23 മേയ് 2007

തീര്‍ത്ഥാടനം - ഭാഗം 4

ഞങ്ങളുടെ അടുത്ത ലക്ഷ്യം ഗുരുവായൂര്‍.. വെളുപ്പിനെ അഞ്ച് മണിയായപ്പോള്‍ അച്ഛന്‍ വന്ന് വിളിച്ചുണര്‍ത്തി. ട്രെയിന്‍ തൃശൂരെത്താറാകുന്നു. അവിടെ ഇറങ്ങി എറണാകുളത്ത് നിന്നും വരുന്ന കണക്ഷന്‍ ട്രെയിനില്‍ ഗുരുവായൂര് പോകാം എന്നതായിരുന്നു ഞങ്ങളുടെ പദ്ധതി. തൃശൂര്‍ റെയില്‍‌വേ സ്റ്റേഷനില്‍ ഏകദേശം അര മണിക്കൂര്‍ സമയം കിട്ടും. ആ സമയത്ത് ടിക്കറ്റും എടുത്ത് ഓരോ ചായയും കുടിച്ചിരിക്കാം എന്നും കരുതി.

എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത വാര്‍ത്തയായിരുന്നു സ്റ്റേഷനില്‍ ഞങ്ങളേ കാത്തിരുന്നത്. ഞങ്ങളുടെ വണ്ടി സ്റ്റേഷനിലേക്ക് കയറുമ്പോള്‍ ഒരു അനൌണ്‍സ്‌മെന്റ് സ്റ്റേഷനില്‍ മുഴങ്ങുന്നുണ്ടായിരുന്നു.. “ ട്ലിം ട്ലിം ട്ലിം.. യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്.. ട്രെയിന്‍ നമ്പര്‍ ---- (നമ്പരൊക്കെ ആര് ഓര്‍ക്കുന്നു??) നാഗര്‍കോവില്‍ ഗുരുവായൂര്‍ എക്‍സ്‌പ്രസ്സ് പ്ലാറ്റ്ഫോം നമ്പര്‍ രണ്ടിലേക്ക് അല്‍‌പസമയത്തിനകം എത്തിചേരുന്നതാണ്..ട്ലിം ട്ലിം ട്ലിം”. നാഗര്‍കോവില്‍ - ഗുരുവായൂര്‍ ട്രെയിന്‍ ലേറ്റായി വരികയാണ്.. വെളുപ്പിനെ നാലരയ്‌ക്ക് ഗുരുവായൂരിലെത്തുന്ന ട്രെയിന്‍ ഇതാ അഞ്ചര കഴിഞ്ഞപ്പോള്‍ തൃശൂരെത്തിയിരിക്കുന്നു. “ഈ വരുന്ന ട്രെയിനില്‍ പോയാല്‍ നമുക്ക് കുറച്ച് കൂടി നേരത്തെ അവിടെ എത്താം.. നിങ്ങള്‍ ഇവിടെ നില്‍ക്കൂ.. ഞങ്ങള്‍ പോയി ടിക്കറ്റ് എടുത്തോണ്ട് വരാം” എന്ന് പറഞ്ഞ് അച്ഛനും ചിറ്റപ്പനും ഓടി.

ഞങ്ങള്‍ ലഗേജൊക്കെ എടുത്ത് പുറത്ത് വെച്ചപ്പോഴേക്കും ട്രെയിന്‍ എത്തി‍. അച്ഛാ.. ചിറ്റപ്പാ എവിടെയാണ് നിങ്ങള്‍?? ലഗേജെല്ലാം പൊക്കി ഓവര്‍ ബ്രിഡ്‌ജ് കടന്ന് ചെല്ലുമ്പൊഴേക്കും ട്രെയിന്‍ അതിന്റെ പാട്ടിന് പോകും. അതുകൊണ്ട് പാളത്തിലൂടെ അപ്പുറം കടക്കാമെന്ന് തീരുമാനിച്ചു (‌പാളം മുറിച്ച് കടക്കുന്നത് സുരക്ഷിതമല്ല. അതറിയാഞ്ഞിട്ടല്ല. വേറെ വഴിയില്ല!). എന്നാല്‍ ഞങ്ങള്‍ വന്ന ട്രെയിന്‍ പോകാത്തത് കാരണം പാളം മുറിച്ച് കടക്കാനും വയ്യ. ഇതിനൊക്കെ പുറമേ ടിക്കറ്റെടുക്കാന്‍ പോയവരുടെ ഒരു വിവരവും ഇല്ല. ഞങ്ങള്‍ ദയനീയമായി ട്രെയിന്‍ നോക്കിനിന്നു.. (ആ സന്ദര്‍ഭത്തെ വിവരിക്കാന്‍ ജഗതി ശ്രീകുമാറിന്റെ ഒരു ഡയലോഗ് ഞാന്‍ കടമെടുക്കുകയാണ്.. ചുണ്ടോളമെത്തിയ മുട്ട ബിരിയാണി നീ തട്ടിയെറിയുകയാണോ എന്റെ കര്‍ത്താവേ!!!).

ഞങ്ങള്‍ നിരാശരായി നില്‍ക്കേ അതാ..... ദൂരെ നിന്നും ഓടി വരുന്നു അച്ഛനും ചിറ്റപ്പനും (സിനിമയിലായിരുന്നേല്‍ സ്ലോ മോഷനില്‍ ഓടി വന്നേനെ!).. പക്ഷെ ഇത് സിനിമയല്ലല്ലോ.. അവര് പെട്ടെന്ന് തന്നെ ഓടിയെത്തി. ഞങ്ങള്‍ വന്ന ട്രെയിന്‍ അപ്പൊഴേക്കും പോയി. ഞങ്ങള്‍ക്കും ട്രെയിനിനും ഇടയില്‍ ഒരു പാളം മാത്രം.. ഓരോരുത്തരായി പാളം മുറിച്ച് കടക്കാന്‍ തുടങ്ങി. അച്ഛന്‍ ആദ്യം ട്രെയിനില്‍ കയറി. ചിറ്റപ്പനും ചേട്ടനും ഞാനും അനന്തുവും കൂടി ബാഗുകള്‍ ഓരോന്നായി പ്ലാറ്റ്ഫോമില്‍ നിന്നും ട്രെയിനിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. അച്ഛനാകട്ടെ ബാഗുകളുടെ എണ്ണമെടുത്ത അകത്തേക്ക് പാസ് ചെയ്‌തുകൊണ്ടിരുന്നു. ഇനി മൂന്നാല് ബാഗുകളേ ബാക്കിയുള്ളു. ട്രെയിന്‍ ഇപ്പോള്‍ പോകും എന്ന അനൌണ്‍സ്‌മെന്റ് കേട്ടു. ഞങ്ങളോട് വണ്ടിയില്‍ കയറാന്‍ പറഞ്ഞ് ചിറ്റപ്പന്‍ ഒറ്റയ്‌ക്ക് ബാഗുകള്‍ പൊക്കാന്‍ തുടങ്ങി.

ചിറ്റപ്പന്‍ ഒരു കറുത്ത ബാഗ് കൊണ്ട് അച്ഛനെ ഏല്‍‌പിക്കുന്നു, അടുത്ത ബാഗെടുക്കാന്‍ തിരിച്ചോടുന്നു.. അച്ഛന്‍ ആ കറുത്ത ബാഗില്‍ കൈ വെച്ചതും അതാ മറ്റൊരു കൈ!!! “എന്‍ ബാഗ്.. എന്‍ ബാഗ്..” ഒരു തമിഴന്‍ ഞങ്ങളുടെ ബാഗില്‍ പിടിച്ചിരിക്കുകയാണ്. ഈ സമയം ചിറ്റപ്പന്‍ അവസാനത്തെ ബാഗും എടുത്ത് സ്ഥലത്തെത്തി. അച്ഛനും തമിഴനുമായുള്ള പിടിവലി കണ്ട് ചിറ്റപ്പന്‍ ഒന്ന് ഞെട്ടി. ഒച്ച കേട്ട് അമ്മയും എത്തി. ഇതിനിടയില്‍ ബാഗേന്ന് വിടടോ എന്നൊകെ ചിറ്റപ്പന്‍ പറയുന്നുണ്ട്. പക്ഷെ തമിഴന്‍ വിടാനുള്ള ഭാവമില്ല. അമ്മ നോക്കിയപ്പോള്‍ ആ കറുത്ത ബാഗ് ആദ്യമേ അകത്തെത്തിയതാണ്.

“ഈ ബാഗ് ആരാ പുറത്ത് വെച്ചത്??” അമ്മ ചോദിച്ചു. “പുറത്ത് വെച്ചെന്നൊ??”, അച്ഛന് ഒന്നും മനസിലായില്ല. “അതേന്നെ.. ദേ നമ്മുടെ കറുത്ത ബാഗ് ഇവിടെ അകത്തിരുപ്പുണ്ട്..”, അമ്മ പറഞ്ഞു. “അപ്പോ പിന്നെ ഇതേത് ബാഗ്??” ചിറ്റപ്പന്‍ ചോദിച്ചു. “ഇതെന്‍ ബാഗയ്യാ..” എന്ന് പാണ്ടി.

കണ്‍ഫ്യൂഷനായോ?? സംഭവം നിസാരം.. ഞാനീ പറഞ്ഞ പാണ്ടിയും കുടുംബവും ആ ഗുരുവായൂര്‍ ട്രെയിനില്‍ വന്നവരാണ്. ഓവര്‍ബ്രിഡ്‌ജ് കയറിയിറങ്ങാന്‍ മടിയായത് കൊണ്ട് ഞങ്ങള്‍ വന്ന ട്രെയിന്‍ പോകുന്നത് വരെ കാത്തിരുന്ന ശേഷം പാളത്തിലൂടെ അപ്പുറം കടക്കുകയായിരുന്നു അവര്‍. പാണ്ടി അവരുടെ ബാഗ് എടുത്ത് പ്ലാറ്റ്ഫോമില്‍ വെച്ച് അങ്ങോട്ട് കയറാന്‍ തുടങ്ങുമ്പൊഴേക്കും ഒരുത്തന്‍ ഓടി വന്ന് ബാഗെടുത്തുകൊണ്ട് പോയി.. ആ ഒരാള്‍ എന്റെ ചിറ്റപ്പനായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ?? ധൃതിയില്‍ ആരുടെ ബാഗെന്നൊന്നും നോക്കാതെ പൊക്കിയെടുത്തുകൊണ്ട് ഓടിയതാണ്.. ഏതായാലും പാണ്ടിക്ക് ബാഗ് തിരിച്ച് കിട്ടി, ചിറ്റപ്പന്‍ ഒരു “തിരുടന്‍” ആകാതെ രക്ഷപ്പെടുകയും ചെയ്‌തു.

വേറെയാരുടെയെങ്കിലും ബാഗ് പൊക്കിയിട്ടുണ്ടോ എന്നറിയാന്‍ ഞങ്ങള്‍ ബാഗൊക്കെ ഒന്നൂടെ എണ്ണിനോക്കി. കൂടുതലായി ഒന്നുമില്ലായിരുന്നു. യാത്ര സുഖമായിരുന്നു. മുറി ബുക്ക് ചെയ്‌തിരുന്നത് കൊണ്ട് താമസത്തിനും കുഴപ്പമൊന്നുമില്ലായിരുന്നു. അമ്പലത്തില്‍ തിരക്കിന് കുറവൊന്നുമുണ്ടായിരുന്നില്ല. മൂന്ന് - മൂന്നര മണിക്കൂറൊക്കെ ക്യൂ നിന്നാണ് അകത്തെത്തിയത്. എങ്കിലും അതൊക്കെ ശീലമുള്ളത് കൊണ്ട് അതിനും വിഷമമില്ലായിരുന്നു. ഒടുവില്‍ ആ അവസാന ദിവസവും എത്തി. അന്ന് രാവിലെ 8.15 -നുള്ള ട്രെയിനിന് തൃശൂരിറങ്ങിയാല്‍ ഞങ്ങള്‍ക്ക് കണ്ണൂര്‍ - ആലപ്പുഴ ട്രെയിനില്‍ വീട്ടിലെത്താം. അങ്ങനെ പദ്ധതി പ്രകാരം രാവിലെ 8 മണിയോട് കൂടി ഞങ്ങള്‍ റെയില്‍‌വെ സ്റ്റേഷനില്‍ എത്തി.

എന്നാല്‍ ചിറ്റപ്പന്റെ മുഖത്തൊരു സങ്കടം.. ഗുരുവായൂരില്‍ എല്ലായിടവും പോയി, എന്നാല്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ മാത്രം പോയില്ല. റെയില്‍‌വേ സ്റ്റേഷന് അടുത്താണ് ക്ഷേത്രം. ഞങ്ങള്‍ക്ക് പോകേണ്ട ട്രെയിന്‍ ഇതുവരെ എത്തിയിട്ടില്ല. “ഉള്ള സമയത്ത് ഒന്ന് പോയിട്ട് വന്നാലോ??”, ചിറ്റപ്പന്‍ ചോദിച്ചു. വീണ്ടും ബാഗുമൊക്കെ പൊക്കി എല്ലാവരും കൂടെ പോവണ്ട എന്ന് തീരുമാനിച്ചു. ചിറ്റപ്പന്‍, അപ്പച്ചി, ഞാന്‍, ചേട്ടന്‍, അനന്തു, പപ്പു എന്നിവര്‍ പോകാന്‍ തീരുമാനിച്ചു. പതിനഞ്ച് മിനിറ്റിനകം തിരിച്ചു വരണം എന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ അമ്പലത്തിലേക്ക് നടന്നു(ഓടി എന്ന് പറയുന്നതാവും കുറച്ചുകൂടി ശരി..).

അപ്പച്ചി ആദ്യമേ അകത്ത് കയറി, തൊട്ടുപുറകേ ഷര്‍ട്ട് പോലും ഊരാതെ ചിറ്റപ്പനും.. ഞങ്ങളും ഓടി അകത്ത് കയറാന്‍ പോയപ്പോളാണ് ആ ബോര്‍ഡ് കണ്ണില്‍പെട്ടത്. “അമ്പലത്തിനുള്ളില്‍ ഷര്‍ട്ട്, ബനിയന്‍, ലുങ്കി, കള്ളിമുണ്ട്, പാന്റ് തുടങ്ങിയവ ധരിച്ച് കയറരുത്”. ഞങ്ങള്‍ പുറത്ത് നിന്നു, കാരണം ഞങ്ങള്‍ പാന്റായിരുന്നു ധരിച്ചിരുന്നത്.

അപ്പോഴാണ് പപ്പുവിന്റെ കൊച്ചുതലയില്‍ ഒരു സംശയം രൂപപ്പെട്ടത്, “ഷര്‍ട്ടും പാന്റുമിട്ട് അമ്പലത്തില്‍ കയറരുത് എന്ന് പറഞ്ഞിട്ട് ചിറ്റപ്പന്‍ കയറിയതോ??” അപ്പോഴാണ് ഞങ്ങളും ആ കാര്യം ഓര്‍ത്തത്. ഞങ്ങള്‍ അമ്പലത്തിനകത്തേയ്‌ക്ക് നോക്കി. ചിറ്റപ്പന്‍ ദാ ഓടി വരുന്നു.. “വേഗം പോവണമല്ലോ.. അത് കൊണ്ട് ഞാന്‍ പെട്ടെന്നിറങ്ങി, നിങ്ങടെ അപ്പച്ചി ഇതു വരെ വന്നില്ലെ?” വന്നയുടന്‍ ചിറ്റപ്പന്‍ ചോദിച്ചു. എന്നിട്ട് അകത്തേയ്‌ക്ക് നോക്കി നിന്നു. ഒരു പരിഭ്രമം ആ മുഖത്തുണ്ടായിരുന്നു. അതിന്റെ കാരണം ഞങ്ങള്‍ ഊഹിച്ചു. അപ്പച്ചി പെട്ടെന്ന് വന്നു, ഞങ്ങള്‍ ഉടന്‍ സ്റ്റേഷനിലേക്ക് പോവുകയും ചെയ്‌തു. ട്രെയിനിലിരിക്കുമ്പോള്‍ ഞങ്ങള്‍ ചോദിച്ചു, “ചിറ്റപ്പാ, അമ്പലത്തില്‍ എന്തെങ്കിലും സംഭവിച്ചോ?”

“ഏയ്.. ഒന്നുമില്ല.. എന്താടാ?” ചിറ്റപ്പന്‍ ചോദിച്ചു. നിങ്ങളിതെങ്ങനെയറിഞ്ഞു എന്ന് ചിറ്റപ്പന്‍ ചോദിക്കാതെ തന്നെ ചോദിക്കുന്നതായി ഞങ്ങള്‍ക്ക് തോന്നിയെങ്കില്‍ ഞങ്ങളെ കുറ്റം പറയാനൊക്കുമോ?? നിങ്ങള്‍ തന്നെ പറയൂ..

കഥാപാത്രങ്ങളുടെ ചിത്രങ്ങളുമായി അവസാന ഭാഗം ഉടന്‍...