08 ഒക്‌ടോബർ 2011

മറവി


വണ്ടി കൃത്യമായി തന്നെ ഓഫീസിന്റെ വാതില്‍ക്കല്‍ എത്തി. സമയം രാവിലെ 8.45. ഞാന്‍ പുറത്തിറങ്ങി. എന്നത്തേയും പോലെ ഞാന്‍ ജോലി ചെയ്യുന്ന വലിയ കെട്ടിടത്തിലേക്ക് നോക്കി. 18 നിലകള്‍ ഉണ്ട്.. എന്റെ ഓഫീസ് ലക്ഷ്യമാക്കി ഞാന്‍ നടക്കാന്‍ തുടങ്ങി.

“സാറേ.. ഫോണ്‍ !” പിന്നില്‍ നിന്നും ഡ്രൈവറുടെ വിളിയെത്തി. മൊബൈല്‍ ഫോണ്‍ വണ്ടിയില്‍ വെച്ച് മറന്നേനെ. അയാളോട് നന്ദി പറഞ്ഞ് ഫോണും വാങ്ങി ഞാന്‍ നടന്നു.

ലിഫ്റ്റിന്റെ അടുത്ത് 4-5 പേര്‍ നിന്നിരുന്നു. ഏഴാം നിലയിലെ ഐ.ടി കമ്പനിയിലെ ടീംസ് ആണെന്ന് കഴുത്തില്‍ തൂങ്ങി കിടന്ന റ്റാഗ് കണ്ടപ്പോള്‍ മനസിലായി. സ്റ്റീവ് ജോബ്‌സിനെ പറ്റിയായിരുന്നു സംസാരം. പുള്ളി മരിച്ചു എന്ന് രാവിലെ പത്രത്തില്‍ വായിച്ചതോര്‍ത്തു. ആപ്പിള്‍ എന്നാല്‍ ഒരുപാട് വിലയ്‌ക്ക്, കാണാന്‍ ഭംഗിയുള്ള സാധനങ്ങള്‍ വില്‍‌ക്കുന്ന ഒരു കമ്പനി എന്നായിരുന്നു എന്റെ ധാരണ. എന്നാല്‍ ഈ യോയോ പയ്യന്മാരില്‍ നിന്നും മനസിലായി ആപ്പിള്‍ എന്തോ വലിയ സംഭവമാണെന്ന്. ഞാനൊക്കെ വലിയ വില കൊടുത്തിരുന്ന ബില്‍ ഗേറ്റ്സ് ആപ്പിളില്‍ നിന്ന് അടിച്ച് മാറ്റിയാണ് വിന്‍ഡോസ് ഉണ്ടാക്കിയതെന്നൊക്കെ പിള്ളേര് തട്ടി വിടുന്നുണ്ട്. ശരിയാണോ ആവോ?

ലിഫ്റ്റ് നാലാം നിലയില്‍ എത്തി. 3-4 പെണ്‍കുട്ടികള്‍ കയറി. ലിഫ്റ്റില്‍ മൊത്തം സ്പ്രേയുടെ മണം പരന്നു. ആ മണത്തില്‍ സ്റ്റീവ് ജോബ്‌സ് അലിഞ്ഞ് പോയെന്ന് തോന്നുന്നു. പയ്യന്മാര്‍ കൂട്ടത്തില്‍ രണ്ട് പെണ്‍കുട്ടികളുമായി എന്തൊക്കെയോ സംസാരിക്കാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം ഓഫീസിലെ ഏതോ മന്ദബുദ്ധിയെ പറ്റിച്ച കഥയോ മറ്റോ ആണെന്ന് തോന്നുന്നു. ഏതായാലും ഏഴാം നിലയില്‍ ഒരു പട ആളുകള്‍ ഇറങ്ങി പോയി.

2 പെണ്‍കുട്ടികളും ഞാനും മാത്രമായി ലിഫ്റ്റില്‍. അവര്‍ പതിനാലാം നിലയിലോ പതിനഞ്ചാം നിലയിലോ ഉള്ളവര്‍ ആണെന്ന് തോന്നുന്നു. ആ രണ്ട് കൂട്ടരുടേയും റ്റാഗ് ഒരുപോലെ ഇരിക്കും. നേരത്തെ ഇറങ്ങിയ പെണ്‍കുട്ടികളും ഇവരും ഒരുമിച്ച് താമസിക്കുന്നവര്‍ ആവണം. അവര്‍ ഇറങ്ങിയ പുറകെ രണ്ടും കൂടെ ചലപില സംസാരം തുടങ്ങി. ഇറങ്ങി പോയവരെ പറ്റിയുള്ള പരദൂഷണമാണെന്ന് വ്യക്തം! പോയവരില്‍ രണ്ട് പേര്‍ കട്ടയ്ക്ക് ലവ് ആണെന്നും ലിഫ്റ്റില്‍ ഉമ്മ വെക്കുന്നത് കണ്ടിട്ടുണ്ടെന്നും ഒക്കെ നല്ല ശബ്ദത്തില്‍ പറയുന്നുണ്ട്. ഹിന്ദി എനിക്ക് മനസിലാവില്ലെന്നാണോ ഇവര്‍ കരുതിയത്?

പതിനഞ്ചാം നിലയില്‍ ലിഫ്റ്റ് നിന്നു. ഹിന്ദിക്കാരായ പെണ്‍കുട്ടികള്‍ ഇറങ്ങാന്‍ തുടങ്ങി. ഒരു തടിയന്‍ അകത്തേക്ക് കയറാനും നില്‍ക്കുന്നു. ലിഫ്റ്റ് അടയാന്‍ വിടാതെ ഡോറില്‍ നിന്നും കുറച്ച് നേരം കുശലാന്വേഷണം. ഹിന്ദിയില്‍ തന്നെ. തടിയന്‍ ഇന്ന് നേരത്തെ ആണല്ലോ എന്ന ചോദ്യത്തിന് പതിനെട്ടാം നിലയിലെ ജിമ്മില്‍ പോകാനാണ് നേരത്തെ വന്നതെന്നും 2 മണിക്കൂര്‍ കസര്‍ത്ത് കഴിഞ്ഞ് ഫ്രഷ് ആയി സമയത്ത് ഓഫീസില്‍ എത്തുമെന്നും തടിയന്‍ പറഞ്ഞു. തടിയന്‍ മറ്റൊരു ഷിഫ്റ്റില്‍ ആയിരിക്കും ജോലി ചെയ്യുന്നത് എന്ന് ഞാന്‍ ഊഹിച്ചു. പിന്നേയും ടീം ലീഡറിനെ പറ്റി എന്തൊക്കെയോ ഗോസിപ്പ് അടിച്ച ശേഷം ഹിന്ദിക്കാരികള്‍ ഓഫീസിലേക്ക് പോയി. തടിയന്‍ ലിഫ്റ്റിലും കയറി.

പതിനെട്ടാം നിലയെത്തി. തടിയന്‍ ഇറങ്ങുന്നതിന് തൊട്ടു മുമ്പായി ചോദിച്ചു: “വിച്ച് ഫ്ലോര്‍, സര്‍?” ഒരു നിമിഷം. ആ സത്യം ഞാന്‍ മനസിലാക്കി. ലിഫ്റ്റ് ഡോര്‍ തുറന്നു കഴിഞ്ഞിരുന്നു. തടിയന്‍ പുറത്തിറങ്ങി. ചോദ്യഭാവത്തില്‍ എന്നെ ഒന്ന് നോക്കി.

ഞാന്‍ അയാളെ നോക്കിയതേയില്ല. മെല്ലെ 2 എന്ന ബട്ടണ്‍ അമര്‍ത്തി. സംശയത്തോടെ തടിയന്‍ നോക്കി നില്‍ക്കേ എനിക്കും അയാള്‍ക്കുമിടയില്‍ ലിഫ്റ്റ് ഡോര്‍ അടഞ്ഞു. പിന്നെ ലിഫ്റ്റ് എന്നേയും കൊണ്ട് രണ്ടാം നിലയിലെ എന്റെ ഓഫീസിലേക്ക് നീങ്ങി.