11 ഒക്‌ടോബർ 2007

കാല്‍‌പെരുമാറ്റം


ഓണാവധി കഴിഞ്ഞ് നാലാം ദിവസം.. ഒരു ശനിയാഴ്‌ച. ഉച്ചവരെയേ ക്ലാസുള്ളു. ഉച്ച കഴിഞ്ഞ് ഫിലിം ഷോ ആണ്. കോര്‍പറേറ്റ് ആയിരുന്നു സിനിമ. നല്ല സിനിമ. സിനിമ കഴിഞ്ഞപ്പോള്‍ മണി നാല്. പക്ഷെ കുട്ടികള്‍ക്കാര്‍ക്കും വീട്ടില്‍ പോകണ്ട എന്ന് തോന്നുന്നു. അവര്‍ പലവിധ കളികളില്‍ ഏര്‍പ്പെട്ടിരുന്നു.

ചിലര്‍ വോളിബോള്‍ കളിച്ചപ്പോള്‍ മറ്റു ചിലര്‍ ബാസ്കറ്റ് ബോള്‍ കളിച്ചു. ചിലര്‍ ക്രിക്കറ്റ് കളിച്ചപ്പോള്‍ മറ്റ് ചിലര്‍ ബാഡ്‌മിന്റണ്‍ കളിച്ചു. പണ്ടൊരിക്കല്‍ സംഭവിച്ച വാഹനാപകടം എന്നെ ഈ കളികളില്‍ നിന്നെല്ലാം വിലക്കി. ഇതിലൊന്നും പെടാതെ ചിലര്‍ ക്യാരംസ് കളിക്കുന്നുണ്ടായിരുന്നു. അവിടെയും ആവശ്യത്തിലധികം ആളുകള്‍ ഉണ്ടായിരുന്നത്കൊണ്ട് അങ്ങോട്ടും പോകാന്‍ നിവൃത്തിയില്ല. പിന്നെ ബാക്കിയുള്ളത് ഞാനും എന്റെ രണ്ട് ക്ലാസ്‌മേറ്റ്‌സും മാത്രം. ചെസ് ബോര്‍ഡ് അവരെയും എന്നില്‍ നിന്നകറ്റി.സമയം കൊല്ലാന്‍ ഇന്റര്‍നെറ്റും വിളിക്കാന്‍ മൊബൈല്‍ ബാലന്‍സും ഇല്ലാത്തത് കൊണ്ട് വെറുതെ ഒന്ന് നടക്കാന്‍ ഞാന്‍ തീരുമാനിച്ചു.

ഞങ്ങളുടെ കോളേജ് നില്‍ക്കുന്നത് ഒരു ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു. ഗെയിറ്റ് കടന്നാല്‍ ഇരുവശവും കാട് നിറഞ്ഞ വഴിയിലൂടെ ഒരു പതിനഞ്ച് മിനിറ്റ് നടക്കണം കോളേജിലെത്താന്‍. ഞാന്‍ ആ വഴി‌‌യിലൂടെ നടക്കാന്‍ തുടങ്ങി. സമയം അഞ്ച് മണിയോടടുക്കുന്നതേ ഉണ്ടായിരുന്നുള്ളു. എന്നാലും ഇരുവശവും കാടായതിനാലാവും ഇരുണ്ട അന്തരീക്ഷമായിരുന്നു വഴിയില്‍.

കുറച്ച് നേരം നടന്നപ്പോള്‍ തന്നെ എന്റെ പിന്നാലെ ആരോ ഉണ്ടെന്ന് എനിക്ക് തോന്നി. ഞാന്‍ തിരിഞ്ഞ് നോക്കി, പക്ഷെ ആരെയും കണ്ടില്ല. തോന്നിയതാവും.. ഞാന്‍ വീണ്ടും നടന്നു. അല്ല.. പിന്നില്‍ ആരോ ഉണ്ട്, ഒരു കാലൊച്ച എനിക്ക് കേള്‍ക്കാം. ഞാന്‍ നിന്നു. അതെ, എനിക്കത് ശരിക്കും കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. ആ കാലൊച്ച അടുത്തടുത്ത് വരുന്നു, എന്റെ തൊട്ട് പിന്നിലെത്തി. ഞാന്‍ പെട്ടെന്ന് തിരിഞ്ഞ് നോക്കി, ശൂന്യം! ആരുമില്ലാത്ത വഴിയല്ലാതെ മറ്റൊന്നും കാണാനുണ്ടായിരുന്നില്ല. ചെറിയൊരു ഭയം എന്റെയുള്ളില്‍ ഉയരുന്നത് ഞാനറിഞ്ഞു.

--- --- --- --- --- --- --- --- --- --- --- --- ---

അന്ന് രാത്രി ഹോസ്റ്റലില്‍ കുട്ടികളെല്ലാരും ഒത്തുകൂടി. ഇത് ഇടയ്‌ക്കിടെ പതിവുള്ളതാണ്. ഈ കൂട്ടായ്‌മയുടെ പ്രത്യേകത എന്തെന്നാല്‍ ഓണം കഴിഞ്ഞ് നാട്ടില്‍ പോയി വന്നവര്‍ തങ്ങളുടെ വീട്ടില്‍ നിന്നും കൊണ്ടുവന്ന പലഹാരങ്ങള്‍ തീര്‍ക്കുന്ന ദിവസമായിരുന്നു. കുറേ നേരം കൂട്ടുകാരുമായി സംസാരിച്ചിരുന്ന ശേഷം ഞാന്‍ തുണി നനയ്‌ക്കാന്‍ പോയി. സമയം രാത്രി ഏകദേശം എട്ടരയായി. ഞാന്‍ നനയ്‌ക്കല്‍ ജോലിയില്‍ മുഴുകിയിരിക്കുകയാണ്. അപ്പോളതാ ഒരു ശബ്‌ദം, ശ്..ശ്..ശ്..ശ്.. ഞാന്‍ കാത് കൂര്‍പ്പിച്ച് നിന്നു. ആ ശബ്‌ദം എനിക്ക് കേള്‍ക്കാം. ഞാന്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും കുറച്ച് മാറിയാണ് ഈ ശബ്‌ദം കേള്‍ക്കുന്നത്. മുന്നില്‍ ഭിത്തിയുള്ളത് കൊണ്ട് എനിക്ക് ഒച്ചയുടെ ഉറവിടം കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. സന്ധ്യയ്‌ക്ക് സംഭവിച്ച കാര്യം എന്റെ മനസിലൂടെ മിന്നിമറഞ്ഞു. ചെറിയൊരു ഭയം എന്റെയുള്ളില്‍ ഉയരുന്നത് ഞാനറിഞ്ഞു.

എന്തും വരട്ടെ എന്നു കരുതി ഞാന്‍ മുന്നോട്ട് നീങ്ങി. ഭിത്തിയുടെ മറവില്‍ നിന്നുകൊണ്ട് ഞാന്‍ ശബ്‌ദം കേട്ട ദിശയിലേക്ക് നോക്കി. അയ്യേ..! ഞങ്ങളുടെ മെസ്സിലെ ചേട്ടന്‍ തന്റെ സൈക്കിളിന് കാറ്റടിക്കുകയായിരുന്നു. ഹാവൂ.. ആശ്വാസത്തോടെ ഞാന്‍ ഭിത്തിയിലേക്ക് ചാരി.

എന്തുവാടെ, രാത്രി ഭിത്തിയില്‍ ചാരി നിന്ന് എന്നാ പണി?”, ഒരു ശബ്‌ദം കേട്ട് ഞാന്‍ തിരിഞ്ഞ് നോക്കി. എന്റെ സുഹൃത്ത് ജോബിയായിരുന്നു അത്. അവനും തുണി നനയ്‌ക്കാന്‍ വന്നതാണ്. ഏയ്, ഒന്നുമില്ലെടാ.. ഞാന്‍ വെറുതെ..”, പറ്റിയ അബദ്ധം അവന്‍ അറിയാതിരിക്കാന്‍ ഞാന്‍ നിന്ന് പരുങ്ങി.

പിന്നെ ഞങ്ങള്‍ ഒരുമിച്ചായി തുണി നനയ്‌ക്കല്‍. കുറച്ച് കഴിഞ്ഞപ്പോള്‍ അവന്‍ ഹാങ്ങര്‍ എടുക്കാന്‍ മുറിയിലേക്ക് പോയി. കുറച്ച് നേരത്തേയ്‌ക്ക് വീണ്ടും ഞാന്‍ ഒറ്റയ്‌ക്കായി. സന്ധ്യയ്‌ക്ക് നടന്ന സംഭവം ഞാന്‍ പിന്നെയും ഓര്‍ത്തു. ആ കാല്‍‌പെരുമാറ്റം, അത് എനിക്ക് തോന്നിയതാണോ?? അല്ല. എനിക്കുറപ്പാണ് ആ സ്വരം ഞാന്‍ കേട്ടുവെന്ന്. എന്താണ് സത്യം? എനിക്കറിയില്ല.

പെട്ടെന്നാണ് ആ ശബ്‌ദം ഞാന്‍ കേട്ടത്. ആരുടെയോ കാല്‍‌പെരുമാറ്റം.. സന്ധ്യയ്‌ക്ക് കേട്ടത് പോലെ തന്നെ. എന്റെ തൊണ്ട വരണ്ടു, ദേഹം ഐസ്‌ കട്ട പോലെ തണുത്തു. എന്റെ മുന്നില്‍ നിന്നാണ് ശബ്‌ദം കേള്‍ക്കുന്നത്, പക്ഷെ ആരേയും ഞാന്‍ കാണുന്നില്ല എന്നതാണ് സത്യം!

എനിക്ക് തലചുറ്റുന്നത് പോലെ തോന്നി. എന്തു ചെയ്യണം എന്നറിയാന്‍ വയ്യാത്ത അവസ്ഥ. ഓടിയാലോ?? ഞാന്‍ ചിന്തിച്ചു. വല്ല പ്രേതവുമാണെങ്കില്‍ ഓടീട്ടും കാര്യമില്ല. ഒച്ച ഒന്ന് നിന്നു. ഭയാനകമായ നിശബ്‌ദത. ഒരു രണ്ട് സെക്കന്റ് കടന്ന് പോയി. വീണ്ടും അതേ കാലൊച്ച.. ദൂരെ നിന്ന് അടുത്തേക്ക് വരുന്ന കാലൊച്ച. ഈശ്വരാ ഇതെന്ത് മാരണമാണ്?” ,ഞാന്‍ ഒരാത്മഗതം നടത്തി. ജോബി ഒന്ന് പെട്ടെന്ന് വന്നെങ്കിലെന്ന് മനസു നിറയേ ഞാന്‍ പ്രാര്‍ത്ഥിച്ചു. ഒച്ച വീണ്ടും നിന്നു. രണ്ട് സെക്കന്റ് നിശബ്‌ദതയ്‌ക്ക് ശേഷം വീണ്ടും അതേ കാലൊച്ച.. ദൂരെ നിന്ന് അടുത്തേക്ക് വരുന്ന കാലൊച്ച.

ജോബി ഹാങ്ങറുമായി തിരിച്ചെത്തിയത് ഈ സമയത്താണ്. എന്റെ ശ്വാസം നേരെ വീണു. എടാ ജോബീ, നീ കേള്‍ക്കുന്നില്ലേ ആ ശബ്‌ദ...”, ഞാന്‍ അവനോട് എന്റെ ചോദ്യം മുഴുവനാക്കിയില്ല, അതിനു മുമ്പേ അവന്റെ മറുപടിയെത്തി

ഫോണ്‍ അടിക്കുന്നത് കേട്ടാലെങ്കിലും ഒന്ന് വിളിച്ചൂടേടാ...

അവന്‍ നേരെ അവന്റെ ബക്കറ്റിന് പുറകിലിരുന്ന മൊബൈല്‍ഫോണ്‍ എടുത്തു. പക്ഷെ അപ്പോഴേക്കും അത് കട്ടായിരുന്നു. പുതിയ ഫോണാ.. നീ കണ്ടില്ലായിരുന്നല്ലേ? എങ്ങനൊണ്ട് ഈ റിങ്ങ് ടോണ്‍ ”, ജോബി ചോദിച്ചു.

എനിക്ക് ഉത്തരമില്ലായിരുന്നു. കുറച്ച് നേരം മിണ്ടാതിരുന്നതിന് ശേഷം ഞാന്‍ ചോദിച്ചു, “ ഇന്ന് നീ കോളേജില്‍ കളിക്കാനൊന്നും നിന്നില്ലേ?

ഓ.. എന്തോന്ന് കളി.. ഞാന്‍ ഈ ഫോണുമെടുത്തോണ്ട് അങ്ങ് നടക്കാനിറങ്ങി. അതിനിടെ ഈ പണ്ടാരം എന്റെ കൈയ്യില്‍ നിന്നും കളഞ്ഞു പോയി. പിന്നെ ഞാനും രാഹുലും കൂടെ ഇതും തപ്പി നടക്കുവാരുന്നു. എത്ര നേരം കഴിഞ്ഞാ കിട്ടിയേന്നറിയുവോ?? സൈലന്റ് മോഡിലല്ലാത്തത് കൊണ്ട് ബെല്ലടിപ്പിച്ച് ബെല്ലടിപ്പിച്ച് അവസാനം കണ്ട് പിടിച്ചു.

ഞാന്‍ ചിരിച്ചു. പ്രേതം മൊബൈല്‍ഫോണായിരുന്നു എന്ന് കുറച്ച് കൂടി നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഈ ടെന്‍ഷന്‍ ഒഴിവാക്കാമായിരുന്നു.