22 സെപ്റ്റംബർ 2012

റോമിങ്ങ്



ഒരു മൊബൈല്‍ ഫോണ്‍.. ആപ്പിള്‍ അല്ല, സാംസങ്ങ് അല്ല, ആന്‍ഡ്രോയിഡ് ഇല്ല, നോക്കിയയും അല്ല.. മാര്‍ക്കറ്റില്‍ പുതിയതായി ഇറക്കാന്‍ പോകുന്ന ഒരു ഫോണ്‍. ഒരു പുതിയ ബ്രാന്‍‌ഡ്. ഈ ഫോണിനെ പറ്റി പറയാന്‍ നൂറ് നാവായിരുന്നു ബോസിന്. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍, It's the product that's gonna revolutionize the smart phones. എന്തോ ഹൈ ടെക്ക് സംവിധാനം ഉള്ള അപാരമായ പ്രൊസസിങ്ങ് കപാസിറ്റി ഉള്ള ഒരു ഇടിവെട്ട് സാധനം. മള്‍ട്ടി ടാസ്‌കിങ്ങില്‍ ഈ ഫോണിനെ വെല്ലാന്‍ ഇനിയും വേര്‍ഷനുകള്‍ പലത് മാറേണ്ടി വരും ഇന്നുള്ള ഫോണുകള്‍ക്ക്. വര്‍ഷങ്ങളുടെ റിസെര്‍ച്ചിന് ശേഷം കമ്പനി കണ്ടെത്തിയ, അവരുടെ മാര്‍ക്കറ്റ് എന്‍‌ട്രി ആകുന്ന ഫോണ്‍. ഇതാണ് എന്റെ ഏറ്റവും പുതിയ ക്ലയന്റ്.

ഞാന്‍ ജോലി ചെയ്യുന്നത് ഒരു ബ്രാന്‍‌ഡിങ്ങ് സ്ഥാപനത്തിലാണ്. പുതിയതായി വരുന്ന പല കമ്പനികളും ഞങ്ങളെ സമീപിക്കാറുണ്ട്. കാരണം, ഇപ്പോഴുള്ള മാര്‍ക്കറ്റിലേക്ക് അവര്‍ കയറുമ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു സൈലന്റ് എന്‍‌ട്രി അല്ല വേണ്ടത്. ലോകം കിടുങ്ങണം. പതിയെ വരുന്നവരുടെ കാലമൊക്കെ കഴിഞ്ഞു. ഞങ്ങള്‍, അവര്‍ വില്‍‌ക്കാന്‍ ഉദ്ദേശിക്കുന്ന വസ്തു, അതിന്റെ ഗുണഗണങ്ങള്‍, ദോഷങ്ങള്‍, “ശത്രുക്കള്‍”, “മിത്രങ്ങള്‍” തുടങ്ങിയവയൊക്കെ പഠിച്ച് അവര്‍ക്ക് നല്ലൊരു എന്‍‌ട്രീ നല്‍കുന്നു. ആ ജോലിയുടെ ഭാഗമായി അവരുടെ പുതിയ ഫോണിന് ചേരുന്നൊരു ക്യാപ്‌ഷന്‍ ഒരുക്കുകയാണ് എന്റെ ദൌത്യം.

പാന്‍‌ട്രിയില്‍ നിന്നും ഒരു കപ്പ് ചായയുമെടുത്ത് ഞാന്‍ എന്റെ സീറ്റില്‍ വന്നിരുന്നു. മനസില്‍ പല പദങ്ങള്‍ ഓടി നടന്നു - മൊബൈല്‍ ഫോണ്‍, മള്‍ട്ടി ടാസ്‌കിങ്ങ്, റെവല്യൂഷനറി - എന്ത് റെവല്യൂഷനറി, എന്ത് ഡെമോക്രസി എന്ന് ചോദിക്കുകയാണ് സുഹൃത്തുക്കളേ.. സന്ദേശം സിനിമയിലെ മാമുക്കോയയുടെ ഡയലോഗ്  ഓര്‍മ്മയിലേക്ക് കയറി വന്നു. സത്യന്‍-ശ്രീനി ടീമിന്റെ ഒരുഗ്രന്‍ പടമായിരുന്നു. ഇപ്പോഴും കാലികപ്രസക്തിയുള്ള ഒരു സിനിമ. ആ സിനിമയെടുത്ത സത്യന്‍ ഇപ്പോള്‍ സ്വന്തമായി സ്‌ക്രിപ്റ്റ് എഴുതി നാട്ടുകാരെ ഉപദേശിക്കുന്നു. ശ്രീനിവാസനോ, സരോജ് കുമാര്‍ എന്നൊക്കെ പറഞ്ഞ് ബോറന്‍ പടങ്ങള്‍ ഇറക്കുന്നു. മോഹന്‍ലാലിനെ കളിയാക്കാന്‍ വേണ്ടി എടുത്ത സിനിമ. മോഹന്‍ലാലിന് അത് വേണം. ഇത്രേം കഴിവും ആരാധകരും ഒക്കെയുള്ള ഒരു നടന്‍ ചെയ്യേണ്ട വേഷങ്ങളാണോ പുള്ളി ചെയ്യുന്നത്? ശരിക്കും പുള്ളി ടാക്‍സ് വെട്ടിച്ചോ? പുള്ളീടെ വീട്ടില്‍ നിന്ന് പിടിച്ച ആനക്കൊമ്പ് ഒറിജിനല്‍ തന്നെയാണോ? ആര്‍ക്കറിയാം..

ഇനി അഥവാ അത് ഒറിജിനല്‍ ആണെങ്കില്‍.. ഹൊ ദുഷ്‌ടന്‍! ഒരു പാവം ആനയെ.. ഒരു കണക്കിന് പറഞ്ഞാല്‍ ജീവനോടെ നിര്‍ത്തി കൊല്ലാതെ കൊല്ലുന്നതിലും നല്ലത് കൊമ്പിന് വേണ്ടിയാണേലും അതിനെ പെട്ടെന്ന് കൊല്ലുന്നതാ. അമ്പലത്തില്‍ പറയ്‌ക്കും എഴുന്നള്ളിപ്പിനും, പിന്നെ തടി പിടിക്കാനും ഒക്കെ ആനകളെ അല്ലേ ഉപയോഗിക്കുന്നത്? പിന്നെ നമ്മുടെ സൌകര്യം നോക്കി അതിന്റെ കാലേല്‍ മൊത്തം ചങ്ങലയും ഇടും. കാല്‍ കെട്ടി വെച്ച് നടക്കുന്നത് ആലോചിക്കാന്‍ വയ്യ. അപ്പോളാണ് കാലും കെട്ടി അതും പോരാഞ്ഞ് തടി പിടിക്കാനും നോക്കണം.

വീട്ടില്‍ തടി ഇറക്കാന്‍ സമയമായി. ആ എഞ്ജിനീയര്‍ ചങ്ങാതിയെ ഒന്ന് കാണണം. അങ്ങേര് പറഞ്ഞ എസ്റ്റിമേറ്റിലൊന്നും വീട് പണി തീരുമെന്ന് തോന്നുന്നില്ല. സാധനങ്ങള്‍ക്ക് ഒക്കെ ഇപ്പോള്‍ എന്താ വില. ഇനി ഡീ‍സല്‍ വില കൂട്ടിയത് കാരണം ലോറിക്കാര് ചാര്‍ജ്ജ് കൂട്ടും.മിക്കവാറും വീട് പണി തീരുമ്പോഴേക്കും ഞാന്‍ പാപ്പരാവുമെന്നാ തോന്നുന്നത്. ഫ്രണ്ട് ഡോറിനെ പറ്റി ശ്രീമതി ഒരഭിപ്രായം പറഞ്ഞിട്ടുണ്ട്. തടി കൊണ്ട് വന്നിട്ട് ആശാരിയെ കാണിച്ചിട്ട് വേണം സംഗതി ശരിയാകുമോ എന്ന് നോക്കാന്‍. അവളുടെ ആഗ്രഹമല്ലേ..

അവളുടെ ഏതാഗ്രഹമാണ് ഞാന്‍ സാധിക്കാത്തത്? അത്ര നല്ലൊരു ഭാര്യയല്ലേ അവള്‍. കല്ല്യാണം കഴിഞ്ഞ് മൂന്നാം നാള്‍ ജോലി പോയതായിരുന്നു, റിസിഷന്‍ ആയിരുന്നു കാരണം. ഹണിമൂണിന് പോകേണ്ട ഞാന്‍ ജോലി തെണ്ടാനാണ് ഇറങ്ങിയത്. അന്ന് നീ തന്ന ധൈര്യമാണ് എനിക്ക് വീണ്ടും മുന്നോട്ട് പോകാനും ഇപ്പോള്‍ ദേ, ഇത് പോലെയൊക്കെ ജോലി ചെയ്യാനും അവസരം ഒരുക്കിയത്.

റിസിഷന്‍ ഒരു ഭയങ്കരന്‍ സംഭവമായിരുന്നു. പക്ഷെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ നന്നായി എന്ന് തോന്നുന്നു. എനിക്കിഷ്‌ടമില്ലാത്ത സോഫ്റ്റ്വെയര്‍ മേഖലയിലെ ജോലി പോകാന്‍ കാരണം റിസിഷന്‍ ആണല്ലോ.. ഒരു ലക്ഷ്യബോധമില്ലാതെ പഠിച്ച് പഠിച്ച് ഒടുവിലെത്തിയതാണ് സോഫ്റ്റ്വെയര്‍ എഞ്ജിനീയര്‍ എന്ന പദവിയിലേക്ക്. എനിക്ക് വല്യ താല്പര്യമില്ലാഞ്ഞിട്ടും എന്തിന് ഞാന്‍ ആ ജോലി തിരഞ്ഞെടുത്തു എന്ന് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒരു അത്ഭുതം.

ഒരര്‍ത്ഥത്തില്‍ ഞാന്‍ മാത്രമല്ല, എനിക്കൊപ്പമുണ്ടായിരുന്ന പലരും അവരുടെ ഇഷ്‌ട മേഖലയിലല്ല ജോലി ചെയ്യുന്നത്. You should do the work you really like. Then you will no longer be working. ഇങ്ങനെയാരോ പറഞ്ഞിട്ടുണ്ട്. ആരാണെന്നറിയില്ല, പക്ഷെ അതൊരു വലിയ സത്യം തന്നെയാണ്. എഞ്ജിനീയറിങ്ങ് പഠിച്ചിട്ട് ബാങ്കില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ ഉണ്ട് എനിക്ക്. എന്തിനാണോ അവര്‍ ആ ജോലിക്ക് പോകുന്നത്? ആ ജോലി അവര്‍ ഇഷ്‌ടപ്പെടുന്നുണ്ടാവുമോ? അറിയില്ല. ഒരുപക്ഷെ നല്ല ശമ്പളമുള്ള ജോലിക്ക് വേണ്ടി ഇഷ്‌ടമുള്ളത് ചെയ്യാതിരിക്കുമായിരിക്കും. എന്ത് സന്തോഷമാണോ അത് കൊണ്ട് കിട്ടുന്നത്? ഈ കാശൊക്കെ കൊണ്ട് എന്ത് ചെയ്യാന്‍? ആദ്യം ആവശ്യങ്ങള്‍ നടത്തും. പിന്നെ പിന്നെ ആവശ്യങ്ങള്‍ സൃഷ്‌ടിക്കും.

ഞാന്‍ തന്നെ, ആദ്യം വീട്ടില്‍ ഒരു ഡെസ്‌ക്‍ടോപ്പ് ഉണ്ടായിരുന്നു. അതിന് ഒരു കുഴപ്പവും ഇല്ലെങ്കിലും ഒരു പുതിയ ലാപ്‌ടോപ് വാങ്ങി. ഒരിടത്ത് മാത്രം ഇരുന്ന് കമ്പ്യൂട്ടര്‍ നോക്കണ്ട എന്ന് കരുതി. യാത്രകളില്‍ ഉപകരിക്കും എന്ന് സ്വയം പറഞ്ഞു. എന്നാല്‍ ഏത് യാത്രയില്‍ ഞാന്‍ ലാപ്‌ടോപ് കൂടെ കൊണ്ട് പോയി? എനിക്കറിയില്ല. ആദ്യകാലങ്ങളില്‍ ഒന്ന് രണ്ട് തവണ കൊണ്ട് പോയിട്ടുണ്ട്. പക്ഷെ പിന്നെ അതൊരു ഭാരമായി തോന്നിയപ്പോള്‍ ലാപ്‌ടോപ് യാത്രകളില്‍ കൂടെ വരാതായി. പിന്നെ ഒരു ഐ-പാഡ് വാങ്ങി.കനം കുറവ്, കൊണ്ട് നടക്കാന്‍ സൌകര്യം - അങ്ങനെ വീണ്ടും മനസിന് ഒരോരോ കാരണങ്ങള്‍ പറഞ്ഞ് കൊടുത്തു.എന്നിട്ടോ? ഇപ്പോള്‍ ഐ-പാഡും വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന വസ്തുവായി മാറി.

പുതിയ ഫോണ്‍ ഒരെണ്ണം വാങ്ങണമെന്നുണ്ട്. പുതിയ സ്‌മാര്‍ട്ട് ഫോണില്‍ ഏതാണ് നല്ലതെന്ന് അന്വേഷണം നടത്തുന്നു. അത് പറഞ്ഞപ്പോഴാ.. എന്റെ പുതിയ പ്രൊഡക്റ്റ് ഒരു സ്‌മാര്‍ട്ട് ഫോണ്‍ ആണല്ലോ.. ഇതിന്റെ അവസാനം അറിയാം ഈ ഫോണ്‍ വാങ്ങണോ വേണ്ടയോ എന്ന്.

ഫോണിന്റെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്. ക്യാപ്‌ഷന്‍ ഉച്ചയ്‌ക്ക് മുമ്പ് കൊടുക്കണമെന്ന് പറഞ്ഞിരുന്നു ബോസ്. ഞാന്‍ ഓരോ ചിന്തയുമായി കാടു കയറി പോയി.. മൈന്‍ഡ് ജസ്റ്റ് റോംസ് എറൌണ്ട്. ഒരൊറ്റ നിമിഷത്തില്‍ എത്ര ചിന്തകളാണ്.. അത് കൊള്ളാമല്ലോ.. ഒരു മനസ്, ഒരുപാട് ചിന്തകള്‍.. ഒരു ഫോണ്‍.. ഒരുപാട് ജോലികള്‍.. മള്‍ട്ടിടാസ്‌കിങ്ങ്.. അതാണ് അവരുടെ ഹൈലൈറ്റ്. അപ്പോള്‍ ഈ ക്യാപ്‌ഷന്‍ കൊള്ളാമെന്ന് തോന്നുന്നു.. ഒരു മനസ്, ഒരുപാട് ചിന്തകള്‍..

One Mind.. A Million Thoughts..

കിട്ടിയ ക്യാപ്‌ഷനുമായി ഞാന്‍ ഡിസൈനറുടെ മുറിയിലേക്ക് നടന്നു...