05 ഡിസംബർ 2012

പാറ്റ


രാവിലെ കൃത്യം 6 മണിക്ക് തന്നെ അയാള്‍ ഉറക്കമുണര്‍ന്നു. പുതിയ താമസസ്ഥലത്തിന്റെ പരിചയക്കുറവോ, ജോലിയിലെ തന്റെ ആദ്യദിനമായതിന്റെ ആ ഒരു ആവേശമോ, അല്ലെങ്കില്‍ ഇവ രണ്ടും ചേര്‍ന്നത് കൊണ്ടോ ആവാം അയാള്‍ ആ സമയത്ത് ഉണര്‍ന്നത്. മെല്ലെ കണ്ണു തുറന്ന് നോക്കിയപ്പോള്‍ കണ്ടത് കറങ്ങുന്ന ഫാന്‍ ആണ്. താന്‍ വീട്ടിലല്ല എന്ന് ക്രീം നിറത്തിലുള്ള ആ ഫാന്‍ അയാളെ ഓര്‍മ്മപ്പെടുത്തി. ചെറിയൊരു ശബ്‌ദത്തോടെ തന്റെ മുറിയില്‍ കറങ്ങിയിരുന്ന കറുത്ത ഫാനിനെ അയാള്‍ ഒരു നിമിഷം ഓര്‍ത്തു. പിന്നെ ദൈവത്തെയും.

ആദ്യ ദിവസം ഒരു കാരണവശാലും വൈകരുത് എന്ന നിര്‍ബന്ധമുണ്ടായിരുന്നത് കൊണ്ട് അധിക നേരം കട്ടിലില്‍ അയാള്‍ കിടന്നില്ല. മുറിയിലെ ഒരേയൊരു മേശയുടെ മുകളില്‍ വെച്ചിരുന്ന ബാഗില്‍ നിന്നും പ്രഭാത കൃത്യങ്ങള്‍ക്കാവശ്യമായ വസ്തുവകകളുമായി അയാള്‍ കുളിമുറിയില്‍ കയറി. തലേന്ന് വൈകുന്നേരം അടുത്തുള്ള ചെറിയ ടൌണില്‍ നിന്നും വാങ്ങിയ ചുവന്ന ബക്കറ്റും മഗ്ഗും അയാള്‍ക്ക് ഗുഡ് മോര്‍ണിങ്ങ് പറഞ്ഞു.

കുളി കഴിഞ്ഞ് ബക്കറ്റില്‍ ഉണ്ടായിരുന്ന വെള്ളത്തില്‍ തന്റെ തോര്‍ത്ത് മുക്കി പിഴിഞ്ഞ് അയാള്‍ ഉടുത്തു. എന്നിട്ട് ആ വെള്ളം കമഴ്ത്തിയതും, ബക്കറ്റിന്റെ അടിയില്‍ നിന്നും ശരവേഗത്തില്‍ ഒരു പാറ്റ അയാളുടെ കാലിലേക്ക് ഓടി കയറിയതും ഒരുനിമിഷം കഴിഞ്ഞു! പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ഞെട്ടിയ അയാള്‍ ഒരുവിധത്തില്‍ പാറ്റയെ തട്ടി മാറ്റി കുളിമുറിയുടെ പുറത്തെത്തി. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ഞെട്ടിയ പാറ്റ ഇനി ഒരു ആക്രമണം ഉണ്ടാവുന്നതിന് മുമ്പ് തന്റെ സുരക്ഷിത താവളമായ ബക്കറ്റിനടിയിലേക്ക് ഓടി കയറി. അതായിരുന്നു അവരുടെ ആദ്യത്തെ കണ്ടുമുട്ടല്‍!

ഓഫീസില്‍ പോകാന്‍ തയ്യാറായി കഴിഞ്ഞാണ് താന്‍ ഒരുപാട് നേരത്തെയാണല്ലോ എന്നയാള്‍ ഓര്‍ത്തത്. ഇനിയും ഒരു മണിക്കൂര്‍ കൂടെ കഴിഞ്ഞ് ഇറങ്ങിയാലും ഭക്ഷണം ഒക്കെ കഴിച്ച് കൃത്യസമയത്ത് ഓഫീസിലെത്താം. കുറച്ച് സമയം കൂടെ ഉറങ്ങാമായിരുന്നു എന്ന് അയാള്‍ നഷ്‌ടബോധത്തോടെ ഓര്‍ത്തു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ അയാള്‍ മുറിയില്‍ ചുമ്മാതെയിരുന്നു. കുളിമുറിയിലെ പാറ്റയെ പറ്റി അയാള്‍ ഓര്‍ത്തു. ഒരൊറ്റ ചവിട്ടിന് തീര്‍ക്കാനെ ഉള്ളൂ. അതിനെ കൊന്നു കളയണോ? വേണ്ട. ഭൂമിയില്‍ ഒരുറുമ്പിനെ വേദനിപ്പിച്ചാല്‍ പോലും മരണശേഷം കിട്ടിയേക്കാവുന്ന ശിക്ഷയെ കുറിച്ച് പണ്ടൊരു കഥ വായിച്ചതായി അയാള്‍ ഓര്‍ത്തു. അതില്‍ എത്രത്തോളം സത്യമുണ്ടെന്നറിയില്ല, എങ്കിലും എന്തിനു വെറുതെ ഒരു റിസ്‌ക്ക് എടുക്കണം?

മുറിയില്‍ ഇരുന്നിട്ട് പ്രയോജനമില്ലെന്ന് മനസിലായ അയാള്‍ പതിയെ പുറത്തിറങ്ങി. തന്റെ താമസസ്ഥലത്തിന് അടുത്തുള്ള ചായക്കടയില്‍ ചെന്ന അയാള്‍ അവിടെ കിടന്ന പത്രം വായിച്ച് സമയം കളഞ്ഞു. പിന്നെ ഭക്ഷണവും കഴിച്ച് കൃത്യമായി ഓഫീസില്‍ പോയി. വൈകുന്നേരം തിരിച്ചെത്തിയ ശേഷം ഒന്ന് മേലുകഴുകി അയാള്‍ വീണ്ടും കട്ടിലില്‍ വന്നിരുന്നു. വൈകിട്ട് പാറ്റയെ കണ്ടില്ലല്ലോ എന്നയാള്‍ വെറുതെ ഓര്‍ത്തു.പിന്നെ തന്റെ ആദ്യ ദിനത്തെ പറ്റിയും. അപ്പോഴാണ് അയാള്‍ക്ക് രസകരമായ ഒരു തോ‍ന്നല്‍ ഉണ്ടായത്. രാവിലെ കുളിമുറിയില്‍ പാറ്റ, ഓഫീസില്‍ പുതിയതായി താന്‍.. രണ്ട് പേരും പുതിയ ആളുകളുമായി ഇടപെട്ടു. തനിക്ക് തോന്നിയ ആദ്യത്തെ അമ്പരപ്പും അത്ഭുതവും തന്നെ കണ്ടപ്പോള്‍ പാറ്റയ്‌ക്കും തോന്നിയിരിക്കുമെന്നയാള്‍ വെറുതെ വിചാരിച്ചു. അങ്ങനെ ഓരോന്ന് ആലോചിച്ച് അയാള്‍ ഉറങ്ങി.

ദിവസങ്ങള്‍ കടന്ന് പോയി. ഇതിനിടയില്‍ പുതിയ സ്ഥലത്തിനും സാഹചര്യങ്ങള്‍ക്കും അനുസൃതമായ ഒരു ദിനചര്യ അയാള്‍ ഉണ്ടാക്കിയെടുത്തു. കുളിക്ക് ശേഷം ബക്കറ്റ് കമഴ്ത്തുമ്പോള്‍ അയാള്‍ കൂടുതല്‍ ശ്രദ്ധാലുവായി. ബക്കറ്റ് ഒരല്‍‌പം ഉയര്‍ത്തി പാറ്റയ്‌ക്ക് ഓടി മാറിയിരിക്കാന്‍ അവസരം കൊടുത്ത ശേഷമാണ് ഇപ്പോള്‍ അയാള്‍ വെള്ളം കളയുന്നത്. ആദ്യത്തെ പരിചയക്കുറവിന് ശേഷം പുതിയ ആള്‍ അപകടകാരിയല്ലെന്ന് മനസിലാക്കിയ പാറ്റ തന്റെ വീടായ കുളിമുറിയില്‍ അങ്ങിങ്ങ് ഓടി നടന്നു. അപരിചിതന് ആവശ്യത്തിനുള്ള സ്വകാര്യത നല്‍കിയ പാറ്റ അയാള്‍ കുളിക്കുമ്പോള്‍ ബക്കറ്റിനടിയില്‍ വിശ്രമിച്ചു.

തന്റെ ഓഫീസ് ജീവിതത്തിലും ആദ്യത്തെ അമ്പരപ്പും പകപ്പും മറികടന്ന അയാള്‍ മെല്ലെ മെല്ലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ തുടങ്ങി. സ്വതവേ അല്‍‌പം പതുങ്ങിയ സ്വഭാവക്കാരനാകയാല്‍ സുഹൃത്തുക്കളെ നേടിയെടുക്കാന്‍ അയാള്‍ വിഷമിച്ചു. ക്രമേണ തന്റെ ജോലിയിലും അയാള്‍ പരിചയം നേടിയെടുത്തു. മറ്റ് ജീവനക്കാര്‍ പരദൂഷണം പറയുമ്പോള്‍ അയാള്‍ തന്റെ ജോലിത്തിരക്കിനിടയില്‍ വിശ്രമിച്ചു.

ദിവസങ്ങള്‍ മാസങ്ങളായി. പാറ്റ തന്റെ സാന്നിധ്യത്തിലും ഇപ്പോള്‍ പുറത്തിറങ്ങി നടക്കുന്നുണ്ടല്ലോ എന്നയാള്‍ ഓര്‍ത്തു. ഒന്ന് രണ്ട് തവണ ചുമ്മാ ഓടി വന്ന് കാലില്‍ കയറാനും ശ്രമം നടത്തി. അപ്പോഴൊക്കെ ശക്തിയായി കാലിട്ടടിച്ചും, ചാടി മാറിയുമൊക്കെ അയാള്‍ അതില്‍ നിന്നും രക്ഷ നേടി. താന്‍ സൌഹൃദം സ്ഥാപിക്കാന്‍ ചെല്ലുമ്പോള്‍ എന്തിനാണ് അപരിചിതന്‍ ഒരു ഭ്രാന്തനെ പോലെ പെരുമാറുന്നത് എന്ന് പാറ്റ ഓര്‍ത്തു. സ്വതവേ അന്തര്‍മുഖനായ അയാള്‍ക്ക് ഓഫീസില്‍ ജാടയും തലക്കനവും ഉള്ള ഒരു മുരടന്‍ എന്ന പേര് ലഭിച്ചു. അതിനാല്‍ തന്നെ, അയാള്‍ സൌഹൃദം സ്ഥാ‍പിക്കാന്‍ പലരേയും സമീപിച്ചെങ്കിലും ഒരതിര് വിട്ട് ആരും അയാള്‍ക്കൊപ്പം കൂടിയില്ല. തന്നെ പറ്റി ആളുകള്‍ എന്ത് പറയുന്നു എന്നറിയാത്ത അയാള്‍, എന്ത് കൊണ്ട് ഈ ഓഫീസില്‍ ഉള്ള എല്ലാവരും ഇങ്ങനെ പെരുമാറുന്നു എന്ന് ഓര്‍ത്തു.

അങ്ങനെയിരിക്കെ ഒരു ദിവസം, അയാള്‍ കുളിമുറിയില്‍ ഞെട്ടിക്കുന്ന ഒരു കാഴ്‌ച കാണാനിടയായി. പതിവ് പോലെ കുളി കഴിഞ്ഞ് ബക്കറ്റ് കമഴ്ത്താന്‍ ശ്രമിക്കുമ്പോഴാണ് പാറ്റ അതിനടിയില്‍ ഇല്ല എന്നയാള്‍ മനസിലാക്കിയത്. കുളിമുറിയില്‍ പരതിയപ്പോള്‍ ഒരു മൂലയ്‌ക്ക് അയാള്‍ പാറ്റയെ കണ്ട്. അതവിടെ മലര്‍ന്ന് കിടന്ന് കൈകാലിട്ടടിക്കുകയായിരുന്നു. വേദനയോടെ അയാള്‍ കുറച്ച് നേരം അത് കണ്ടു നിന്നു. പാറ്റയുടെ ആ അവസ്ഥയില്‍ താന്‍ എന്തിന് ദുഃഖിക്കുന്നു എന്ന് അയാള്‍ അപ്പോള്‍ ആലോചിച്ചതേയില്ല. എന്നാല്‍ താന്‍ ഓഫീസിലേക്ക് വൈകും എന്ന് പെട്ടെന്നോര്‍ത്ത അയാള്‍ പാറ്റയെ അവിടെ ഉപേക്ഷിച്ച് വേഗം പോകാന്‍ തയ്യാറായി.

പുതിയ കമ്പനിയിലെ ഏറ്റവും നശിച്ച ദിവസത്തിലേക്കാണ് താന്‍ പോകുന്നതെന്ന് അയാള്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ ഓഫീസില്‍ ചെന്നപ്പോള്‍ തന്നെ സംഗതി അയാള്‍ക്ക് മനസിലായി. രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ചെയ്‌ത ഒരു കാര്യം ഒരു വലിയ തെറ്റില്‍ കലാശിച്ചതായി അയാള്‍ മനസിലാക്കി. അന്ന് ഒരു പുതുമുഖം ആയിരുന്നു അയാള്‍. ആ ജോലിയില്‍ അന്ന് സഹായിച്ച മറ്റ് ചിലര്‍ അയാളെ കണ്ട ഭാ‍വം കാണിച്ചില്ല. മാനേജര്‍ കുറെ വഴക്ക് പറഞ്ഞ് വേഗം എല്ലാം ശരിയാ‍ക്കാന്‍ ആവശ്യപ്പെട്ടു. അതിന്റെ ഭാഗമായി അയാള്‍ അന്ന് മുഴുവനും അതിന്റെ പിന്നാലെ തന്നെ ആയിരുന്നു.

രണ്ട് മൂന്ന് ദിവസത്തേക്ക് അയാള്‍ക്ക് ഭാരിച്ച ജോലികളായിരുന്നു. കഴിഞ്ഞ ദിവസം വന്ന തെറ്റ് തിരുത്താന്‍ കുറേ നേരം പോയി. ആ സമയത്ത് പതിവ് ജോലികളില്‍ ചിലത് നടന്നില്ല. അങ്ങനെയൊരു ആപത്ഘട്ടത്തില്‍ അയാളെ സഹായിക്കാന്‍ ആരും വന്നതുമില്ല. ഒടുവില്‍ എങ്ങനെയൊക്കെയോ അയാള്‍ അതൊക്കെ ശരിയാക്കിയെടുത്തു. അന്ന് വൈകുന്നേരം അയാള്‍ ആശ്വാസത്തോടെ തന്റെ മുറിയിലെത്തി മേലുകഴുകാന്‍ കയറിയപ്പോള്‍ പാറ്റ അയാളെ നോക്കി പുഞ്ചിരിച്ചു. അന്ന് മലര്‍ന്ന് കിടന്ന് കാലിട്ടടിച്ച ശേഷം അപ്പോഴായിരുന്നു അയാള്‍ പാറ്റയെ പിന്നീട് കണ്ടത്. പാറ്റ‌യ്‌ക്ക് കുഴപ്പമൊന്നും പറ്റിയില്ല എന്ന് കണ്ടതോടെ അയാള്‍ക്കും സന്തോഷമായി. അയാള്‍ പാറ്റയെ നോക്കി ചിരിച്ചു.

അന്ന് ഉറങ്ങാന്‍ കിടന്നപ്പോള്‍ അയാള്‍ പാറ്റയെ കുറിച്ചോര്‍ത്തു. തനിക്കൊരു ആപത്ത് വന്നപ്പോള്‍ പാറ്റയെ കണ്ടില്ലല്ലോ. എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നപ്പോള്‍ പാറ്റ വരികയും ചെയ്‌തു. കഴിഞ്ഞ ദിവസങ്ങളിലൊന്നും കുളിക്കുമ്പോള്‍ താന്‍ പാറ്റയെ ഓര്‍ത്തിരുന്നില്ല എന്നയാള്‍ ഓര്‍ത്തു. പാറ്റ തന്റെ ഭാഗ്യചിഹ്നമാണോ എന്നയാള്‍ സംശയിച്ചു. മലര്‍ന്ന് കിടന്ന് കൈകാലിട്ടടിച്ച പാറ്റയെ കണ്ടതാണല്ലോ തന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണം.. പാറ്റ സന്തുഷ്‌ടനാണെങ്കില്‍ തനിക്ക് ജോലിയില്‍ യാതൊരു പ്രശ്‌നവും ഉണ്ടാകില്ല എന്നയാള്‍ വിശ്വസിച്ചു. അപ്പോള്‍ ഇനി മുതല്‍ പാറ്റയ്‌ക്ക്  അപകടം വരാന്‍ ഒരവസരവും ഉണ്ടാകരുതെന്ന് അയാള്‍ മനസില്‍ കരുതി. അഥവാ പാറ്റ അപകടത്തില്‍ പെട്ടാല്‍ സഹായിക്കേണ്ടത് തന്റെ കടമയാണെന്ന് അയാള്‍ തീരുമാനിച്ചു. സ്‌നേഹിതരില്ലാത്ത തനിക്ക് ഈ നഗരത്തില്‍ ദൈവമായിട്ട് കൊണ്ട് തന്ന സുഹൃത്താണ് പാറ്റ എന്നയാള്‍ സ്വയം ബോധ്യപ്പെടുത്തി.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഓഫീസില്‍ പുതിയതായി ഒരു പെണ്‍കുട്ടി ജോലിക്ക് വന്നു. അവള്‍ എല്ലാവരോടും എന്ന പോലെ അയാളോടും വളരെ നന്നായി പെരുമാറി. അയാളുടെ സ്വഭാവം അറിയാതിരുന്നതിനാലാവാം, അവള്‍ അയാളുമായി സൌഹൃദത്തിന് തയ്യാറായി. താമസിയാതെ അവര്‍ നല്ല സുഹൃത്തുക്കളുമായി. പുതിയ സുഹൃത്തിലൂടെ അയാളെ ഓഫീസിലെ ബാക്കിയുള്ളവരും തിരിച്ചറിയാന്‍ തുടങ്ങി. തങ്ങള്‍ വിചാരിച്ച പോലെ ഒരു ജാടയല്ല അയാളെന്ന് മറ്റ് സഹപ്രവര്‍ത്തകരും മനസിലാക്കി. അതോടെ അയാളുടെ ഓഫീസ് ജീവിതം പതിവിലും രസകരമായി മാ‍റി. എന്നും മുറിയില്‍ വന്ന ശേഷം അയാള്‍ കുളിമുറിയില്‍ എത്തി പാറ്റയെ തിരക്കും. കുളിക്കുന്നതിനിടയിലും മറ്റും പാറ്റയോട് വിശേഷങ്ങള്‍ പറയും. അയാള്‍ ഇല്ലാത്ത സമയം പല സ്ഥലങ്ങള്‍ ചുറ്റിയടിച്ച പാറ്റ ചില സുഹൃത്തുക്കളെ ഒക്കെ കണ്ടെത്തി. ഓരോ ദിവസത്തെ വിശേഷങ്ങള്‍ പാറ്റയും അയാളോട് പറയാന്‍ ആഗ്രഹിച്ചു. എന്നാല്‍  തന്റെ സുഹൃത്ത് താന്‍ പറയുന്നതൊന്നും ശ്രദ്ധിക്കാതെ തനിക്ക് മനസിലാവാത്ത ഏതോ ഭാഷയില്‍ എന്തൊക്കെയോ പറയുന്നത് പാറ്റയെ ഒരല്‍‌പം വിഷമിപ്പിച്ചു.

ദിവസങ്ങള്‍ വീണ്ടും കടന്ന് പോയി. അയാള്‍ അന്ന് മുറിയിലെത്തി. വളരെ സന്തുഷ്‌ടനായിരുന്നു അയാള്‍. ഇന്ന് അവള്‍ തന്നെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് പറഞ്ഞു. അങ്ങനെ കുറച്ച് നാളുകളുടെ പ്രണയ ജീവിതം പുതിയൊരു വഴിത്തിരിവിലേക്ക്. അയാള്‍ അതും പാറ്റയോട് പറഞ്ഞു. പക്ഷേ പാറ്റയ്‌ക്ക് ആ വാര്‍ത്ത കേട്ട് പ്രത്യേകിച്ച് ഒരു വികാരവും തോന്നിയില്ല എന്നയാള്‍ക്ക് തോന്നി. അത് പതിവ് പോലെ അയാളെ നോക്കി കുറച്ച് മാറി ഇരുന്നു. താന്‍ പോകുന്ന കാര്യം പറയുമ്പോള്‍ തന്റെ സുഹൃത്ത് എന്തിനാണ് ഇത്ര സന്തോഷിക്കുന്നത് എന്നായിരുന്നു പാറ്റയുടെ മനസില്‍. പുതിയ സുഹൃത്തുക്കള്‍ തന്നെ അവരുടെ കൂടെ താമസിക്കാന്‍ വിളിച്ചതും, ഈ കുളിമുറിയിലെ ജീവിതത്തെക്കാള്‍ നല്ലത് അവരുടെ കൂടെ, കുറച്ച് കൂടി വിശാലമായ ലോകത്ത് ജീവിക്കുന്നതാണെന്ന് തനിക്ക് തോന്നുന്നതെന്നും പാറ്റ പറഞ്ഞു. താന്‍ പോകുന്നതില്‍ വിഷമിക്കരുതെന്നും, വേറെ വഴിയില്ലാത്തത് കൊണ്ടാണ് പോകുന്നതെന്നും, അധികനാള്‍ ഇനി താന്‍ കുളിമുറിയില്‍ ഉണ്ടാവില്ലെന്നും പാറ്റ അയാളോട് പറഞ്ഞു.

അയാളുടെയും അവളുടെയും കല്ല്യാ‍ണനിശ്ചയദിവസം, പാറ്റ തന്റെ സുഹൃത്തുക്കളോടൊപ്പം മറ്റൊരിടത്തേക്ക് താമസം മാറി.  ക്രമേണ അയാള്‍ പാറ്റയെ മറന്നു. പാറ്റ അയാളെയും. ഇരുവരും തങ്ങളുടെ ലോകത്തിലെ തിരക്കുകകളില്‍ മുഴുകി. ഒരുമിച്ച് ജോലി ചെയ്യുന്നവര്‍ തമ്മിലുള്ള വിവാഹത്തിന്റെ ചമ്മല്‍ മാറ്റാന്‍ അതിനോടകം അയാള്‍ മറ്റൊരു ജോലിയില്‍ കയറിയിരുന്നു. അവളുമായി ഒരുമിച്ച് താമസിക്കാന്‍ അയാള്‍ മറ്റൊരു വീടും കണ്ടെത്തി. കല്യാണം ഇങ്ങടുത്തു. അതിന് വേണ്ടിയുള്ള അവധിക്ക് പ്രവേശിക്കുന്നതിന് തൊട്ട് മുമ്പുള്ള ദിവസം രാവിലെ അയാള്‍ ഓഫീസിലേക്ക് നടക്കാന്‍ തുടങ്ങി. ഇടയ്‌ക്ക് തന്റെ പ്രിയതമയുടെ ഫോണ്‍ വന്നപ്പോള്‍ അവളുമായി സംസാരിച്ചുകൊണ്ടായി അയാളുടെ നടത്തം. അവളുമായി സംസാരിച്ച് നടന്നത് കൊണ്ടാവാം റോഡിലൂടെ തന്റെ നേരെ വന്നു കൊണ്ടിരിക്കുന്ന ടാങ്കര്‍ ലോറി അയാള്‍ ശ്രദ്ധിക്കാതെ ഇരുന്നത്.

ഇതേ സമയം, തലേന്ന് രാത്രി തന്റെ പുതിയ വാസസ്ഥലമായ സൂപ്പര്‍മാര്‍ക്കറ്റില്‍ രാത്രി നേരം ഏതോ ഒരു ജീവനക്കാരന്റെ വാക്ക്വം ക്ലീനറില്‍ അറിയാതെ പെട്ടുപോയ പാറ്റയെ പറ്റി ഓര്‍ത്ത് വിഷമിക്കുകയായിരുന്നു അതിന്റെ സുഹൃത്തുക്കള്‍..

*** *** ***

കല്യാണത്തിന് ശേഷം ഒരു ദിവസം തന്റെ ബാച്ചിലര്‍ ജീവിതത്തെ പറ്റി ഭാര്യയുമായി സംസാരിച്ചിരുന്ന സമയത്താണ് പാറ്റയെ പറ്റി അയാള്‍ ഓര്‍ത്തത്. ഭാര്യയോട് പാറ്റയുമായുള്ള തന്റെ ബന്ധത്തെ പറ്റി അയാള്‍ വിവരിച്ചു. രസമുള്ള ഒരു കഥ കേള്‍ക്കുന്നത് പോലെ അവള്‍ അത് കേട്ടു കൊണ്ടിരുന്നു. എന്നിട്ടാ പാറ്റയിപ്പോള്‍ എവിടെ എന്ന അവളുടെ ചോദ്യത്തിന് എവിടെയോ ജീവനോടെ ഉണ്ടെന്ന് ഉറപ്പാണെന്ന് അയാള്‍ മറുപടി പറഞ്ഞു. കുറച്ച് നാളുകള്‍ക്ക് മുമ്പ് താന്‍ തലനാരിഴയ്‌ക്ക് രക്ഷപെട്ട ഒരു വാഹനാപകടമായിരുന്നു അപ്പോള്‍ അയാളുടെ മനസില്‍. ഈ സമയം പാറ്റ, അതിസാഹസികമായി താന്‍ എങ്ങനെ ഒരു വാക്ക്വം ക്ലീനറില്‍ നിന്ന് രക്ഷപ്പെട്ടു എന്ന് തന്റെ സുഹൃത്തുക്കള്‍ക്ക് വിവരിക്കുകയായിരുന്നു..