21 ജൂലൈ 2014

റെഡ് || RED


വിവേക് തന്റെ വാച്ചില്‍ നോക്കി. മണി വൈകുന്നേരം 5.55. ഇല്ല. ഇന്ന് 6 മണിക്കുള്ള ക്യാബ് കിട്ടുന്ന ലക്ഷണമില്ല. ജോലി ഇനിയും ഒത്തിരി ബാക്കിയുണ്ട്. ധൃതിയില്‍ ചെയ്‌താല്‍ ചിലപ്പോള്‍ നാളെ പണി കിട്ടിയെന്നിരിക്കും. അത് കൊണ്ട് വേണ്ട. ഇന്ന് ഏഴരയുടെ വണ്ടിക്ക് പോകാം. വീടിനടുത്തുള്ള സ്‌റ്റോപ്പില്‍ ഇറങ്ങാന്‍ പറ്റില്ല. എന്നാലും സാരമില്ല, അച്‌ഛനെ വിളിച്ചാല്‍ മതി. സ്‌കൂട്ടറില്‍ വന്ന് വിളിച്ചോളും. വീട്ടിലേക്ക് ഒന്ന് വിളിക്കണം. അച്‌ഛന്‍ ഇന്ന് സമയത്ത് എത്തുമോ എന്നറിയണമല്ലോ. ഓഫീസില്‍ എന്തൊക്കെയോ പ്രധാന ജോലിയുണ്ടെന്ന് അച്‌ഛന്‍ ഇന്നലെ പറഞ്ഞത് അവനോര്‍ത്തു.

അവന്റെ മൊബൈല്‍ ബെല്ലടിച്ചു - നിഷ. രണ്ട് മാസം മുമ്പായിരുന്നു അവളുമായുള്ള വിവാഹ നിശ്ചയം. ഇനി രണ്ടര മാസം കൂടെ കഴിഞ്ഞാല്‍ കല്ല്യാണം. വിവേക് ഫോണ്‍ എടുത്തു.

“ഇല്ലടോ.. ഓഫീസില്‍ തന്നെയാ.. മ്.. പണിയുണ്ട് ഒരുപാട്.. അതെ.. ഏഴരേടെ ക്യാബിന് പോകാനാ പ്ലാന്‍.. താന്‍ ഫോണ്‍ വെക്ക് ഇപ്പോ.. ഇനീം കത്തി വെച്ചാല്‍ എനിക്ക് ഏഴരയ്‌ക്കും ഇറങ്ങാന്‍ പറ്റില്ല.. മ്.. മ്.. ശരീ.. വിളിച്ചിരിക്കും.. പോരേ.. ഇറങ്ങുന്നതിന് മുമ്പ് ഉറപ്പായും വിളിക്കും..”

അവന്‍ ഫോണ്‍ വെച്ചു. ബാറ്ററി ഇനി 40 ശതമാനം മാത്രം. ഇതാണ് ഈ സ്‌മാര്‍ട്ട് ഫോണുകളുടെ കുഴപ്പം. എന്ത് പെട്ടെന്നാണ് ചാര്‍ജ്ജ് തീരുന്നത്. അവന്‍ അപ്പോള്‍ തന്നെ അമ്മയെ വിളിച്ച് വരാന്‍ വൈകുമെന്ന് പറഞ്ഞു. അച്‌ഛന്‍ എത്തിയിട്ടുണ്ട്. അത് കൊണ്ട് വിളിക്കാന്‍ വരുമായിരിക്കും. ഏതായാലും പ്രതീക്ഷിച്ചത് പോലെ ഒരുപാട് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ല, ഏഴേകാല്‍ ആയപ്പോഴേക്കും ജോലി ഒക്കെ ഒതുങ്ങി. അവന്‍ പതിയെ ബാഗും എടുത്ത് കമ്പനിയുടെ വെളിയിലേക്ക് നടന്നു. വണ്ടി വരുമ്പോള്‍ കയറാമല്ലൊ. നിഷയോട് പറഞ്ഞതാണ് ജോലി തീരുമ്പോള്‍ വിളിക്കാമെന്ന്. അവന്‍ അവളുടെ നമ്പര്‍ ഡയല്‍ ചെയ്‌തു.

അല്‍‌പ സമയത്തിനകം വണ്ടി എത്തി. അവളോട് സംസാരിച്ച് കൊണ്ട് തന്നെ അവന്‍ വണ്ടിയില്‍ കയറി, 40 മിനിറ്റ് യാത്രയ്‌ക്ക് ശേഷം ബസില്‍ നിന്ന് ഇറങ്ങുമ്പോഴും അവന്‍ അവളുമായി സംസാരിക്കുകയായിരുന്നു.

“എടാ.. ഞാന്‍ ദേ ബസ് ഇറങ്ങി.. ഈ സാധനം എപ്പോ വേണമെങ്കിലും ഓഫ് ആയി പോകും. ഞാന്‍ അച്‌ഛനെ വിളിക്കട്ടെ. എന്നെ വന്ന് പിക്ക് ചെയ്യാന്‍ പറയണം. ചെന്നിട്ട് ഇവനെ കുത്തി വെ‌യ്‌ക്കണം. രാത്രി വിളിക്കാം ഞാന്‍.. ഓക്കേ? അപ്പോ ശരി.. റ്റാറ്റാ..”

അവന്‍ ഫോണ്‍ നോക്കി ഏത് നിമിഷവും ഇത് ഓഫ് ആകും. അവന്‍ അച്‌ഛനെ വിളിച്ചു. റോഡില്‍ തല്‍ക്കാലം വണ്ടികള്‍ ഒന്നുമുണ്ടായിരുന്നില്ല. അത് കൊണ്ട് അവന്‍ വേഗം റോഡ് മുറിച്ച് കടന്നു. ഇതേ സമയം തന്നെ അച്‌ഛ്നെ ലൈനില്‍ കിട്ടി.

“അച്‌ഛാ.. ഞാന്‍ ദേ പി.എം.ജി ജംഗ്‌ഷനില്‍ എത്തി. ഒന്ന് വിളിക്കാന്‍ വാ.. ഹലോ.. ഹലോ..” ചാര്‍ജ്ജ് തീര്‍ന്ന് ഫോണ്‍ ഓഫ് ആയി കഴിഞ്ഞിരുന്നു. അച്‌ഛന്‍ ഞാന്‍ പറഞ്ഞത് കേട്ടോ ആവോ.. എന്തായാലും നടക്കുക തന്നെ.

നടന്ന് തുടങ്ങിയതേ ഉള്ളായിരുന്നു. പിറകില്‍ നിന്ന് വളരെ വേഗത്തില്‍ നടന്നു വന്ന ഒരാള്‍ തോളില്‍ ശക്തിയായി തട്ടി കടന്ന് പോയി. ഒരു നിമിഷം ബാലന്‍സ് തെറ്റിയ പോലെ തോന്നിയെങ്കിലും ഒന്നും സംഭവിച്ചില്ല. അയാള്‍ തിരിഞ്ഞ് നിന്ന് “സോറി” എന്ന് പറഞ്ഞു. എന്നിട്ട് നടന്ന് പോയി. എന്നാല്‍ വീണ്ടും വീണ്ടും അയാള്‍ അവനെ തിരിഞ്ഞ് നോക്കിയാണ് പോയത്. അതെന്താണെന്ന് ഒരു നിമിഷം അവന്‍ സംശയിച്ചെങ്കിലും പെട്ടെന്ന് മുന്നില്‍ കണ്ട കാഴ്‌ച അവന്റെ മനസില്‍ നിന്നും ആ തോന്നല്‍ മാറ്റി.

“ഹേയ്..” എന്നലറി കൊണ്ട് അവന്‍ മുന്നോട്ട് കുതിച്ചു.

*** *** ***

വിജയകൃഷ്‌ണന്‍ വൈകുന്നേരങ്ങളിലെ തന്റെ സ്ഥിരം ചായയും പഴം‌പൊരിയും കഴിച്ച ശേഷം തിരിച്ച് സീറ്റിലെത്തി. മുന്നിലിരുന്ന ഫയലിന്റെ കെട്ടഴിച്ചു. ജോലി ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ തന്നെ അയാള്‍ക്ക് മനസിലായിരുന്നു - ഇന്ന് ഇനി ഒന്നും നടക്കില്ല എന്ന്. ഒരിക്കലും ഒരു അലസനായ ഉദ്യോഗസ്ഥന്‍ ആയിരുന്നില്ല അയാള്‍. ഇന്ന് അയാള്‍ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവാന്‍ കാരണം ഒരു സ്വപ്‌നമായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയ്‌ക്ക് - കൃത്യമായി പറഞ്ഞാല്‍ മകന്റെ വിവാഹം ഉറപ്പിച്ചതിനു ശേഷം, അയാള്‍ തുടര്‍ച്ചയായി കണ്ട് വരുന്ന ഒരു സ്വപ്‌നം.

ആ സ്വപ്‌നത്തിന്റെ തുടക്കം അയാള്‍ ഓര്‍ക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ എല്ലാ തവണയും കൃത്യമായി ഒരു ഭാഗത്ത് നിന്നും അയാള്‍ ഓര്‍ത്തു. ഒരു റോഡിലൂടെ അയാള്‍ ഓടുകയാണ്. അയാളുടെ മുമ്പിലായി തന്നെ ഭാര്യയും ഭാവി മരുമകളും ഓടുന്നു. അവര്‍ കരയുന്നുണ്ട്. എന്തോ വിളിച്ച് പറഞ്ഞ് കൊണ്ടാണ് അവര്‍ ഓടുന്നത്. എന്നാല്‍ ഒരു കാറ്റിന്റെ ശബ്‌ദമല്ലാതെ അവര്‍ എന്താണ് പറയുന്നത് എന്ന് അയാള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്നില്ല. മഴ പെയ്‌ത് തോര്‍ന്നതിന്റെ ലക്ഷണങ്ങള്‍ റോഡില്‍ കാണാം. അങ്ങിങ്ങായി വെള്ളം കെട്ടി കിടക്കുന്നു. ഓടുന്നതിനിടയില്‍ അയാള്‍ ഇരുവശത്തുമുള്ള വെള്ളം നോക്കി. പിന്നെ നേരെ നോക്കുമ്പോള്‍ കാണുന്നത് തന്റെ ഭാര്യയും മരുമകളും ഒരിടത്ത് നില്‍ക്കുന്നതാണ്. ഓടി അവരുടെ അടുത്തെത്തിയ അയാള്‍ കാണുന്നത് കെട്ടികിടക്കുന്ന ചെളി വെള്ളത്തില്‍ കിടക്കുന്ന സ്വന്തം മകനെയാണ്. അവന്റെ ദേഹത്തെ ഒരു മുറിവില്‍ നിന്നും ചോര, അടുത്തുള്ള ഒരു ചെടിയുടെ ചുവട്ടിലേക്ക് ഒഴുകിയെത്തുന്നു. ആ ചെടിയുടെ ഇലകള്‍ വാടി നിന്നിരുന്നു.

ഇത്രയും ആകുമ്പോഴേക്കും അയാള്‍ ഉണര്‍ന്നിരിക്കും. സ്വപ്‌നങ്ങള്‍ക്ക് നിറമില്ലെന്ന് എവിടെയോ വായിച്ചിരുന്നു. എന്നാല്‍ ചോരയുടെ നിറം അയാള്‍ വ്യക്തമായി ഓര്‍ക്കുന്നുണ്ടായിരുന്നു.

ഭിത്തിയിലെ ക്ലോക്കില്‍ സമയം അഞ്ചടിച്ചപ്പോള്‍ തന്നെ അയാള്‍ തന്റെ കസേരയില്‍ നിന്നും എഴുന്നേറ്റു. നഗരത്തിലെ തിരക്കിലൂടെ തന്റെ സ്‌കൂട്ടര്‍ ഓടിക്കുമ്പോഴും അയാളുടെ മനസ് പല ചിന്തകളില്‍ ആയിരുന്നു. ഇന്നലെ രാത്രിയിലേതും കൂടെ കൂട്ടി ഇത് എത്രാമത് തവണയാണ് ഒരേ സ്വപ്‌‌നം തന്നെ കാണുന്നത്? ഒരാള്‍ ഒന്നിലേറെ തവണ ഒരേ സ്വപ്‌നം തന്നെ കണ്ടാല്‍ അത് ഫലിക്കുമോ? തന്റെ മകന് എന്തെങ്കിലും ആപത്ത് വരാനിരിക്കുന്നോ?

ഏകദേശം ആറു മണിയോടെ വിജയകൃഷ്‌ണന്‍ ഓഫീസില്‍ നിന്ന് തിരിച്ച് വീട്ടിലെത്തി. അയാളുടെ മുഖം കണ്ടപ്പോള്‍ തന്നെ ഭാര്യ സുലോചനയ്‌ക്ക് മനസിലായി. എന്തോ പ്രശ്‌നമുണ്ടെന്ന്. അതിന്റെ കൂടെ “മോന്‍ എത്തിയോ?” എന്നൊരു ചോദ്യവും കൂടിയായപ്പോള്‍ അവര്‍ക്ക് അത് പൂര്‍ണ ബോധ്യമാവുകയും ചെയ്‌തു. ആറ് മണിക്ക് അവന്‍ ഓഫീസില്‍ നിന്നും ഇറങ്ങുകയല്ലേ ഉള്ളൂ എന്ന് പറഞ്ഞ് സുലോചന ചായ എടുക്കാന്‍ പോയി.

ശരിയാണല്ലോ.. അത് തനിക്കും അറിയാവുന്ന കാര്യമാണ്. പിന്നെയെന്തിന് ഇങ്ങനെയൊരു മണ്ടന്‍ ചോദ്യം. മനസില്‍ ഇപ്പോഴും ആ വൃത്തികെട്ട സ്വപ്‌നം തന്നെയാണ്. അതാവാം ആവശ്യമില്ലാത്ത ചോദ്യങ്ങള്‍. ശരീരം വിയര്‍ക്കുന്നത് പോലെ തോന്നി അയാള്‍ക്ക്. ഫാന്‍ ഇട്ട് വിജയകൃഷ്‌ണന്‍ കസേരയില്‍ കണ്ണുമടച്ച് ഇരുന്നു. ഭാര്യയുടെ മൊബൈല്‍ ശബ്‌ദിക്കുന്നത് അയാള്‍ കേട്ടു. പക്ഷെ ഇരുന്നിടത്ത് നിന്ന് അനങ്ങാന്‍ പോയില്ല. സുലോചന ചായയുമായി എത്തി. “നിങ്ങടെ മോന് നൂറായുസ്സാ.. അവനാ ഇപ്പോ വിളിച്ചത്. അവന്‍ വൈകുമെന്ന് പറഞ്ഞു. നമുക്കൊന്ന് മാര്‍ക്കറ്റില്‍ പോയാലോ?”

വിജയകൃഷ്ണന്‍ കണ്ണ് തുറന്നു. ചായ വാങ്ങി കുടിച്ചു. ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോയി കുളിച്ചു. സുലോചന എന്ത് ചെയ്യണമെന്നറിയാതെ കസേരയില്‍ ഇരുന്നു. ഏഴ് മണി കഴിഞ്ഞു. പതിവില്ലാതെ വീടിന് വെളിയില്‍ നില്‍ക്കുന്ന വിജയകൃഷ്‌ണനെ കണ്ടാണ് സുലോചന പുറത്തിറങ്ങിയത്. “ഇതെന്താ ഈ നേരത്ത് പതിവില്ലാതെ ഇവിടെ?”
“വിവിയെ കാണുന്നില്ലല്ലോ? ഞാന്‍ അവനെ നോക്കി നിന്നെന്നേയുള്ളൂ”
“അപ്പോള്‍ ഞാന്‍ നേരത്തെ പറഞ്ഞത് നിങ്ങള്‍ കേട്ടില്ലേ? അവന്‍ ഇന്ന് താമസിക്കും എന്ന് വിളിച്ച് പറഞ്ഞിരുന്നു”
“ഓഹോ.. നീ പറഞ്ഞിരുന്നോ? ഞാന്‍ കേട്ടില്ല.. എന്നാലും ഇവന്‍ എന്തിനാണ് ഇത്ര വൈകി ഒക്കെ ഓഫീസില്‍ ഇരിക്കുന്നത്?”
“ഇന്നെന്ത് പറ്റി?”
“ഒന്നുമില്ല..”
“അല്ല.. എന്തോ ഉണ്ട്.. “
“ഇല്ലെന്നേ..”
“ഞാന്‍ നിങ്ങളെ കാണാന്‍ തുടങ്ങിയിട്ട് കൊല്ലം കുറേയായി..”
“അത് പിന്നെ..” സുലോചനയോട് കാര്യം പറയണോ? എന്തിന് അവളെ കൂടി വിഷമിപ്പിക്കണം? ഒരു നുണ പറയാം.. “അത് പിന്നെ.. ഇന്ന് ഒരു മരണ വാര്‍ത്ത കേട്ടു. ഒരു പഴയ സ്‌നേഹിതന്റെ മരണം. ആക്‍സിഡന്റ് ആയിരുന്നത്രേ.. സംഭവം കഴിഞ്ഞിട്ട് രണ്ട് മൂന്ന് ദിവസമായി. ചടങ്ങുകള്‍ എല്ലാം കഴിഞ്ഞുവത്രേ..”
“അതിന്?”
“അല്ല.. ഞാന്‍ പെട്ടെന്ന് എന്റെ..”
“ഓരോന്ന് ആലോചിച്ച് കൂട്ടുന്നത് കണ്ടില്ലേ? നിങ്ങള്‍ക്കിതെന്തിന്റെ കുഴപ്പമാ? വന്നേ ഇവിടെ നിന്ന് മഞ്ഞ് കൊള്ളാതെ..”

ഇനി നിന്നിട്ട് കാര്യമില്ലെന്ന് മനസിലായത് കൊണ്ട് വിജയകൃഷ്ണന്‍ തന്റെ മുറിയിലേക്ക് പോയി. അയാള്‍ പെട്ടിയില്‍ നിന്നും ഓഫീസ് കടലാസുകള്‍ എടുത്ത് തന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചു. ഓഫീസില്‍ ഇരുന്നിട്ട് ഒന്നും നടന്നില്ല. വീട്ടിലെ അന്തരീക്ഷത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയും എന്നായിരുന്നു പ്രതീക്ഷ. ഏകദേശം ഒരു എട്ടരയോട് അടുപ്പിച്ച് വിജയകൃഷ്ണന്റെ ഫോണ്‍ അടിച്ചു - Vivek Calling... വിജയകൃഷ്ണന്‍ ഫോണ്‍ എടുത്തു.

“അച്‌ഛാ.. ഞാന്‍ ദേ പി.എം.ജി ജംഗ്‌ഷനില്‍ എ..” എന്ന് മാത്രം.. ഫോണ്‍ കട്ട് ആയി. അവന്‍ ഓടുകയായിരുന്നോ? അണച്ചത് പോലെ തോന്നിയോ? ഇനി എനിക്ക് മാത്രം ഉണ്ടാ‍യ തോന്നലാണോ? വിജയകൃഷ്ണന്‍ തിരികെ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന സന്ദേശം ലഭിക്കുകയാണുണ്ടായത്. വിവി പി.എം.ജി ജംഗ്‌ഷനില്‍ എത്തിയിരിക്കാം. എന്തായാലും പോവുക തന്നെ.

വിജയകൃഷ്ണന്‍ തന്റെ സ്‌കൂട്ടര്‍ എടുത്ത് പി.എം.ജി ജംഗ്‌ഷനിലേക്ക് തിരിച്ചു. ഓഫീസ് ടൈമില്‍ അത്യാവശ്യം തിരക്കുള്ള റോഡാണിത്. എന്നാല്‍ ഒരു ഏഴ് മണി കഴിഞ്ഞാല്‍ പിന്നെ വാഹനങ്ങള്‍ കുറവായിരിക്കും. പവര്‍ കട്ട് സമയമാണോ എന്തോ, വഴിയിലൊക്കെ ആകെ ഒരു ഇരുട്ട് പോലെ തോന്നി വിജയകൃഷ്‌ണന്. അവന്‍ നടന്ന് തുടങ്ങിയിട്ടുണ്ടാവും. അത് കൊണ്ട് അയാള്‍ റോഡിലും ശ്രദ്ധിച്ചാണ് സ്‌കൂട്ടര്‍ ഓടിച്ചത്. റോഡില്‍ അവനെ കണ്ടതേയില്ല. ജംഗ്‌ഷനില്‍ എത്തി. അവിടെയും വിവേകിനെ കാണാനുണ്ടായിരുന്നില്ല. വിജയകൃഷ്ണന്‍ തന്റെ ഫോണ്‍ എടുത്ത് വീണ്ടും വിവേകിനെ വിളിച്ചു. അത് സ്വിച്ച് ഓഫ് തന്നെ.. തന്റെ മകന്‍ എവിടെ?? ഇവനിതെവിടെ പോയി? റോഡില്‍ കുറച്ച് മാറി കിടന്ന ചില്ലുകള്‍ അയാളുടേ ശ്രദ്ധയില്‍ പെട്ടത് അപ്പോഴാണ്. പരിഭ്രമത്തോടെ അയാള്‍ ചുറ്റും നോക്കി. എന്നാല്‍ അവിടെയെങ്ങും ആരെയും കാണാനുണ്ടായിരുന്നില്ല.

*** *** ***
തിരക്കേറിയ നഗര വീഥിയിലൂടെ ആ വാന്‍ പതിയെ മുന്നോട്ട് യാത്ര തുടര്‍ന്നു. വണ്ടി ഓടിച്ചിരുന്ന ആളിനെ റോഡിലെ ട്രാഫിക്ക് വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. അയാള്‍ ഇടയ്ക്കിടെ തന്റെ വാച്ചില്‍ നോക്കുന്നതില്‍ നിന്ന് കൂടെയിരുന്ന സഹായിക്കും അത് മനസിലായി.

“നമ്മള്‍ എങ്ങോട്ടാ അണ്ണാ?” അയാള്‍ ചോദിച്ചു.

“ഒരു വര്‍ക്കുണ്ട്.” ഗൌരവം വിടാതെ ഡ്രൈവര്‍ പറഞ്ഞു. ചോദ്യ ഭാവത്തില്‍ ഇരുന്ന തന്റെ സഹായിയെ നോക്കി അയാള്‍ തുടര്‍ന്നു, “ഒരു ലോണ്‍ കേസ് ആണ്. ഐ.റ്റി പാര്‍ക്കിലെ ബാങ്ക് വക കൊട്ടേഷന്‍. ഒരു പയ്യന്‍ ലോണ്‍ എടുത്തു. ഇപ്പോള്‍ മുതലുമില്ല, പലിശയുമില്ല എന്ന അവസ്ഥയാണ്. 2 മാസത്തെ സാവകാശം കൂടെ വേണമെന്നാ അവന്‍ ബാങ്കുകാരോട് പറഞ്ഞത്. എന്നാല്‍ അന്വേഷിച്ചപ്പോള്‍ ആശാന്‍ വേറൊരു ജോലിയിലേക്ക് ചാടാ‍ന്‍ റെഡി ആയി ഇരിക്കുകയാണത്രെ. ഒരാഴ്ചയ്ക്കകം അവന്‍ സ്ഥലം വിടും. അതിനു മുമ്പ് കാര്യങ്ങള്‍ക്ക് ഒരു തീരുമാനം ആകണമെങ്കില്‍ നമ്മള്‍ വിചാരിക്കണം. എന്താ?”

“അത് പിന്നെ പറയാനുണ്ടോ?”

“പിന്നെ ഒരു കാര്യം. ചോര പൊടിയരുത്. അങ്ങേയറ്റം ഒരു അടി. അതിനപ്പുറം ഒന്നും വേണ്ട എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതെന്താവുമോ എന്തോ? ഉപദേശിച്ച് ലോണ്‍ അടപ്പിക്കാന്‍ ആണെങ്കില്‍ വല്ല പള്ളീലച്ഛനേം വിളിച്ചാല്‍ പോരെ..“

"അണ്ണന്‍ വെഷമിക്കാതെ.. നമുക്ക് നോക്കാം. അതിരിക്കട്ടെ, ആരാ‍ ആള്?”

ഈ സമയം വണ്ടി പി.എം.ജി ജങ്ഷനില്‍ എത്തിയിരുന്നു. വണ്ടി മെയിന്‍ റോഡില്‍ നിന്നും അല്പം ഉള്ളിലേക്ക് ഒതുക്കി നിര്‍ത്തി, ഡ്രൈവര്‍ തന്റെ വാച്ചില്‍ നോക്കി. എന്നിട്ട് തന്റെ സഹായിക്ക് മറുപടി നല്‍കി, “കൃത്യം 7.30ന് ഐ.ടി. പാര്‍ക്കില്‍ നിന്നും അവന്റെ കമ്പനി വക വണ്ടി വിട്ടിട്ടുണ്ട്. ഈ ജങ്ഷനില്‍ ആണ് അവന്‍ ഇറങ്ങുന്നതെന്നും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മണി 8.10. അവിടുന്ന് വണ്ടി വിട്ട സമയം വെച്ച് അവന്‍ എത്താറാവുന്നു.”

റോഡിലൂടെ പോകുന്ന വണ്ടികള്‍ അവര്‍ക്ക് വ്യക്തമായി കാണാമായിരുന്നു. ഒരു മിനി ബസ് അവിടെ നിര്‍ത്തിയത് അയാളുടെ ശ്രദ്ധയില്‍ പെട്ടു.

“എടാ.. അതൊരു കമ്പനി വണ്ടിയാണ്. ഒരുത്തന്‍ ഇറങ്ങിയിട്ടുണ്ട്. നീ ഈ ഫോട്ടോ നോക്ക്..” തന്റെ ഫോണില്‍ നിന്നും ഇരയുടെ ഫോട്ടോ അയാള്‍ തന്റെ സഹായിയെ കാണിച്ചു. “നീ വേഗം ചെല്ല്.. ഇതവന്‍ തന്നെയാണോ എന്ന് നോക്കിയിട്ട് വാ”

അവന്‍ വേഗം തന്നെ വണ്ടിയില്‍ നിന്നുമിറങ്ങി തന്റെ നേരെ വരുന്ന ആ യുവാവിനെ ലക്ഷ്യമാക്കി നടന്നു. തന്നെ കടന്ന് പോകുമ്പോള്‍ ഒരു മിന്നായം പോലെ അയാളുടെ മുഖം കണ്ടെങ്കിലും അത് തങ്ങള്‍ തേടുന്ന ആള്‍ തന്നെയാണോ എന്ന് അവന് ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. അവന്‍ തിരിഞ്ഞ് അയാളെ പിന്തുടര്‍ന്നു. മനഃപൂര്‍വ്വം അയാളുടെ തോളില്‍ തട്ടി മുന്നോട്ട് നടന്നു. അറിയാതെ പറ്റിയതാണെന്ന വ്യാജേന തിരിഞ്ഞ് നോക്കി ക്ഷമ പറയുന്നതിനിടയില്‍ അയാളുടെ മുഖം വീണ്ടും വീണ്ടും നോക്കി അവന്‍ ഉറപ്പ് വരുത്തി.

*** *** ***
വിവേക് കണ്ണ് തുറന്നു. വെളുത്ത സീലിങ്ങ്.. കറങ്ങുന്ന കറുത്ത നിറമുള്ള ഫാന്‍. ഭിത്തിയും വെള്ള നിറത്തില്‍ തന്നെ. മൂക്കിലേക്ക് തുളച്ച് കയറിയ ഡെറ്റോളിന്റെ മണം താന്‍ ഇപ്പോള്‍ ഒരു ആശുപത്രിയില്‍ ആണെന്ന കാര്യം അവനെ ഓര്‍മിപ്പിച്ചു. താന്‍ എങ്ങനെ അവിടെ എത്തിയെന്നും.. ജങ്ഷന്‍.. തോളില്‍ തട്ടി കടന്ന് പോയ ഒരാള്‍.. ഒരു ബൈക്കിന്റെ ഹെഡ്‌ലൈറ്റ്....

വിജയകൃഷ്ണന്‍ നിസഹായനായി വെയ്‌റ്റിങ്ങ് ഷെഡ്ഡിലെ ബെഞ്ചില്‍ ഇരുന്നു. പി.എം.ജിയില്‍ എത്തി എന്ന് അവന്‍ പറഞ്ഞത് ഞാന്‍ കേട്ടതാണ്. പിന്നെ അവന്‍ ഇതെവിടെ പോയി? വിളിച്ചിട്ട് കിട്ടുന്നുമില്ല. വീട്ടില്‍ നിന്ന് ഇറങ്ങിയിട്ടാണേല്‍ അര മണിക്കൂറില്‍ കൂടുതല്‍ ആയിരിക്കുന്നു. കാണാഞ്ഞപ്പോള്‍ സുലോചന വിളിച്ചിരുന്നു. വിവിയുടെ വണ്ടി വഴിയില്‍ ട്രാഫിക്ക് ബ്ലോക്കില്‍ പെട്ട് കിടക്കുകയാണെന്ന് അവളോട് കള്ളം പറഞ്ഞു. കുറച്ച് സമയം കൂടി ആ കള്ളം നിലനില്‍ക്കും. എന്നിട്ടും കണ്ടില്ലെങ്കില്‍ അവള്‍ വീണ്ടും വിളിക്കും.. ഞാന്‍ എന്ത് പറയും? അവന്റെ സുഹൃത്തിനെ വിളിച്ചിരുന്നു. അയാള്‍ ഇന്ന് നേരത്തെ ഇറങ്ങിയത്രെ. വണ്ടിയില്‍ കൂടെ ഉണ്ടായിരുന്ന ആരെയെങ്കിലും വിളിച്ച് ചോദിച്ച ശേഷം തിരിച്ച് വിളിക്കാം എന്നവന്‍ പറഞ്ഞു.

“ഇപ്പോള്‍ എങ്ങനെയുണ്ട്?”

“ഐയാം ഫൈന്‍ സിസ്റ്റര്‍..“ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്സിനോട് വിവേക് പറഞ്ഞു, “.. എനിക്ക് ഒരു ഹെല്‍‌പ് ചെയ്യാമോ?”

അവന്‍ കൃത്യമായി ജങ്ഷനില്‍ ബസ് ഇറങ്ങിയെന്നാണ് ബസില്‍ കൂടെ ഉണ്ടായിരുന്നവര്‍ പറഞ്ഞത്. അതെനിക്കും അറിയാവുന്നതാണല്ലോ. അവന്‍ എന്നെ ഫോണില്‍ വിളിച്ചതാണ്. പിന്നീട് അവന് എന്ത് സംഭവിച്ചു എന്നാണ് എനിക്ക് അറിയേണ്ടത്. ഈ പരിസരത്തെങ്ങും ആളനക്കമേ ഇല്ലല്ലോ.. ആരോടാണ് ഞാന്‍ ഒന്ന് ചോദിക്കുക? പൊലീസ് സ്റ്റേഷനിലേക്ക് പോയാലോ? അത് തന്നെയായിരിക്കും നല്ലത്. അയ്യോ, ഫോണ്‍ ബെല്ലടിക്കുന്നല്ലോ? ഇത് സുലോചനയാവുമോ? അവളോട് ഞാന്‍ എന്ത് പറയും? ങേ, ഇത് അവള്‍ അല്ലല്ലോ? വേറെ ഏതോ ഒരു നമ്പര്‍. “ഹലോ” വിജയകൃഷ്ണന്‍ ഫോണ്‍ എടുത്തു.

“ഹലോ.. അച്ഛാ. ഞാനാ വിവി”

“ഹൊ! വിവി.. നീ എവിടെയാ?”

“മെഡിക്കല്‍ കോളേജ് ഹോസ്‌പിറ്റലില്‍. അച്ഛന്‍ ഒന്ന് ഇവിടം വരെ വരാമോ?”

“എടാ. എന്ത് പറ്റി?”

“ഒന്നുമില്ല. വാ. വന്നിട്ട് പറയാം.”

വിജയകൃഷ്ണന്‍ പിന്നെ വൈകിച്ചില്ല. നേരെ വണ്ടി ആശുപത്രിയിലേക്ക് വിട്ടു. അവിടെ എത്തുന്നത് വരെ വിവേകിന് എന്ത് പറ്റി എന്നുള്ള ആധിയായിരുന്നു അയാളുടെ മനസില്‍. എന്നാല്‍ ആശുപത്രിയുടെ മുന്നില്‍ തന്നെ വിവേക് നില്‍ക്കുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക് വളരെ ആശ്വാസം തോന്നി. വിവേക് ഒരു ചെറുപ്പക്കാരനുമായി സംസാരിച്ച് നില്‍ക്കുകയായിരുന്നു. വിജയകൃഷ്ണന്‍ വണ്ടി അവരുടെ അരികില്‍ കൊണ്ട് ചെന്ന് നിര്‍ത്തി.

“ദാ.. എന്റെ അച്‌ഛന്‍ എത്തിയല്ലോ” വിവേക് കൂടെ നിന്ന ആള്‍ക്ക് അച്‌ഛനെ പരിചയപ്പെടുത്തി. “അച്‌ഛാ.. ഇത് ബാലന്‍. ഇയാളുടെ ഫ്രണ്ടിന് ഒരു ആക്സിഡന്റ് ഉണ്ടായി ജങ്ഷനില്‍ വെച്ച്. പിന്നെ ഞങ്ങള്‍ രണ്ടാളും കൂടെ ഇവിടെ കൊണ്ട് വന്നു.”

“എന്താ പറ്റിയത്?” വിജയകൃഷ്ണന്‍ ചോദിച്ചു.

“ഒരു ബൈക്ക് വന്ന് തട്ടിയതാ..” മറുപടി പറഞ്ഞത് ബാലനാണ്, “.. ഞങ്ങള്‍ രാത്രി ഒന്ന് കറങ്ങാന്‍ ഇറങ്ങിയതാ. ജങ്ഷനിലെ എ.റ്റി.എമ്മില്‍ എനിക്ക് പോകണമായിരുന്നു. അവന്‍ റോഡില്‍ നിന്ന് ഒതുക്കിയേക്കാമെന്ന് പറഞ്ഞ് ആ ചെറിയ റോഡിലേക്ക് വണ്ടി ഇറക്കി നിര്‍ത്തി. ഞാന്‍ വരാന്‍ വേണ്ടി കാറില്‍ നിന്ന് ഇറങ്ങി നിന്നെന്ന് തോന്നുന്നു. ഏതായാലും ഇടിച്ച ഉടനെ കണ്ടത് കൊണ്ട് വേഗം തന്നെ ഇവിടെ എത്തിക്കാന്‍ പറ്റി. സാറിന്റെ മോനാണ് സഹായിച്ചത്.“

“റോഡില്‍ തലയിടിച്ച് വീണത് കൊണ്ട് കുറച്ച് ബ്ലഡ് പോയിരുന്നു. ഭാഗ്യത്തിന് എന്റെയും അയാളുടെയും ബ്ലഡ് ഗ്രൂപ്പ് ചേരുമായിരുന്നു.” വിവേക് കൂട്ടിചേര്‍ത്തു.

“നിനക്കൊന്ന് വിളിച്ച് പറയാന്‍ വയ്യാരുന്നോ വിവി?” വിജയകൃഷ്ണന് ദേഷ്യം വന്നു.

“ഫോണ്‍ ഓഫ് ആയി പോയച്‌ഛാ.. “ വിവേക് തല ചൊറിഞ്ഞു, “ഞാന്‍ അവളോട് സംസാരിക്കുകയായിരുന്നു“

“ശരി ശരി.. ഇപ്പോ എങ്ങനെയുണ്ട് ഫ്രണ്ടിന്?”

“കുഴപ്പമില്ലെന്നാണ് ഡോക്‍ടര്‍ പറഞ്ഞത്. തലയ്‌ക്ക് പരിക്കുണ്ടെങ്കിലും എന്തെങ്കിലും പ്രശ്‌‌നമുണ്ടാകാനുള്ള സാധ്യത കുറവാണ്.” ബാലന്‍ പറഞ്ഞു.

“വിവി, ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയിട്ട് ഒരു മണിക്കൂറില്‍ കൂടുതലായി. അമ്മയ്‌ക്ക് കാര്യങ്ങള്‍ ഒന്നും അറിയില്ല..”

“നിങ്ങള്‍ പൊയ്‌ക്കോളൂ.. ഇവിടെ പ്രശ്‌നമൊന്നുമില്ല. ഞാന്‍ വീട്ടില്‍ വിളിച്ചിട്ടുമുണ്ട്. ആരെങ്കിലുമൊക്കെ ഉടനെ എത്തും”, ഇത് കേട്ട ബാ‍ലന്‍ പറഞ്ഞു.

“എന്നാല്‍ പിന്നെ അങ്ങനെയാവട്ടെ.. എപ്പോഴെങ്കിലും കാണാം. ബൈ” വിവി ബാലനോട് യാത്ര ചോദിച്ചു.

വിവേകിനേയും വിജയകൃഷ്‌ണനേയും യാത്രയാക്കിയ ശേഷം ബാലന്‍ തന്റെ സുഹൃത്തിന്റെ അരികിലേക്ക് ചെന്നു. അടുത്ത ദിവസം രാവിലെയാണ് അയാള്‍ക്ക് ബോധം തെളിഞ്ഞത്. ഡോക്‍ടര്‍ പറഞ്ഞത് ശരിയായിരുന്നു. ഒരുപാട് ചോര പോയെങ്കിലും ഒരുപാട് ക്ഷതമൊന്നും ഉണ്ടായിരുന്നില്ല. കുറച്ച് നാള്‍ കൊണ്ട് എല്ലാം ഭേദമാകും.

“ഇന്നലെ രാത്രി എന്നെ ഇവിടെ കൊണ്ട് വന്ന ആ ചെറുക്കന്‍ നമ്മുടെ കക്ഷിയല്ലെന്ന് നിനക്ക് ഉറപ്പാണോ?”

“അതെ അണ്ണാ‍.. ഞാന്‍ ശരിക്കും കണ്ടതല്ലേ..”

“മ്.. എടാ.. ഡോക്ടര്‍ പറഞ്ഞത് നീ കേട്ടല്ലോ.. ഞാനിവിടുന്ന് ഇറങ്ങാന്‍ കുറച്ച് ദിവസം പിടിക്കും. അത്രയും നാള്‍ നമുക്ക് കാത്തിരിക്കാനില്ലെന്ന് നിനക്കറിയാമല്ലോ.. വണ്ടിക്കകത്ത് എന്റെ ഫോണ്‍ ഉണ്ടാവണം. അതിലുണ്ട് മറ്റവന്റെ പടം. നീ വേണം ഈ പണി പൂര്‍ത്തിയാക്കാന്‍.”

“ശരി അണ്ണാ.. ഞാന്‍ ഇപ്പോ തന്നെ പോയേക്കാം..” ഇത്രയും പറഞ്ഞ് ബാലന്‍ വേഗം അവരുടെ വണ്ടിയുടെ അടുത്തേക്ക് നീങ്ങി. വണ്ടിയില്‍ അണ്ണന്റെ ഫോണ്‍ ഉണ്ടായിരുന്നു. അതില്‍ ബാലന്റെ ലക്ഷ്യവും...