02 ജൂലൈ 2009

മഴ തോരുമ്പോള്‍..

പുറത്ത് മഴ പെയ്യുകയാണ്. മഴ എന്ന് പറഞ്ഞാല്‍ അതിഘോരമായ മഴ. ദാ.. ന്ന് പറയുന്നതിന് മുമ്പ് വീടിന് മുന്നില്‍ ഒരു ചെറിയ കുളം രൂപപ്പെട്ടു. അവന്‍ വരാന്തയില്‍ വളരെ വിഷാദത്തോടെ തകര്‍ത്ത് പെയ്യുന്ന മഴയെ നോക്കി നിന്നു. കുറച്ച് കഴിഞ്ഞ് ആകാശത്തേക്ക് ഒന്ന് നോക്കി.. ങേഹെ! ഇത് ഉടനെയൊന്നും തീരുന്ന കോളില്ല. അവന്റെ കഴിഞ്ഞ പിറന്നാളിന് അച്ഛന്‍ മേടിച്ച് കൊടുത്ത ചാരനിറത്തിലുള്ള ഷര്‍ട്ടിനെക്കാള്‍ ചാരനിറമാണ് ആകാശത്തിന്.

ഇന്നലെ അമ്മ വിളിച്ചതാണ്, കൂടെ ചെല്ലാന്‍. പോയില്ല. പോകേണ്ടതായിരുന്നു. അതെങ്ങനാ.. ഈ മഴപെയ്യുമെന്ന് ആരു കണ്ടു. ഒരു റിസ്ക് ഒഴിവാക്കാന്‍ ന്യൂസില്‍ കാലാവസ്ഥ കൂടെ കണ്ടതാണ്. “അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത” എന്ന കാലാവസ്ഥകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് കേട്ടപ്പോള്‍ സമാധാനിച്ചതാണ്. പക്ഷെ പതിവിന് വിപരീതമായി അവന്മാരുടെ പ്രവചനം കേറിയങ്ങ് സത്യമായി!

അടുത്ത ബുധനാഴ്ച പരീക്ഷ തുടങ്ങും. നാളെയെങ്കിലും തുടങ്ങിയാലെ പഠിച്ച് തീരുകയുള്ളൂ. അമ്മയോട് പറയാന്‍ അതൊരു എസ്ക്യൂസ് ആയിരുന്നു. പക്ഷെ വിദ്യയോട് അതും പറയാന്‍ പറ്റില്ല. ശ്ശെ! അമ്മയുടെ കൂടെ പോയിരുന്നെങ്കില്‍ അവളെയെങ്കിലും കാണാമായിരുന്നു. ഇതിപ്പം അതും നടന്നില്ല, ഈ മഴ കാരണം ഒന്നും നടക്കുകയുമില്ല!

ഒന്ന് തോര്‍ന്നോ?? ഹേയ്.. ഇല്ല. വെറും തോന്നലാണ്. പുറത്ത് ചാടാന്‍ വെമ്പുന്ന മനസിന്റെ കള്ളത്തരം.. അവന്‍ വീണ്ടും വരാന്തയില്‍ നിന്നും പുറത്തേക്ക് നോക്കി. ആകാശത്തിന് മാറ്റമില്ല. മുറ്റത്ത് അമ്മയുടെ പൂച്ചെടികള്‍ക്കെല്ലാം പുതിയൊരു ഊര്‍ജം വന്ന പോലെ. ഉണങ്ങി കിടന്ന റോസ് ചെടി.. അയ്യോ! അത് പറഞ്ഞപ്പഴാ.. ടെറസ്സില്‍ ഉണങ്ങി കിടന്ന തുണിയെല്ലാം ഇപ്പോ നനഞ്ഞ് കാണും. പോകുന്നതിന് മുമ്പ് അമ്മ പറഞ്ഞതാണ്, തുണി ഉണങ്ങി കഴിയുമ്പോ എടുത്ത് അകത്തിടണമെന്ന്. പക്ഷെ മറന്ന് പോയി. അമ്മയിങ്ങ് വരുമ്പോഴേക്കും അത് ഉണങ്ങിയില്ലെങ്കില്‍ അതിന് ചീത്ത കേള്‍ക്കാം.

മഴ കുറയുന്ന ലക്ഷണമൊന്നുമില്ല. അവന്‍ വാച്ചില്‍ നോക്കി. അര മണിക്കൂര്‍ കൂടെ നോക്കാം. ഒരല്പം കുറഞ്ഞിരുന്നേല്‍ കുട പിടിച്ചായാലും പോകായിരുന്നു. ഇതിപ്പോ കുട പിടിച്ചാലും നനയും എന്ന അവസ്ഥയാണ്. ഉള്ള നേരത്ത് പാത്രം കഴുകി വെയ്ക്കാം. വന്നിട്ട് കഴുകാം എന്നാണ് ആദ്യം കരുതിയത്. മഴ പോകാത്ത സ്ഥിതിക്ക് ആ പണിയെങ്കിലും തീരട്ടെ. അമ്മയുടെ കൂടെ പോയിരുന്നെങ്കില്‍ ഒരു സദ്യ തരപ്പെട്ടേനെ. ദിവ്യച്ചേച്ചീടെ കല്ല്യാണം ഒഴിവാക്കരുതായിരുന്നു. ഇനി പറഞ്ഞിട്ടെന്ത് ഫലം?

അച്ഛന്‍ വരാന്‍ എന്തായാലും ഏഴ് മണിയാവും. അതിന് മുമ്പേ തിരിച്ച് വരാം. ഇവിടെ ഒറ്റയ്ക്കിരുന്നിട്ട് എന്ത് ചെയ്യാന്‍? മാത്രമല്ല ഇത് പോലൊരു ദിവസം ഇനി കിട്ടുകയുമില്ല. അടുത്ത ബുധനാഴ്ച പരീക്ഷ തുടങ്ങിയാല്‍ പിന്നെ ഒരു മാസം അതിന് പിറകെ ആയിരിക്കും. അത് കഴിയുമ്പോ ചിലപ്പോള്‍ മൂഡ് പോവും. കാര്യങ്ങള്‍ വെച്ച് താമസിപ്പിക്കരുതല്ലോ.. അതാണ് ഇന്ന് തന്നെ പോകണം എന്ന് തീരുമാനിച്ചത്. അപ്പോഴാണ് ഈ മഴ! ശ്ശൊ! എന്തൊരു കഷ്ടമാണ്. മഴയെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായേനെ. ചിലയിടത്തൊക്കെ മഴ പെയ്യിച്ചേനെ. “ചില സ്ഥലങ്ങളില്“ മഴയുടെ ആവശ്യം ഉണ്ട്.

സമയം 1.30. അമ്മ ഇപ്പോള്‍ ട്രെയിനില്‍ കയറി കാണും. അതോ ഇനി അമ്മായിയുടെ കൂടെ കാറിലായിരിക്കുമോ? അമ്മായീടെ ഒരു കാര്യം. മോള്‍ടെ കല്ല്യാണം ഗുരുവായൂര്‍ വെച്ച് നടത്തണമെന്ന് എന്താ ഇത്ര വാശി? പത്തിരുനൂറ് കിലോമീറ്റര്‍ ചുമ്മാ പോകണം. അത് കൊണ്ടാണല്ലോ എല്ലാരും ഇന്നലെ തന്നെ പോയത്. എന്റെ രണ്ട് ദിവസം പോകാതിരിക്കാന്‍ ഞാന്‍ പോയില്ല. അതിന് ഇനി വിദ്യ എന്തൊക്കെ പറയുമോ ആവോ..

അവന്‍ പിന്നേയും വരാന്തയില്‍ ചെന്ന് നിന്നു. ആകാശത്ത് ഒരു തെളിച്ചം. അവന്റെ മുഖത്തേക്കും അത് പടര്‍ന്നു. മഴ കുറയുന്നുണ്ട്. മണി രണ്ടായി. ഇവിടുന്ന് 20 മിനിറ്റ്. സാരമില്ല. ഷോ രണ്ടരയ്ക്കായിരിക്കും. അവന്‍ വാതിലും പൂട്ടി, കുടയുമെടുത്ത് ചാറ്റല്‍ മഴയത്ത് തീയറ്ററിലേക്ക് നടന്നു..