27 ഏപ്രിൽ 2009

ആന്‍ മേരി Decides to Cook

സംഭവം നടന്നത് കൊച്ചിയിലാണ്. പാലാരിവട്ടത്ത് നിന്ന് തമ്മനം പോകുന്ന വഴിയിലെ രാജാജി ഹൌസിങ്ങ് കോളനിയില്‍ ഹൌസ് നമ്പര്‍ 33ല്‍ ഈ കഴിഞ്ഞ ശനിയാഴ്ച രാത്രി ഒരു തീരുമാനം ഉണ്ടായി. എന്നിട്ടോ??

പാലായില്‍ നിന്നും ഇവിടെ വന്ന് താമസിക്കുന്ന മാത്യൂസിന്റെയും മേരിക്കുട്ടിയുടെയും ഒറ്റമകള്‍ ആന്‍ മേരിയാണ് ആ തീരുമാനമെടുത്തത്. വെക്കേഷന്‍ ആയത് കൊണ്ട് മമ്മിയെ ഒന്ന് സഹായിക്കാമെന്ന് കരുതി അടുത്ത ദിവസത്തെ പാചകം ചെയ്യാമെന്നാണ് ആനിന്റെ തീരുമാനം. രാത്രിയില്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ജൂനിയര്‍ കണ്ടോണ്ടിരുന്ന മേരിക്കുട്ടിടേം മാത്യൂസിന്റേം സ്ഥലകാലബോധത്തെ തന്നെ എലിമിനേറ്റ് ചെയ്തോണ്ടായിരുന്നു ആന്‍ മേരിയുടെ പ്രഖ്യാപനം.

“എന്റെ അന്നക്കുട്ടീ, നീയെന്നതാ ഈ പറയുന്നേ? നിനക്ക് എന്നാ പാചകമറിഞ്ഞിട്ടാ?” ഞെട്ടലോടെ മാത്യൂസ് ചോദിച്ചു.

“ഡാഡ്.. ഞാന്‍ പറഞ്ഞിട്ടില്ല്യോ എന്നെ അന്നക്കുറ്റീന്ന് വിളിക്കണ്ടാന്ന്. കോള്‍ മീ ആന്‍.. ഇവെന്‍ അന്ന വില്‍ ബി ഫൈന്‍..പ്ലീസ്.. ഇനി വേണ്ട അന്നക്കുറ്റീ.. ഓഹ്.. പിന്നെ പാചകം.. ഈ ലക്കം വനിത കണ്ടില്ല്യോ? 20 ഡിഷസ് ഫോര്‍ ചില്‍ഡ്രണ്‍.. ഐ വില്‍ മേക്ക് ഇറ്റ്. മമ്മി വില്‍ ഹെല്‍‌പ് മീ.. ഐ ഹാവ് ഡിസൈഡെഡ് ദ മെനു. സീ.. അതിനായി ഈ സാധനങ്ങളൊക്കെ വേണം എനിക്ക്. ദാ ലിസ്റ്റ്.”

അവള്‍ നീട്ടിയ ആ വെള്ള പേപ്പര്‍ വാങ്ങി മേരിക്കുട്ടി ഓടിച്ച് നോക്കി. “കുറെയൊക്കെ ഇവിടൊണ്ട് മോളൂ.. ഇല്ലാത്തത് നമുക്ക് വാങ്ങാം. വീ വില്‍ ബൈ ഇറ്റ് റ്റുമോറോ.. പള്ളീന്ന് വന്നിട്ട് വാങ്ങാം. മമ്മീടെ മോള്‍ടെ കൈപുണ്യം ഒന്ന് നോക്കണമല്ലോ..”

“ഏടീ മേരീ, ഇത് വേണോ? ഈ പത്താം ക്ലാസ് കഴിഞ്ഞ പെണ്ണ് എന്നാ വെക്കാനാ? ഒരു നല്ല ഞായാറാഴ്ച ആയിട്ട് വല്ലോ സ്വാദോടെ കഴിക്കാന്‍ നീ സമ്മതിക്കുവേലേ?”

ആന്‍ മേരിയുടെ മുഖം ചുവന്നു. ദേഷ്യത്തോടെ അവളുടെ മുറിയില്‍ കയറി വാതില്‍ വലിച്ചടച്ചു.അതിന്റെ പവറില്‍ വാതിലിന്റെ മുകളിരുന്ന ഫാമിലി ഫോട്ടോ ദാ കിടക്കുന്നു താഴെ! മാത്യൂസും മേരിക്കുട്ടിയും മുഖത്തോട് മുഖം നോക്കി ഇരുന്നു.

“ദേ മനുഷ്യാ, മോളു ആദ്യമായിട്ടാ അടുക്കളേല്‍ കയറാമെന്ന് തന്നെ പറയുന്നെ. അവളായിട്ട് പറയുമ്പോ ഇങ്ങനെ ഞഞ്ഞാപിഞ്ഞാ പറയാവോ? നാളെ ഒരു ദിവസം നമുക്ക് അവള്‍ടെ പാചകം നോക്കാംന്ന്. പെങ്കൊച്ചല്ല്യോ.. ഇതൊക്കെ പഠിക്കേണ്ട സമയത്ത് പഠിക്കണം. ഇല്ലേല്‍ ഭാവിയില്‍ അവള്‍ടെ കെട്ടിയോന്‍ കഷ്ടപ്പെടും. 21ലെ പ്രിയേടെ ഹസ്ബന്റ് മനുവിന്റെ ഗതി വരും, മൂന്ന് നേരം നൂഡില്‍‌സാ ആ ചെക്കന്‍ കഴിക്കുന്നേ..”

മാത്യൂസ് ഒന്നാലോചിച്ചു. ഒരുകണക്കിന് മേരി പറയുന്നതാ അതിന്റെ ശരി. അന്നക്കുട്ടി പഠിക്കട്ടെ. ഇത്രനാളും അവളുടെ ഒരു താത്പര്യത്തിനും എതിരു നിന്നിട്ടില്ല. എന്നിട്ട് ഇതിന് എതിര് നിക്കാവോ? ഇല്ല. അപ്പോ നാളെ ലഞ്ച് അന്നക്കുട്ടീടെ കൈ കൊണ്ട്. കര്‍ത്താവേ, അതിഥികളാരും കയറി വരല്ലേ..!

*** *** ***

“ഹലോ മാത്യൂസേട്ടോ.. ഹൌ ആര്‍ യൂ? എങ്ങോട്ടാ? ”

“ഹല്ലാ.. മനുവോ.. എടാ ഊവ്വെ ഞാന്‍ ഒന്ന് കടേലോട്ടാ.. പള്ളീന്ന് വന്നിട്ട് അവിടെ അമ്മേം മോളും കൂടെ അടുക്കളേല്‍ കേറീട്ടുണ്ട്. ഇന്ന് അന്നക്കുട്ടിയാ പാചകം. കുറെ സാധനം വാങ്ങാനുണ്ട്. ദേ കണ്ടില്ലേ ലിസ്റ്റ്!”

“ഈശ്വരാ ഇതെന്ത് വോട്ടേഴ്സ് ലിസ്റ്റോ? കുറെയുണ്ടല്ലോ! അതിരിക്കട്ടെ, എന്താ മെനു?”

“ഒന്നും പറയേണ്ടെടാ.. വനിതേലോ മറ്റോ കണ്ട ഏതാണ്ട് കുന്തമാണ്. വായിക്കൊള്ളുന്ന പേരൊന്നുമല്ലാന്ന്.. ഞാന്‍ ചെല്ലട്ടെ. താമസിച്ചാല്‍ അത് മതി അന്നക്കുട്ടിക്ക്.”

“ആയിക്കോട്ടെ മാത്യൂസേട്ടാ..” മനു പറഞ്ഞു, എന്നിട്ട് അകത്തേക്ക് വിളിച്ച് പറഞ്ഞു, “കണ്ടോ മോളെ കൊച്ചുപിള്ളേര് തുടങ്ങി കുക്കിങ്ങ്. നിന്റെ കൈ കൊണ്ട് നൂഡില്‍‌സ് അല്ലാതെ എന്തേലും കിട്ടുവോ ആവോ!”

“ദേ.. എന്തെങ്കിലും പറയാനുണ്ടേല്‍ മനുവിന് അകത്ത് വന്ന് നിന്ന് പറഞ്ഞാല്‍ പോരെ? റോഡില്‍ കൂടെ പോകുന്നവരെ മുഴുവന്‍ കേള്‍പ്പിക്കുന്നതെന്തിനാ?” പ്രിയ അകത്ത് നിന്നും പറഞ്ഞു.

“എന്റെ കൊച്ച് അങ്ങനെയെങ്കിലും വല്ലതും ഉണ്ടാക്കി തരുമെന്ന് മോഹിച്ചു പോയെടോ ഞാന്‍.”

“അയ്യാ.. അങ്ങനെ കളിയാക്കുകയൊ.....”

നാളുകള്‍ക്ക് ശേഷം മനുവും പ്രിയയും വഴക്കിട്ടത് അന്നാണ്. അതിഘോരമായ വഴക്ക്. ഒരു ചെറിയ തമാശയില്‍ തുടങ്ങി പിന്നെ പിന്നെ വളര്‍ന്ന് വലുതായി വാക്കുതര്‍ക്കമായി അടിപിടിയില്‍ എത്താന്‍ വരെ സാധ്യതയുള്ള ആ വഴക്ക് അവിടെ നടക്കട്ടെ. നമുക്ക് കടയിലേക്ക് ചെല്ലാം. അവിടെ മാത്യൂസ് ആ നെടുങ്കന്‍ ലിസ്റ്റ് കടക്കാരന് കൈമാറിയ ശേഷം റോഡിലൂടെ അതിവേഗം പോയ ഒരു ടിപ്പര്‍ ലോറിയില്‍ നോക്കി നില്‍ക്കുകയാണ്. “എന്റമ്മോ.. എന്തൊരു സ്പീഡ്..!”

“അത് നിങ്ങടെ കോളനിയുടെ പടിഞ്ഞാറുള്ള ആ ചതുപ്പ് നികത്താന്‍ വേണ്ടി പോകുന്നതാണ്. അറിഞ്ഞില്ലാരുന്നോ, അവിടെ മൂന്ന് ഫ്ലാറ്റുകള്‍ വരാന്‍ പോകുന്നു.” കടക്കാരന്‍ മാത്യൂസിന് മറുപടി നല്‍കി.

പക്ഷെ മൂന്ന് ഫ്ലാറ്റുകളുടെ കാര്യമൊന്നും മാത്യൂസിന്റെ മനസില്‍ ഉണ്ടായിരുന്നില്ല. കടയില്‍ വരുമ്പോള്‍ സഞ്ചി എടുക്കാതിരുന്നതില്‍ സ്വയം പഴിക്കുകയായിരുന്നു അയാള്‍. കുറച്ചേ ഉള്ളൂ എന്ന് കരുതി ഇപ്പോ സംഗതി പ്രശ്നമാണ്. രാവണപ്രഭുവിലെ മോഹന്‍‌ലാലിന്റെ ഡയലോഗാണ് മാത്യൂസിന് ഓര്‍മ്മ വന്നത് - കേസാക്കത്തില്ല, തമാശയ്ക്ക് തുടങ്ങിയതാ എന്നൊക്കെ പറഞ്ഞ് സംഗതി സീരിയസ് ആയ പോലെ - ഇഞ്ചി നൂറ്, മുട്ട ആറ് എന്നൊക്കെ പറഞ്ഞ് തുടങ്ങിയിട്ട് ഇപ്പോ ദേ രണ്ട് വലിയ കവര്‍ അങ്ങ് നിറഞ്ഞു. ഇതറിഞ്ഞിരുന്നേല്‍ കാറെടുത്തേനെ എന്ന് ഒരു ആത്മഗതം നടത്താന്‍ മാത്രമേ മാത്യൂസിന് കഴിഞ്ഞുള്ളൂ. ഏകദേശം നിറഞ്ഞ് തുളുമ്പുന്ന രണ്ട് വലിയ “പേപ്പര്‍ ബാഗും” കൈയ്യിലേന്തി മാത്യൂസ് വീട്ടിലേക്ക് നടന്നു.

ഈ സമയം ഹൌസ് നമ്പര്‍ 21ല്‍ വഴക്ക് മൂത്ത് അതൊരു വെല്ലുവിളിയില്‍ എത്തിയിരുന്നു. ഭാര്യയോട് കലിച്ച് ടീവിയില്‍ അലക്ഷ്യമായി ചാനല്‍ മാറ്റിയിരുന്ന മനുവിന്റെ മുഖത്തേക്ക് സാധനങ്ങളുടെ ഒരു ലിസ്റ്റ് വന്നു വീണു. “പോയി മേടിച്ചോണ്ട് വാ.. എനിക്ക് പാചകം അറിയാമെന്ന് കാണിച്ച് തരാം. പതിനഞ്ച് മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ ഇവിടെയെത്തിയില്ലെങ്കില്‍ ഞാന്‍ എന്റെ പാട്ടിന് പോകും പറഞ്ഞേക്കാം.” പ്രിയയുടെ അന്ത്യശാസനം മനുവിന്റെ കാതില്‍ മുഴങ്ങി. അതീവ ഭാര്യാസ്നേഹിയായ അവന്‍ ഒരു നിമിഷം പോലും പാഴാക്കാതെ തന്റെ കാറിന്റെ താക്കോലും എടുത്ത് ഓടി ചെന്ന് ഗെയ്റ്റും തുറന്ന് തിരിച്ച് വന്ന് കാറില്‍ കയറി വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. ഈ സമയം ആ വീടിന്റെ ഗെയ്റ്റിന് തൊട്ടരുകിലായി എത്തിയ മാത്യൂസിന്റെ കൈയ്യിലിരുന്ന ഒരു കവര്‍ കാര്യമായ ശബ്ദമൊന്നുമുണ്ടാക്കാതെ പൊട്ടുകയും അതിലുള്ള സാധനങ്ങള്‍ നേരെ താഴേക്ക് വീഴുകയും ചെയ്തു. വായില്‍ വന്ന സകല തെറികളും സ്വയം വിളിച്ച് മാത്യൂസ് സാധനങ്ങള്‍ കുനിഞ്ഞിരുന്ന് പെറുക്കിയെടുക്കാന്‍ തുടങ്ങിയതും ഗെയ്റ്റിനകത്ത് നിന്നും മനുവിന്റെ കാര്‍ വന്ന് പുള്ളിക്കാരനെ ചെറുതല്ലാത്ത രീതിയില്‍ ഒന്ന് തട്ടുകയും ഒരുമിച്ച് കഴിഞ്ഞു! റോഡിന് നടുക്കോട്ട് ഒരു ശബ്ദത്തോടെ തെറിച്ച് വീണ മാത്യൂസിന്റെ ദേഹത്തേക്ക് പുറകെ വന്ന ടിപ്പര്‍ കയറിയിറങ്ങുകയും ചെയ്തു.

അങ്ങനെ മകള്‍ ആദ്യമായി പാചകം ചെയ്യാന്‍ തീരുമാനിച്ചതിന്റെ പരിണിത ഫലമായി പാലാക്കാരന്‍ മാത്യൂസ് കര്‍ത്താവില്‍ അഭയം പ്രാപിച്ചു.

13 അഭിപ്രായങ്ങൾ:

  1. സംഭവം നടന്നത് കൊച്ചിയിലാണ്. പാലാരിവട്ടത്ത് നിന്ന് തമ്മനം പോകുന്ന വഴിയിലെ രാജാജി ഹൌസിങ്ങ് കോളനിയില്‍ ഹൌസ് നമ്പര്‍ 33ല്‍ ഈ കഴിഞ്ഞ ശനിയാഴ്ച രാത്രി ഒരു തീരുമാനം ഉണ്ടായി. എന്നിട്ടോ??

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. വരുന്നത് വഴിയില്‍ തങ്ങുമോ?
    പോസ്റ്റ് നന്നായി

    മറുപടിഇല്ലാതാക്കൂ
  4. തമാശ പോസ്റ്റ് ആണെന്ന് കരുതി വായിക്കാന്‍ തുടങ്ങിയ പോസ്റ്റ് നീ അവസാനം കൊലപാതകത്തില്‍ അവസനിപ്പിച്ചല്ലോടെയ് ബാലു... കഥ ഇഷ്ടമായി... പതിവ് കഥകളില്‍ നിന്നും ഭയങ്കര വെത്യാസം...നന്നായി..

    മറുപടിഇല്ലാതാക്കൂ
  5. രമണിക(അത് തന്നെ അല്ലേ പേര്?), നന്ദി..
    വിഷ്ണൂ, കഴിഞ്ഞ കഥകളിൽ നിന്നും ഒരു മാറ്റം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. :)

    മറുപടിഇല്ലാതാക്കൂ
  6. ബാലു, ഒരു തിരക്കഥ എഴുത്.അതിനുള്ള സ്ക്കോപ്പൂണ്ട്
    :)

    മറുപടിഇല്ലാതാക്കൂ
  7. അരുണ്‍ മാഷെ, തിരക്കഥ ഒരു സ്വപ്നമാണ്.. ഞാനെഴുതും.. അതിനുള്ള സമയം ആവുന്നതേയുള്ളൂ..

    മറുപടിഇല്ലാതാക്കൂ
  8. ഒരു നല്ല കഥാകാരന്‍ കൂടി ജനിക്കുന്നു...
    സന്തോഷം..
    നല്ല കഥ..കുറച്ചുകൂടി മിനുക്കിയെടുക്കാമായിരുന്നു...

    ഇനിയും കഥകള്‍ ജനിക്കട്ടെ...ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  9. വായിക്കുന്ന മറ്റു ബ്ലോഗുകളില്‍ ഒരുപാട്‌ ആവര്‍ത്തിയ്ക്കുന്ന സ്ഥിരം കഥകളില്‍ നിന്ന് ഒരു വ്യത്യാസം അറിയുവാന്‍ കഴിഞ്ഞത് തന്നെ ആശ്വാസം ....നന്നായിരിയ്ക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  10. devarenjini...,എനിക്ക് ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും സന്തോഷം പകര്‍ന്ന കമന്റുകളിലൊന്ന്.. വളരെ വളരെ നന്ദി..

    അബ്‌കാരി, അയ്യോ.. പുലിയൊന്നുമല്ല.. നമ്മള്‍ ഒരു പാവം സാധരണക്കാരന്‍.. കമന്റിന് നന്ദി.. :)

    മറുപടിഇല്ലാതാക്കൂ