25 ജനുവരി 2007

കൊടി!ഈ കഥ നടന്നത് പറവൂര്‍ എന്ന എന്റെ സ്വന്തം ഗ്രാമത്തിലാണ്‍.. ഈ കഥ നടക്കുന്ന അവസരത്തില്‍ ആലപ്പുഴയില്‍ രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ അടിപിടിയും വെട്ടുംകുത്തും നടക്കുന്നു. സംഭവത്തിന്റെ ഗൌരവം മാനിച്ച് ശരിയായ പേരുകള്‍ ഞാന്‍ ഉപയോഗിക്കുന്നില്ല. അപ്പോള്‍ ഞാന്‍ സംഭവകഥയിലേയ്ക്ക് കടക്കുന്നു.. കൊടി!

ഭഗവതിക്കല്‍ അമ്പലം, ഞങ്ങളുടെ വീടിനടുത്തുള്ള ഒരു പുണ്യക്ഷേത്രം. അവിടുത്തെ ഒരുത്സവകാലം.. എന്നുവെച്ചാല്‍ ഏതു നിമിഷവും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാം എന്നര്‍ത്ഥം! അമ്പലത്തിന്‍ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു സാവേരി സൌണ്ട്സ്.. അതിന്റെ ഉടമസ്ഥന്‍ ശശി, കഥാനായകന്‍ നമ്പറ്:1. സാവേരി സൌണ്ട്സിന്‍ പിറകിലായി ഒരു ഭവനം, ആലപ്പുഴയിലെ ഒരു പ്രമുഖ കോളേജില്‍ നിന്നും റിട്ടയറ് ചെയ്ത ഒരു പ്രഫസറുടെ വീട്. ആ പ്രഫസറുടെ മകന്‍ ബാബു, കഥാനായകന്‍ നമ്പറ്:2. ശശിയും ബാബുവും കൂട്ടുകാരാണ്‍.. ഏകദേശം ഒരേ പ്രായം. രണ്ടാളും രാഷ്ട്രീയ പാറ്ട്ടി നം.1 ന്റെ അനുഭാവികള്‍.

ഉത്സവം അതിന്റെ അവസാനഘട്ടത്തിലേയ്ക്ക് എത്തിയിരിക്കുന്നു.. ഇതുവരെ ഒരു കുഴപ്പവുമില്ല.. “ഇതെന്ത് മറിമായം?? പറവൂരെ പിള്ളേരെല്ലാം മര്യാദക്കാരായോ?” നാട്ടിലെ എക്സ്-ചട്ടമ്പികള്‍ തമ്മില്‍ തമ്മില്‍ ചോദിച്ചു. അങ്ങനെ ഉത്സവത്തിന്റെ അവസാനദിനവുമെത്തി. ഇത്തവണ ചരിത്രം തിരുത്തുമോ അമ്പലവും ഉത്സവവും??

ഈ സന്ദര്‍ഭത്തിലാണ്‍ നമ്മുടെ നായകന്മാരുടെ മനസില്‍ ഒരു ചിന്ത പൊട്ടിവിടര്‍ന്നത്.. “അവസാനദിനമല്ലെ അളിയാ.. ഒന്നു മിനുങ്ങിയാലോ??”

അങ്ങനെ ശശിയും ബാബുവും അമ്പലപ്പറമ്പില്‍ കണ്ട ഒരു സുഹൃത്തിന്റെ ബൈക്കുമെടുത്ത് നേരെ ഷാപ്പിലേയ്ക്ക്.. അവിടുന്ന് ഒരു വഴിയായി രണ്ടു പേരും കൂടി തിരിച്ച് വരുന്നു.. അപ്പോഴാണ്‍ അവറ് കണ്ടത്.. അതാ പാറി പറക്കുന്നു.. കൊടി! രാ.പാ(രാഷ്ട്രീയ പാറ്ട്ടി) നം.2ന്റെ കൊടി പാറി പറക്കുന്നു.. കഥാനായകന്മാറ്ക്ക് സഹിച്ചില്ല.. നമ്മുടെ ആള്‍ക്കാരെ വെട്ടിയ അവന്മാരുടെ ഒരു കൊടി..ഫൂ!

ഒന്നാമതേ വെള്ളത്തിന്റെ പുറത്ത്, അതിന്റെ കൂടെ പാറ്ട്ടി സ്പിരിറ്റു കൂടെ കയറിയാലോ.. പിന്നെ വൈകിയില്ല.. ശശിയും ബാബുവും കൂടെ പാഞ്ഞ് ചെന്ന് നിമിഷനേരം കൊണ്ട് ആ പാവം കൊടിയെ ഛിന്നഭിന്നമാക്കി കളഞ്ഞു! കൊടി കീറി കഴിഞ്ഞാണ്‍ സംഭവത്തിന്റെ ഗൌരവം നായകന്മാറ്ക്ക് മനസിലായത്. രാ‍.പായുടെ കൊടിയാണ്‍ കീറിയിരിക്കുന്നത്. ഇത് ചെയ്തത് നമ്മളാണെന്ന് അവന്മാരെങ്ങാനും അറിഞ്ഞാല്‍.. സ്വന്തം പാറ്ട്ടി കൂടി രക്ഷിക്കില്ല, വിവരക്കേട് കാണിച്ചിട്ടല്ലേ എന്ന് ചോദിക്കും, അത്ര തന്നെ!

ഇനിയെന്താണൊരു വഴി?? അവര്‍ രണ്ടു പേരും കൂടി തലപുകഞ്ഞാലോചിച്ചു. ആലോചിച്ചാലോച്ച് തലയിലെ കെട്ടിറങ്ങി.. അപ്പോഴാണ്‍ നമ്മുടെ ശശി കണ്ടത്, കുറച്ചപ്പുറത്തായി സ്വന്തം പാറ്ട്ടി കൊടിയും പാറുന്നു.. അവന്റെ തലയില്‍ ഒരു ബള്‍ബ് മിന്നി. എന്തായാലും കീറിയ കൊടി നേരെയാക്കാന്‍ പറ്റില്ല. അപ്പോള്‍ സ്വന്തം പാറ്ട്ടിക്കാരെ കൂടെനിറ്ത്താനുള്ള വഴിയാണ് കാണേണ്ടത്. അതിന്‍ ഒരു വഴിയേ ഉള്ളുതാനും.. സ്വന്തം പാറ്ട്ടി കൊടിയും കീറുക!!! നമ്മുടെ പാറ്ട്ടിയുടെ കൊടി കീറിയത് കൊണ്ട് അവന്മാരുടെ കൊടി ഞങ്ങളും കീറി എന്ന് പറഞ്ഞാല്‍ മതിയല്ലോ....

അങ്ങനെ ശശിയും ബാബുവും കൊടികീറല്‍ യജ്ഞം ആരംഭിച്ചു.. പക്ഷേ അവറ് അറിഞ്ഞില്ല മറ്റ് ചിലര്‍ ഇത് കാണുന്നുണ്ടെന്ന വിവരം . മറ്റാരുമല്ല.. പോലീസ്!

അധികം വൈകിയില്ല.. രണ്ട് പേരെയും തൂക്കിയെടുത്ത് ജീപ്പിലിട്ടു. അവര്‍ വന്ന വണ്ടി പരിശോധിച്ച പോലീസുകാര്‍ ഞെട്ടി.. വണ്ടിയില്‍ നിന്ന് കിട്ടിയ സാധനം കണ്ട് നായകന്മാരും ഞെട്ടി.. നല്ല ഒന്നാന്തരം വടിവാള്‍! മാരകായുധം കൈവശം വെച്ചതടക്കമുള്ള കുറ്റം ചാര്‍ത്തി രണ്ട് പേരെയും പോലീസ് കൊണ്ടുപോയി. ഒരു ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഞായറ് കോടതിയില്ലാത്തത് കാരണം ഒരു ദിവസം ജയിലില്‍ കിടക്കാനുള്ള യോഗവും നമ്മുടെ നായകന്മാറ്ക്കുണ്ടായി..

രണ്ട് ദിവസം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അവറ് പറഞ്ഞു, “ഹേയ്.. പോലീസുകാരൊന്നും ചെയ്തില്ലെടാ..”

പക്ഷേ അവരുടെ നടപ്പില്‍ അപ്പോള്‍ മുമ്പ് കണ്ടിട്ടില്ലാത്ത ഒരു ഞൊണ്ടല്‍...

വെള്ളമടിയുടെ ഓരോ ദൂഷ്യവശങ്ങളേ...