17 മേയ് 2007

തീര്‍ത്ഥാടനം - ഭാഗം 3

പോലീസ് സ്റ്റേഷനില്‍ നിന്നും വിട്ട ബസ് പിന്നെയൊരിടത്തും നിര്‍ത്തിയില്ല. അതുവരെ അനുഭവിച്ചതിനെല്ലാം കൂടി ഒരു കോമ്പന്‍സേഷന്‍!!! എന്തായാലും ഉച്ചയ്‌ക്ക് ഒന്നരയോടെ ബസ് മൂകാംബികയിലെത്തി. പഴവും ഓറഞ്ചും ബിസ്‌കറ്റുമൊക്കെകൊണ്ട് നമ്മള്‍ എത്ര നേരം പിടിച്ച് നില്‍ക്കും?? മൂകാംബികയിലെത്തുമ്പോള്‍ വിശപ്പ് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരുന്നു.

ബസ് സ്‌റ്റാന്റില്‍ നിന്നും മൂന്ന് ഓട്ടൊകളിലായി ഞങ്ങള്‍ അമ്പലപരിസരത്തെത്തി. ചുറ്റും ഒട്ടേറെ കടകള്‍. അപ്പോളതാ കുറേ കന്നടയ്‌ക്കിടയില്‍ നിന്നും ഒരു മലയാളം കേള്‍ക്കുന്നു.. അത് ഒരു ഹോട്ടലായിരുന്നു, ഒരു മലയാളി ഹോട്ടല്‍. ഒരു വിധം നല്ല ഭക്ഷണം പ്രതീക്ഷിച്ച് ഞങ്ങള്‍ അവിടെ കയറി.

ചോറ് ആവശ്യത്തിന് തന്നു, പക്ഷെ കറികള്‍... അവയെ വര്‍ണ്ണിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല..! ആകെപ്പാടെ വായില്‍ വെക്കാന്‍ കൊള്ളാവുന്നത് ഒരച്ചാര്‍ മാത്രമായിരുന്നു. അച്ചാര്‍ കൂട്ടി തീരുന്നത് വരെ ഞങ്ങള്‍ ഭക്ഷണം കഴിച്ചു. കുറച്ചുകൂടി അച്ചാര്‍ ചോദിച്ചപ്പോള്‍, എന്താണെന്നറിയില്ല, വെയിറ്റര്‍മാര്‍ക്ക് ചെവി കേള്‍ക്കുന്നില്ല! ഞങ്ങള്‍ ആ ദാരുണസത്യം മനസിലാക്കി... “അച്ചാര്‍ ഒരിക്കലേ തരൂ, ബാക്കി കറികള്‍ വേണ്ടുവോളം തിന്നോളൂ” എന്നതാണ് അവരുടെ പോളിസി! ഹോട്ടലിന് പുറത്തിറങ്ങിയപ്പോളാണ് അച്ചാര്‍ തരാത്തതിന്റെ കാരണം ഞങ്ങള്‍ക്ക് മനസിലായത്. അവരുടെ കൌണ്ടറില്‍ പാക്കറ്റുകളാക്കി വെച്ചിരിക്കുന്നു നമ്മുടെ നാട്ടിലെ പ്രശസ്‌തമായ അച്ചാര്‍!

അമ്പലത്തില്‍ തിരക്ക് കുറവായിരുന്നു. അതുകൊണ്ട് തന്നെ ലോഡ്‌ജുകളില്‍ മുറി കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അമ്പലത്തിന് കുറച്ചപ്പുറത്തായി ഞങ്ങള്‍ക്ക് മുറി ലഭിച്ചു.

മൂകാംബികയില്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ അത് ഭക്ഷണത്തിന് മാത്രമാണ്. അവിടുത്തെ ഭക്ഷണരീതിയും നമ്മുടേതുമായുള്ള വ്യത്യാസം അതിന് കാരണമായി. ഭക്ഷണമൊഴിവാക്കിയാല്‍ നല്ലൊരു അനുഭവം തന്നെയായിരുന്നു യാത്രയുടെ ആ ഭാഗം.

അവിടെ ഞങ്ങള്‍ രണ്ട് ദിവസം ചിലവഴിച്ചു. ഒരു കാസറ്റ് കടക്കാരന്‍ ചിറ്റപ്പനെ പറ്റിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും ഞാനും ചേട്ടനും കൂടി ആ ശ്രമം പൊളിച്ചു. സംഭവം ഇങ്ങനെയാണ്..

രാവിലെ ഭക്ഷണം കഴിക്കാനിറങ്ങിയതാണ് ഞങ്ങള്‍. കഴിച്ച് കഴിഞ്ഞ് പുറത്തിറങ്ങി നില്‍ക്കുകയാണ് ഞാന്‍, ചേട്ടന്‍, പപ്പു, അനന്തു എന്നിവര്‍. അച്ഛനും അപ്പുപ്പനും ചിറ്റപ്പനും കൂടി പിറകേ വന്നു. അമ്മയും ചിറ്റയുമൊക്കെ കൈ കഴുകാന്‍ നില്‍ക്കുകയാണ്. അങ്ങനെ നില്‍ക്കുമ്പോളതാ, അടുത്തുള്ള കാസറ്റ് കടയില്‍ നിന്നും നല്ല പാട്ട്.. “സൌപര്‍ണികാമൃത വീചികള്‍ പാടും..”

ചിറ്റപ്പന്‍ ആ പാട്ടില്‍ വീണു. “ഹാ! അതിമനോഹരമായ ഭക്തിഗാനം” എന്നും പറഞ്ഞ് ആശാന്‍ ഉടന്‍ കടയിലേക്ക് കയറി. “യേശുദാസ് പാടിയ നല്ല ഉഗ്രന്‍ ഭക്തിഗാന കാസറ്റ്” എന്ന് പറഞ്ഞ് ആ കാസറ്റ് കാണിക്കുമ്പോളാണ് ആള്‍ പോയതും കടയില്‍ കയറിയതുമൊക്കെ ഞങ്ങള്‍ അറിയുന്നത് തന്നെ!!! ഞങ്ങള്‍ കാസറ്റ് വാങ്ങി നോക്കി. കാലാകാലങ്ങളായി മലയാളസിനിമയില്‍ നിറഞ്ഞുനിന്ന ഭക്തിഗാനങ്ങളുടെ ഒരു കളക്‍ഷന്‍ 60 രൂപയ്‌ക്ക് അവര്‍ വിറ്റിരിക്കുന്നു (ശരിക്കും 75 രൂപയെന്നാണ് പറഞ്ഞത്, പിന്നെ കുറച്ചതാണെന്ന്!!!). ഞാനും ചേട്ടനും കൂടി സത്യാവസ്ഥ ചിറ്റപ്പനെ പറഞ്ഞ് മനസിലാക്കി. കടക്കാരനുമായി ചെറിയ വാക്കുതര്‍ക്കം ഉണ്ടായെങ്കിലും അയാള്‍ പൈസ തിരിച്ചു തന്നു.

അന്ന് ഞങ്ങള്‍ സൌപര്‍ണികയില്‍ കുളിക്കാന്‍ പോയി. നടക്കാനുള്ള ദൂരമേ ഉള്ളു. പോകുന്ന വഴിയില്‍ അച്ഛനും അപ്പുപ്പനുമൊക്കെ സൌപര്‍ണികയുടെ മഹത്വത്തെ പറ്റി ഒരു ക്ലാസ് തന്നെയെടുത്തു. ഔഷധഗുണമുള്ള വെള്ളമാണത്രെ അവിടെ. എന്നാല്‍ സ്ഥലം എത്തിയതോടെ അവര്‍ നിശബ്‌ദരായി. ഏകദേശം പമ്പയുടെ അവസ്ഥ തന്നെയാണ് സൌപര്‍ണികയ്‌ക്കും. ഭക്തര്‍ക്ക് സുരക്ഷയും സൌകര്യവും കൂട്ടാന്‍ വേണ്ടി ആ നദിയെ നശിപ്പിച്ചിരിക്കുന്നു.. രണ്ട് വശവും ബണ്ട് കെട്ടി വെള്ളം ഒഴുകുന്നത് തടഞ്ഞിരിക്കുന്നു(വേനലായത് കൊണ്ടാവാം ചിലപ്പോള്‍ ഒഴുക്കില്ലായിരുന്നത്). ഞങ്ങള്‍ അവിടെ ആ “ഔഷധഗുണമുള്ള” വെള്ളം കണ്ട് നില്‍ക്കേ ഒരു പറ്റം തമിഴന്മാര്‍ ഓടി വന്ന് അതിലേക്ക് എടുത്ത് ചാടി. വെള്ളം കലങ്ങി വേറൊരു നിറമായി!!! എന്തായാലും വന്നുപോയില്ലെ എന്ന് കരുതി ഞങ്ങള്‍ വേഗം ഒന്ന് മുങ്ങികയറി.

അമ്പലം നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടെങ്കിലും അടുത്തുള്ള റോഡുകളില്‍ നടക്കുമ്പോള്‍ സൂക്ഷിക്കണം. താഴെ നോക്കി നടന്നില്ലെങ്കില്‍ ചാണകം കാലില്‍ പറ്റുമെന്നുറപ്പ്. ഒട്ടനവധി കഴുതകളും പേരിന് കുറച്ച് കാളകളും പട്ടികളുമൊക്കെ തങ്ങളാല്‍ കഴിയും വിധം റോഡ് അലങ്കരിച്ചിരുന്നു.

ഒരു ദിവസം ഉച്ചയ്‌ക്കാണ് ഞങ്ങള്‍ മൂകാംബികയില്‍ നിന്നും വണ്ടി കയറിയത്. ഉടുപ്പിയില്‍ ഇറങ്ങി അവിടുത്തെ കൃഷ്‌ണക്ഷേത്രത്തില്‍ പോകാന്‍ തീരുമാനിച്ചിരുന്നു. നാല് മണിയോടെ ഉടുപ്പിയില്‍ എത്തി. അവിടൊരു ഹോട്ടലില്‍ കയറി ചായയൊക്കെ കുടിച്ച് കൃഷ്‌ണക്ഷേത്രത്തില്‍ പോയി. “അന്യന്‍” സിനിമ തുടങ്ങുമ്പോള്‍ കാണിക്കുന്ന വലിയ കുളം ഈ അമ്പലത്തിനടുത്താണ്. അമ്പലത്തില്‍ തിരക്കുണ്ടായിരുന്നു..നല്ല ലഡുവും ഒരല്‍‌പം ഇടിയും കിട്ടി. അവിടുന്ന് ഒരേഴരയോടെ ഞങ്ങള്‍ ബസ് കയറി, മംഗലാപുരത്തേക്ക്(ഒരു തവണ കൂടി റിസ്‌ക് എടുക്കാന്‍ കഴിയാത്തത് കൊണ്ട് ഞങ്ങള്‍ ഉടുപ്പിയില്‍ നിന്നു തന്നെ ഭക്ഷണം കഴിച്ചു!!!).

മംഗലാപുരത്ത് ബസിറങ്ങുമ്പോള്‍ സമയം ഒമ്പതര കഴിഞ്ഞിരുന്നു. ഇങ്ങോട്ടുള്ള വരവിന് ഓട്ടൊക്കാരുടെ “കയ്യിലിരുപ്പ്” ശരിക്കും മനസിലാക്കിയ ഞങ്ങള്‍ റെയില്‍‌വേ സ്റ്റേഷനിലേക്ക് നടന്നു പോകാന്‍ തീരുമാനിച്ചു. ട്രെയിന്‍ പത്ത് മണി കഴിഞ്ഞേ ഉണ്ടായിരുന്നുള്ളു എന്നത് കൊണ്ട് ധൃതിയൊന്നും ഇല്ലായിരുന്നു.

ഇങ്ങോട്ട് ഓട്ടൊയില്‍ വന്നപ്പോള്‍ വലിയ ദൂരമൊന്നുമില്ലയിരുന്നു. പക്ഷെ അങ്ങോട്ട് നടന്നപ്പോള്‍ സ്റ്റേഷന്‍ ഒരഞ്ചാറ് കിലോമീറ്റര്‍ അകലെയാണെന്ന് തോന്നി. എന്തായാലും നടന്ന് തുടങ്ങി, ഇനി നടപ്പ് തന്നെ എന്ന ചിന്തയില്‍ രാത്രിയില്‍ ഞങ്ങളുടെ ആ പട ബാഗുകളുമായി റെയില്‍‌വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്തു. പത്തു മണിയോടെ സ്റ്റേഷനിലെത്തി. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ പത്തരയോടെ ഞങ്ങള്‍ മംഗലാപുരത്തോട് വിട പറഞ്ഞു.

തുടരും