08 ജൂലൈ 2012

പ്രഫഷനല്‍രാവിലത്തെ കുളി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ കണ്ണ് നേരെ പോയത് ക്ലോക്കിലേക്കാണ്. സമയം 8 മണി കഴിഞ്ഞ് 17 മിനിറ്റുകള്‍. ഓ.. താമസിച്ചു. ഞാന്‍ മനസില്‍ ഓര്‍ത്തു. രാവിലത്തെ പതിവ് നടത്തവും അതിനു ശേഷമുള്ള പത്രം വായനയും ഒക്കെ കഴിഞ്ഞ് കുളിച്ചിറങ്ങിയപ്പോള്‍ ഈ നേരമായി. ഇന്ന് ഞായറാഴ്‌ച ആയത് കൊണ്ട് എല്ലാം ഇത്തിരി പതുക്കെയായിരുന്നു എന്ന് വേഷം മാറുമ്പോള്‍ ഞാന്‍ ഓര്‍ത്തു.

“അച്‌ഛാ..” താഴത്തെ മുറിയില്‍ നിന്നും മകളുടെ വിളി.

“എന്താ മോളേ?” തല ചീവുന്നതിനിടയില്‍ ഞാന്‍ വിളിച്ചു ചോദിച്ചു.

“അച്‌ഛന്റെ ഫോണില്‍ ഏതോ ഒരു മോഹന്‍ കുമാര്‍ വിളിച്ചാരുന്നു..” അവള്‍ ഫോണുമായി എന്റെയടുത്തെത്തി പറഞ്ഞു.

“ഭഗവാനേ.. അങ്ങേര് നേരത്തെ വിളിച്ചല്ലോ..” അവളുടെ കൈയ്യില്‍ നിന്നും ഫോണും തട്ടിയെടുത്ത് ഞാന്‍ വേഗം പടികളിറങ്ങി. നേരെ ചെന്ന് സ്‌കൂട്ടറിന്റെ താക്കോല്‍ എടുത്ത് ഇറങ്ങി, അതിന്റെയൊപ്പം ഭാര്യയോട് വിളിച്ച് പറഞ്ഞു - “എടോ.. ഞാനിറങ്ങുവാ..”

കഴിച്ചിട്ട് പോ എന്ന് അവള്‍ അടുക്കളയില്‍ നിന്ന് പറഞ്ഞതിന് വന്നിട്ട് മതി എന്ന് മറുപടി കൊടുക്കവേ ഞാന്‍ വണ്ടി സ്റ്റാര്‍‌ട്ട് ചെയ്‌തു.

പിന്നേ.. കഴിച്ചിട്ട് പോകാന്‍. അങ്ങേര് അയാളുടെ പാട്ടിന് പോകും. വണ്ടി ഓടിക്കവേ ഞാനോര്‍ത്തു. അളിയനോട് രാവിലെ മോഹനേയും കൂട്ടി എത്തുമെന്ന്  ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇനി ഇന്ന് പറ്റിയില്ലെങ്കില്‍ പിന്നെ എപ്പോ നടക്കുമെന്ന് കണ്ടറിയണം. ഇത് വല്ലതും എന്റെ പ്രിയ പത്നിക്ക് പറഞ്ഞാല്‍ മനസിലാകുമോ? ഇനി അഥവാ കാര്യം നടന്നില്ലെങ്കിലോ, അപ്പോഴും കുറ്റം നമുക്ക് തന്നെയായിരിക്കും. സമയത്ത് ഒരു കാര്യം ചെയ്‌തില്ലാന്ന് പറയും..!

പാലത്തിനടുത്തുള്ള ഇടവഴിയോട് ചേര്‍ന്ന് മോഹന്‍ നിന്നിരുന്നു. ഞാന്‍ അയാള്‍ക്കരികിലേക്ക് വണ്ടി നിര്‍ത്തി.

“എന്ത് പണിയാ സാറേ.. നിങ്ങള്‍ ലേറ്റാണല്ലോ..” നിര്‍ത്തിയപാടെ മോഹന്‍ പരാതി തുടങ്ങി.

“എട്ടര മണീന്നല്ലേ ഞാന്‍ പറഞ്ഞേ? ദേ എട്ടര ആവുന്നേ ഉള്ളൂ.. മോഹന്‍ കയറ്” അയാള്‍ വേഗം സ്‌കൂട്ടറിന് പിന്നില്‍ കയറി. ഞങ്ങള്‍ അളിയന്റെ വീട്ടിലേക്ക് യാത്ര തുടങ്ങി.

“എന്നെ 9 മണിക്ക് ഫ്രീ ആക്കണം” മോഹന്‍ പിന്നിലിരുന്ന് പറഞ്ഞു.

“അതെങ്ങനാ? ഇപ്പോ തന്നെ എട്ടര കഴിഞ്ഞു. അവിടെത്താന്‍ വേണം ഒരു 15-20 മിനിറ്റ്. പിന്നെങ്ങനാ?”

“ഓ.. പ്രശ്‌നമാകുമല്ലോ.. എത്ര മണിക്ക് ഫ്രീ ആകാം?”

“ഒരു ഒമ്പതര?”

“ഒമ്പതരയോ?? മതി മതി. വണ്ടി നിര്‍ത്ത്. പിന്നെങ്ങാനും പോകാം.”

“എടോ.. സമാധാനപ്പെട്.. ഒമ്പതേകാല്.. പോരെ?”

“ഒമ്പത് മണീ.. നടക്കത്തില്ലേ?”

“ഞാന്‍ പറഞ്ഞില്ലേ മോഹന്‍? ഒമ്പതര എങ്കിലും ആവും”

“ഇപ്പോ ഒമ്പതേകാലെന്ന് പറഞ്ഞതോ?”

“ഒമ്പതേകാലെങ്കില്‍ ഒമ്പതേകാല്.. അതിനപ്പുറം പോകില്ല. പോരെ?”

“മ്..മ്.. അത് മതി. വേഗം വിട്.. വേഗം വിട്”

ഞാന്‍ ഒരല്‍‌പം കൂടെ വേഗത കൂട്ടി. 10-20 മിനിറ്റിനകം ഞങ്ങള്‍ അളിയന്റെ വീട്ടിലെത്തി.

“മോഹന്‍ അങ്ങോട്ട് ചെല്ല്.. ഞാന്‍ അളിയനേം കൂട്ടി വരാം” വണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു.

ഭാര്യേടെ രണ്ടാമത്തെ ചേട്ടന്റെ വീട്ടിലാണ് ഇപ്പോള്‍ ഞാന്‍ മോഹനേയും കൂട്ടി എത്തിയിരിക്കുന്നത്. കക്ഷി കുറെക്കാലം അഹമ്മദബാദില്‍ ആയിരുന്നു. റിട്ടയര്‍ ആയപ്പോള്‍ നാട്ടില്‍ സെറ്റില്‍ ചെയ്‌ത് എന്തെങ്കിലും ബിസിനസ് തുടങ്ങണം എന്ന ചിന്തയുമായി ഇങ്ങ് പോന്നു. ഭാര്യ ഇപ്പോഴും അവിടെയാണ്. ചേടത്തിക്ക് ഇനിയും രണ്ട് കൊല്ലം സര്‍വീസ് ഉണ്ട്. നാട്ടിലേക്ക് ട്രാന്‍‌സ്‌ഫര്‍ ശ്രമിക്കുന്നു. അളിയന്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി നാട്ടില്‍ തന്നെ അങ്ങ് കൂടുന്നു.

ഞാന്‍ വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ കക്ഷി ചപ്പാത്തി പരത്തുകയായിരുന്നു.

“രാവിലെ ചപ്പാത്തിയാണല്ലേ?” ഞാന്‍ ഒരു കുശലം ചോദിച്ച് അകത്തേക്ക് ചെന്നു.

“ആഹ്.. നീ എത്തിയോ? ദോശയായിരുന്നു മനസില്‍. പക്ഷെ ചമ്മന്തി ഉണ്ടാക്കാന്‍ തേങ്ങയില്ല. പിന്നെ ചപ്പാത്തി ആക്കാമെന്ന് വെച്ചു.”

“ശരി ശരി.. പിന്നെ നമ്മുടെ ആളെ കൊണ്ട് വന്നിട്ടുണ്ട്. കേട്ടോ..”

“ഹാവൂ.. രക്ഷപ്പെട്ടു.. എവിടെ?”

“പുറത്തുണ്ട്. വാ” ഞാന്‍ പുറത്തേക്ക് നടന്നു. അളിയന്‍ പിന്നാലെയും.

“രാവിലെ ആരാ വിരുന്നുകാര്?” അയലത്തെ വീട്ടിലെ സദാശിവന്‍ സാര്‍ വിളിച്ച് ചോദിച്ചു.

“അളിയനാണേ.. തേങ്ങയിടാന്‍ ആളേം കൊണ്ട് വന്നതാ” എന്റെ അളിയന്‍ തിരിച്ചും പറഞ്ഞു.

“ഇവിടേം കൂടെ ഒന്ന് വരാന്‍ പറയുവോ?” വീണ്ടും സാറിന്റെ ഉറക്കെയുള്ള വിളി.

“തേങ്ങയിടനാണോ? എന്നാല്‍ ഇവിടെയും കൂടെ ഒന്ന് വരണേ..” ഒരു സ്‌ത്രീ ശബ്‌ദം. മറ്റൊരു അയല്‍‌ക്കാരിയാണ്.

“ഇവിടേം കൂടെ..” വേറെയൊരു അയല്‍ക്കാരന്‍!

“പറ്റൂല്ല..” ഇത്തവണ ശബ്‌ദം മുകളില്‍ നിന്നാണ്.. തെങ്ങിന്റെ മുകളില്‍ നിന്നും മോഹന്റെ ശബ്ദമാണ്.

മറ്റുള്ളവരുടെ മുഖം ഒക്കെ വാടി. സാരമില്ല, നമുക്ക് ശരിയാക്കാം എന്ന രീതിയില്‍ എന്റെ അളിയന്‍ സദാശിവന്‍ സാറിനെ നോക്കി കണ്ണിറുക്കി. എന്നിട്ട് എന്റെ നേരെ ചോദിച്ചു:

“എത്ര കൊടുത്തു?”

“350”

“നാല് തെങ്ങിന് 350 രൂപയോ?”

“ശ്.ശ്.. ദേ പുള്ളി വരുന്നുണ്ട്.. ഒരു തരത്തിനൊക്കെ നിന്നാല്‍ ഇനിയും വരും. അല്ലെങ്കില്‍ തനിയെ കേറി തേങ്ങ ഇടേണ്ടി വരും”

സമയം 9.15 കഴിഞ്ഞിരുന്നു. മോഹന്‍ വന്നതും ധൃതി പിടിക്കാന്‍ തുടങ്ങി. “വേഗം പോണം.. വാ” എന്നോട് പറഞ്ഞു.

“അല്ലാ.. എന്തായാലും ഈ വഴി വന്നില്ലേ? അപ്പുറത്തൊക്കെ ഒന്ന് കേറി തേങ്ങയിട്ടൂടെ..” എന്റെ അളിയന്‍ നയത്തില്‍ ചോദിച്ചു.

“പറ്റൂല്ല സാറെ.. പല സ്ഥലത്തും നമ്മളെ കാത്ത് ആള് നിക്കുവാണ്. അതും അപ്പൊയ്മെന്റ് എടുത്തവര്.. ഇങ്ങനെ നിന്ന് കളയാന്‍ ടൈമില്ലാഞ്ഞിട്ടാണ് സാറേ..” എന്റെ നേരെ തിരിഞ്ഞ് വീണ്ടും - “നോക്കി നിക്കാതെ വണ്ടി എടുക്ക് സാറെ, ഇപ്പഴേ ഞാന്‍ ലേറ്റാ”

അളിയന്‍ എന്നെ അടുത്ത് വിളിച്ച് സ്വകാര്യമായി പറഞ്ഞു, “അളിയോ. ഞാനീ പ്രഫഷന്‍ സ്വീകരിച്ചാലോ എന്നാലോചിക്കുവാ.. എന്താ ഇതിന്റെ ഡിമാന്‍ഡ്.. എന്താ ഇയാളുടെ സാലറീ.. എന്ത് പറയുന്നു??”

എനിക്ക് എന്തെങ്കിലും ഉത്തരം പറയാന്‍ കഴിയുന്നതിന് മുമ്പേ മോഹന്‍ കുമാര്‍ എന്നെ വീണ്ടും വിളിച്ചു. പിന്നെ വരാമെന്ന് പറഞ്ഞ് ഞാന്‍ നേരെ വണ്ടിയുടെ അടുത്തേക്ക് നടന്നു. മോഹന്‍ കുമാര്‍ എന്ന പ്രഫഷനല്‍  അവിടെ എനിക്ക് വേണ്ടി അക്ഷമയോടെ കാത്ത് നിന്നിരുന്നു..