09 ഫെബ്രുവരി 2011

ഡ്രാക്കുള

ഡി.സി. ബുക്‍സിന്റെ വിശ്വസാഹിത്യ താരാവലി വാങ്ങുകയുണ്ടായി. 12 പുസ്‌തകങ്ങളിലായി 100 ക്ലാസിക്കുകള്‍. അതിലെ പത്താം നമ്പര്‍ പുസ്‌തകത്തിലാണ് ബ്രാം സ്‌റ്റോക്കറുടെ ഡ്രാക്കുളയെ പരിചയപ്പെട്ടത്.

എന്ത് കൊണ്ട് ആദ്യം പത്താമത്തെ പുസ്‌തകമെടുത്തു എന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ - ഈ വാല്യത്തിലെ ആദ്യത്തെ കഥ. അത് ഡ്രാക്കുളയൊന്നുമല്ല, “ചുവപ്പില്‍ ഒരു പഠനം” അഥവാ A Study in Scarlet. ഈ പേര് കേട്ടവരുണ്ടെങ്കില്‍ ഇപ്പോള്‍ അവരുടെ മുഖത്ത് ഒരു ചിരി വന്നിരിക്കും. ഇനി അഥവാ കേട്ടിട്ടില്ല എങ്കില്‍ അറിഞ്ഞുകൊള്ളൂ, അതാണ് ഷെര്‍ലക്ക് ഹോംസ് എന്ന കഥാപാത്രത്തിനെ ലോകത്തിന് പരിചയപ്പെടുത്തിയ കൃതി. ഷെര്‍ലക്ക് ഹോംസ് കൃതികളെ പിന്നീടൊരു പോസ്റ്റില്‍ കൊണ്ടുവരാം (ശ്രമിക്കാം!). തല്‍ക്കാലം നമുക്ക് ഡ്രാക്കുളയിലേക്ക് തിരിച്ചു വരാം.

ഡ്രാക്കുളയ്ക്ക് ഒരു ആമുഖത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒരുപക്ഷെ ഡ്രാക്കുളയുടെ കഥ അറിയാത്തവര്‍ ചുരുക്കമായിരിക്കും. അതൊക്കെ കൊണ്ടാണല്ലോ അതൊരു “ക്ലാസിക്” എന്നറിയപ്പെടുന്നത്. ഹൊറര്‍ (ഇതിന് പറ്റിയ ഇതേ ശക്തിയുള്ള, ഒരു മലയാളം വാക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു!) വിഭാഗത്തില്‍ പെടുത്താവുന്ന നോവല്‍. 1897-ല്‍ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടു. അന്നു മുതല്‍ ഇങ്ങോട്ട് കോടിക്കണക്കിന് വായനക്കാരെ ഭയപ്പെടുത്തി ഡ്രാക്കുള പ്രഭു വിലസുന്നു. കഥയേയും വിവര്‍ത്തനത്തേയും പറ്റി പറയാനല്ല ഈ പോസ്റ്റ്. എനിക്ക് വളരെയധികം ഈ നോവല്‍ ഇഷ്‌ടപ്പെട്ടു. അതിനുള്ള കാരണങ്ങള്‍ പങ്കു വെയ്ക്കുക മാത്രമാണ് എന്റെ ഉദ്ദേശ്യം.

ഹൊറര്‍ - കഥയായാലും, സിനിമയായാലും ഈ വിഭാഗത്തിന് ഒരു കുഴപ്പമുണ്ട്. വായനക്കാരനെ/പ്രേക്ഷകനെ ഭയപ്പെടുത്തുക എന്നതാണ് ഈ വിഭാഗത്തിലുള്ള കൃതികളുടെ കടമ. എന്നാല്‍ ഏറിയ പങ്ക് ആളുകളും ഒന്നുങ്കില്‍ ഇവയൊന്നും കണ്ടും വായിച്ചും പേടിക്കാറില്ല. ഇനി അഥവാ പേടിച്ചാല്‍ തന്നെ തുറന്ന് സമ്മതിക്കുകയുമില്ല. രണ്ടായാലും അത് കൃതിയുടെ വിജയത്തെ ബാധിക്കും. എന്നെ പേടിപ്പിക്കുന്നതില്‍ ഡ്രാക്കുള വിജയിച്ചു എന്നതാണ് ഈ നോവല്‍ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം.

ഡ്രാക്കുള വായിക്കാനൊരുങ്ങുമ്പോള്‍ എന്റെ മനസില്‍ ആദ്യം ഉണ്ടായ ചിന്ത ഇതാണ് - ഒരു പുസ്‌തകം വായിച്ചാലൊക്കെ പേടി വരുമോ? വരും! നല്ല പോലെ പേടി വരും.. രാത്രി കുറച്ചധികം വൈകി ഇരുന്നാണ് ഞാന്‍ വായിച്ചത്. വളരെ രസകരമായി എഴുതിയിരുന്നത് കൊണ്ട് വായിച്ച് സമയം പോയതറിഞ്ഞില്ല എന്ന് പറയുന്നതാണ് ശരി. അന്തരീക്ഷത്തിന് സ്‌പെഷ്യല്‍ ഇഫ‌ക്‍ട്സ് കൊടുത്ത് അയലത്തെ പട്ടി ഇടയ്‌ക്കിടെ മോങ്ങുന്നുണ്ടായിരുന്നു. കുറേ വായിച്ച ശേഷം അന്നത്തെ വായന മതിയാക്കി. അപ്പുറത്തെ മുറിയിലെ മേശപ്പുറത്താണ് വെള്ളം വെച്ചിരുന്നത്. ആ മുറിയില്‍ നല്ല ഇരുട്ടും. വെള്ളം കുടിക്കുന്ന കാര്യമോര്‍ത്തപ്പോള്‍ തന്നെ ഒന്ന് ഞെട്ടി. അപ്പോഴാണ് പേടി എന്താണെന്ന് മനസിലായത്. ഒറ്റയടിക്ക് അവിടെയെത്തി, വെള്ളം കുടിച്ചെന്ന് വരുത്തി തിരിച്ച് മുറിയിലെത്തി. അപ്പോള്‍ അടുത്ത പ്രശ്നം. ലൈറ്റ് ഓഫ് ചെയ്‌ത് കട്ടില്‍ വരെ എത്താന്‍ ഭയം! ലൈറ്റ് ഓഫ് ചെയ്തു രണ്ട് ചാട്ടത്തിന് കട്ടിലില്‍ കയറി, പുതച്ച് മൂടി, പ്രത്യേകിച്ച് കഴുത്തിന്റെ ഭാഗം ;-) നല്ല ചൂടുണ്ടായിരുന്നു. കാര്യമാക്കിയില്ല. ഈശ്വരനെ പ്രാര്‍ത്ഥിച്ച് കിടന്നു. എപ്പഴോ ഉറങ്ങി.

പിന്നീട് പകല്‍ ബാക്കി വായിക്കാന്‍ ശ്രമിച്ചെങ്കിലും രാത്രി വൈകി ഇരുന്ന് വായിക്കുന്ന ആ ത്രില്‍ കിട്ടിയില്ല. പകല്‍ വായന മതിയാക്കി, രാത്രിയിലാണ് ഞാന്‍ വായിച്ചു തീര്‍ത്തത്. ആദ്യ ഭാഗത്തിന്റെ അത്ര പേടി അവസാനത്തോട് അടുത്തപ്പോള്‍ ഏതായാലും ഉണ്ടായില്ല.

എന്നെ ആകര്‍ഷിച്ച മറ്റൊരു കാര്യം എഴുത്തിന്റെ ശൈലിയാണ്. കഥാപാത്രങ്ങളുടെ ഡയറി, കത്തിടപാടുകള്‍ എന്നിവയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അതിനാല്‍ തന്നെ പലപ്പോഴും കഥാപാത്രങ്ങളില്‍ ഒരാളായി, അവര്‍ക്കൊപ്പം ഞാനുമുണ്ട് എന്ന് തോന്നലുണ്ടായി. പേടിയൊക്കെ വരാന്‍ അതും കാരണമാകാം. ഈ ശൈലി കൊണ്ടുള്ള മറ്റൊരു കാര്യം, ഡ്രാക്കുളയുടെ ശക്തി നേരിട്ട് കാണിക്കുന്ന ഭാഗങ്ങള്‍ ചുരുക്കമാണെങ്കിലും മറ്റുള്ളവരുടെ വിവരണങ്ങളില്‍ നിന്നും മനോഹരമായി അത് വരച്ചിടുന്നുണ്ട്. ഉദാഹരണമായി ലണ്ടനിലെത്തുന്ന കപ്പലിന്റെ ക്യാപ്‌റ്റന്റെ അനുഭവങ്ങള്‍.

മറ്റൊരു പ്രധാനകാര്യം, കഥയുടെ പോക്ക്. നല്ല വേഗത്തിലാണ് കഥ പറഞ്ഞ് പോകുന്നത്. വായിച്ചു തുടങ്ങിയാല്‍ തീരാതെ നിര്‍ത്തുക പ്രയാസം. ഒരു ഭാഗം കൂടി വായിക്കാം, എന്ന് തോന്നിപ്പിക്കും. രണ്ട് ഭാഗങ്ങളായി തിരിച്ചാല്‍, മുന്നോട്ട് പോകുന്തോറും കൂടുതല്‍ ഭയപ്പെടുത്തുന്നതാണ് ആദ്യ ഭാഗം. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ഭയത്തെക്കാളേറെ ഉദ്വേഗം ജനിപ്പിക്കുന്നു “ഡ്രാക്കുള”. വായിച്ചു തീരുമ്പോള്‍ ഒരുപക്ഷെ ഇത്രയും എളുപ്പം തീര്‍ന്നോ എന്നൊരു ദുഃഖവും തോന്നും!

ആകെ പറയാന്‍ ഒരു പോരായ്‌മ തോന്നിയത് ഇതാണ് - പെട്ടെന്ന് തീര്‍ന്നു പോയത് പോലെ തോന്നി. പിന്നെ അവസാനം ഒരു ഭയങ്കരന്‍ പോരാട്ടം പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല..! ഒരുപക്ഷെ രസിച്ച് വായിച്ച് വന്നത് കൊണ്ടാവും..

ഏതായാലും ഇനിയും വായിക്കാത്തവരുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു കൈ നോക്കുക. നിങ്ങള്‍ക്ക് വേണ്ടിയാണ് കഥയെ പറ്റി യാതൊന്നും പറയാതെ ഞാനിങ്ങനെ ഒരു കുറിപ്പിട്ടത്.

പ്രത്യേകം ശ്രദ്ധിക്കുക - കഴിവതും പാതിരാത്രിയില്‍ വായിക്കുക, അതും ഒറ്റയ്ക്ക്! വല്ലപ്പോഴും ഒന്ന് പേടിക്കുന്നത് നല്ലതാണെന്നേ.. :)