14 നവംബർ 2009

പേടിക്ക് 20 വയസ്സ്..!





ബോളര്‍മാരുടെ പേടിക്ക് 20 വയസ്സ്..!

ഒരിക്കലും മറക്കാനാവാത്തത് :

ഷാര്‍ജ - ഓസീസിനെതിരെ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ - ഒന്ന് ടീമിനെ ഫൈനലില്‍ എത്തിക്കാനും, അടുത്തത് കപ്പ് നേടാനും.. ഇതിനു ശേഷം ഷെയ്ന്‍ വോണ്‍ സച്ചിനെ പേടിച്ച് ഉറങ്ങാതിരുന്നിട്ടുണ്ട് എന്നൊരു കഥ കേള്‍ക്കുന്നു..!

ഷാര്‍ജ - ഹെന്‍‌റി ഒലോങ്കയുടെ അഹങ്കാരം തീര്‍ത്ത “തല്ല്”.. അന്ന് വിരമിച്ച ഒലോങ്ക പിന്നെ മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും കളി തുടങ്ങിയത്. അതിനു ശേഷം ഇന്ത്യയില്‍ പരമ്പരയ്ക്കെത്തിയ കക്ഷിയെ വീണ്ടും “കൈകാര്യം ചെയ്ത്“ എന്നന്നേക്കുമായി ഗ്രൌണ്ടില്‍ നിന്നും ഓടിച്ചു!

2003 ലോകകപ്പ് - പാകിസ്ഥാനുമായുള്ള മത്സരം. അക്തറിനും വാഖറിനും കണക്കിനു കൊടുത്തു. അന്നൊരു സെഞ്ച്വറി കിട്ടിയില്ല എന്നത് ഇന്നും സങ്കടമുണ്ടാക്കുന്നു. ഇടയ്‌ക്ക് കാലില്‍ പേശിവലിവ് വന്നിരുന്നു. അതുകൊണ്ട് മാത്രം അന്ന് അവന്മാര്‍ കൂടുതല്‍ വാങ്ങാതെ രക്ഷപ്പെട്ടു..

1993 ഹീറോ കപ്പ് (വര്‍ഷം കൃത്യമാണൊ എന്നോര്‍മ്മയില്ല) - വെസ്റ്റ് ഇന്റീസുമായുള്ള മത്സരത്തില്‍ അടിച്ചു തകര്‍ത്തിരുന്ന ബ്രയാന്‍ ലാറയെ ബോള്‍ഡ് ആക്കിയത്. സ്റ്റമ്പ് കറങ്ങി കറങ്ങി പോയത് ഇപ്പോഴും ഓര്‍ക്കുന്നു. അത് പോലെ സൌത്ത് ആഫ്രിക്കയുമായുള്ള കളി. അവസാന ഓവറില്‍ ജയിക്കാന്‍ 6 റണ്‍സ് വേണ്ടപ്പോള്‍, അതും ബ്രയാന്‍ മക്മില്ലനെ പോലെ അപകടകാരിയായ ഒരു ഓള്‍‌റൌണ്ടര്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍ അസറിന് തന്റെ ബോളര്‍മാരെക്കാള്‍ വിശ്വാസം സച്ചിനെയായിരുന്നു. ആ വിശ്വാസം സച്ചിന്‍ കാത്തു..

കൊച്ചി - കേരളത്തില്‍ സച്ചിന്റെ ഒരു മിന്നുന്ന ബാറ്റിങ്ങ് കാണാന്‍ കാത്തിരുന്ന മലയാളികളെ നിരാശരാക്കി സച്ചിന്‍ നേരത്തെ പുറത്തായി. എന്നാല്‍ ഓസ്ട്രേലിയയ്‌ക്കെതിരെ നടന്ന ആ കളിയില്‍ സച്ചിന്‍ ഇന്ദ്രജാലം ബോള്‍ കൊണ്ട് കാണിച്ചു - 5 വിക്കറ്റ്!

സി.ബി. സീരിസ് - ഓസ്‌ട്രേലിയയെ തോല്‍‌പിക്കുക തന്നെ പ്രയാസം. അവരെ അവരുടെ മണ്ണില്‍ തോല്‍‌പിക്കുക എന്നത് അതിലേറെ പ്രയാസം. രണ്ട് ഫൈനലുകളിലും ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണായി നിന്ന് കപ്പ് നേടി തന്നത്..

ഹൈദരബാദ് - 350 എന്ന ഭീമന്‍ ടോട്ടലിന് മുന്നില്‍ പതറാതെ നിന്ന് പൊരുതി, 175 റണ്‍സും നേടി. ജയിക്കാന്‍ വേണ്ടതില്‍ പകുതി റണ്‍സ്. ബാക്കി പകുതി നേടാന്‍ പത്ത് പേര്‍ ഉണ്ടായിട്ടും നടന്നില്ല.. ജയിക്കാന്‍ വെറും 17 പന്തും 18 റണ്‍സും മാത്രം അകലെ അന്ന് സച്ചിന്‍ പുറത്താകുമ്പോഴും ഞാന്‍ വിശ്വസിച്ചിരുന്നു, ബാക്കിയുള്ളവര്‍ ഈ ജയം സച്ചിന് വേണ്ടി നേടിയെടുക്കുമെന്ന്..

ഇരുപത് വര്‍ഷമായി ഈ മനുഷ്യന്‍ ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കുന്നു. 2011 ലോകകപ്പ് നേടാന്‍ സച്ചിന്‍ എന്തായാലും പൊരുതും. ടീമിലെ ബാക്കി 13 പേരും കൂടെ നിന്നാല്‍ മതിയായിരുന്നു..

5 അഭിപ്രായങ്ങൾ:

  1. ബോളര്‍മാരുടെ പേടിക്ക് 20 വയസ്സ്..!

    ഞാന്‍ ആദ്യമായി ഒരാളുടെ ഫാന്‍ ആയത് ഈ മഹാനായ കളിക്കാരന്റെ ആണ്.. ക്രിക്കറ്റ് കണ്ട് തുടങ്ങിയ കാലം തൊട്ടുള്ള ഇഷ്ടം ഇന്നും നിലനില്‍‌ക്കുന്നു, ഒരല്പം പോലും കുറയാതെ.. ഇനിയൊരല്പം കൂടിയിട്ടുണ്ടെങ്കിലെ ഉള്ളൂ..!

    മറുപടിഇല്ലാതാക്കൂ
  2. ഉചിതമായ പോസ്റ്റ്, ബാലൂ... നന്നായി.

    1993 ഹീറോ കപ്പ് തന്നെ. പക്ഷേ അന്ന് ദക്ഷിണാഫ്രിക്കയുമായുള്ള ഫൈനലില്‍ അവസാന ഓവറില്‍ 6 റണ്‍സ് മാത്രം വേണ്ടപ്പോള്‍ ആരെ പന്തേല്‍പ്പിയ്ക്കണം എന്ന് സംശയിച്ചു നിന്ന അസ്‌ഹറിനോട് അന്ന് സച്ചിന്‍ പന്ത് ചോദിച്ചു വാങ്ങുകയായിരുന്നു എന്നാണ് അറിവ്. (അവസാന ഓവറില്‍ വെറും 3 റണ്‍സ് മാത്രം വിട്ടു കൊടുത്ത് സച്ചിന്‍ അന്ന് ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്തു)

    1998ല്‍ ഓസീസിനെതിരെ ഷാര്‍ജയില്‍ കളിച്ച ആ കളിയ്ക്ക് സമാനമായി പറയാന്‍ വേറെ എന്തുണ്ട്?

    സമയം കൊട്ടുമ്പോള്‍ ദാ ഇവിടെ ഒന്ന് പോയി നോക്കൂ...

    ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായ ആ മഹാപ്രതിഭയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...

    മറുപടിഇല്ലാതാക്കൂ
  3. പേടിക്ക് 25 വയസ്സ് ആവും... ഉറപ്പ്.

    മറുപടിഇല്ലാതാക്കൂ
  4. പേടി ബൌളര്‍മാര്‍ക്കു മാത്രമോ! പണ്ടൊക്കെ ഇന്ത്യയുടെ കളി കണ്ടോണ്ടിരുന്നതേ പേടിച്ചിട്ടാണ്, സച്ചില്‍ ഔട്ടാവുമോ ഔട്ടാവുമോ എന്ന പേടി... സച്ചിന്‍ പോയാല്‍ തീര്‍ന്നു എന്നായിരുന്നല്ലോ ഇന്ത്യയുടെ അവസ്ഥ. ആസ്ട്രേലിയയുമായുള്ള ഷാര്‍ജയിലെ കളിയൊക്കെ മുള്ളില്‍ നിന്നാണു കണ്ടത്. :-)
    --

    മറുപടിഇല്ലാതാക്കൂ
  5. ശ്രീയേട്ടാ, കമന്റിന് നന്ദി. ലിങ്കില്‍ പോയിരുന്നു. ആ പോസ്റ്റും കലക്കി. എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന പ്രകടനങ്ങള്‍ തന്നെയാണ് മറ്റ് പലരും ടീമില്‍ വന്ന് പോയിട്ടും 20 വര്‍ഷമായി സച്ചിന്‍ എങ്ങും പോകാതെ നില്‍ക്കുന്നത്..

    കുമാരേട്ടാ, പേടിക്ക് ഒരു 50 വയസ്സ് ആയാലും നോ പ്രോബ്ലം!

    ഹരീഷേട്ടാ, ആ പറഞ്ഞത് ശരിയാ.. ഷാര്‍ജയില്‍ അന്ന് ഡാമിയന്‍ മാര്‍ട്ടിന്‍ ഒരു ക്യാച്ചൂരി അത് 4 ആയിരുന്നു.. അപ്പോള്‍ ടോണി ഗ്രെഗ് കമന്ററി പറഞ്ഞതൊക്കെ ഇപ്പോഴും ചെവിയിലുണ്ട്.. പുള്ളിക്കാരന്‍ വരെ അന്ന് മുള്ളില്‍ നിന്നാ കളി കണ്ടത്.. പിന്നെയാണോ നമ്മള് ഇന്ത്യാക്കാര്‍..!

    മറുപടിഇല്ലാതാക്കൂ