01 ഏപ്രിൽ 2009

ഒരു പുഞ്ചിരിയുടെ കഥ

ടിക്കറ്റ് എടുത്ത് ട്രെയിനിന് നേരെ ഓടികൊണ്ടിരിക്കവേ നീതു തന്റെ മൊബൈലില്‍ അച്ചന്റെ നമ്പര്‍ എടുക്കുകയായിരുന്നു.
“എടീ, അത് പിന്നെ നോക്കാം. വേഗം വാ. ഇപ്പോ വണ്ടിയെടുക്കും.” ഒരല്പം ദേഷ്യത്തില്‍ തന്നെ പ്രവീണ്‍ വിളിച്ചു പറഞ്ഞു. നീതു ഫോണ്‍ കൈയ്യില്‍ മുറുകെ പിടിച്ച് സര്‍വ്വശക്തിയുമെടുത്ത് ഓടി, പ്രവിക്ക് ഒപ്പമെത്താന്‍. അവന്‍ ട്രെയിനില്‍ കയറി കഴിഞ്ഞു. അവള്‍ ഒരുവിധം ഓടിയെത്തി. വണ്ടി ചെറുതായി നീങ്ങി തുടങ്ങിയിരുന്നു. പ്രവി അവളെ കൈ പിടിച്ച് ഒരുവിധത്തില്‍ അകത്ത് കയറ്റി. വാതിലിനരികില്‍ രണ്ട് പേരും ഒരു നിമിഷം നിന്ന് കിതച്ചു. ആ കിതപ്പിനിടയില്‍ പ്രവിയുടെ മുഖത്ത് ദേഷ്യവും നീ എന്ത് ചെയ്യുവാരുന്നു എന്നും മറ്റുമുള്ള ഭാവങ്ങള്‍ പിറന്നപ്പോള്‍ നീതുവിന്റെ മുഖം എന്നോട് ക്ഷമിക്കൂ എന്ന് മാത്രമായിരുന്നു പറയുന്നത്. ഒടുവില്‍ ഇരുവരും തമ്മില്‍ തമ്മില്‍ നോക്കി ചിരിക്കുകയും ചെയ്തു.

ട്രെയിന്‍ ഏകദേശം നിറഞ്ഞിരിക്കുകയാണ്. ഇനി കൊല്ലമെത്തുന്നത് വരെ ഇരിക്കാമെന്ന് ഒരു പ്രതീക്ഷയുമില്ല. ഇരുവരും തങ്ങളുടെ ബാഗുകള്‍ ഒതുക്കിവെച്ച ശേഷം ഒരുവശത്തായി നിലയുറപ്പിച്ചു. നേരം സന്ധ്യ. പുറത്ത് ചെറിയ ചാറ്റല്‍മഴ തുടങ്ങി.

“ടാ.. ദേ മഴ!”, നീതു പറഞ്ഞു.
“കണ്ടു. ഭാഗ്യം ട്രെയിന്‍ കിട്ടിയത്. ബസില്‍ പോകേണ്ട ഗതിയായിരുന്നേല്‍ ആകെ കുളമായേനെ. നമ്മുടെ നാട്ടില്‍ ബസിനകത്തും മഴ പെയ്യും!”. പ്രവി പറഞ്ഞു.
അവള്‍ ചിരിച്ചു. എന്നിട്ട് തന്റെ ഫോണ്‍ എടുത്തു. അച്ചനെ വിളിക്കണം. നേരത്തെ ഓട്ടത്തിനിടയ്ക്ക് കിട്ടിയില്ലല്ലോ.
“ഞാന്‍ ചോദിക്കാന്‍ പോവ്വായിരുന്നു. ഓടിക്കൊണ്ടിരുന്നപ്പോള്‍ എന്തായിരുന്നു അര്‍ജന്റ് ആയി ഫോണില്‍ പരിപാടി?” പ്രവി ചോദിച്ചു.
“അച്ഛനെ വിളിച്ചതാ. പക്ഷെ കിട്ടിയില്ല. അത്കൊണ്ട് വീണ്ടും ട്രൈ ചെയ്യുന്നു ഇപ്പോള്‍..” ഫോണ്‍ ചെവിയില്‍ ചേര്‍ത്ത്കൊണ്ട് നീതു പറഞ്ഞു.

“ഓഹ്! ഇത് കിട്ടുന്നില്ലല്ലൊ.. അച്ഛന്‍ പരിധിക്ക് പുറത്താണെന്ന്..”, നീതുവിന്റെ മുഖത്ത് സങ്കടം.
“അല്ലേലും നിന്റെ ഫോണ്‍ ആവശ്യത്തിന് വര്‍ക്ക് ചെയ്യില്ലല്ലൊ.. ഒന്നുങ്കില്‍ പരിധിക്ക് പുറത്ത്, അല്ലെങ്കില്‍ ബാറ്ററി ഡൌണ്‍, ഇനിയിതൊന്നുമല്ലെങ്കില്‍ ബാലന്‍സ് ഇല്ല!”
“എടാ കളിയാക്കാതെ.. ഈ പറയുന്ന നിന്റെ ബാലന്‍സ് എത്രയാ ഇപ്പോ?”
“ഹിഹി.. ശൂന്യം! ആകെ ഉണ്ടായിരുന്നത്കൊണ്ടാ വീട്ടില്‍ വിളിച്ച് ചേട്ടനോട് പറഞ്ഞത് വരുന്നുണ്ടെന്ന്. ഈ ട്രെയിന് അവിടെ എത്തുന്ന നേരത്ത് നമ്മുടെ റൂട്ടിലെ ബസ്സൊക്കെ അതിന്റെ പാട്ടിന് പോകും.‍”
“അതല്ലെ പ്രശ്നം. ഞാന്‍ വീട്ടില്‍ പറഞ്ഞിട്ടില്ല വരുമെന്ന്. ഇന്ന് ക്ലാസ് നേരത്തെ കഴിയുമെന്ന് ആരറിഞ്ഞു. ഞാന്‍ നാളെ രാവിലത്തെ ട്രെയിനില്‍ വരുമെന്നാ വീട്ടില്‍ പറഞ്ഞിരിക്കുന്നേ. ഇതിപ്പോ മൂന്നാമത്തെ തവണയാ പരിധിക്ക് പുറത്തെന്ന് പറയുന്നത്. അച്ഛന്‍ എവിടേലും പോയിക്കാണുമോ ആവോ..”
“നീ വീട്ടില്‍ വിളിച്ച് നോക്കെടീ.. അമ്മയുണ്ടാവില്ലേ..”
“ഇനി അത് നോക്കുവാ ഞാന്‍. ഇനി അമ്മേടെ ഉപദേശം കേള്‍ക്കണം. എന്തിനാ രാത്രി ട്രെയിനില്‍ വരുന്നേ? നിനക്ക് രാവിലെ കയറിയാല്‍ പോരെ? കൂടെ ആരേലും ഉണ്ടോ..”
“ഞാന്‍ ഉണ്ടെന്ന് പറഞ്ഞാല്‍..?”
“നീയുണ്ടെന്ന് പറഞ്ഞാലെന്താ? അമ്മ ഹാപ്പിയാകും. ഒറ്റയ്ക്ക് വന്നില്ലല്ലോ എന്ന് പറയും.. പിന്നെ നീയല്ലേടാ.. അമ്മയ്ക്ക് നിന്നെ എത്ര നാളായി അറിയാം. നമ്മള്‍ ഒരുമിച്ച് പഠിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോ കുറെ നാളായില്ലേ..“
“അതെയതെ. നമുക്ക് ഒരേ കോളേജില്‍ അഡ്മിഷന്‍ കിട്ടിയപ്പോ ഏറ്റവും സന്തോഷം എന്റെ അമ്മയ്ക്കായിരുന്നു. ഞാന്‍ നേരെചൊവ്വെ നടക്കുന്നുണ്ടൊ എന്നറിയാന്‍ അമ്മയ്ക്ക് ഒരു ആളായല്ലോ നീ..”
“ഹിഹി.. അതിന് നിന്റെ രഹസ്യങ്ങള്‍ ഒന്നും ഞാന്‍ വെളിപ്പേടുത്തിയില്ലല്ലോ.. പിന്നെന്താ? ശ്ശെ! ഇതെന്ത് കഷ്ടമാണ്.. വീട്ടില്‍ ബെല്ലുണ്ട്. പക്ഷെ ആരും എടുക്കുന്നില്ല.”
“അതിന് നമ്മള്‍ കൊല്ലം പോലും ആയിട്ടില്ലല്ലോ.. ഇടയ്ക്കിടെ ട്രൈ ചെയ്താല്‍ മതി”
താമസിയാതെ വണ്ടി കൊല്ലത്തെത്തി. പ്രതീക്ഷിച്ചത് പോലെ അവര്‍ക്ക് സീറ്റും കിട്ടി. നീതു അച്ഛനെയും അത് കഴിഞ്ഞ് വീട്ടിലേക്കും മാറി മറി രണ്ട് വട്ടം കൂടി വിളിച്ചു. പക്ഷെ കിട്ടിയില്ല.
“ഓഹ്.. ഇത് പ്രശ്നമാണല്ലോ. ഇവരൊക്കെ എവിടെ പോയിക്കിടക്കുവാണോ എന്തോ..”, നീതു ഫോണ്‍ കിട്ടാത്തതിന്റെ നിരാശയോടെ പറഞ്ഞു.
പ്രവീണ്‍ ഒന്നും പറഞ്ഞില്ല. ഇങ്ങനെ ചുമ്മാ ടെന്‍ഷന്‍ അടിക്കുന്നത് അവളുടെ സ്വഭാവമാണെന്ന് അവനറിയാം. അഞ്ച് കൊല്ലമായി ഒരുമിച്ച് പഠിക്കുന്നു. ആദ്യം രണ്ട് വര്‍ഷം പ്ലസ് 2വിനും പിന്നെ എഞ്ചിനീയറിങ്ങ് ഇപ്പോ മൂന്ന് വര്‍ഷവും. ഒരേ നാട്ടുകാരായത്കൊണ്ടും ഒരുമിച്ച് പഠിച്ചിട്ടുള്ളത്കൊണ്ടും ആദ്യം മുതല്‍ക്കെ ഒരുമിച്ചാണ് ഇരുവരും യാത്ര. അത്കൊണ്ട് തന്നെ നല്ല കൂട്ടുകാരും. ഇപ്പോ ഇവളെ തനിയെ വിടുന്നതാണ് നല്ലത് എന്നും അവനറിയാം. അത്കൊണ്ട് മറ്റ് യാത്രക്കാരിലായി അവന്റെ ശ്രദ്ധ. അടുത്തിരുന്ന ആളുടെ സായാഹ്നപത്രം വാങ്ങി അവനൊന്ന് ഓടിച്ചു നോക്കി.
“ഹെയ്, നീതു.. നോക്ക്..” അവന്‍ പത്രത്തിലെ ഒരു വാര്‍ത്ത അവളെ കാണിച്ചുകൊണ്ട് പറഞ്ഞു, “ചുമ്മാതാണോ നിന്റെ അമ്മയ്ക്ക് ടെന്‍ഷന്‍ കൂടുന്നത്..”
അസമയത്ത് ട്രെയിനില്‍ യാത്ര ചെയ്ത ഒരു പെണ്‍കുട്ടിയെ ഏതൊ കള്ളന്‍ ആക്രമിച്ചതിനെ കുറിച്ചായിരുന്നു വാര്‍ത്ത.
“ഉവ്വുവ്വേ.. ആ പെണ്ണിനെ കൊണ്ട് കൊള്ളാഞ്ഞിട്ടല്ലേ.. എന്റെ നേരെ വന്നിരുന്നേല്‍ അവന്റെ മൂക്കിടിച്ച് ഞാന്‍ പപ്പടമാക്കിയേനെ.” നീതു ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതെയതെ.. അങ്ങനെ എത്ര പേരുടെ മൂക്കിടിച്ച് പരത്തിയിരിക്കുന്നു ‘ദ ഗ്രേറ്റ്‘ നീതു”, പ്രവി അവളെ കളിയാക്കി. ടീച്ചര്‍ വഴക്ക് പറഞ്ഞാല്‍ ഇപ്പോഴും കരയുന്ന നീതു ഒരു കള്ളനെ ഇടിക്കുന്നത് പ്രവിക്ക് സങ്കല്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല.
മഴ കുറഞ്ഞു. പ്രവീണ്‍ പുറത്തെ ഇരുട്ടില്‍ സ്ഥലം ഏതെന്ന് മനസിലാക്കാന്‍ ഒരു വിഫലശ്രമം നടത്തി. അവന്‍ പത്രം വായിച്ചു തീര്‍ത്തിരുന്നു. ഇലക്ഷന്‍ അടുത്തതിനാല്‍ രാഷ്ട്രീയക്കാരുടെ വാര്‍ത്തകള്‍ക്കായിരുന്നു പ്രാധാന്യം. അവന്‍ വാച്ചില്‍ നോക്കി. ട്രെയിന്‍ ഇന്ന് പതിവില്ലാതെ റൈറ്റ് ടൈം ആണ്. ഏറിയാല്‍ ഒന്നര മണിക്കൂര്‍ കൂടി. നീതുവിന് ഇത് വരെ വീട്ടില്‍ വിളിച്ചിട്ട് കിട്ടിയിട്ടില്ല. അവന്‍ അവളെ നോക്കി. ഫോണിനെ ദയനീയമായി നോക്കി ഇരിക്കുകയാണ് കക്ഷി. പ്രവീണ്‍ അവളുടെ കൈയ്യില്‍ നിന്നും ഫോണ്‍ വാങ്ങി. എന്നിട്ട് വീട്ടിലേക്കും നീതുവിന്റെ അച്ഛനേയും മാറി മാറി വിളിക്കാന്‍ തുടങ്ങി. വീട്ടില്‍ ആരും ഫോണെടുത്തില്ല. അച്ഛന്‍ പരിധിക്ക് പുറത്ത് തന്നെ.
“ഇന്നലെ വിളിച്ചപ്പോഴും ഇന്ന് എവിടെയെങ്കിലും പോകുന്നതായി പറഞ്ഞില്ല. ഇനി ഈ മഴ കാരണം ഫോണ്‍ എന്തെങ്കിലും പ്രശ്നമായി ഇരിക്കുവാണോ എന്തോ..” നീതു നിരാശയോടെ പറഞ്ഞു.
“നീ ടെന്‍ഷനാവാതെ.. സമയമുണ്ടല്ലോ. നമുക്ക് നോക്കാം.” പ്രവി അവളെ ആശ്വസിപ്പിച്ചു.
അവള്‍ വീണ്ടും വിളിക്കാന്‍ തുടങ്ങി. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല. സമയം കടന്നുപോയി. ഇനി ഏകദേശം അര മണിക്കൂര്‍ കൂടി മാത്രം.
“എടാ.. എന്ത് ചെയ്യും? കിട്ടുന്നില്ല. ദേ.. ഈ പണ്ടാരത്തിന്റെ ചാര്‍ജും തീരാറായി. ശോ! കഷ്ടകാലം തന്നെ. മര്യാദയ്ക്ക് നാളെ രാവിലെ വന്നാല്‍ മതിയാരുന്നു. ഒരു ദിവസം മുമ്പേ വീട്ടില്‍ എത്താനുള്ള ആഗ്രഹം. വെക്കേഷന്‍ ആയത് കൊണ്ട് മനുവും വരും വീട്ടില്‍”, നീതു കരയാറായി.
“എന്താ പറഞ്ഞേ? മനു വീട്ടില്‍ കാണുമെന്നോ?”പ്രവി ചോദിച്ചു. മനു നീതുവിന്റെ അനിയനാണ്. എഞ്ചിനീയറിങ്ങ് ഒന്നാം വര്‍ഷക്കാരന്‍.
“അവനും വെക്കേഷനല്ലേ.. അവന്‍ ഇന്ന് വരുമെന്ന് അച്ഛന്‍ ഇന്നലെ പറഞ്ഞിരുന്നു.” നീതു പറഞ്ഞു.
“എടീ പോത്തേ.. പിന്നെ നീയെന്താ അവനെ വിളിക്കാത്തത്?”
“അയ്യോ! അത് ശരിയാണല്ലോ.. ഞാനാക്കാര്യം അങ്ങ് മറന്നെടാ.. താങ്ക്സ്!” നീതു ഫോണെടുത്തു. മനുവിനെ വിളിച്ചു. അവളുടെ മുഖത്ത് തെളിഞ്ഞ സന്തോഷം ഒരു നിമിഷം കൊണ്ട് മാഞ്ഞ് പോയി.
“എന്ത് പറ്റീ?” അവളുടെ മുഖം മാറിയത് കണ്ട് അവന്‍ ചോദിച്ചു.
“ഫോണെടുക്കുന്നില്ല.” കുറച്ച് ദേഷ്യം കലര്‍ന്ന ശബ്ദത്തില്‍ നീതു ഉത്തരം നല്‍കി.
“സാരമില്ല. കുറച്ച് കഴിഞ്ഞ് ഒന്നൂടെ വിളിക്കാം.” പ്രവി പറഞ്ഞു. ട്രെയിന്‍ ഒരു സ്റ്റേഷനില്‍ നിര്‍ത്തി. അടുത്ത സ്റ്റേഷനില്‍ ഇറങ്ങാം. അതിനകം നീതുവിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും എന്ന് പ്രതീക്ഷിക്കാം. എന്തായാലും അവളെ ഒറ്റയ്ക്ക് നിര്‍ത്താന്‍ പറ്റില്ല.
ഒരുമുറൈ വന്ത് പാറായോ.. പാറായോ.. പ്രവി ഞെട്ടിത്തിരിഞ്ഞ് നോക്കി. നീതുവിന്റെ ഫോണ്‍ ബെല്ലടിക്കുകയാണ്. മനുവാടാ.. നീതു പതുക്കെ പറഞ്ഞു. എന്നിട്ട് ഫോണെടുത്തു
“ഹലോ.. എവിടാരുന്നു നീ?.. മ്..മ്..മ്.. ടാ.. ചേച്ചി ട്രെയിനിലാ. ഇപ്പോ സ്റ്റേഷന്‍ എത്തും. നീ അച്ഛനോട് ഒന്ന് പറ എന്നെ വന്ന് വിളിക്കാന്‍.. എന്താ? അച്ഛന്‍ ഇല്ലേ? എവിടെ പോയി?.. മ്..മ്.. അമ്മയും പോയോ? ഓ.. ചുമ്മാതല്ല ഫോണ്‍ അടിച്ചിട്ട് എടുക്കാഞ്ഞത്.. എന്താ? അപ്പോ ഫോണ്‍ അടിച്ച് പോയോ? ശരി ശരി.. ബാക്കി വീട്ടില്‍ വന്നിട്ട് പറയാം. നീ വന്നാലും മതി. ദേ, ചേച്ചീടെ ഫോണിന്റെ ബാറ്ററി ഡൌണ്‍ ആണ്. നീ വേഗം വാ” നീതു ഫോണ്‍ കട്ട് ചെയ്തു. അത് ഓഫായി പോയി എന്ന് പറയുന്നതാണ് കുറച്ച് കൂടെ ശരി.
“എന്തായി? മനു എന്ത് പറഞ്ഞു?” പ്രവി ചോദിച്ചു.
“അവന്‍ വരും. അച്ഛനും അമ്മയും കൂടെ അവിടെ അടുത്തൊരു കാവുണ്ട്. ഇന്ന് എന്തോ പൂജയൊക്കെയാ. അതിന് പോയിരിക്കുന്നു. അതാവും ‘പരിധിക്ക് പുറത്ത്’. പിന്നെ നല്ല സൂപ്പര്‍ മഴ കഴിഞ്ഞതിന്റെ ഭാഗമായി അവിടെ ഫോണും പോയി, കറണ്ടും ഇല്ല! ഞാന്‍ നേരത്തെ വിളിക്കുമ്പോ അവന്‍ കുളിക്കുവാ. അതാ എടുക്കാഞ്ഞത്.”
“ഹാവൂ.. സമാധാനമായി. ദാ വണ്ടി സ്ലോ ആയല്ലോ. ഇറങ്ങാന്‍ നേരമായി. വാ”
വണ്ടി മെല്ലെ സ്റ്റേഷനില്‍ നിന്നു. പ്രവിയും നീതുവും ഇറങ്ങി. പുറത്ത് മഴ പെയ്തതിന്റെ ലക്ഷണങ്ങള്‍ കാണാമായിരുന്നു. തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു, അങ്ങിങ്ങായി വെള്ളം കെട്ടിക്കിടക്കുന്നു. അവിടെ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് - മൂന്ന് ഓട്ടോകള്‍ നനഞ്ഞിരുന്നു. ഇതിനൊക്കെ പുറമേ അടുത്തൊരു മഴയ്ക്ക് ആകാശം ഒരുങ്ങി തുടങ്ങുകയും ചെയ്തു. നേര്‍ത്ത ശബ്ദത്തിലുള്ള ഇടിനാദം മുഴങ്ങുന്നുണ്ടായിരുന്നു. ട്രെയിന്‍ പോയിക്കഴിഞ്ഞു. സ്റ്റേഷനില്‍ ഇറങ്ങിയ യാത്രക്കാര്‍ എല്ലാവരും തന്നെ പോയിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഒരൊറ്റ ഓട്ടോ പോലും സ്റ്റേഷനില്‍ ഇല്ല. പ്രവിയും നീതുവും സ്റ്റേഷന്റെ വാതില്‍ക്കല്‍ തന്നെ നില്‍ക്കയായി. ഏകദേശം ഒരഞ്ച് മിനിറ്റുകള്‍ക്കകം പ്രവിയുടെ ചേട്ടന്‍ തന്റെ ഹീറോ ഹോണ്ട പാഷനില്‍ വന്നു.
“പോകാം?”, ചേട്ടന്‍ ചോദിച്ചു.
“ചേട്ടാ, ഒരഞ്ച് മിനിറ്റ്. ദേ നീതുവിന്റെ അനിയന്‍ കൂടെ ഒന്ന് വന്നോട്ടെ. എന്നിട്ട് പോകാം.” പ്രവി പറഞ്ഞു.
“എടാ.. മഴ വരുന്നുണ്ട്. നീതുവിന്റെ അനിയന്‍ ഉടന്‍ വരുമോ?” ചോദ്യം നീതുവിനോടായിരുന്നു.
“വരും വരും. അവനെ ഞാന്‍ വിളിച്ചിരുന്നു. ഏറിയാല്‍ പത്ത് മിനിറ്റ്. അവനിങ്ങെത്തും. നിങ്ങള്‍ പൊയ്ക്കോളൂ.. മഴയ്ക്ക് മുമ്പേ വീടെത്താന്‍ നോക്ക്.” നീതു പറഞ്ഞു.
“അത് വേണ്ട. മനു വരട്ടെ. എന്നിട്ട് നമുക്കൊരുമിച്ച് പോകാം. നീ ഇവിടെ ഒറ്റയ്ക്ക് നില്‍ക്കണ്ട.” പ്രവി പറഞ്ഞു.
“സാ‍രമില്ലെന്നെ.. കുറച്ച് നേരത്തെ കാര്യമല്ലേ ഉള്ളൂ. അവന്‍ ഇപ്പോ ഇങ്ങ് വരും. നീ പൊയ്ക്കോ.”
നീതുവിന്റെ വാക്കുകള്‍ക്ക് ഒരു മിന്നലിന്റെയും ഇടിയുടെയും അകമ്പടി ഉണ്ടായിരുന്നു. കാറ്റ് കുറച്ചു കൂടി ശക്തിയില്‍ വീശാന്‍ തുടങ്ങി. മഴ വരാറായി എന്ന് പ്രകൃതി വിളിച്ചറിയിക്കുന്നു.
“പ്രവീ..”, ചേട്ടന്‍ വിളിച്ചു.
പ്രവീണിന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. മഴ വരുന്നുണ്ട്. ഇപ്പോള്‍ പോയില്ലാ എങ്കില്‍ നനഞ്ഞത് തന്നെ. പോയാല്‍ നീതു.. അവള്‍ ഈ രാത്രി, ഇവിടെ ഒറ്റയ്ക്ക്.. പ്രവീണ്‍ ചുറ്റും നോക്കി. മൂന്ന് ടാക്സികളല്ലാതെ മറ്റൊന്നും കാണാനുണ്ടായിരുന്നില്ല. ടിക്കറ്റ് കൌണ്ടറില്‍ പോലും ആരുമില്ല. തണുത്ത കാറ്റ്. ഏത് നിമിഷവും മഴ പെയ്യാം. ചേട്ടന്‍ ഇപ്പോഴും ബൈക്കില്‍ തന്നെ. ഇവിടുന്ന് ഏകദേശം അര-മുക്കാല്‍ മണിക്കൂര്‍ യാത്രയുണ്ട് വീട്ടിലേയ്ക്ക്. നീതുവിന്റെ വീട് സ്റ്റേഷനില്‍ നിന്നും ഒരു ഇരുപത് മിനിറ്റ് കഷ്ടിച്ചേ ഉള്ളൂ. നിന്നാല്‍ മഴ നനയുമെന്നത് നൂറു തരം. അല്ല, ഇനി പോയാല്‍ തന്നെ മഴയ്ക്ക് മുമ്പ് വീട്ടിലെത്തുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ.
“എടാ.. വഴിയില്‍ മിക്കയിടത്തും കറണ്ടില്ല. നമുക്ക് കുറച്ച് ദൂരം പോകാനുണ്ട്.”, ചേട്ടന്‍ പിന്നെയും പറഞ്ഞു.
“ശരിയാ പ്രവീ.. നീ പൊയ്ക്കോ.. അതാ നല്ലത്. ദേ നല്ല കാറ്റ്. മഴ പെയ്യും ഷുവര്‍ ആണ്. എനിക്ക് ഇവിടുന്ന് അത്ര ദൂരമില്ലല്ലോ. മനു ഇപ്പോ ഇങ്ങെത്തും. നീ പൊയ്ക്കോ.” നീതു പ്രവിയെ നിര്‍ബന്ധിച്ചു.
പ്രവി വാച്ചില്‍ നോക്കി. ഏകദേശം അഞ്ച് മിനിറ്റിനുള്ളില്‍ മനു വരും. ഞാനിപ്പോള്‍ പോയാലും വലിയ കുഴപ്പമില്ല. അഞ്ച് മിനിറ്റ് കൊണ്ട് എന്ത് സംഭവിക്കാന്‍? അവന്‍ ഒടുവില്‍ പോകാന്‍ തന്നെ തീരുമാനിച്ചു. നീതുവിനോട് യാത്ര പറഞ്ഞ് അവന്‍ ചേട്ടന്റെ കൂടെ മടങ്ങി. എന്നാല്‍ അവന് എന്തോ പോലെ തോന്നുന്നുണ്ടായിരുന്നു. എന്തോ അപകടം സംഭവിക്കാനുള്ളത് പോലെ. അവളെ അവിടെ ഒറ്റയ്ക്ക് നിര്‍ത്തി വരേണ്ടായിരുന്നു. മഴ ചാറാന്‍ തുടങ്ങി. ചേട്ടന്‍ ഒരല്‍‌പം കൂടി വേഗത കൂട്ടി. മഴ കനത്തു തുടങ്ങി. ശക്തമായ കാറ്റും. എന്നാല്‍ അത് വകവെയ്ക്കാതെ ആ പാഷന്‍ റോഡിലൂടെ കുതിച്ചു പാഞ്ഞു പോയി.
ആ നേരം സ്റ്റേഷനില്‍ നീതു മനുവിനെ കാത്ത് നില്‍ക്കുകയായിരുന്നു. മെല്ലെയാണെങ്കിലും കാറ്റിന് ശക്തി കൂടി കൂടി വന്നു. ഒപ്പം കനത്ത മഴയും. വാതില്‍ക്കല്‍ നിന്നും നീതു സ്റ്റേഷന്റെ ഉള്ളിലേക്ക് കയറി നിന്നു. കാറ്റടിച്ച് സ്റ്റേഷന്റെ ഉള്ളില്‍ പോലും വെള്ളം കയറാന്‍ തുടങ്ങി. പ്രവി പോയിട്ട് ഏകദേശം പതിനഞ്ച് മിനിറ്റ് കഴിഞ്ഞു. മനു ഇത് വരെ വന്നിട്ടുമില്ല. വിറ്റു തീരാത്ത സായാഹ്നപത്രവുമായി ഒരാള്‍ ഒരു മൂലയില്‍ ഇരിക്കുന്നുണ്ടായിരുന്നു. അതിലെ പ്രധാന വാര്‍ത്ത നീതുവിന് കാണാമായിരുന്നു. കുറച്ച് മുമ്പ് പ്രവിയുമായിരുന്ന് ചിരിച്ചുതള്ളിയ വാര്‍ത്ത. എന്നാലിപ്പോള്‍ അവളുടെ ഉള്ളില്‍ ഒരു ഭയം നിറയ്ക്കാന്‍ അത് മാത്രം മതിയായിരുന്നു. സ്റ്റേഷന്റെ വാതില്‍ക്കല്‍ കിടക്കുന്ന ടാക്സിയില്‍ നിന്നും തന്റെ നേരെ നോട്ടങ്ങള്‍ വരുന്നതായി നീതുവിന് തോന്നി. അവള്‍ ചുറ്റും നോക്കി. ആ പത്രക്കാരന്‍ ഒഴികെ മറ്റാരേയും അവിടെ കാണാനുണ്ടായിരുന്നില്ല.
മഴ തോര്‍ന്നു. നീതു വീണ്ടും സ്റ്റേഷന് വെളിയിലേക്കിറങ്ങി. ഒന്ന് - രണ്ട് ഓട്ടോകള്‍ കൂടെ വന്നിട്ടുണ്ട്. കുറച്ച് മുമ്പ് കഴിഞ്ഞ മഴയും കാറ്റിനും തെളിവായി വാതില്‍ക്കല്‍ നില്‍ക്കുന്ന മരത്തിലെ ഇലകളും കൊച്ചു കമ്പുകളും നിലത്ത് കിടപ്പുണ്ടായിരുന്നു. മനു ഇത് വരെ വന്നിട്ടില്ല. അവനെ ഒന്ന് വിളിക്കാം എന്ന് വെച്ചാല്‍ മൊബൈലിന്റെ ചാര്‍ജ് തീര്‍ന്ന് അത് ഓഫ് ആയല്ലോ.. കുഞ്ഞിന് എങ്ങോട്ടാ പോവണ്ടേ? ഒരു ഓട്ടോക്കാരന്‍ ചോദിച്ചു. എന്നാല്‍ നീതുവിന് ഓര്‍മ്മ വന്നത് പണ്ട് ഏതോ സിനിമയില്‍ കണ്ട രംഗമാണ് - ഓട്ടോയില്‍ വന്ന് നായികയെ തട്ടിക്കൊണ്ട് പോകുന്ന വില്ലന്‍. അതോര്‍ത്ത് അവള്‍ ഒന്ന് ഞെട്ടി. വേണമെങ്കില്‍ കൊണ്ട് വിടാം. ഓട്ടോക്കാരന്‍ വിടാന്‍ ഭാവമില്ല. “വേണ്ടാ.. എന്നെ വിളിക്കാന്‍ ആള്‍ വരും” നീതു ആവുന്നത്ര ഗൌരവത്തില്‍ പറഞ്ഞു.
ഓട്ടോക്കാരന്‍ തിരിച്ചു പോയി. അയാള്‍ അവളെ തന്നെ നോക്കി ഇരുന്നു. മറ്റ് രണ്ട് ഓട്ടോക്കാര്‍ കൂടെ അയാളുടെ അടുത്തെത്തി. നീതു അവരെ ശ്രദ്ധിക്കുന്നതേയില്ല എന്ന മട്ടില്‍ നിന്നു. എന്നാല്‍ അവളുടെ ശ്രദ്ധ അവരില്‍ മാത്രമായിരുന്നു. മനൂ.. നീ എവിടെയാ? ഓട്ടോക്കാര്‍ മൂവരും അവളെ നോക്കികൊണ്ടിരുന്നു. എന്തോ പോലെ.. അവരുടെ നോട്ടം അത്ര പന്തിയല്ല. പെട്ടെന്ന് ഒരനക്കം കേട്ട് നീതു തിരിഞ്ഞു നോക്കി. പത്രക്കാരന്‍ കണ്ണും തിരുമ്മി എഴുന്നേറ്റിരിക്കുകയാണ്. അയാളുടെയും നോട്ടം അവളില്‍ തന്നെയായിരുന്നു. എവിടെ നിന്നു വേണമെങ്കിലും അപകടമുണ്ടാവാം എന്ന സത്യം നീതു തിരിച്ചറിഞ്ഞു. അവള്‍ വെറുതെ തന്റെ മൊബൈല്‍ ഓണാക്കാന്‍ ഒരു വിഫലശ്രമം നടത്തി. മെല്ലെ ബാഗ് തന്നോട് ചേര്‍ത്ത് നീതു സ്റ്റേഷന്റെ മുന്നിലെ പടിയില്‍ ഇരുന്നു. എങ്ങോട്ട് നോക്കിയാലും തന്റെ നേരെ നീളുന്ന കണ്ണുകള്‍. അവള്‍ തന്റെ കണ്ണുകള്‍ അടച്ചു കളഞ്ഞു. ഒറ്റയ്ക്കായ പോലെ. ബാഗില്‍ മുഖം പൊത്തി അവള്‍ മെല്ലെ കരഞ്ഞു. ഏത് നിമിഷവും തന്റെ നേര്‍ക്ക് ഒരാക്രമണം അവള്‍ പ്രതീക്ഷിച്ചു. ഒരു നിമിഷം. തന്റെ തോളില്‍ ആരുടെയോ കൈ.....
ആശ്വാസത്തോടെ നീതു തലയുയര്‍ത്തി നോക്കി. തനിക്ക് തെറ്റിയില്ല. ഏതിരുട്ടിലും, ഏത് തിരക്കിലും താന്‍ ആ കരസ്പര്‍ശം തിരിച്ചറിയും, അതിലെ സ്നേഹം അറിയും, ചേച്ചിയാണെങ്കിലും ഒരനിയത്തിയെ പോലെ തന്നെ ലാളിക്കുന്ന അവന്റെ സ്നേഹം താനറിയും. മനു. അവന്‍ വന്നു.. അവള്‍ അവന്റെ കൈയ്‌ക്കിട്ട് ഒറ്റ തട്ട്, “എവിടാരുന്നെടാ ചെക്കാ നീ?”
“എന്തൊരു മഴേം കാറ്റും.. വഴീല് ഒരു മരോം വീണു. അതാ‍ താമസിച്ചേ.. നമുക്ക് പോവ്വാം?”
അവന്റെ മുടിയില്‍ നിന്നും അപ്പോഴും ഇറ്റ് വീഴുന്നുണ്ടായിരുന്നു വെള്ളത്തുള്ളികള്‍, മുമ്പ് പെയ്ത മഴയുടെ ബാക്കിപത്രമായി.

നീതുവിന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയില്‍ ആഹ്ലാദമോ ആശ്വാസമോ അധികമെന്ന് പറയാന്‍ കഴിയില്ലായിരുന്നു. എങ്കിലും അത് സുന്ദരമായിരുന്നു. എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നതും..