07 നവംബർ 2011

പുസ്‌തകം - ഹാരി പോട്ടര്‍


ഒരുപക്ഷെ നിങ്ങള്‍ വിചാരിക്കും, ഇവന് പു‌സ്‌തകം വായനയാണോ പണി എന്ന്. രണ്ട് ദിവസത്തിനകം വീണ്ടുമൊരു പുസ്‌തക വിശേഷം പങ്ക് വെയ്‌ക്കാമെന്ന് വിചാരിച്ചതല്ല. എന്നാലും ഹാരിയെ പറ്റി എഴുതാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നി. ആഗസ്‌റ്റ് - സെപ്‌റ്റംബര്‍ മാസങ്ങളിലാണ് ഹാരി പോട്ടറിനെ വായിക്കുന്നത്. സത്യം പറഞ്ഞാല്‍ കുറേ നാളുകള്‍ക്ക് ശേഷം പുസ്‌തകങ്ങളിലേക്ക് ഒരു തിരിച്ച് പോക്കായിരുന്നു അത്. ഏഴ് ഭാഗങ്ങളിലായി പറയുന്ന ഹാരിയുടേയും സുഹൃത്തുക്കളുടേയും കഥ.. അവസാന ബുക്കിന്റെ അവസാന പേജ് വായിച്ച് തീര്‍ന്നപ്പോള്‍ അറിയാതെ വീണ്ടും പേജ് മറിച്ചു, തീരാതിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി.. ഒരു നഷ്‌ടബോധം!

പുസ്‌തകത്തിന്റെ വിശേഷങ്ങളിലേയ്‌ക്ക് വരുന്നതിന് മുമ്പ് ഒരു ചെറിയ നന്ദി പ്രകടനം നടത്തിക്കോട്ടെ..

ആദ്യമായി എമ്മാ വാട്‌സണ്‍ എന്ന സുന്ദരിക്കുട്ടിയായ നടിക്ക്. ഈ നടി ഇല്ലായിരുന്നു എങ്കില്‍ ഒരുപ‌ക്ഷെ ഞാന്‍ ഹാരി പോട്ടര്‍ കൈ കൊണ്ട് തൊടില്ലായിരുന്നു! എമ്മാ വാട്സണെ അറിയില്ലെങ്കില്‍ (!), ഹാരി പോട്ടര്‍ സിനിമകളില്‍ ഹെര്‍മൈയോണി ഗ്രേഞ്ചര്‍ എന്ന കഥാപാത്രം ആയെത്തിയത് ഈ പുള്ളിക്കാരിയാണ്. ഹാരി പോട്ടര്‍ അവസാന ഭാഗമായ ഡെത്ത്‌ലി ഹാലോസ് (ഭാഗം 2) തീയറ്ററുകളില്‍ എത്തിയ സമയം. ഇത്ര നാളായിട്ടും ഹാരി പോട്ടറിനോട് പറയത്തക്ക സ്‌നേഹമൊന്നും തോന്നിയിരുന്നില്ല. ആ സീരീസിലെ ഒരു സിനിമ പോലും തീയറ്ററില്‍ കണ്ടിട്ടുമില്ലായിരുന്നു. അവസാന സിനിമ ഇറങ്ങിയപ്പോള്‍ ഒരു തോന്നല്‍ - ഇത് വരെ നമ്മുടെ എമ്മക്കുട്ടിയുടെ ഒരു സിനിമയും തീയറ്ററില്‍ കണ്ടിട്ടില്ലല്ലോ എന്ന്.. :‌-D അത് കൊണ്ട് അവസാന ഭാഗം കാണാം എന്ന് കരുതി (എമ്മാ വാട്‌സണ് വേണ്ടി മാത്രം!).

എന്നോ കണ്ട് മറന്ന ആദ്യ 4 ഭാഗങ്ങള്‍. അറ്റവും മൂലയും കണ്ട അഞ്ചാം ഭാഗം. ഇത്രയുമാണ് എന്റെ ഹാരി പോട്ടര്‍ സിനിമ അനുഭവം. കഥാഗതിയെ പറ്റി വലിയ നിശ്ചയമില്ല. അങ്ങനെയിരിക്കുമ്പോള്‍ എച്.ബി.ഒ ചാനല്‍ രക്ഷക്കെത്തി. അടുപ്പിച്ച് രണ്ട് ദിവസങ്ങളിലായി അവര്‍ അഞ്ചും ആറും ഭാഗങ്ങള്‍ റ്റി.വിയില്‍ കാണിച്ചു. ആറാം ഭാഗം - ദ് ഹാഫ് ബ്ലഡ് പ്രിന്‍സ് - എല്ലാ അര്‍ത്ഥത്തിലും ഹാരി പോട്ടറിനോടുള്ള എന്റെ സമീപനം തന്നെ മാറ്റി കളഞ്ഞു. എമ്മാ വാട്സണെ കാണുക എന്നതിലുപരി എന്താണ് ഈ വട്ടക്കണ്ണടക്കാരന്‍ പയ്യന്റെ കഥ എന്ന് അറിയാന്‍ ആദ്യമായി ഒരു താല്‍‌പര്യം തോന്നി. അന്ന് തന്നെ ഡൌണ്‍ലോഡ് ചെയ്യാനിട്ടു ഒന്ന് മുതല്‍ 7 വരെയുള്ള എല്ലാ ചിത്രങ്ങളും. എന്നാല്‍ അതിനൊപ്പം തന്നെ അവസാന സിനിമയുടെ നിരൂപണങ്ങളില്‍ നിറഞ്ഞ് നിന്ന ഒരു കാര്യവും ശ്രദ്ധയില്‍ പെട്ടു - പുസ്‌തകത്തില്‍ നിന്നും സിനിമ ആയപ്പോള്‍ നഷ്‌ടപ്പെട്ട ഒരു പാട് കാര്യങ്ങളുണ്ടെന്ന്. അങ്ങനെയാണ് ഹാരി പോട്ടറിനെ മൊത്തത്തില്‍ അങ്ങ് വാങ്ങിച്ചേക്കാം എന്ന് തീരുമാനിച്ചത്.

രണ്ടാമതായി നന്ദി പറയേണ്ടത് flipkart.com-ന് ആണ്. അവിടെ നിന്നാണ് ഹാരി പോട്ടര്‍ പരമ്പരയിലെ എല്ലാ പുസ്‌തകങ്ങളും അടങ്ങിയ ബോക്‍സ് സെറ്റ് വാങ്ങിയത്. ഓഗസ്റ്റ് 8-ന് പുസ്തകങ്ങള്‍ കൈയ്യില്‍ കിട്ടി. സുന്ദരമായി പാക്ക് ചെയ്‌ത പുതിയ മണമുള്ള പുസ്തകങ്ങള്‍.

ഇനി ഒരു നന്ദി കൂടി ഉണ്ട്. അത് അവസാനമാകട്ടെ.. പു‌സ്‌തകത്തിന്റെ വിശേഷങ്ങളിലേക്ക് വരാം. ഇത്തവണയും കഥയെ പറ്റി ഒന്നും പറയുന്നില്ല (അങ്ങനെ ചുമ്മാ അങ്ങ് പറഞ്ഞ് തീര്‍ക്കാന്‍ പറ്റുകയുമില്ല!).

ലോകമെങ്ങും ആരാധകര്‍. ഒരു പുസ്‌തകം ഇറങ്ങുന്നതിന് തലേ ദിവസം രാത്രി കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ കടയുടെ മുന്നില്‍ കാത്ത് നില്‍‌ക്കുന്നു. പത്രങ്ങളായ പത്രങ്ങളിലും ചാനലുകളായ ചാനലുകളിലും പ്രസ്‌തുത പുസ്‌തകത്തെ പറ്റി തോരാതെ പ്രശംസകള്‍. ഇതായിരുന്നു ഒരു ഹാരി പോട്ടര്‍ പു‌സ്‌തകം ഇറങ്ങുന്ന ദിവസത്തിന്റെ അടയാളങ്ങള്‍. ഒരു ശരാശരി മലയാളി എന്ന നിലയില്‍, ഇത്രയും കനമുള്ള ഇംഗ്ലീഷ് പുസ്‌തകങ്ങള്‍ വായിക്കുന്ന ഇവര്‍ക്കൊക്കെ തല‌യ്‌ക്ക് വല്ല അസുഖവുമുണ്ടോ എന്ന് ഞാന്‍ കരുതിയിരുന്നു അന്ന്. ലോകം മുഴുവന്‍ നല്ലതെന്ന് പറയുന്ന ഒരു സാധനത്തിനോട് എന്നിലെ മലയാളിക്ക് അന്ന് ദേഷ്യം ഉണ്ടായി. ഇത്രയുമൊക്കെ പൊക്കാന്‍ എന്ത് തേങ്ങയാണിതില്‍ ഉള്ളതെന്ന് ഞാന്‍ പുച്ഛിച്ചു.

ഉള്ളത് പറയാമല്ലൊ.. അതിനൊക്കെ ഉള്ളത് കാലം എനിക്ക് തിരിച്ച് തന്നു..! ഓരോ പുസ്‌തകവും വായിച്ച് തീര്‍ക്കാന്‍ ആകെപ്പാടെ ഒരു ആക്രാന്തമായിരുന്നു. ഓരോ പു‌സ്‌തകത്തിലേയും കഥകള്‍ എന്നെ ആവേശം കൊള്ളിച്ചു. ഓരോ കഥകളും ചേര്‍ന്ന് ഒരു വലിയ കഥയായി ഹാരി പോട്ടര്‍ മാറുന്നത് എന്നെ വിസ്‌മയിപ്പിച്ചു. ശരിക്കും ഒരു എഴുത്തുകാരി എന്ന നിലയില്‍ ജെ.കെ. റൌളിങ്ങ് എന്റെ പുച്ഛത്തെ ഏഴായിട്ട് കീറി അതിനെ ഏഴ് കിലോ കര്‍പ്പൂരത്തിലിട്ട് കത്തിച്ച് ഒരു പൊടി പോലും ബാക്കിയില്ലാത്ത വിധം നാമാവശേഷമാക്കി കളഞ്ഞു!

എന്ത് കൊണ്ട് ഹാരി പോട്ടര്‍ ഇഷ്‌ടപ്പെട്ടു എന്നതിന് ഉത്തരം എളുപ്പമല്ല. ഫാന്റസി കഥകള്‍ ഇഷ്‌ടപ്പെടുന്ന ഒരാള്‍ എന്ന നിലയില്‍ ഹാരി പോട്ടര്‍ തുറന്ന് തരുന്ന ഭാവനയുടെ ലോകം ഒരുപക്ഷെ മറ്റൊരു സമകാലിക പുസ്‌തകത്തിനും അവകാശപ്പെടാനാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. മഹാഭാരതം, ഭാഗവതം, രാമായണം തുടങ്ങിയവയുടെ മാലിയുടെ പതിപ്പുകള്‍ വായിച്ച് കൊച്ചിലെ അത്ഭുതപ്പെട്ടിരുന്നു. അതിന് ശേഷം ആ ഒരു അത്ഭുതം തോന്നുന്നത് ഹാരിയുടെ കഥ വായിച്ചപ്പോഴാണ്. പുഷ്‌പക വിമാനത്തിന് പകരം ചൂലില്‍ പറക്കാന്‍ കഴിയുന്നു. മറ്റൊരു ജീവിയായി രൂപം മാറുന്നവരുണ്ട് നമ്മുടെ കഥയില്‍. നോവലില്‍ അവര്‍ അനിമാഗസുകള്‍ ആണ്. അശരീരിയ്ക്ക് പകരം പ്രൊഫസിയുണ്ടിവിടെ. കുരുക്ഷേത്ര യുദ്ധം പോലെ അവസാനം ഒരു യുദ്ധം ഇവിടെയുമുണ്ട്. ഒരു വിദേശിയെങ്കിലും ഹാരിയില്‍ ഒളിഞ്ഞിരിക്കുന്ന ഭാരതീയ പുരാണങ്ങള്‍ ഇവിടെ തീരുന്നില്ല. എന്നാല്‍ ഇന്നത്തെ കാലത്ത് ജീവിച്ചിരിക്കുന്ന ഒരാള്‍ എത്ര മനോഹരമായി ഒരു കഥ രചിച്ചിരിക്കുന്നു..!

ഏതൊരു കഥയിലും വില്ലന്‍ എത്രത്തോളം ശക്‍തനാവുന്നോ അത്രയും നല്ലത് എന്നാണ് എന്റെ പോളിസി. ചുമ്മാ കുറേ ഷോ കാണിച്ച് അവസാനം നായകന്‍ വന്ന് രണ്ട് ഡയലോഗ് പറയുമ്പോള്‍ പേടിച്ച് മൂത്രമൊഴിക്കുന്ന വില്ലനെ ആരെങ്കിലും ഇഷ്‌ടപ്പെടുമോ? വില്ലന്‍ എന്നൊക്കെ പറഞ്ഞാല്‍ ബാറ്റ്മാന് ജോക്കറിനെ പോലെ, ഠാക്കൂറിന് ഗബ്ബറിനെ പോലെ, നീലകണ്‌ഠന് ശേഖരനെ പോലെ, കട്ടയ്‌ക്ക് കട്ട നില്‍ക്കണം. അവിടെയാണ് ഹാരി പോട്ടര്‍ സത്യത്തില്‍ എന്റെ ഹൃദയം കവര്‍ന്നത്! ടോം റിഡില്‍ എന്നാണ് കക്ഷിക്ക് വീട്ടുകാര്‍ ഇട്ട പേര്. പക്ഷെ ആ പേരിനോട് ടോമിന് ഒരു വിരോധമുണ്ട്. അത് കൊണ്ട് പുള്ളി സ്വയം ഇട്ട പേരാണ് ലോഡ് വൊള്‍ഡമോര്‍ട്ട്. (ഞാന്‍ എന്നെ തന്നെ വിളിക്കുന്നത് വിമല്‍‌കുമാര്‍ എന്നാണ് എന്ന സെറ്റപ്പല്ല!)

കഥയുടെ ആദ്യ ഭാഗം മുതല്‍ക്കേ കാണുന്ന കാര്യമാണ് റൌളിങ്ങ് വില്ലനെ പറ്റി വളരെ കുറച്ച് മാത്രമേ പറയുന്നുള്ളൂ. അത് പോലെ തന്നെ ഹാരിയും പ്രൊഫ. ഡമ്പിള്‍ഡോറും (ഹോഗ്‌വാഡ്‌സിന്റെ പ്രിന്‍സിപ്പല്‍) ഒഴികെയുള്ള മറ്റ് കഥാപാത്രങ്ങള്‍ അയാളുടെ പേരു പോലും ഉച്ചരിക്കുന്നില്ല. എന്തിനേറെ പറയുന്നു, ആറ് ബുക്ക് വായിച്ച് കഴിഞ്ഞപ്പോള്‍ ഞാനും പുള്ളിയുടെ പേര് പറയാത്ത പരുവമായി. അത്രയ്‌ക്ക് ബഹുമാനം തോന്നുന്ന വില്ലന്‍. ഒരു കഥാപാത്രം പുള്ളിയെ പറ്റി പറയുന്നതിങ്ങനെ - Yes, he did great things.. terrible, but great things..

മറ്റൊരു കാരണം പുസ്‌തകങ്ങള്‍ ഒറ്റയായി എടുത്താലും എല്ലാം കൂടെ ചേരുന്ന ഒരു വലിയ കഥയായി എടുത്താലും മികച്ച് നില്‍ക്കുന്നു എന്നതാണ്. ആദ്യ ഭാഗങ്ങളില്‍ വെറുതെ പറഞ്ഞു പോയ പല കാര്യങ്ങള്‍ക്കും അവസാനം പുതിയ അര്‍ത്ഥങ്ങള്‍ വരുന്നത് കണ്ട് അന്തം വിടാനേ നമുക്ക് കഴിയൂ.

പുസ്‌തകത്തിലെ മറ്റൊരു പ്രധാന കാര്യം തന്റെ ശത്രുവിനെ പറ്റി ഹാരിക്ക് അറിയാവുന്നതില്‍ കൂടുതല്‍ ഒന്നും നമ്മള്‍ വായനക്കാര്‍ക്കും അറിയില്ല എന്നതാണ്. അത് കൊണ്ട് തന്നെ ഓരോ പുതിയ അറിവും എത്രമാത്രം ഹാരിയെ അത്ഭുതപ്പെടുത്തുകയും പേടിപ്പിക്കുകയും ചെയ്യുന്നുവോ അതേ വികാരം തന്നെ നമുക്കും തോന്നും.

അത്ഭുതകരമായ ഒട്ടേറെ വസ്തുക്കളും, ജീവികളും, മനുഷ്യരും എല്ലാമുള്ള ഒരു ലോകമാണ് ഹാരിയുടേത്. എന്നാല്‍ അവയെ എല്ലാം നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്ന ലോകവുമായി അതിമനോഹരമായി റൌളിങ്ങ് ബന്ധിപ്പിച്ചിരിക്കുന്നു. ഒരു ബുക്കില്‍ പറയുന്നുണ്ട് - സാധാരണ മനുഷ്യര്‍ അവര്‍ എത്താന്‍ പാടില്ലാത്തിടത്ത് എത്തുമ്പോള്‍ അവരെ അവിടുന്ന് ഓടിക്കാനുള്ള മന്ത്രവിദ്യ - ഏതെങ്കിലും ഒരു കാര്യം മറന്നെന്ന് മനുഷ്യന് തോന്നും, അതോടെ അവന്‍ അവിടുന്ന് പോകും. നമ്മുടെ ജീവിതത്തില്‍ എത്ര തവണ ഇത് നമ്മള്‍ അനുഭവിച്ചിരിക്കുന്നു - പെട്ടെന്ന് ഒരു കാര്യം ഓര്‍ക്കുകയും നമ്മള്‍ നില്‍ക്കുന്നിടത്ത് നിന്ന് വേഗം പോവുകയും ചെയ്യുന്നില്ലേ.. അത് ശരിക്കുമൊരു മാജിക് അല്ലായെന്ന് ആരറിഞ്ഞു? :)

ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു സാധാരണ മനുഷ്യനുണ്ടാകുന്ന വികാരങ്ങള്‍ ഹാരിക്കും സുഹൃത്തുക്കള്‍ക്കും ഉണ്ടെന്നത് ഏറ്റവും മികച്ച കാര്യം. ഹാരിയുടേയും കൂട്ടുകാരുടേയും പത്ത് മുതല്‍ പതിനേഴ് വയസ്സ് വരെയുള്ള കഥ പറയുന്ന പരമ്പരയില്‍ സൌഹൃദത്തിനും പ്രണയത്തിനും വെറുപ്പിനും സ്‌നേഹത്തിനുമെല്ലാം ഇടം നല്‍കുന്നുണ്ട് റൌളിങ്ങ്.

കഥാപാത്രങ്ങളും ഹാരി പോട്ടര്‍ ഇഷ്‌ടപെടാനുള്ള പ്രധാന കാരണമാണ്. ഹാരി പോട്ടര്‍ സിനിമയില്‍ വെറുതെ തല കാണിക്കുന്നത് പോലെയുള്ള കഥാപാത്രമാണ് നെവില്‍ ലോങ്ങ്‌ബോട്ടം എന്ന കുട്ടിയ്‌ക്ക്. എന്നാല്‍ നോവലില്‍ ഏറ്റവും ഹൃദയസ്‌പര്‍ശിയായ ഒരു ഭാഗത്തുള്ളതും നെവില്‍ തന്നെ. സിനിമയില്‍ നിന്നും വ്യത്യസ്തമായി ഹാരിക്കും രണ്ട് സുഹൃത്തുക്കള്‍ക്കും മാത്രമല്ല പ്രാധാന്യം. മറ്റ് കുട്ടികള്‍ക്കും, ടീച്ചര്‍മാര്‍ക്കും ഒക്കെ കഥയില്‍ എന്തെങ്കിലും ചെയ്യാനുണ്ടാവും. തീരെ പ്രാധാന്യമില്ലാത്ത, തമാശയ്ക്ക് വേണ്ടി എന്ന് കരുതപ്പെട്ടിരുന്ന ഒരു കഥാപാത്രം കഥയുടെ മര്‍മ്മ പ്രധാനഭാഗമായത് കണ്ട് എന്റെ കണ്ണ് തള്ളി പോയിരുന്നു. വീസ്‌ലി സഹോദരങ്ങള്‍, ഹെര്‍മൈയോണി, നെവില്‍, സിറിയസ്, ലുപിന്‍, ഹാഗ്രിഡ്.. അങ്ങനെ അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍. ഡമ്പിള്‍‌ഡോര്‍ എന്ന പ്രിന്‍സിപ്പല്‍, അത് പോലെ നല്ലവനോ ചീത്തയോ എന്ന് അവസാനം വരെ നമ്മെ ചിന്തിപ്പിക്കുന്ന സെവറസ് സ്നെയിപ്പ്. ഈ കഥാപാത്രങ്ങളൊക്കെയും മനസില്‍ മായാതെ നില്‍ക്കും.

കുറ്റം പറയാന്‍ ഒന്നുമില്ല. 1997-ല്‍ ആദ്യത്തെ ഹാരി പോട്ടര്‍ കഥ പുറത്ത് വരുമ്പോള്‍ എനിക്ക് ഹാരിയുടെ പ്രായമാണ്. ഒരു പക്ഷെ അന്ന് ഞാന്‍ വായിച്ച് തുടങ്ങിയിരുന്നു എങ്കില്‍ അഞ്ചാം ഭാഗത്തിനും ആറാം ഭാഗത്തിനും ഒക്കെ വേണ്ടി ഞാന്‍ പാതിരയ്‌ക്ക് കടയുടെ മുന്നില്‍ ക്യൂ നിന്നേനെ..

പറയാന്‍ ബാക്കി വെച്ച ഒരു നന്ദിയും പറഞ്ഞ് ഞാന്‍ നിര്‍ത്തട്ടെ.. ജെ.കെ.റൌളിങ്ങ്.. നന്ദി.. കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്നും ഒരുമാസത്തേക്കെങ്കിലും അകറ്റി പുസ്‌തകങ്ങള്‍ക്കിടയിലേക്ക് എന്നെ തള്ളി വിട്ടതിന്.. നന്ദി.. പ്ലേ സ്റ്റേഷനും എക്സ് ബോക്സും കാര്‍ട്ടൂണ്‍ ചാനലുകളും അരങ്ങ് വാഴുന്ന ഇന്നത്തെ ലോകത്തിലെ കുട്ടികളെ വായിക്കാന്‍ പ്രേരിപ്പിച്ചതിന്.. നന്ദി.. നന്ദി.. നന്ദി.. ഇനിയും മരിക്കാത്ത വായനയ്‌ക്കായി ഒരായിരം നന്ദി.

04 നവംബർ 2011

പുസ്തകം - ലൈഫ് ഈസ് വാട്ട് യൂ മേക്ക് ഇറ്റ്ഫ്ലിപ് കാര്‍ട്ടില്‍ ചേതന്‍ ഭഗത്തിന്റെ പുതിയ പുസ്തകം റെവല്യൂഷന്‍ 2020 വാങ്ങാന്‍ കയറിയപ്പോള്‍ ശ്രദ്ധയില്‍ പെട്ടതാണ് പ്രീതി ഷേണായ് എഴുതിയ ലൈഫ് ഈസ് വാട്ട് യൂ മേക്ക് ഇറ്റ്  എന്ന പുസ്തകം. ഫ്ലിപ്‌കാര്‍ട്ടിന്റെ അഭിപ്രായത്തില്‍ നല്ല ജനപ്രീതിയുള്ള പുസ്‌തകം (Best Seller). വലിയ വില ഒന്നുമില്ലാഞ്ഞത് കൊണ്ട് വാങ്ങി നോക്കാം എന്ന് വിചാരിച്ചു.

വില മാത്രമല്ല വാങ്ങാനുള്ള കാരണം. മിക്കവാറും ഞാന്‍ വായിച്ച പുസ്‌തകങ്ങളിലൊക്കെയും നായകനാണ് പ്രാധാന്യം. സ്‌ത്രീ കഥാപാത്രങ്ങള്‍ ഉണ്ടെങ്കില്‍ തന്നെയും കഥ പറയുന്നത് ഒരു ആണായിരിക്കും. ഈ പുസ്‌തകത്തില്‍ നായികയാണുള്ളത്, നായകനല്ല. നായിക‌യ്‌ക്കാണ് പ്രാധാന്യം. നായികയാണ് കഥ പറയുന്നത്. അത്തരത്തിലൊരു പു‌സ്‌തകം വായിക്കാമല്ലൊ എന്നും വിചാരിച്ചു.

മറ്റൊരു കാരണം, ഇതിന്റെ കഥയാണ്. കോളേജില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ്. Bipolar Disorder എന്ന മാനസിക രോഗം ഉള്ള അങ്കിത എന്ന പെണ്‍‌കുട്ടിയുടെ കഥ. സാധാരണ പറഞ്ഞ് കേള്‍ക്കാത്ത ഒരു കഥ ആയത് കൊണ്ട് എന്തായാലും ഒരു കൈ നോക്കാം എന്ന് വിചാരിച്ചു.

പുസ്‌തകത്തിലേക്ക് വരാം. നേരത്തെ പറഞ്ഞ പോലെ അങ്കിത എന്ന പെണ്‍കുട്ടിയുടെ കഥയാണിത്. കേരളത്തിലെ ഒരു കോളേജില്‍ നിന്ന് നല്ല മാര്‍ക്കോടെ ഡിഗ്രീ എടുക്കുകയും പിന്നീട് ബോംബെയിലെ ഒരു പ്രമുഖ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.ബി.ഏ ചെയ്യാന്‍ തിരഞ്ഞെടുക്കപെടുകയും ചെയ്യുന്നു അങ്കിത. ആദ്യ സെമസ്റ്റെറില്‍ ക്ലാസിലെ ഒന്നാം സ്ഥാനക്കാരിയായ അങ്കിത പക്ഷെ അടുത്ത ആറ് മാസം കൊണ്ട് എത്തി ചേരുന്നത് മാനസികാരോഗ്യ കേന്ദ്രത്തിലാണ്! എല്ലാ സ്വപ്‌നങ്ങളും നഷ്‌ടപെട്ട്, ജീവിതം തന്നെ വെറുത്ത് തുടങ്ങിയ അങ്കിത എങ്ങനെ ജീവിതത്തിലേക്ക് തിരിച്ച് വരുന്നു എന്നാണ് ബാക്കി.

ഒരുപാട് സിനിമകള്‍ ഒക്കെ കാണുന്ന നമുക്ക് കഥയുടെ ക്ലൈമാക്‍സ് ആദ്യമേ അറിയാം. എന്നാലും അവിടേയ്‌ക്ക് എത്തുന്ന രീതിയിലാണ് ഒരു പു‌സ്‌തകം എന്ന നിലയില്‍ ലൈഫ് ഈസ് വാട്ട് യൂ മേക്ക് ഇറ്റ്  വിജയിക്കുന്നത്. തന്മാത്ര എന്ന് ബ്ലസി ചിത്രത്തിന്റെ പോക്കുമായി സാമ്യമുണ്ട് ഇവിടെ കഥ പറയുന്ന രീതിയിലും. ഒരാളുടെ സാധരണ ജീവിതത്തില്‍ തുടങ്ങി, അസുഖത്തിന്റെ ലക്ഷണങ്ങള്‍ പലയിടത്തായി വിതറി തുടക്കം. അസുഖത്തിന്റെ കാഠിന്യം കൂടുന്നതിനനുസരിച്ച് കഥയ്ക്ക് കൂടുതല്‍ മുറുക്കവും വരുന്നു.

എങ്കിലും ഒരിക്കലും ഒരു സെന്റി കഥയായി ലൈഫ് ഈസ് വാട്ട് യൂ മേക്ക് ഇറ്റ്  മാറുന്നില്ല. ഇടയ്ക്ക് ഒന്നോ രണ്ടോ ഭാഗങ്ങളില്‍ നമ്മുടെ കണ്ണ് നിറയുമെങ്കിലും ഒരു വിഷാദ അന്തരീക്ഷം കഥയില്‍ ഒരിടത്തും വരുന്നില്ല. പ്രീതി ഷേണായ് താന്‍ തിരഞ്ഞെടുത്ത വിഷയത്തോട് നീതി പുലര്‍ത്തി എന്ന് തന്നെയാണ് എനിക്ക് തോന്നിയത്.

1989-ല്‍ ആണ് കഥ നടക്കുന്നത്. ആ കാലഘട്ടത്തിന് കഥയുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് തോന്നുന്നില്ല. ഇപ്പോഴത്തെ കാലത്തും വളരെ പ്രസക്തിയുള്ള കാര്യങ്ങളാണ് കഥയിലുള്ളത്. ഒരുപക്ഷെ നായിക ഇടയ്ക്ക് പറയുന്ന “കൂട്ടിലടച്ച കിളി” ഇമേജ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് അത്രയ്‌ക്ക്  ഇല്ലാ‍ത്തത് കൊണ്ടാവും ആ കാലഘട്ടം തിരഞ്ഞെടുത്തത്. കഥയുടെ തുടക്കത്തിലെ കുറച്ച് ഭാഗങ്ങള്‍ അല്‍‌പം ഇഴച്ചില്‍ അനുഭവിച്ചു. എന്നാല്‍ ഉടന്‍ തന്നെ അതില്‍ നിന്നൊക്കെ മാറി കഥ വേഗത്തിലായി തുടങ്ങി.

എന്തായാലും എനിക്ക് ഇഷ്‌ടപ്പെട്ടു. നിങ്ങളും വായിച്ച് നോക്കു... പുസ്‌തകം ഫ്ലിപ്‌കാര്‍ട്ടില്‍ കിട്ടും.

സൃഷ്ടി പബ്ലിക്കേഷന്‍സ് ആണ് പുറത്തിറക്കിയിരിക്കുന്നത്, വില 100 രൂപ (ഫ്ലിപ്‌കാര്‍ട്ടിലെ വില 65 രൂപ)

08 ഒക്‌ടോബർ 2011

മറവി


വണ്ടി കൃത്യമായി തന്നെ ഓഫീസിന്റെ വാതില്‍ക്കല്‍ എത്തി. സമയം രാവിലെ 8.45. ഞാന്‍ പുറത്തിറങ്ങി. എന്നത്തേയും പോലെ ഞാന്‍ ജോലി ചെയ്യുന്ന വലിയ കെട്ടിടത്തിലേക്ക് നോക്കി. 18 നിലകള്‍ ഉണ്ട്.. എന്റെ ഓഫീസ് ലക്ഷ്യമാക്കി ഞാന്‍ നടക്കാന്‍ തുടങ്ങി.

“സാറേ.. ഫോണ്‍ !” പിന്നില്‍ നിന്നും ഡ്രൈവറുടെ വിളിയെത്തി. മൊബൈല്‍ ഫോണ്‍ വണ്ടിയില്‍ വെച്ച് മറന്നേനെ. അയാളോട് നന്ദി പറഞ്ഞ് ഫോണും വാങ്ങി ഞാന്‍ നടന്നു.

ലിഫ്റ്റിന്റെ അടുത്ത് 4-5 പേര്‍ നിന്നിരുന്നു. ഏഴാം നിലയിലെ ഐ.ടി കമ്പനിയിലെ ടീംസ് ആണെന്ന് കഴുത്തില്‍ തൂങ്ങി കിടന്ന റ്റാഗ് കണ്ടപ്പോള്‍ മനസിലായി. സ്റ്റീവ് ജോബ്‌സിനെ പറ്റിയായിരുന്നു സംസാരം. പുള്ളി മരിച്ചു എന്ന് രാവിലെ പത്രത്തില്‍ വായിച്ചതോര്‍ത്തു. ആപ്പിള്‍ എന്നാല്‍ ഒരുപാട് വിലയ്‌ക്ക്, കാണാന്‍ ഭംഗിയുള്ള സാധനങ്ങള്‍ വില്‍‌ക്കുന്ന ഒരു കമ്പനി എന്നായിരുന്നു എന്റെ ധാരണ. എന്നാല്‍ ഈ യോയോ പയ്യന്മാരില്‍ നിന്നും മനസിലായി ആപ്പിള്‍ എന്തോ വലിയ സംഭവമാണെന്ന്. ഞാനൊക്കെ വലിയ വില കൊടുത്തിരുന്ന ബില്‍ ഗേറ്റ്സ് ആപ്പിളില്‍ നിന്ന് അടിച്ച് മാറ്റിയാണ് വിന്‍ഡോസ് ഉണ്ടാക്കിയതെന്നൊക്കെ പിള്ളേര് തട്ടി വിടുന്നുണ്ട്. ശരിയാണോ ആവോ?

ലിഫ്റ്റ് നാലാം നിലയില്‍ എത്തി. 3-4 പെണ്‍കുട്ടികള്‍ കയറി. ലിഫ്റ്റില്‍ മൊത്തം സ്പ്രേയുടെ മണം പരന്നു. ആ മണത്തില്‍ സ്റ്റീവ് ജോബ്‌സ് അലിഞ്ഞ് പോയെന്ന് തോന്നുന്നു. പയ്യന്മാര്‍ കൂട്ടത്തില്‍ രണ്ട് പെണ്‍കുട്ടികളുമായി എന്തൊക്കെയോ സംസാരിക്കാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം ഓഫീസിലെ ഏതോ മന്ദബുദ്ധിയെ പറ്റിച്ച കഥയോ മറ്റോ ആണെന്ന് തോന്നുന്നു. ഏതായാലും ഏഴാം നിലയില്‍ ഒരു പട ആളുകള്‍ ഇറങ്ങി പോയി.

2 പെണ്‍കുട്ടികളും ഞാനും മാത്രമായി ലിഫ്റ്റില്‍. അവര്‍ പതിനാലാം നിലയിലോ പതിനഞ്ചാം നിലയിലോ ഉള്ളവര്‍ ആണെന്ന് തോന്നുന്നു. ആ രണ്ട് കൂട്ടരുടേയും റ്റാഗ് ഒരുപോലെ ഇരിക്കും. നേരത്തെ ഇറങ്ങിയ പെണ്‍കുട്ടികളും ഇവരും ഒരുമിച്ച് താമസിക്കുന്നവര്‍ ആവണം. അവര്‍ ഇറങ്ങിയ പുറകെ രണ്ടും കൂടെ ചലപില സംസാരം തുടങ്ങി. ഇറങ്ങി പോയവരെ പറ്റിയുള്ള പരദൂഷണമാണെന്ന് വ്യക്തം! പോയവരില്‍ രണ്ട് പേര്‍ കട്ടയ്ക്ക് ലവ് ആണെന്നും ലിഫ്റ്റില്‍ ഉമ്മ വെക്കുന്നത് കണ്ടിട്ടുണ്ടെന്നും ഒക്കെ നല്ല ശബ്ദത്തില്‍ പറയുന്നുണ്ട്. ഹിന്ദി എനിക്ക് മനസിലാവില്ലെന്നാണോ ഇവര്‍ കരുതിയത്?

പതിനഞ്ചാം നിലയില്‍ ലിഫ്റ്റ് നിന്നു. ഹിന്ദിക്കാരായ പെണ്‍കുട്ടികള്‍ ഇറങ്ങാന്‍ തുടങ്ങി. ഒരു തടിയന്‍ അകത്തേക്ക് കയറാനും നില്‍ക്കുന്നു. ലിഫ്റ്റ് അടയാന്‍ വിടാതെ ഡോറില്‍ നിന്നും കുറച്ച് നേരം കുശലാന്വേഷണം. ഹിന്ദിയില്‍ തന്നെ. തടിയന്‍ ഇന്ന് നേരത്തെ ആണല്ലോ എന്ന ചോദ്യത്തിന് പതിനെട്ടാം നിലയിലെ ജിമ്മില്‍ പോകാനാണ് നേരത്തെ വന്നതെന്നും 2 മണിക്കൂര്‍ കസര്‍ത്ത് കഴിഞ്ഞ് ഫ്രഷ് ആയി സമയത്ത് ഓഫീസില്‍ എത്തുമെന്നും തടിയന്‍ പറഞ്ഞു. തടിയന്‍ മറ്റൊരു ഷിഫ്റ്റില്‍ ആയിരിക്കും ജോലി ചെയ്യുന്നത് എന്ന് ഞാന്‍ ഊഹിച്ചു. പിന്നേയും ടീം ലീഡറിനെ പറ്റി എന്തൊക്കെയോ ഗോസിപ്പ് അടിച്ച ശേഷം ഹിന്ദിക്കാരികള്‍ ഓഫീസിലേക്ക് പോയി. തടിയന്‍ ലിഫ്റ്റിലും കയറി.

പതിനെട്ടാം നിലയെത്തി. തടിയന്‍ ഇറങ്ങുന്നതിന് തൊട്ടു മുമ്പായി ചോദിച്ചു: “വിച്ച് ഫ്ലോര്‍, സര്‍?” ഒരു നിമിഷം. ആ സത്യം ഞാന്‍ മനസിലാക്കി. ലിഫ്റ്റ് ഡോര്‍ തുറന്നു കഴിഞ്ഞിരുന്നു. തടിയന്‍ പുറത്തിറങ്ങി. ചോദ്യഭാവത്തില്‍ എന്നെ ഒന്ന് നോക്കി.

ഞാന്‍ അയാളെ നോക്കിയതേയില്ല. മെല്ലെ 2 എന്ന ബട്ടണ്‍ അമര്‍ത്തി. സംശയത്തോടെ തടിയന്‍ നോക്കി നില്‍ക്കേ എനിക്കും അയാള്‍ക്കുമിടയില്‍ ലിഫ്റ്റ് ഡോര്‍ അടഞ്ഞു. പിന്നെ ലിഫ്റ്റ് എന്നേയും കൊണ്ട് രണ്ടാം നിലയിലെ എന്റെ ഓഫീസിലേക്ക് നീങ്ങി.

14 മേയ് 2011

ഭീകരന്‍

മെയ് 3, 2011

“ക്ഷമിക്കണം.. താങ്കളുടെ ആവശ്യം സാധിച്ചു തരാന്‍ പ്രയാസമാണ്”

“എല്ലാം കഴിഞ്ഞില്ലേ? ഇനിയെങ്കിലും എന്നെ പോകാന്‍ അനുവദിക്കൂ..”

മെയ് 2, 2011

അന്താരാഷ്‌ട്ര ഭീകരന്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു. ലാദന്റെ രഹസ്യത്താവളം കണ്ടെത്തിയ അമേരിക്കന്‍ സേന 40 മിനിറ്റ് നീണ്ട് നിന്ന വെടിവെപ്പിനൊടുവില്‍ ലാദനെ വധിക്കുകയായിരുന്നു.

ഏപ്രില്‍ 24, 2011

ആ വാര്‍ത്ത അമേരിക്കന്‍ പ്രസിഡന്റിന് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു. ലോകം ഇന്ന് വരെ കണ്ട ബിന്‍ ലാദന്‍ അല്ല യഥാര്‍ത്ഥ ബിന്‍ ലാദനെന്നോ? ദൈവമാണ് ഈ അവസരത്തില്‍ തനിക്ക് ഈ വിവരം അറിയാന്‍ ഇടവരുത്തിയത്. അടുത്ത ഇലക്‍ഷന് പരാജയം മുന്നില്‍ കണ്ടിരിക്കുകയാണ് താന്‍. ഒരു വിജയം നേടണമെങ്കില്‍ അമേരിക്കന്‍ ജനതയെ ഒന്നാകെ ഉലയ്ക്കുന്ന ഒരു വാര്‍ത്ത പുറത്ത് വരണം. കൊടും ഭീകരന്‍ ബിന്‍ ലാദന്റെ മരണമല്ലാതെ മറ്റെന്താണത്? പത്ത് വര്‍ഷത്തോളം ഒളിപ്പിച്ച് വച്ച ഈ രഹസ്യം ഒടുവില്‍ പുറത്തറിയട്ടെ - ബിന്‍ ലാദന്‍ മരിച്ചിരിക്കുന്നു.

ഇനി ഒരാഴ്‌ചയ്ക്കകം വാര്‍ത്ത ഞാന്‍ പുറത്ത് വിടും. പാകിസ്ഥാനിലേക്ക് വെറുതെ ഒരു കമാന്റൊ ഓപറേഷന്‍ നടത്താന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അങ്ങനെ അടുത്ത മാസം ആദ്യദിനം ലോകം കേള്‍ക്കും, ബിന്‍ ലാദനെ അമേരിക്കന്‍ സൈന്യം വധിച്ച കഥ. പത്ത് കൊല്ലം മുമ്പ് നടന്ന കഥ ഞാന്‍ വീണ്ടും സൃഷ്‌ടിക്കാന്‍ പോകുന്നു. ഇതോടെ അടുത്ത ഇലക്‍ഷന് എന്റെ വിജയം സുനിശ്ചിതം!

ജനുവരി 23, 2002

“മി. പ്രസിഡന്റ്.. അഫ്‌ഗാനിസ്ഥാനില്‍ നിന്നും സന്ദേശമുണ്ട് - നമ്മുടെ ശത്രു തീര്‍ന്നു.”

“മ്..മ്മ്.. ഇപ്പോള്‍ പുറം‌ലോകം അറിയണ്ട. സമയമാവട്ടെ..”

ജനുവരി 23, 2002 (അര മണിക്കൂര്‍ മുമ്പ്..)

ഞാന്‍ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത എന്റെ അനേകം സുഹൃത്തുക്കളെയും ബന്ധുക്കളെയും കൊന്നതിന്.. എന്റെ നാടിന്റെ സുരക്ഷതിത്വത്തെ അപമാനിച്ചതിന്.. സര്‍വ്വോപരി മനുഷ്യകുലത്തിന്റെ നന്മയ്ക്ക്.. ഇതാ ലാദന്‍, സന്തോഷത്തോടെ എന്റെ സമ്മാനം.. ഠേ! ഒരു പിടച്ചില്‍.. പിന്നെ നിശ്ചലനായി..

ആ സൈനികന്‍ തന്റെ മേലുദ്യോഗസ്ഥന് സന്ദേശം കൈമാറി - മിഷന്‍ സക്‍സസ്.. ബിന്‍ ലാദന്‍ മരിച്ചു, അല്ല, നമ്മള്‍ കൊന്നു..

ഏപ്രില്‍ 7, 2002

ഹസന്‍ എന്ന സൌദി അറേബ്യന്‍ സ്വദേശിയുടെ ജീവിതം മാറി മറിഞ്ഞത് അന്നാണ്. 1999-ല്‍ അമേരിക്കയില്‍ ചേക്കേറിയിരുന്നു ഹസന്‍. പല ജോലികള്‍ മാറി മാറി ചെയ്തെങ്കിലും ഒന്നിലും പച്ച പിടിച്ചില്ല. അങ്ങനെയിരിക്കെയാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടത്. അമേരിക്കയില്‍ മുസ്ലീമുകളുടെ ജീവിതം ദുരിതപൂര്‍ണമായപ്പോള്‍ ഹസന്റെ ജീവിതം കുറച്ച് കൂടെ തകര്‍ന്നു. പെട്ടെന്ന് അല്‍‌പം പണം സമ്പാദിച്ച് നാട്ടിലേക്ക് കടക്കാം എന്ന നിലയിലാണ് ഒരു കള്ളത്തരത്തിന് കൂട്ടു നിന്നത്. പോലീസ് പിടിയിലാവുകയും ചെയ്‌തു.

അങ്ങനെയാണ് ഭീകരന്‍ ബിന്‍ ലാദനുമായി ഹസന്റെ സാമ്യം പോലീസും അവരിലൂടെ അമേരിക്കന്‍ സൈന്യവും കൂടാതെ ഭരണകൂടം വരെയും ചെന്നെത്തിയത്. അങ്ങനെ ആ ഏപ്രില്‍ 7-ന്.. ഒരു വശത്ത് ജീവിതകാലം മുഴുവന്‍ ജയില്‍, കുടുംബത്തിനും സ്വന്തമായും യാതൊന്നുമില്ലാത്ത അവസ്ഥ.. മറുവശത്ത് അമേരിക്കന്‍ ഗവണ്‍‌മെന്റ് വക മോഹിപ്പിക്കുന്ന വാഗ്ദാനവും. പണവും കുടുംബത്തിന് സുരക്ഷിതത്വവും. തടവ് ശിക്ഷ തന്നെ, പക്ഷെ ജയിലിലെ അവസ്ഥയല്ല. ഒരു സുഖകരമായ ജയില്‍!

ഏറെയൊന്നും ആലോചിക്കാതെ ഹസന്‍ രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു..

കാലാകാലങ്ങളില്‍ അമേരിക്ക പുറത്ത് വിട്ട ബിന്‍ ലാദന്റെ വീഡിയോ ടേപ്പുകളില്‍ ഹസന്‍ അങ്ങനെ ബിന്‍ ലാദനായി. രഹസ്യം അല്‍ ഖയിദ വഴി പുറത്തറിയാതിരിക്കാന്‍ അഫ്‌ഗാനില്‍ തമ്പടിച്ച സൈനികര്‍ക്കെന്ന വ്യാജേന അമേരിക്ക ആയുധവും സുരക്ഷയും ഒരുക്കി. മറ്റ് ചിലയിടങ്ങളില്‍ തങ്ങളുടെ ആവശ്യത്തിനായി അവരെ ഉപയോഗിക്കുകയും ചെയ്‌തു.

2008

മറ്റൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ലാദന്റെ മരണം പുറം ലോകത്തെ അറിയിക്കാന്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും ശ്രമങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തങ്ങളാലാവുന്ന പ്രലോഭനങ്ങള്‍ നല്‍കി ആ നീക്കത്തെ എതിര്‍ പക്ഷം തകര്‍ത്തു. മാധ്യമങ്ങളുടെ മുന്നില്‍ പെട്ടെന്ന് വന്ന് ലാദന്‍ മരിച്ചു എന്ന പറഞ്ഞാല്‍ വിശ്വാസ്യത കുറയുമെന്നും അത് കൊണ്ട് ഒരു സാധാരണ സംഭവം എന്ന മട്ടില്‍ വാര്‍ത്ത പുറത്ത് വിടാം എന്നായിരുന്നു ബുഷിന്റെ പദ്ധതി. എന്നാല്‍ അതില്‍ വിജയം കാണാന്‍ അദ്ദേഹത്തിനായില്ല..

മെയ് 3, 2011

“സാര്‍, ഇനി ഞാന്‍ എന്റെ നാട്ടിലേക്ക് പൊയ്ക്കോട്ടെ?” ഹസന്റെ ചോദ്യത്തില്‍
പ്രതീക്ഷയുടെ കിരണങ്ങള്‍ ഉണ്ടായിരുന്നു.

“ക്ഷമിക്കണം.. താങ്കളുടെ ആവശ്യം സാധിച്ചു തരാന്‍ പ്രയാസമാണ്”

“എല്ലാം കഴിഞ്ഞില്ലേ? ഇനിയെങ്കിലും എന്നെ പോകാന്‍ അനുവദിക്കൂ..”

“തല്‍ക്കാലം തിരക്കുകള്‍ ഒഴിയട്ടെ.. ഞങ്ങള്‍ പ്രസിഡന്റിനോട് സംസാരിക്കാം..”

“എന്നെ പോകാന്‍ അനുവദിക്കുമായിരിക്കും അല്ലേ??”

അതിനുള്ള മറുപടിയായി ഹസന്റെ മുറിയുടെ വാതില്‍ മെല്ലെ അടഞ്ഞു.....

02 മേയ് 2011

ന്യൂസ് മേക്കര്‍

രാവിലെ തിരക്കിട്ട് കലോത്സവ വേദിയിലേക്ക് പോകാന്‍ കാരണം, കലോത്സവത്തിന് പോയ റിപ്പോര്‍ട്ടര്‍മാര്‍ ശരിയായി ജോലി ചെയ്യുന്നുണ്ടോ എന്നറിയാന്‍ ആയിരുന്നില്ല. ഇന്ന് മോഹിനിയാട്ടമാണ് പ്രധാന ഇനം. നൃത്തത്തിനോട് പണ്ടേയുള്ള ഇഷ്‌ടമാണ്. നൃത്തം ചെയ്യുന്നവരോടും അതെ. ഒരുപക്ഷെ സ്വയം ചെയ്യാന്‍ കഴിയാത്ത കാര്യം മറ്റൊരാള്‍ ഭംഗിയായി ചെയ്യുന്നത് കാണുമ്പോള്‍ ഉള്ള ആരാധനയുമാവാം.

വേദിയില്‍ മറ്റു മാധ്യമ സുഹൃത്തുക്കളോടൊപ്പം സംസാരിച്ചും പരിപാടി ആസ്വദിച്ചും ഇരിക്കെ പുതിയ ചെസ്റ്റ് നമ്പര്‍ വിളിക്കപ്പെട്ടു. പെട്ടെന്ന് തന്നെ വേദിയില്‍ ആകെ ഒരുഷാറായത് പോലെ അനുഭവപ്പെട്ടു. ഞങ്ങളുടെ തന്നെ റ്റി.വി. ചാനലിന്റെ റിപ്പോര്‍ട്ടര്‍ കഷ്‌ടപ്പെട്ട് എന്റെ അടുത്തെത്തി. മോഹിനിയാട്ടത്തിന് പകരം വല്ല സിനിമാറ്റിക് ഡാന്‍സും മതിയായിരുന്നു എന്ന ഭാവത്തില്‍ പുറത്ത് നിന്നവന് എന്താണ് പെട്ടെന്ന് കലയോട് ഒരു സ്നേഹം എന്ന് ആലോചിക്കവെ അവന്‍ തന്നെ മറുപടി തന്നു

“ആ കുട്ടിയെ മനസിലായില്ലേ? പഴയ സൂപ്പര്‍ നായിക അഞ്ജനാ മേനോന്റെ മകളാണ്.”

അഞ്ജന. ആ പേര് കേട്ടപ്പോള്‍ സന്തോഷം തോന്നി. മൂന്നര വര്‍ഷം മാത്രമാണ് അഞ്ജന സിനിമയില്‍ അഭിനയിച്ചത്. എന്നാല്‍ അഭിനയത്തികവ് കൊണ്ട് ഇന്നും മലയാളികള്‍ സ്‌നേഹിക്കുന്നു. ഓര്‍മ്മകള്‍ ഒരു 22 വര്‍ഷം പിന്നിലേക്ക്......

ഒരു കലോത്സവ വേദിയില്‍ വെച്ചാണ് അഞ്ജനയെ ആദ്യമായി കാണുന്നത്. അന്ന് അവള്‍ മോഹിനിയാട്ടത്തില്‍ മത്സരിക്കാന്‍ വന്ന കുട്ടിയായിരുന്നു. നന്നായി ഡാന്‍സ് ചെയ്തു. അന്നത്തെ കലാതിലകമാവാന്‍ എന്തുകൊണ്ടും യോഗ്യ. മോഹിനിയാട്ടത്തിലെ വിജയം ആ സ്ഥാനം ഉറപ്പിക്കുമായിരുന്നു. വിധി വന്നപ്പോള്‍ ഒന്നാം സ്ഥാനം അഞ്ജനയ്‌ക്ക് തന്നെ. കലാതിലകത്തിന്റെ വിശേഷങ്ങളറിയാന്‍ ഞങ്ങള്‍ പത്രക്കാര്‍ ചുറ്റും കൂടിയപ്പോഴാണ് വിധിക്കെതിരെ അപ്പീലുണ്ടെന്ന് അറിയിപ്പ് വന്നത്. പരിഭ്രമം നിറഞ്ഞ മുഖവുമായി അഞ്ജനയുടെ അമ്മയും, ടീച്ചര്‍മാരും കൂട്ടുകാരും നിന്നപ്പോഴും യാതൊരു ഭാവഭേദവുമില്ലായിരുന്നു ആ കുട്ടിയുടെ മുഖത്ത്. വൈകാതെ ഫലം വന്നു - അഞ്ജനയ്‌ക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു, കലാതിലക പട്ടവും.

പുതിയ കലാതിലകത്തെ തേടി പത്രക്കാര്‍ പോയപ്പോള്‍ ആരവങ്ങളില്‍ നിന്ന് മാറി അഞ്ജന ഇരുന്നു. അവള്‍ക്ക് ചുറ്റുമുള്ളവര്‍ വിധിക്കെതിരെ മുറവിളി കൂട്ടിയപ്പോള്‍ അഞ്ജന ശാന്തയായിരുന്നു. വിധിയെ പറ്റി ചോദിച്ചപ്പോള്‍ അഞ്ജന ചിരിച്ചതേയുള്ളു. സങ്കടമില്ല എന്ന മറുപടിയും. ആ കുട്ടി നന്നായി ചെയ്‌തിട്ടുണ്ടാവും. അങ്ങനെയൊരു വിശ്വാസം ഉള്ളത് കൊണ്ടാണല്ലോ അപ്പീല്‍ കൊടുത്തത്. ഇവിടെ മത്സരിക്കുന്ന എല്ലാവരും സമ്മാനം നേടണമെന്ന് ആഗ്രഹിച്ച് തന്നെ മത്സരിക്കുന്നവരല്ലേ. എല്ലാവര്‍ക്കും സമ്മാനം കിട്ടുന്നില്ല എന്ന് മാത്രം. ഇത്തവണ കലാതിലകമാവാന്‍ എനിക്ക് കഴിഞ്ഞില്ല. എങ്കിലും ഇത്രയും അടുത്തെത്താന്‍ കഴിഞ്ഞത് തന്നെ വലിയ കാര്യമല്ലേ..

നൃത്തത്തിന്റെ പാട്ട് കേട്ടപ്പോളാണ് ഓര്‍മ്മയില്‍ നിന്നും തിരിച്ച് വന്നത്. അഞ്ജനയുടെ മകള്‍ നൃത്തം ചെയ്യുന്നു. അമ്മയെ പോലെ തന്നെ മിടുക്കി തന്നെ മകളും, ഞാനോര്‍ത്തു.

“സാര്‍, ദാ ഇരിക്കുന്നു അഞ്ജനാ മേനോന്‍.” എന്റെ അരികിലിരുന്ന് ചാനല്‍ റിപ്പോര്‍ട്ടര്‍ ആവേശം കൊണ്ടു. ഇന്ന് ടി.വി.യില്‍ കാണിക്കാനുള്ളതായി എന്ന സന്തോഷം അവന്റെ മുഖത്ത്. ഞാന്‍ നോക്കി, അതെ അഞ്ജന തന്നെ. പഴയതിലുമൊക്കെ ഒരുപാട് മാറി. എങ്കിലും ഇപ്പോഴും സുന്ദരി തന്നെ. ആ കണ്ണുകള്‍..

ആ കണ്ണുകളെ പ്രണയിക്കാത്ത യുവാക്കളില്ലായിരുന്നു ഒരു കാലത്ത്. മലയാള സിനിമാചരിത്രത്തിലെ തന്നെ വലിയ ഹിറ്റുകളിലൊന്നായി മാറി “ആരാമത്തിലെ പൂക്കള്‍”. അതിലൂടെ യുവതലമുറയെ മുഴുവന്‍ തന്നെ പ്രണയിപ്പിച്ചു അഞ്ജന എന്ന നടി. ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍‌ഡും അവള്‍ സ്വന്തമാക്കി.

ഞങ്ങളുടെ മാസികയുടെ ഓണപ്പതിപ്പിന് അഞ്ജനയെ ഇന്റര്‍വ്യൂ ചെയ്യാന്‍ ഞാനാണ് പോയത്. രണ്ട് വര്‍ഷം മുമ്പ് കലാതിലകപട്ടം നഷ്ടപ്പെട്ട കാര്യം ഞാന്‍ ഓര്‍മ്മിപ്പിച്ചു. അപ്പോഴും അഞ്ജന ചിരിച്ചതേയുള്ളു.

അന്ന് ഞാന്‍ കലാതിലകം ആയില്ലെങ്കിലും എനിക്കും അത്ര തന്നെ വാര്‍ത്താപ്രാധാന്യം താങ്കളുടെ പത്രം നല്‍കിയല്ലൊ.. ഒരുപക്ഷെ ആ വാര്‍ത്തകളില്‍ നിന്നാവാം എനിക്ക് സിനിമയില്‍ ചാന്‍‌സ് കിട്ടിയതും അവാര്‍‌ഡ് കിട്ടിയതും. ജയിക്കുമ്പോളും തോല്‍‌ക്കുമ്പോളും ഞാന്‍ നിങ്ങള്‍ക്കൊരു വാര്‍ത്തയാണല്ലോ.. അഞ്ജന ചിരിച്ചു..

“എന്താ അവിടെ ഒരു ബഹളം?”

“സാറിവിടെങ്ങും ഇല്ലാരുന്നോ? അവിടെ ദേ അപ്പീലിന്റെ പ്രശ്നമാണ്”

“എന്ത് പ്രശ്നം?”

“നടി അഞ്ജനാ മേനോന്‍ മകള്‍ക്ക് വേണ്ടി അപ്പീല്‍ കൊടുത്തിരിക്കുന്നു. ഫലം വന്നപ്പോള്‍ ആ കുട്ടിക്ക് മൂന്നാം സ്ഥാനമാണ്. വിധികര്‍ത്താക്കളെ ചീത്ത പറയുകയാണവര്‍”

ഞാന്‍ അങ്ങോട്ടേക്ക് നടന്നു. അഞ്ജനയുടെ ശബ്‌ദം എന്റെ കാതിലുമെത്തി - “..ന്യായമാണെന്ന് വിശ്വസിക്കുന്നില്ല. എന്റെ മകളുടെ പ്രകടനമായിരുന്നു നല്ലതെന്ന് അവള്‍ക്ക് കിട്ടിയ കൈയ്യടികള്‍ തന്നെ തെളിവ്. ജഡ്‌ജസ് എന്ന് പറയുന്ന അവരൊക്കെ എന്തറിഞ്ഞിട്ടാണ്? ആരുടെയെങ്കിലും കൈയ്യില്‍ നിന്ന് കാശും വാങ്ങി എന്റെ മകളെ തോല്‍‌പിക്കാനാണ് ഇവരുടെ ശ്രമം. ഞാന്‍ അതിനു സമ്മതിക്കില്ല..”

മൊബൈലില്‍ ഓഫീസില്‍ നിന്ന് കോള്‍ വന്നത് കൊണ്ട് കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. തിരക്കില്‍ നിന്നും മാറി ഞാന്‍ കോള്‍ അറ്റന്റ് ചെയ്തു. ഈ വര്‍ഷം “ന്യൂസ്‌മേക്കര്‍ ഓഫ് ദ ഇയര്‍” ചടങ്ങിന് ഒരു സൂപ്പര്‍ സ്റ്റാറിനെ കൊണ്ട് വരുന്ന കാര്യം പറയാനാണ് വിളിച്ചത്. ആരാമത്തിലെ പൂക്കളിലെ നായകന്‍ (അന്ന് പുതുമുഖം!) മനോജ് കുമാറിനെയാണ് വിളിക്കാനുദ്ദേശിക്കുന്നത്. ഞാന്‍ സംസാരിക്കാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.

എന്റെ അടുത്തു കൂടെ അഞ്ജനാ മേനോന്‍ മകളേയും വിളിച്ച് ഇറങ്ങി പോയി. മാധ്യമ സുഹൃത്തുക്കള്‍ ഇനിയും ചോദിക്കാന്‍ ബാക്കിയുള്ള ചോദ്യങ്ങളുമായി പിന്നാലെയും. അവര്‍ പോയ ശേഷം എന്റെ റിപ്പോര്‍ട്ടര്‍ അടുത്തെത്തി. ഇന്നത്തേക്കായല്ലോ എന്ന എന്റെ മുന വെച്ച ചോദ്യത്തിന് നിറഞ്ഞ ചിരിയായിരുന്നു അവന്റെ മറുപടി. മാത്രമല്ല ഒരു കമന്റും - മോള്‍ക്ക് വിവരമുണ്ട്, ആ കൊച്ച് പറയുന്നുണ്ടാരുന്നു അപ്പീലൊന്നും വേണ്ടാന്ന്. പക്ഷെ അമ്മ കേള്‍ക്കണ്ടേ? അതെങ്ങനാ സിനിമാനടി അല്ലേ.. മോള്‍ക്ക് സമ്മാനം കിട്ടാത്തത് ക്ഷീണമായിരിക്കും.. ഇതൊക്കെ എവിടുന്ന് പൊട്ടി വീണോ ആവോ..”

ഇന്നത്തെ ന്യൂസ് മേക്കര്‍ അഞ്ജനാ മേനോന്‍ തന്നെ, ഞാന്‍ ഓര്‍ത്തു. പണ്ട് അവള്‍ വാര്‍ത്തയായിരുന്നു. ഇന്നവള്‍ വാര്‍ത്ത സൃഷ്ടിച്ചവളും..

09 ഫെബ്രുവരി 2011

ഡ്രാക്കുള

ഡി.സി. ബുക്‍സിന്റെ വിശ്വസാഹിത്യ താരാവലി വാങ്ങുകയുണ്ടായി. 12 പുസ്‌തകങ്ങളിലായി 100 ക്ലാസിക്കുകള്‍. അതിലെ പത്താം നമ്പര്‍ പുസ്‌തകത്തിലാണ് ബ്രാം സ്‌റ്റോക്കറുടെ ഡ്രാക്കുളയെ പരിചയപ്പെട്ടത്.

എന്ത് കൊണ്ട് ആദ്യം പത്താമത്തെ പുസ്‌തകമെടുത്തു എന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ - ഈ വാല്യത്തിലെ ആദ്യത്തെ കഥ. അത് ഡ്രാക്കുളയൊന്നുമല്ല, “ചുവപ്പില്‍ ഒരു പഠനം” അഥവാ A Study in Scarlet. ഈ പേര് കേട്ടവരുണ്ടെങ്കില്‍ ഇപ്പോള്‍ അവരുടെ മുഖത്ത് ഒരു ചിരി വന്നിരിക്കും. ഇനി അഥവാ കേട്ടിട്ടില്ല എങ്കില്‍ അറിഞ്ഞുകൊള്ളൂ, അതാണ് ഷെര്‍ലക്ക് ഹോംസ് എന്ന കഥാപാത്രത്തിനെ ലോകത്തിന് പരിചയപ്പെടുത്തിയ കൃതി. ഷെര്‍ലക്ക് ഹോംസ് കൃതികളെ പിന്നീടൊരു പോസ്റ്റില്‍ കൊണ്ടുവരാം (ശ്രമിക്കാം!). തല്‍ക്കാലം നമുക്ക് ഡ്രാക്കുളയിലേക്ക് തിരിച്ചു വരാം.

ഡ്രാക്കുളയ്ക്ക് ഒരു ആമുഖത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒരുപക്ഷെ ഡ്രാക്കുളയുടെ കഥ അറിയാത്തവര്‍ ചുരുക്കമായിരിക്കും. അതൊക്കെ കൊണ്ടാണല്ലോ അതൊരു “ക്ലാസിക്” എന്നറിയപ്പെടുന്നത്. ഹൊറര്‍ (ഇതിന് പറ്റിയ ഇതേ ശക്തിയുള്ള, ഒരു മലയാളം വാക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു!) വിഭാഗത്തില്‍ പെടുത്താവുന്ന നോവല്‍. 1897-ല്‍ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടു. അന്നു മുതല്‍ ഇങ്ങോട്ട് കോടിക്കണക്കിന് വായനക്കാരെ ഭയപ്പെടുത്തി ഡ്രാക്കുള പ്രഭു വിലസുന്നു. കഥയേയും വിവര്‍ത്തനത്തേയും പറ്റി പറയാനല്ല ഈ പോസ്റ്റ്. എനിക്ക് വളരെയധികം ഈ നോവല്‍ ഇഷ്‌ടപ്പെട്ടു. അതിനുള്ള കാരണങ്ങള്‍ പങ്കു വെയ്ക്കുക മാത്രമാണ് എന്റെ ഉദ്ദേശ്യം.

ഹൊറര്‍ - കഥയായാലും, സിനിമയായാലും ഈ വിഭാഗത്തിന് ഒരു കുഴപ്പമുണ്ട്. വായനക്കാരനെ/പ്രേക്ഷകനെ ഭയപ്പെടുത്തുക എന്നതാണ് ഈ വിഭാഗത്തിലുള്ള കൃതികളുടെ കടമ. എന്നാല്‍ ഏറിയ പങ്ക് ആളുകളും ഒന്നുങ്കില്‍ ഇവയൊന്നും കണ്ടും വായിച്ചും പേടിക്കാറില്ല. ഇനി അഥവാ പേടിച്ചാല്‍ തന്നെ തുറന്ന് സമ്മതിക്കുകയുമില്ല. രണ്ടായാലും അത് കൃതിയുടെ വിജയത്തെ ബാധിക്കും. എന്നെ പേടിപ്പിക്കുന്നതില്‍ ഡ്രാക്കുള വിജയിച്ചു എന്നതാണ് ഈ നോവല്‍ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം.

ഡ്രാക്കുള വായിക്കാനൊരുങ്ങുമ്പോള്‍ എന്റെ മനസില്‍ ആദ്യം ഉണ്ടായ ചിന്ത ഇതാണ് - ഒരു പുസ്‌തകം വായിച്ചാലൊക്കെ പേടി വരുമോ? വരും! നല്ല പോലെ പേടി വരും.. രാത്രി കുറച്ചധികം വൈകി ഇരുന്നാണ് ഞാന്‍ വായിച്ചത്. വളരെ രസകരമായി എഴുതിയിരുന്നത് കൊണ്ട് വായിച്ച് സമയം പോയതറിഞ്ഞില്ല എന്ന് പറയുന്നതാണ് ശരി. അന്തരീക്ഷത്തിന് സ്‌പെഷ്യല്‍ ഇഫ‌ക്‍ട്സ് കൊടുത്ത് അയലത്തെ പട്ടി ഇടയ്‌ക്കിടെ മോങ്ങുന്നുണ്ടായിരുന്നു. കുറേ വായിച്ച ശേഷം അന്നത്തെ വായന മതിയാക്കി. അപ്പുറത്തെ മുറിയിലെ മേശപ്പുറത്താണ് വെള്ളം വെച്ചിരുന്നത്. ആ മുറിയില്‍ നല്ല ഇരുട്ടും. വെള്ളം കുടിക്കുന്ന കാര്യമോര്‍ത്തപ്പോള്‍ തന്നെ ഒന്ന് ഞെട്ടി. അപ്പോഴാണ് പേടി എന്താണെന്ന് മനസിലായത്. ഒറ്റയടിക്ക് അവിടെയെത്തി, വെള്ളം കുടിച്ചെന്ന് വരുത്തി തിരിച്ച് മുറിയിലെത്തി. അപ്പോള്‍ അടുത്ത പ്രശ്നം. ലൈറ്റ് ഓഫ് ചെയ്‌ത് കട്ടില്‍ വരെ എത്താന്‍ ഭയം! ലൈറ്റ് ഓഫ് ചെയ്തു രണ്ട് ചാട്ടത്തിന് കട്ടിലില്‍ കയറി, പുതച്ച് മൂടി, പ്രത്യേകിച്ച് കഴുത്തിന്റെ ഭാഗം ;-) നല്ല ചൂടുണ്ടായിരുന്നു. കാര്യമാക്കിയില്ല. ഈശ്വരനെ പ്രാര്‍ത്ഥിച്ച് കിടന്നു. എപ്പഴോ ഉറങ്ങി.

പിന്നീട് പകല്‍ ബാക്കി വായിക്കാന്‍ ശ്രമിച്ചെങ്കിലും രാത്രി വൈകി ഇരുന്ന് വായിക്കുന്ന ആ ത്രില്‍ കിട്ടിയില്ല. പകല്‍ വായന മതിയാക്കി, രാത്രിയിലാണ് ഞാന്‍ വായിച്ചു തീര്‍ത്തത്. ആദ്യ ഭാഗത്തിന്റെ അത്ര പേടി അവസാനത്തോട് അടുത്തപ്പോള്‍ ഏതായാലും ഉണ്ടായില്ല.

എന്നെ ആകര്‍ഷിച്ച മറ്റൊരു കാര്യം എഴുത്തിന്റെ ശൈലിയാണ്. കഥാപാത്രങ്ങളുടെ ഡയറി, കത്തിടപാടുകള്‍ എന്നിവയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അതിനാല്‍ തന്നെ പലപ്പോഴും കഥാപാത്രങ്ങളില്‍ ഒരാളായി, അവര്‍ക്കൊപ്പം ഞാനുമുണ്ട് എന്ന് തോന്നലുണ്ടായി. പേടിയൊക്കെ വരാന്‍ അതും കാരണമാകാം. ഈ ശൈലി കൊണ്ടുള്ള മറ്റൊരു കാര്യം, ഡ്രാക്കുളയുടെ ശക്തി നേരിട്ട് കാണിക്കുന്ന ഭാഗങ്ങള്‍ ചുരുക്കമാണെങ്കിലും മറ്റുള്ളവരുടെ വിവരണങ്ങളില്‍ നിന്നും മനോഹരമായി അത് വരച്ചിടുന്നുണ്ട്. ഉദാഹരണമായി ലണ്ടനിലെത്തുന്ന കപ്പലിന്റെ ക്യാപ്‌റ്റന്റെ അനുഭവങ്ങള്‍.

മറ്റൊരു പ്രധാനകാര്യം, കഥയുടെ പോക്ക്. നല്ല വേഗത്തിലാണ് കഥ പറഞ്ഞ് പോകുന്നത്. വായിച്ചു തുടങ്ങിയാല്‍ തീരാതെ നിര്‍ത്തുക പ്രയാസം. ഒരു ഭാഗം കൂടി വായിക്കാം, എന്ന് തോന്നിപ്പിക്കും. രണ്ട് ഭാഗങ്ങളായി തിരിച്ചാല്‍, മുന്നോട്ട് പോകുന്തോറും കൂടുതല്‍ ഭയപ്പെടുത്തുന്നതാണ് ആദ്യ ഭാഗം. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ഭയത്തെക്കാളേറെ ഉദ്വേഗം ജനിപ്പിക്കുന്നു “ഡ്രാക്കുള”. വായിച്ചു തീരുമ്പോള്‍ ഒരുപക്ഷെ ഇത്രയും എളുപ്പം തീര്‍ന്നോ എന്നൊരു ദുഃഖവും തോന്നും!

ആകെ പറയാന്‍ ഒരു പോരായ്‌മ തോന്നിയത് ഇതാണ് - പെട്ടെന്ന് തീര്‍ന്നു പോയത് പോലെ തോന്നി. പിന്നെ അവസാനം ഒരു ഭയങ്കരന്‍ പോരാട്ടം പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല..! ഒരുപക്ഷെ രസിച്ച് വായിച്ച് വന്നത് കൊണ്ടാവും..

ഏതായാലും ഇനിയും വായിക്കാത്തവരുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു കൈ നോക്കുക. നിങ്ങള്‍ക്ക് വേണ്ടിയാണ് കഥയെ പറ്റി യാതൊന്നും പറയാതെ ഞാനിങ്ങനെ ഒരു കുറിപ്പിട്ടത്.

പ്രത്യേകം ശ്രദ്ധിക്കുക - കഴിവതും പാതിരാത്രിയില്‍ വായിക്കുക, അതും ഒറ്റയ്ക്ക്! വല്ലപ്പോഴും ഒന്ന് പേടിക്കുന്നത് നല്ലതാണെന്നേ.. :)

03 ജനുവരി 2011

മുഖപുസ്‌തകത്തില്‍ ഒരു പ്രണയം

ചില നേരത്തെ ഈ ഇന്റര്‍നെറ്റിന്റെ പോക്ക്.. ചൊറിഞ്ഞ് വന്നു നകുലിന്. www.facebook.com എന്ന് കൊടുത്തിട്ട് എത്ര നേരമായി?? ഇപ്പോഴും ലോഡിങ്ങ് എന്ന് എഴുതി കാണിച്ച് നില്‍ക്കുന്നു. ക്ഷമ കെട്ട നകുല്‍ ബ്രൌസര്‍ ക്ലോസ് ചെയ്ത ശേഷം ഒന്നു കൂടി ഓപ്പണ്‍ ചെയ്തു. ഏതായാലും ഇത്തവണ ഫലിച്ചു. നിമിഷങ്ങള്‍ കൊണ്ട് പേജ് ലോഡ് ആയി വന്നു. ആകാംഷയോടെ നകുല്‍ നോക്കി, ഇല്ല. കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. പുതിയതായി ഒരു നോട്ടിഫിക്കേഷനോ ഫ്രണ്ട്സ് റിക്വസ്റ്റോ വന്നിട്ടില്ല. അതെങ്ങനാ, ലോഗ് ഓഫ് ചെയ്തിട്ട് ഒരു മണിക്കൂര്‍ കൂടെയായിട്ടില്ലല്ലോ..

എന്ന് മുതലാണ് ഫേസ്‌ബുക്ക് ഉപയോഗം തുടങ്ങിയതെന്ന് ഓര്‍മ്മയില്ല. പ്രഫഷനല്‍ കോഴ്‌സിന് ചേര്‍ന്നപ്പോള്‍ കിട്ടിയ ലാപ്‌ടോപ് ജീവിതത്തിന്റെ ഭാഗമായി. ജോലിയും ശമ്പളവും ഇന്റര്‍‌നെറ്റിനേയും കൂടെ കൂട്ടി. ഇപ്പോള്‍ വന്ന് വന്ന് അതില്ലാതെ ജീവിക്കാന്‍ വയ്യ എന്നായി. ഓഫീസില്‍ നിന്ന് എത്തിയാല്‍ ഇത് തന്നെ പണി. ഓഫീസ് ഇല്ലെങ്കിലും ഇത് തന്നെ പണി. ഒറ്റയ്ക്ക് താമസമായത് കൊണ്ട് പരാതി പറയാനും കുറ്റം പറയാനും ആരുമില്ലതാനും.

നകുല്‍ ഫ്രണ്ട്സ് അപ്‌ഡേറ്റ്‌സ് ഒന്നൊന്നായി നോക്കാന്‍ തുടങ്ങി. സ്ഥിരം സാധനങ്ങള്‍ തന്നെ - Analyse your Personality, How evil are you?, സിറ്റി‌വില്ലില്‍ പുതിയതെന്തോ നേടിയ കൂട്ടുകാരന്‍ . കൂട്ടത്തില്‍ ഗംഗയുടെ ഒരു അപ്‌ഡേറ്റും. ഗംഗ “ലൈഫ്‌ബോക്‍സ്” തുറന്നു. കിട്ടിയത് - Engagement.

ഗംഗയെ നകുല്‍ ഇത് വരെ കണ്ടിട്ടില്ല. ഒരു സുഹൃത്തിന്റെ കസിന്‍ ആണ്. ഒരിക്കല്‍ അവന്‍ My Top Fan എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചപ്പോള്‍ നകുലായിരുന്നു ഒന്നാമന്‍.  അതിന് അവനൊരു “ലൈക്കും” കമന്റും കൊടുത്തു. അതിന് മറുപടിയെന്നോണമാണ് ഗംഗ ആദ്യം തന്നോട് സംസാരിക്കുന്നത്. സംസാരിക്കുന്നത് എന്ന് വെച്ചാല്‍, നേരിട്ടല്ല, ആ കമന്റിന് ഒരു മറുപടി. പിന്നെ പിന്നെ സുഹൃത്ത് എന്ത് പോസ്റ്റിട്ടാലും നകുലും ഗംഗയും അതില്‍ കമന്റ് ഇട്ട് അടി കൂടിയിരുന്നു. ചുരുക്കത്തില്‍ അവര്‍ വലിയ ഒരു “കമന്റടി” തന്നെ നടത്തി! അങ്ങനെ അടി കൂടി അവര്‍ സുഹൃത്തുക്കളായി. പക്ഷെ ഏതൊരു ഓണ്‍‌ലൈന്‍ സൌഹൃദത്തിനും ഉള്ള വിധി അവരുടെ സൌഹൃദത്തിലും ഉണ്ടായിരുന്നു - ഓണ്‍ലൈന്‍ ആയാല്‍ മാത്രമല്ലെ സൌഹൃദം നിലനില്‍ക്കുകയുള്ളു. എന്തൊക്കെയോ തിരക്കുകളുമായി ഗംഗ കുറച്ച് നാള്‍ ഫേസ്‌ബുക്കില്‍ നിന്നും മാറി നിന്നപ്പോള്‍ ആ സൌഹൃദവും ഏതാണ്ട് അവസാനിച്ചു.

"Engagement ayit nammale onnum ariyichillallo.." എന്ന് നകുല്‍ ഒരു കമന്റിട്ടു ഗംഗ‌യ്ക്ക്. ഒരു തമാശ. വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് ചെയ്‌തു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. പ്രത്യേകിച്ച് പണി ഒന്നുമില്ലാത്തത് കൊണ്ട് നകുല്‍ ഡിന്നര്‍ കഴിക്കാന്‍ പോയി.

തിരിച്ച് വരുമ്പോള്‍ രണ്ട് നോട്ടിഫിക്കേഷന്‍സ്. നകുലിന് സന്തോഷമായി. രണ്ടും ഗംഗയുടെ വകയായിരുന്നു. Engagement കമന്റിന് "samayam avumbol ariyicholam" എന്ന് മറുപടി. പിന്നെ ഒരു മെസേജും - "nee jeevanode okke thanne und alle? entha vishesham?" നകുല്‍ അതിന് മറുപടി നല്‍കി. ഗംഗ ഓണ്‍‌ലൈന്‍ ഉണ്ടായിരുന്നു. രണ്ട് പേരും കുറച്ച് നേരം മെസേജുകള്‍ കൈമാറി. ഇത്രയൊക്കെ ഫേസ്‌ബുക്ക് ഉപയോഗിച്ചിട്ടും നകുല്‍ അതിന്റെ ചാറ്റ് ഉപയോഗിക്കാന്‍ മടിയായിരുന്നു.


അടുത്ത ദിവസം സ്ഥിരം പരിപാടികള്‍ എല്ലാം കഴിഞ്ഞപ്പോള്‍ അവന്‍ ഗംഗയുടെ മറ്റൊരു അപ്‌ഡേറ്റ് കണ്ടു. ഇത്തവണയും ലൈഫ്‌ബോക്‍സ്” തുറന്നു ഗംഗ. കിട്ടിയതോ? Marriage!

നകുലിന് ഒരുപാട് സന്തോഷമായി. ഉടനെ കൊടുത്തു ഒരു കമന്റ് - "innale engagement. inn kalyanam. ellam valare pettennanallo." താമസിയാതെ ഗംഗയുടെ കമന്റ് തിരികെ വന്നു - "enth cheyyanada.. ellam angane sambhavichu poyi" അന്നും കുറെ മെസേജുകള്‍ തമ്മില്‍ കൈമാറിയ ശേഷമാണ് അവര്‍ ഉറങ്ങിയത്.


രണ്ട് ദിവസങ്ങള്‍ നകുലിനും ഗംഗ‌യ്ക്കും സാധരണ പോലെ കടന്നു പോയി. രണ്ടാം ദിവസം നകുല്‍ തന്റെ പ്രൊ‌ഫൈല്‍ പിക്‍ചര്‍ ഒന്ന് മാറ്റി. അന്ന് രാത്രി കൃത്യമായി ഗംഗയുടെ മെസേജ് എത്തി. പടം കൊള്ളില്ല. ഉടനെ മാറ്റണം എന്നായിരുന്നു ആവശ്യം. നകുല്‍ രണ്ട് തവണ പടം മാറ്റി. പക്ഷെ രണ്ട് തവണയും ഗംഗയ്‌ക്ക് ഇഷ്‌ടപെട്ടില്ല. ഒടുവില്‍ തന്റെ ആല്‍ബത്തില്‍ നിന്നും ഒരു പടം തിരഞ്ഞെടുത്ത് തരാന്‍ നകുല്‍ ഗംഗയോട് ആവശ്യപ്പെട്ടു. ഗംഗയുടെ ഇഷ്‌ടത്തിനുള്ള പടം താന്‍ എന്തിന് ഇടണം എന്ന് നകുല്‍ ഒരു നിമിഷം പോലും ആലോചിച്ചില്ല. എന്നാല്‍ ഗംഗ പറയുന്ന പടം ഏതായാലും താന്‍ ഇടുമെന്ന് അവന്‍ ഉറപ്പിച്ചിരുന്നു.

ഗംഗ പടം കൊണ്ട് വന്നു. നകുലിന് ഇഷ്‌ടപ്പെട്ട പടം തന്നെയായിരുന്നു അത്. എന്നാല്‍ കുറച്ച് പഴയതായിരുന്നു. "padam kollam. pakshe kurach pazhayatha. ente ippozhathe appearance-nu match alla." എന്ന് നകുല്‍ ഒരു മെസേജ് അയച്ചു. അതിനുള്ള ഗംഗയുടെ മറുപടി നകുലിന് ഇഷ്‌ടപ്പെട്ടു - "penn kananonnumallalo profile pic idunnath? ith mathi. you look good in this. i like it." നകുല്‍ തിരിച്ചും കൊടുത്തു ഒരു മെസേജ് - "ok. ith mathi. ellam ninte ishtam pole.. :P"


ആഴ്‌ചകള്‍ കടന്നു പോയി. നകുലിന് ഗംഗയോട് ശരിക്കും ഇഷ്‌ടം തോന്നി. എങ്ങനെയെങ്കിലും ഒന്ന് പറയണം. എങ്ങനെ പറയും എന്ന് സംശയിച്ച് നിന്നപ്പോള്‍ വീണ്ടും “ലൈഫ്‌ബോക്‍സ്” അവന്റെ രക്ഷയ്‌ക്കെത്തി. ഗംഗ ലൈഫ്‌ബോക്‍സ് തുറന്നപ്പോള്‍ കിട്ടിയത് - Love Letter. അന്ന് രാത്രി നകുല്‍ ഗംഗയ്‌ക്ക് മെസേജ് ചെയ്‌തു - "ninak love letter kittiyo?" അവളുടെ മറുപടി "illalo. entha nee tharumo?" നകുല്‍ തിരിച്ചടിച്ചു - "njan thannal vangumo?" അവളുടെ മറുപടി അവനെ ഒരുപാട് സന്തോഷിപ്പിച്ചു - "pinnentha? eppo vangi enn chothichal pore?" അങ്ങനെ അവനൊരു Love Letter എഴുതി. അവള്‍ക്കത് ഇഷ്‌ടപ്പെടുകയും ചെയ്‌തു.


കുറച്ച് നാള്‍ കൂടെ കടന്നു പോയി. ഫേസ്‌ബുക്കില്‍ നിന്നും അവര്‍ ഫോണിലേക്ക് കൂടു മാറിയിരുന്നു. ഗംഗ ചോദിച്ചു, “എന്നാണ് നമ്മള്‍ ഒന്ന് കാണുന്നത്?”
“ജൂണ്‍ 12-ന്”, നകുല്‍ പറഞ്ഞു.
“അതെന്താ ജൂണ്‍ 12?”
“When will you meet your lover-ല്‍ എനിക്ക് കിട്ടിയ ഡേറ്റ് ആണ് ജൂണ്‍ 12”
“Oh my god! എനിക്കും അതേ ഡേറ്റ് തന്നെയാ കിട്ടിയത്”

അന്ന് ഫോണ്‍ കട്ട് ചെയ്യുമ്പോള്‍ നകുലിന് എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു. തനിക്ക് ചേര്‍ന്ന ഒരാളെ തന്നെ ഫേസ്‌ബുക്ക് തന്നല്ലോ.. അവന്‍ ലോഗ്-ഇന്‍ ചെയ്തു. ഗംഗയുടെ സ്റ്റാറ്റസ് മെസേജ് ഏതോ ഫിലോസഫി ഡയലോഗ് ആയിരുന്നു. അവന് അതിന്റെ അര്‍ത്ഥം മനസിലായില്ല എങ്കിലും ആ പോസ്റ്റിന് ഒരു “ലൈക്ക്” കൊടുക്കാന്‍ അവന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.