28 ജൂൺ 2010
ഞാന്‍ എന്ന ഫുട്ബോളര്‍
അപ്പോ പറഞ്ഞ് വന്നത് ഫുട്‌ബോളിന്റെ കാര്യം. എല്ലാവരും ഫുട്‌ബോളിന്റെ പിറകെ ആണല്ലൊ. വഴിവക്കില്‍ പിള്ളേര് പോലും ഇപ്പോ ബാറ്റും സ്റ്റമ്പും മാറ്റി വെച്ച് ഇഷ്ടിക കൊണ്ട് ഗോള്‍പോസ്റ്റ് ഉണ്ടാക്കി ഫുട്ബോള്‍ കളി തുടങ്ങി. ഈ കളിയൊക്കെ കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്, എന്റെ അവസാന ഫുട്‌ബോള്‍ മത്സരം ഓര്‍ത്ത്..
8 വര്‍ഷം മുമ്പ്.. ഇത് പോലൊരു ലോകകപ്പ് കാലം. കൊറിയ-ജപ്പാന്‍. അന്ന് കളി നടന്നിരുന്നത് ഫുട്‌ബോള്‍ ഉപയോഗിച്ചായിരുന്നു, ജബുലാനിയൊന്നും ഇല്ല! വുവുസേല ഇല്ലെങ്കിലും ആരവങ്ങള്‍ ഇന്നത്തെ പോലെ തന്നെ ചെവി തുളയ്ക്കുന്നതായിരുന്നു.
ഞാന്‍ പ്ലസ് വണ്ണിന് പാലക്കാട് കേന്ദ്രിയ വിദ്യാലയത്തില്‍ ചേര്‍ന്ന സമയം. ചേര്‍ന്ന മൂന്നാം ദിവസം PT കിട്ടി - 2 മണിക്കൂര്‍! എന്നെ സംബന്ധിച്ച് അതൊക്കെ ഒരത്ഭുതം ആയിരുന്നു. അതിനു മുമ്പ് വരെ അര മണിക്കൂര്‍ ഉള്ള ഒരു പിരീഡ്, അതും സാറ് കനിഞ്ഞാല്‍ മാത്രം കളിക്കാന്‍ പോകാം എന്ന അവസ്ഥയില്‍ നിന്നും രണ്ട് മണിക്കൂര്‍ കളിക്കാന്‍ മാത്രം എന്ന നില..
കണ്ടാല്‍ അല്പം കടുപ്പക്കാരന്‍ എന്ന് തോന്നുന്ന ഒരു സാറ് വന്നു. കുട്ടികള്‍ എല്ലാവരും വരി വരി ആയി നില്‍ക്കുന്നു.
Dear Children, I'm Veera, your Chief Physical Education Instructor. തമിഴ് കലര്‍ന്ന ഇംഗ്ലീഷില്‍ വീര സാറിന്റെ ഒരു കിടിലന്‍ പ്രസംഗം. സംഗതി ഇതാണ്. KVയില്‍ ക്രിക്കറ്റ്, ഫുട്ബോള്‍, ബാസ്കറ്റ്‌ബോള്‍, വോളിബോള്‍ തുടങ്ങി സകല കളികള്‍ക്കും ടീം ഉണ്ട്. നിങ്ങള്‍ക്കും അതില്‍ ഒരംഗമാവാം. ഇപ്പോള്‍ ചെയ്യേണ്ടത്, എല്ലാവരും അവരവര്‍ക്ക് ഇഷ്ടമുള്ള ഒരു കളി തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് അതില്‍ പരിശീലനം നല്‍കി ഒരു നല്ല കളിക്കാരനാക്കി വാര്‍ത്തെടുക്കാന്‍ ഞങ്ങളാല്‍ കഴിയുന്നത് ചെയ്യും. സ്കൂളിനോട് ചേര്‍ന്ന് ഒരു ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടും വോളീബോള്‍ കോര്‍ട്ടുമുണ്ട്. അതിനപ്പുറം ചെറിയ ഗ്രൌണ്ട്. അതിനപ്പുറം വലിയ ഗ്രൌണ്ട്. ചെറിയ ഗ്രൌണ്ടില്‍ ക്രിക്കറ്റ് പരിശീലനവും വലിയ ഗ്രൌണ്ടില്‍ ഫുട്ബോള്‍ പരിശീലനവും. തിരഞ്ഞെടുക്കുന്ന കളി അനുസരിച്ച് അതാത് കളിക്ക് അനുവദിച്ചിരിക്കുന്ന സ്ഥലത്തേക്ക് കുട്ടികള്‍ക്ക് പോകാം.
ഫുട്ബോള്‍ തലയ്ക്ക് പിടിച്ചിരുന്ന കാലമായത് കൊണ്ട് രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ നേരെ വലിയ ഗ്രൌണ്ട് ലക്ഷ്യമാക്കി നടന്നു. ക്രിക്കറ്റ് തിരഞ്ഞെടുത്ത എന്റെ ചില സുഹൃത്തുക്കള്‍ ഇവന്‍ ഫുട്ബോള്‍ കളിക്കുമോ എന്ന ഞെട്ടലോടെ നോക്കി നിന്നത് ഞാന്‍ കണ്ടില്ല എന്ന് നടിച്ചു. ശരിയാണ്. മെലിഞ്ഞുണങ്ങി, ഒരു കാറ്റടിച്ചാല്‍ പറന്ന് പോകുന്ന ഞാന്‍ എങ്ങനെ ഫുട്ബോള്‍ കളിക്കും? എന്ത് കൊണ്ട് കളിച്ചു കൂടാ? ഇത്തിരിപ്പോന്ന മൈക്കിള്‍ ഓവന്‍ എന്നൊരു ചെക്കന്‍ ഇംഗ്ലണ്ട് ടീമില്‍ ഉണ്ട്. അവനൊക്കെ വേള്‍ഡ് കപ്പ് കളിക്കാമെങ്കില്‍ എനിക്കെന്റെ സ്കൂളില്‍ ഫുട്ബോള്‍ കളിച്ചു കൂടെ? ഞാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് വെച്ച കാല്‍ മുന്നോട്ട് തന്നെ എന്നുറപ്പിച്ച് വലിയ ഗ്രൌണ്ടിലേക്ക് എത്തിച്ചേര്‍ന്നു.
സമാധാനം. സയന്‍സ് ഗ്രൂപ്പിലുള്ള എന്റത്രയും സൈസ് ഉള്ള പയ്യന്മാര്‍ ഒക്കെ അവിടെ നില്‍പ്പുണ്ട്. ക്ലാസിലെ പൊക്കക്കാരും, ജിമ്മന്മാരും ഉണ്ട്. പ്രശ്നമില്ല. സാറെത്തി. കുറച്ച് നേരം കളിയെ പറ്റിയൊക്കെ സംസാരിച്ചു. ചില എക്സര്‍സൈസ് ഒക്കെ ചെയ്യിച്ചു. മുക്കാല്‍ മണിക്കൂര്‍ ഉണ്ടാവും ഈ വ്യായാമം എന്ന സംഗതി! വാം അപ്പ് എന്നറിയപ്പെടുന്നു.
ഒരു മാസത്തോളം ഇങ്ങനെ കടന്നു പോയി. 2 മണിക്കൂര്‍ ഉള്ള പീരിയഡ്. മുക്കാല്‍ മണിക്കൂര്‍ വ്യായാമം, സോറി, വാം അപ്പ്. അര മണിക്കൂര്‍ സാറിന്റെ കത്തി. കുട്ടികള്‍ ഗ്രൌണ്ടില്‍ വട്ടം കൂടി ഇരിക്കും, സാര്‍ അവിടെ നിന്ന് സംസാരിക്കും. സാറിന്റെ കൈയ്യില്‍ ഒരു ഫുട്ബോള്‍ കാണും. അതിങ്ങനെ കറക്കിയും തിരിച്ചും മറിച്ചുമൊക്കെയാണ് പുള്ളിക്കാരന്റെ ക്ലാസ്. ഇടയ്ക്ക് പന്ത് പുള്ളിയുടെ കൈയ്യില്‍ നിന്ന് ചാടി നമ്മുടെ അടുത്ത് വരും. അതിലൊന്ന് തൊടാന്‍ അങ്ങനെയൊക്കെയേ പറ്റൂ..! പിന്നെ കുട്ടികളെ രണ്ട് ഗ്രൂപ്പ് ആയി തിരിക്കുന്നു. ഒരു കൂട്ടര്‍ ഗ്രൌണ്ടിന്റെ ഒരറ്റത്തും മറ്റുള്ളവര്‍ ഇങ്ങേയറ്റത്തും നില്‍ക്കുന്നു. ഒരു പ്രത്യേക രീതിയില്‍ ഉള്ള ഓട്ടമാണ് പിന്നെ. പന്ത് നമ്മുടെ കാലില്‍ ഉണ്ടെന്ന് സങ്കല്‍പിക്കുക. എന്നിട്ട് അതുമായി മുന്നേറുക. ഇടയ്‌ക്ക് വെച്ച രണ്ട് കൂട്ടരും നേര്‍ക്ക് നേര്‍ വരും, അപ്പോള്‍ വെട്ടിയൊഴിഞ്ഞ് പോവുക. ഈ ടൈപ്പ് കലാപരിപാടികളും നടന്നു.
വീര സാറിന്റെ ആദ്യ ദിവസത്തെ ഡയലോഗിനെ ഞാന്‍ വെറുത്തു തുടങ്ങി. പരിശീലനം നല്‍കി നല്ല കളിക്കാരനാക്കും പോലും.. ഫുട്ബോള്‍ ഇത് വരെ ഒന്ന് തട്ടാന്‍ പറ്റിയിട്ടില്ല. പഴയ സ്കൂളിലെ ഫുട്ബോള്‍ എത്ര രസമായിരുന്നു.. ഒരു ബോളും അതിന്റെ പിറകേ ഒരു പത്തിരുപത് പിള്ളേരും (ഗോളി അടക്കം ഗോളടിക്കാന്‍ ഓടി വരും!). ഇവിടെ പന്ത് കാല് കൊണ്ട് പോയിട്ട് കൈ കൊണ്ട് പോലും ഒന്ന് തൊടാന്‍ പറ്റുന്നില്ല.. ഇതോ ട്രെയിനിങ്ങ്?
പക്ഷെ രണ്ടാം മാസം കഥ മാറി. ഫുട്ബോള്‍ കളി തുടങ്ങിയില്ല.. എന്നാല്‍ പാസ് ചെയ്യുക, പന്തുമായി ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഓടുക തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറാന്‍ തുടങ്ങി. പത്ത് കുട്ടികളെ വരി വരിയായി നിര്‍ത്തുന്നു. ഒരറ്റത്ത് നിന്നും നമ്മള്‍ പന്തുമായി ഓരോരുത്തരുടെയും ഇടയിലൂടെ പോകണം. ഏതാണ്ട് S ആകൃതിയിലുള്ള ഓട്ടം! അങ്ങനെ ഓടുന്നതിനിടയില്‍ ഒരു തവണ ഞാന്‍ തെന്നി താഴെ വീണു. ഓടിയെത്തിയ സാറും കുറച്ച് കൂട്ടുകാരും കൂടെ എന്നെ പൊക്കിയെടുത്ത് വിശ്രമ സ്ഥലമായ മാവിന്റെ ചുവട്ടില്‍ കൊണ്ടിരുത്തി. ഇതൊക്കെ കളിയുടെ ഒരു ഭാഗമാണെന്നൊക്കെ പറഞ്ഞ് സാര്‍ എന്നോട് കുറച്ച് നേരം വിശ്രമിക്കാന്‍ പറഞ്ഞു. കൂട്ടുകാരില്‍ ചിലരാകട്ടെ, വെള്ളമൊക്കെയായി വന്ന് ഒരു വി.ഐ.പി ട്രീറ്റ്മെന്റും നല്‍കി..!
ദിവസങ്ങള്‍ കഴിഞ്ഞു. വേള്‍ഡ് കപ്പ് അങ്ങ് ബ്രസീലില്‍ എത്തി. ഇന്ത്യാക്കാര്‍ വീണ്ടും ക്രിക്കറ്റ് കളി തുടങ്ങി. ഞാന്‍ ഗ്രൌണ്ടില്‍ പന്ത് പാസ് ചെയ്തും, സാറിന്റെ ക്ലാസ് അഥവാ കത്തിയടി കേട്ടും സമയം കളഞ്ഞു. ഇതിനിടെ ഓരോ വിദ്യാര്‍ത്ഥിയും അവന് പ്രിയപ്പെട്ട പൊസിഷന്‍ ഏതെന്ന് പറയാന്‍ പറഞ്ഞു. എനിക്ക് മധ്യനിരയില്‍ കളിച്ചാല്‍ മതി എന്ന് ഞാന്‍ അറിയിച്ചു - ഓം ഡേവിഡ് ബെക്കാമായ നമഃ!സാറാവട്ടെ, ഞങ്ങളുടെ കൂട്ടത്തിലുള്ള ചില പുലികളെ കണ്ടെത്തുകയുണ്ടായി. മുന്നേറ്റ നിരയില്‍ പ്രാണേഷ്, മധ്യനിരയില്‍ ഭരത്, പ്രതിരോധത്തില്‍ ജിജേഷ് എന്നിവര്‍ സ്കൂള്‍ ടീമില്‍ സ്ഥിരസാന്നിധ്യമാകുമെന്ന് വിളിച്ചറിയിച്ച എന്റെ ക്ലാസ്‌മേറ്റ്സ്. കോമേഴ്‌സുകാരന്റെ മനസ്സും സയന്‍സ് ഗ്രൂപ്പിന്റെ തലയുമുള്ള ഗിരീഷ് എന്നൊരു സുഹൃത്തും വളരെ നന്നായി കളിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
ഒരു ഫുട്‌ബോള്‍ കളി എന്റെ വിദൂര സ്വപ്‌നങ്ങളില്‍ പോലും ഇല്ലാതിരുന്ന ആ സമയത്ത്, ചരിത്രപരമായ ആ PT പിരീഡ് സംജാതമായി. അന്നത്തെ പിരീഡ് തുടങ്ങിയപ്പോള്‍ തന്നെ സാര്‍ കാതിനും മനസിനും കുളിരു പകരുന്ന ആ വാര്‍ത്ത പറഞ്ഞു. ഇന്ന് വാം അപ്പിനു ശേഷം നമ്മള്‍ രണ്ട് ടീമായി തിരിഞ്ഞ് 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു മത്സരം നടത്തും. സാര്‍ ആയിരിക്കും റഫറി, കാര്‍ഡുകള്‍ ഉണ്ടാവും, അത് കൊണ്ട് പരുക്കന്‍ കളി വേണ്ടെന്ന് ഒരു മുന്നറിയിപ്പും!
വളരെ കാലത്തിനു ശേഷം വാം അപ്പ് ചെയ്യാന്‍ ഭയങ്കര താത്പര്യമായിരുന്നു. ഏകദേശം 40-45 മിനിറ്റ് നീണ്ടു നിന്ന വാം അപ്പിനു ശേഷം സാര്‍ എല്ലാരേം വിളിച്ച് ടീം പ്രഖ്യാപിച്ചു. പ്രാണേഷും ജിജേഷും ക്യാപ്‌റ്റന്മാര്‍. നേരത്തെ പറഞ്ഞ പുലികളേയും ഒരുവിധം നന്നായി കളിക്കുന്നവരേയും, ബാക്കിയുള്ള ഞങ്ങള്‍ കുറച്ച് പേരേയും വെച്ച് സാര്‍ ടീമുകള്‍ ഉണ്ടാക്കിയിരുന്നു. രണ്ട് ടീമും ഏകദേശം തുല്യര്‍. ആര്‍ക്കും ജയിക്കാം. ഒരു ടീം യൂണിഫോം ഷര്‍ട്ട് അഴിച്ച് വെക്കണം. അങ്ങനെയാണ് സ്വന്തം ടീം അംഗങ്ങളെ തിരിച്ചറിയുക. ഞാന്‍ പ്രാണേഷിന്റെ ടീമിലായിരുന്നു. കിട്ടിയ സ്ഥാനം വലതു വിങ്ങറുടെ. സാര്‍ അത് പറഞ്ഞപ്പോള്‍.. മൈതാനത്തിന്റെ വലത് മൂലയിലൂടെ പറന്ന് കയറുന്ന ഞാന്‍.. എതിര്‍ ഗോള്‍മുഖത്ത് പരിഭ്രാന്തി പരത്തി പറന്നിറങ്ങുന്ന എന്റെ ക്രോസുകള്‍..
ബാലൂ.. പ്രാണേഷിന്റെ വിളി കേട്ടപ്പോഴാണ് ഞാന്‍ സ്വപ്നത്തില്‍ നിന്നുണര്‍ന്നത്. എതിര്‍നിരയില്‍ നിനക്ക് തടയാനുള്ളത് ഭരതിനെ ആണ്. അവന്‍ നന്നായി കളിക്കുമെന്നറിയാമല്ലോ.. പക്ഷെ വിട്ടു കൊടുക്കരുത്. ഒരുപാട് നേരം പന്ത് കാലില്‍ വെച്ചോണ്ടിരിക്കരുത്. പാസ് ചെയ്ത് മുന്നേറണം.. ആദ്യത്തെ ഉത്തരവാദിത്വം, ആദ്യത്തെ ജോലി. ഞാന്‍ തയ്യാര്‍!
കാത് തുളച്ച് വിസില്‍ മുഴങ്ങി. ആദ്യത്തെ പത്ത് മിനിറ്റില്‍ ഞാന്‍ മനസിലാക്കിയത് 3 ദാരുണ സത്യങ്ങളാണ് - 1. പ്രാക്ടീസ് ചെയ്യുമ്പോള്‍ പാസ് കൊടുക്കുന്ന അത്ര നിസാരമല്ല കളിയില്‍ പാസ് കൊടുക്കുന്നത്. 2. വേഗം, കഴിവ് - ഇവ രണ്ടും ആവശ്യത്തിനില്ലെങ്കില്‍ ഈ പണിക്ക് ഇറങ്ങരുത്. 3. മിഡ്‌ഫീല്‍ഡര്‍ എന്നത് ഫുട്‌ബോളിലെ ഏറ്റവും ഭാരിച്ച പണിയാണ്. മുന്നോട്ടും പിന്നോട്ടും ഓടി മനുഷ്യന്റെ അടപ്പിളകും! ഈ ആദ്യ പത്ത് മിനിറ്റില്‍ തന്നെ എനിക്ക് മനസിലായി - ഒരു മികച്ച ഫുട്‌ബോളര്‍ ആവാന്‍ ഞാന്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കണമെന്ന്..
എങ്കിലും തീരെ മോശമായി എന്ന് പറയാനും പറ്റില്ല. പാസുകള്‍ ഭൂരിഭാഗവും കൃത്യമായിരുന്നു, അല്ലെങ്കില്‍ ഞാന്‍ പാസ് കൊടുത്തവന് ഓടി പിടിച്ചെടുക്കാന്‍ കഴിയുമായിരുന്നു! എന്റെ കാലില്‍ നിന്ന് ഭരതിന് പന്ത് തട്ടിയെടുക്കാന്‍ കഴിഞ്ഞില്ല. കാരണം പന്ത് എന്റെ കാലില്‍ അതിനും മാത്രം നേരം നിന്നിരുന്നില്ല. ഞാന്‍ പാസ് കൊടുത്ത് ഒഴിവാക്കും! അങ്ങനെ ഞാന്‍ കൊടുത്ത ഒരു പാസില്‍ നിന്നും ഉണ്ടായ നീക്കത്തില്‍ ഞങ്ങള്‍ ഒരു ഗോളുമടിച്ചിരുന്നു.
കളി ഏകദേശം അവസാനത്തോട് അടുക്കുമ്പോഴാണ് എന്റെ ഫുട്‌ബോള്‍ ജീവിതം തന്നെ മാറ്റി മറിച്ച ആ സംഭവം നടന്നത്. ഞങ്ങളുടെ ടീമിന് ഒരു കോര്‍ണര്‍ കിട്ടി. ഞാന്‍ ഏകദേശം ഗ്രൌണ്ടിന്റെ നടുക്ക്, വലത് വശം ചേര്‍ന്ന് നില്‍ക്കുന്നു. അഥവാ കോര്‍ണര്‍ എതിര്‍ ടീമിന്റെ കാലില്‍ ആണെത്തുന്നതെങ്കില്‍ ഉണ്ടാകുന്ന പ്രത്യാക്രമണം തടയുക എന്നതാണ് എന്റെ ജോലി. കോര്‍ണര്‍ എടുത്തു. എന്തൊക്കെയോ അവിടെ സംഭവിച്ചു. എനിക്ക് ശരിക്ക് കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ പെട്ടെന്ന് അവിടുന്ന് ഒരു പന്ത് ഉരുണ്ട് വരുന്നത് എന്റെ കണ്ണില്‍ പെട്ടു. പന്തിനു പിന്നില്‍ ഭരതും. ഞാന്‍ നോക്കി. എന്റെ ടീമിലെ കുറെ പേര്‍ എതിര്‍ ഗോള്‍മുഖത്ത് നിന്നും ഓടി വരികയാണ്. പക്ഷെ അവര്‍ക്ക് മുമ്പേ ഭരത് പന്ത് തട്ടിയെടുക്കും എന്ന് എനിക്ക് മനസിലായി. ഞാന്‍ മുന്നോട്ട് കുതിച്ചു..
ഉരുണ്ട് വന്ന പന്ത് ഭരതിന് മുമ്പേ എത്തിയ ഞാന്‍ ഉയര്‍ത്തി ഗോള്‍മുഖത്തേക്ക് വിട്ടു. വായുവില്‍ ഉയര്‍ന്ന് ചാടി പ്രാണേഷ് അത് വലയ്‌ക്കുള്ളിലാക്കി.. ഗോള്‍!!!
അങ്ങനെ തീര്‍ന്നിരുന്നു എങ്കില്‍ പിന്നെ ഞാന്‍ കളി നിര്‍ത്തേണ്ട കാര്യമുണ്ടോ?? ഇല്ല. എന്നിട്ടും ഞാന്‍ കളി നിര്‍ത്തി. കാരണം? റീവൈന്‍ഡ്.. പന്ത് ഉരുണ്ട് വരുന്നു. ഞാന്‍ അതിനു നേര്‍ക്ക് പാഞ്ഞടുക്കുന്നു. ഭരതിന് മുമ്പ് പന്തിനടുത്തെത്തുന്നു. ഗോള്‍മുഖത്ത് നിന്നും “ബാലൂ.. പാസ്” എന്നൊരു വിളി കേള്‍ക്കുന്നു. പന്ത് ഗോള്‍മുഖം ലക്ഷ്യമാക്കി ഉയര്‍ത്തി അടിക്കാന്‍ ശ്രമിക്കുന്നു.. എന്നാലോ.. ഞാന്‍ പന്തില്‍ കാല്‍ തട്ടി ദാ കിടക്കുന്നു താഴെ!
ഫുട്‌ബോളില്‍ കാല്‍ തട്ടി വീണ ആദ്യത്തെയും, ഒരുപക്ഷെ ലോകത്തിലെ ഒരേയൊരു ഫുട്‌ബോളറും ഞാന്‍ ആയിരിക്കും. ഉരുണ്ട് വരുന്ന ഒരു ഫുട്‌ബോള്‍ പോലും അടിച്ച് കളയാന്‍ വയ്യാത്ത ഞാന്‍ എങ്ങനെ ഫുട്ബോള്‍ കളിക്കും? ആ വീഴ്‌ചയില്‍ കാലിനു മസില്‍ കയറുകയും 3 ദിവസം കാല്‍ അനക്കാന്‍ വയ്യാതെ ലീവ് എടുക്കുകയും ചെയ്ത ഞാന്‍ പിന്നീട് ഫുട്‌ബോള്‍ കളിക്കാന്‍ പോയതേയില്ല. മാസങ്ങള്‍ക്ക് ശേഷം എന്റെ സ്കൂളില്‍ വെച്ച് നടന്ന ഒരു ഇന്റര്‍ സ്കൂള്‍ മത്സരത്തിനിടയില്‍ വീണ ജിജേഷിന്റെ കൈ ഒടിഞ്ഞ് 6 മാസം പ്ലാസ്റ്റര്‍ ഇട്ടതും കൂടിയായപ്പോള്‍ ഫുട്‌ബോള്‍ കളി എന്നന്നേക്കുമായി ഞാന്‍ അവസാനിപ്പിച്ചു..
19 ഒക്‌ടോബർ 2007
ദി ഹെലികോപ്‌റ്റര്‍
കടല്‍ത്തീരത്ത് തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ താഴ്ന്നു വന്ന ഹെലികോപ്‌റ്ററില്‍ നിന്നും കമാന്‍ഡോകള്‍ കുതിച്ചിറങ്ങി. തീരത്ത് കാത്തു കിടന്ന ജെമിനി എന്ന റബ്ബര്‍ ബോട്ടില്‍ ചാടിക്കയറി അവര്‍ കടലിലേയ്‌ക്ക് പാഞ്ഞു. നിമിഷങ്ങള്‍ക്കകം തീരത്ത് വീണ്ടും ഹെലികോപ്‌റ്റര്‍. ചീറിപ്പാഞ്ഞെത്തിയ കമാന്‍ഡോകള്‍ ദൌത്യം കഴിഞ്ഞു മടങ്ങവേ പുക ബോംബ് പൊട്ടിച്ചു. പുകമറയില്‍ മുങ്ങി കമാന്‍ഡോകള്‍ ഹെലികോപ്‌റ്ററില്‍ കയറി ദൂരേയ്‌ക്ക് മറഞ്ഞു
[കടപ്പാട്: മലയാള മനോരമ ദിനപ്പത്രം 2007 ഒക്ടോ. 17, പേജ് 3, കോളം 2].
ആലപ്പുഴയില്‍ നടന്ന സംയുക്ത നാവികാഭ്യാസ പ്രകടനത്തെ കുറിച്ചുള്ള വാര്‍ത്തയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. സാഹചര്യവശാല്‍ പരിപാടി കാണാന്‍ പോകാന്‍ എനിക്ക് കഴിഞ്ഞില്ല. എന്നാല്‍ പേപ്പറില്‍ കണ്ട വാര്‍ത്ത എന്റെ മനസ്സിന്റെ കോണില്‍ നിന്നും അവനെ തിരികെ കൊണ്ടുവന്നു.. ഹെലികോപ്‌റ്ററിനെ..
ഒന്നര വര്‍ഷം മുമ്പ്, ഒരു സായാഹ്നം..
ആലപ്പുഴ ബീച്ചിന് തൊട്ടടുത്തായി റിക്രിയേഷന്‍ ഗ്രൌണ്ട് എന്നറിയപ്പെടുന്ന ഒരു മൈതാനമുണ്ട്. ഞങ്ങളുടെ കോളേജും ഈ മൈതാനത്തിനടുത്താണ്.
ക്ലാസ് നേരത്തെ വിടുന്ന അവസരത്തില്‍ ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാന്‍ വേണ്ടി അവിടെ പോകാറുണ്ട്. ആലപ്പുഴക്കാര്‍ ഡ്രൈവിങ്ങ് പഠിക്കുന്ന സ്ഥലം കൂടിയാണ് പ്രസ്തുത മൈതാനം എന്നും ഈ അവസരത്തില്‍ പറയട്ടെ. അതുകൊണ്ട് തന്നെ എന്നു ചെന്നാലും ഒരു പട ആളുകള്‍ നമ്മുടെ ജീവന് ഭീഷണിയുയര്‍ത്തി ഡ്രൈവിങ്ങ് ചെയ്യുന്നുണ്ടാവും അവിടെ. ഫീള്‍ഡ് ചെയ്യുമ്പോള്‍ നാലുചുറ്റും കണ്ണ് വേണം.
അന്നും ക്ലാസ് നേരത്തേ വിട്ടു. പതിവു പോലെ ഞങ്ങള്‍ മൈതാനത്ത് ചെന്നു. അവിടെ കണ്ട കാഴ്ച ഞങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.. കാരണം ഗ്രൌണ്ടില്‍ ഒരൊറ്റ വണ്ടി പോലുമില്ല! കുറച്ചു കൂടി നീങ്ങി നിന്നപ്പോളാണ് ഞങ്ങള്‍ അവനെ കണ്ടത്.. കഥയിലെ വില്ലന്‍.. ഹെലികോപ്‌റ്റര്‍! ബുഹു ഹാഹാ.. ഞങ്ങളെ നോക്കി അവന്‍ പൊട്ടിച്ചിരിക്കുന്ന പോലെ തോന്നി.. നിന്നെയൊക്കെ കളിപ്പിക്കാമെടാ എന്ന ഭാവം അവന്റെ മുഖത്ത്!
ഓ.... രക്ഷയില്ല. നമുക്കു പോകാം. ഇന്നിനി കളിയൊന്നും നടക്കില്ല. ഇങ്ങനെ പറഞ്ഞ് ഞങ്ങള്‍ പോകാന്‍ തുടങ്ങി. അപ്പോഴാണ് അവിടുത്തെ സ്ഥിരം കളിക്കാര്‍ ഞങ്ങള്‍ക്ക് ഒരു ഗ്ലാഡ് ന്യൂസ് തന്നത്- “ഹെലി” ഇപ്പോള്‍ പോകും..
എന്നാല്‍ പിന്നെ ഓക്കെ! ക്രിക്കറ്റും കളിക്കാം ഹെലി പോകുന്നതും കാണാം എന്ന ചിന്തയില്‍ ഞങ്ങള്‍ അവിടെ കുറ്റിയടിച്ചു. പത്ത്-പതിനഞ്ച് മിനിറ്റ് അങ്ങനെ പോയി. ഒടുവില്‍ അവന്‍ പോകാന്‍ തയ്യാറായി. പൈലറ്റ് വന്ന് വീലും പിന്നെ എന്തൊക്കെയൊ പരിശോധിച്ചു. ഒടുവില്‍ തംസ് അപ്പിന്റെ സിഗ്‌നലൊക്കെ കാണിച്ച് ഹെലിക്കകത്തേയ്ക്ക് കയറി.
അതെ.. ആ മുഹൂര്‍ത്തം.. അത് അടുത്തിരിക്കുന്നു. പതിനെട്ട് വയസ്സായിട്ടും ടീവിയിലല്ലാതെ ഈ സാധനം ഞാന്‍ കണ്ടിട്ടില്ല. ഒരു ഹെലികോപ്‌റ്റര്‍ പറന്നുയരാന്‍ പോകുന്നത് ജീവിതത്തില്‍ ആദ്യമായി കാണാന്‍ പോകുന്നു.. വല്ലാത്ത സന്തോഷമായിരുന്നു അപ്പോള്‍.
വുക്..വുക്..വുക്‌വുക്..വുക്‌വുക്... ഞങ്ങള്‍ നോക്കി നില്‍ക്കേ ഹെലിയുടെ ഫാന്‍ കറങ്ങാന്‍ തുടങ്ങി.. ചെറുതായി പൊടിയും പറക്കുന്നു.
ഓ.. പൊടിയല്ലേ. ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടില്‍ ഞങ്ങള്‍.. സമയം ഇഴഞ്ഞ് നീങ്ങി.. ഫാനിന്റെ സ്പീഡ് കൂടാന്‍ തുടങ്ങി. പൊടി ശരിക്കങ്ങ് പറന്നു പൊങ്ങാന്‍ തുടങ്ങി.. ഞങ്ങള്‍ അപകടം മണത്തു.. പക്ഷേ വൈകിപ്പോയെന്ന് മാത്രം!
ഒരഞ്ച് മിനിറ്റ്.. എന്താണ് നടന്നതെന്ന് ഒരു പിടിയുമില്ല എന്ന് പറഞ്ഞാല്‍ മതിയല്ലൊ! മണല്‍ക്കാറ്റോ, ചുഴലിക്കാറ്റോ.. ഹൊ! ഒന്നും കാണാന്‍ വയ്യ! അവിടെ കൂടിനിന്ന കൊച്ചുപ്പിള്ളേരും സ്ഥിരമായി കളിക്കാന്‍ വരുന്ന വലിയപിള്ളേരും ഡ്രൈവിങ്ങ് പഠിക്കാന്‍ വന്നവരും പഠിപ്പിക്കാന്‍ വന്നവരും പിന്നെ ഞങ്ങളും അടങ്ങുന്ന പത്തമ്പത് പേര്‍ വരുന്ന ജനക്കൂട്ടം നാലുപാടും ചിതറിയോടി. ഓടീട്ട് കാര്യമില്ലെന്ന് മനസിലാക്കി ഞാനും കൂട്ടുകാരും അവിടെ നിര്‍ത്തിയിട്ടിരുന്ന വണ്ടികളുടെ പുറകില്‍ അഭയം തേടി. നിമിഷങ്ങള്‍ക്കകം പൊടി ഞങ്ങളെ മൂടി. ചില കൂട്ടുകാരുടെ വായില്‍ നിന്ന് ഇവിടെ എഴുതാന്‍ വയ്യാത്ത രീതിയിലുള്ള പ്രയോഗങ്ങളൊക്കെ കേട്ടു. പൊടിയെ തെറി പറഞ്ഞിട്ട് എന്തോ ചെയ്യാനാ??
കുറച്ച് നേരം കഴിഞ്ഞപ്പോഴേയ്ക്കും പൊടി അടങ്ങി.. ആട് കിടന്നിടത്ത് പൂട പോലുമില്ല എന്നു പറഞ്ഞ പോലെയായി ഹെലിയുടെ അവസ്ഥ.. ഇത്രയും പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കിയിട്ട് അവന്‍ കടന്നു കളഞ്ഞു!
അവിടെ ഡ്രൈവിങ്ങ് പഠിപ്പിക്കാന്‍ കൊണ്ടു വെച്ചിരുന്ന ബജാജ് സണ്ണി സ്കൂട്ടറൊക്കെ മറിഞ്ഞ് കിടക്കുന്നതൊക്കെ കണ്ടപ്പോഴാണ് ഞങ്ങള്‍ ഏത് സാഹചര്യത്തിലൂടെയാണ് കടന്ന് പോയതെന്ന് പൂര്‍ണമായ ബോധ്യം വന്നത്. ഉടുപ്പിനകത്ത് പോലും ഓറഞ്ച് നിറത്തില്‍ പൊടി കട്ട പിടിച്ചിരുന്നു..
അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്.. കൂടെയുള്ള മൂന്നാലു പേരെ കാണാനില്ല! ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി നില്‍ക്കെ തൊട്ടപ്പുറത്തുള്ള ലെവല്‍ക്രോസിനപ്പുറത്തു നിന്ന് “കാണാതെ പോയവര്‍” തിരിച്ചെത്തി.. അപ്പോഴാണ് പൊടി പറന്നു തുടങ്ങിയപ്പോള്‍ കേട്ട “ഓടിക്കോടാ” എന്ന നിലവിളിയുടെ ഉറവിടം മനസിലായത്..
വീട്ടില്‍ വന്ന് തലവഴി വെള്ളമൊഴിച്ചപ്പോള്‍ ഓറഞ്ച് ജ്യൂസിനെ അനുസ്‌മരിപ്പിച്ചാണ് ആ വെള്ളം ഒലിച്ച് പോയത്..
16 ഫെബ്രുവരി 2007
ഫോട്ടോസ്റ്റാറ്റ്!!!
എനിക്ക് പറ്റിയ അബദ്ധത്തിന് മണിക്കൂറുകളുടെ പഴക്കമേ ഉള്ളൂ.. ഒരു അസൈന്‌മെന്റിലാണ് സംഗതിയുടെ തുടക്കം. ഇന്‍ക്കം ടാക്സ് ആണ് വിഷയം.. ഓരോ കൊല്ലവും നിയമം മാറുന്നതിനാല്‍ ഈ വര്‍ഷത്തെ ബുക്ക് നോക്കി തന്നെ വേണം അസൈന്‍മെന്റ് എഴുതാന്‍.. ഞങ്ങള്‍(ഞാനും എന്റെ രണ്ട് കൂട്ടുകാരും) ടീച്ചറിന്റെ കൈയ്യില്‍ നിന്നും ടെക്സ്‌റ്റ് ബുക്ക് വാങ്ങി ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ തീരുമാനിച്ചു.. പത്തമ്പത് പേജുള്ള ഒരു പാഠമാണ് എഴുതേണ്ടത്(മൊത്തമൊന്നും വേണ്ട, പ്രസക്ത ഭാഗങ്ങള്‍ മാത്രം). ഞങ്ങള്‍ ടീച്ചറിന്റെ കൈയ്യില്‍ നിന്നും ബുക്ക് വാങ്ങി ഫോട്ടോസ്റ്റാറ്റ് കടയിലെത്തി. ആവശ്യമുള്ള പേജുനമ്പരുകള്‍ എഴുതി കടക്കാരന് കൊടുത്തു. കുറെ ഉള്ളതു കാരണം കുറച്ച് കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് ഞങ്ങള്‍ അവിടെ നിന്നിറങ്ങി. അല്പം കഴിഞ്ഞ് പോയി ഫോട്ടോസ്റ്റാറ്റ് വാങ്ങുകയും ചെയ്തു. എല്ലാം കൂടി പതിനെട്ട് രൂപ മാത്രം, സന്തോഷമായി.. കാരണം അതില്‍ കൂടുതലാവുമെന്ന് പ്രതീക്ഷിച്ചിരുന്നു..
മൂന്നു പേര്‍ക്കും എഴുതണമല്ലോ.. അതു കൊണ്ട് ഞങ്ങള്‍ ആ ഫോട്ടോസ്റ്റാറ്റ് മൂന്നായി ഭാഗിച്ചു. കൂട്ടുകാരില്‍ ഒന്നാമന്‍ ആദ്യഭാഗവും രണ്ടാമന്‍ രണ്ടാംഭാഗവും ഞാന്‍ അവസാനഭാഗവും കൊണ്ടുപോയി.. എഴുത്തോടെഴുത്ത്.. ഇതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച ഞാനും എന്റെ ഒരു കൂട്ടുകാരനും ഞങ്ങളുടെ കൈവശമുള്ള ഫോട്ടോസ്റ്റാറ്റുകള്‍ മുഴുവന്‍ മൂന്നാമന്റെ കൈയ്യില്‍ കൊടുത്തു. തിങ്കളാഴ്ച അവന്‍ അതു മുഴുവന്‍ എഴുതി കൊണ്ടുവരികയും ചെയ്തു. കൂട്ടുകാരന്‍ എഴുതിയത് എന്റെ മറ്റേ കൂട്ടുകാരന്‍ കൊണ്ടുപോയി, ഞാന്‍ ഫോട്ടോസ്റ്റാറ്റും കൊണ്ടു വന്നു. മൂന്നാം ഭാഗം എഴുതിയത് കൊണ്ടാവണം, ഞാന്‍ അതു കഴിഞ്ഞെഴുതിയത് രണ്ടാം ഭാഗമാണ്.. എഴുത്തിനിടയില്‍ പലപ്പോഴും എന്റെ ഉള്ളില്‍ സംശയം സടകുടഞ്ഞെഴുന്നേറ്റു- ഇതൊക്കെ എഴുതേണ്ടത് തന്നെയാണോ?? ഞാന്‍ തന്നെ ആ സംശയത്തെ അടിച്ചു ബോധം കെടുത്തി ഒരു മൂലയിലൊതുക്കി-- ഹും, മടിയന്‍! എഴുതാതിരിക്കാന്‍ കാരണങ്ങള്‍ കണ്ടുപിടിക്കുന്നത് കണ്ടില്ലേ? ഞാന്‍ എന്നോട് തന്നെ ചോദിച്ചു.
അങ്ങനെ തട്ടിമുട്ടി ഞാന്‍ രണ്ടും മൂന്നും ഭാഗങ്ങള്‍ എഴുതി തീര്‍ത്തു. ഇനി ഒന്നാം ഭാഗം, വെറും നാലു പേജു കൂടി.. ഹാവൂ.. അതു കഴിഞ്ഞാല്‍ സമാധാനം.. ഞാനോര്‍ത്തു. അപ്പോഴാണ് എന്റെ ശ്രദ്ധ പേജിന്റെ മുകളിലേയ്ക്കൊന്ന് തിരിഞ്ഞത്.. മൂന്നക്കങ്ങള്‍.. അത് പേജ് നമ്പരാകുന്നു..
പാഠം തുടങ്ങുന്നത് പേജ് നം. 412. ഞാന്‍ ഇത്രയും നേരം എഴുതിയത്.. പേജ് നം. 227 മുതല്‍ 242 വരെ!!! ഇതെന്താ കഥ?? ഞാന്‍ ഒന്നുകൂടി സൂക്ഷിച്ച് നോക്കി.. ആ ദുഃഖ സത്യം ഞാന്‍ മനസിലാക്കി.. കടക്കാരന് പേജ് മാറിപ്പോയിരിക്കുന്നു.
ഒരു പുതിയ ടെക്സ്റ്റ് വാങ്ങിയിട്ടുണ്ട്.. അതു നോക്കി എല്ലാം ആദ്യം മുതല്‍ എഴുതാന്‍ പോകുന്നു.. പാവം ഞാന്‍!
ഗുണപാഠം:
1)ഒരു കടക്കാരനേം വിശ്വസിക്കരുത്...
2) എന്തു വാങ്ങിയാലും അതൊന്ന് നോക്കണം, ഒരുവട്ടമല്ല.. രണ്ടു വട്ടം!!!