20 ഫെബ്രുവരി 2007

കോന്‍ ബനേഗാ ക്രോര്‍പതി???

ഒരു വ്യാഴാഴ്ച. ഇന്ത്യന്‍ സമയം രാത്രി 9.00 മണി. അമ്മയും ചേച്ചിയും സീരിയല്‍ കാഴ്ച അവസാനിപ്പിച്ച് ടീവി നിര്‍ത്തി. ഞാന്‍ അപ്പോഴാണ് ആ മുറിയിലേയ്‌ക്ക് എത്തിയത്, എന്നത്തേയും പോലെ...

ഞാന്‍ ടീവി ഓണ്‍ ചെയ്തു. എന്റെ കൈ റിമോട്ടിലെ ബട്ടണുകളില്‍ ഒന്നോടി. എനിക്ക് കാണേണ്ട പരിപാടി തുടങ്ങി കഴിഞ്ഞു. ടേന്‍ ടേന്‍ ടെന്‍ ടെന്‍ ടെ ടെ ടേന്‍ ടേണ്‍ ടെ ടേന്‍.... എന്ന സംഗീതം എന്റെ കാതില്‍ മുഴങ്ങി.

“നമസ്കാര്‍.. മേം ഹൂന്‍ ഷാഹ്‌രുഖ് ഖാന്‍.. ഓര്‍ ആപ് ദേഖ് രഹെ ഹൈന്‍ കോന്‍ ബനേഗാ.. ക്രോര്‍പതീ...”

നിറഞ്ഞ കരഖോഷം.. അതെ കേബീസി തുടങ്ങി കഴിഞ്ഞു. 15 ചോദ്യങ്ങള്‍.. സമ്മാനം രണ്ട് കോടി രൂപ.. കളിക്കാന്‍ തയ്യാറായി പത്ത് പേര്‍ അവിടെ ആ സ്റ്റുഡിയോവില്‍ ഉണ്ട്. ഫാസ്റ്റസ്റ്റ് ഫിംഗര്‍ ഫസ്റ്റ് എന്ന ആദ്യ റൌണ്ടില്‍ നിന്നും ഒരാള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇനി അയാളും ഷാഹ്‌രുഖും തമ്മില്‍ കളിക്കും.. കോന്‍ ബനേഗാ.. ക്രോര്‍പതീ!

അയാള്‍ കളിച്ച് കളിച്ച് 25 ലക്ഷം രൂപയുമായി പോയി.. ഹൊ! ഭാഗ്യവാന്‍.. ഈ പരിപാടിയിലൊന്ന് കയറിപറ്റാന്‍ എന്താ വഴി?? ഞാന്‍ ആലോചിച്ചു. ഷാഹ്‌രുഖ് എപ്പിസോട് കഴിഞ്ഞ് പോകുന്നതിന് മുമ്പ് ഒരു വരി പറഞ്ഞു, “നിങ്ങള്‍ക്കും പങ്കെടുക്കാം കേബീസിയില്‍.. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. ഈ എപ്പിസോടിന് ശേഷം ചോദിക്കുന്ന ചോദ്യത്തിന് ശരിയുത്തരം നല്‍കുക.”

പ്രതീക്ഷ എന്റെ മുഖത്തേയ്‌ക്ക് ടോര്‍ച്ചടിച്ചു. ഞാന്‍ കാത്തിരുന്നു ആ ചോദ്യത്തിനായി.. പക്ഷേ വന്നില്ല. പകരം ഒരു ഹിന്ദി സീരിയല്‍ വന്നു. ഒരു മലയാളം സീരിയല്‍ പോലും കാണാത്ത ഞാന്‍ അന്നാദ്യമായി ഒരു ഹിന്ദി സീരിയല്‍ കണ്ടു, കുറച്ച് നേരം. അത് സഹിക്കാനുള്ള ശക്തി എനിക്കില്ലാത്തത് കൊണ്ട് മനസ്സില്ലാമനസ്സോടെ ഞാന്‍ ടീവി നിര്‍ത്തി.

ശനിയാഴ്ച. രാത്രി ചുമ്മാ ചാനല്‍ മാറ്റി കളിക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന്.. അതാ ഒരു ചോദ്യം.. വെറും ചോദ്യമല്ല. നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാവുന്ന ഒരു ചോദ്യം!

“ഭഗവാന്‍ വിഷ്ണു തന്റെ കൂര്‍മ്മാവതാരത്തില്‍ ഏത് മൃഗത്തിന്റെ രൂപമാണ് സ്വീകരിച്ച്ത്? 1)ആന, 2)ആമ, 3)പന്നി, 4)സിംഹം. ഉത്തരം അറിയിക്കാനുള്ള ഫോണ്‍ നമ്പര്‍: 1904 424 78270 പിന്നെ ഉത്തരമേതാണ് എന്ന് സൂചിപ്പിക്കുന്ന നമ്പരും. ഉദാ: നിങ്ങളുടെ ഉത്തരം ആന എന്നാണെങ്കില്‍ 1904 424 78270 1 എന്ന് വിളിക്കുക”.

പിന്നെ വൈകിയില്ല. ഞാന്‍ വിളിച്ചു. ഫോണിലൂടെ സന്ദേശം, “കേബീസി കൊ ഫോണ്‍ കര്‍നേ കേ ലിയെ ധന്യവാദ്. കമ്പ്യൂട്ടര്‍ ദ്വാരാ ചുനേ ഗയേ നമ്പേര്‍സ് കൊ ഹം ഫോണ്‍ കരേംഗെ അഗ്‌ലെ തീന്‍ ദിനോം മേ”. അതായത് ശരിയുത്തരം തരുന്നവരില്‍ നിന്നും കമ്പ്യൂട്ടര്‍ തിരഞ്ഞെടുക്കുന്നവരെ മൂന്നു ദിവസത്തിനകം അവര്‍ തിരികെ വിളിക്കുമെന്ന്. ഇതു കേട്ടതോടെ കിലുക്കത്തിലെ ഇന്നസെന്റിന്റെ അവസ്ഥയിലായി ഞാന്‍.. ഊം.. മ്.. ഇത് കൊറേ കണ്ടിട്ടിണ്ട്.. ഞാന്‍ സ്വയം പറഞ്ഞു.

ഞായറാഴ്ച എനിക്കൊരല്പം പ്രതീക്ഷയുണ്ടായിരുന്നു. തിങ്കളാഴ്ച ആ പ്രതീക്ഷയുടെ ശക്തി കുറഞ്ഞു. ചൊവ്വാഴ്ച. മൂന്നാം ദിവസം. ഞാന്‍ കോളേജില്‍ നിന്ന് വരുമ്പോള്‍ പതിവിന് വിപരീതമായി ചേച്ചി വീടിന്റെ വാതില്‍ക്കല്‍ തന്നെ നില്പുണ്ട്.. ഒരു സെവെന്റി എം.എം ചിരിയുമായി.

“കുറച്ചു കൂടി നേരത്തേ വരാന്‍ മേലായിരുന്നൊ നിനക്ക്?”, ചേച്ചിയുടെ ചോദ്യം.

ഞാന്‍ ഒന്നും മിണ്ടാ‍തെ അകത്തേയ്ക്ക് കയറി.

“എടാ.. നിന്നെ കേബീസിയില്‍ നിന്ന് വിളിച്ചിരുന്നു”

ഞാന്‍ വീണ്ടും ഇന്നസെന്റായി..

പക്ഷേ.. അന്ന് രാത്രി.. ഏകദേശം ഒരു എട്ടു മണിയായി കാണും.. ഒരു എസ്.റ്റീ.ഡി ബെല്‍. ഞാന്‍ ഫോണെടുത്തു.

അതെ.. ഇന്ത്യ മുഴുവനുമുള്ള ആളുകളില്‍ നിന്നും 340 പേരെ രണ്ടാം റൌണ്ടിലേയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നു. അതിലൊരാള്‍ ഞാന്‍.. ഒരു പത്തിരുപത് മിനിറ്റ് നേരം അവര്‍ സംസാരിച്ചു.. എന്റെ പേരും മേല്‍‌വിലാസവും അവര്‍ വാങ്ങി വെച്ചു. കേബീസിയുടെ മുപ്പത്തിയെട്ടാം എപ്പിസോഡിനായി അവരുടെ ചിലവില്‍ മാര്‍ച്ച് 6ന് മുംബൈയില്‍ ചെല്ലാമോ എന്ന്.. സന്തോഷത്തോടെ ഞാന്‍ സമ്മതം മൂളി.

അപ്പോളതാ അടുത്ത ചോദ്യം. “ഇവയിലേതാണ് ഗ്രാന്റ്‌സ്ലാം ടൂറ്ണമെന്റ് - ജര്‍മന്‍ ഓപണ്‍, സിംഗപൂര്‍ ഓപണ്‍, റഷ്യന്‍ ഓപണ്‍, യു.എസ് ഓപണ്‍?”

ശരിയുത്തരം വളരെ എളുപ്പത്തില്‍ തന്നെ ഞാന്‍ പറഞ്ഞു. ഇപ്പോള്‍ പ്രതീക്ഷ ടോര്‍ച്ചല്ല.. ഒരു ലൈറ്റ് ഹൌസ് ആയി തന്നെ അടിക്കുന്നുണ്ട്..

എന്നാല്‍...

“ശരിയുത്തരം പറയുന്നവരില്‍ നിന്നും 100 പേരെ തിരഞ്ഞെടുക്കുന്നു. അവരെ ഞങ്ങള്‍ മൂന്നു ദിവസത്തിനകം വിളിക്കും.” എന്ന മറുപടിയോടെ അവര്‍ ഫോണ്‍ വെച്ചു.

വെള്ളിയാഴ്ച. ശിവരാത്രി ദിവസം. എനിക്കവധി ദിവസമാണ്.. സമയം ഏകദെശം 3.45 കഴിഞ്ഞു.. വീണ്ടും ഒരു എസ്.റ്റീ.ഡി ബെല്‍!!!

“ഹലോ.. മേന്‍ പ്രതിഭാ ജാ ബോല്‍ രഹി ഹൂന്‍.. കോന്‍ ബനേഗാ ക്രോര്‍പതി സേ”

സംഭാഷണം ഹിന്ദിയില്‍ വേണോ ഇംഗ്ലീഷില്‍ വേണോ എന്നായി അവര്‍.. ഏത് ഭാഷയായാലും കുഴപ്പമില്ല, സംസാരിച്ചാല്‍ മതി എന്ന അവസ്ഥയില്‍ ഞാന്‍. എന്തായാലും ഇംഗ്ലീഷില്‍ തന്നെ സംസാരം തുടരാന്‍ തീരുമാനിച്ചു.

വീണ്ടും നിയമങ്ങള്‍.. ഒരഞ്ച് മിനിട്ട്.

ഇനി നാല് ചോദ്യങ്ങള്‍ ചോദിക്കും.. മൂന്നെണ്ണം ഓപ്‌ഷനോടെയും ഒരെണ്ണം ഓപ്‌ഷനില്ലാതെയും. ഇതു കേട്ടതോടെ അതുവരെ സംഭരിച്ചു വെച്ചിരുന്ന ധൈര്യമെല്ലാം എങ്ങോ ചോര്‍ന്നു പോയി!

പിന്നെ എന്താ സംഭവിച്ചത് എന്നെനിക്കറിയില്ല. നാലില്‍ മൂന്നെണ്ണവും തെറ്റിച്ച് ഞാന്‍ ദാ പുറത്തേയ്ക്ക്. എന്റെ ലൈറ്റ് ഹൌസിന് ഞാന്‍ തന്നെ കല്ലെറിഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ..

നിങ്ങളുടെ അറിവിലേയ്ക്കായി ആ നാല് ചോദ്യങ്ങള്‍ ഇവിടെ കൊടുക്കുന്നു. ആദ്യ ചോദ്യത്തിന് മാത്രമാണ് ഞാന്‍ ഉത്തരം നല്‍കിയത്:

1) ഭാരതത്തിലെ പരിശീലകര്‍ക്ക് കൊടുക്കുന്ന പുരസ്കാരം ഏത്?
A. പത്മശ്രീ B. അര്‍ജ്ജുന അവാര്‍ഡ് C. ഭാരതരത്ന D. ധ്രോണാചാര്യ അവാര്‍ഡ്

2) ഇവരിലാരാണ് അര്‍ജ്ജുനന്റെ മരുമകള്‍?
A. ഉത്തര B. സുഭദ്ര C. ഗംഗ D. യമുന

3) ഇക്കഴിഞ്ഞ ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ താരം?
A. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ B. സൌരവ് ഗാംഗുലി C. ഗൌതം ഗംഭീര്‍ D. രാഹുല്‍ ദ്രാവിഡ്

4) റിസര്‍വ് ബാങ്ക് സ്ഥാപിച്ച വര്‍ഷം?
ഈ ചോദ്യത്തിന് ഓപ്‌ഷന്‍ ഇല്ലായിരുന്നു.

‌‌‌‌‌‌‌‌----------------------------------------------------------------------------------------------------------------------------------------------------

ഇന്ന് ഫെബ്രുവരി 19. വീണ്ടും ചോദ്യം ഞാന്‍ കണ്ടു. വീണ്ടും വിളിച്ചു. പതിവു പോലെയുള്ള മറുപടികള്‍.

ഫെബ്.20. വൈകുന്നേരം ആറര മണി. ഞാന്‍ ഓര്‍ക്കുട്ടിലാണ്. ഫോണ്‍ ബെല്ലടിക്കുന്നു. എസ്.റ്റീ.ഡി ബെല്‍!!! പ്രതീക്ഷ എന്റെ മുഖത്തേയ്‌ക്ക് ടോര്‍ച്ചടിച്ചു... ഒരിക്കല്‍ കൂടി.