പുസ്‌തകം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പുസ്‌തകം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

07 നവംബർ 2011

പുസ്‌തകം - ഹാരി പോട്ടര്‍


ഒരുപക്ഷെ നിങ്ങള്‍ വിചാരിക്കും, ഇവന് പു‌സ്‌തകം വായനയാണോ പണി എന്ന്. രണ്ട് ദിവസത്തിനകം വീണ്ടുമൊരു പുസ്‌തക വിശേഷം പങ്ക് വെയ്‌ക്കാമെന്ന് വിചാരിച്ചതല്ല. എന്നാലും ഹാരിയെ പറ്റി എഴുതാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നി. ആഗസ്‌റ്റ് - സെപ്‌റ്റംബര്‍ മാസങ്ങളിലാണ് ഹാരി പോട്ടറിനെ വായിക്കുന്നത്. സത്യം പറഞ്ഞാല്‍ കുറേ നാളുകള്‍ക്ക് ശേഷം പുസ്‌തകങ്ങളിലേക്ക് ഒരു തിരിച്ച് പോക്കായിരുന്നു അത്. ഏഴ് ഭാഗങ്ങളിലായി പറയുന്ന ഹാരിയുടേയും സുഹൃത്തുക്കളുടേയും കഥ.. അവസാന ബുക്കിന്റെ അവസാന പേജ് വായിച്ച് തീര്‍ന്നപ്പോള്‍ അറിയാതെ വീണ്ടും പേജ് മറിച്ചു, തീരാതിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി.. ഒരു നഷ്‌ടബോധം!

പുസ്‌തകത്തിന്റെ വിശേഷങ്ങളിലേയ്‌ക്ക് വരുന്നതിന് മുമ്പ് ഒരു ചെറിയ നന്ദി പ്രകടനം നടത്തിക്കോട്ടെ..

ആദ്യമായി എമ്മാ വാട്‌സണ്‍ എന്ന സുന്ദരിക്കുട്ടിയായ നടിക്ക്. ഈ നടി ഇല്ലായിരുന്നു എങ്കില്‍ ഒരുപ‌ക്ഷെ ഞാന്‍ ഹാരി പോട്ടര്‍ കൈ കൊണ്ട് തൊടില്ലായിരുന്നു! എമ്മാ വാട്സണെ അറിയില്ലെങ്കില്‍ (!), ഹാരി പോട്ടര്‍ സിനിമകളില്‍ ഹെര്‍മൈയോണി ഗ്രേഞ്ചര്‍ എന്ന കഥാപാത്രം ആയെത്തിയത് ഈ പുള്ളിക്കാരിയാണ്. ഹാരി പോട്ടര്‍ അവസാന ഭാഗമായ ഡെത്ത്‌ലി ഹാലോസ് (ഭാഗം 2) തീയറ്ററുകളില്‍ എത്തിയ സമയം. ഇത്ര നാളായിട്ടും ഹാരി പോട്ടറിനോട് പറയത്തക്ക സ്‌നേഹമൊന്നും തോന്നിയിരുന്നില്ല. ആ സീരീസിലെ ഒരു സിനിമ പോലും തീയറ്ററില്‍ കണ്ടിട്ടുമില്ലായിരുന്നു. അവസാന സിനിമ ഇറങ്ങിയപ്പോള്‍ ഒരു തോന്നല്‍ - ഇത് വരെ നമ്മുടെ എമ്മക്കുട്ടിയുടെ ഒരു സിനിമയും തീയറ്ററില്‍ കണ്ടിട്ടില്ലല്ലോ എന്ന്.. :‌-D അത് കൊണ്ട് അവസാന ഭാഗം കാണാം എന്ന് കരുതി (എമ്മാ വാട്‌സണ് വേണ്ടി മാത്രം!).

എന്നോ കണ്ട് മറന്ന ആദ്യ 4 ഭാഗങ്ങള്‍. അറ്റവും മൂലയും കണ്ട അഞ്ചാം ഭാഗം. ഇത്രയുമാണ് എന്റെ ഹാരി പോട്ടര്‍ സിനിമ അനുഭവം. കഥാഗതിയെ പറ്റി വലിയ നിശ്ചയമില്ല. അങ്ങനെയിരിക്കുമ്പോള്‍ എച്.ബി.ഒ ചാനല്‍ രക്ഷക്കെത്തി. അടുപ്പിച്ച് രണ്ട് ദിവസങ്ങളിലായി അവര്‍ അഞ്ചും ആറും ഭാഗങ്ങള്‍ റ്റി.വിയില്‍ കാണിച്ചു. ആറാം ഭാഗം - ദ് ഹാഫ് ബ്ലഡ് പ്രിന്‍സ് - എല്ലാ അര്‍ത്ഥത്തിലും ഹാരി പോട്ടറിനോടുള്ള എന്റെ സമീപനം തന്നെ മാറ്റി കളഞ്ഞു. എമ്മാ വാട്സണെ കാണുക എന്നതിലുപരി എന്താണ് ഈ വട്ടക്കണ്ണടക്കാരന്‍ പയ്യന്റെ കഥ എന്ന് അറിയാന്‍ ആദ്യമായി ഒരു താല്‍‌പര്യം തോന്നി. അന്ന് തന്നെ ഡൌണ്‍ലോഡ് ചെയ്യാനിട്ടു ഒന്ന് മുതല്‍ 7 വരെയുള്ള എല്ലാ ചിത്രങ്ങളും. എന്നാല്‍ അതിനൊപ്പം തന്നെ അവസാന സിനിമയുടെ നിരൂപണങ്ങളില്‍ നിറഞ്ഞ് നിന്ന ഒരു കാര്യവും ശ്രദ്ധയില്‍ പെട്ടു - പുസ്‌തകത്തില്‍ നിന്നും സിനിമ ആയപ്പോള്‍ നഷ്‌ടപ്പെട്ട ഒരു പാട് കാര്യങ്ങളുണ്ടെന്ന്. അങ്ങനെയാണ് ഹാരി പോട്ടറിനെ മൊത്തത്തില്‍ അങ്ങ് വാങ്ങിച്ചേക്കാം എന്ന് തീരുമാനിച്ചത്.

രണ്ടാമതായി നന്ദി പറയേണ്ടത് flipkart.com-ന് ആണ്. അവിടെ നിന്നാണ് ഹാരി പോട്ടര്‍ പരമ്പരയിലെ എല്ലാ പുസ്‌തകങ്ങളും അടങ്ങിയ ബോക്‍സ് സെറ്റ് വാങ്ങിയത്. ഓഗസ്റ്റ് 8-ന് പുസ്തകങ്ങള്‍ കൈയ്യില്‍ കിട്ടി. സുന്ദരമായി പാക്ക് ചെയ്‌ത പുതിയ മണമുള്ള പുസ്തകങ്ങള്‍.

ഇനി ഒരു നന്ദി കൂടി ഉണ്ട്. അത് അവസാനമാകട്ടെ.. പു‌സ്‌തകത്തിന്റെ വിശേഷങ്ങളിലേക്ക് വരാം. ഇത്തവണയും കഥയെ പറ്റി ഒന്നും പറയുന്നില്ല (അങ്ങനെ ചുമ്മാ അങ്ങ് പറഞ്ഞ് തീര്‍ക്കാന്‍ പറ്റുകയുമില്ല!).

ലോകമെങ്ങും ആരാധകര്‍. ഒരു പുസ്‌തകം ഇറങ്ങുന്നതിന് തലേ ദിവസം രാത്രി കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ കടയുടെ മുന്നില്‍ കാത്ത് നില്‍‌ക്കുന്നു. പത്രങ്ങളായ പത്രങ്ങളിലും ചാനലുകളായ ചാനലുകളിലും പ്രസ്‌തുത പുസ്‌തകത്തെ പറ്റി തോരാതെ പ്രശംസകള്‍. ഇതായിരുന്നു ഒരു ഹാരി പോട്ടര്‍ പു‌സ്‌തകം ഇറങ്ങുന്ന ദിവസത്തിന്റെ അടയാളങ്ങള്‍. ഒരു ശരാശരി മലയാളി എന്ന നിലയില്‍, ഇത്രയും കനമുള്ള ഇംഗ്ലീഷ് പുസ്‌തകങ്ങള്‍ വായിക്കുന്ന ഇവര്‍ക്കൊക്കെ തല‌യ്‌ക്ക് വല്ല അസുഖവുമുണ്ടോ എന്ന് ഞാന്‍ കരുതിയിരുന്നു അന്ന്. ലോകം മുഴുവന്‍ നല്ലതെന്ന് പറയുന്ന ഒരു സാധനത്തിനോട് എന്നിലെ മലയാളിക്ക് അന്ന് ദേഷ്യം ഉണ്ടായി. ഇത്രയുമൊക്കെ പൊക്കാന്‍ എന്ത് തേങ്ങയാണിതില്‍ ഉള്ളതെന്ന് ഞാന്‍ പുച്ഛിച്ചു.

ഉള്ളത് പറയാമല്ലൊ.. അതിനൊക്കെ ഉള്ളത് കാലം എനിക്ക് തിരിച്ച് തന്നു..! ഓരോ പുസ്‌തകവും വായിച്ച് തീര്‍ക്കാന്‍ ആകെപ്പാടെ ഒരു ആക്രാന്തമായിരുന്നു. ഓരോ പു‌സ്‌തകത്തിലേയും കഥകള്‍ എന്നെ ആവേശം കൊള്ളിച്ചു. ഓരോ കഥകളും ചേര്‍ന്ന് ഒരു വലിയ കഥയായി ഹാരി പോട്ടര്‍ മാറുന്നത് എന്നെ വിസ്‌മയിപ്പിച്ചു. ശരിക്കും ഒരു എഴുത്തുകാരി എന്ന നിലയില്‍ ജെ.കെ. റൌളിങ്ങ് എന്റെ പുച്ഛത്തെ ഏഴായിട്ട് കീറി അതിനെ ഏഴ് കിലോ കര്‍പ്പൂരത്തിലിട്ട് കത്തിച്ച് ഒരു പൊടി പോലും ബാക്കിയില്ലാത്ത വിധം നാമാവശേഷമാക്കി കളഞ്ഞു!

എന്ത് കൊണ്ട് ഹാരി പോട്ടര്‍ ഇഷ്‌ടപ്പെട്ടു എന്നതിന് ഉത്തരം എളുപ്പമല്ല. ഫാന്റസി കഥകള്‍ ഇഷ്‌ടപ്പെടുന്ന ഒരാള്‍ എന്ന നിലയില്‍ ഹാരി പോട്ടര്‍ തുറന്ന് തരുന്ന ഭാവനയുടെ ലോകം ഒരുപക്ഷെ മറ്റൊരു സമകാലിക പുസ്‌തകത്തിനും അവകാശപ്പെടാനാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. മഹാഭാരതം, ഭാഗവതം, രാമായണം തുടങ്ങിയവയുടെ മാലിയുടെ പതിപ്പുകള്‍ വായിച്ച് കൊച്ചിലെ അത്ഭുതപ്പെട്ടിരുന്നു. അതിന് ശേഷം ആ ഒരു അത്ഭുതം തോന്നുന്നത് ഹാരിയുടെ കഥ വായിച്ചപ്പോഴാണ്. പുഷ്‌പക വിമാനത്തിന് പകരം ചൂലില്‍ പറക്കാന്‍ കഴിയുന്നു. മറ്റൊരു ജീവിയായി രൂപം മാറുന്നവരുണ്ട് നമ്മുടെ കഥയില്‍. നോവലില്‍ അവര്‍ അനിമാഗസുകള്‍ ആണ്. അശരീരിയ്ക്ക് പകരം പ്രൊഫസിയുണ്ടിവിടെ. കുരുക്ഷേത്ര യുദ്ധം പോലെ അവസാനം ഒരു യുദ്ധം ഇവിടെയുമുണ്ട്. ഒരു വിദേശിയെങ്കിലും ഹാരിയില്‍ ഒളിഞ്ഞിരിക്കുന്ന ഭാരതീയ പുരാണങ്ങള്‍ ഇവിടെ തീരുന്നില്ല. എന്നാല്‍ ഇന്നത്തെ കാലത്ത് ജീവിച്ചിരിക്കുന്ന ഒരാള്‍ എത്ര മനോഹരമായി ഒരു കഥ രചിച്ചിരിക്കുന്നു..!

ഏതൊരു കഥയിലും വില്ലന്‍ എത്രത്തോളം ശക്‍തനാവുന്നോ അത്രയും നല്ലത് എന്നാണ് എന്റെ പോളിസി. ചുമ്മാ കുറേ ഷോ കാണിച്ച് അവസാനം നായകന്‍ വന്ന് രണ്ട് ഡയലോഗ് പറയുമ്പോള്‍ പേടിച്ച് മൂത്രമൊഴിക്കുന്ന വില്ലനെ ആരെങ്കിലും ഇഷ്‌ടപ്പെടുമോ? വില്ലന്‍ എന്നൊക്കെ പറഞ്ഞാല്‍ ബാറ്റ്മാന് ജോക്കറിനെ പോലെ, ഠാക്കൂറിന് ഗബ്ബറിനെ പോലെ, നീലകണ്‌ഠന് ശേഖരനെ പോലെ, കട്ടയ്‌ക്ക് കട്ട നില്‍ക്കണം. അവിടെയാണ് ഹാരി പോട്ടര്‍ സത്യത്തില്‍ എന്റെ ഹൃദയം കവര്‍ന്നത്! ടോം റിഡില്‍ എന്നാണ് കക്ഷിക്ക് വീട്ടുകാര്‍ ഇട്ട പേര്. പക്ഷെ ആ പേരിനോട് ടോമിന് ഒരു വിരോധമുണ്ട്. അത് കൊണ്ട് പുള്ളി സ്വയം ഇട്ട പേരാണ് ലോഡ് വൊള്‍ഡമോര്‍ട്ട്. (ഞാന്‍ എന്നെ തന്നെ വിളിക്കുന്നത് വിമല്‍‌കുമാര്‍ എന്നാണ് എന്ന സെറ്റപ്പല്ല!)

കഥയുടെ ആദ്യ ഭാഗം മുതല്‍ക്കേ കാണുന്ന കാര്യമാണ് റൌളിങ്ങ് വില്ലനെ പറ്റി വളരെ കുറച്ച് മാത്രമേ പറയുന്നുള്ളൂ. അത് പോലെ തന്നെ ഹാരിയും പ്രൊഫ. ഡമ്പിള്‍ഡോറും (ഹോഗ്‌വാഡ്‌സിന്റെ പ്രിന്‍സിപ്പല്‍) ഒഴികെയുള്ള മറ്റ് കഥാപാത്രങ്ങള്‍ അയാളുടെ പേരു പോലും ഉച്ചരിക്കുന്നില്ല. എന്തിനേറെ പറയുന്നു, ആറ് ബുക്ക് വായിച്ച് കഴിഞ്ഞപ്പോള്‍ ഞാനും പുള്ളിയുടെ പേര് പറയാത്ത പരുവമായി. അത്രയ്‌ക്ക് ബഹുമാനം തോന്നുന്ന വില്ലന്‍. ഒരു കഥാപാത്രം പുള്ളിയെ പറ്റി പറയുന്നതിങ്ങനെ - Yes, he did great things.. terrible, but great things..

മറ്റൊരു കാരണം പുസ്‌തകങ്ങള്‍ ഒറ്റയായി എടുത്താലും എല്ലാം കൂടെ ചേരുന്ന ഒരു വലിയ കഥയായി എടുത്താലും മികച്ച് നില്‍ക്കുന്നു എന്നതാണ്. ആദ്യ ഭാഗങ്ങളില്‍ വെറുതെ പറഞ്ഞു പോയ പല കാര്യങ്ങള്‍ക്കും അവസാനം പുതിയ അര്‍ത്ഥങ്ങള്‍ വരുന്നത് കണ്ട് അന്തം വിടാനേ നമുക്ക് കഴിയൂ.

പുസ്‌തകത്തിലെ മറ്റൊരു പ്രധാന കാര്യം തന്റെ ശത്രുവിനെ പറ്റി ഹാരിക്ക് അറിയാവുന്നതില്‍ കൂടുതല്‍ ഒന്നും നമ്മള്‍ വായനക്കാര്‍ക്കും അറിയില്ല എന്നതാണ്. അത് കൊണ്ട് തന്നെ ഓരോ പുതിയ അറിവും എത്രമാത്രം ഹാരിയെ അത്ഭുതപ്പെടുത്തുകയും പേടിപ്പിക്കുകയും ചെയ്യുന്നുവോ അതേ വികാരം തന്നെ നമുക്കും തോന്നും.

അത്ഭുതകരമായ ഒട്ടേറെ വസ്തുക്കളും, ജീവികളും, മനുഷ്യരും എല്ലാമുള്ള ഒരു ലോകമാണ് ഹാരിയുടേത്. എന്നാല്‍ അവയെ എല്ലാം നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്ന ലോകവുമായി അതിമനോഹരമായി റൌളിങ്ങ് ബന്ധിപ്പിച്ചിരിക്കുന്നു. ഒരു ബുക്കില്‍ പറയുന്നുണ്ട് - സാധാരണ മനുഷ്യര്‍ അവര്‍ എത്താന്‍ പാടില്ലാത്തിടത്ത് എത്തുമ്പോള്‍ അവരെ അവിടുന്ന് ഓടിക്കാനുള്ള മന്ത്രവിദ്യ - ഏതെങ്കിലും ഒരു കാര്യം മറന്നെന്ന് മനുഷ്യന് തോന്നും, അതോടെ അവന്‍ അവിടുന്ന് പോകും. നമ്മുടെ ജീവിതത്തില്‍ എത്ര തവണ ഇത് നമ്മള്‍ അനുഭവിച്ചിരിക്കുന്നു - പെട്ടെന്ന് ഒരു കാര്യം ഓര്‍ക്കുകയും നമ്മള്‍ നില്‍ക്കുന്നിടത്ത് നിന്ന് വേഗം പോവുകയും ചെയ്യുന്നില്ലേ.. അത് ശരിക്കുമൊരു മാജിക് അല്ലായെന്ന് ആരറിഞ്ഞു? :)

ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു സാധാരണ മനുഷ്യനുണ്ടാകുന്ന വികാരങ്ങള്‍ ഹാരിക്കും സുഹൃത്തുക്കള്‍ക്കും ഉണ്ടെന്നത് ഏറ്റവും മികച്ച കാര്യം. ഹാരിയുടേയും കൂട്ടുകാരുടേയും പത്ത് മുതല്‍ പതിനേഴ് വയസ്സ് വരെയുള്ള കഥ പറയുന്ന പരമ്പരയില്‍ സൌഹൃദത്തിനും പ്രണയത്തിനും വെറുപ്പിനും സ്‌നേഹത്തിനുമെല്ലാം ഇടം നല്‍കുന്നുണ്ട് റൌളിങ്ങ്.

കഥാപാത്രങ്ങളും ഹാരി പോട്ടര്‍ ഇഷ്‌ടപെടാനുള്ള പ്രധാന കാരണമാണ്. ഹാരി പോട്ടര്‍ സിനിമയില്‍ വെറുതെ തല കാണിക്കുന്നത് പോലെയുള്ള കഥാപാത്രമാണ് നെവില്‍ ലോങ്ങ്‌ബോട്ടം എന്ന കുട്ടിയ്‌ക്ക്. എന്നാല്‍ നോവലില്‍ ഏറ്റവും ഹൃദയസ്‌പര്‍ശിയായ ഒരു ഭാഗത്തുള്ളതും നെവില്‍ തന്നെ. സിനിമയില്‍ നിന്നും വ്യത്യസ്തമായി ഹാരിക്കും രണ്ട് സുഹൃത്തുക്കള്‍ക്കും മാത്രമല്ല പ്രാധാന്യം. മറ്റ് കുട്ടികള്‍ക്കും, ടീച്ചര്‍മാര്‍ക്കും ഒക്കെ കഥയില്‍ എന്തെങ്കിലും ചെയ്യാനുണ്ടാവും. തീരെ പ്രാധാന്യമില്ലാത്ത, തമാശയ്ക്ക് വേണ്ടി എന്ന് കരുതപ്പെട്ടിരുന്ന ഒരു കഥാപാത്രം കഥയുടെ മര്‍മ്മ പ്രധാനഭാഗമായത് കണ്ട് എന്റെ കണ്ണ് തള്ളി പോയിരുന്നു. വീസ്‌ലി സഹോദരങ്ങള്‍, ഹെര്‍മൈയോണി, നെവില്‍, സിറിയസ്, ലുപിന്‍, ഹാഗ്രിഡ്.. അങ്ങനെ അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍. ഡമ്പിള്‍‌ഡോര്‍ എന്ന പ്രിന്‍സിപ്പല്‍, അത് പോലെ നല്ലവനോ ചീത്തയോ എന്ന് അവസാനം വരെ നമ്മെ ചിന്തിപ്പിക്കുന്ന സെവറസ് സ്നെയിപ്പ്. ഈ കഥാപാത്രങ്ങളൊക്കെയും മനസില്‍ മായാതെ നില്‍ക്കും.

കുറ്റം പറയാന്‍ ഒന്നുമില്ല. 1997-ല്‍ ആദ്യത്തെ ഹാരി പോട്ടര്‍ കഥ പുറത്ത് വരുമ്പോള്‍ എനിക്ക് ഹാരിയുടെ പ്രായമാണ്. ഒരു പക്ഷെ അന്ന് ഞാന്‍ വായിച്ച് തുടങ്ങിയിരുന്നു എങ്കില്‍ അഞ്ചാം ഭാഗത്തിനും ആറാം ഭാഗത്തിനും ഒക്കെ വേണ്ടി ഞാന്‍ പാതിരയ്‌ക്ക് കടയുടെ മുന്നില്‍ ക്യൂ നിന്നേനെ..

പറയാന്‍ ബാക്കി വെച്ച ഒരു നന്ദിയും പറഞ്ഞ് ഞാന്‍ നിര്‍ത്തട്ടെ.. ജെ.കെ.റൌളിങ്ങ്.. നന്ദി.. കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്നും ഒരുമാസത്തേക്കെങ്കിലും അകറ്റി പുസ്‌തകങ്ങള്‍ക്കിടയിലേക്ക് എന്നെ തള്ളി വിട്ടതിന്.. നന്ദി.. പ്ലേ സ്റ്റേഷനും എക്സ് ബോക്സും കാര്‍ട്ടൂണ്‍ ചാനലുകളും അരങ്ങ് വാഴുന്ന ഇന്നത്തെ ലോകത്തിലെ കുട്ടികളെ വായിക്കാന്‍ പ്രേരിപ്പിച്ചതിന്.. നന്ദി.. നന്ദി.. നന്ദി.. ഇനിയും മരിക്കാത്ത വായനയ്‌ക്കായി ഒരായിരം നന്ദി.

04 നവംബർ 2011

പുസ്തകം - ലൈഫ് ഈസ് വാട്ട് യൂ മേക്ക് ഇറ്റ്



ഫ്ലിപ് കാര്‍ട്ടില്‍ ചേതന്‍ ഭഗത്തിന്റെ പുതിയ പുസ്തകം റെവല്യൂഷന്‍ 2020 വാങ്ങാന്‍ കയറിയപ്പോള്‍ ശ്രദ്ധയില്‍ പെട്ടതാണ് പ്രീതി ഷേണായ് എഴുതിയ ലൈഫ് ഈസ് വാട്ട് യൂ മേക്ക് ഇറ്റ്  എന്ന പുസ്തകം. ഫ്ലിപ്‌കാര്‍ട്ടിന്റെ അഭിപ്രായത്തില്‍ നല്ല ജനപ്രീതിയുള്ള പുസ്‌തകം (Best Seller). വലിയ വില ഒന്നുമില്ലാഞ്ഞത് കൊണ്ട് വാങ്ങി നോക്കാം എന്ന് വിചാരിച്ചു.

വില മാത്രമല്ല വാങ്ങാനുള്ള കാരണം. മിക്കവാറും ഞാന്‍ വായിച്ച പുസ്‌തകങ്ങളിലൊക്കെയും നായകനാണ് പ്രാധാന്യം. സ്‌ത്രീ കഥാപാത്രങ്ങള്‍ ഉണ്ടെങ്കില്‍ തന്നെയും കഥ പറയുന്നത് ഒരു ആണായിരിക്കും. ഈ പുസ്‌തകത്തില്‍ നായികയാണുള്ളത്, നായകനല്ല. നായിക‌യ്‌ക്കാണ് പ്രാധാന്യം. നായികയാണ് കഥ പറയുന്നത്. അത്തരത്തിലൊരു പു‌സ്‌തകം വായിക്കാമല്ലൊ എന്നും വിചാരിച്ചു.

മറ്റൊരു കാരണം, ഇതിന്റെ കഥയാണ്. കോളേജില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ്. Bipolar Disorder എന്ന മാനസിക രോഗം ഉള്ള അങ്കിത എന്ന പെണ്‍‌കുട്ടിയുടെ കഥ. സാധാരണ പറഞ്ഞ് കേള്‍ക്കാത്ത ഒരു കഥ ആയത് കൊണ്ട് എന്തായാലും ഒരു കൈ നോക്കാം എന്ന് വിചാരിച്ചു.

പുസ്‌തകത്തിലേക്ക് വരാം. നേരത്തെ പറഞ്ഞ പോലെ അങ്കിത എന്ന പെണ്‍കുട്ടിയുടെ കഥയാണിത്. കേരളത്തിലെ ഒരു കോളേജില്‍ നിന്ന് നല്ല മാര്‍ക്കോടെ ഡിഗ്രീ എടുക്കുകയും പിന്നീട് ബോംബെയിലെ ഒരു പ്രമുഖ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.ബി.ഏ ചെയ്യാന്‍ തിരഞ്ഞെടുക്കപെടുകയും ചെയ്യുന്നു അങ്കിത. ആദ്യ സെമസ്റ്റെറില്‍ ക്ലാസിലെ ഒന്നാം സ്ഥാനക്കാരിയായ അങ്കിത പക്ഷെ അടുത്ത ആറ് മാസം കൊണ്ട് എത്തി ചേരുന്നത് മാനസികാരോഗ്യ കേന്ദ്രത്തിലാണ്! എല്ലാ സ്വപ്‌നങ്ങളും നഷ്‌ടപെട്ട്, ജീവിതം തന്നെ വെറുത്ത് തുടങ്ങിയ അങ്കിത എങ്ങനെ ജീവിതത്തിലേക്ക് തിരിച്ച് വരുന്നു എന്നാണ് ബാക്കി.

ഒരുപാട് സിനിമകള്‍ ഒക്കെ കാണുന്ന നമുക്ക് കഥയുടെ ക്ലൈമാക്‍സ് ആദ്യമേ അറിയാം. എന്നാലും അവിടേയ്‌ക്ക് എത്തുന്ന രീതിയിലാണ് ഒരു പു‌സ്‌തകം എന്ന നിലയില്‍ ലൈഫ് ഈസ് വാട്ട് യൂ മേക്ക് ഇറ്റ്  വിജയിക്കുന്നത്. തന്മാത്ര എന്ന് ബ്ലസി ചിത്രത്തിന്റെ പോക്കുമായി സാമ്യമുണ്ട് ഇവിടെ കഥ പറയുന്ന രീതിയിലും. ഒരാളുടെ സാധരണ ജീവിതത്തില്‍ തുടങ്ങി, അസുഖത്തിന്റെ ലക്ഷണങ്ങള്‍ പലയിടത്തായി വിതറി തുടക്കം. അസുഖത്തിന്റെ കാഠിന്യം കൂടുന്നതിനനുസരിച്ച് കഥയ്ക്ക് കൂടുതല്‍ മുറുക്കവും വരുന്നു.

എങ്കിലും ഒരിക്കലും ഒരു സെന്റി കഥയായി ലൈഫ് ഈസ് വാട്ട് യൂ മേക്ക് ഇറ്റ്  മാറുന്നില്ല. ഇടയ്ക്ക് ഒന്നോ രണ്ടോ ഭാഗങ്ങളില്‍ നമ്മുടെ കണ്ണ് നിറയുമെങ്കിലും ഒരു വിഷാദ അന്തരീക്ഷം കഥയില്‍ ഒരിടത്തും വരുന്നില്ല. പ്രീതി ഷേണായ് താന്‍ തിരഞ്ഞെടുത്ത വിഷയത്തോട് നീതി പുലര്‍ത്തി എന്ന് തന്നെയാണ് എനിക്ക് തോന്നിയത്.

1989-ല്‍ ആണ് കഥ നടക്കുന്നത്. ആ കാലഘട്ടത്തിന് കഥയുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് തോന്നുന്നില്ല. ഇപ്പോഴത്തെ കാലത്തും വളരെ പ്രസക്തിയുള്ള കാര്യങ്ങളാണ് കഥയിലുള്ളത്. ഒരുപക്ഷെ നായിക ഇടയ്ക്ക് പറയുന്ന “കൂട്ടിലടച്ച കിളി” ഇമേജ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് അത്രയ്‌ക്ക്  ഇല്ലാ‍ത്തത് കൊണ്ടാവും ആ കാലഘട്ടം തിരഞ്ഞെടുത്തത്. കഥയുടെ തുടക്കത്തിലെ കുറച്ച് ഭാഗങ്ങള്‍ അല്‍‌പം ഇഴച്ചില്‍ അനുഭവിച്ചു. എന്നാല്‍ ഉടന്‍ തന്നെ അതില്‍ നിന്നൊക്കെ മാറി കഥ വേഗത്തിലായി തുടങ്ങി.

എന്തായാലും എനിക്ക് ഇഷ്‌ടപ്പെട്ടു. നിങ്ങളും വായിച്ച് നോക്കു... പുസ്‌തകം ഫ്ലിപ്‌കാര്‍ട്ടില്‍ കിട്ടും.

സൃഷ്ടി പബ്ലിക്കേഷന്‍സ് ആണ് പുറത്തിറക്കിയിരിക്കുന്നത്, വില 100 രൂപ (ഫ്ലിപ്‌കാര്‍ട്ടിലെ വില 65 രൂപ)

09 ഫെബ്രുവരി 2011

ഡ്രാക്കുള

ഡി.സി. ബുക്‍സിന്റെ വിശ്വസാഹിത്യ താരാവലി വാങ്ങുകയുണ്ടായി. 12 പുസ്‌തകങ്ങളിലായി 100 ക്ലാസിക്കുകള്‍. അതിലെ പത്താം നമ്പര്‍ പുസ്‌തകത്തിലാണ് ബ്രാം സ്‌റ്റോക്കറുടെ ഡ്രാക്കുളയെ പരിചയപ്പെട്ടത്.

എന്ത് കൊണ്ട് ആദ്യം പത്താമത്തെ പുസ്‌തകമെടുത്തു എന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ - ഈ വാല്യത്തിലെ ആദ്യത്തെ കഥ. അത് ഡ്രാക്കുളയൊന്നുമല്ല, “ചുവപ്പില്‍ ഒരു പഠനം” അഥവാ A Study in Scarlet. ഈ പേര് കേട്ടവരുണ്ടെങ്കില്‍ ഇപ്പോള്‍ അവരുടെ മുഖത്ത് ഒരു ചിരി വന്നിരിക്കും. ഇനി അഥവാ കേട്ടിട്ടില്ല എങ്കില്‍ അറിഞ്ഞുകൊള്ളൂ, അതാണ് ഷെര്‍ലക്ക് ഹോംസ് എന്ന കഥാപാത്രത്തിനെ ലോകത്തിന് പരിചയപ്പെടുത്തിയ കൃതി. ഷെര്‍ലക്ക് ഹോംസ് കൃതികളെ പിന്നീടൊരു പോസ്റ്റില്‍ കൊണ്ടുവരാം (ശ്രമിക്കാം!). തല്‍ക്കാലം നമുക്ക് ഡ്രാക്കുളയിലേക്ക് തിരിച്ചു വരാം.

ഡ്രാക്കുളയ്ക്ക് ഒരു ആമുഖത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒരുപക്ഷെ ഡ്രാക്കുളയുടെ കഥ അറിയാത്തവര്‍ ചുരുക്കമായിരിക്കും. അതൊക്കെ കൊണ്ടാണല്ലോ അതൊരു “ക്ലാസിക്” എന്നറിയപ്പെടുന്നത്. ഹൊറര്‍ (ഇതിന് പറ്റിയ ഇതേ ശക്തിയുള്ള, ഒരു മലയാളം വാക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു!) വിഭാഗത്തില്‍ പെടുത്താവുന്ന നോവല്‍. 1897-ല്‍ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടു. അന്നു മുതല്‍ ഇങ്ങോട്ട് കോടിക്കണക്കിന് വായനക്കാരെ ഭയപ്പെടുത്തി ഡ്രാക്കുള പ്രഭു വിലസുന്നു. കഥയേയും വിവര്‍ത്തനത്തേയും പറ്റി പറയാനല്ല ഈ പോസ്റ്റ്. എനിക്ക് വളരെയധികം ഈ നോവല്‍ ഇഷ്‌ടപ്പെട്ടു. അതിനുള്ള കാരണങ്ങള്‍ പങ്കു വെയ്ക്കുക മാത്രമാണ് എന്റെ ഉദ്ദേശ്യം.

ഹൊറര്‍ - കഥയായാലും, സിനിമയായാലും ഈ വിഭാഗത്തിന് ഒരു കുഴപ്പമുണ്ട്. വായനക്കാരനെ/പ്രേക്ഷകനെ ഭയപ്പെടുത്തുക എന്നതാണ് ഈ വിഭാഗത്തിലുള്ള കൃതികളുടെ കടമ. എന്നാല്‍ ഏറിയ പങ്ക് ആളുകളും ഒന്നുങ്കില്‍ ഇവയൊന്നും കണ്ടും വായിച്ചും പേടിക്കാറില്ല. ഇനി അഥവാ പേടിച്ചാല്‍ തന്നെ തുറന്ന് സമ്മതിക്കുകയുമില്ല. രണ്ടായാലും അത് കൃതിയുടെ വിജയത്തെ ബാധിക്കും. എന്നെ പേടിപ്പിക്കുന്നതില്‍ ഡ്രാക്കുള വിജയിച്ചു എന്നതാണ് ഈ നോവല്‍ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം.

ഡ്രാക്കുള വായിക്കാനൊരുങ്ങുമ്പോള്‍ എന്റെ മനസില്‍ ആദ്യം ഉണ്ടായ ചിന്ത ഇതാണ് - ഒരു പുസ്‌തകം വായിച്ചാലൊക്കെ പേടി വരുമോ? വരും! നല്ല പോലെ പേടി വരും.. രാത്രി കുറച്ചധികം വൈകി ഇരുന്നാണ് ഞാന്‍ വായിച്ചത്. വളരെ രസകരമായി എഴുതിയിരുന്നത് കൊണ്ട് വായിച്ച് സമയം പോയതറിഞ്ഞില്ല എന്ന് പറയുന്നതാണ് ശരി. അന്തരീക്ഷത്തിന് സ്‌പെഷ്യല്‍ ഇഫ‌ക്‍ട്സ് കൊടുത്ത് അയലത്തെ പട്ടി ഇടയ്‌ക്കിടെ മോങ്ങുന്നുണ്ടായിരുന്നു. കുറേ വായിച്ച ശേഷം അന്നത്തെ വായന മതിയാക്കി. അപ്പുറത്തെ മുറിയിലെ മേശപ്പുറത്താണ് വെള്ളം വെച്ചിരുന്നത്. ആ മുറിയില്‍ നല്ല ഇരുട്ടും. വെള്ളം കുടിക്കുന്ന കാര്യമോര്‍ത്തപ്പോള്‍ തന്നെ ഒന്ന് ഞെട്ടി. അപ്പോഴാണ് പേടി എന്താണെന്ന് മനസിലായത്. ഒറ്റയടിക്ക് അവിടെയെത്തി, വെള്ളം കുടിച്ചെന്ന് വരുത്തി തിരിച്ച് മുറിയിലെത്തി. അപ്പോള്‍ അടുത്ത പ്രശ്നം. ലൈറ്റ് ഓഫ് ചെയ്‌ത് കട്ടില്‍ വരെ എത്താന്‍ ഭയം! ലൈറ്റ് ഓഫ് ചെയ്തു രണ്ട് ചാട്ടത്തിന് കട്ടിലില്‍ കയറി, പുതച്ച് മൂടി, പ്രത്യേകിച്ച് കഴുത്തിന്റെ ഭാഗം ;-) നല്ല ചൂടുണ്ടായിരുന്നു. കാര്യമാക്കിയില്ല. ഈശ്വരനെ പ്രാര്‍ത്ഥിച്ച് കിടന്നു. എപ്പഴോ ഉറങ്ങി.

പിന്നീട് പകല്‍ ബാക്കി വായിക്കാന്‍ ശ്രമിച്ചെങ്കിലും രാത്രി വൈകി ഇരുന്ന് വായിക്കുന്ന ആ ത്രില്‍ കിട്ടിയില്ല. പകല്‍ വായന മതിയാക്കി, രാത്രിയിലാണ് ഞാന്‍ വായിച്ചു തീര്‍ത്തത്. ആദ്യ ഭാഗത്തിന്റെ അത്ര പേടി അവസാനത്തോട് അടുത്തപ്പോള്‍ ഏതായാലും ഉണ്ടായില്ല.

എന്നെ ആകര്‍ഷിച്ച മറ്റൊരു കാര്യം എഴുത്തിന്റെ ശൈലിയാണ്. കഥാപാത്രങ്ങളുടെ ഡയറി, കത്തിടപാടുകള്‍ എന്നിവയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അതിനാല്‍ തന്നെ പലപ്പോഴും കഥാപാത്രങ്ങളില്‍ ഒരാളായി, അവര്‍ക്കൊപ്പം ഞാനുമുണ്ട് എന്ന് തോന്നലുണ്ടായി. പേടിയൊക്കെ വരാന്‍ അതും കാരണമാകാം. ഈ ശൈലി കൊണ്ടുള്ള മറ്റൊരു കാര്യം, ഡ്രാക്കുളയുടെ ശക്തി നേരിട്ട് കാണിക്കുന്ന ഭാഗങ്ങള്‍ ചുരുക്കമാണെങ്കിലും മറ്റുള്ളവരുടെ വിവരണങ്ങളില്‍ നിന്നും മനോഹരമായി അത് വരച്ചിടുന്നുണ്ട്. ഉദാഹരണമായി ലണ്ടനിലെത്തുന്ന കപ്പലിന്റെ ക്യാപ്‌റ്റന്റെ അനുഭവങ്ങള്‍.

മറ്റൊരു പ്രധാനകാര്യം, കഥയുടെ പോക്ക്. നല്ല വേഗത്തിലാണ് കഥ പറഞ്ഞ് പോകുന്നത്. വായിച്ചു തുടങ്ങിയാല്‍ തീരാതെ നിര്‍ത്തുക പ്രയാസം. ഒരു ഭാഗം കൂടി വായിക്കാം, എന്ന് തോന്നിപ്പിക്കും. രണ്ട് ഭാഗങ്ങളായി തിരിച്ചാല്‍, മുന്നോട്ട് പോകുന്തോറും കൂടുതല്‍ ഭയപ്പെടുത്തുന്നതാണ് ആദ്യ ഭാഗം. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ഭയത്തെക്കാളേറെ ഉദ്വേഗം ജനിപ്പിക്കുന്നു “ഡ്രാക്കുള”. വായിച്ചു തീരുമ്പോള്‍ ഒരുപക്ഷെ ഇത്രയും എളുപ്പം തീര്‍ന്നോ എന്നൊരു ദുഃഖവും തോന്നും!

ആകെ പറയാന്‍ ഒരു പോരായ്‌മ തോന്നിയത് ഇതാണ് - പെട്ടെന്ന് തീര്‍ന്നു പോയത് പോലെ തോന്നി. പിന്നെ അവസാനം ഒരു ഭയങ്കരന്‍ പോരാട്ടം പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല..! ഒരുപക്ഷെ രസിച്ച് വായിച്ച് വന്നത് കൊണ്ടാവും..

ഏതായാലും ഇനിയും വായിക്കാത്തവരുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു കൈ നോക്കുക. നിങ്ങള്‍ക്ക് വേണ്ടിയാണ് കഥയെ പറ്റി യാതൊന്നും പറയാതെ ഞാനിങ്ങനെ ഒരു കുറിപ്പിട്ടത്.

പ്രത്യേകം ശ്രദ്ധിക്കുക - കഴിവതും പാതിരാത്രിയില്‍ വായിക്കുക, അതും ഒറ്റയ്ക്ക്! വല്ലപ്പോഴും ഒന്ന് പേടിക്കുന്നത് നല്ലതാണെന്നേ.. :)

25 മാർച്ച് 2009

പുസ്തകം - ദ ബെസ്റ്റ് ഓഫ് ഓ. ഹെന്‍‌റി

ഒരു പ്രൊജക്ടിന്റെ ഭാഗമായി കളമശേരിയില്‍ അപ്പച്ചിയുടെ വീട്ടിലാണ് ഞാന്‍. അവിടുത്തെ പുസ്തകശേഖരത്തില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെടുത്തതാണ് “ദ ബെസ്റ്റ് ഓഫ് ഓ. ഹെന്‍‌റി”. എട്ടാം ക്ലാസില്‍ പഠിക്കുന്ന എന്റെ അനിയന്‍ വാങ്ങിയതാണ് ആ പുസ്തകം. പ്രശസ്ത ചെറുകഥാകൃത്തായ ഓ. ഹെന്‍‌റിയുടെ ആറ് കഥകള്‍ 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കായി സമാഹരിച്ചിരിക്കുന്നു ഈ പുസ്തകത്തില്‍. ഓ. ഹെന്‍‌റിയുടെ ചില കഥകള്‍ മുമ്പ് പഠിച്ചിട്ടുള്ളത്കൊണ്ടും വായിച്ചിട്ടുള്ളത്കൊണ്ടും അവയുടെ പ്രത്യേകതകള്‍ എനിക്കറിയാം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കഥകള്‍ എവിടെ കണ്ടാലും ഞാന്‍ വിടാറില്ല. എനിക്ക് ഏറെ പ്രിയപ്പെട്ട ഒരെഴുത്തുകാരനാണ് ഓ. ഹെന്‍‌റി.

ബുക്കിനെ കുറിച്ചും അതിലെ കഥകളെക്കുറിച്ചും പറയുന്നതിന് മുമ്പ് ഓ. ഹെന്‍‌റിയെ പറ്റി ഒരല്പം. അദ്ദേഹത്തെ പറ്റി അറിയാത്തവരോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഒരു കഥയെങ്കിലും വായിക്കാത്തവരോ ആയി ആരും തന്നെ മലയാളം ബ്ലോഗേഴ്സില്‍ ഇല്ല എന്നാണ് എന്റെ വിശ്വാസം. അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ 1962ല്‍ ആണ് വില്ല്യം സിഡ്നി പോര്‍ട്ടര്‍ എന്ന ഓ. ഹെന്‍‌റിയുടെ ജനനം. പതിനഞ്ചാം വയസ്സില്‍ സ്കൂള്‍ പഠനം നിര്‍ത്തിയ ശേഷം അദ്ദേഹം ടെക്സാസിലും ഹൂസ്റ്റണിലും പലതരം ജോലികളില്‍ ഏര്‍പ്പെട്ടു. ഈ ജോലികളില്‍ നിന്നെല്ലാം കിട്ടിയ അനുഭവം അദ്ദേഹം തന്റെ കഥകളില്‍ ഉപയോഗിച്ചു.

തികച്ചും സാധാരണക്കാരുടെ കഥകളാണ് “ഓ. ഹെന്‍‌റി കഥകള്‍”. അവയുടെ ഏറ്റവും പ്രധാന സവിശേഷത അപ്രതീക്ഷിതമായ ക്ലൈമാക്സാണ്. അതുപോലെ തന്നെ ശ്രദ്ധേയമായ കാര്യമാണ് അവയിലെ കഥാഗതിയുടെ പോക്കും. ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളും അവസാന വരിയില്‍ മാത്രം പറയുന്ന സസ്‌പെന്‍സും മൂലം വായനക്കാരെ ഒരിക്കലും ബോറടിപ്പിക്കുന്നില്ല “ഓ. ഹെന്‍‌റി കഥകള്‍”.

മുകളില്‍ പറഞ്ഞ പ്രത്യേകതകള്‍ എല്ലാമുള്ള ആറ് കഥകളുടെ ശേഖരമാണ് ഞാന്‍ വായിച്ച “ദ ബെസ്റ്റ് ഓഫ് ഓ. ഹെന്‍‌റി”. പുസ്തകത്തിലുള്ള കഥകള്‍:

1. The Gift of Magi
2. The Ransom of the Red Chief
3. Romance of a Busy Broker
4. The Last Leaf
5. A Retrieved Reformation
6. The Duplicity of Hargraves

ആദ്യത്തെ കഥ പലരും സ്കൂളില്‍ പഠിച്ചതാവണം. പാവപ്പെട്ടവരായ ദമ്പതികളാണ് ജിമ്മും ഡെല്ലയും. ഡെല്ലയ്ക്ക് നല്ല മുടിയുണ്ട്, അതുപോലെ ജിമ്മിന് ഒരു വാച്ചും. ക്രിസ്‌മസിന് ജിമ്മിന്റെ വാച്ചിന് ഒരു പുതിയ സ്ട്രാപ്പ് വാങ്ങാന്‍ ഡെല്ല തന്റെ മുടി വില്‍ക്കുന്നു. ഡെല്ലയ്ക്ക് സമ്മാനമായി നല്‍കാന്‍ തന്റെ വാച്ച് വിറ്റ ജിം അലങ്കാരപ്പണികള്‍ ചെയ്ത ഒരു ചീപ്പും വാങ്ങി. അങ്ങനെ രണ്ട് പേരുടെയും സമ്മാനങ്ങള്‍ ഒരു പ്രയോജനവുമില്ലാതെ പോവുകയാണ്. തങ്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യം ത്യജിച്ചാണ് രണ്ട് പേരും സമ്മാനം വാങ്ങുന്നത് എന്നതാണ് ശ്രദ്ധേയമായ സംഗതി.

The Ransom of the Red Chief ഞാന്‍ സ്കൂളില്‍ പഠിച്ചതാണ്. അന്നേ എന്റെ പ്രിയപ്പെട്ട കഥയായിരുന്നു ഇത്. പണമുണ്ടാക്കാന്‍ ഗ്രാമത്തിലെ പണക്കാരന്റെ മകനെ രണ്ട് കള്ളന്മാര്‍ തട്ടികൊണ്ട് പോകുന്നിടത്ത് കഥ ആരംഭിക്കുന്നു. കുട്ടിയെ തിരിച്ച് നല്‍കണമെങ്കില്‍ മോചനദ്രവ്യമായി 2000 ഡോളര്‍ ആണ് കള്ളന്മാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഒടുവില്‍ കുട്ടിയുടെ കുസൃതി സഹിക്കാന്‍ വയ്യാതെ അവനെ വിട്ടുകൊടുക്കുകയും അങ്ങോട്ട് കാശ് കൊടുത്ത് ജീവനും കൊണ്ട് രക്ഷപ്പെടുന്ന കള്ളന്മാരെയാണ് നമുക്ക് കാണാന്‍ കഴിയുക. കുട്ടിയും ബില്‍ എന്ന കള്ളനും തമ്മിലുള്ള രംഗങ്ങള്‍ ആരിലും ചിരിയുണര്‍ത്തും.

തിരക്കേറിയ ജീവിതത്തില്‍ തന്റെ സ്റ്റെനോഗ്രാഫറെ കല്ല്യാണം കഴിച്ച ഒരു സ്റ്റോക്ക് ബ്രോക്കര്‍, പിറ്റേന്ന് ആ കാര്യം മറക്കുകയും സ്റ്റെനോയുടെ അടുത്ത് ചെന്ന് വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തുന്നതുമാണ് മൂന്നാമത്തെ കഥ. അവസാനത്തെ മൂന്ന് വാക്കുകളിലാണ് കഥയുടെ അതുവരെയുള്ള പുരോഗതിയെ ന്യായീകരിക്കുന്നത്. ശരിക്കും വായനക്കാരനെ അത്ഭുതപ്പെടുത്തുന്ന ക്ലൈമാക്സാണ് ഈ കഥയുടേത്.

ആറ് കഥകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമായ കഥയാണ് The Last Leaf. ഇതും പഠിക്കാനുണ്ടായിരുന്ന ഒരു കഥയാണെന്ന് എന്റെ സുഹൃത്ത് പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ പഠിച്ചിട്ടില്ല കേട്ടോ. ചിത്രകാരന്മാര്‍ കൂട്ടമായി താമസിക്കുന്ന ഒരു സ്ഥലത്ത് ന്യുമോണിയ പടര്‍ന്ന് പിടിച്ചിരിക്കുന്നു. അവിടെ ജോണ്‍സി എന്നൊരു പെണ്‍കുട്ടി അസുഖം പിടിപ്പെട്ട് കിടക്കുകയാണ്. തന്റെ കിടക്കയില്‍ നിന്നും പുറത്തേക്ക് നോക്കുമ്പോള്‍ കാണുന്ന തൊട്ടടുത്ത കെട്ടിടത്തിലുള്ള ഒരു വള്ളിപ്പടര്‍പ്പിന്റെ ഇലകള്‍ എല്ലാം കൊഴിഞ്ഞ് വീഴുമ്പോള്‍ താനും മരിക്കും എന്ന വിചിത്രമായ ചിന്തയിലാണ് ജോണ്‍സി. ജോണ്‍സിയുടെ സുഹൃത്ത് സൂവിന് ഇത് വളരെ വിഷമമുണ്ടാക്കുന്നു. അവര്‍ താമസിക്കുന്ന വീടിന്റെ താഴത്തെ നിലയില്‍ ഒരു കള്ളുകുടിയന്‍ പെയിന്റര്‍ ഉണ്ട്. എന്നെങ്കിലുമൊരിക്കല്‍ താനും ഒരു മാസ്റ്റര്‍പീസ് വരയ്ക്കും എന്ന് വീമ്പിളക്കി നടക്കുന്ന ഒരാള്‍. ജോണ്‍സിയുടെ വിചിത്രമായ ചിന്തയെ പറ്റി അറിഞ്ഞ അയാള്‍ അവളെ കുറെ ചീത്ത പറയുകയും മറ്റും ചെയ്തു. എന്നാല്‍ ഏവരേയും അത്ഭുതപ്പെടുത്തി അവസാനത്തെ ഒരില എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് കൊഴിഞ്ഞു വീഴാതെ നിന്നു. ഇതില്‍ നിന്നും കിട്ടുന്ന ആത്മവിശ്വാസം ജോണ്‍സിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാല്‍ ജോണ്‍സിയെ രക്ഷിക്കാനായി കോരിചൊരിയുന്ന മഴയും കാറ്റുമുള്ള ഒരു രാത്രി ആ ചെടിയുടെ പടം ആ കെട്ടിടത്തിന്റെ ഭിത്തിയില്‍ വരച്ച കള്ളുകുടിയന്‍ പെയിന്റര്‍ ന്യുമോണിയ ബാധിച്ച് മരിക്കുന്നു. തന്റെ മാസ്റ്റര്‍പീസ് അദ്ദേഹം പോകുന്നതിന് മുമ്പ് വരച്ചു എന്ന സൂവിന്റെ ഡയലോഗില്‍ കഥ ആവസാനിക്കുന്നു.

A Retrieved Reformation ജിമ്മി എന്ന കള്ളനെക്കുറിച്ചാണ്. ഇനി ഒരിക്കലും മോഷ്ടിക്കരുത് എന്ന് പറഞ്ഞ് ജയിലില്‍ നിന്നും വിട്ടയക്കപ്പെടുന്ന ജിമ്മി പക്ഷെ വീണ്ടും മോഷണത്തിന് ഇറങ്ങിത്തിരിക്കുകയാണ്. രണ്ട് വലിയ ബാങ്ക് മോഷണങ്ങള്‍ നടത്തി ഒടുവില്‍ അയാള്‍ നാടു വിട്ട് മറ്റൊരു സ്ഥലത്ത് പുതിയ ജീവിതം ആരംഭിച്ചു. അവിടുത്തെ ബാങ്ക് മാനേജരുടെ മകളുമായി പ്രണയത്തിലാകുന്ന ജിമ്മി തന്റെ പൂര്‍വ്വജീവിതത്തില്‍ നിന്നും മാറി ഷൂ ബിസിനസ് നടത്തി ജീവിക്കുകയാണ്. ഏത് പൂട്ടും പൊളിക്കാന്‍ കഴിയുന്ന സാമഗ്രികള്‍ കൈവശമുണ്ടായിരുന്ന ജിമ്മി ഒരു നാള്‍ അതെല്ലാമെടുത്ത് ബാങ്കിലെത്തുന്നു. അന്ന് അവിടെ പുതിയ സെയ്ഫിന്റെ ഉത്ഘാടനം നടക്കുന്ന ദിവസമാണ്. ഇതിനിടെ ജിമ്മിയെ തപ്പി പോലീസും സ്ഥലത്തെത്തുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരപകടം മൂലം ജിമ്മിക്ക് തന്റെ കാമുകിക്കും അവളുടെ അച്ഛന്റെയും മുമ്പില്‍ വെച്ച് ആ പുതിയ പൂട്ട് പൊളിക്കേണ്ടി വരുന്നു. പോലീസിനെ കൂടെ അവിടെ കാണുന്നതോടെ ഇനി അവിടെ നിന്നിട്ട് കാര്യമില്ലെന്ന് ജിമ്മിക്ക് തോന്നി. തന്നിലെ കള്ളനെ ഒരിക്കലും തന്റെ കാമുകി സ്വീകരിക്കില്ല എന്നവന്‍ വിശ്വസിച്ചു. എന്നാല്‍ ഒരു കള്ളനെന്ന നിലയില്‍ നിന്നും ഒരു നല്ല മനുഷ്യനാ‍യി അവന്‍ മാറി എന്ന് മനസിലാക്കുന്ന പോലീസ് ഓഫിസര്‍ അവനെ വെറുതെ വിടുന്നിടത്ത് കഥ അവസാനിക്കുന്നു.

The Duplicity of Hargraves ദക്ഷിണ അമേരിക്കയിലെ ഒരു കേണലിന്റെ കഥയാണ്. ദരിദ്രനായ കേണലും മകളും ഒരുമിച്ച് ഒരു അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്നു. തന്റെ പഴയ പ്രതാപകാലത്തെക്കുറിച്ച് കേണലിന് ഭയങ്കര അഭിമാനമാണ്. ലോകത്തിലേക്കും ഏറ്റവും മികച്ച സംസ്കാരമാണ് തന്റേതെന്നും പുതിയ തലമുറയിലെ ആളുകള്‍ അതൊന്നും മനസിലാക്കാതെ പുതിയലോകത്തിന് പിന്നാലെ ഓടുന്നു എന്നൊക്കെയാണ് കേണലിന്റെ വാദം. ഇടയ്ക്കിടെ അപ്പാര്‍ട്ട്മെന്റിലെ മറ്റ് താമസക്കാരോട് തന്റെ പഴയ കാലത്തെക്കുറിച്ച് വീമ്പ് പറയുന്നതും കേണലിന്റെ സ്വഭാവമാണ്. ഭൂരിഭാഗം ആളുകളും ഈ കഥകളെ ചിരിച്ച് തള്ളിയപ്പോള്‍ ഒരു നാടകക്കാരനായ യുവാവ് മാത്രം അതെല്ലാം അതീവ താത്പര്യത്തോടെ കേട്ടിരിക്കുകയും ഇടയ്ക്കിടെ സംശയങ്ങളൊക്കെ ചോദിക്കുകയും ചെയ്യുമായിരുന്നു. ഇതിനാല്‍ കേണലിന് അയാളോട് ഒരു പ്രത്യേക സ്നേഹമായിരുന്നു. തന്റെ അതിസാഹസിക കഥകള്‍ കേണല്‍ ആ യുവാവിനോട് മാത്രമായി പറയുകയും ചെയ്തു. തന്റെ കരിയറില്‍ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ലാത്ത ആ യുവാവ് തന്റെ പുതിയ നാടകത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടിയാണ് കേണലുമായി അടുത്തിടപഴകിയതും മറ്റും. തമാശക്കാരനും പൊങ്ങച്ചക്കാരനുമായ ആ കേണലിന്റെ കഥാപാത്രം യുവാവിനെ ഒറ്റരാത്രി കൊണ്ട് പ്രശസ്തനാക്കുന്നു. എന്നാല്‍ തന്നെ വഞ്ചിച്ച യുവാവിനോട് കേണലിന് അടക്കാനാവാത്ത വെറുപ്പാണുണ്ടാകുന്നത്. ഇത് യുവാവിനെ വിഷമിപ്പിക്കുന്നു. പണമില്ലാതെ അപ്പാര്‍ട്ട്മെന്റ് വിടേണ്ട ഒരവസ്ഥയില്‍ യുവാവ് കേണലിനെ സഹായിക്കാന്‍ തയ്യാറാകുന്നുവെങ്കിലും അദ്ദേഹം അതിന് സമ്മതിക്കുകയില്ല. ഒടുവില്‍ യുവാവ് വീണ്ടുമൊരിക്കല്‍ കൂടി വേഷം മാറി കേണലിനെ സഹായിക്കുന്നു, അദ്ദേഹം പോലുമറിയാതെ. തന്നെ ഒരു കഥാപാത്രമാക്കുന്നത് അതിയായ ആഹ്ലാദത്തോടെ സ്വീകരിക്കുന്ന ഉത്തര അമേരിക്കന്‍ സംസ്കാരമാണ് യുവാവിനെ കേണലിന്റെ വേഷം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ കേണലാകട്ടെ, തന്റെ പഴയ സംസ്കാരത്തിനനുസരിച്ച് അത് ഏറ്റവും വലിയ അപമാനമായി കാണുന്നു.

കുട്ടികള്‍ക്കായി “ഈസി റീഡിങ്ങ്” എന്ന് പേരിട്ട് ഓറിയന്റ് ലോങ്മാന്‍ ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. വില 67 രൂപ.