28 മാർച്ച് 2010

ഒരിടത്തേയ്‌ക്കൊരു വഴി

“രക്ഷിക്കണം.. രക്ഷിക്കണം! ഈയവസരത്തില് ഞങ്ങളെ രക്ഷിക്കാന് ബാലുവിന് മാത്രമേ കഴിയൂ.. പ്ലീസ്..”


എന്റെ കാല്‍‌ക്കീഴില് കിടന്ന് അലറി കരയുന്ന മൂവര്‍സംഘത്തോട് എന്ത് പറയണം എന്ന് ഒരു നിമിഷം ഞാന് സംശയിച്ചു.


കൃത്യം അര മണിക്കൂര് മുമ്പ്..

അപ്രതീക്ഷിതമായി കിട്ടിയ അവധി ദിവസം. ഉച്ചക്ക് ഒരു മണിയോടടുപ്പിച്ച് സൂര്യഗ്രഹണം നടക്കുന്നതിനാല് ഓഫീസ് അവധി പറഞ്ഞു. ഞങ്ങളുടെ എം.ഡിയ്ക്ക് ടെന്‍‌ഷന്റെ അസുഖമുണ്ട്. ഗ്രഹണസമയത്ത് പുറപ്പെടുവിക്കപ്പെടുന്ന അപകടകാരികളായ രശ്മികള് ക്യാന്‍സര് ഉണ്ടാക്കാന് സാധ്യത ഉണ്ടെന്ന് ആരോ പറഞ്ഞതിനാണ് ഓഫീസിന് കക്ഷി അവധി തന്നത്. സത്യം പറഞ്ഞാല് ആഴ്‌ചയുടെ ഇടയില് കയറി വരുന്ന ഇത്തരം അവധികള് എനിക്കിഷ്ടമല്ല. തിങ്കള് അല്ലെങ്കില് വെള്ളി ദിവ്സം അവധി കിട്ടിയാല് എന്തെങ്കിലും പ്രയോജനം ഉണ്ട്. അല്ലെങ്കില് ഈ മുറിയില് തന്നെ ചടഞ്ഞിരിക്കണം. ഒറ്റമുറിയില് താമസം തുടങ്ങിയിട്ട് നാള് കുറച്ചായി. കോളേജ് ഹോസ്റ്റല് പോലെ ഒരു സ്വര്‍ഗമല്ല ഒറ്റയ്ക്ക് ഒരു മുറിയില് താമസിക്കുക എന്നത്. ഒരു അറ്റാച്ച്‌ഡ് ബാത്ത്‌റൂം ഉള്ളതാണ് ആകെ ഉള്ള പ്രയോജനം. പിന്നെ നെറ്റ് ഉള്ളത് കൊണ്ട് നേരം പോകും.

ബാലവാടിയുടെ ജന്മദിന പോസ്റ്റ് തയ്യാറാക്കുകയായിരുന്നു ഞാന്. അപ്പോഴാണ് വാതിലില് ഒരു മുട്ട് കേട്ടത്. ഈ നാട്ടില് എന്നെ തേടി വരാന് ആരാണാവോ എന്ന സംശയത്തില് ഞാന് ചെന്ന് വാതില് തുറന്നു. മൂന്ന് ചെറുപ്പക്കാര്. എവിടെയോ കണ്ട് മറന്ന മുഖങ്ങള്. പക്ഷെ ഓര്‍മ്മ കിട്ടിയില്ല.

“ബാലുവല്ലേ? ബ്ലോഗ് എഴുതുന്ന ബാലു?”, അതില് ഒരാള് ചോദിച്ചു.

“അതെ.” ഞാന് ബ്ലോഗ് എഴുതും എന്നറിയാവുന്നവര് തന്നെ കുറവ്. ബ്ലോഗ് എഴുതുന്ന എന്നെ അന്വേഷിച്ച് വരാന് ആരാണിവര് എന്ന അത്ഭുതം വേറെ..

“ഞങ്ങള് അകത്ത് വന്നോട്ടെ?”

“ഓഹ്.. യെസ്. പ്ലീസ് കം. ഞാന്.. ക്ഷമിക്കൂ.”

അവര് മൂന്നു പേരും അകത്തെത്തി. ഉള്ള സൌകര്യത്തില് അവര് ഇരുന്നു. കട്ടിലില് അവരും ആകെയുള്ള കസേരയില് ഞാനും. കുടിക്കാന് വെള്ളം എടുക്കാനൊന്നും സൌകര്യം നമ്മുടെ മുറിയില് ഇല്ലാത്തത് കൊണ്ട് ഞാന് നേരെ കാര്യത്തിലേക്ക് കടന്നു - “എനിക്ക് നിങ്ങളെ അത്രയ്ക്കങ്ങോട്ട് മനസിലായില്ല”

“ഞാന് വിഷ്ണു. ഇത് അഭി, ഇത് പ്രവീണ്...” കൂട്ടത്തില് ഒരാള് പരിചയപ്പെടുത്തി, “.. ബാലു ഞങ്ങളുടെ പേരുകള് മറക്കാന് വഴിയില്ല”, അയാള് തുടര്‍ന്നു.

ഈ പേരുകള്.. ഞാന് സംശയഭാവത്തില് ഇരുന്നു.

“ഞങ്ങള് ബാലുവിനാല് സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളാണ്. ബാലു എഴുതിയ പല പോസ്റ്റുകളില് ഞങ്ങള് ഉണ്ട്. ഞാന് വിഷ്ണു, കള്ളം എന്ന കഥയിലെ നായകന്. ഇത് അഭി, ഗജിനി എന്ന കഥയിലെ പ്രധാന കഥാപാത്രം. പിന്നെ ഇത് പ്രവീണ്..”

“പ്രവീണ്..??”

“അതെ. ഒരു പുഞ്ചിരിയുടെ കഥയിലെ പ്രവീണ്.”

“എന്റെ ബ്ലൊഗിന് ഇതു പോലെയുള്ള ആരാധകരൊക്കെ ഉണ്ടോ? അതിലെ കഥാപാത്രങ്ങളെ ഒക്കെ ഇങ്ങനെ ഓര്‍ത്ത് വെക്കാനും മാത്രം.. അതൊക്കെ പോട്ടെ. നിങ്ങള് ശരിക്കും ആരാണെന്ന് പറയൂ. എന്താണ് വേണ്ടതെന്നും.”

“ഞങ്ങള് ആരാധകരല്ല, പറയുന്നത് കള്ളവുമല്ല. സത്യമാണ്. ശരിക്കും കഥാപാത്രങ്ങള്. ഞങ്ങള് വരുന്നത് ഫിക്‍സിയയില് നിന്നാണ്.”

“ഫിക്‍സിയ?”

“മനുഷ്യര് എഴുതിയ കഥയിലെ കഥാപാത്രങ്ങള് മാത്രം ജീവിക്കുന്ന ഒരു ലോകം. അതാണ് ഫിക്‍സിയ.”

“ഓഹോ.. എവിടെയാണാവോ ഈ സ്ഥലം?”

“അറിയില്ല. ഫിക്‍സിയയുടെ ചരിത്രം പറയുകയാണെങ്കില്, മനുഷ്യന് കഥയെഴുതി തുടങ്ങിയപ്പോള് മുതല് തന്നെ ആ ലോകം നിലവിലുണ്ട്. ഒരോ കഥ വരുമ്പോഴും അതിലെ കഥാപാത്രങ്ങളും വസ്തുക്കളുമൊക്കെ അവിടെ സൃഷ്ടിക്കപ്പെടുന്നു. പിന്നെ അവ ആ ലോകത്ത് ജീവിക്കുന്നു. നിങ്ങള് സാധാരണ ഭൂമിയില് ജീവിക്കുന്നത് പോലെ.“

“എന്റമ്മോ.. അത് കൊള്ളാമല്ലോ.. അപ്പോള് താങ്കള് പറയുന്നത്, ഞാനിപ്പോള് ഒരു കഥ എഴുതിയാല് അതിലെ കഥാപാത്രങ്ങളും വസ്തുക്കളും അവിടെ സൃഷ്ടിക്കപ്പെടും എന്നാണോ?”

“തീര്‍ച്ചയായും. പക്ഷെ അത് ബാ‍ലുവിന്റെ ഭാവന പോലിരിക്കും.”

“അതെങ്ങനെ?”

“ഒരു കഥാകാരന്റെ മനസിലുള്ളതാണ് അവിടെ നടക്കുന്നത്. കഥയില് മരിക്കുന്ന കഥാപാത്രം അവിടെയും മരിക്കുന്നു. ഒരു സംഭവം നടന്നു എന്ന് കഥാകാരന്റെ മനസില് എത്രത്തോളം ആഴത്തില് പതിഞ്ഞു എന്നതിനെ ആശ്രയിച്ചാണ് അവിടെ കാര്യങ്ങള് നടക്കുന്നത്. അത് കൊണ്ട് തന്നെ മിക്കവാറും ശരിക്കും ജീവിതത്തില് നടക്കാന് സാധ്യതയുള്ള കാര്യങ്ങളേ അവിടെയും നടക്കൂ.. ചില എഴുത്തുകാര് വ്യത്യസ്തരായതിനാല് ചിലപ്പോള് ചില “മാജിക്ക്” സംഭവിക്കാറുണ്ടെന്ന് മാത്രം.”

“ഇതൊക്കെ ഞാന് വിശ്വസിക്കണം അല്ലേ?”

“ദയവായി വിശ്വസിക്കൂ.. എങ്ങനെ വിശ്വസിപ്പിക്കും എന്നെനിക്കറിയില്ല. പക്ഷെ വിശ്വസിക്കൂ.”

“ഒരു നിമിഷം. നിങ്ങള് വിഷ്ണു അല്ലേ?”

“അതെ.”

ഞാന് അയാളെ നോക്കി. മുഖത്ത് മീശയില്ല. ഞാന് നേരെ ബാലവാടി എടുത്തു. കള്ളം എന്ന പോസ്റ്റ് എടുത്തു. അത് എഡിറ്റ് കൊടുത്തു. എന്നിട്ട് അവസാനം ഇങ്ങനെ എഴുതി ചേര്‍ത്തു - വിഷ്ണു തന്റെ കട്ടിമീശ തടവി കസേരയില് ചാഞ്ഞിരുന്നു. എന്നിട്ട് അത് സേവ് ചെയ്തു. പേജ് റിഫ്രഷ് ചെയ്ത് ഞാന് തിരിഞ്ഞ് നോക്കിയപ്പോള് ഞെട്ടിപ്പോയി. വിഷ്ണുവിന്റെ മുഖത്ത് അത് വരെ ഇല്ലായിരുന്ന കട്ടിമീശ!

“എനിക്ക്.. എനിക്കിപ്പ്പോള് വിശ്വാസമായി. ഫിക്‍സിയ.. ഇങ്ങനെ ഒരു ലോകത്തെ പറ്റി ഞാന് കേട്ടിട്ടേ ഇല്ലല്ലോ..” ഞാന് പറഞ്ഞു.

“അതിന് ഇങ്ങനെ ഒരു ലോകത്തെ പറ്റി മനുഷ്യര് അറിഞ്ഞാലല്ലേ കേള്‍ക്കാന് പറ്റൂ? ഇത് വരെ ഭൂമിയില് നിന്നും ആരും അവിടെ എത്തിയിട്ടില്ല. ഞങ്ങള് നാലു പേര് അല്ലാതെ ആരും അവിടുന്ന് ഇവിടെയും വന്നിട്ടില്ല.”

“നാലു പേരോ? എന്നിട്ട് നിങ്ങള് മൂന്ന് പേരെയേ കാണുന്നുള്ളല്ലോ..?”

“ഞങ്ങളുടെ ഒപ്പം ഒരാള് കൂടെയുണ്ടായിരുന്നു. അവനാണ് ഞങ്ങളെ ഭൂമിയില് എത്തിച്ചത്”

“അതാരാണ്? എങ്ങനെയാണ് നിങ്ങള് ഭൂമിയിലെത്തിയത്?”

“അത് രസകരമായ ഒരു സംഗതിയാണ്. വട്ട് കഥകള് എഴുതുന്ന ഒരു സാഹിത്യകാരനാണ് ബാലുവിന്റെ ഒരു കഥയിലെ നായകന്. അവനാണ് ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നത്. ഒരിക്കല് കക്ഷി എഴുതി ഉണ്ടാക്കിയ ഒരു കഥയിലാണ് ഫിക്‍സിയയില് നിന്നും പുറത്തേക്ക് പോവാനുള്ള കവാടം സൃഷ്ടിക്കപ്പെട്ടത്. അവന് കഴിവുള്ളവന് ആയിരുന്നു. ഓരോ ചെറിയ കാര്യങ്ങളും മനസില് വെച്ച് അവന് ഒരു കഥയെഴുതി. ഫിക്‍സിയയില് നിന്നും മനുഷ്യലോകത്തെത്താന് കൊതിക്കുന്ന ഒരു സാഹിത്യകാരന്റെ കഥ.”

“ഹഹ.. അത് കൊള്ളാമല്ലോ. എന്നിട്ട് അയാള് എവിടെ?”

“ഭൂമിയിലേക്ക് അവന് വഴി ഉണ്ടാക്കി എന്നറിഞ്ഞപ്പോള് ഒരു കൌതുകത്തിന് അവന്റെ ഒപ്പം കൂടിയതാണ് ഞങ്ങള്. കഥയില് നിന്നും വ്യത്യസ്തമായി ശരിക്കും ഉള്ള കാര്യങ്ങള് കാണാനുള്ള ആഗ്രഹം, ഇത് വരെ പോകാത്ത ഒരു സ്ഥലം കാണാനുള്ള കൊതി.. അങ്ങനെ കാരണങ്ങള് പലതായിരുന്നു. എന്നാല് ഭൂമിയില് എത്തിയ ശേഷമാണ് അവന് തിരിച്ചു പോകേണ്ട എന്ന സത്യം ഞങ്ങള് അറിഞ്ഞത്. പക്ഷെ അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. അവന് എന്നന്നേക്കുമായി ഫിക്‍സിയയിലേക്കുള്ള കവാടം അടച്ചു കളഞ്ഞു.”

“അവിശ്വസിനീയം! ഒരു ഫാന്റസി സിനിമാക്കഥ പോലെയുണ്ട്..”

“അവന് ഞങ്ങളെ വിട്ടിട്ട് എങ്ങോട്ടോ പോയി. ഞങ്ങള്‍ക്ക് ഭൂമിയില് ജീവിക്കണ്ട. തിരിച്ച് പോകണം. അതിന് ബാലു സഹായിക്കണം”

“ഞാനോ? ഞാനെന്ത് ചെയ്യാന്?”

“ഭൂമിയില് നിന്നും ഫിക്‍സിയയിലേക്ക് ഒരു കവാടം സൃഷ്ടിക്കുക. ഒരു കഥ എഴുതിയാല് മതി. ഞങ്ങളെ രക്ഷിക്കണം”

“ദൈവമേ! കഥ എഴുതാനോ? അതും ഇങ്ങനെ ഒരു കാര്യത്തിന്? ഞാന് എഴുതിയാലൊന്നും ഇത് നടക്കില്ല.”

“അങ്ങനെ പറയരുത്. ബാലു സഹായിച്ചേ പറ്റൂ..” ഇത്രയും പറഞ്ഞ് മൂവരും കൂടി എന്റെ കാലേലോട്ട് അങ്ങ് വീണു!

“അയ്യൊ.. ഇതൊക്കെ എങ്ങനെ നടക്കുമെന്നാ?”

“രക്ഷിക്കണം.. രക്ഷിക്കണം! ഈയവസരത്തില് ഞങ്ങളെ രക്ഷിക്കാന് ബാലുവിന് മാത്രമേ കഴിയൂ.. പ്ലീസ്..”

എന്റെ കാല്‍‌ക്കീഴില് കിടന്ന് അലറി കരയുന്ന മൂവര്‍സംഘത്തോട് എന്ത് പറയണം എന്ന് ഒരു നിമിഷം ഞാന് സംശയിച്ചു.

“നിങ്ങള് എഴുന്നേല്‍ക്കൂ.. എന്നിട്ട് സമാധാനമായി ഞാന് പറയുന്നത് കേള്‍ക്കൂ..” ഞാന് പറഞ്ഞു. അവര് ഞാന് പറഞ്ഞത് അനുസരിച്ചു. അവരുടെ കണ്ണുകളില് പ്രതീക്ഷയുടെ തിളക്കം ഞാന് കണ്ടു. ഞാന് തുടര്‍ന്നു

“നിങ്ങള് എന്തിനാണ് ഇവിടെ നിന്നും പോകാന് ആഗ്രഹിക്കുന്നത്? നിങ്ങളും സാധാരണ മനുഷ്യരും തമ്മില് പ്രത്യക്ഷമായ മാറ്റങ്ങള് ഒന്നും തന്നെയില്ല. നിങ്ങള്‍ക്കും ഇവിടെ സാധാരണക്കാരെ പോലെ ജീവിക്കാമല്ലോ. പിന്നെയെന്തിന് തിരിച്ചു പോകണം?”

“സ്വന്തമായി ഒരു വീടുള്ളപ്പോള് എന്തിനാണ് ബാലൂ, ഞങ്ങള് താമസിക്കാന് വേറെ ഇടം തിരയുന്നത്? അതുമാത്രമല്ല പ്രശ്നം. ഞങ്ങള് ഭാവനയില് നിന്നും വന്നവരാണ്. യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തവര്. നാളെ ബാലുവോ മറ്റാരെങ്കിലുമോ ഞങ്ങളുടെ കഥ വീണ്ടും പറയുകയാണെങ്കില്, ഞങ്ങള് വീണ്ടും മാറും.”

“ആരും കഥ എഴുതില്ല എങ്കിലോ? ഞാന് എന്റെ ബ്ലോഗ് തന്നെ ഡിലീറ്റ് ചെയ്തേക്കാം.. പോരെ?”

“അതൊന്നും വേണ്ട. ഞങ്ങള് സത്യമല്ല. ഞങ്ങള് ഈ ലോകത്തുള്ളവരും അല്ല. ഞങ്ങളെ ഞങ്ങളുടെ ലോകത്തേക്ക് തിരിച്ചയക്കണം. മാത്രമല്ല ഇവിടുന്ന് ആരും അങ്ങോട്ട് വരികയും ചെയ്യരുത്.”

ഞാന് ആലോചിച്ചു. എന്താണൊരു പോംവഴി? ഒടുവില് അവര് പറയുന്നതാണ് ശരി എന്ന് എനിക്കും തോന്നി.

“ശരി. ഞാന് നിങ്ങളെ സഹായിക്കാം.” ഞാന് പറഞ്ഞു.

“വളരെ നന്ദി ബാലു.”

“ഫിക്‍സിയയിലേക്ക് ഇനി ഭൂമിയില് നിന്നും ആരും വരാത്ത രീതിയില് ഒരു കവാടം ഞാന് സൃഷ്ടിക്കാം. പക്ഷെ അതിന് മുമ്പ് എനിക്ക് നിങ്ങളുടെ നാടിനെക്കുറിച്ചറിയണം. എനിക്ക് പറഞ്ഞു തരൂ എന്താണ് ഫിക്‍സിയ എന്നും അവിടം എങ്ങനെ ഇരിക്കുമെന്നും. നിങ്ങള് പറഞ്ഞത് വെച്ചു നോക്കുമ്പോള് കഥാകൃത്തിന് എഴുതുന്ന കാര്യത്തില് ഉള്ള വിശ്വാസമാണ് ഫിക്‍സിയയിലേക്കുള്ള വഴി. പറഞ്ഞു തരൂ എന്താണ് ഫിക്‍സിയ എന്ന്..”

ആ മൂവര് സംഘം എനിക്ക് ഫിക്‍സിയയെ കുറിച്ച് പറഞ്ഞു തന്നു. പാത്തുമ്മയുടെ ആട് മുതല് ഹാരി പോട്ടര് വരെയുള്ള ലോകം. എല്ലാ ലോകാത്ഭുതങ്ങളും അടുത്തടുത്ത് കാണാവുന്ന സ്ഥലം. ഒരു വശം മരുഭൂമിയെങ്കില് തൊട്ടടുത്ത് കൊടുംകാടും മഹാസമുദ്രവുമുള്ള സ്ഥലം. ഒരേ ദിവസം മഴയും മഞ്ഞും വെയിലും മാറി മാറി വരുന്ന സ്ഥലം. കരിങ്കല്‍ഭിത്തികളുള്ള ജയിലും സ്വര്‍ണ്ണം കൊണ്ടലങ്കരിച്ച മേല്‍ക്കുരയുള്ള മുറിയും തമ്മില് ഒരു വാതിലിന്റെ അകലം മാത്രമുള്ള ലോകം. അവര് പറഞ്ഞ ഫിക്‍സിയ മോഹിപ്പിക്കുന്നതാണ്. ആരും ഒരിക്കല് കാണാന് കൊതിച്ചു പോവുന്ന അത്ഭുതലോകം.

ഒരുനിമിഷം അവിടെ പോകാന് എനിക്കും ആഗ്രഹം തോന്നി. എന്നാല് ഉടന് തന്നെ ഞാന് എന്റെ ആഗ്രഹം മാറ്റി വെച്ചു. പോയാല് ഒരുപക്ഷെ തിരിച്ചു വരാന് കഴിഞ്ഞെന്ന് വരില്ല. എത്രയൊക്കെ ആയാലും അത് ഭാവനയുടെ ലോകമാണ്. അവിടെ എനിക്ക് ഒന്നും ചെയ്യാനില്ല. എന്റെ മുന്നിലിരിക്കുന്ന മൂന്ന് പേരെ തിരിച്ച് അവിടെ എത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഇത് വരെ സംഭവിച്ച കാര്യങ്ങള് ഞാന് ഒരു കഥയായി എഴുതി. സൂര്യഗ്രഹണം എന്റെ മനസിലേക്ക് കടന്നു വന്നു. ഇതു പോലൊന്ന് ഇനി വരാന് ഒരുപാട് വര്‍ഷങ്ങള് എടുക്കും. ഈ ഗ്രഹണമാവണം ഫിക്‍സിയയിലേക്കുള്ള വഴി.

കുളിമുറിയില് നിന്നും ഒരു ബക്കറ്റ് വെള്ളവുമായി ഞാന് ടെറസ്സിലേക്കോടി. അവര് മൂന്നു പേരോടും കുറെ ചെളി കൊണ്ടു വരാന് പറഞ്ഞു. അവര് കൊണ്ടു വന്ന് ചെളി ആ ബക്കറ്റിലെ വെള്ളത്തില് കലക്കി. അതില് ഇപ്പോള് സൂര്യന്റെ പ്രതിബിംബം കാണാം. തിളങ്ങുന്ന വളയം രൂപപ്പെടുന്നതേ ഉള്ളായിരുന്നു. ഞാന് എഴുത്ത് തുടര്‍ന്നു. സൂര്യനെ ചന്ദ്രന് മറയുമ്പോള് ഉണ്ടാകുന്ന സ്വര്‍ണ്ണവളയം. അതിന്റെ പ്രതിബിംബമാണ് ഫിക്‍സിയയില് നിന്നും ഭൂമിയിലേക്കുള്ള വഴി. ആ പ്രതിബിംബത്തിലൂടെ ആര്‍ക്കും ഫിക്‍സിയയില് നിന്നും ന്ഭൂമിയിലെത്താം. ആ പ്രതിബിംബത്തിലേക്ക് ചാടിയാല് ആര്‍ക്കും ഫിക്‍സിയയില് എത്താം. ഞാന് എന്റെ എഴുത്തു നിര്‍ത്തി.

അവര് മൂവരും എന്നെ തന്നെ നോക്കി നില്‍ക്കുന്നു. ഞാന് പ്രതിബിംബം നോക്കി. അതെ. സൂര്യന് ഒരു സ്വര്‍ണ്ണമോതിരം പോലെ തിളങ്ങുന്നു.

“സമയം കളയാനില്ല. ഈ പ്രതിബിംബമാണ് ഫിക്‍സിയയിലേക്കുള്ള വഴി. നിങ്ങള് ഒരോരുത്തരായി ബക്കറ്റിനുള്ളിലേക്ക് ചാടിക്കൊള്ളൂ..”, ഞാന് പറഞ്ഞു.

അഭിയാണ് ആദ്യം ചാടിയത്. ബക്കറ്റിന് ഒരു തുള വീണത് പോലെ അവന് അതിനുള്ളിലേക്ക് പോയി. വെള്ളം നാലുപാടും തെറിച്ചു. ബക്കറ്റില് അവനില്ല. എന്റെ എഴുത്ത് വിജയിച്ചു എന്ന് തോന്നുന്നു. ഒന്നിനു പുറകെ ഒന്നായി ബാക്കി രണ്ട് പേരും ബക്കറ്റിലേക്ക് ഇറങ്ങി. അവസാനം ഇറങ്ങിയ വിഷ്ണു നന്ദി പറഞ്ഞാണ് പോയത്.

മൂന്ന് പേര് മുങ്ങിയ ബക്കറ്റിലേക്ക് ഞാന് നോക്കി നിന്നു. സൂര്യനും ചന്ദ്രനും ചേര്‍ന്ന് സൃഷ്ടിച്ച ജ്വലിക്കുന്ന ആ വട്ടം ഇപ്പോഴും എനിക്ക് ആ വെള്ളത്തില് കാണാം. അത് വെറും വട്ടമല്ല. മനുഷ്യന് ഇത് വരെ പോകാത്ത മറ്റൊരു ലോകത്തേയ്ക്കുള്ള വഴിയാണ്. അവിടുന്ന് ആര്‍ക്കും ഇങ്ങോട്ടേക്ക് വരാനുള്ള കവാടമാണ്. ഒരുനിമിഷം മനസ് പറഞ്ഞു, ആ ബക്കറ്റിലേക്ക് ഇറങ്ങാന്.

പക്ഷെ ഞാന് ആ ബക്കറ്റിലെ വെള്ളം മറിച്ച് കളഞ്ഞു. ബക്കറ്റിലെ വെള്ളത്തിനൊപ്പം ഫിക്‍സിയയിലേക്കുള്ള വഴിയും പുറത്തേക്ക് ഒഴുകി പോയി. ടെറസില് പടര്ന്ന വെള്ളം നോക്കി ഒരു നിമിഷം ഞാന് നിന്നു. എന്നിട്ട് കാലിയായ ബക്കറ്റുമായി എന്റെ മുറിയിലേക്ക് നടന്നു...