07 നവംബർ 2011

പുസ്‌തകം - ഹാരി പോട്ടര്‍


ഒരുപക്ഷെ നിങ്ങള്‍ വിചാരിക്കും, ഇവന് പു‌സ്‌തകം വായനയാണോ പണി എന്ന്. രണ്ട് ദിവസത്തിനകം വീണ്ടുമൊരു പുസ്‌തക വിശേഷം പങ്ക് വെയ്‌ക്കാമെന്ന് വിചാരിച്ചതല്ല. എന്നാലും ഹാരിയെ പറ്റി എഴുതാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നി. ആഗസ്‌റ്റ് - സെപ്‌റ്റംബര്‍ മാസങ്ങളിലാണ് ഹാരി പോട്ടറിനെ വായിക്കുന്നത്. സത്യം പറഞ്ഞാല്‍ കുറേ നാളുകള്‍ക്ക് ശേഷം പുസ്‌തകങ്ങളിലേക്ക് ഒരു തിരിച്ച് പോക്കായിരുന്നു അത്. ഏഴ് ഭാഗങ്ങളിലായി പറയുന്ന ഹാരിയുടേയും സുഹൃത്തുക്കളുടേയും കഥ.. അവസാന ബുക്കിന്റെ അവസാന പേജ് വായിച്ച് തീര്‍ന്നപ്പോള്‍ അറിയാതെ വീണ്ടും പേജ് മറിച്ചു, തീരാതിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി.. ഒരു നഷ്‌ടബോധം!

പുസ്‌തകത്തിന്റെ വിശേഷങ്ങളിലേയ്‌ക്ക് വരുന്നതിന് മുമ്പ് ഒരു ചെറിയ നന്ദി പ്രകടനം നടത്തിക്കോട്ടെ..

ആദ്യമായി എമ്മാ വാട്‌സണ്‍ എന്ന സുന്ദരിക്കുട്ടിയായ നടിക്ക്. ഈ നടി ഇല്ലായിരുന്നു എങ്കില്‍ ഒരുപ‌ക്ഷെ ഞാന്‍ ഹാരി പോട്ടര്‍ കൈ കൊണ്ട് തൊടില്ലായിരുന്നു! എമ്മാ വാട്സണെ അറിയില്ലെങ്കില്‍ (!), ഹാരി പോട്ടര്‍ സിനിമകളില്‍ ഹെര്‍മൈയോണി ഗ്രേഞ്ചര്‍ എന്ന കഥാപാത്രം ആയെത്തിയത് ഈ പുള്ളിക്കാരിയാണ്. ഹാരി പോട്ടര്‍ അവസാന ഭാഗമായ ഡെത്ത്‌ലി ഹാലോസ് (ഭാഗം 2) തീയറ്ററുകളില്‍ എത്തിയ സമയം. ഇത്ര നാളായിട്ടും ഹാരി പോട്ടറിനോട് പറയത്തക്ക സ്‌നേഹമൊന്നും തോന്നിയിരുന്നില്ല. ആ സീരീസിലെ ഒരു സിനിമ പോലും തീയറ്ററില്‍ കണ്ടിട്ടുമില്ലായിരുന്നു. അവസാന സിനിമ ഇറങ്ങിയപ്പോള്‍ ഒരു തോന്നല്‍ - ഇത് വരെ നമ്മുടെ എമ്മക്കുട്ടിയുടെ ഒരു സിനിമയും തീയറ്ററില്‍ കണ്ടിട്ടില്ലല്ലോ എന്ന്.. :‌-D അത് കൊണ്ട് അവസാന ഭാഗം കാണാം എന്ന് കരുതി (എമ്മാ വാട്‌സണ് വേണ്ടി മാത്രം!).

എന്നോ കണ്ട് മറന്ന ആദ്യ 4 ഭാഗങ്ങള്‍. അറ്റവും മൂലയും കണ്ട അഞ്ചാം ഭാഗം. ഇത്രയുമാണ് എന്റെ ഹാരി പോട്ടര്‍ സിനിമ അനുഭവം. കഥാഗതിയെ പറ്റി വലിയ നിശ്ചയമില്ല. അങ്ങനെയിരിക്കുമ്പോള്‍ എച്.ബി.ഒ ചാനല്‍ രക്ഷക്കെത്തി. അടുപ്പിച്ച് രണ്ട് ദിവസങ്ങളിലായി അവര്‍ അഞ്ചും ആറും ഭാഗങ്ങള്‍ റ്റി.വിയില്‍ കാണിച്ചു. ആറാം ഭാഗം - ദ് ഹാഫ് ബ്ലഡ് പ്രിന്‍സ് - എല്ലാ അര്‍ത്ഥത്തിലും ഹാരി പോട്ടറിനോടുള്ള എന്റെ സമീപനം തന്നെ മാറ്റി കളഞ്ഞു. എമ്മാ വാട്സണെ കാണുക എന്നതിലുപരി എന്താണ് ഈ വട്ടക്കണ്ണടക്കാരന്‍ പയ്യന്റെ കഥ എന്ന് അറിയാന്‍ ആദ്യമായി ഒരു താല്‍‌പര്യം തോന്നി. അന്ന് തന്നെ ഡൌണ്‍ലോഡ് ചെയ്യാനിട്ടു ഒന്ന് മുതല്‍ 7 വരെയുള്ള എല്ലാ ചിത്രങ്ങളും. എന്നാല്‍ അതിനൊപ്പം തന്നെ അവസാന സിനിമയുടെ നിരൂപണങ്ങളില്‍ നിറഞ്ഞ് നിന്ന ഒരു കാര്യവും ശ്രദ്ധയില്‍ പെട്ടു - പുസ്‌തകത്തില്‍ നിന്നും സിനിമ ആയപ്പോള്‍ നഷ്‌ടപ്പെട്ട ഒരു പാട് കാര്യങ്ങളുണ്ടെന്ന്. അങ്ങനെയാണ് ഹാരി പോട്ടറിനെ മൊത്തത്തില്‍ അങ്ങ് വാങ്ങിച്ചേക്കാം എന്ന് തീരുമാനിച്ചത്.

രണ്ടാമതായി നന്ദി പറയേണ്ടത് flipkart.com-ന് ആണ്. അവിടെ നിന്നാണ് ഹാരി പോട്ടര്‍ പരമ്പരയിലെ എല്ലാ പുസ്‌തകങ്ങളും അടങ്ങിയ ബോക്‍സ് സെറ്റ് വാങ്ങിയത്. ഓഗസ്റ്റ് 8-ന് പുസ്തകങ്ങള്‍ കൈയ്യില്‍ കിട്ടി. സുന്ദരമായി പാക്ക് ചെയ്‌ത പുതിയ മണമുള്ള പുസ്തകങ്ങള്‍.

ഇനി ഒരു നന്ദി കൂടി ഉണ്ട്. അത് അവസാനമാകട്ടെ.. പു‌സ്‌തകത്തിന്റെ വിശേഷങ്ങളിലേക്ക് വരാം. ഇത്തവണയും കഥയെ പറ്റി ഒന്നും പറയുന്നില്ല (അങ്ങനെ ചുമ്മാ അങ്ങ് പറഞ്ഞ് തീര്‍ക്കാന്‍ പറ്റുകയുമില്ല!).

ലോകമെങ്ങും ആരാധകര്‍. ഒരു പുസ്‌തകം ഇറങ്ങുന്നതിന് തലേ ദിവസം രാത്രി കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ കടയുടെ മുന്നില്‍ കാത്ത് നില്‍‌ക്കുന്നു. പത്രങ്ങളായ പത്രങ്ങളിലും ചാനലുകളായ ചാനലുകളിലും പ്രസ്‌തുത പുസ്‌തകത്തെ പറ്റി തോരാതെ പ്രശംസകള്‍. ഇതായിരുന്നു ഒരു ഹാരി പോട്ടര്‍ പു‌സ്‌തകം ഇറങ്ങുന്ന ദിവസത്തിന്റെ അടയാളങ്ങള്‍. ഒരു ശരാശരി മലയാളി എന്ന നിലയില്‍, ഇത്രയും കനമുള്ള ഇംഗ്ലീഷ് പുസ്‌തകങ്ങള്‍ വായിക്കുന്ന ഇവര്‍ക്കൊക്കെ തല‌യ്‌ക്ക് വല്ല അസുഖവുമുണ്ടോ എന്ന് ഞാന്‍ കരുതിയിരുന്നു അന്ന്. ലോകം മുഴുവന്‍ നല്ലതെന്ന് പറയുന്ന ഒരു സാധനത്തിനോട് എന്നിലെ മലയാളിക്ക് അന്ന് ദേഷ്യം ഉണ്ടായി. ഇത്രയുമൊക്കെ പൊക്കാന്‍ എന്ത് തേങ്ങയാണിതില്‍ ഉള്ളതെന്ന് ഞാന്‍ പുച്ഛിച്ചു.

ഉള്ളത് പറയാമല്ലൊ.. അതിനൊക്കെ ഉള്ളത് കാലം എനിക്ക് തിരിച്ച് തന്നു..! ഓരോ പുസ്‌തകവും വായിച്ച് തീര്‍ക്കാന്‍ ആകെപ്പാടെ ഒരു ആക്രാന്തമായിരുന്നു. ഓരോ പു‌സ്‌തകത്തിലേയും കഥകള്‍ എന്നെ ആവേശം കൊള്ളിച്ചു. ഓരോ കഥകളും ചേര്‍ന്ന് ഒരു വലിയ കഥയായി ഹാരി പോട്ടര്‍ മാറുന്നത് എന്നെ വിസ്‌മയിപ്പിച്ചു. ശരിക്കും ഒരു എഴുത്തുകാരി എന്ന നിലയില്‍ ജെ.കെ. റൌളിങ്ങ് എന്റെ പുച്ഛത്തെ ഏഴായിട്ട് കീറി അതിനെ ഏഴ് കിലോ കര്‍പ്പൂരത്തിലിട്ട് കത്തിച്ച് ഒരു പൊടി പോലും ബാക്കിയില്ലാത്ത വിധം നാമാവശേഷമാക്കി കളഞ്ഞു!

എന്ത് കൊണ്ട് ഹാരി പോട്ടര്‍ ഇഷ്‌ടപ്പെട്ടു എന്നതിന് ഉത്തരം എളുപ്പമല്ല. ഫാന്റസി കഥകള്‍ ഇഷ്‌ടപ്പെടുന്ന ഒരാള്‍ എന്ന നിലയില്‍ ഹാരി പോട്ടര്‍ തുറന്ന് തരുന്ന ഭാവനയുടെ ലോകം ഒരുപക്ഷെ മറ്റൊരു സമകാലിക പുസ്‌തകത്തിനും അവകാശപ്പെടാനാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. മഹാഭാരതം, ഭാഗവതം, രാമായണം തുടങ്ങിയവയുടെ മാലിയുടെ പതിപ്പുകള്‍ വായിച്ച് കൊച്ചിലെ അത്ഭുതപ്പെട്ടിരുന്നു. അതിന് ശേഷം ആ ഒരു അത്ഭുതം തോന്നുന്നത് ഹാരിയുടെ കഥ വായിച്ചപ്പോഴാണ്. പുഷ്‌പക വിമാനത്തിന് പകരം ചൂലില്‍ പറക്കാന്‍ കഴിയുന്നു. മറ്റൊരു ജീവിയായി രൂപം മാറുന്നവരുണ്ട് നമ്മുടെ കഥയില്‍. നോവലില്‍ അവര്‍ അനിമാഗസുകള്‍ ആണ്. അശരീരിയ്ക്ക് പകരം പ്രൊഫസിയുണ്ടിവിടെ. കുരുക്ഷേത്ര യുദ്ധം പോലെ അവസാനം ഒരു യുദ്ധം ഇവിടെയുമുണ്ട്. ഒരു വിദേശിയെങ്കിലും ഹാരിയില്‍ ഒളിഞ്ഞിരിക്കുന്ന ഭാരതീയ പുരാണങ്ങള്‍ ഇവിടെ തീരുന്നില്ല. എന്നാല്‍ ഇന്നത്തെ കാലത്ത് ജീവിച്ചിരിക്കുന്ന ഒരാള്‍ എത്ര മനോഹരമായി ഒരു കഥ രചിച്ചിരിക്കുന്നു..!

ഏതൊരു കഥയിലും വില്ലന്‍ എത്രത്തോളം ശക്‍തനാവുന്നോ അത്രയും നല്ലത് എന്നാണ് എന്റെ പോളിസി. ചുമ്മാ കുറേ ഷോ കാണിച്ച് അവസാനം നായകന്‍ വന്ന് രണ്ട് ഡയലോഗ് പറയുമ്പോള്‍ പേടിച്ച് മൂത്രമൊഴിക്കുന്ന വില്ലനെ ആരെങ്കിലും ഇഷ്‌ടപ്പെടുമോ? വില്ലന്‍ എന്നൊക്കെ പറഞ്ഞാല്‍ ബാറ്റ്മാന് ജോക്കറിനെ പോലെ, ഠാക്കൂറിന് ഗബ്ബറിനെ പോലെ, നീലകണ്‌ഠന് ശേഖരനെ പോലെ, കട്ടയ്‌ക്ക് കട്ട നില്‍ക്കണം. അവിടെയാണ് ഹാരി പോട്ടര്‍ സത്യത്തില്‍ എന്റെ ഹൃദയം കവര്‍ന്നത്! ടോം റിഡില്‍ എന്നാണ് കക്ഷിക്ക് വീട്ടുകാര്‍ ഇട്ട പേര്. പക്ഷെ ആ പേരിനോട് ടോമിന് ഒരു വിരോധമുണ്ട്. അത് കൊണ്ട് പുള്ളി സ്വയം ഇട്ട പേരാണ് ലോഡ് വൊള്‍ഡമോര്‍ട്ട്. (ഞാന്‍ എന്നെ തന്നെ വിളിക്കുന്നത് വിമല്‍‌കുമാര്‍ എന്നാണ് എന്ന സെറ്റപ്പല്ല!)

കഥയുടെ ആദ്യ ഭാഗം മുതല്‍ക്കേ കാണുന്ന കാര്യമാണ് റൌളിങ്ങ് വില്ലനെ പറ്റി വളരെ കുറച്ച് മാത്രമേ പറയുന്നുള്ളൂ. അത് പോലെ തന്നെ ഹാരിയും പ്രൊഫ. ഡമ്പിള്‍ഡോറും (ഹോഗ്‌വാഡ്‌സിന്റെ പ്രിന്‍സിപ്പല്‍) ഒഴികെയുള്ള മറ്റ് കഥാപാത്രങ്ങള്‍ അയാളുടെ പേരു പോലും ഉച്ചരിക്കുന്നില്ല. എന്തിനേറെ പറയുന്നു, ആറ് ബുക്ക് വായിച്ച് കഴിഞ്ഞപ്പോള്‍ ഞാനും പുള്ളിയുടെ പേര് പറയാത്ത പരുവമായി. അത്രയ്‌ക്ക് ബഹുമാനം തോന്നുന്ന വില്ലന്‍. ഒരു കഥാപാത്രം പുള്ളിയെ പറ്റി പറയുന്നതിങ്ങനെ - Yes, he did great things.. terrible, but great things..

മറ്റൊരു കാരണം പുസ്‌തകങ്ങള്‍ ഒറ്റയായി എടുത്താലും എല്ലാം കൂടെ ചേരുന്ന ഒരു വലിയ കഥയായി എടുത്താലും മികച്ച് നില്‍ക്കുന്നു എന്നതാണ്. ആദ്യ ഭാഗങ്ങളില്‍ വെറുതെ പറഞ്ഞു പോയ പല കാര്യങ്ങള്‍ക്കും അവസാനം പുതിയ അര്‍ത്ഥങ്ങള്‍ വരുന്നത് കണ്ട് അന്തം വിടാനേ നമുക്ക് കഴിയൂ.

പുസ്‌തകത്തിലെ മറ്റൊരു പ്രധാന കാര്യം തന്റെ ശത്രുവിനെ പറ്റി ഹാരിക്ക് അറിയാവുന്നതില്‍ കൂടുതല്‍ ഒന്നും നമ്മള്‍ വായനക്കാര്‍ക്കും അറിയില്ല എന്നതാണ്. അത് കൊണ്ട് തന്നെ ഓരോ പുതിയ അറിവും എത്രമാത്രം ഹാരിയെ അത്ഭുതപ്പെടുത്തുകയും പേടിപ്പിക്കുകയും ചെയ്യുന്നുവോ അതേ വികാരം തന്നെ നമുക്കും തോന്നും.

അത്ഭുതകരമായ ഒട്ടേറെ വസ്തുക്കളും, ജീവികളും, മനുഷ്യരും എല്ലാമുള്ള ഒരു ലോകമാണ് ഹാരിയുടേത്. എന്നാല്‍ അവയെ എല്ലാം നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്ന ലോകവുമായി അതിമനോഹരമായി റൌളിങ്ങ് ബന്ധിപ്പിച്ചിരിക്കുന്നു. ഒരു ബുക്കില്‍ പറയുന്നുണ്ട് - സാധാരണ മനുഷ്യര്‍ അവര്‍ എത്താന്‍ പാടില്ലാത്തിടത്ത് എത്തുമ്പോള്‍ അവരെ അവിടുന്ന് ഓടിക്കാനുള്ള മന്ത്രവിദ്യ - ഏതെങ്കിലും ഒരു കാര്യം മറന്നെന്ന് മനുഷ്യന് തോന്നും, അതോടെ അവന്‍ അവിടുന്ന് പോകും. നമ്മുടെ ജീവിതത്തില്‍ എത്ര തവണ ഇത് നമ്മള്‍ അനുഭവിച്ചിരിക്കുന്നു - പെട്ടെന്ന് ഒരു കാര്യം ഓര്‍ക്കുകയും നമ്മള്‍ നില്‍ക്കുന്നിടത്ത് നിന്ന് വേഗം പോവുകയും ചെയ്യുന്നില്ലേ.. അത് ശരിക്കുമൊരു മാജിക് അല്ലായെന്ന് ആരറിഞ്ഞു? :)

ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു സാധാരണ മനുഷ്യനുണ്ടാകുന്ന വികാരങ്ങള്‍ ഹാരിക്കും സുഹൃത്തുക്കള്‍ക്കും ഉണ്ടെന്നത് ഏറ്റവും മികച്ച കാര്യം. ഹാരിയുടേയും കൂട്ടുകാരുടേയും പത്ത് മുതല്‍ പതിനേഴ് വയസ്സ് വരെയുള്ള കഥ പറയുന്ന പരമ്പരയില്‍ സൌഹൃദത്തിനും പ്രണയത്തിനും വെറുപ്പിനും സ്‌നേഹത്തിനുമെല്ലാം ഇടം നല്‍കുന്നുണ്ട് റൌളിങ്ങ്.

കഥാപാത്രങ്ങളും ഹാരി പോട്ടര്‍ ഇഷ്‌ടപെടാനുള്ള പ്രധാന കാരണമാണ്. ഹാരി പോട്ടര്‍ സിനിമയില്‍ വെറുതെ തല കാണിക്കുന്നത് പോലെയുള്ള കഥാപാത്രമാണ് നെവില്‍ ലോങ്ങ്‌ബോട്ടം എന്ന കുട്ടിയ്‌ക്ക്. എന്നാല്‍ നോവലില്‍ ഏറ്റവും ഹൃദയസ്‌പര്‍ശിയായ ഒരു ഭാഗത്തുള്ളതും നെവില്‍ തന്നെ. സിനിമയില്‍ നിന്നും വ്യത്യസ്തമായി ഹാരിക്കും രണ്ട് സുഹൃത്തുക്കള്‍ക്കും മാത്രമല്ല പ്രാധാന്യം. മറ്റ് കുട്ടികള്‍ക്കും, ടീച്ചര്‍മാര്‍ക്കും ഒക്കെ കഥയില്‍ എന്തെങ്കിലും ചെയ്യാനുണ്ടാവും. തീരെ പ്രാധാന്യമില്ലാത്ത, തമാശയ്ക്ക് വേണ്ടി എന്ന് കരുതപ്പെട്ടിരുന്ന ഒരു കഥാപാത്രം കഥയുടെ മര്‍മ്മ പ്രധാനഭാഗമായത് കണ്ട് എന്റെ കണ്ണ് തള്ളി പോയിരുന്നു. വീസ്‌ലി സഹോദരങ്ങള്‍, ഹെര്‍മൈയോണി, നെവില്‍, സിറിയസ്, ലുപിന്‍, ഹാഗ്രിഡ്.. അങ്ങനെ അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍. ഡമ്പിള്‍‌ഡോര്‍ എന്ന പ്രിന്‍സിപ്പല്‍, അത് പോലെ നല്ലവനോ ചീത്തയോ എന്ന് അവസാനം വരെ നമ്മെ ചിന്തിപ്പിക്കുന്ന സെവറസ് സ്നെയിപ്പ്. ഈ കഥാപാത്രങ്ങളൊക്കെയും മനസില്‍ മായാതെ നില്‍ക്കും.

കുറ്റം പറയാന്‍ ഒന്നുമില്ല. 1997-ല്‍ ആദ്യത്തെ ഹാരി പോട്ടര്‍ കഥ പുറത്ത് വരുമ്പോള്‍ എനിക്ക് ഹാരിയുടെ പ്രായമാണ്. ഒരു പക്ഷെ അന്ന് ഞാന്‍ വായിച്ച് തുടങ്ങിയിരുന്നു എങ്കില്‍ അഞ്ചാം ഭാഗത്തിനും ആറാം ഭാഗത്തിനും ഒക്കെ വേണ്ടി ഞാന്‍ പാതിരയ്‌ക്ക് കടയുടെ മുന്നില്‍ ക്യൂ നിന്നേനെ..

പറയാന്‍ ബാക്കി വെച്ച ഒരു നന്ദിയും പറഞ്ഞ് ഞാന്‍ നിര്‍ത്തട്ടെ.. ജെ.കെ.റൌളിങ്ങ്.. നന്ദി.. കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്നും ഒരുമാസത്തേക്കെങ്കിലും അകറ്റി പുസ്‌തകങ്ങള്‍ക്കിടയിലേക്ക് എന്നെ തള്ളി വിട്ടതിന്.. നന്ദി.. പ്ലേ സ്റ്റേഷനും എക്സ് ബോക്സും കാര്‍ട്ടൂണ്‍ ചാനലുകളും അരങ്ങ് വാഴുന്ന ഇന്നത്തെ ലോകത്തിലെ കുട്ടികളെ വായിക്കാന്‍ പ്രേരിപ്പിച്ചതിന്.. നന്ദി.. നന്ദി.. നന്ദി.. ഇനിയും മരിക്കാത്ത വായനയ്‌ക്കായി ഒരായിരം നന്ദി.