14 മേയ് 2007

തീര്‍ത്ഥാടനം - ഭാഗം 2

കുറച്ച് നേരത്തെ യാത്രയ്‌ക്ക് ശേഷം ബസ് പോലീസ് സ്റ്റേഷനില്‍ എത്തിചേര്‍ന്നു. മനോഹരമായ സ്ഥലം. അതിവിശാലമായ ഒരു പറമ്പിന്റെ അങ്ങേ അറ്റത്താണ് പോലീസ് സ്റ്റേഷന്‍. അവിടിവിടെ തണല്‍മരങ്ങള്‍. ഒരു മരത്തിന് താഴെ ബസ് നിര്‍ത്തി. വണ്ടി നിര്‍ത്തിയ ഉടന്‍ ഡ്രൈവറിനെ പോലീസുകാര്‍ അകത്തേക്ക് കൊണ്ടു പോയി. പുറകേ മറ്റു ബസ് ജീവനക്കാരും. ഞങ്ങള്‍ കുറച്ചു നേരം ബസ്സില്‍ തന്നെയിരുന്നു. ഒന്നും സംഭവിച്ചില്ല. ചിറ്റപ്പന്റെ നേതൃത്വത്തില്‍ കുറച്ച് പേര്‍ സ്റ്റേഷനിലേയ്‌ക്ക് പോയി. ബസ്സില്‍ ഇരുന്നതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഞാനും ചേട്ടനും പപ്പുവും അനന്തുവും പുറത്തിറങ്ങി നിന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ പോയവരില്‍ ഒരാള്‍ തിരികെ വന്നു. “എസ്. ഐ സ്ഥലത്തില്ലത്രെ.. അര മണിക്കൂറിനകം വരും.. നമ്മള്‍ കുറച്ച് നേരം കാത്തിരിക്കേണ്ടി വരും.. ഞങ്ങള്‍ സ്റ്റേഷനില്‍ നില്‍ക്കാം.. നിങ്ങള്‍ ഇവിടെ വിശ്രമിച്ചോളു..”, അയാള്‍ പറഞ്ഞു.

അര മണിക്കൂര്‍ കഴിഞ്ഞിട്ട് ഒരു മണിക്കൂറായിട്ടും എസ്.ഐ എത്തിയില്ല. രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല. വിശപ്പ് മെല്ലെ തലപൊക്കി തുടങ്ങി. ഓറഞ്ചും പഴവും ഒക്കെ കണ്ടു പിടിച്ചവരെ തൊഴുത് പോയി.. അതും കൂടിയില്ലായിരുന്നെങ്കില്‍..!

ഒടുവില്‍ ആ നിമിഷം വന്നെത്തി, എസ്.ഐ ആഗതനായി. ഞങ്ങള്‍ ബസ്സിലുണ്ടായിരുന്നവര്‍ എല്ലാവരും കൂടി സ്റ്റേഷന് നേരെ നീങ്ങി. സ്റ്റേഷനില്‍ ഒരു ആള്‍ക്കൂട്ടം കണ്ട് എസ്.ഐ ഒന്ന് പരുങ്ങി. ബസ്‌ഡ്രൈവറുമായി എന്തൊക്കെയോ സംസാരിച്ചു. എന്നിട്ട് മുന്‍‌നിരയിലിരുന്ന എന്റെ ചിറ്റപ്പനെ ചൂണ്ടി എന്തോ ഡ്രൈവറോട് ചോദിച്ചു. കണ്ടക്‍ടര്‍ തന്റെ മിതമായ ഇംഗ്ലീഷ് പരിജ്ഞാനം ഉപയോഗിച്ച് അതിനെ പരിഭാഷപ്പെടുത്തി തന്നു:- “ഈ നില്‍ക്കുന്നവനാണോ നിന്നെ തല്ലിയത്??”. ഇതു കേട്ട ചിറ്റപ്പന്‍ ഞെട്ടി, ഞങ്ങളും..(പോലീസുകാര്‍ എവിടായാലും ഒരേ സ്വഭാവക്കാരാണ്, കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കും!)

എന്തായാലും ആ ഡ്രൈവര്‍ മാന്യനായത് കൊണ്ട് ചിറ്റപ്പന്‍ രക്ഷപ്പെട്ടു! പെട്ടെന്നുള്ള ഒരു ആരോപണം അല്‍‌പനേരം ചിറ്റപ്പനെ “ഡൌണ്‍” ആക്കിയെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ ചിറ്റപ്പന്‍ തിരിച്ചു വന്നു.. “ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി, ഞങ്ങളെ മൂകാംബികയില്‍ എത്തിച്ചേ തീരൂ” എന്ന വാശിയില്‍ മലയാളികള്‍ ഒന്നിച്ചു ചേര്‍ന്നു.. എസ്.ഐ ഒരുവിധത്തിലും സമ്മതിക്കുന്നില്ല.. ഡ്രൈവറെ വിട്ടുതരില്ല എന്നയാള്‍ ശാഠ്യം പിടിച്ചു.. വേണമെങ്കില്‍ വേറെ ബസ്സില്‍ കയറ്റി വിടാം എന്നയാള്‍ പറഞ്ഞു. അതു സമ്മതിച്ചാലോ എന്ന് ഞങ്ങള്‍ ആലോചിച്ചു. ഒരു നിമിഷം.. ഇതുവരെയുള്ള ബസ്‌യാത്രയുടെ ഭീകരാ‍വസ്ഥ മനസില്‍ മിന്നിമറഞ്ഞു.

പറ്റില്ലാ.............. ഒരിക്കലും നടക്കില്ല... ഇനി നിറയേ ആളുകളുമായി വരുന്ന ബസ്സില്‍, ഞങ്ങളുടെ ലഗ്ഗേജുമായി കയറുന്ന അവസ്ഥ ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ഞങ്ങള്‍ സമ്മതിച്ചില്ല. മാത്രമല്ല എല്ലാവരും കൂടി പോലീസ് സ്റ്റേഷന് പുറത്ത് കുത്തിയിരുന്നു..! എസ്.ഐ ധര്‍മ്മസങ്കടത്തിലായി. ആശാന്‍ ഒരു ചര്‍ച്ച ആവശ്യപ്പെട്ടു. ചിറ്റപ്പനും എന്റെ അച്ഛനും വേറെ രണ്ട് പേരും കൂടി ചര്‍ച്ചയ്‌ക്കായി അകത്തേയ്‌ക്ക് പോയി. ബാക്കിയുള്ളവര്‍ പുറത്തിരുന്നു. എന്താണീ എസ്.ഐ ഡ്രൈവറിനെ വിടാത്തത്?? ഇതായിരുന്നു ഞങ്ങളുടെ സംശയം. കൂട്ടത്തിലൊരു യാത്രക്കാരന്‍ ആ സംശയം തീര്‍ത്തു തന്നു.

ശരിക്കുമുള്ള പ്രശ്‌നം സൈഡ് കൊടുക്കല്‍ സംബന്ധിച്ചായിരുന്നു. ഒരു ലോറി ഞങ്ങളുടെ ബസ്സിന് സൈഡ് തരാന്‍ വിസമ്മതിച്ചു. ഞങ്ങളുടെ ഡ്രൈവര്‍ റോങ്ങ് സൈഡില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ലോറിയിലെ “പാവത്താനായ” കിളി ഡ്രൈവറുടെ നേരെ വെള്ളം കോരിയൊഴിച്ചു..! വണ്ടി നിര്‍ത്തി ഡ്രൈവര്‍ ചാടിയിറങ്ങി. കിളി താന്‍ വെള്ളം കളഞ്ഞപ്പോള്‍ അറിയാതെ വീണതാണെന്ന് പറഞ്ഞെങ്കിലും ഡ്രൈവര്‍ അയാള്‍ക്കിട്ടൊന്ന് പൊട്ടിച്ചു.. ഒരു വടിയെടുത്ത് ലോറിയുടെ ചില്ലടിച്ച് തകര്‍ക്കുകയും ചെയ്‌തു.. ദാറ്റ്സ് ആള്‍! തുടര്‍ന്നാണ് ഗംഭീരമായ കൂട്ടത്തല്ല് അവിടെ അരങ്ങേറിയത്.. (ഇത്രയും നടന്നിട്ടും ഞങ്ങള്‍ ഒന്നുമറിഞ്ഞില്ല എന്ന് പറയുമ്പോള്‍ നിങ്ങള്‍ ഊഹിക്കണം ആ ബസ്സിലെ തിരക്ക്..)

ഇതിനിടെ മറ്റു ചിലരും സ്റ്റേഷനിലേയ്‌ക്ക് വന്നു. അത് ലോറി ഡ്രൈവറും കിളിയുമൊക്കെയാണെന്ന് ആ യാത്രക്കാരനില്‍‍ നിന്ന് ഞങ്ങള്‍ മനസിലാക്കി. അവരും എസ്.ഐയും ചിറ്റപ്പന്‍ & പാര്‍ട്ടിയും ബസ്സുകാരും തമ്മില്‍ കൂലങ്കഷമായ ചര്‍ച്ചയ്‌ക്കൊടുവില്‍ ചില തീരുമാനങ്ങള്‍ എടുത്തു :

  • ഡ്രൈവര്‍ ലോറിക്കാര്‍ക്ക് നഷ്‌ടപരിഹാരം കൊടുക്കും.
  • ഞങ്ങളെ ബുദ്ധിമുട്ടിച്ചതിന് പകരമായി ആ ബസ്സില്‍ തന്നെ ഞങ്ങളെ മൂകാംബികയിലെത്തിക്കും.
  • അവിടേയ്‌ക്ക് പോകുന്ന വഴിയില്‍ മറ്റൊരിടത്തും ബസ് നിര്‍ത്തില്ല.

അങ്ങനെ മണിക്കൂറുകള്‍ നീണ്ട പോലീസ് സ്റ്റേഷന്‍ ചാപ്‌റ്ററിന് ശുഭാന്ത്യം.. ബസ് ഞങ്ങളേയും കൊണ്ട് മൂകാംബിക ലക്ഷ്യമാക്കി കുതിച്ചു.

തുടരും