24 ജനുവരി 2009

ഒരു “ബിലേറ്റഡ്” ജന്മദിനം

ജനുവരി 22. നിന്റെ പിറന്നാളാണ്. അറിയാമല്ലോ അല്ലേ?? ചില പ്രത്യേക സാഹചര്യങ്ങളാല്‍ അന്ന് എനിക്ക് വരാന്‍ കഴിഞ്ഞില്ല.

അതികഠിനമായ പനി മൂലം കട്ടിലേന്ന് പൊങ്ങാന്‍ വയ്യാതെ, മരുന്നടിച്ച് മയങ്ങി കിടക്കുകയായിരുന്നു ഞാന്‍. നല്ല ഹെവി ഡോസ് ആന്റിബയോട്ടിക് അടിച്ച് നിമിഷങ്ങള്‍ക്കകം ബോധം കെട്ടുറങ്ങിയിരുന്ന ഞാന്‍ എങ്ങനെ വരാനാണ്. നിനക്ക് എന്റെ അവസ്ഥ മനസിലാവുമല്ലോ അല്ലേ ബാലവാടീ??

ദോഷം പറയരുതല്ലോ.. മരുന്നേറ്റു! അതല്ലേ, ദാ, ഞാനിങ്ങെത്തിയത്. ഏതായാലും താമസിപ്പിക്കുന്നില്ല. പ്രധാ‍ന കാര്യം ഫസ്റ്റ്..!

“ബിലേറ്റഡ് ബര്‍ത്ത് ഡേ വിഷസ് ബാ‍ലവാടി”

ആദ്യ വര്‍ഷത്തെക്കാള്‍ പോസ്റ്റുകള്‍ കുറവായിരുന്നെങ്കിലും വായനക്കാര്‍ കൂടിയത് നല്ല വാര്‍ത്തയാണല്ലേ? എല്ലാ വായനക്കാര്‍ക്കും നന്ദി. ഇനിയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റു രൂപത്തില്‍ പ്രതീക്ഷിക്കുന്നു.

ആദ്യ വര്‍ഷം എഴുത്തു മാത്രമായിരുന്നു ബ്ലോഗില്‍. എന്നാല്‍ രണ്ടാം വര്‍ഷം ആയപ്പോള്‍ ഒരു ഫോട്ടൊ ഫീച്ചര്‍ കൂടെ ഉള്‍പ്പെടുത്തി. മൂന്നാം വര്‍ഷത്തിലേക്ക് യാത്ര തുടങ്ങുമ്പോള്‍ ബാലവാടിയില്‍ കൂടുതല്‍ വിഭവങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നതാണ്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയത് കൊലയാളി എന്ന പോസ്റ്റിനാണ്. എന്നാല്‍ ഞാന്‍ പൂര്‍ണ തൃപ്തിയോടെ എഴുതിയ കഥയല്ല അതെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. എങ്കിലും ആ പോസ്റ്റ് പലര്‍ക്കും ഇഷ്‌ടമായി. അത് എനിക്കും ഇഷ്‌ടമായി!

ഈ കൊല്ലം ഒരു കവിത പോലും എഴുതിയില്ല എന്നത് അത്ഭുതകരമായ സംഗതിയായി എനിക്ക് തോന്നിയതേയില്ല.

ഒരിക്കല്‍ കൂടി എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും നന്ദി പറയുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ് എനിക്കുള്ള പ്രോത്സാഹനം. ഇവ തുടര്‍ന്നും പ്രതീക്ഷിച്ചു‌കൊണ്ട് ബാലവാടി മുന്നോട്ട്.. മൂന്നാം വര്‍ഷത്തിലേക്ക്..

ബാലവാടീ.. ദേ എല്ലാരേം ഒന്ന് കൈ വീശി കാണിച്ചേ.. ഹായ്..! ഇനി ഒരു ഫ്ലൈയിങ്ങ് കിസ്.. ഉം‌മ്മാ...!

06 ജനുവരി 2009

ഗജിനി

അഭി ഒരു എം.ബി.ഏ വിദ്യാര്‍ത്ഥി ആണ്. അവന്‍ ഇന്ന് ഹോസ്റ്റലില്‍ എത്തുമ്പോള്‍ സമയം 7.49. പവര്‍കട്ട് ആയിരുന്നു. അവന്‍ ഇരുട്ടത്ത് തപ്പി തടഞ്ഞ് തന്റെ മുറിയിലെത്തി. അത് പൂട്ടിയിരിക്കുകയായിരുന്നു. സഹമുറിയന്മാര്‍ രണ്ട് പേരാണ് - മഹേഷും വിനോദും. ഇതില്‍ മഹേഷിന് ബൈക്ക് ഉണ്ട്. എന്നും അഭിയോ വിനോദോ മഹേഷിന്റെ കൂടെ വരും. ഇന്ന് വിനോദ് ആണ് ബൈക്കില്‍ പോയത്. എന്നാല്‍ അവന്മാരെ ഇവിടെ കാണാനില്ല. പുറത്ത് പോയിരിക്കും. അങ്ങനെയെങ്കില്‍ താക്കോല്‍ മുറിയുടെ വാതിലിന് മുകളിലായി വെച്ചിട്ടുണ്ടാവും. ഏതായാലും കറണ്ട് വരട്ടെ. അഭി കറണ്ട് വരാനായി വരാന്തയില്‍ കാത്തിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഒറ്റനില കെട്ടിടമാണ് ഹോസ്റ്റല്‍. ഓടിട്ട കെട്ടിടം. മഴക്കാലത്ത് ചെറിയതോതിലുള്ള ചോര്‍ച്ച ഉണ്ടാവുമെങ്കിലും, രാത്രിയില്‍ എലികള്‍ ഓടി നടന്ന് ശബ്ദമുണ്ടാക്കുമെങ്കിലും അഭിക്ക് വളരെ ഇഷ്ടമാണ് ഈ ഹോസ്റ്റല്‍. അതിന് പിന്നില്‍ കാരണം രണ്ടാണ്. ഒന്ന്, ഹോസ്റ്റല്‍ ഇരിക്കുന്ന സ്ഥലം കുറച്ച് ഉള്ളിലായുള്ള പ്രദേശമാണ്. അത്കൊണ്ട് വലിയ ബഹളങ്ങളും ശബ്ദവുമില്ലാത്ത ശാന്തമായ അന്തരീക്ഷമാണ്. രണ്ട്, ചുറ്റും മരങ്ങളും കുറ്റിക്കാടുമൊക്കെയായി പ്രകൃതിയോട് അടുത്ത് നില്‍ക്കുന്ന നല്ല തണുപ്പുള്ള കെട്ടിടം കൂടിയാണ് ഈ ഹോസ്റ്റല്‍.

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :-

ഹോസ്റ്റല്‍ കെട്ടിടത്തിന്റെ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും ഒരാള്‍ മെല്ലെ പുറത്തിറങ്ങി. അഭി അയാളെ കണ്ടില്ല. അത്രയ്ക്കിരുട്ടായിരുന്നു. ഡിസംബര്‍ മാസത്തിലെ തണുപ്പുള്ള രാത്രി. കുറ്റിക്കാട്ടില്‍ നിന്നും ഇറങ്ങിയവന്‍ ചുറ്റുപാടും നോക്കി. പിന്നെ നേരെ പടികള്‍ ലക്ഷ്യമാക്കി നടന്നു തുടങ്ങി. എന്നാല്‍ പടിയുടെ അടുത്തെത്തിയതും അയാള്‍ നിന്നു. എന്തിനാണ് ഇവിടെ വന്നത്? അയാള്‍ സ്വയം ചോദിച്ചു. പക്ഷെ ഒരുത്തരം കിട്ടിയില്ല. അയാളുടെ ഓര്‍മ്മയില്‍ നിന്നും ആ കാരണം മാഞ്ഞ് പോയിരുന്നു. ബൈക്കുകള്‍ വരാന്തയില്‍ കയറ്റി വയ്ക്കാനായി പടികളുടെ നടുക്കായി ഒരു വഴിയുണ്ട്. അതിലൂടെ അയാള്‍ വരാന്തയിലെത്തി. എന്തിന് ഈ സ്ഥലത്ത് വന്നെന്നോ എങ്ങനെ വന്നുവെന്നോ അയാള്‍ മറന്ന് പോയിരുന്നു. പെട്ടെന്ന് വെളിച്ചം വീണു. അതു വരെ ഇരുട്ട് മൂടി കിടന്നിരുന്ന ആ വരാന്ത അതോടെ പ്രകാശപൂരിതമായി. അയാള്‍ ഉടന്‍ തന്നെ അവിടെയുള്ള തൂണിന് പിന്നിലേക്ക് മറഞ്ഞു.

അഭി ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. എട്ട് മണിയായിരിക്കുന്നു. കറണ്ട് വന്നു. ഇനി ഒന്ന് കുളിക്കണം. അവന്‍ തന്റെ മുറിയുടെ വാതിലിന് മുകളില്‍ പരതി. താക്കോല്‍ അവിടെയുണ്ടായിരുന്നു. അവന്‍ മുറി തുറന്ന് അകത്ത് കയറി.ജനലുകളൊക്കെ തുറന്നിട്ടു. ടവ്വലും ബക്കറ്റുമെടുത്ത് കുളിമുറിയിലേക്ക് നടന്നു. പോകുന്നതിന് മുമ്പ് വാതിലടയ്ക്കാന്‍ അവന്‍ മറന്നില്ല.

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :-

തൂണിന് പിന്നില്‍ നിന്നും അയാള്‍ മെല്ലെ ഒളിഞ്ഞ് നോക്കി. ഒരു പയ്യന്‍ വരാന്തയില്‍ നിന്നും എഴുന്നേറ്റ് ഒരു മുറിയുടെ അരികിലേക്ക് ചെന്നു. അതിന്റെ വാതിലിന് മുകളില്‍ വെച്ചിരുന്ന താക്കോലെടുത്ത് മുറി തുറന്ന് അകത്ത് കയറി. അയാള്‍ പിന്നെ ഒരു നിമിഷം വൈകിച്ചില്ല. ഒറ്റകുതിപ്പിന് ആ മുറിയുടെ വാതില്‍ക്കലെത്തി. അകത്ത് ആ പയ്യന്‍ ജനലുകള്‍ തുറക്കുകയാണ്. അവന്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നു. സമയം കളയാതെ അയാള്‍ ഒച്ചയുണ്ടാക്കാതെ മുറിക്കുള്ളിലേക്ക് കയറി. ആദ്യം കിടന്ന കട്ടിലിനടിയിലേക്ക് കയറിയിരുന്നു. പക്ഷെ എന്തിന്? അയാള്‍ അതും മറന്ന് പോയിരുന്നു. എന്തിനാണ് ആ മുറിയില്‍ കയറിയത്? എന്തിനാണ് കട്ടിലിനടിയില്‍ കയറിയത്? അയാളുടെ ഓര്‍മയില്‍ നിന്നും അതിനുള്ള കാരണവും മാഞ്ഞ് പോയിരുന്നു. പുറത്തിറങ്ങാം എന്ന് വിചാരിച്ചപ്പോഴേക്കും ആ പയ്യന്‍ മുറി പുറത്ത് നിന്നും അടച്ചിട്ട് എങ്ങോട്ടൊ പോയി കളഞ്ഞു.

അഭി കുളിച്ചിട്ട് വന്നപ്പോള്‍ മുറിയുടെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു.

“ഓ.. വന്നോ രണ്ടും?? എവിടെ തെണ്ടാന്‍ പോയതാടാ?”, അഭി ചോദിച്ചു. മറുപടിയായി നല്ല രണ്ട് ചിരി സമ്മാനിച്ചു മഹേഷും വിനോദും.
“അളിയാ ജംഗ്‌ഷനില്‍ ഒന്ന് കറങ്ങാന്‍ പോയതാ. അവിടെ എത്തിയപ്പോ ദേ ഇവന് വിശക്കുന്നു എന്ന് പറഞ്ഞു. എന്നാല്‍ പിന്നെ എന്തേലും കഴിച്ചേക്കാമെന്ന് കരുതി.” മഹേഷ് ഡ്രെസ്സ് മാറുന്നതിനിടയില്‍ പറഞ്ഞു.
“അപ്പോ രണ്ടാളും കഴിച്ചല്ലേ.. എന്നാല്‍ ശരി. ഞാന്‍ വല്ലതും പോയി കഴിക്കട്ടെ.”അഭി പറഞ്ഞു.
“നിക്ക് നിക്ക്.. ഞാനുമുണ്ട്.” വിനോദ് പറഞ്ഞു.
“നീ കഴിച്ചില്ല്ലേ?”
“ഓ.. നാല് പൊറോട്ട എന്തോ ആവാനാ? ഞാനും വരുന്നു നിന്റെ കൂടെ.” കൂട്ടത്തില്‍ തടിയുള്ളവന്‍ വിനോദ് ആണ്. എങ്ങനെ തടി വെക്കാതിരിക്കും. ഇതാണ് സ്വഭാവം. അഭി ഓര്‍ത്തു. രണ്ട് പേരും കൂടെ കഴിക്കാന്‍ വേണ്ടി മെസ്സിലേക്ക് നടന്നു. മഹേഷ് തന്റെ ഷൂ ഊരി കട്ടിലിനടിയിലേക്ക് എറിഞ്ഞു.

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :-

കട്ടിലിനടിയില്‍ നിന്നും എങ്ങനെയെങ്കിലും പുറത്തിറങ്ങാം എന്ന് കരുതിയപ്പോഴാണ് മുറി തുറക്കുന്ന ശബ്ദം അയാള്‍ കേട്ടത്. അയാള്‍ ഒളിഞ്ഞ് നോക്കി. രണ്ട് പിള്ളേര്‍ കേറി വന്നു മുറിയിലേക്ക്. അവര്‍ എന്തോ സംസാരിക്കുന്നുണ്ട്. പക്ഷെ ഭാഷ അങ്ങോട്ട് മനസിലാവുന്നില്ല. ഒരാള്‍ കൂടെ മുറിയില്‍ കയറി വന്നു. നേരത്തെ മുറി അടച്ചിട്ട് പോയ ചെറുക്കന്‍ തന്നെ. അവര്‍ എന്തോ പറയുന്നു. ഇതേത് ഭാഷ. അല്ല.. ഞാനിതെവിടെയാണ്? എന്തിന് ഇവിടെ വന്നു?? രണ്ട് പേര്‍ പോയി. ഈ മൂന്നാമന്‍ കൂടെ പോയാല്‍ പുറത്തിറങ്ങാമായിരുന്നു. പെട്ടെന്നാണ് എന്തോ ഒരു സാധനം വന്ന് മുഖത്തിടിച്ചത്.

മഹേഷ് തനിക്ക് ഇടാനുള്ള തുണി എടുക്കാന്‍ കട്ടിലിനടിയിലിരിക്കുന്ന ബാഗിലേക്ക് കൈ നീട്ടിയപ്പോഴാണ് അവന്റെ മൊബൈല്‍ അടിച്ചത്. ഏകദേശം ഒന്നര മിനിറ്റ് സംസാരിച്ച ശേഷം അവന്‍ വീണ്ടും തന്റെ ബാഗെടുത്തു. എന്നാല്‍ അടുത്ത നിമിഷം തന്നെ ഹോസ്റ്റല്‍ മുഴുവന്‍ കിടിലം കൊള്ളിക്കുന്ന ഒരു അലര്‍ച്ചയോടെ അവന്‍ ആ ബാഗ് വലിച്ചെറിഞ്ഞു. അലര്‍ച്ച കേട്ട് അടുത്ത മുറിയില്‍ നിന്നും ഓടിയെത്തിയ സുഹൃത്തിനോട് ആ ബാഗ് ചൂണ്ടി അവന്‍ വിറയാര്‍ന്ന ശബ്ദത്തില്‍ മന്ത്രിച്ചു - അരണ.. അരണ.. ബാഗിനകത്ത്.. അരണ..

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :-

മുഖത്ത് അപ്രതീക്ഷിതമായി വന്നിടിച്ച സാധനം അയാളെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. ആ നശിച്ച ചെറുക്കന്‍. കട്ടിലിനടിയില്‍ നിന്നും അവന്റെ കാലിനിട്ട് നല്ലൊരു കടി കൊടുക്കാന്‍ അയാള്‍ മുന്നോട്ട് പാഞ്ഞെങ്കിലും കാലിന്നടുത്ത് എത്തിയപ്പോഴേക്കും എന്തിനാണ് ഓടി വന്നതെന്ന് അയാള്‍ മറന്ന് കഴിഞ്ഞിരുന്നു. എന്തോ ഒരു ശബ്ദം. ആ ചെറുക്കന്‍ എന്തോ സാധനം ചെവിയില്‍ വെച്ച് സംസാരിക്കുന്നു. പുറത്തിറങ്ങിയാല്‍ ചിലപ്പോള്‍ കുഴപ്പമായേക്കും. അയാള്‍ വീണ്ടും കട്ടിലിനടിയില്‍ കയറി. ഒരു കറുത്ത സഞ്ചി പോലെ എന്തോ ഉണ്ടായിരുന്നു. അയാള്‍ അതിനകത്ത് കയറി ഇരുന്നു. ആ പയ്യന്‍ ആ സഞ്ചി എടുത്തു. എന്നിട്ട് കൈ അകത്തേക്കിട്ടു. കഷ്ടകാലത്തിന് തൊട്ടത് അയാളുടെ ദേഹത്തായിരുന്നു. ഒരു നിമിഷം രണ്ട് പേരും മുഖത്തോട് മുഖം നോക്കി. ചെവി പൊട്ടുന്ന ശബ്ദത്തില്‍ ആ പയ്യന്‍ അലറുകയും സഞ്ചി വലിച്ചെറിയുകയും ചെയ്തു. കുറേ തുണികള്‍ ഉണ്ടായിരുന്നത് കൊണ്ടും ദൈവാധീനം കൊണ്ടും അയാള്‍ക്ക് ഒന്നും പറ്റിയില്ല.

മഹേഷിന്റെ ഉറക്കെയുള്ള അലര്‍ച്ചയുടെ സ്വരം മെസ്സ് ഹാള്‍ വരെയെത്തിയിരുന്നു. ആ ശബ്ദം തിരിച്ചറിഞ്ഞ അഭിയും വിനോദും ഒരു നിമിഷം പോലും പാഴാക്കാതെ റൂമിലേക്ക് കുതിച്ചു. അവര്‍ റൂമിലെത്തുമ്പൊഴേക്കും അവിടെ ഒരു ആള്‍ക്കൂട്ടം തന്നെ രൂപപ്പെട്ടിരുന്നു. അടുത്ത മുറിയിലുള്ളവര്‍ സ്റ്റമ്പും ബാറ്റുമൊക്കെയെടുത്ത് കട്ടിലിനടിയില്‍ നോക്കി നില്‍ക്കുന്നുണ്ട്. മഹേഷ് കട്ടിലിന് മുകളിലായി നിന്ന് ബാക്കിയുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു - ആ കട്ടിലിനടിയിലേക്കാ പോയത്. ആ ബാഗ് മാറ്റി നോക്ക്.. ദാ കണ്ടാ കണ്ടാ.. അവിടുണ്ട്.. എനിക്ക് കാണാംന്ന്..

“എന്താടാ? വല്ല പാമ്പുമാണോ?” ഒരല്പം ഭയത്തോടെ അഭി ചോദിച്ചു.

“അല്ലെടാ.. ഒരരണ. എന്തൊരു സൈസ്! ദേ ഇത്രേമുണ്ട്”, തന്റെ കൈയ്യുടെ മുട്ടു മുതല്‍ വിരലിന്റെ അറ്റം വരെയുള്ള നീളം കാണിച്ച് മഹേഷ് പറഞ്ഞു.

“അയ്യേ! അരണയാ.. അതിനാണോ ഇത്ര പേടി? അതിനെ ഞാന്‍ പിടിച്ചു തരാം. അരണയെ പിടിക്കാന്‍ ഞാനൊരു എക്സ്‌പെര്‍ട്ട് ആണ്.” വിനോദ് അടുത്ത് നിന്ന പയ്യന്റെ കയ്യില്‍ നിന്നും സ്റ്റമ്പ് വാങ്ങി കുനിഞ്ഞ് കട്ടിലിനടിയിലേക്ക് നോക്കി.

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :-

ഒരു വിധം ആ കറുത്ത സഞ്ചിയില്‍ നിന്നും പുറത്തിറങ്ങിയതാണ് അയാള്‍. നോക്കി നില്‍ക്കേ ഒരു കൂട്ടം പയ്യന്മാര്‍ അറ്റം കൂര്‍ത്ത കമ്പുകളും പിന്നെ പരന്ന പലകയ്ക്ക് പിടി വെച്ച പോലെ എന്തോ ഒരു സാധനവുമായും മുറിയിലേക്ക് വരുന്നത് കണ്ടു. കാര്യം പന്തിയല്ലെന്ന് മനസിലാക്കിയ അയാള്‍ ഒറ്റയോട്ടത്തിന് കട്ടിലിനടിയിലേക്ക് കയറി.ഇതിനിടയില്‍ ആദ്യം സഞ്ചി വലിച്ചെറിഞ്ഞ ആ നാശം പിടിച്ച പയ്യന്‍ കട്ടിലിന്റെ മേല്‍ ചാടിക്കയറുകയും ചെയ്തിരുന്നു. കട്ടിലിനടിയില്‍ കയറിയിട്ടും സ്വസ്ഥത തരാതെ അവര്‍ കമ്പും പലകയുമൊക്കെ എടുത്ത് കട്ടിലിനടിയില്‍ കുത്താന്‍ തുടങ്ങി. ഒരു കളരി അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ അയാള്‍ അവയില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറി. ഹൊ! രക്ഷപ്പെടാന്‍ ഒരു പഴുതുമില്ലേ? ഇതിനിടയില്‍ വേറെ രണ്ട് പയ്യന്മാര്‍ കൂടെ മുറിയില്‍ കയറി വന്നു. അവര്‍ കുറച്ച് മുമ്പ് മുറിയില്‍ നിന്നും ഇറങ്ങി പോയവരാണെന്ന് അയാള്‍ക്ക് മനസിലായി. അതിലൊരുത്തന്‍ എന്തൊക്കെയോ പറഞ്ഞ് കൊണ്ട് അടുത്ത് നിന്നവന്റെ കയ്യില്‍ നിന്നും ഒരു കമ്പ് വാങ്ങി കുനിഞ്ഞ് തന്റെ നേരെ നോക്കി. ഇനി രക്ഷയില്ല. രക്ഷപ്പെടാന്‍ ഒരു വഴി മാത്രം. അവനെ അങ്ങോട്ട് ആക്രമിക്കുക. രണ്ടും കല്‍പിച്ച് അയാള്‍ മുന്നോട്ട് കുതിച്ചു.

“എവിടെടാ നിന്റെ അരണ? അത് പോയോ?” വിനോദ് കട്ടിലിനടിയിലെ ഇരുട്ടിലേക്ക് സൂക്ഷിച്ച് നോക്കി. പെട്ടെന്ന് എന്തോ ഒരു സാധനം ശരവേഗത്തില്‍ തന്റെ നേര്‍ക്ക് വരുന്നത് അവന്‍ കണ്ടു. “അമ്മേ! അരണ!” എന്നൊരലര്‍ച്ചയോടെ അവന്‍ ഒരു വശത്തേക്ക് മറിഞ്ഞു. അവന്റെ ശരീരം നിലത്തിടിച്ചപ്പോള്‍ അവിടെ കൂടി നിന്നവര്‍ ഒരു നിമിഷം അതൊരു ഭൂകമ്പമാണോ എന്ന് സംശയിച്ചു. അരണ മുറിയിലെ വെളിച്ചത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് തിരിഞ്ഞ ശേഷം മറ്റൊരു മൂലയില്‍ കാലിയായി കിടന്ന ഒരു ബാഗിലേക്ക് കയറി. ഇത് തന്നെ അവസരം. വിനോദ് ചാടി എഴുന്നേറ്റു. തന്റെ കയ്യിലിരുന്ന സ്റ്റമ്പ് കൊണ്ട് അവന്‍ ആ ബാഗ് മെല്ലെ പൊക്കി. എന്നിട്ട് അതെടുത്ത് മുറിയുടെ പുറത്തേക്കിട്ടു. എല്ലാവരും നോക്കി നില്‍ക്കേ അരണ ബാഗില്‍ നിന്നും ഇറങ്ങി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടി. ദൈവമേ രക്ഷപ്പെട്ടു എന്നൊരു ദീര്‍ഘനിശ്വാസത്തോടെ അഭിയും സുഹൃത്തുക്കളും അത് നോക്കി നിന്നു..

രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് :‌‌‌-

കൂര്‍ത്ത കമ്പുമായി നില്‍ക്കുന്ന തന്റെ എതിരാളിയെ അപ്രതീക്ഷിതമായ ആക്രമണത്തിലൂടെ കീഴടക്കണം എന്ന ചിന്തയോടെയാണ് അയാള്‍ മുന്നോട്ട് കുതിച്ചതെങ്കിലും ആ പയ്യന്റെ അടുത്തെത്തിയപ്പോളേക്കും താന്‍ എന്തിന് ഓടി വന്നു എന്ന കാര്യം അയാള്‍ മറന്നു പോയി. ഒരു നിമിഷം താന്‍ എവിടെയാണെന്നോ എന്തിന് അവിടെ വന്നുവെന്നോ അയാള്‍ മറന്ന് പോയി. ഇതിനകം ആ പയ്യന്‍ എന്തോ ഉച്ചത്തില്‍ പറഞ്ഞ് കൊണ്ട് മറുവശത്തേക്ക് വീണിരുന്നു. അവനെങ്ങാനും തന്റെ ദേഹത്ത് വീണിരുന്നെങ്കില്‍ പിന്നെ ബാക്കി കിട്ടില്ലായിരുന്നു എന്നയാള്‍ ഓര്‍ത്തു. തന്റെ ചുറ്റിനും എന്തിനും തയ്യാറായി നില്‍ക്കുന്ന പയ്യന്മാരെ കണ്ട അയാള്‍ പിന്നെ ഒന്നും നോക്കിയില്ല. ഓടി. മറ്റൊരു സഞ്ചിയില്‍ ഒരുവിധം കയറിപ്പറ്റി. ആശ്വാസത്തോടെ ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ക്കാന്‍ പോവുകയായിരുന്നു അയാള്‍. പെട്ടെന്നാണ് സഞ്ചി പൊങ്ങിയത് പോലെ തോന്നിയത്. ദൈവമേ എന്താണ് ഈ പയ്യന്മാരുടെ ഉദ്ദേശ്യം? എന്നെ ഇവന്മാര്‍ തട്ടിയത് തന്നെ. ഈശ്വരാ! രക്ഷിക്കണേ.. അയാള്‍ അവസാനമായി പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥന ദൈവം കേട്ടുവോ? സഞ്ചി വീണ്ടും നിലത്ത്. അതും മുറിയുടെ വെളിയില്‍. പിന്നെ ഒരു നിമിഷം പോലും കളഞ്ഞില്ല അയാള്‍. അടുത്ത് കണ്ട കുറ്റിക്കാട് ലക്ഷ്യമാക്കി കുതിച്ചു. ഓടുമ്പോള്‍ ദൈവത്തിന് നന്ദി പറയുകയായിരുന്നു അയാള്‍..

01 ജനുവരി 2009

പുതുവര്‍ഷവും പ്രതിജ്ഞകളും

പുതുവര്‍ഷം. എല്ലാ കൊല്ലവും ജനുവരി ഒന്ന് അടുക്കാറാവുമ്പൊഴേക്കും, അല്ലെങ്കില്‍ അതിനോടടുപ്പിച്ചുള്ള ദിവസങ്ങളില്‍, സ്ഥിരമായി കേള്‍ക്കാറുള്ളതാണ് പ്രതിജ്ഞകളെ പറ്റി. എന്നാല്‍ ഇതു വരെ ഞാന്‍ അങ്ങനെയൊരു പ്രതിജ്ഞയും ന്യൂ ഇയര്‍ ആയിട്ട് എടുത്തിട്ടില്ല. എന്നാല്‍ ഈ കൊല്ലം കുറച്ച് മാറി ചിന്തിക്കുകയാണ്. അതിന് കാരണം കഴിഞ്ഞ വര്‍ഷത്തെ കുറിച്ച് ആലോചിച്ചിട്ട് എനിക്ക് തന്നെ നാണക്കേടായി. പ്രത്യേകിച്ച് യാതൊന്നും ചെയ്യാതെ പോയ വര്‍ഷമാണ് 2008. ലോകത്തിന് മൊത്തത്തില്‍ അത്ര മെച്ചമല്ലായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്ന വര്‍ഷം.

2008-ല്‍ എനിക്കുണ്ടായ നല്ല അനുഭവങ്ങള്‍ വളരെ ചുരുക്കം. ചേട്ടന്റെ കല്ല്യാണം അതില്‍ ഏറ്റവും വലുതും. പിന്നെ പറയാനുള്ളത് പത്ത് - നൂറ് പേരുടെ മുന്നില്‍ നിന്നും സംസാരിച്ചു എന്നതാണ്. കുറച്ച് ബുക്ക് വായിച്ചു. കുറച്ച് ബുക്ക് വാങ്ങിച്ചു. ബ്ലോഗ് എഴുത്തിനെ പറ്റി പറഞ്ഞാല്‍... പോസ്റ്റുകളുടെ എണ്ണം കുറവാണ്, ഒരൊറ്റ കവിത പോലും എഴുതിയില്ല.!!! നിങ്ങളുടെ ഭാഗ്യം. പിന്നെ ഒരു വലിയ നേട്ടം. ഒരു വര്‍ഷം ഡയറി എഴുതി. 2007ല്‍ തുടങ്ങിയെങ്കിലും അത് ഒന്ന് രണ്ട് മാസം കൊണ്ട് നിര്‍ത്തിയതാണ്. എന്നാല്‍ 2008ല്‍ അത് നിര്‍ത്താതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. എന്നാല്‍ തുടര്‍ച്ചയായി 365 ദിവസത്തെ ഡയറിക്കുറിപ്പുകള്‍ ഇല്ല എന്നതും സത്യം. ഒരുപാട് ഇടവേളകളിലായാണ് എഴുതിയത്. എങ്കിലും അത്രെയെങ്കിലും ചെയ്തല്ലോ എന്ന് സമാധാനം.

സിനിമ എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു സാധനമാണ്. 2008ല്‍ ആകെ ഹിറ്റായത് 5 മലയാളം സിനിമയെ ഉള്ളു എന്നൊക്കെ വായിച്ചു. അതില്‍ മാടമ്പിയും അണ്ണന്‍ തമ്പിയും കണ്ടില്ല. ട്വന്റി 20, വെറുതെ ഒരു ഭാര്യ, സൈക്കിള്‍ എന്നിവ കണ്ടു. എന്നാല്‍ നല്ലതെന്ന് വിലയിരുത്തപ്പെട്ട തലപ്പാവ്, തിരക്കഥ, ഗുല്‍മോഹര്‍ ഒന്നും കണ്ടില്ല. കോളേജ് കുമാരന്‍, കല്‍ക്കട്ട ന്യൂസ് ഒക്കെ കാണുകയും ചെയ്തു. മറ്റ് ഭാഷകളില്‍ ശ്രദ്ധേയമായ എ വെനെസ്ഡേ, ആമിര്‍, ജോധാ അക്ബര്‍, രബ് നെ ബനാ ദി ജോഡി, ഗജിനി, സുബ്രഹ്മണ്യപുരം, വാരണം ആയിരം, സന്തോഷ് സുബ്രഹ്മണ്യം, ബാറ്റ്മാന്‍, വാള്‍-ഇ തുടങ്ങി ഒരുപറ്റം നല്ല സിനിമകളും കണ്ടു. മലയാളസിനിമ ചതിച്ചെങ്കിലും അന്യഭാഷാ സിനിമകള്‍ ചതിച്ചില്ല എന്ന ആശ്വാസം.

കോളേജ് വിദ്യാഭ്യാസം ഈ വരുന്ന മാര്‍ച്ച് ആകുന്നതോടെ തീരുകയാണ്. കോളേജിലെ അവസാനത്തെ ഓണാഘോഷത്തില്‍ ഇത് വരെ ചെയ്യാത്ത രണ്ട് കാര്യങ്ങള്‍ ചെയ്തു എന്ന സമാധാനം - കാന്റില്‍ റേസ്, പെയിന്റിങ്ങ് എന്നീ മേഖലകളില്‍ എന്റെ പാദമുദ്ര പതിപ്പിച്ചു ഞാന്‍..!

2009. ഇതാദ്യമായി ചില പ്രതിജ്ഞകള്‍ എടുക്കാന്‍ പോകുന്നു. അത് ബ്ലോഗിലൂടെ എല്ലാരേം അറിയിക്കുന്നു. ഇനി ഞാന്‍ മറന്നാലും എന്നെ എന്റെ പ്രതിജ്ഞകള്‍ ഓര്‍മിപ്പിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ..

1. ഇനി മുതല്‍ എല്ലാ ദിവസവും കുളിച്ച ശേഷമേ ആഹാരം കഴിക്കൂ.. ഇന്ന് മുതല്‍ തുടങ്ങി..!
2. ഡ്രൈവിങ്ങ് പഠിക്കും. ഇനിയും വൈകിയാല്‍ ശരിയാവില്ല. ഈ കൊല്ലം അവസാനിക്കുമ്പോള്‍ ഞാന്‍ ഡ്രൈവിങ്ങ് പഠിച്ച് കഴിഞ്ഞിരിക്കും.
3. ഡയറി എഴുത്ത് തുടരും. നല്ലൊരു ശീലമാണ്. ഇത് വരെ അത് ശീലിക്കാത്തവര്‍ ഉണ്ടെങ്കില്‍ ഈ കൊല്ലം തന്നെ തുടങ്ങിക്കോളൂ..
4. ബുക്ക് വായിക്കും. കോളേജ് ലൈബ്രറിക്ക് നന്ദി. ഇനി അവിടുന്ന് പുറത്തിറങ്ങിയാലും ബുക്കുകള്‍ വാങ്ങി വായിക്കാന്‍ ശ്രമിക്കും.
5. വായിക്കുന്ന ബുക്കുകളെ കുറിച്ച് ബ്ലോഗില്‍ എഴുതും. ചുളിവില്‍ ഒരു പോസ്റ്റുമായി..!
6. സിഗററ്റ് വലി, കള്ളുകുടി തുടങ്ങിയ ദുഃശീലങ്ങളില്‍ നിന്നും ഇത്ര നാള്‍ വിട്ടു നിന്നത് പോലെ ഇനിയും വിട്ടു നില്‍ക്കും. വലിക്കാരെ, കുടിയന്മാരെ, നിങ്ങളൊക്കെ അക്ഷരാഭ്യാസമുള്ളവരും സയന്‍സ് പഠിച്ചവരുമല്ലേ?? ഈ പറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ചാലുള്ള ഭവിഷ്യത്ത് നിങ്ങള്‍ക്കും അറിയാമല്ലോ?
7. പാചകം പഠിക്കാന്‍ ചിലപ്പോ ശ്രമിച്ചേക്കും. അവസാന പ്രയോറിറ്റി ആയത് കൊണ്ട് ഇതിനെ ഒരു പ്രതിജ്ഞ ആയി കണക്കാക്കേണ്ട..!

അപ്പോ ഇതൊക്കെയാണ് 2009ലെ പ്രധാന കര്‍മ്മപരിപാടികള്‍. ഞാന്‍ ഇതൊക്കെ പാലിക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ എല്ലാരും ഒന്ന് നോക്കിക്കോണേ..

അപ്പോ എല്ലാവര്‍ക്കും ഹാപ്പി ന്യൂ ഇയര്‍.. ഇന്ന് ബ്ലോഗ് തുടങ്ങുന്ന നമ്മുടെ മമ്മൂട്ടിക്കും ഒരു സ്പെഷ്യല്‍ പുതുവത്സരാശംസകള്‍..!