09 ഫെബ്രുവരി 2007

ധോണി

ആദ്യമായി തന്നെ, ക്രിക്കറ്റ് കളിയുടെയും ഇന്ത്യന്‍ ടീമിന്റേയും മഹേന്ദ്ര സിങ്ങ് ധോണി എന്ന നമ്മുടെ സ്വന്തം വിക്കറ്റ് കീപ്പറുടെയും ആരാധകര്‍ക്കും, സാക്ഷാല്‍ ധോണിക്കും ഇങ്ങനെയൊരു പോസ്റ്റ് എഴുതുന്നതിലുള്ള എന്റെ വിഷമം അറിയിച്ചുകൊള്ളട്ടെ..

ആരാണ് ധോണി?? ഒരു സാധാരണ ഇന്ത്യാക്കാരനോട് ചോദിച്ചാല്‍ ബാറ്റില്‍ നിന്നും തീയുണ്ട പോലെ റണ്ണൊഴുക്കുന്ന, ഏതു ബോളര്‍മാരുടെയും പേടിസ്വപ്നമായ, ദിനവും രണ്ട് ലിറ്റര്‍ പാല്‍ കുടിക്കുന്ന, പരസ്യങ്ങളിലെ സ്ഥിര സാന്നിധ്യമായ ഇന്ത്യയുടെ ചങ്കുറപ്പുള്ള വിക്കറ്റ്കീപ്പറിനെ പറ്റിയാവും നിങ്ങള്‍ കേള്‍ക്കുക.. എന്നാല്‍, ഇവിടെ എന്റെ സ്വന്തം നാടായ പറവൂരില്‍ ധോണിയെ അന്വേഷിച്ചാല്‍ നിങ്ങള്‍ക്ക് ഭൂരിപക്ഷം പേരിലും ഒരു കണ്‍ഫ്യൂഷന്‍ കാണുവാന്‍ കഴിയും. എന്തുകൊണ്ട്?? ഉത്തരമറിയാന്‍ തുടര്‍ന്നു വായിക്കുക..

എന്റെ നാട്ടിലെ സാവേരി സൌണ്ട്സിനെ (കൊടി എന്ന പോസ്റ്റ് നോക്കുക) കുറിച്ച് നിങ്ങള്‍ വായിച്ചിരിക്കും എന്നു കരുതട്ടെ.. ആ സാവേരിയിലെ ജോലിക്കാരനാണ് ധോണി.. ക്ഷമിക്കുക, ആ വ്യക്തിയുടെ ശരിയായ പേര് എനിക്കറിയില്ല.. ഈ നാട്ടില്‍ തന്നെ എത്ര പേര്‍ക്കറിയാം എന്ന് എനിക്ക് സംശയവുമുണ്ട്.. എന്തായാലും ഇവിടെ ഒരു ധോണി ഉണ്ട്. അമ്പലപ്പറമ്പില്‍ കൂട്ടംകൂടി നില്‍ക്കുന്ന ഒരു പറ്റം ചെറുപ്പക്കാരില്‍ ആരുടേയൊ തലയില്‍ ഉദിച്ചതാവും ആ നാമം.. കുറച്ച് കൂടി വ്യക്തമാക്കിയാല്‍ ഇരട്ടപ്പേര്..!

രൂപം കൊണ്ട് ധോണിയുടെ ഒരു വിദൂര സാദൃശ്യം നമ്മുടെ ധോണിക്കും ഉണ്ടെന്ന് എനിക്ക് പറയേണ്ടി വരും, പക്ഷേ ധോണിയുടെ “വന്‍” ആരാധകരാരെങ്കിലും ഇത് കേട്ടാല്‍ പിന്നെ എന്റെ കാര്യം, ധോണിക്ക് പന്തെറിയുന്ന ബോളര്‍മാരിലും കഷ്ടമായിരിക്കും. അസൂയക്കാര്‍ ധോണിയുടെ ഒരു “ഉണങ്ങിയ” രൂപം എന്നൊക്കെ പറയുമെങ്കിലും അത്രയ്ക്കങ്ങോട്ട് പോകേണ്ട എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

ധോണിയുടെ രൂപമല്ല പ്രധാനം.. അവന്റെ ജോലിയാണ്.

ഞാന്‍ ഇനി പറയുന്ന സംഭവത്തിന്റെ പശ്ചാത്തലം ഒരു വീട് മാറല്‍ ആണ്.. മറ്റാരുടേയുമല്ല, ഞങ്ങളുടെ തന്നെ.. പുതിയ വീട്ടിലേയ്ക്ക് താമസം മാറിയപ്പോഴാണ് ഞങ്ങള്‍ക്ക് കേബിള്‍ തന്ന സ്ഥാപനത്തിന് ഞങ്ങളുടെ വീടിരിക്കുന്ന സ്ഥലത്ത് “റേയ്ഞ്ച്” ഇല്ല എന്ന സത്യം ഞങ്ങള്‍ മനസിലാക്കിയത്. അവരുമായി കുറച്ച് വഴക്കൊക്കെ ഇടേണ്ടിവരികയും ചെയ്തു. വീട് മാറി ഒരാഴ്‌ചയായിട്ടും കേബിള്‍ ഇല്ലാത്ത അവസ്ഥ.. ഇന്നത്തെ കാലത്ത് അതിന്റെ ഭീകരത നിങ്ങള്‍ക്കൂഹിക്കാമല്ലോ?? ഞങ്ങള്‍ പുതിയ കേബിള്‍ കണക്ഷന്‍ തേടുകയാണ്. സാവേരി സൌണ്ട്സിന് ഒരു കേബിള്‍ റ്റീവി ശൃംഗലയുണ്ട്. ഒരു ദിവസം രാവിലെ ബാങ്കില്‍ പോകുന്ന വഴി എന്റെ അച്ഛന്‍ അവിടെ കയറി പറഞ്ഞു, “കേബിള്‍ വേണമായിരുന്നു..“

“അതിനെന്താ ചേട്ടാ, ദാ ഇന്ന് തന്നെ ധോണിയെ വിട്ടേക്കാം” എന്ന് സാവേരി സൌണ്ട്സ് ഉടമ ശശി. പക്ഷേ.. അന്ന് ധോണി വന്നില്ല.. മൂന്നു ദിവസമായിട്ടും ധോണി വന്നില്ല. അച്ഛന്‍ വീണ്ടും കടയിലെത്തി. “ചേട്ടാ, ഇന്ന് തീര്‍ച്ചയായും ധോണിയെ വിടാം.”, ശശി.

അങ്ങനെ ഒരാഴ്ച.. ധോണി വന്നില്ല. ഒടുവില്‍ ഞങ്ങള്‍ ഏസീവിയുടെ കേബിള്‍ എടുത്തു. അടുത്ത ദിവസം അച്ഛന്‍ ബാങ്കിലേയ്ക്ക് പോകുമ്പോള്‍ സാവേരിയില്‍ ശശിയും ധോണിയും നില്‌പുണ്ട്.

“ചേട്ടാ, ദാ ധോണിയെ ഇപ്പോ വിട്ടേക്കാം“, ശശി പറഞ്ഞു.

“ഓ.. ഇനി വേണ്ട.. ഇയാളുടെ ധോണി ക്രിക്കറ്റ് കളിയൊക്കെയായി തിരക്കിലല്ലേ..ഞങ്ങള്‍ പുതിയ കണക്ഷന്‍ എടുത്തു.“

ശശിയുടെ മുഖം ഒന്നു കാണേണ്ടത് തന്നെയായിരുന്നു.