വീണ്ടുമൊരു പുതിയ വര്‍ഷം കൂടെ വരവായി. കഴിഞ്ഞ കൊല്ലം “ദാ..”ന്ന് പറയുന്നതിന് മുമ്പ് അങ്ങ് തീര്‍ന്നു പോയ പോലെ. പതിവു പോലെ ഒരു വാര്‍ഷിക കണക്കെടുപ്പിന് സമയമായിരിക്കുന്നു. നല്ലതെത്ര, മോശമെത്ര എന്ന കണക്കുകള്‍ നോക്കി പറയാം 2009 കൊള്ളാമായിരുന്നോ അതോ കൂതറയായിരുന്നോ എന്ന്.
തുടക്കം കഴിഞ്ഞ ന്യൂ ഇയറില്‍ നിന്നു തന്നെയാവാം. കഴിഞ്ഞ കൊല്ലം ചില കഠിന തീരുമാനങ്ങള്‍ എടുത്തിരുന്നു. അതില്‍ എന്തൊക്കെ പ്രാവര്‍ത്തികമാക്കി എന്ന് നോക്കട്ടെ..
1. ഇനി മുതല്‍ എല്ലാ ദിവസവും കുളിച്ച ശേഷമേ ആഹാരം കഴിക്കൂ.. - ഒരു നാലു മാസം നല്ല സുന്ദരമായി ഈ പദ്ധതി മുന്നോട്ട് കൊണ്ട് പോയി. അതിനു ശേഷം എനിക്ക് ജോലി കിട്ടി. ജോലിയുടെ സമയം എന്റെ സകല ശീലങ്ങളും മാറ്റി. പിന്നെയാ രാവിലത്തെ കുളി! ലഞ്ച് 12 മണിക്ക് കഴിക്കണം. എന്നിട്ടാണ് ഓഫീസില്‍ പോക്ക്. അതിന് ബ്രേക്ക്ഫാസ്റ്റ് മിനിമം 9 മണിക്കെങ്കിലും കഴിക്കണ്ടേ? വേണം. ആ നേരത്ത് ഞാന്‍ കിടക്കയില്‍ നിന്നും പൊങ്ങുന്നതെ ഉണ്ടാവൂ. പല്ലുതേപ്പും പരിപാടികളും കഴിഞ്ഞ് ഒമ്പതേകാലിന് മുമ്പ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ നോക്കണോ അതോ കുളിക്കണോ? എല്ലാം ആരോഗ്യത്തിന് വേണ്ടിയല്ലേ? അത് കളഞ്ഞിട്ട് കാലത്ത് കുളിക്കണം എന്നൊക്കെ പറഞ്ഞാല്‍ നടക്കുന്ന കാര്യമാണോ? നിങ്ങള്‍ തന്നെ പറ!
2. ഡ്രൈവിങ്ങ് പഠിക്കും. ഇനിയും വൈകിയാല്‍ ശരിയാവില്ല. ഈ കൊല്ലം അവസാനിക്കുമ്പോള്‍ ഞാന്‍ ഡ്രൈവിങ്ങ് പഠിച്ച് കഴിഞ്ഞിരിക്കും. - ജൂണ്‍ മാസം 16ന് ലൈസന്‍സ് വാങ്ങി പോക്കറ്റിലിട്ടു. അത്യാവശ്യം സ്കൂട്ടര്‍ ഓടിക്കാം. കാറും ഓടിച്ചു. ബൈക്ക് ഇതു വരെ ഓടിച്ചില്ല.
3. ഡയറി എഴുത്ത് തുടരും. - 2008-ല്‍ തുടങ്ങിയ പരിപാടിയാണ് ഡയറി എഴുത്ത്. 2009-ലെ 365 ദിവസവും എഴുതണം എന്ന് വിചാരിച്ചതാണ്. എന്നാല്‍ ചില ദിവസങ്ങളില്‍ എഴുതിയില്ല. പ്രത്യേകിച്ച് ഒന്നും എഴുതാനില്ലായിരുന്നു.
4. ബുക്ക് വായിക്കും. കോളേജ് ലൈബ്രറിക്ക് നന്ദി. ഇനി അവിടുന്ന് പുറത്തിറങ്ങിയാലും ബുക്കുകള്‍ വാങ്ങി വായിക്കാന്‍ ശ്രമിക്കും. - ഇവിടെ പണി കിട്ടി. ഈ കൊല്ലം മേടിച്ചത് ആകെ രണ്ട് ബുക്കുകള്‍. ചേതന്‍ ഭഗത്തിന്റെ 2 സ്റ്റേറ്റ്സ്, ടി.പി. രാജീവന്റെ പാലേരിമാണിക്യം. അതില്‍ പാലേരിമാണിക്യം മുഴുവന്‍ വായിച്ചില്ല. സിനിമ കാണാന്‍ വേണ്ടി വായന പകുതിക്ക് നിര്‍ത്തി. 2 സ്റ്റേറ്റ്സ് വായിച്ചു. കൊള്ളാം. അത് കൂടാതെ ഓ. ഹെന്‍റി കഥകള്‍ (അത് പോസ്റ്റുമാക്കി), ഒരു സങ്കീര്‍ത്തനം പോലെ, ക്യാമ്പസ് ഓര്‍മ്മകളുടെ പുസ്തകം എന്നിവയും വായിച്ചു.
5. വായിക്കുന്ന ബുക്കുകളെ കുറിച്ച് ബ്ലോഗില്‍ എഴുതും. - വിജയകരമായി ഒരെണ്ണം പോസ്റ്റാക്കി. ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവല്‍ വായിച്ചിട്ട് അതിനൊരാസ്വാദനം എഴുതാന്‍ ആവാതെ ഞാന്‍ പകച്ചു നിന്നു! ക്ലാസ് നോവല്‍ ആയിരുന്നു. 2 സ്റ്റേറ്റ്സ് റിവ്യൂ എഴുതാന്‍ മടിയായിരുന്നു.
6. സിഗററ്റ് വലി, കള്ളുകുടി തുടങ്ങിയ ദുഃശീലങ്ങളില്‍ നിന്നും ഇത്ര നാള്‍ വിട്ടു നിന്നത് പോലെ ഇനിയും വിട്ടു നില്‍ക്കും. - വിട്ടു നിന്നു. വലിയും കുടിയും ആരോഗ്യത്തിനും പോക്കറ്റിനും ഹാനീകരം!
7. പാചകം പഠിക്കാന്‍ ചിലപ്പോ ശ്രമിച്ചേക്കും. - ഏടത്തിയമ്മ നല്ല ഒന്നാന്തരം ഭക്ഷണം തരുമ്പോള്‍ ഞാനായിട്ട് എന്തിനാ വേണ്ടാത്ത പണിക്ക് പോകുന്നത്? പാചകം അവസരം വരുമ്പോള്‍ പഠിക്കും. അത്ര തന്നെ!
2009 എന്നെ സംബന്ധിച്ച് വളരെ നല്ലൊരു വര്‍ഷമായിരുന്നു. എന്റെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ആദ്യമായി സംഭവിച്ച വര്‍ഷം.
തലയില്‍ തൊപ്പി വെച്ച് കറുത്ത കോട്ടൊക്കെ ഇട്ട് എന്റെ അമ്മാവന്‍ ഡിഗ്രി സെര്‍ട്ടിഫിക്കറ്റ് പിടിച്ച് നില്‍ക്കുന്ന ഒരു ഫോട്ടൊ ഉണ്ട് വീട്ടില്‍. ഈ 2009 മാര്‍ച്ച് 30ന് ഞാനും ഇട്ടു ഒരു കറുത്ത കോട്ടും തൊപ്പിയും. തൊപ്പിയൂരി ആകാശത്തേക്ക് പറത്തി എറിഞ്ഞ് ഒരു എം.ബി.എക്കാരനായി.
ആ ചടങ്ങ് നടക്കുന്നതിനു മുമ്പ് തന്നെ ഒരു ജോലിയും കൈയ്യിലായിരുന്നു. എന്റെ ആദ്യത്തെ ജോലി. മാര്‍ച്ച് 16ന് ആയിരുന്നു ഇന്റര്‍വ്യൂ. ഏപ്രില്‍ 27-ന് ഔദ്യോഗിക ജീവിതം ആരംഭിച്ചു. കൃത്യം ഒരു മാസവും 4 ദിവസവും കഴിഞ്ഞപ്പോള്‍, ആദ്യ ശമ്പളവും കൈയ്യില്‍ കിട്ടി. സോറി, ശമ്പളം അക്കൌണ്ടില്‍ ആണ് വീണത്.
ഈ കിട്ടിയ ഒരുമാസത്തില്‍ ആണ് ഞാന്‍ ഡ്രൈവിങ്ങ് എന്ന കടമ്പ കടന്നു കൂടിയത്. ഏപ്രില്‍ ഒന്നാം തീയതി ആണ് ഡ്രൈവിങ്ങ് ക്ലാസിന് ചേര്‍ന്നത് (നല്ല ബെസ്റ്റ് ദിവസം!). ആദ്യത്തെ ദിവസം തന്നെ ആശാന്‍ എന്നെകൊണ്ട് വണ്ടി ദേശിയപാതയില്‍ ഓടിപ്പിച്ചു. ഞാന്‍ സത്യത്തില്‍ സ്റ്റീയറിങ്ങ് പിടിച്ചു എന്നേ ഉള്ളു. ബാക്കിയെല്ലാം പുള്ളിയാണ് ചെയ്തത്. അധികം ഓടിപ്പിച്ചില്ല. പോയി ലേണേഴ്‌സ് എടുത്തോണ്ട് വരാന്‍ പറഞ്ഞു. പറഞ്ഞതിലും നേരത്തെ ഓഫീസില്‍ ജോയിന്‍ ചെയ്യേണ്ടി വന്നത് കൊണ്ട് ക്ലാസ് ഇടയ്ക്ക് ഒന്ന് മുറിഞ്ഞു. എങ്കിലും തട്ടീം തടഞ്ഞും ഞാന്‍ പഠിച്ചെടുത്തു. ജൂണ്‍ 16ന് മാന്യമായി ടെസ്റ്റ് എടുത്ത് ലൈസന്‍സും മേടിച്ചു.
ഇതിനിടയില്‍ ഒരു ഐതിഹാസികമായ കാത്തിരിപ്പിനൊടുവില്‍ എനിക്ക് പാസ്‌പോര്‍ട്ട് കിട്ടുകയുണ്ടായി. 2008-ല്‍ അപേക്ഷിച്ചെങ്കിലും സംഭവം കൈയ്യില്‍ കിട്ടാന്‍ 2009 മാര്‍ച്ച് ആവേണ്ടി വന്നു. എന്റെ തിരുവനന്തപുരം ജീവിതം അന്വേഷിക്കാന്‍ എത്തിയ പോലീസേമാനെ വേണ്ട വിധം സന്തോഷിപ്പിക്കാഞ്ഞത് കൊണ്ടാവാം ഈ താമസം എന്ന് കരുതുന്നു. എനിക്കപ്പോ പാസ്‌പോര്‍ട്ട് കിട്ടിയിട്ട് വലിയ അത്യാവശ്യം ഒന്നും ഇല്ലായിരുന്നു. വരുമ്പോ മതി എന്ന മട്ട്. കുറച്ച് കാത്തിരുന്നെങ്കിലും, രണ്ടു മൂന്ന് തവണ പാസ്‌പോര്‍ട്ട് ഓഫീസില്‍ പോയി ക്യൂ നില്‍ക്കേണ്ടി വന്നെങ്കിലും വിഷമമില്ല. അത് കൈയ്യില്‍ കിട്ടിയപ്പോള്‍ ഒരുപാട് സന്തോഷിക്കുകയും ചെയ്തു.
ഡ്രൈവിങ്ങ് പഠിച്ചു, സ്കൂട്ടര്‍ ഓടിച്ചു എന്നൊക്കെ പറഞ്ഞല്ലോ. അതിന്റെയൊപ്പം മറ്റൊന്ന് കൂടി സാധിച്ചെടുത്തു. സ്വന്തമായി ഒരു ആക്സിഡന്റ്. അത്ര വലിയ സംഗതി ഒന്നുമല്ലാന്നേ. വീട്ടില്‍ നിന്നും വണ്ടി ഇറക്കികൊണ്ട് പോയ വഴിയില്‍ അവിടെ ഒരു വേലിയുടെ അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന സൈക്കിളിന് ഒരു തട്ട് കൊടുത്തു. വണ്ടിയുടെ സൈഡില്‍ കുറച്ച് പെയിന്റ് പോയി. സൈക്കിള്‍ മറിഞ്ഞും വീണു. ഹെല്‍മെറ്റ് വെച്ചത് കൊണ്ട് എനിക്കൊന്നും പറ്റിയില്ല! നിര്‍ത്തിയിട്ട സൈക്കിളില്‍ കൊണ്ട് പോയി വണ്ടി എന്തിന് ഇടിപ്പിച്ചു എന്നൊന്നും ചോദിക്കരുത്. അതൊക്കെ ഒരുപാട് വലിയ കഥയാണ്. കുറച്ച് ഫിസിക്സ് ഒക്കെ ചേര്‍ത്ത് പറഞ്ഞാലെ മനസിലാവൂ..
കഴിഞ്ഞ ഒരു 10-12 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഒരു വര്‍ഷം ഞാന്‍ പത്തില്‍ കൂടുതല്‍ മലയാളം സിനിമ തീയറ്ററില്‍ പോയി കാണുന്നത്. ഈ കൊല്ലം ഇറങ്ങിയ 15 മലയാളം സിനിമകളാണ് തീയറ്ററില്‍ പോയി കണ്ടത്. അതും പോരാഞ്ഞ് ദേവ് ഡി, ദില്ലി 6, ഷൂട്ട് ഓണ്‍ സൈറ്റ് (നസിരുദ്ദീന്‍ ഷായെ കണ്ട് കയറിയതാണ്.. എന്റമ്മേ!), അജബ് പ്രേം കി ഖസബ് കഹാനി, പിന്നെ ഹോളിവുഡില്‍ നിന്നും ഏയിഞ്ചല്‍സ് & ഡീമണ്‍സ് എന്നിവയാണ് തീയറ്ററില്‍ കണ്ടത്. അല്ലാതെ കണ്ടതിന്റെ ലിസ്റ്റ് നോക്കിയാല്‍ വീണ്ടും നീളും. ഏതായാലും 2008 പോലെ മലയാളം സിനിമ എന്നെ ചതിച്ചില്ല. കണ്ട ഭൂരിഭാഗം സിനിമകളും എനിക്കിഷ്ടപ്പെട്ടു.
സിനിമയുടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്. ഓഫീസില്‍ ഒരു സ്കിറ്റിന് വേണ്ടി ഞാന്‍ സ്റ്റേജില്‍ കയറി. അതൊരു ചരിത്ര സംഭവമാണ്. എന്നാല്‍ അതിലും എന്നെ സന്തോഷിപ്പിക്കുന്ന മറ്റൊരു സംഗതി ആ സ്കിറ്റിലൂടെ നടന്നു. ഞങ്ങള്‍ സ്കിറ്റ് റെക്കോഡ് ചെയ്യാന്‍ പോയി. സിനിമയിലും ടീവിയിലും മാത്രമാണ് കണ്ണാടിക്കൂട്ടിനുള്ളില്‍ നിന്നും ഹെഡ് ഫോണ്‍ ഒക്കെ ചെവിയില്‍ വെച്ച് സംസാരിക്കുന്നത് കണ്ടിട്ടുള്ളത്. അങ്ങനെയൊരു കാര്യം നേരിട്ട് ചെയ്യാന്‍ കഴിഞ്ഞപ്പോള്‍ ഭയങ്കര സന്തോഷം. എന്റെ ശബ്ദം ഞാന്‍ വിചാരിച്ചത് പോലെയേ അല്ല എന്നും എനിക്ക് മനസിലായി!
ഇതിനിടയില്‍ പൊതു തിരഞ്ഞെടുപ്പ് വന്ന വകയില്‍ “കന്നി വോട്ട്” എന്ന സംഭവം നടന്നു. ആര്‍ക്ക് വോട്ട് ചെയ്തെന്ന് ഞാന്‍ കൊന്നാലും പറയില്ല.
അങ്ങനെ ഒരുപിടി നല്ല കാര്യങ്ങളുമായി ഒരു നല്ല വര്‍ഷമായിരുന്നു 2009. ദുഃഖങ്ങള്‍ ഇല്ല എന്നല്ല. എങ്കിലും സന്തോഷത്തിനിടയ്ക്ക് വെറുതെ എന്തിനാണ് ദുഃഖങ്ങള്‍ കൊണ്ടു വരുന്നത്? പോരാത്തതിന് 2009 തീര്‍ന്നത് പോലും സുന്ദരമായിട്ടാണ്. എല്ലാവര്‍ക്കും കമ്പനി വക ബോണസ് കിട്ടി..! അപ്പോള്‍ 2009 ഒരു സൂപ്പര്‍ വര്‍ഷം തന്നെ!
ഇനി 2010. എങ്ങനെയുണ്ടെന്ന് നോക്കാം. കഴിഞ്ഞ വര്‍ഷത്തെ പോലെ പുതിയ തീരുമാനങ്ങള്‍ ഒന്നും എടുക്കുന്നില്ല. തല്‍ക്കാലം പ്രതിജ്ഞകള്‍ ഒന്നും ഓര്‍മ്മയില്‍ വരുന്നില്ല. ആകെ തോന്നിയത് വ്യായാമം ചെയ്തു തുടങ്ങാം എന്നതാണ്. അത് എന്തായാലും നടക്കില്ല എന്ന് എനിക്ക് തന്നെ ഉറപ്പുള്ളത് കൊണ്ട് ഒരു പ്രതിജ്ഞയാക്കി സ്വയം നാണംകെടാന്‍ ഉദ്ദേശിക്കുന്നില്ല..! ഇനി പുതുവര്‍ഷമായിട്ട് പ്രതിജ്ഞ എടുത്തില്ല എന്ന് വേണ്ട. എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പുള്ള പ്രതിജ്ഞ എടുക്കാം. ഇതാ എന്റെ പുതുവര്‍ഷ പ്രതിജ്ഞ - എല്ലാ മാസവും ഒരു ദിവസമെങ്കിലും അമ്പലത്തില്‍ പോകും. അമ്മയ്ക്ക് പൊതുവെ ഒരു പരാതിയുണ്ട് എനിക്ക് ഈശ്വരവിശ്വാസം തീരെയില്ല എന്ന്. അതങ്ങ് മാറുന്നെങ്കില്‍ മാറട്ടെ..
2009-ല്‍ ചെയ്തു തീര്‍ക്കണം എന്ന് വിചാരിച്ച രണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയില്ല. അത് 2010യുടെ ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ തീര്‍ക്കണം എന്ന് വിചാരിക്കുന്നു - 1. ഒരു പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങണം. 2. “അവതാര്‍” കാണണം.
2009 എനിക്ക് നല്ല വര്‍ഷമായിരുന്നു. നിങ്ങള്‍ക്കും അങ്ങനെ തന്നെ എന്ന് വിശ്വസിക്കുന്നു. 2010 ഇതിലും നല്ല വര്‍ഷമാകട്ടെ എന്ന് ആശംസിക്കുന്നു. ഏവര്‍ക്കും പുതുവത്സരാശംസകള്‍! :)
വീണ്ടുമൊരു പുതിയ വര്‍ഷം കൂടെ വരവായി. കഴിഞ്ഞ കൊല്ലം “ദാ..”ന്ന് പറയുന്നതിന് മുമ്പ് അങ്ങ് തീര്‍ന്നു പോയ പോലെ. പതിവു പോലെ ഒരു വാര്‍ഷിക കണക്കെടുപ്പിന് സമയമായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂതുടക്കം കഴിഞ്ഞ ന്യൂ ഇയറില്‍ നിന്നു തന്നെയാവാം. കഴിഞ്ഞ കൊല്ലം ചില കഠിന തീരുമാനങ്ങള്‍ എടുത്തിരുന്നു. അതില്‍ എന്തൊക്കെ പ്രാവര്‍ത്തികമാക്കി എന്ന് നോക്കട്ടെ..
എല്ലാ തീരുമാനങ്ങളും പ്രാവര്‍ത്തികമാക്കാന് കഴിയട്ടെ.
മറുപടിഇല്ലാതാക്കൂ:)
all the best baalu
മറുപടിഇല്ലാതാക്കൂഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ