27 ഏപ്രിൽ 2009

ആന്‍ മേരി Decides to Cook

സംഭവം നടന്നത് കൊച്ചിയിലാണ്. പാലാരിവട്ടത്ത് നിന്ന് തമ്മനം പോകുന്ന വഴിയിലെ രാജാജി ഹൌസിങ്ങ് കോളനിയില്‍ ഹൌസ് നമ്പര്‍ 33ല്‍ ഈ കഴിഞ്ഞ ശനിയാഴ്ച രാത്രി ഒരു തീരുമാനം ഉണ്ടായി. എന്നിട്ടോ??

പാലായില്‍ നിന്നും ഇവിടെ വന്ന് താമസിക്കുന്ന മാത്യൂസിന്റെയും മേരിക്കുട്ടിയുടെയും ഒറ്റമകള്‍ ആന്‍ മേരിയാണ് ആ തീരുമാനമെടുത്തത്. വെക്കേഷന്‍ ആയത് കൊണ്ട് മമ്മിയെ ഒന്ന് സഹായിക്കാമെന്ന് കരുതി അടുത്ത ദിവസത്തെ പാചകം ചെയ്യാമെന്നാണ് ആനിന്റെ തീരുമാനം. രാത്രിയില്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ജൂനിയര്‍ കണ്ടോണ്ടിരുന്ന മേരിക്കുട്ടിടേം മാത്യൂസിന്റേം സ്ഥലകാലബോധത്തെ തന്നെ എലിമിനേറ്റ് ചെയ്തോണ്ടായിരുന്നു ആന്‍ മേരിയുടെ പ്രഖ്യാപനം.

“എന്റെ അന്നക്കുട്ടീ, നീയെന്നതാ ഈ പറയുന്നേ? നിനക്ക് എന്നാ പാചകമറിഞ്ഞിട്ടാ?” ഞെട്ടലോടെ മാത്യൂസ് ചോദിച്ചു.

“ഡാഡ്.. ഞാന്‍ പറഞ്ഞിട്ടില്ല്യോ എന്നെ അന്നക്കുറ്റീന്ന് വിളിക്കണ്ടാന്ന്. കോള്‍ മീ ആന്‍.. ഇവെന്‍ അന്ന വില്‍ ബി ഫൈന്‍..പ്ലീസ്.. ഇനി വേണ്ട അന്നക്കുറ്റീ.. ഓഹ്.. പിന്നെ പാചകം.. ഈ ലക്കം വനിത കണ്ടില്ല്യോ? 20 ഡിഷസ് ഫോര്‍ ചില്‍ഡ്രണ്‍.. ഐ വില്‍ മേക്ക് ഇറ്റ്. മമ്മി വില്‍ ഹെല്‍‌പ് മീ.. ഐ ഹാവ് ഡിസൈഡെഡ് ദ മെനു. സീ.. അതിനായി ഈ സാധനങ്ങളൊക്കെ വേണം എനിക്ക്. ദാ ലിസ്റ്റ്.”

അവള്‍ നീട്ടിയ ആ വെള്ള പേപ്പര്‍ വാങ്ങി മേരിക്കുട്ടി ഓടിച്ച് നോക്കി. “കുറെയൊക്കെ ഇവിടൊണ്ട് മോളൂ.. ഇല്ലാത്തത് നമുക്ക് വാങ്ങാം. വീ വില്‍ ബൈ ഇറ്റ് റ്റുമോറോ.. പള്ളീന്ന് വന്നിട്ട് വാങ്ങാം. മമ്മീടെ മോള്‍ടെ കൈപുണ്യം ഒന്ന് നോക്കണമല്ലോ..”

“ഏടീ മേരീ, ഇത് വേണോ? ഈ പത്താം ക്ലാസ് കഴിഞ്ഞ പെണ്ണ് എന്നാ വെക്കാനാ? ഒരു നല്ല ഞായാറാഴ്ച ആയിട്ട് വല്ലോ സ്വാദോടെ കഴിക്കാന്‍ നീ സമ്മതിക്കുവേലേ?”

ആന്‍ മേരിയുടെ മുഖം ചുവന്നു. ദേഷ്യത്തോടെ അവളുടെ മുറിയില്‍ കയറി വാതില്‍ വലിച്ചടച്ചു.അതിന്റെ പവറില്‍ വാതിലിന്റെ മുകളിരുന്ന ഫാമിലി ഫോട്ടോ ദാ കിടക്കുന്നു താഴെ! മാത്യൂസും മേരിക്കുട്ടിയും മുഖത്തോട് മുഖം നോക്കി ഇരുന്നു.

“ദേ മനുഷ്യാ, മോളു ആദ്യമായിട്ടാ അടുക്കളേല്‍ കയറാമെന്ന് തന്നെ പറയുന്നെ. അവളായിട്ട് പറയുമ്പോ ഇങ്ങനെ ഞഞ്ഞാപിഞ്ഞാ പറയാവോ? നാളെ ഒരു ദിവസം നമുക്ക് അവള്‍ടെ പാചകം നോക്കാംന്ന്. പെങ്കൊച്ചല്ല്യോ.. ഇതൊക്കെ പഠിക്കേണ്ട സമയത്ത് പഠിക്കണം. ഇല്ലേല്‍ ഭാവിയില്‍ അവള്‍ടെ കെട്ടിയോന്‍ കഷ്ടപ്പെടും. 21ലെ പ്രിയേടെ ഹസ്ബന്റ് മനുവിന്റെ ഗതി വരും, മൂന്ന് നേരം നൂഡില്‍‌സാ ആ ചെക്കന്‍ കഴിക്കുന്നേ..”

മാത്യൂസ് ഒന്നാലോചിച്ചു. ഒരുകണക്കിന് മേരി പറയുന്നതാ അതിന്റെ ശരി. അന്നക്കുട്ടി പഠിക്കട്ടെ. ഇത്രനാളും അവളുടെ ഒരു താത്പര്യത്തിനും എതിരു നിന്നിട്ടില്ല. എന്നിട്ട് ഇതിന് എതിര് നിക്കാവോ? ഇല്ല. അപ്പോ നാളെ ലഞ്ച് അന്നക്കുട്ടീടെ കൈ കൊണ്ട്. കര്‍ത്താവേ, അതിഥികളാരും കയറി വരല്ലേ..!

*** *** ***

“ഹലോ മാത്യൂസേട്ടോ.. ഹൌ ആര്‍ യൂ? എങ്ങോട്ടാ? ”

“ഹല്ലാ.. മനുവോ.. എടാ ഊവ്വെ ഞാന്‍ ഒന്ന് കടേലോട്ടാ.. പള്ളീന്ന് വന്നിട്ട് അവിടെ അമ്മേം മോളും കൂടെ അടുക്കളേല്‍ കേറീട്ടുണ്ട്. ഇന്ന് അന്നക്കുട്ടിയാ പാചകം. കുറെ സാധനം വാങ്ങാനുണ്ട്. ദേ കണ്ടില്ലേ ലിസ്റ്റ്!”

“ഈശ്വരാ ഇതെന്ത് വോട്ടേഴ്സ് ലിസ്റ്റോ? കുറെയുണ്ടല്ലോ! അതിരിക്കട്ടെ, എന്താ മെനു?”

“ഒന്നും പറയേണ്ടെടാ.. വനിതേലോ മറ്റോ കണ്ട ഏതാണ്ട് കുന്തമാണ്. വായിക്കൊള്ളുന്ന പേരൊന്നുമല്ലാന്ന്.. ഞാന്‍ ചെല്ലട്ടെ. താമസിച്ചാല്‍ അത് മതി അന്നക്കുട്ടിക്ക്.”

“ആയിക്കോട്ടെ മാത്യൂസേട്ടാ..” മനു പറഞ്ഞു, എന്നിട്ട് അകത്തേക്ക് വിളിച്ച് പറഞ്ഞു, “കണ്ടോ മോളെ കൊച്ചുപിള്ളേര് തുടങ്ങി കുക്കിങ്ങ്. നിന്റെ കൈ കൊണ്ട് നൂഡില്‍‌സ് അല്ലാതെ എന്തേലും കിട്ടുവോ ആവോ!”

“ദേ.. എന്തെങ്കിലും പറയാനുണ്ടേല്‍ മനുവിന് അകത്ത് വന്ന് നിന്ന് പറഞ്ഞാല്‍ പോരെ? റോഡില്‍ കൂടെ പോകുന്നവരെ മുഴുവന്‍ കേള്‍പ്പിക്കുന്നതെന്തിനാ?” പ്രിയ അകത്ത് നിന്നും പറഞ്ഞു.

“എന്റെ കൊച്ച് അങ്ങനെയെങ്കിലും വല്ലതും ഉണ്ടാക്കി തരുമെന്ന് മോഹിച്ചു പോയെടോ ഞാന്‍.”

“അയ്യാ.. അങ്ങനെ കളിയാക്കുകയൊ.....”

നാളുകള്‍ക്ക് ശേഷം മനുവും പ്രിയയും വഴക്കിട്ടത് അന്നാണ്. അതിഘോരമായ വഴക്ക്. ഒരു ചെറിയ തമാശയില്‍ തുടങ്ങി പിന്നെ പിന്നെ വളര്‍ന്ന് വലുതായി വാക്കുതര്‍ക്കമായി അടിപിടിയില്‍ എത്താന്‍ വരെ സാധ്യതയുള്ള ആ വഴക്ക് അവിടെ നടക്കട്ടെ. നമുക്ക് കടയിലേക്ക് ചെല്ലാം. അവിടെ മാത്യൂസ് ആ നെടുങ്കന്‍ ലിസ്റ്റ് കടക്കാരന് കൈമാറിയ ശേഷം റോഡിലൂടെ അതിവേഗം പോയ ഒരു ടിപ്പര്‍ ലോറിയില്‍ നോക്കി നില്‍ക്കുകയാണ്. “എന്റമ്മോ.. എന്തൊരു സ്പീഡ്..!”

“അത് നിങ്ങടെ കോളനിയുടെ പടിഞ്ഞാറുള്ള ആ ചതുപ്പ് നികത്താന്‍ വേണ്ടി പോകുന്നതാണ്. അറിഞ്ഞില്ലാരുന്നോ, അവിടെ മൂന്ന് ഫ്ലാറ്റുകള്‍ വരാന്‍ പോകുന്നു.” കടക്കാരന്‍ മാത്യൂസിന് മറുപടി നല്‍കി.

പക്ഷെ മൂന്ന് ഫ്ലാറ്റുകളുടെ കാര്യമൊന്നും മാത്യൂസിന്റെ മനസില്‍ ഉണ്ടായിരുന്നില്ല. കടയില്‍ വരുമ്പോള്‍ സഞ്ചി എടുക്കാതിരുന്നതില്‍ സ്വയം പഴിക്കുകയായിരുന്നു അയാള്‍. കുറച്ചേ ഉള്ളൂ എന്ന് കരുതി ഇപ്പോ സംഗതി പ്രശ്നമാണ്. രാവണപ്രഭുവിലെ മോഹന്‍‌ലാലിന്റെ ഡയലോഗാണ് മാത്യൂസിന് ഓര്‍മ്മ വന്നത് - കേസാക്കത്തില്ല, തമാശയ്ക്ക് തുടങ്ങിയതാ എന്നൊക്കെ പറഞ്ഞ് സംഗതി സീരിയസ് ആയ പോലെ - ഇഞ്ചി നൂറ്, മുട്ട ആറ് എന്നൊക്കെ പറഞ്ഞ് തുടങ്ങിയിട്ട് ഇപ്പോ ദേ രണ്ട് വലിയ കവര്‍ അങ്ങ് നിറഞ്ഞു. ഇതറിഞ്ഞിരുന്നേല്‍ കാറെടുത്തേനെ എന്ന് ഒരു ആത്മഗതം നടത്താന്‍ മാത്രമേ മാത്യൂസിന് കഴിഞ്ഞുള്ളൂ. ഏകദേശം നിറഞ്ഞ് തുളുമ്പുന്ന രണ്ട് വലിയ “പേപ്പര്‍ ബാഗും” കൈയ്യിലേന്തി മാത്യൂസ് വീട്ടിലേക്ക് നടന്നു.

ഈ സമയം ഹൌസ് നമ്പര്‍ 21ല്‍ വഴക്ക് മൂത്ത് അതൊരു വെല്ലുവിളിയില്‍ എത്തിയിരുന്നു. ഭാര്യയോട് കലിച്ച് ടീവിയില്‍ അലക്ഷ്യമായി ചാനല്‍ മാറ്റിയിരുന്ന മനുവിന്റെ മുഖത്തേക്ക് സാധനങ്ങളുടെ ഒരു ലിസ്റ്റ് വന്നു വീണു. “പോയി മേടിച്ചോണ്ട് വാ.. എനിക്ക് പാചകം അറിയാമെന്ന് കാണിച്ച് തരാം. പതിനഞ്ച് മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ ഇവിടെയെത്തിയില്ലെങ്കില്‍ ഞാന്‍ എന്റെ പാട്ടിന് പോകും പറഞ്ഞേക്കാം.” പ്രിയയുടെ അന്ത്യശാസനം മനുവിന്റെ കാതില്‍ മുഴങ്ങി. അതീവ ഭാര്യാസ്നേഹിയായ അവന്‍ ഒരു നിമിഷം പോലും പാഴാക്കാതെ തന്റെ കാറിന്റെ താക്കോലും എടുത്ത് ഓടി ചെന്ന് ഗെയ്റ്റും തുറന്ന് തിരിച്ച് വന്ന് കാറില്‍ കയറി വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. ഈ സമയം ആ വീടിന്റെ ഗെയ്റ്റിന് തൊട്ടരുകിലായി എത്തിയ മാത്യൂസിന്റെ കൈയ്യിലിരുന്ന ഒരു കവര്‍ കാര്യമായ ശബ്ദമൊന്നുമുണ്ടാക്കാതെ പൊട്ടുകയും അതിലുള്ള സാധനങ്ങള്‍ നേരെ താഴേക്ക് വീഴുകയും ചെയ്തു. വായില്‍ വന്ന സകല തെറികളും സ്വയം വിളിച്ച് മാത്യൂസ് സാധനങ്ങള്‍ കുനിഞ്ഞിരുന്ന് പെറുക്കിയെടുക്കാന്‍ തുടങ്ങിയതും ഗെയ്റ്റിനകത്ത് നിന്നും മനുവിന്റെ കാര്‍ വന്ന് പുള്ളിക്കാരനെ ചെറുതല്ലാത്ത രീതിയില്‍ ഒന്ന് തട്ടുകയും ഒരുമിച്ച് കഴിഞ്ഞു! റോഡിന് നടുക്കോട്ട് ഒരു ശബ്ദത്തോടെ തെറിച്ച് വീണ മാത്യൂസിന്റെ ദേഹത്തേക്ക് പുറകെ വന്ന ടിപ്പര്‍ കയറിയിറങ്ങുകയും ചെയ്തു.

അങ്ങനെ മകള്‍ ആദ്യമായി പാചകം ചെയ്യാന്‍ തീരുമാനിച്ചതിന്റെ പരിണിത ഫലമായി പാലാക്കാരന്‍ മാത്യൂസ് കര്‍ത്താവില്‍ അഭയം പ്രാപിച്ചു.

17 ഏപ്രിൽ 2009

വീണ്ടും കാല്‍‌പെരുമാറ്റം!

“എടാ കാലേ.. നീ എന്നാ വരുന്നേ? പുതിയ മുറിയും അന്തരീക്ഷവും നിനക്കായി കാത്തിരിക്കുന്നെടാ..”

ഓര്‍ക്കുട്ടില്‍ സുഹൃത്തിന്റെ സ്ക്രാപ്പ്. എന്നെ അവന്‍ വിളിച്ചത് കണ്ടില്ലേ.. “കാല്‍“ എന്ന്. ഏകദേശം ഒരു കൊല്ലം മുമ്പ് പറ്റിയ ഒരു മണ്ടത്തരത്തില്‍ നിന്നും കിട്ടിയതാണ് ഈ പേര്. അന്ന് എന്റെ സുഹൃത്ത് ജോബിയുടെ മൊബൈലിന്റെ റിങ്ങ്‌ടോണ്‍ കേട്ട് പേടിച്ച കഥ കോളേജ് മുഴുവന്‍ ഹിറ്റ് ആയപ്പോള്‍ ഏതോ ഒരുത്തന്‍ ഇട്ടു തന്നതാണ് ഈ പേര് - കാല്‍. ഓര്‍ക്കുമ്പോള്‍ തന്നെ നാണക്കേട്. പക്ഷെ അതിന് ശേഷം കുറച്ച് മെച്ചമുണ്ടായി. ധൈര്യം കൂടി. പ്രേതകഥകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.

ഇപ്പോള്‍ ഞാന്‍ രണ്ടാം സെമെസ്റ്റര്‍ കഴിഞ്ഞ് വീട്ടിലാണ്. ഇനി സ്പെഷ്യലൈസേഷന്‍ തുടങ്ങുന്നു. അതിലും വലിയ വിശേഷം ഞങ്ങളുടെ ഹോസ്റ്റല്‍ മാറുന്നു എന്നതാണ്. കുറെപ്പേര്‍ ഇപ്പോള്‍ തന്നെ പുതിയ ഹോസ്റ്റലില്‍ എത്തി എന്നൊക്കെ വിളിച്ച് പറഞ്ഞു. ഞാനിന്ന് ഉച്ചയോടെ ഹോസ്റ്റലിലേക്ക് തിരിക്കും. ഹോസ്റ്റലിന് അടുത്ത് ഒരു ബീച്ചുണ്ട് എന്ന് ഒരു കൂട്ടുകാരന്‍ പറഞ്ഞു. സെമിത്തേരിയും ഉണ്ടെന്ന് അവന്‍ എന്നെ കളിയാക്കികൊണ്ട് പറഞ്ഞെങ്കിലും അത് ഞാന്‍ കാര്യമാക്കിയിട്ടില്ല.

----- ----- ----- ----- ----- -----

നല്ല സുന്ദരന്‍ ഹോസ്റ്റല്‍! ആദ്യത്തെ ഹോസ്റ്റലിന് വിപരീതമായി ചെടികളും മരങ്ങളും പൂക്കളുമൊക്കെയായി നല്ലൊരു അന്തരീക്ഷമാണ് പുതിയ ഹോസ്റ്റലില്‍. പിന്നെ കെട്ടിടം കുറച്ച് പഴയതാണ്. ഓടിട്ട കെട്ടിടം. അതാവാം, തണുപ്പുണ്ട് ഇവിടെ. പിന്നെ അടുത്ത് ബീച്ച് ഉള്ളതും നല്ല കാലാവസ്ഥയ്ക്ക് കാരണമാവാം. ശാന്തതയാണ് മറ്റൊരു പ്രത്യേകത. എല്ലാം കൊണ്ടും എനിക്ക് ചേരുന്ന അന്തരീക്ഷം. ബാക്കിയുള്ളവരെ പോലെ ഓടി നടന്ന് കളിക്കാനൊന്നും എനിക്ക് പറ്റില്ലല്ലോ. ഞാന്‍ സമയം കളയുന്നത് പുസ്തകങ്ങള്‍ വായിച്ചാണ്. പിന്നെ ആകെയുള്ള ഒരു സങ്കടം അധിക കാലം ഈ ഹോസ്റ്റലില്‍ നില്‍ക്കാന്‍ കഴിയില്ല എന്നതാണ്. ഏറിയാല്‍ ഒരു നാലു മാസം. അത് കഴിഞ്ഞാല്‍ പിന്നെ പ്രൊജക്ടും കാര്യങ്ങളുമൊക്കെയായി മറ്റെവിടെയെങ്കിലും ആയിരിക്കും ഞങ്ങള്‍.

സി - 24. അതാണ് ഞങ്ങളുടെ മുറിയുടെ നമ്പര്‍. മുറിയില്‍ ഒരു യേശുക്രിസ്തുവിന്റെ പടമുണ്ടായിരുന്നു. ഭിത്തിയില്‍ വരച്ചു വെച്ചത്. മനോഹരമായ ഒരു പടം.

“നമുക്ക് തരുന്നതിന് മുമ്പ് ഇവര്‍ മുറിയൊന്നും പെയിന്റെ ചെയ്തില്ലെന്ന് തോന്നുന്നു. കണ്ടില്ലെ, കര്‍ത്താവിന്റെ പടം. ആരോ വരച്ചതാണല്ലോ.“ രാത്രി ഞങ്ങള്‍ മൂന്ന് പേരും കൂടി ഇരിക്കേ ആ പടം ചൂണ്ടി ഞാന്‍ പറഞ്ഞു.

“കര്‍ത്താവായത് കൊണ്ടാ‍യിരിക്കും പെയിന്റര്‍മാര്‍ അത് മായ്ക്കാഞ്ഞത്. എന്തായാലും നല്ല പടമാ. വരച്ചവനെ സമ്മതിക്കണം” എന്റെ സഹമുറിയന്‍ ശ്രീക്കുട്ടന്‍ (ശ്രീകാന്ത് എന്നാണ് പേര്) പറഞ്ഞു.

“ശരിയാ. നമ്മളായിട്ട് ദൈവങ്ങളുടെ ഒന്നും ഫോട്ടൊ കൊണ്ടുവന്നില്ല. ഈ പടമായിക്കോട്ടെ ഇനി ദൈവം. പരീക്ഷയ്ക്ക് പോകുമ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ ഒരു പടമായല്ലോ” മൂന്നാമന്‍ അജിയുടെ കമന്റ്.

ഞാന്‍ അതില്‍ സൂക്ഷിച്ച് നോക്കിയപ്പോള്‍ ഏറ്റവും താഴെയായി “ജോമോന്‍” എന്ന് വളരെ ചെറിയ അക്ഷരത്തില്‍ എഴുതിയത് കണ്ടു. ആ ജോമോനായിരിക്കും പടം വരച്ചത്. മുമ്പ് ഈ മുറിയില്‍ താമസിച്ചതായിരിക്കണം. ഹോസ്റ്റലിനടുത്ത് ഒരു കോളേജ് ഉണ്ട്. അതിന്റെ മെന്‍സ് ഹോസ്റ്റല്‍ ആയിരുന്നു ഈ കെട്ടിടം എന്ന് കേട്ടു. ആ കോളേജിന്റെയാണ് കെട്ടിടവും സ്ഥലവും. ഞങ്ങളുടെ കോളേജ് ഇത് ലീസിനെടുത്തിരിക്കുകയാണ്. ജോമോന്‍ ആ കോളേജില്‍ പഠിച്ചവനായിരിക്കും. ഏതായാലും നന്നായി വരച്ചിരിക്കുന്നു.

ഏകദേശം ഒരു മാസം കടന്ന് പോയി. ഇടയ്ക്കിടെ ബീച്ചിലൊക്കെ പോയി, ഹോസ്റ്റലിന്റെ ചുറ്റുമുള്ള തണല്‍ മരങ്ങള്‍ നിറഞ്ഞ പറമ്പിലൂടെ കറങ്ങി നടന്നും അത്യാവശ്യം പഠനവുമൊക്കെയായി ഞങ്ങള്‍ പുതിയ അന്തരീക്ഷവുമായി ഇണങ്ങി ചേര്‍ന്നു തുടങ്ങി. ഒരുകാര്യമൊഴികെ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല - മുറിയിലെ മണല്‍. എത്ര തൂത്താലും പോവാത്ത മണ്ണ്. മണ്ണ് മാത്രമല്ല പ്രശ്നം. ഞങ്ങള്‍ മൂന്ന് പേരെ ഇപ്പോള്‍ മറ്റ് ഹോസ്റ്റല്‍ നിവാസികള്‍ വിളിക്കുന്നത് “മണല്‍ മാഫിയ” എന്നാണ്. കാരണം എന്നും രാവിലെ ഞങ്ങള്‍ മുറി തൂക്കും. ഒരു ലോഡ് മണ്ണ് ഉണ്ടാവും എന്നും. ജോബിയും രാഹുലുമൊക്കെ ചോദിക്കും - ഞങ്ങടെയൊന്നും മുറിയിലില്ലാത്ത മണ്ണ് എങ്ങനെയാടാ നിങ്ങടെ മുറിയില്‍ വരുന്നത്?

ആയിടയ്ക്കാണ് ഹോസ്റ്റലിലെ പഴയ വാച്ച്മാന്‍ വന്നത്. അതൊരു ഞായാറാഴ്ച ആയിരുന്നു. പുള്ളിക്കാരന്‍ അടുത്തുള്ള പള്ളിയില്‍ പോയിട്ട് വരുന്ന വഴിയാണ്. ഞങ്ങളുടെ ഇപ്പോഴത്തെ വാച്ച്മാനുമായി സംസാരിച്ച് ഓരോ മുറികളിലായി കയറി കുട്ടികളെ ഒക്കെ കണ്ടാണ് കക്ഷിയുടെ വരവ്. ഞങ്ങളുടെ മുറിയിലുമെത്തി. ഞാനും അജിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ശ്രീക്കുട്ടന്‍ റൂമിലെ ഒരു ലൈറ്റ് വര്‍ക്ക് ചെയ്യുന്നില്ല എന്ന കാര്യം പറയാന്‍ വാര്‍ഡന്റെ മുറിയില്‍ പോയിരിക്കുന്നു. പഴയ വാച്ച്മാന്‍ മുറിയിലേക്ക് കയറി വന്നു. എടാ കാലേ, എന്റെ കാല്‍ക്കുലേറ്റര്‍ ഈ മുറിയിലുണ്ടോ? എന്ന ചോദ്യവുമായി ജോബി മുറിയിലേക്ക് വന്നതും അപ്പോള്‍ തന്നെ. ഇല്ല എന്ന് പറഞ്ഞ ഞാനവനെ അയച്ചു.

“അതെന്താ കാല്‍ എന്ന് വിളിക്കുന്നത്?” വാച്ച്മാന്‍ ചോദിച്ചു.
“ഓഹ്.. അത് പിന്നെ.. വെറുതെയാന്നേ.. അങ്ങനെ പ്രത്യേകിച്ച് കാരണ...” ഞാന്‍ പറഞ്ഞൊഴിയാന്‍ ശ്രമിച്ചെങ്കിലും അജി ഇടയ്ക്ക് കയറി എന്റെ പഴയ കാല്‍‌പെരുമാറ്റം കഥ ആ വാച്ച്മാനോട് ഫ്ലാഷാക്കി. പുള്ളിക്കാരന്‍ അത് കേട്ട് ചിരിക്കാനും തുടങ്ങി.

പക്ഷെ, പെട്ടെന്ന് അയാളുടെ മുഖത്ത് ഒരു ഭാവമാറ്റം. പൊട്ടിച്ചിരിച്ചിരുന്ന മനുഷ്യന്‍ ഒരു നിമിഷം കൊണ്ട് മാറി. മുഖമൊക്കെ ഒന്ന് വിളറി. കണ്ണുകളില്‍ ഭയം എനിക്ക് കാണാമായിരുന്നു. അയാളുടെ നോട്ടം പിന്തുടര്‍ന്ന എന്റെ കണ്ണുകള്‍ ചെന്നു നിന്നത് കര്‍ത്താവിന്റെ മുഖത്താണ്. ഞങ്ങളുടെ മുറിയിലെ ഭിത്തിയില്‍ വരച്ചിരിക്കുന്ന ആ കര്‍ത്താവിന്റെ മുഖത്ത്.

“ആ പടം.. അത്.. അത്.. ആരാ അത് വരച്ചത്?” അയാള്‍ പതിയെ ചോദിച്ചു.
“ഓഹ് അതോ.. അത് ഞങ്ങള്‍ വരുമ്പോള്‍ തന്നെ ഇവിടെ ഉണ്ടല്ലോ.” ഞാന്‍ പറഞ്ഞു.
“തീര്‍ച്ചയാണോ? നിങ്ങളാരും വരച്ചതല്ലെന്ന് തീര്‍ച്ചയാണോന്ന്??” അയാളുടെ ശബ്ദത്തില്‍ ഒരു തരം ഭയം കലര്‍ന്നിരുന്നു.
“അതെ. എന്താ? എന്താ പ്രശ്നം?”ഞാന്‍ ചോദിച്ചു.
“അത് പിന്നെ.. ഈ പടം.. ഈ മുറി പെയിന്റ് ചെയ്തപ്പോള്‍.. ഇത് മായ്ച്ച് കളഞ്ഞതാണ്..”
“എന്ത്?” ഞാന്‍ ഞെട്ടി.
“കര്‍ത്താവേ.. ജോ.. അവന്‍ ഇനിയും പോയില്ലേ?” അയാള്‍ മന്ത്രിച്ചു.

----- ----- ------ ------ ------ ------

സമയം പുലര്‍ച്ചെ മൂന്ന് മണി. ഇത്രയും നേരമായിട്ടും ഞാന്‍ ഉറങ്ങിയിട്ടില്ല. ബാക്കി രണ്ടും പോത്തു പോലെ കിടന്നുറങ്ങുന്നു. ഇവന്മാര്‍ക്ക് എങ്ങനെ ഉറങ്ങാന്‍ കഴിയുന്നു? ആ വാച്ച്മാന് ഇങ്ങോട്ട് കെട്ടിയെടുക്കേണ്ട വല്ല ആവശ്യവുമുണ്ടോ? വന്നാല്‍ മിണ്ടാതിരുന്നാല്‍ പോരെ. ഇതിപ്പോ മനുഷ്യനെ ആകെ ഒന്ന് പേടിപ്പിച്ചിട്ടാണ് അയാള്‍ പോയിരിക്കുന്നത്. ഞാന്‍ അയാളുമായുള്ള സംഭാഷണം വീണ്ടും ഓര്‍ത്തു. അങ്ങേര് കഥ പറഞ്ഞ് തുടങ്ങിയപ്പോള്‍ തന്നെ അജി മുറിയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. ഞാനൊറ്റയ്ക്കാണ് മുഴുവനും കേട്ടത്. ജോമോന്‍ എന്ന കുട്ടിയെ പറ്റി. പഠിക്കാന്‍ മിടുക്കന്‍. നന്നായി പടം വരച്ചിരുന്നു. ബീച്ചില്‍ കുളിക്കാന്‍ പോയതാണ് ഒരിക്കല്‍. പിന്നെ തിരികെ വന്നില്ല. അവന്റെ മുറിയിലാണ് ഞങ്ങള്‍ ഇപ്പോള്‍ താമസം. ജോമോന്‍ മരിച്ചിട്ട് ഇപ്പോള്‍ ഏകദേശം ആറ് വര്‍ഷമാകുന്നു. അവന്റെ മരണത്തിന് ശേഷം ഏകദേശം നാലു മാസങ്ങള്‍ക്ക് ശേഷം തൊട്ടാണ് ഹോസ്റ്റലില്‍ പ്രശ്നങ്ങളുടെ തുടക്കം. പ്രശ്നങ്ങള്‍ എന്ന് പറയാമോ എന്നറിയില്ല. കടല്‍ത്തീരത്തെ മണല്‍ ഹോസ്റ്റലില്‍ കൂടുതലായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. പിന്നെ രാത്രിയില്‍ ചില കുട്ടികള്‍ ദേഹം മുഴുവന്‍ മൂടിയ നിലയില്‍ നനഞ്ഞു കുതിര്‍ന്ന് പോവുന്ന ആരേയോ കണ്ടിട്ടുണ്ട്. രാത്രിയില്‍ അവ്യക്തമായ കാല്‍‌പെരുമാറ്റങ്ങളും ചിലപ്പോള്‍ ആരോ വാതിലില്‍ മുട്ടുന്നതായുമൊക്കെ കുട്ടികള്‍ക്ക് തോന്നിയിരുന്നു. സി-24ല്‍ പിന്നീട് ആരും താമസിച്ചിരുന്നില്ല. കുറച്ച് നാളുകള്‍ക്ക് മുമ്പ് കോളേജ് അധികൃതര്‍ ഈ ഹോസ്റ്റല്‍ മറ്റൊരു സ്ഥാപനത്തിന്, അതായത് ഞങ്ങളുടെ കോളേജിന്, ലീസിന് നല്‍കി. ജോമോന്റെ ആത്മാവ് ഈ മുറിയില്‍ ഉണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഒരുപാടുണ്ട് എന്നും ആ പഴയ വാച്ച്മാന്‍ പറഞ്ഞു.

ഞാന്‍ ഈ കാര്യങ്ങളൊക്കെ എന്റെ സഹമുറിയന്മാരോട് പറഞ്ഞതാണ്. എന്നാല്‍ അതിന് ഇവന്മാര്‍ പുല്ലുവില നല്‍കിയില്ല. എന്നിട്ട് വൈകുന്നേരം ബീച്ചിലേക്ക് ഒരു ക്ഷണവും. സ്ഥിരമായി ഞങ്ങള്‍ ഒരാറേഴ് പേര്‍ പോകാറുള്ളതാണ്. ഒരുപാട് കാര്യങ്ങള്‍ക്ക് ചര്‍ച്ചാവേദിയായിരുന്നു ബീച്ച്. എന്നാല്‍ ഇന്ന് കഥകള്‍ കേട്ടതോടെ എനിക്ക് പോകാനുള്ള മൂഡ് പോയി. എല്ലാവന്മാരും കൂടെ പോയപ്പോളും ഞാന്‍ ഇവിടെ ഇരുന്ന് ജോമോനെ കുറിച്ച് തന്നെയായിരുന്നു ആലോചന. ശരിക്കും അങ്ങനെയൊരാത്മാവ് ഈ മുറിയിലുണ്ടോ? ഇവിടെ മണ്ണ് കൂടുതലാണെന്നുള്ള കൂട്ടുകാരുടെ കളിയാക്കലുകള്‍ക്കും ഞങ്ങള്‍ക്കുള്ള മണല്‍ മാഫിയ എന്ന പേരിനുമൊക്കെ പുതിയ അര്‍ത്ഥങ്ങള്‍ വന്നത് പോലെ.. ഏതായാലും എന്റെ ഉറക്കം പോയി. ഇവന്മാരോട് അസൂയ തോന്നുന്നു. എങ്ങനെ ഇതുപോലെ ഉറങ്ങാന്‍ കഴിയുന്നു. കാര്യമൊക്കെ ശരി. ജോമോന്റെ പ്രേതം ഇതുവരെ ആരേയും ഉപദ്രവിച്ചിട്ടില്ല. എങ്കിലും പ്രേതമല്ലേ.. എങ്ങനെ വിശ്വസിക്കും? പോരാത്തതിന് അവന്റെ മുറിയിലാണ് ഞങ്ങള്‍ താമസിക്കുന്നതും. മണ്ണ്, നനഞ്ഞു കുതിര്‍ന്ന ആള്‍, അവ്യക്തമായ കാല്‍‌പെരുമാറ്റങ്ങള്‍, രാത്രിയില്‍ വന്ന് വാതിലില്‍ മുട്ടുക.. ട്ടും ട്ടും ട്ടും.. ആരോ വാതിലില്‍ ശരിക്കും തട്ടിയോ? അതോ എനിക്ക് തോന്നിയതോ?

ട്ടും ട്ടും ട്ടും..... ട്ടും ട്ടും ട്ടും.....

അല്ല. എന്റെ തോന്നലല്ല. ആരോ വാതിലില്‍ മുട്ടിയിട്ടുണ്ട്. എനിക്ക് ഒറ്റയ്ക്ക് തുറക്കാന്‍ പേടിയാണ്. ഞാന്‍ കൂട്ടുകാരെ വിളിച്ചു. രക്ഷയില്ല. രണ്ടും എഴുന്നേല്‍ക്കാന്‍ ഒരു സാധ്യതയുമില്ല. വാതിലില്‍ തട്ട് രൂക്ഷമായി. ഞാന്‍ മെല്ലെ അജിയുടെ അടുത്തും ശ്രീക്കുട്ടന്റെ അടുത്തും ചെന്ന് തട്ടി വിളിക്കാന്‍ നോക്കി. അവന്മാര്‍ നിഷ്കരുണം തിരിഞ്ഞു കിടന്നു കളഞ്ഞു. വാതിലില്‍ മുട്ടുന്നത് നിന്നിരിക്കുന്നു. ഭയാനകമായ നിശബ്ദത. ഈ ശാന്തത എന്തിന്റെ മുന്നോടിയാണ്. ഞാന്‍ പതുക്കെ പതുക്കെ വാതിലിനടുത്തേക്ക് ചെന്നു. എന്റെ ചെവി വാതിലിനോട് ചേര്‍ത്തു വെച്ചു. ആരോ നടന്നകലുന്ന ശബ്ദം. നേര്‍ത്ത കാല്‍‌പെരുമാറ്റം. ഞാനാവുന്നത്ര ധൈര്യം സംഭരിച്ചു. വാതിലിന്റെ കൊളുത്ത് പതിയെ തുറന്നു. ഒരല്‍‌പം തുറന്ന് ഞാന്‍ എന്റെ തല മാത്രം പുറത്തേക്കിട്ട് നോക്കി. വരാന്തയിലെ കാലാവധി തീരാറായ ബള്‍ബിന്റെ നേര്‍ത്ത വെളിച്ചത്തില്‍ ഞാന്‍ കണ്ടു - ദേഹം മുഴുവന്‍ മൂടപ്പെട്ട നിലയില്‍, നനഞ്ഞു കുതിര്‍ന്ന ഒരു രൂപം നടന്നകലുന്നത്. ഒരുനിമിഷം. അറിയാതെ തന്നെ ഞാന്‍ മുറിക്ക് പുറത്തെത്തി. എനിക്കെന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. നാവൊക്കെ വരണ്ടുണങ്ങിയിരിക്കുന്നു. ആ രൂപത്തിനെ വിളിക്കണം എന്നുണ്ട്. പക്ഷെ ഒച്ച പൊങ്ങുന്നില്ല. എന്റെ തോളില്‍ ഒരു നനവ് പോലെ തോന്നുന്നു. ഞാന്‍ എന്റെ തോളില്‍ കൈ വെച്ചു. പക്ഷെ എന്റെ കൈ.. അത് തൊട്ടത് എന്റെ തോളിലല്ലായിരുന്നു. നനഞ്ഞു കുതിര്‍ന്ന മറ്റൊരു കൈ! ഞാന്‍ മെല്ലെ തിരിഞ്ഞു നോക്കി.

ഞാന്‍.. ഞാന്‍ എന്താണ് കാണുന്നത്? കുറച്ച് മുമ്പ് ഞാന്‍ നടന്ന് പോകുന്നതായി കണ്ട ആ രൂപം. അതെന്റെ തോളില്‍ കൈ വെച്ച് എന്റെ അടുത്ത്. എന്റെ തൊട്ടടുത്ത്. മുഖം അടക്കം മൂടിയിരിക്കുന്നു. അത്കൊണ്ട് മുഖം കാണാന്‍ കഴിയുന്നില്ല. ഞാന്‍ വേഗം തിരിഞ്ഞ് നോക്കി. നേരത്തെ ആ രൂപം നിന്ന ഭാഗത്ത് ഇപ്പോള്‍ ഒന്നുമില്ല. ശൂന്യത മാത്രം. ഒരലര്‍ച്ചയോടെ ഞാന്‍ ആ നനഞ്ഞ കൈ എന്റെ തോളില്‍ നിന്നും വിടുവിച്ചു, എന്നിട്ട് പുറകോട്ട് ചാടി. ആ രൂപം എന്റെ നേര്‍ക്ക് വന്നു. ബലമായി എന്നെ ഭിത്തിയോട് ചേര്‍ത്തു. അതിന്റെ മുഖം എന്റെ മുഖത്തിന് നേരെ കൊണ്ടുവരികയാണ്. ഭീതിയോടെ ഞാന്‍ എന്റെ കണ്ണുകള്‍ ഇറുക്കിയടച്ചു. എന്റെ ചെവിയില്‍ അതിന്റെ നിശ്വാസം ഞാനറിഞ്ഞു. അതെന്നോട് മെല്ലെ മന്ത്രിച്ചു -

“ഹാപ്പി ബര്‍ത്ത് ഡേ!”

അവിശ്വസിനീയതയോടെ ഞാനെന്റെ കണ്ണുകള്‍ തുറന്നു. എന്റെ മുന്നില്‍ നില്‍ക്കുന്ന രൂപം അതിന്റെ തലയില്‍ നിന്നും ആ നീളന്‍ തുണി മാറ്റി. അത് ജോബിയായിരുന്നു. വരാന്തയിലെ മറ്റ് ലൈറ്റുകളും അപ്പോള്‍ തെളിഞ്ഞു. മറ്റ് സുഹൃത്തുക്കള്‍ ഒരോരുത്തരായി അവരവരുടെ മുറിയില്‍ നിന്നും ഇറങ്ങി വരാന്‍ തുടങ്ങി. ഇതിനിടയില്‍ ഞാനാദ്യം കണ്ട രൂപം കൂടെ അങ്ങോട്ട് വന്നു. അവനും മുഖം‌മൂടി മാറ്റി. അത് എന്റെ സുഹൃത്ത് ശരത്തായിരുന്നു. “ഹാപ്പി ബര്‍ത്ത്‌ഡേ അളിയാ!” ഈ സമയം അജിയും ശ്രീക്കുട്ടനും കൂടെ അങ്ങോട്ട് വന്നു. വാ വന്ന് കേക്ക് മുറിക്ക്. എല്ലാ ഒരുക്കങ്ങളും ജോബിയുടെ മുറിയിലായിരുന്നു. സ്ഥിരം ശൈലിയില്‍ എന്നെ കേക്കില്‍ കുളിപ്പിച്ച ശേഷം മിച്ചം വന്നത് തിന്ന് ഓരോരുത്തരായി അവരവരുടെ മുറികളിലേക്ക് പോയിത്തുടങ്ങി. ഒടുവില്‍ ജോബിയും ശരത്തും അജിയും ശ്രീക്കുട്ടനും ഞാനും മാത്രമായി.

“നിന്റെ പിറന്നാള്‍ എങ്ങനെ ആഘോഷിക്കണം എന്നാലോചിച്ചപ്പോഴാ ഇന്ന് ആ നുണയന്‍ വാച്ച്മാന്‍ വന്ന് വേണ്ടാത്ത കഥകളൊക്കെ പറഞ്ഞ് നിന്നെ പേടിപ്പിച്ചത്. പിന്നെ ഞങ്ങള്‍ വൈകിട്ട് ബീച്ചിലിരുന്ന് ആസൂത്രണം ചെയ്തതാണ് ഈ പ്ലാന്‍. നിന്റെ പേടി മാറ്റുക എന്നൊരു ഉദ്ദേശ്യവുമുണ്ടായിരുന്നു.” അജി പറഞ്ഞു.
“എടാ.. അയാള്‍ പടത്തിന്റെ കാര്യമൊക്കെ പറഞ്ഞത്..?”
“പറഞ്ഞില്ലേ.. ആ വാച്ച്മാന്‍ ആള്‍ വലിയ ശല്യമാണ്. തരം കിട്ടിയാല്‍ നല്ല മുട്ടന്‍ കള്ളത്തരം പറയുന്നത് അങ്ങേരുടെ ഒരു ശീലമാണ്.” ജോബി പറഞ്ഞു.
“അതുകൊണ്ടാണ് അങ്ങേരെ ഇവിടുന്ന് പറഞ്ഞ് വിട്ടത്. നമ്മുടെ വാര്‍ഡന്‍ പറഞ്ഞതാണ് കേട്ടോ..”, ശ്രീ പറഞ്ഞു.
“അതെനിക്ക് നന്നായി അറിയാവുന്നതുകൊണ്ടാ അങ്ങേര് കഥ തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ സ്ഥലം വിട്ടത്. ഞാന്‍ നീ പണ്ടൊന്ന് പേടിച്ച കാര്യം അങ്ങേരോട് പറഞ്ഞു. ആ നേരത്ത് ഉണ്ടാക്കിയ പുളു ആയിരിക്കും നിന്നോട് പറയുക എന്ന് എനിക്കുറപ്പായിരുന്നു. അത് നിന്നെ പേടിപ്പിക്കുമെന്നും എനിക്ക് ഉറപ്പായിരുന്നു. അപ്പോള്‍ തന്നെ തീരുമാനിച്ചതാ ഇന്ന് രാത്രി നിനക്ക് പണി തരുമെന്ന്” അജി പറഞ്ഞു.
“കാര്യങ്ങള്‍ എല്ലാം ശരിയാക്കാന്‍ കുറച്ച് സമയം എടുത്തു. അല്ലെങ്കില്‍ കൃത്യം പന്ത്രണ്ട് മണിക്ക് തന്നെ നിന്നെ ഞങ്ങള്‍ പൊക്കിയേനെ..” ശരത്ത് പറഞ്ഞു.
“ഏതായാലും കൊള്ളാം. ഒരപേക്ഷയുണ്ട്. ഈ കഥയും നിങ്ങള്‍ നാളെ തന്നെ ഫ്ലാഷ് ആക്കണം. കാല്‍ എന്ന ആ പേര് അങ്ങനെയെങ്കിലും ഒന്ന് മാറിയാല്‍ മതിയാരുന്നു..” ഞാന്‍ പറഞ്ഞു. എന്റെ വാക്കുകള്‍ക്ക് ചിരിയായിരുന്നു അവന്മാരുടെ മറുപടി.

01 ഏപ്രിൽ 2009

ഒരു പുഞ്ചിരിയുടെ കഥ

ടിക്കറ്റ് എടുത്ത് ട്രെയിനിന് നേരെ ഓടികൊണ്ടിരിക്കവേ നീതു തന്റെ മൊബൈലില്‍ അച്ചന്റെ നമ്പര്‍ എടുക്കുകയായിരുന്നു.
“എടീ, അത് പിന്നെ നോക്കാം. വേഗം വാ. ഇപ്പോ വണ്ടിയെടുക്കും.” ഒരല്പം ദേഷ്യത്തില്‍ തന്നെ പ്രവീണ്‍ വിളിച്ചു പറഞ്ഞു. നീതു ഫോണ്‍ കൈയ്യില്‍ മുറുകെ പിടിച്ച് സര്‍വ്വശക്തിയുമെടുത്ത് ഓടി, പ്രവിക്ക് ഒപ്പമെത്താന്‍. അവന്‍ ട്രെയിനില്‍ കയറി കഴിഞ്ഞു. അവള്‍ ഒരുവിധം ഓടിയെത്തി. വണ്ടി ചെറുതായി നീങ്ങി തുടങ്ങിയിരുന്നു. പ്രവി അവളെ കൈ പിടിച്ച് ഒരുവിധത്തില്‍ അകത്ത് കയറ്റി. വാതിലിനരികില്‍ രണ്ട് പേരും ഒരു നിമിഷം നിന്ന് കിതച്ചു. ആ കിതപ്പിനിടയില്‍ പ്രവിയുടെ മുഖത്ത് ദേഷ്യവും നീ എന്ത് ചെയ്യുവാരുന്നു എന്നും മറ്റുമുള്ള ഭാവങ്ങള്‍ പിറന്നപ്പോള്‍ നീതുവിന്റെ മുഖം എന്നോട് ക്ഷമിക്കൂ എന്ന് മാത്രമായിരുന്നു പറയുന്നത്. ഒടുവില്‍ ഇരുവരും തമ്മില്‍ തമ്മില്‍ നോക്കി ചിരിക്കുകയും ചെയ്തു.

ട്രെയിന്‍ ഏകദേശം നിറഞ്ഞിരിക്കുകയാണ്. ഇനി കൊല്ലമെത്തുന്നത് വരെ ഇരിക്കാമെന്ന് ഒരു പ്രതീക്ഷയുമില്ല. ഇരുവരും തങ്ങളുടെ ബാഗുകള്‍ ഒതുക്കിവെച്ച ശേഷം ഒരുവശത്തായി നിലയുറപ്പിച്ചു. നേരം സന്ധ്യ. പുറത്ത് ചെറിയ ചാറ്റല്‍മഴ തുടങ്ങി.

“ടാ.. ദേ മഴ!”, നീതു പറഞ്ഞു.
“കണ്ടു. ഭാഗ്യം ട്രെയിന്‍ കിട്ടിയത്. ബസില്‍ പോകേണ്ട ഗതിയായിരുന്നേല്‍ ആകെ കുളമായേനെ. നമ്മുടെ നാട്ടില്‍ ബസിനകത്തും മഴ പെയ്യും!”. പ്രവി പറഞ്ഞു.
അവള്‍ ചിരിച്ചു. എന്നിട്ട് തന്റെ ഫോണ്‍ എടുത്തു. അച്ചനെ വിളിക്കണം. നേരത്തെ ഓട്ടത്തിനിടയ്ക്ക് കിട്ടിയില്ലല്ലോ.
“ഞാന്‍ ചോദിക്കാന്‍ പോവ്വായിരുന്നു. ഓടിക്കൊണ്ടിരുന്നപ്പോള്‍ എന്തായിരുന്നു അര്‍ജന്റ് ആയി ഫോണില്‍ പരിപാടി?” പ്രവി ചോദിച്ചു.
“അച്ഛനെ വിളിച്ചതാ. പക്ഷെ കിട്ടിയില്ല. അത്കൊണ്ട് വീണ്ടും ട്രൈ ചെയ്യുന്നു ഇപ്പോള്‍..” ഫോണ്‍ ചെവിയില്‍ ചേര്‍ത്ത്കൊണ്ട് നീതു പറഞ്ഞു.

“ഓഹ്! ഇത് കിട്ടുന്നില്ലല്ലൊ.. അച്ഛന്‍ പരിധിക്ക് പുറത്താണെന്ന്..”, നീതുവിന്റെ മുഖത്ത് സങ്കടം.
“അല്ലേലും നിന്റെ ഫോണ്‍ ആവശ്യത്തിന് വര്‍ക്ക് ചെയ്യില്ലല്ലൊ.. ഒന്നുങ്കില്‍ പരിധിക്ക് പുറത്ത്, അല്ലെങ്കില്‍ ബാറ്ററി ഡൌണ്‍, ഇനിയിതൊന്നുമല്ലെങ്കില്‍ ബാലന്‍സ് ഇല്ല!”
“എടാ കളിയാക്കാതെ.. ഈ പറയുന്ന നിന്റെ ബാലന്‍സ് എത്രയാ ഇപ്പോ?”
“ഹിഹി.. ശൂന്യം! ആകെ ഉണ്ടായിരുന്നത്കൊണ്ടാ വീട്ടില്‍ വിളിച്ച് ചേട്ടനോട് പറഞ്ഞത് വരുന്നുണ്ടെന്ന്. ഈ ട്രെയിന് അവിടെ എത്തുന്ന നേരത്ത് നമ്മുടെ റൂട്ടിലെ ബസ്സൊക്കെ അതിന്റെ പാട്ടിന് പോകും.‍”
“അതല്ലെ പ്രശ്നം. ഞാന്‍ വീട്ടില്‍ പറഞ്ഞിട്ടില്ല വരുമെന്ന്. ഇന്ന് ക്ലാസ് നേരത്തെ കഴിയുമെന്ന് ആരറിഞ്ഞു. ഞാന്‍ നാളെ രാവിലത്തെ ട്രെയിനില്‍ വരുമെന്നാ വീട്ടില്‍ പറഞ്ഞിരിക്കുന്നേ. ഇതിപ്പോ മൂന്നാമത്തെ തവണയാ പരിധിക്ക് പുറത്തെന്ന് പറയുന്നത്. അച്ഛന്‍ എവിടേലും പോയിക്കാണുമോ ആവോ..”
“നീ വീട്ടില്‍ വിളിച്ച് നോക്കെടീ.. അമ്മയുണ്ടാവില്ലേ..”
“ഇനി അത് നോക്കുവാ ഞാന്‍. ഇനി അമ്മേടെ ഉപദേശം കേള്‍ക്കണം. എന്തിനാ രാത്രി ട്രെയിനില്‍ വരുന്നേ? നിനക്ക് രാവിലെ കയറിയാല്‍ പോരെ? കൂടെ ആരേലും ഉണ്ടോ..”
“ഞാന്‍ ഉണ്ടെന്ന് പറഞ്ഞാല്‍..?”
“നീയുണ്ടെന്ന് പറഞ്ഞാലെന്താ? അമ്മ ഹാപ്പിയാകും. ഒറ്റയ്ക്ക് വന്നില്ലല്ലോ എന്ന് പറയും.. പിന്നെ നീയല്ലേടാ.. അമ്മയ്ക്ക് നിന്നെ എത്ര നാളായി അറിയാം. നമ്മള്‍ ഒരുമിച്ച് പഠിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോ കുറെ നാളായില്ലേ..“
“അതെയതെ. നമുക്ക് ഒരേ കോളേജില്‍ അഡ്മിഷന്‍ കിട്ടിയപ്പോ ഏറ്റവും സന്തോഷം എന്റെ അമ്മയ്ക്കായിരുന്നു. ഞാന്‍ നേരെചൊവ്വെ നടക്കുന്നുണ്ടൊ എന്നറിയാന്‍ അമ്മയ്ക്ക് ഒരു ആളായല്ലോ നീ..”
“ഹിഹി.. അതിന് നിന്റെ രഹസ്യങ്ങള്‍ ഒന്നും ഞാന്‍ വെളിപ്പേടുത്തിയില്ലല്ലോ.. പിന്നെന്താ? ശ്ശെ! ഇതെന്ത് കഷ്ടമാണ്.. വീട്ടില്‍ ബെല്ലുണ്ട്. പക്ഷെ ആരും എടുക്കുന്നില്ല.”
“അതിന് നമ്മള്‍ കൊല്ലം പോലും ആയിട്ടില്ലല്ലോ.. ഇടയ്ക്കിടെ ട്രൈ ചെയ്താല്‍ മതി”
താമസിയാതെ വണ്ടി കൊല്ലത്തെത്തി. പ്രതീക്ഷിച്ചത് പോലെ അവര്‍ക്ക് സീറ്റും കിട്ടി. നീതു അച്ഛനെയും അത് കഴിഞ്ഞ് വീട്ടിലേക്കും മാറി മറി രണ്ട് വട്ടം കൂടി വിളിച്ചു. പക്ഷെ കിട്ടിയില്ല.
“ഓഹ്.. ഇത് പ്രശ്നമാണല്ലോ. ഇവരൊക്കെ എവിടെ പോയിക്കിടക്കുവാണോ എന്തോ..”, നീതു ഫോണ്‍ കിട്ടാത്തതിന്റെ നിരാശയോടെ പറഞ്ഞു.
പ്രവീണ്‍ ഒന്നും പറഞ്ഞില്ല. ഇങ്ങനെ ചുമ്മാ ടെന്‍ഷന്‍ അടിക്കുന്നത് അവളുടെ സ്വഭാവമാണെന്ന് അവനറിയാം. അഞ്ച് കൊല്ലമായി ഒരുമിച്ച് പഠിക്കുന്നു. ആദ്യം രണ്ട് വര്‍ഷം പ്ലസ് 2വിനും പിന്നെ എഞ്ചിനീയറിങ്ങ് ഇപ്പോ മൂന്ന് വര്‍ഷവും. ഒരേ നാട്ടുകാരായത്കൊണ്ടും ഒരുമിച്ച് പഠിച്ചിട്ടുള്ളത്കൊണ്ടും ആദ്യം മുതല്‍ക്കെ ഒരുമിച്ചാണ് ഇരുവരും യാത്ര. അത്കൊണ്ട് തന്നെ നല്ല കൂട്ടുകാരും. ഇപ്പോ ഇവളെ തനിയെ വിടുന്നതാണ് നല്ലത് എന്നും അവനറിയാം. അത്കൊണ്ട് മറ്റ് യാത്രക്കാരിലായി അവന്റെ ശ്രദ്ധ. അടുത്തിരുന്ന ആളുടെ സായാഹ്നപത്രം വാങ്ങി അവനൊന്ന് ഓടിച്ചു നോക്കി.
“ഹെയ്, നീതു.. നോക്ക്..” അവന്‍ പത്രത്തിലെ ഒരു വാര്‍ത്ത അവളെ കാണിച്ചുകൊണ്ട് പറഞ്ഞു, “ചുമ്മാതാണോ നിന്റെ അമ്മയ്ക്ക് ടെന്‍ഷന്‍ കൂടുന്നത്..”
അസമയത്ത് ട്രെയിനില്‍ യാത്ര ചെയ്ത ഒരു പെണ്‍കുട്ടിയെ ഏതൊ കള്ളന്‍ ആക്രമിച്ചതിനെ കുറിച്ചായിരുന്നു വാര്‍ത്ത.
“ഉവ്വുവ്വേ.. ആ പെണ്ണിനെ കൊണ്ട് കൊള്ളാഞ്ഞിട്ടല്ലേ.. എന്റെ നേരെ വന്നിരുന്നേല്‍ അവന്റെ മൂക്കിടിച്ച് ഞാന്‍ പപ്പടമാക്കിയേനെ.” നീതു ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതെയതെ.. അങ്ങനെ എത്ര പേരുടെ മൂക്കിടിച്ച് പരത്തിയിരിക്കുന്നു ‘ദ ഗ്രേറ്റ്‘ നീതു”, പ്രവി അവളെ കളിയാക്കി. ടീച്ചര്‍ വഴക്ക് പറഞ്ഞാല്‍ ഇപ്പോഴും കരയുന്ന നീതു ഒരു കള്ളനെ ഇടിക്കുന്നത് പ്രവിക്ക് സങ്കല്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല.
മഴ കുറഞ്ഞു. പ്രവീണ്‍ പുറത്തെ ഇരുട്ടില്‍ സ്ഥലം ഏതെന്ന് മനസിലാക്കാന്‍ ഒരു വിഫലശ്രമം നടത്തി. അവന്‍ പത്രം വായിച്ചു തീര്‍ത്തിരുന്നു. ഇലക്ഷന്‍ അടുത്തതിനാല്‍ രാഷ്ട്രീയക്കാരുടെ വാര്‍ത്തകള്‍ക്കായിരുന്നു പ്രാധാന്യം. അവന്‍ വാച്ചില്‍ നോക്കി. ട്രെയിന്‍ ഇന്ന് പതിവില്ലാതെ റൈറ്റ് ടൈം ആണ്. ഏറിയാല്‍ ഒന്നര മണിക്കൂര്‍ കൂടി. നീതുവിന് ഇത് വരെ വീട്ടില്‍ വിളിച്ചിട്ട് കിട്ടിയിട്ടില്ല. അവന്‍ അവളെ നോക്കി. ഫോണിനെ ദയനീയമായി നോക്കി ഇരിക്കുകയാണ് കക്ഷി. പ്രവീണ്‍ അവളുടെ കൈയ്യില്‍ നിന്നും ഫോണ്‍ വാങ്ങി. എന്നിട്ട് വീട്ടിലേക്കും നീതുവിന്റെ അച്ഛനേയും മാറി മാറി വിളിക്കാന്‍ തുടങ്ങി. വീട്ടില്‍ ആരും ഫോണെടുത്തില്ല. അച്ഛന്‍ പരിധിക്ക് പുറത്ത് തന്നെ.
“ഇന്നലെ വിളിച്ചപ്പോഴും ഇന്ന് എവിടെയെങ്കിലും പോകുന്നതായി പറഞ്ഞില്ല. ഇനി ഈ മഴ കാരണം ഫോണ്‍ എന്തെങ്കിലും പ്രശ്നമായി ഇരിക്കുവാണോ എന്തോ..” നീതു നിരാശയോടെ പറഞ്ഞു.
“നീ ടെന്‍ഷനാവാതെ.. സമയമുണ്ടല്ലോ. നമുക്ക് നോക്കാം.” പ്രവി അവളെ ആശ്വസിപ്പിച്ചു.
അവള്‍ വീണ്ടും വിളിക്കാന്‍ തുടങ്ങി. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല. സമയം കടന്നുപോയി. ഇനി ഏകദേശം അര മണിക്കൂര്‍ കൂടി മാത്രം.
“എടാ.. എന്ത് ചെയ്യും? കിട്ടുന്നില്ല. ദേ.. ഈ പണ്ടാരത്തിന്റെ ചാര്‍ജും തീരാറായി. ശോ! കഷ്ടകാലം തന്നെ. മര്യാദയ്ക്ക് നാളെ രാവിലെ വന്നാല്‍ മതിയാരുന്നു. ഒരു ദിവസം മുമ്പേ വീട്ടില്‍ എത്താനുള്ള ആഗ്രഹം. വെക്കേഷന്‍ ആയത് കൊണ്ട് മനുവും വരും വീട്ടില്‍”, നീതു കരയാറായി.
“എന്താ പറഞ്ഞേ? മനു വീട്ടില്‍ കാണുമെന്നോ?”പ്രവി ചോദിച്ചു. മനു നീതുവിന്റെ അനിയനാണ്. എഞ്ചിനീയറിങ്ങ് ഒന്നാം വര്‍ഷക്കാരന്‍.
“അവനും വെക്കേഷനല്ലേ.. അവന്‍ ഇന്ന് വരുമെന്ന് അച്ഛന്‍ ഇന്നലെ പറഞ്ഞിരുന്നു.” നീതു പറഞ്ഞു.
“എടീ പോത്തേ.. പിന്നെ നീയെന്താ അവനെ വിളിക്കാത്തത്?”
“അയ്യോ! അത് ശരിയാണല്ലോ.. ഞാനാക്കാര്യം അങ്ങ് മറന്നെടാ.. താങ്ക്സ്!” നീതു ഫോണെടുത്തു. മനുവിനെ വിളിച്ചു. അവളുടെ മുഖത്ത് തെളിഞ്ഞ സന്തോഷം ഒരു നിമിഷം കൊണ്ട് മാഞ്ഞ് പോയി.
“എന്ത് പറ്റീ?” അവളുടെ മുഖം മാറിയത് കണ്ട് അവന്‍ ചോദിച്ചു.
“ഫോണെടുക്കുന്നില്ല.” കുറച്ച് ദേഷ്യം കലര്‍ന്ന ശബ്ദത്തില്‍ നീതു ഉത്തരം നല്‍കി.
“സാരമില്ല. കുറച്ച് കഴിഞ്ഞ് ഒന്നൂടെ വിളിക്കാം.” പ്രവി പറഞ്ഞു. ട്രെയിന്‍ ഒരു സ്റ്റേഷനില്‍ നിര്‍ത്തി. അടുത്ത സ്റ്റേഷനില്‍ ഇറങ്ങാം. അതിനകം നീതുവിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും എന്ന് പ്രതീക്ഷിക്കാം. എന്തായാലും അവളെ ഒറ്റയ്ക്ക് നിര്‍ത്താന്‍ പറ്റില്ല.
ഒരുമുറൈ വന്ത് പാറായോ.. പാറായോ.. പ്രവി ഞെട്ടിത്തിരിഞ്ഞ് നോക്കി. നീതുവിന്റെ ഫോണ്‍ ബെല്ലടിക്കുകയാണ്. മനുവാടാ.. നീതു പതുക്കെ പറഞ്ഞു. എന്നിട്ട് ഫോണെടുത്തു
“ഹലോ.. എവിടാരുന്നു നീ?.. മ്..മ്..മ്.. ടാ.. ചേച്ചി ട്രെയിനിലാ. ഇപ്പോ സ്റ്റേഷന്‍ എത്തും. നീ അച്ഛനോട് ഒന്ന് പറ എന്നെ വന്ന് വിളിക്കാന്‍.. എന്താ? അച്ഛന്‍ ഇല്ലേ? എവിടെ പോയി?.. മ്..മ്.. അമ്മയും പോയോ? ഓ.. ചുമ്മാതല്ല ഫോണ്‍ അടിച്ചിട്ട് എടുക്കാഞ്ഞത്.. എന്താ? അപ്പോ ഫോണ്‍ അടിച്ച് പോയോ? ശരി ശരി.. ബാക്കി വീട്ടില്‍ വന്നിട്ട് പറയാം. നീ വന്നാലും മതി. ദേ, ചേച്ചീടെ ഫോണിന്റെ ബാറ്ററി ഡൌണ്‍ ആണ്. നീ വേഗം വാ” നീതു ഫോണ്‍ കട്ട് ചെയ്തു. അത് ഓഫായി പോയി എന്ന് പറയുന്നതാണ് കുറച്ച് കൂടെ ശരി.
“എന്തായി? മനു എന്ത് പറഞ്ഞു?” പ്രവി ചോദിച്ചു.
“അവന്‍ വരും. അച്ഛനും അമ്മയും കൂടെ അവിടെ അടുത്തൊരു കാവുണ്ട്. ഇന്ന് എന്തോ പൂജയൊക്കെയാ. അതിന് പോയിരിക്കുന്നു. അതാവും ‘പരിധിക്ക് പുറത്ത്’. പിന്നെ നല്ല സൂപ്പര്‍ മഴ കഴിഞ്ഞതിന്റെ ഭാഗമായി അവിടെ ഫോണും പോയി, കറണ്ടും ഇല്ല! ഞാന്‍ നേരത്തെ വിളിക്കുമ്പോ അവന്‍ കുളിക്കുവാ. അതാ എടുക്കാഞ്ഞത്.”
“ഹാവൂ.. സമാധാനമായി. ദാ വണ്ടി സ്ലോ ആയല്ലോ. ഇറങ്ങാന്‍ നേരമായി. വാ”
വണ്ടി മെല്ലെ സ്റ്റേഷനില്‍ നിന്നു. പ്രവിയും നീതുവും ഇറങ്ങി. പുറത്ത് മഴ പെയ്തതിന്റെ ലക്ഷണങ്ങള്‍ കാണാമായിരുന്നു. തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു, അങ്ങിങ്ങായി വെള്ളം കെട്ടിക്കിടക്കുന്നു. അവിടെ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് - മൂന്ന് ഓട്ടോകള്‍ നനഞ്ഞിരുന്നു. ഇതിനൊക്കെ പുറമേ അടുത്തൊരു മഴയ്ക്ക് ആകാശം ഒരുങ്ങി തുടങ്ങുകയും ചെയ്തു. നേര്‍ത്ത ശബ്ദത്തിലുള്ള ഇടിനാദം മുഴങ്ങുന്നുണ്ടായിരുന്നു. ട്രെയിന്‍ പോയിക്കഴിഞ്ഞു. സ്റ്റേഷനില്‍ ഇറങ്ങിയ യാത്രക്കാര്‍ എല്ലാവരും തന്നെ പോയിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഒരൊറ്റ ഓട്ടോ പോലും സ്റ്റേഷനില്‍ ഇല്ല. പ്രവിയും നീതുവും സ്റ്റേഷന്റെ വാതില്‍ക്കല്‍ തന്നെ നില്‍ക്കയായി. ഏകദേശം ഒരഞ്ച് മിനിറ്റുകള്‍ക്കകം പ്രവിയുടെ ചേട്ടന്‍ തന്റെ ഹീറോ ഹോണ്ട പാഷനില്‍ വന്നു.
“പോകാം?”, ചേട്ടന്‍ ചോദിച്ചു.
“ചേട്ടാ, ഒരഞ്ച് മിനിറ്റ്. ദേ നീതുവിന്റെ അനിയന്‍ കൂടെ ഒന്ന് വന്നോട്ടെ. എന്നിട്ട് പോകാം.” പ്രവി പറഞ്ഞു.
“എടാ.. മഴ വരുന്നുണ്ട്. നീതുവിന്റെ അനിയന്‍ ഉടന്‍ വരുമോ?” ചോദ്യം നീതുവിനോടായിരുന്നു.
“വരും വരും. അവനെ ഞാന്‍ വിളിച്ചിരുന്നു. ഏറിയാല്‍ പത്ത് മിനിറ്റ്. അവനിങ്ങെത്തും. നിങ്ങള്‍ പൊയ്ക്കോളൂ.. മഴയ്ക്ക് മുമ്പേ വീടെത്താന്‍ നോക്ക്.” നീതു പറഞ്ഞു.
“അത് വേണ്ട. മനു വരട്ടെ. എന്നിട്ട് നമുക്കൊരുമിച്ച് പോകാം. നീ ഇവിടെ ഒറ്റയ്ക്ക് നില്‍ക്കണ്ട.” പ്രവി പറഞ്ഞു.
“സാ‍രമില്ലെന്നെ.. കുറച്ച് നേരത്തെ കാര്യമല്ലേ ഉള്ളൂ. അവന്‍ ഇപ്പോ ഇങ്ങ് വരും. നീ പൊയ്ക്കോ.”
നീതുവിന്റെ വാക്കുകള്‍ക്ക് ഒരു മിന്നലിന്റെയും ഇടിയുടെയും അകമ്പടി ഉണ്ടായിരുന്നു. കാറ്റ് കുറച്ചു കൂടി ശക്തിയില്‍ വീശാന്‍ തുടങ്ങി. മഴ വരാറായി എന്ന് പ്രകൃതി വിളിച്ചറിയിക്കുന്നു.
“പ്രവീ..”, ചേട്ടന്‍ വിളിച്ചു.
പ്രവീണിന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. മഴ വരുന്നുണ്ട്. ഇപ്പോള്‍ പോയില്ലാ എങ്കില്‍ നനഞ്ഞത് തന്നെ. പോയാല്‍ നീതു.. അവള്‍ ഈ രാത്രി, ഇവിടെ ഒറ്റയ്ക്ക്.. പ്രവീണ്‍ ചുറ്റും നോക്കി. മൂന്ന് ടാക്സികളല്ലാതെ മറ്റൊന്നും കാണാനുണ്ടായിരുന്നില്ല. ടിക്കറ്റ് കൌണ്ടറില്‍ പോലും ആരുമില്ല. തണുത്ത കാറ്റ്. ഏത് നിമിഷവും മഴ പെയ്യാം. ചേട്ടന്‍ ഇപ്പോഴും ബൈക്കില്‍ തന്നെ. ഇവിടുന്ന് ഏകദേശം അര-മുക്കാല്‍ മണിക്കൂര്‍ യാത്രയുണ്ട് വീട്ടിലേയ്ക്ക്. നീതുവിന്റെ വീട് സ്റ്റേഷനില്‍ നിന്നും ഒരു ഇരുപത് മിനിറ്റ് കഷ്ടിച്ചേ ഉള്ളൂ. നിന്നാല്‍ മഴ നനയുമെന്നത് നൂറു തരം. അല്ല, ഇനി പോയാല്‍ തന്നെ മഴയ്ക്ക് മുമ്പ് വീട്ടിലെത്തുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ.
“എടാ.. വഴിയില്‍ മിക്കയിടത്തും കറണ്ടില്ല. നമുക്ക് കുറച്ച് ദൂരം പോകാനുണ്ട്.”, ചേട്ടന്‍ പിന്നെയും പറഞ്ഞു.
“ശരിയാ പ്രവീ.. നീ പൊയ്ക്കോ.. അതാ നല്ലത്. ദേ നല്ല കാറ്റ്. മഴ പെയ്യും ഷുവര്‍ ആണ്. എനിക്ക് ഇവിടുന്ന് അത്ര ദൂരമില്ലല്ലോ. മനു ഇപ്പോ ഇങ്ങെത്തും. നീ പൊയ്ക്കോ.” നീതു പ്രവിയെ നിര്‍ബന്ധിച്ചു.
പ്രവി വാച്ചില്‍ നോക്കി. ഏകദേശം അഞ്ച് മിനിറ്റിനുള്ളില്‍ മനു വരും. ഞാനിപ്പോള്‍ പോയാലും വലിയ കുഴപ്പമില്ല. അഞ്ച് മിനിറ്റ് കൊണ്ട് എന്ത് സംഭവിക്കാന്‍? അവന്‍ ഒടുവില്‍ പോകാന്‍ തന്നെ തീരുമാനിച്ചു. നീതുവിനോട് യാത്ര പറഞ്ഞ് അവന്‍ ചേട്ടന്റെ കൂടെ മടങ്ങി. എന്നാല്‍ അവന് എന്തോ പോലെ തോന്നുന്നുണ്ടായിരുന്നു. എന്തോ അപകടം സംഭവിക്കാനുള്ളത് പോലെ. അവളെ അവിടെ ഒറ്റയ്ക്ക് നിര്‍ത്തി വരേണ്ടായിരുന്നു. മഴ ചാറാന്‍ തുടങ്ങി. ചേട്ടന്‍ ഒരല്‍‌പം കൂടി വേഗത കൂട്ടി. മഴ കനത്തു തുടങ്ങി. ശക്തമായ കാറ്റും. എന്നാല്‍ അത് വകവെയ്ക്കാതെ ആ പാഷന്‍ റോഡിലൂടെ കുതിച്ചു പാഞ്ഞു പോയി.
ആ നേരം സ്റ്റേഷനില്‍ നീതു മനുവിനെ കാത്ത് നില്‍ക്കുകയായിരുന്നു. മെല്ലെയാണെങ്കിലും കാറ്റിന് ശക്തി കൂടി കൂടി വന്നു. ഒപ്പം കനത്ത മഴയും. വാതില്‍ക്കല്‍ നിന്നും നീതു സ്റ്റേഷന്റെ ഉള്ളിലേക്ക് കയറി നിന്നു. കാറ്റടിച്ച് സ്റ്റേഷന്റെ ഉള്ളില്‍ പോലും വെള്ളം കയറാന്‍ തുടങ്ങി. പ്രവി പോയിട്ട് ഏകദേശം പതിനഞ്ച് മിനിറ്റ് കഴിഞ്ഞു. മനു ഇത് വരെ വന്നിട്ടുമില്ല. വിറ്റു തീരാത്ത സായാഹ്നപത്രവുമായി ഒരാള്‍ ഒരു മൂലയില്‍ ഇരിക്കുന്നുണ്ടായിരുന്നു. അതിലെ പ്രധാന വാര്‍ത്ത നീതുവിന് കാണാമായിരുന്നു. കുറച്ച് മുമ്പ് പ്രവിയുമായിരുന്ന് ചിരിച്ചുതള്ളിയ വാര്‍ത്ത. എന്നാലിപ്പോള്‍ അവളുടെ ഉള്ളില്‍ ഒരു ഭയം നിറയ്ക്കാന്‍ അത് മാത്രം മതിയായിരുന്നു. സ്റ്റേഷന്റെ വാതില്‍ക്കല്‍ കിടക്കുന്ന ടാക്സിയില്‍ നിന്നും തന്റെ നേരെ നോട്ടങ്ങള്‍ വരുന്നതായി നീതുവിന് തോന്നി. അവള്‍ ചുറ്റും നോക്കി. ആ പത്രക്കാരന്‍ ഒഴികെ മറ്റാരേയും അവിടെ കാണാനുണ്ടായിരുന്നില്ല.
മഴ തോര്‍ന്നു. നീതു വീണ്ടും സ്റ്റേഷന് വെളിയിലേക്കിറങ്ങി. ഒന്ന് - രണ്ട് ഓട്ടോകള്‍ കൂടെ വന്നിട്ടുണ്ട്. കുറച്ച് മുമ്പ് കഴിഞ്ഞ മഴയും കാറ്റിനും തെളിവായി വാതില്‍ക്കല്‍ നില്‍ക്കുന്ന മരത്തിലെ ഇലകളും കൊച്ചു കമ്പുകളും നിലത്ത് കിടപ്പുണ്ടായിരുന്നു. മനു ഇത് വരെ വന്നിട്ടില്ല. അവനെ ഒന്ന് വിളിക്കാം എന്ന് വെച്ചാല്‍ മൊബൈലിന്റെ ചാര്‍ജ് തീര്‍ന്ന് അത് ഓഫ് ആയല്ലോ.. കുഞ്ഞിന് എങ്ങോട്ടാ പോവണ്ടേ? ഒരു ഓട്ടോക്കാരന്‍ ചോദിച്ചു. എന്നാല്‍ നീതുവിന് ഓര്‍മ്മ വന്നത് പണ്ട് ഏതോ സിനിമയില്‍ കണ്ട രംഗമാണ് - ഓട്ടോയില്‍ വന്ന് നായികയെ തട്ടിക്കൊണ്ട് പോകുന്ന വില്ലന്‍. അതോര്‍ത്ത് അവള്‍ ഒന്ന് ഞെട്ടി. വേണമെങ്കില്‍ കൊണ്ട് വിടാം. ഓട്ടോക്കാരന്‍ വിടാന്‍ ഭാവമില്ല. “വേണ്ടാ.. എന്നെ വിളിക്കാന്‍ ആള്‍ വരും” നീതു ആവുന്നത്ര ഗൌരവത്തില്‍ പറഞ്ഞു.
ഓട്ടോക്കാരന്‍ തിരിച്ചു പോയി. അയാള്‍ അവളെ തന്നെ നോക്കി ഇരുന്നു. മറ്റ് രണ്ട് ഓട്ടോക്കാര്‍ കൂടെ അയാളുടെ അടുത്തെത്തി. നീതു അവരെ ശ്രദ്ധിക്കുന്നതേയില്ല എന്ന മട്ടില്‍ നിന്നു. എന്നാല്‍ അവളുടെ ശ്രദ്ധ അവരില്‍ മാത്രമായിരുന്നു. മനൂ.. നീ എവിടെയാ? ഓട്ടോക്കാര്‍ മൂവരും അവളെ നോക്കികൊണ്ടിരുന്നു. എന്തോ പോലെ.. അവരുടെ നോട്ടം അത്ര പന്തിയല്ല. പെട്ടെന്ന് ഒരനക്കം കേട്ട് നീതു തിരിഞ്ഞു നോക്കി. പത്രക്കാരന്‍ കണ്ണും തിരുമ്മി എഴുന്നേറ്റിരിക്കുകയാണ്. അയാളുടെയും നോട്ടം അവളില്‍ തന്നെയായിരുന്നു. എവിടെ നിന്നു വേണമെങ്കിലും അപകടമുണ്ടാവാം എന്ന സത്യം നീതു തിരിച്ചറിഞ്ഞു. അവള്‍ വെറുതെ തന്റെ മൊബൈല്‍ ഓണാക്കാന്‍ ഒരു വിഫലശ്രമം നടത്തി. മെല്ലെ ബാഗ് തന്നോട് ചേര്‍ത്ത് നീതു സ്റ്റേഷന്റെ മുന്നിലെ പടിയില്‍ ഇരുന്നു. എങ്ങോട്ട് നോക്കിയാലും തന്റെ നേരെ നീളുന്ന കണ്ണുകള്‍. അവള്‍ തന്റെ കണ്ണുകള്‍ അടച്ചു കളഞ്ഞു. ഒറ്റയ്ക്കായ പോലെ. ബാഗില്‍ മുഖം പൊത്തി അവള്‍ മെല്ലെ കരഞ്ഞു. ഏത് നിമിഷവും തന്റെ നേര്‍ക്ക് ഒരാക്രമണം അവള്‍ പ്രതീക്ഷിച്ചു. ഒരു നിമിഷം. തന്റെ തോളില്‍ ആരുടെയോ കൈ.....
ആശ്വാസത്തോടെ നീതു തലയുയര്‍ത്തി നോക്കി. തനിക്ക് തെറ്റിയില്ല. ഏതിരുട്ടിലും, ഏത് തിരക്കിലും താന്‍ ആ കരസ്പര്‍ശം തിരിച്ചറിയും, അതിലെ സ്നേഹം അറിയും, ചേച്ചിയാണെങ്കിലും ഒരനിയത്തിയെ പോലെ തന്നെ ലാളിക്കുന്ന അവന്റെ സ്നേഹം താനറിയും. മനു. അവന്‍ വന്നു.. അവള്‍ അവന്റെ കൈയ്‌ക്കിട്ട് ഒറ്റ തട്ട്, “എവിടാരുന്നെടാ ചെക്കാ നീ?”
“എന്തൊരു മഴേം കാറ്റും.. വഴീല് ഒരു മരോം വീണു. അതാ‍ താമസിച്ചേ.. നമുക്ക് പോവ്വാം?”
അവന്റെ മുടിയില്‍ നിന്നും അപ്പോഴും ഇറ്റ് വീഴുന്നുണ്ടായിരുന്നു വെള്ളത്തുള്ളികള്‍, മുമ്പ് പെയ്ത മഴയുടെ ബാക്കിപത്രമായി.

നീതുവിന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയില്‍ ആഹ്ലാദമോ ആശ്വാസമോ അധികമെന്ന് പറയാന്‍ കഴിയില്ലായിരുന്നു. എങ്കിലും അത് സുന്ദരമായിരുന്നു. എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നതും..