവിടുത്തെ ഭക്ഷണരീതിയും നമ്മുടേതുമായുള്ള വ്യത്യാസം അതിന് കാരണമായി. ഭക്ഷണമൊഴിവാക്കിയാല്‍ നല്ലൊരു അനുഭവം തന്നെയായിരുന്നു യാത്രയുടെ ആ ഭാഗം.

അവിടെ ഞങ്ങള്‍ രണ്ട് ദിവസം ചിലവഴിച്ചു. ഒരു കാസറ്റ് കടക്കാരന്‍ ചിറ്റപ്പനെ പറ്റിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും ഞാനും ചേട്ടനും കൂടി ആ ശ്രമം പൊളിച്ചു. സംഭവം ഇങ്ങനെയാണ്..

രാവിലെ ഭക്ഷണം കഴിക്കാനിറങ്ങിയതാണ് ഞങ്ങള്‍. കഴിച്ച് കഴിഞ്ഞ് പുറത്തിറങ്ങി നില്‍ക്കുകയാണ് ഞാന്‍, ചേട്ടന്‍, പപ്പു, അനന്തു എന്നിവര്‍. അച്ഛനും അപ്പുപ്പനും ചിറ്റപ്പനും കൂടി പിറകേ വന്നു. അമ്മയും ചിറ്റയുമൊക്കെ കൈ കഴുകാന്‍ നില്‍ക്കുകയാണ്. അങ്ങനെ നില്‍ക്കുമ്പോളതാ, അടുത്തുള്ള കാസറ്റ് കടയില്‍ നിന്നും നല്ല പാട്ട്.. “സൌപര്‍ണികാമൃത വീചികള്‍ പാടും..”

ചിറ്റപ്പന്‍ ആ പാട്ടില്‍ വീണു. “ഹാ! അതിമനോഹരമായ ഭക്തിഗാനം” എന്നും പറഞ്ഞ് ആശാന്‍ ഉടന്‍ കടയിലേക്ക് കയറി. “യേശുദാസ് പാടിയ നല്ല ഉഗ്രന്‍ ഭക്തിഗാന കാസറ്റ്” എന്ന് പറഞ്ഞ് ആ കാസറ്റ് കാണിക്കുമ്പോളാണ് ആള്‍ പോയതും കടയില്‍ കയറിയതുമൊക്കെ ഞങ്ങള്‍ അറിയുന്നത് തന്നെ!!! ഞങ്ങള്‍ കാസറ്റ് വാങ്ങി നോക്കി. കാലാകാലങ്ങളായി മലയാളസിനിമയില്‍ നിറഞ്ഞുനിന്ന ഭക്തിഗാനങ്ങളുടെ ഒരു കളക്‍ഷന്‍ 60 രൂപയ്‌ക്ക് അവര്‍ വിറ്റിരിക്കുന്നു (ശരിക്കും 75 രൂപയെന്നാണ് പറഞ്ഞത്, പിന്നെ കുറച്ചതാണെന്ന്!!!). ഞാനും ചേട്ടനും കൂടി സത്യാവസ്ഥ ചിറ്റപ്പനെ പറഞ്ഞ് മനസിലാക്കി. കടക്കാരനുമായി ചെറിയ വാക്കുതര്‍ക്കം ഉണ്ടായെങ്കിലും അയാള്‍ പൈസ തിരിച്ചു തന്നു.

അന്ന് ഞങ്ങള്‍ സൌപര്‍ണികയില്‍ കുളിക്കാന്‍ പോയി. നടക്കാനുള്ള ദൂരമേ ഉള്ളു. പോകുന്ന വഴിയില്‍ അച്ഛനും അപ്പുപ്പനുമൊക്കെ സൌപര്‍ണികയുടെ മഹത്വത്തെ പറ്റി ഒരു ക്ലാസ് തന്നെയെടുത്തു. ഔഷധഗുണമുള്ള വെള്ളമാണത്രെ അവിടെ. എന്നാല്‍ സ്ഥലം എത്തിയതോടെ അവര്‍ നിശബ്‌ദരായി. ഏകദേശം പമ്പയുടെ അവസ്ഥ തന്നെയാണ് സൌപര്‍ണികയ്‌ക്കും. ഭക്തര്‍ക്ക് സുരക്ഷയും സൌകര്യവും കൂട്ടാന്‍ വേണ്ടി ആ നദിയെ നശിപ്പിച്ചിരിക്കുന്നു.. രണ്ട് വശവും ബണ്ട് കെട്ടി വെള്ളം ഒഴുകുന്നത് തടഞ്ഞിരിക്കുന്നു(വേനലായത് കൊണ്ടാവാം ചിലപ്പോള്‍ ഒഴുക്കില്ലായിരുന്നത്). ഞങ്ങള്‍ അവിടെ ആ “ഔഷധഗുണമുള്ള” വെള്ളം കണ്ട് നില്‍ക്കേ ഒരു പറ്റം തമിഴന്മാര്‍ ഓടി വന്ന് അതിലേക്ക് എടുത്ത് ചാടി. വെള്ളം കലങ്ങി വേറൊരു നിറമായി!!! എന്തായാലും വന്നുപോയില്ലെ എന്ന് കരുതി ഞങ്ങള്‍ വേഗം ഒന്ന് മുങ്ങികയറി.

അമ്പലം നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടെങ്കിലും അടുത്തുള്ള റോഡുകളില്‍ നടക്കുമ്പോള്‍ സൂക്ഷിക്കണം. താഴെ നോക്കി നടന്നില്ലെങ്കില്‍ ചാണകം കാലില്‍ പറ്റുമെന്നുറപ്പ്. ഒട്ടനവധി കഴുതകളും പേരിന് കുറച്ച് കാളകളും പട്ടികളുമൊക്കെ തങ്ങളാല്‍ കഴിയും വിധം റോഡ് അലങ്കരിച്ചിരുന്നു.

ഒരു ദിവസം ഉച്ചയ്‌ക്കാണ് ഞങ്ങള്‍ മൂകാംബികയില്‍ നിന്നും വണ്ടി കയറിയത്. ഉടുപ്പിയില്‍ ഇറങ്ങി അവിടുത്തെ കൃഷ്‌ണക്ഷേത്രത്തില്‍ പോകാന്‍ തീരുമാനിച്ചിരുന്നു. നാല് മണിയോടെ ഉടുപ്പിയില്‍ എത്തി. അവിടൊരു ഹോട്ടലില്‍ കയറി ചായയൊക്കെ കുടിച്ച് കൃഷ്‌ണക്ഷേത്രത്തില്‍ പോയി. “അന്യന്‍” സിനിമ തുടങ്ങുമ്പോള്‍ കാണിക്കുന്ന വലിയ കുളം ഈ അമ്പലത്തിനടുത്താണ്. അമ്പലത്തില്‍ തിരക്കുണ്ടായിരുന്നു..നല്ല ലഡുവും ഒരല്‍‌പം ഇടിയും കിട്ടി. അവിടുന്ന് ഒരേഴരയോടെ ഞങ്ങള്‍ ബസ് കയറി, മംഗലാപുരത്തേക്ക്(ഒരു തവണ കൂടി റിസ്‌ക് എടുക്കാന്‍ കഴിയാത്തത് കൊണ്ട് ഞങ്ങള്‍ ഉടുപ്പിയില്‍ നിന്നു തന്നെ ഭക്ഷണം കഴിച്ചു!!!).

മംഗലാപുരത്ത് ബസിറങ്ങുമ്പോള്‍ സമയം ഒമ്പതര കഴിഞ്ഞിരുന്നു. ഇങ്ങോട്ടുള്ള വരവിന് ഓട്ടൊക്കാരുടെ “കയ്യിലിരുപ്പ്” ശരിക്കും മനസിലാക്കിയ ഞങ്ങള്‍ റെയില്‍‌വേ സ്റ്റേഷനിലേക്ക് നടന്നു പോകാന്‍ തീരുമാനിച്ചു. ട്രെയിന്‍ പത്ത് മണി കഴിഞ്ഞേ ഉണ്ടായിരുന്നുള്ളു എന്നത് കൊണ്ട് ധൃതിയൊന്നും ഇല്ലായിരുന്നു.

ഇങ്ങോട്ട് ഓട്ടൊയില്‍ വന്നപ്പോള്‍ വലിയ ദൂരമൊന്നുമില്ലയിരുന്നു. പക്ഷെ അങ്ങോട്ട് നടന്നപ്പോള്‍ സ്റ്റേഷന്‍ ഒരഞ്ചാറ് കിലോമീറ്റര്‍ അകലെയാണെന്ന് തോന്നി. എന്തായാലും നടന്ന് തുടങ്ങി, ഇനി നടപ്പ് തന്നെ എന്ന ചിന്തയില്‍ രാത്രിയില്‍ ഞങ്ങളുടെ ആ പട ബാഗുകളുമായി റെയില്‍‌വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്തു. പത്തു മണിയോടെ സ്റ്റേഷനിലെത്തി. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ പത്തരയോടെ ഞങ്ങള്‍ മംഗലാപുരത്തോട് വിട പറഞ്ഞു.

തുടരും

14 മേയ് 2007

തീര്‍ത്ഥാടനം - ഭാഗം 2

കുറച്ച് നേരത്തെ യാത്രയ്‌ക്ക് ശേഷം ബസ് പോലീസ് സ്റ്റേഷനില്‍ എത്തിചേര്‍ന്നു. മനോഹരമായ സ്ഥലം. അതിവിശാലമായ ഒരു പറമ്പിന്റെ അങ്ങേ അറ്റത്താണ് പോലീസ് സ്റ്റേഷന്‍. അവിടിവിടെ തണല്‍മരങ്ങള്‍. ഒരു മരത്തിന് താഴെ ബസ് നിര്‍ത്തി. വണ്ടി നിര്‍ത്തിയ ഉടന്‍ ഡ്രൈവറിനെ പോലീസുകാര്‍ അകത്തേക്ക് കൊണ്ടു പോയി. പുറകേ മറ്റു ബസ് ജീവനക്കാരും. ഞങ്ങള്‍ കുറച്ചു നേരം ബസ്സില്‍ തന്നെയിരുന്നു. ഒന്നും സംഭവിച്ചില്ല. ചിറ്റപ്പന്റെ നേതൃത്വത്തില്‍ കുറച്ച് പേര്‍ സ്റ്റേഷനിലേയ്‌ക്ക് പോയി. ബസ്സില്‍ ഇരുന്നതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഞാനും ചേട്ടനും പപ്പുവും അനന്തുവും പുറത്തിറങ്ങി നിന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ പോയവരില്‍ ഒരാള്‍ തിരികെ വന്നു. “എസ്. ഐ സ്ഥലത്തില്ലത്രെ.. അര മണിക്കൂറിനകം വരും.. നമ്മള്‍ കുറച്ച് നേരം കാത്തിരിക്കേണ്ടി വരും.. ഞങ്ങള്‍ സ്റ്റേഷനില്‍ നില്‍ക്കാം.. നിങ്ങള്‍ ഇവിടെ വിശ്രമിച്ചോളു..”, അയാള്‍ പറഞ്ഞു.

അര മണിക്കൂര്‍ കഴിഞ്ഞിട്ട് ഒരു മണിക്കൂറായിട്ടും എസ്.ഐ എത്തിയില്ല. രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല. വിശപ്പ് മെല്ലെ തലപൊക്കി തുടങ്ങി. ഓറഞ്ചും പഴവും ഒക്കെ കണ്ടു പിടിച്ചവരെ തൊഴുത് പോയി.. അതും കൂടിയില്ലായിരുന്നെങ്കില്‍..!

ഒടുവില്‍ ആ നിമിഷം വന്നെത്തി, എസ്.ഐ ആഗതനായി. ഞങ്ങള്‍ ബസ്സിലുണ്ടായിരുന്നവര്‍ എല്ലാവരും കൂടി സ്റ്റേഷന് നേരെ നീങ്ങി. സ്റ്റേഷനില്‍ ഒരു ആള്‍ക്കൂട്ടം കണ്ട് എസ്.ഐ ഒന്ന് പരുങ്ങി. ബസ്‌ഡ്രൈവറുമായി എന്തൊക്കെയോ സംസാരിച്ചു. എന്നിട്ട് മുന്‍‌നിരയിലിരുന്ന എന്റെ ചിറ്റപ്പനെ ചൂണ്ടി എന്തോ ഡ്രൈവറോട് ചോദിച്ചു. കണ്ടക്‍ടര്‍ തന്റെ മിതമായ ഇംഗ്ലീഷ് പരിജ്ഞാനം ഉപയോഗിച്ച് അതിനെ പരിഭാഷപ്പെടുത്തി തന്നു:- “ഈ നില്‍ക്കുന്നവനാണോ നിന്നെ തല്ലിയത്??”. ഇതു കേട്ട ചിറ്റപ്പന്‍ ഞെട്ടി, ഞങ്ങളും..(പോലീസുകാര്‍ എവിടായാലും ഒരേ സ്വഭാവക്കാരാണ്, കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കും!)

എന്തായാലും ആ ഡ്രൈവര്‍ മാന്യനായത് കൊണ്ട് ചിറ്റപ്പന്‍ രക്ഷപ്പെട്ടു! പെട്ടെന്നുള്ള ഒരു ആരോപണം അല്‍‌പനേരം ചിറ്റപ്പനെ “ഡൌണ്‍” ആക്കിയെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ ചിറ്റപ്പന്‍ തിരിച്ചു വന്നു.. “ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി, ഞങ്ങളെ മൂകാംബികയില്‍ എത്തിച്ചേ തീരൂ” എന്ന വാശിയില്‍ മലയാളികള്‍ ഒന്നിച്ചു ചേര്‍ന്നു.. എസ്.ഐ ഒരുവിധത്തിലും സമ്മതിക്കുന്നില്ല.. ഡ്രൈവറെ വിട്ടുതരില്ല എന്നയാള്‍ ശാഠ്യം പിടിച്ചു.. വേണമെങ്കില്‍ വേറെ ബസ്സില്‍ കയറ്റി വിടാം എന്നയാള്‍ പറഞ്ഞു. അതു സമ്മതിച്ചാലോ എന്ന് ഞങ്ങള്‍ ആലോചിച്ചു. ഒരു നിമിഷം.. ഇതുവരെയുള്ള ബസ്‌യാത്രയുടെ ഭീകരാ‍വസ്ഥ മനസില്‍ മിന്നിമറഞ്ഞു.

പറ്റില്ലാ.............. ഒരിക്കലും നടക്കില്ല... ഇനി നിറയേ ആളുകളുമായി വരുന്ന ബസ്സില്‍, ഞങ്ങളുടെ ലഗ്ഗേജുമായി കയറുന്ന അവസ്ഥ ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ഞങ്ങള്‍ സമ്മതിച്ചില്ല. മാത്രമല്ല എല്ലാവരും കൂടി പോലീസ് സ്റ്റേഷന് പുറത്ത് കുത്തിയിരുന്നു..! എസ്.ഐ ധര്‍മ്മസങ്കടത്തിലായി. ആശാന്‍ ഒരു ചര്‍ച്ച ആവശ്യപ്പെട്ടു. ചിറ്റപ്പനും എന്റെ അച്ഛനും വേറെ രണ്ട് പേരും കൂടി ചര്‍ച്ചയ്‌ക്കായി അകത്തേയ്‌ക്ക് പോയി. ബാക്കിയുള്ളവര്‍ പുറത്തിരുന്നു. എന്താണീ എസ്.ഐ ഡ്രൈവറിനെ വിടാത്തത്?? ഇതായിരുന്നു ഞങ്ങളുടെ സംശയം. കൂട്ടത്തിലൊരു യാത്രക്കാരന്‍ ആ സംശയം തീര്‍ത്തു തന്നു.

ശരിക്കുമുള്ള പ്രശ്‌നം സൈഡ് കൊടുക്കല്‍ സംബന്ധിച്ചായിരുന്നു. ഒരു ലോറി ഞങ്ങളുടെ ബസ്സിന് സൈഡ് തരാന്‍ വിസമ്മതിച്ചു. ഞങ്ങളുടെ ഡ്രൈവര്‍ റോങ്ങ് സൈഡില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ലോറിയിലെ “പാവത്താനായ” കിളി ഡ്രൈവറുടെ നേരെ വെള്ളം കോരിയൊഴിച്ചു..! വണ്ടി നിര്‍ത്തി ഡ്രൈവര്‍ ചാടിയിറങ്ങി. കിളി താന്‍ വെള്ളം കളഞ്ഞപ്പോള്‍ അറിയാതെ വീണതാണെന്ന് പറഞ്ഞെങ്കിലും ഡ്രൈവര്‍ അയാള്‍ക്കിട്ടൊന്ന് പൊട്ടിച്ചു.. ഒരു വടിയെടുത്ത് ലോറിയുടെ ചില്ലടിച്ച് തകര്‍ക്കുകയും ചെയ്‌തു.. ദാറ്റ്സ് ആള്‍! തുടര്‍ന്നാണ് ഗംഭീരമായ കൂട്ടത്തല്ല് അവിടെ അരങ്ങേറിയത്.. (ഇത്രയും നടന്നിട്ടും ഞങ്ങള്‍ ഒന്നുമറിഞ്ഞില്ല എന്ന് പറയുമ്പോള്‍ നിങ്ങള്‍ ഊഹിക്കണം ആ ബസ്സിലെ തിരക്ക്..)

ഇതിനിടെ മറ്റു ചിലരും സ്റ്റേഷനിലേയ്‌ക്ക് വന്നു. അത് ലോറി ഡ്രൈവറും കിളിയുമൊക്കെയാണെന്ന് ആ യാത്രക്കാരനില്‍‍ നിന്ന് ഞങ്ങള്‍ മനസിലാക്കി. അവരും എസ്.ഐയും ചിറ്റപ്പന്‍ & പാര്‍ട്ടിയും ബസ്സുകാരും തമ്മില്‍ കൂലങ്കഷമായ ചര്‍ച്ചയ്‌ക്കൊടുവില്‍ ചില തീരുമാനങ്ങള്‍ എടുത്തു :

  • ഡ്രൈവര്‍ ലോറിക്കാര്‍ക്ക് നഷ്‌ടപരിഹാരം കൊടുക്കും.
  • ഞങ്ങളെ ബുദ്ധിമുട്ടിച്ചതിന് പകരമായി ആ ബസ്സില്‍ തന്നെ ഞങ്ങളെ മൂകാംബികയിലെത്തിക്കും.
  • അവിടേയ്‌ക്ക് പോകുന്ന വഴിയില്‍ മറ്റൊരിടത്തും ബസ് നിര്‍ത്തില്ല.

അങ്ങനെ മണിക്കൂറുകള്‍ നീണ്ട പോലീസ് സ്റ്റേഷന്‍ ചാപ്‌റ്ററിന് ശുഭാന്ത്യം.. ബസ് ഞങ്ങളേയും കൊണ്ട് മൂകാംബിക ലക്ഷ്യമാക്കി കുതിച്ചു.

തുടരും


13 മേയ് 2007

തീര്‍ത്ഥാടനം - ഭാഗം 1

അപ്പുപ്പന്‍, അമ്മുമ്മ, അച്ഛന്‍, അമ്മ, ചിറ്റപ്പന്‍, ചിറ്റ, മേമ്മ, അപ്പച്ചി, കണ്ണന്‍ ചേട്ടന്‍, അനന്തു, പപ്പു, ഞാന്‍.. ഞങ്ങള്‍ പന്ത്രണ്ട് പേര്.. ഒരു ദിവസം രാത്രി 9 മണിയോടെ ട്രെയിന്‍ കയറുന്നു, മംഗലാപുരത്തേയ്‌ക്ക്. മൂകാംബികയില്‍ പോകുന്നു, വരുന്ന വഴി ഗുരുവായൂരപ്പനെ കണ്ട് തിരിച്ച് വീട്ടിലെത്തുന്ന ഒരാഴ്‌ചത്തെ തീര്‍ത്ഥാടന പരിപാടി ആ ട്രെയിനില്‍ നിന്നാരംഭിക്കുന്നു.

അഞ്ചരയ്‌ക്ക് മംഗലാപുരത്തെത്തേണ്ട ട്രെയിന്‍ അന്ന് രണ്ട് മണിക്കൂറോളം വൈകി. എട്ട് മണിയോടെ ഞങ്ങള്‍ ബസ് സ്റ്റാന്റിലെത്തി. ചോദിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് രണ്ട് മണിക്കൂര്‍ കൊണ്ട് മൂകാംബികയിലെത്തും എന്നാണ്. ഞങ്ങള്‍ കണക്ക് കൂട്ടി.. പത്ത് - പത്തരയോടെ അവിടെയെത്തും. എന്നാല്‍ പിന്നെ അവിടെ ചെന്നിട്ടാവാം ബ്രേക്ക്ഫാസ്റ്റ്..

ഉടന്‍ തന്നെ ബസ് വന്നു.. സൂപ്പര്‍ഫാസ്റ്റ് - ലിമിറ്റഡ് സ്റ്റോപ്പ് ബസ്. ഇതേത് ടൈപ്പാണോ ആവോ.. ഞങ്ങള്‍ കയറി. ഒരര മണിക്കൂറ് കൊണ്ട് ഞങ്ങള്‍ക്കൊരു കാര്യം മനസിലായി.. ബസിന്റെ പേരിലേ സൂപ്പര്‍ഫാസ്റ്റ് - ലിമിറ്റഡ് സ്റ്റോപ്പ് ഒക്കെയുള്ളു. നമ്മുടെ KSRTC ഓഡിനറി ബസ്സിലും കഷ്ടമാണ് കാര്യം.. സകല സ്റ്റോപ്പിലും വണ്ടി നിര്‍ത്തും.. ആളുകള്‍ ഇടിച്ചു കയറും.. ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നും നിങ്ങളിരിക്കുന്ന സീറ്റില്‍ വേറെ പത്തു പേരുണ്ടെന്ന്.. അത്ര തിരക്ക്..!

ബസ്സില്‍ കയറിയിട്ട് ഒരു മണിക്കൂറാവുന്നു.. പകുതി ദൂരം പോലും കഴിഞ്ഞിട്ടില്ല എന്ന് വഴിയിലെ ബോര്‍ഡുകളില്‍ നിന്നും മനസിലായി. ഒരു കാര്യത്തില്‍ മാത്രം സന്തോഷം തോന്നി.. ബസ് യാത്രകളിലെ സ്ഥിരം വാള്‍പയറ്റുകാരനായ അനന്തു അന്ന് “നോര്‍മലായിരുന്നു”. ബസ് ഒരു വിധം തിരക്കുള്ള ഏതോ ഒരു കവലയിലെത്തി. കുറച്ച് നേരം അവിടെ നിര്‍ത്തിയിട്ടു. പെട്ടെന്നാണ് ഒരു ബഹളം..!

എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവുന്നതിന് മുമ്പേ ഡ്രൈവറേ ഒരു കൂട്ടം ആളുകള്‍ പൊക്കിയെടുത്തോണ്ട് പോയി അടി തുടങ്ങി..! ഇത് കണ്ട ബസ് ജീവനക്കാര്‍ കന്നടയില്‍ എന്തൊക്കെയോ വിളിച്ച് കൂവി (മിക്കവാറും തെറിയായിരിക്കും.. അതെങ്ങനെ മനസിലായി എന്ന് ചോദിക്കരുത്. തെറിയുടെ ഒരു “മണം” വന്നു.. അത്രതന്നെ.!) ചാടിയിറങ്ങി. പിന്നങ്ങോട്ട് എന്തൊക്കെയാണാവോ നടന്നത്.. സിനിമാസ്റ്റൈലിലല്ലേ അടി!

ഒടുവില്‍ പോലീസെത്തി.. ബസുകാരോട് എന്തൊക്കെയോ സംസാരിച്ചു. ഒടുവില്‍ അറിയാവുന്ന ഇംഗ്ലീഷും മേമ്പൊടിക്ക് കന്നടയും ഹിന്ദിയും ചേര്‍ത്ത് അവര്‍ പറഞ്ഞു, “ഞങ്ങള്‍ ബസ് കസ്റ്റഡിയില്‍ എടുക്കുകയാണ്.. അതുകൊണ്ട് യാത്രക്കാര്‍ ഇവിടെ ഇറങ്ങണം..”

“ഇല്ലാ.. നഹീ.. നോ.. ഇറ്റ് ഈസ് നോട്ട് പോസിബിള്‍..!” ഒരു ഗര്‍ജനം. ആരാണത്?? മറ്റാരുമല്ല, എന്റെ ചിറ്റപ്പന്‍. ചിറ്റപ്പന്‍ നാഗ്‌പൂരില്‍ ഓര്‍ഡിനന്‍സ് ഫാക്‍ടറിയില്‍ ജോലി ചെയ്യുന്ന ആളാണ്. അതുകൊണ്ട് തന്നെ പല ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരുന്നു. ചിറ്റപ്പന്റെ വായില്‍ നിന്നും ഹിന്ദിയും ഇംഗ്ലീഷുമൊക്കെ അനര്‍ഗളനിര്‍ഗളം പ്രവഹിച്ചപ്പോള്‍ പോലീസുകാര്‍ വായും പൊളിച്ച് നിന്നു..! കാര്യം നിസാരം. ഞങ്ങള്‍ മലയാളികള്‍ ആരും ബസ്സില്‍ നിന്നും ഇറങ്ങുന്ന പ്രശ്നമില്ല. കാരണം ഞങ്ങള്‍ക്ക് സ്ഥലം പരിചയമില്ല, ഭാഷ അറിയില്ല, സര്‍വോപരി മൂകാംബിക വരെയുള്ള “സൂപ്പര്‍ഫാസ്റ്റിന്റെ” ടിക്കറ്റ് ചാര്‍ജ് കൊടുത്തുപോയി.

പോലീസുകാര്‍ പതിനെട്ടടവും പയറ്റി. നോ രക്ഷ! മലയാളികളുടെ ഒരുമ അറിയാമല്ലോ (ഇല്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ ഒരു ധര്‍ണ ഓര്‍ത്തു നോക്കൂ)?? ആരും ബസ്സില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ പോലീസുകാര്‍ പറഞ്ഞു, “ ഞങ്ങളുടെ എസ്.ഐ സ്റ്റേഷനിലാണ്. അദ്ദേഹത്തിനോട് ആലോചിച്ച് വേണ്ട പരിഹാരമുണ്ടാക്കാം”.

കുറച്ച് നേരത്തേക്ക് ഞങ്ങളുടെ നേതാവിന്റെ സ്ഥാനം ചിറ്റപ്പന്‍ ഏറ്റെടുത്തു. കാര്യങ്ങള്‍ യാത്രക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം സ്റ്റേഷനില്‍ പോകാന്‍ തന്നെ തീരുമാനിച്ചു.

അങ്ങനെ ബസ് പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങി. അവിടുത്തെ സ്ഥിതിയെന്താവുമെന്ന് ഓര്‍ത്ത് ഞങ്ങള്‍ വണ്ടിയില്‍ ഇരുന്നു...

തുടരും