29 സെപ്റ്റംബർ 2009

അപ്പുക്കുട്ടന്റെ ഡോബര്‍‌വുമണ്‍

സുന്ദരമായ ഗ്രാമം. തോടും പുഴയും നിറഞ്ഞ, നെല്‍‌പ്പാടങ്ങള്‍ സുന്ദരിയാക്കിയ, കരിമീനും വരാ‍ലും, ആടും പശുവും, താറാവും കോഴിയും, അവയെ തിന്നുന്ന പെരുമ്പാമ്പും ഉള്ള ഒരു ഗ്രാമം. ഒരു ടിപ്പിക്കല്‍ കുട്ടനാടന്‍ സെറ്റപ്പ്. ഈ കഥ നടക്കുന്നത് അവിടെയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്..

ആ നാട്ടില്‍ ഒരു വലിയ തറവാടുണ്ടായിരുന്നു. അവിടുത്തെ ഒരു പാവം കൊച്ചുമിടുക്കനാണ് അപ്പുക്കുട്ടന്‍. ഇന്നത്തെ പോലെ ചെവിയില്‍ വെയ്‌ക്കാന്‍ അവനു മൊബൈല്‍ ഫോണ്‍ ഇല്ല, സമയം കൊല്ലാന്‍ കേബിള്‍ ടീവിയുമില്ല, ബ്ലോഗെഴുതാന്‍ ഇന്റര്‍നെറ്റ് കണക്ഷനുമില്ല. കക്ഷി ഒരു ഒന്നാന്തരം മൃഗസ്നേഹി ആയിരുന്നു. വീട്ടിലെ സകല വളര്‍ത്തുമൃഗങ്ങളും അവന് സ്വന്തം സഹോദരന്മാരെ പോലെയായിരുന്നു. ഒരു സഹോദരിയും ഉണ്ട് - അമ്മിണി എന്ന പശു. ഇവരോടൊക്കെ കുശലം പറഞ്ഞും, ഇവരുമായി കളിച്ചുമൊക്കെയാണ് അപ്പുക്കുട്ടന്‍ സമയം കളഞ്ഞിരുന്നത്.

ഇതൊന്നുമല്ലാതെ മറ്റൊരാള്‍ കൂടെയുണ്ട് നമ്മുടെ അപ്പുക്കുട്ടന്റെ ജീവിതത്തില്‍. തൊട്ടപ്പുറത്തെ വീട്ടിലെ മിനുമോള്‍. എന്നാല്‍ മിനുമോളുടെ കൈവശം ഉള്ള ഏഴ് മുയലുകളില്‍ ഒന്നിനെയാണ് അപ്പുക്കുട്ടന്റെ ലക്ഷ്യം എന്ന് അവന്റെ അമ്മ ആരോപിക്കാറുണ്ട്. ബട്ട്, അപ്പുക്കുട്ടന്‍ അത് സമ്മതിച്ച് തരില്ല. എന്റേതെന്നും മിനുമോള്‍ടേതെന്നും തമ്മില്‍ ഒരു വ്യത്യാസം ഇല്ലാ എന്നാണ് അപ്പുക്കുട്ടന്റെ സ്റ്റാന്റ്! ഇത്രയും ആയ സ്ഥിതിക്ക് ഒന്നൂടെ പറയണമല്ലോ.. അപ്പുക്കുട്ടന്‍ പഠിക്കുന്നത് മൂന്നാം ക്ലാസിലും മിനുമോള്‍ ഒന്നിലുമാണ്. ഒരേ സ്കൂള്‍, നാട്ടിലെ ഒരേയൊരു ഇംഗ്ലീഷ് മീഡീയം സ്കൂള്‍. ഇന്നത്തെ പോലെ അന്ന് ഒരുപാട് ഇംഗ്ലീഷ് മീഡിയം സ്കൂളുമില്ല..

കള്ളന്മാരുടെ സുവര്‍ണ കാലഘട്ടം! ഇന്നത്തെ പോലെ ബാങ്ക് ലോക്കറിനൊന്നും വലിയ പബ്ലിസിറ്റി കിട്ടിയിട്ടില്ല. ആളുകള്‍ സ്വര്‍ണ്ണവും പണവും സൂക്ഷിച്ച് വെച്ചിരുന്നത് വീടുകളില്‍ തന്നെ. അന്ന് വീടുകളില്‍ നാടന്‍ പട്ടി മാത്രമാണ് ഉള്ളത്. അല്‍‌സേഷ്യന്‍ എന്ന് കേട്ടാല്‍, സോറി അത് ഞാന്‍ കഴിക്കത്തില്ല എന്ന് പറയുന്ന നാട്ടുകാരുള്ള സ്ഥലമാണ്. പട്ടിയുള്ള വീടുകള്‍ തന്നെ കുറവ്. അതുകൊണ്ട് കള്ളന്മാര്‍ക്ക് മോഷണം എന്ന് വെച്ചാല്‍ പൂ പറിക്കുന്ന പോലെയെ ഉള്ളൂ.. വെട്ടോം വെളിച്ചോം ഇല്ലാത്ത ഒരു വീട്ടില്‍ ചെന്ന് അവിടുത്തെ ചേച്ചിയോട് ഭര്‍ത്താവിന്റെ ശബ്ദത്തില്‍ സംസാരിച്ച് സ്വര്‍ണ്ണം കൊണ്ടുപോയ കഥ വരെയുണ്ട്! പെരുകി വരുന്ന കള്ളന്മാരുടെ ശല്യം മുന്‍‌കൂട്ടി കണ്ടത്കൊണ്ട് അപ്പുക്കുട്ടന്റെ അച്ചന്‍ രാഘവേട്ടന്‍ അത്യാവശ്യം പണം മുടക്കി ഒരു സംഗതി സ്വന്തമാക്കി - ഒരു ഡോബര്‍മാന്‍. കക്ഷി അല്പം ബിസിനസ് മൈന്റഡ് ആയത്കൊണ്ട് ഒരു പെണ്‍‌ഡോബര്‍മാനെയാണ് വാങ്ങിയത്. അതിനെ ഗൌരി എന്ന് പേരിട്ട് വിളിച്ചു.

ഗൌരി വന്നതോടെ അമ്മിണിയും സുന്ദരിയുമൊക്കെ ഔട്ട് ഓഫ് അപ്പുക്കുട്ടന്‍സ് ടെറിട്ടറി! അപ്പുക്കുട്ടന്‍ ഗൌരി, ഗൌരി അപ്പുക്കുട്ടന്‍. അവര്‍ ഒരു പാത്രത്തില്‍ ഉണ്ടില്ല, ഒരു പായില്‍ ഉറങ്ങിയില്ല.. കാരണം അത് രണ്ടും അപ്പുക്കുട്ടന്റെ അമ്മ സമ്മതിച്ചില്ല. എങ്കിലും അവര്‍ പരസ്പരം സ്നേഹിച്ചു. സ്കൂള്‍ വിട്ടാല്‍ അപ്പുക്കുട്ടന്‍ ഒരോട്ടമാണ്. അഞ്ച് മിനിറ്റ് നടന്ന് വീടെത്താവുന്ന ദൂരത്താണ് സ്കൂള്‍. മിനുമോളുമായി കിന്നാരം പറഞ്ഞ് പതിനഞ്ച് മിനിറ്റ് ആണ് സാധാരണ എത്തുന്ന സമയം. പക്ഷെ ഇപ്പോള്‍ ലാസ്റ്റ് ബെല്ലടിച്ചാല്‍ ആ സെക്കന്റില്‍ അപ്പുക്കുട്ടന്‍ ഓടും. വന്ന് വന്ന് മിനുമോള്‍ ഒറ്റയ്‌ക്കാണ് വരവ്. അതില്‍ അവളുടെ അമ്മയ്ക്ക് പരാതി ഉണ്ട്.

ഒരു ദിവസം മിനുമോള്‍ കഷ്ടപ്പെട്ട് അപ്പുക്കുട്ടന്റെ ഒപ്പമെത്തി.

“ഒന്ന് പതുക്കെ പോ അപ്പുച്ചേട്ടാ”
“മിനുമോളെ, ഗൌരിക്ക് പാല് കൊടുക്കണം” ഓടുന്ന വഴി അപ്പുക്കുട്ടന്‍ പറഞ്ഞു.
“നിക്ക്, നിക്ക്.. ഒരു കാര്യം പറഞ്ഞോട്ടെ..”
അപ്പുക്കുട്ടന്‍ നിന്നു. “ഊം.. എന്താ മിനുമോളെ?”
“ഗൌരി കള്ളനെ പിടിക്കുവോ?”
“പിടിക്കുവോന്നോ?? ഇനി കള്ളന്‍ ഈ വഴിക്ക് വരില്ല.”
“ഇന്നലെ എന്റെ അച്ചന്‍ പറഞ്ഞു”
“എന്ത് പറഞ്ഞു?”
“അതേയ്.. അമ്മ ചോയിച്ചു, നമുക്കും ഗൌരിയെ പോലെ ഒരു പട്ടിയെ വാങ്ങാന്ന്.. അപ്പോ അച്ചന്‍ പറഞ്ഞല്ലോ”
“എന്ത് പറഞ്ഞു? അത് പറ മിനുമോളെ”
“ഗൌരി ഭയങ്കരിയാ.. ഡോവര്‍മാനാ.. കടിച്ച് ശരിയാക്കും. വലിയ വിലയാ എന്നൊക്കെ.”
“ആ.. അതൊക്കെ ശരിയാ.. ഗൌരി ഭയങ്കരിയാ..”
“അപ്പുച്ചേട്ടാ..”
“ഊം..”
“അപ്പുച്ചേട്ടന്റെ ഗൌരി ആണോ, പെണ്ണോ?”
“മണ്ടൂസേ.. ആണായാല്‍ ഗൌരീന്ന് പേരിടുവോ?”
“ഇന്ന് സ്കൂളില്‍ ടീച്ചര്‍ പറഞ്ഞല്ലോ..”
“എന്ത് പറഞ്ഞു?”
“സയന്‍സ് ക്ലാസില് ടീച്ചര്‍ പറഞ്ഞല്ലോ”
“എന്ത് പറഞ്ഞു? മിനുമോളെ, അത് പറ..”
“ആണാണേല്‍ മാന്‍, പെണ്ണാണേല്‍ വുമന്‍ ആണെന്ന്”
“അതേല്ലോ.. അതിന്??”
“അപ്പോ പിന്നെങ്ങനാ അപ്പുച്ചേട്ടന്റെ ഗൌരി ഡോവര്‍മാനാകുന്നേ? ഡോവര്‍വുമനല്ലേ?”
“അയ്യോടാ.. അത് ശരിയാണല്ലൊ.. അപ്പോ ഗൌരി ഡോബര്‍വുമണാ”
“അപ്പുച്ചേട്ടോ..”
“എന്താ മിനുമോളെ?”
“ഞങ്ങടെ വീട്ടില്‍ കള്ളന്‍ വന്നാലോ?”
“വരില്ല. ഗൌരി ഇല്ലേ അവിടെ.”
“ഗൌരി അപ്പുച്ചേട്ടന്റെ വീട്ടിലല്ലേ? എങ്ങനെ വരും.. വേലിയുണ്ടല്ലൊ..”
“അതൊക്കെ ഞാനേറ്റു. ഒരു സൂത്രമുണ്ട്.”
“അതെന്തുവാ?”
“വേലീല് ഞാനൊരു തൊളയിട്ടിട്ടുണ്ട്..”
പെട്ടെന്നാണ് അപ്പുക്കുട്ടന്‍ ആ കാര്യം ഓര്‍ത്തത്. “മിനുമോളെ, വേഗം വാ.. ഗൌരിക്ക് പാല് കൊടുക്കണം” എന്നും പറഞ്ഞ് അവനോടി. മിനുമോള്‍ അവന്റെ പിന്നാലെയും.

കാ‍ലം കടന്നു പോയി. ഇപ്പോള്‍ അപ്പുക്കുട്ടന്റെ വീടും പരിസരവും മാവേലി നാടു വാണീടും കാലം പോലെ ആയിക്കഴിഞ്ഞിരുന്നു. കള്ളന്മാര്‍ പോയിട്ട് പിച്ചക്കാര്‍ പോലും ആ വഴി വരാന്‍ ധൈര്യപ്പെട്ടില്ല. കാരണം ഒന്ന് മാത്രം - ഗൌരി. ഗൌരിയെ പറ്റി പറയാന്‍ ആ ഏരിയയിലെ ഏതൊരാള്‍ക്കും നൂറു നാവാണ്. ചില സാമ്പിള്‍സ്:
“ഗൌരി.. ഹൊ! അതൊരു പട്ടി തന്നെയാണോ? എന്താ അതിന്റെ ബുദ്ധി..! രാഘവേട്ടന്‍ ആ വളവ് തിരിയുമ്പോ അവള്‍ക്കറിയാം. ഓടിച്ചെന്ന് ഗെയിറ്റിന്റെ അടുത്ത് നില്‍ക്കും. അത്ര സ്നേഹമാ”, അപ്പുക്കുട്ടന്റെ നേരെ മുന്നിലുള്ള വീട്ടിലെ ബാലന്‍ ചേട്ടന്റെ കമന്റ്.
“ഗൌരി.. ഞങ്ങടെ കൂട്ടുകാരിയാ.. ഒരു പ്രവശ്യം പന്ത് തോട്ടില്‍ പോയപ്പോ അവള്‍ ചാടി ചെന്ന് അത് എടുത്തു. ബോളും കടിച്ച് അവള്‍ നീന്തി വരുന്നത് കാണാന്‍ തന്നെ രസമാ”, അയലത്തെ സണ്ണിക്കുട്ടിയ്ക്കും കൂട്ടുകാര്‍ക്കുമാണ് ഗൌരിയോട് ഇത്ര സ്നേഹം.
“ഗൌരി. അവള്‍ വന്നതോടെ ഈ വഴി അമ്പലത്തില്‍ പോക്ക് സുഖമായി. മുമ്പ് കണ്ട തെരുവ് പട്ടികളൊക്കെ ഈ വഴിക്കല്ലാരുന്നോ പൊറുതി? ഇപ്പൊ ഒറ്റയൊരെണ്ണത്തിനെ കാണാനില്ല.”, വളപ്പിലെ ഭവാനിയമ്മൂമ്മയ്ക്ക് ഇതില്‍ പരം സന്തോഷമുണ്ടോ?
“ശ്..ശ്.. രണ്ട് ദിവസം മുമ്പ് രാത്രി അറിയാതെ ആ വഴി ഒന്ന് പോയി. ദൈവമേ.. ഭാഗ്യത്തിനാ പിടിക്കപ്പെടാഞ്ഞെ..” ഒരു കള്ളന്റെ രഹസ്യമായ വെളിപ്പെടുത്തല്‍!

പക്ഷെ അപ്പുക്കുട്ടന് അത്ര സന്തോഷമൊന്നുമില്ല. ഒന്നാമത്, ഗൌരിക്ക് എന്തോ സാരമായ പ്രശ്നം. പഴേപൊലെ ഓട്ടവും ബഹളവും ഒന്നുമില്ല. സാധാരണ ഡോബര്‍മാന് ഒട്ടും വണ്ണമില്ലാത്തതാണ്. പക്ഷെ കുറച്ച് ദിവസമായി ഗൌരിയ്ക്ക് തടി വെക്കുന്നുണ്ടോ എന്നൊരു സംശയം. രണ്ട്, മിനുമോള്‍ അവളുടെ അമ്മുമ്മയുടെ വീട്ടില്‍ പോയി. ഇനി ഒരാഴ്ച്ക കഴിഞ്ഞേ വരു.

അന്ന് രാത്രി അപ്പുക്കുട്ടന്‍ അവന്റെ അമ്മയും അച്ചനും തമ്മിലുള്ള ഒരു സംസാരം കേള്‍ക്കാനിടയായി.

“അതേയ്.. ചേട്ടാ. എനിക്കൊരു കാര്യം പറയാനുണ്ട്”
“ഊം.. എന്താ?”
“നമ്മുടെ ഗൌരിക്ക് എന്തോ അസുഖമുണ്ടെന്ന് ഒരു സംശയം.”
“അതെന്നാടീ?”
“ഓ.. അവള്‍ക്ക് പഴേ ഉഷാറില്ലാന്നെ..”
“നിന്റെ തോന്നലാ”
“അല്ല. മാത്രമല്ല. അവളിപ്പോ പഴേ പോലെ കള്ളന്മാരെ ഒന്നും വിരട്ടുന്ന ലക്ഷണമില്ല.”
“എന്തേ? ഇവിടെ കള്ളന്‍ കേറിയോ?”
“ഇല്ല. പക്ഷെ അടുത്ത വീട്ടിലൊക്കെ മോഷണം നടക്കുന്നുണ്ട്.”
“ഞാനൊന്നും കേട്ടില്ലല്ലോ.”
“സ്വര്‍ണ്ണോം പണോം ഒന്നുമല്ല. കോഴീം താറാവുമൊക്കെയാ പോയത്.”
“ഓ.. അതാണോ പട്ടിക്ക് പ്രശ്നം?”
“അതല്ലന്നേ.. ഞാന്‍ പറഞ്ഞില്ലേ? പഴയ ഉഷാറില്ല, എപ്പോഴും ഒരു ഉറക്കം‌തൂങ്ങിയ മട്ടാ.”
“വല്ലോം ഒത്തോടീ?”
“എന്ത് ഒത്തോന്ന്?”
“അവള്‍ക്ക് എന്തെങ്കിലും മാറ്റം?”
“ആ.. തടിച്ച് വരുന്നുണ്ട്. അത് കൊണ്ടാ അനങ്ങാന്‍ വയ്യാത്തെ.”
“ഇതത് തന്നെ. കോളടിച്ചു മോളേ”
“എന്തുവാ മനുഷ്യാ ഈ പറയുന്നേ?”
“എടീ, ഒരു ഡോബര്‍മാന്‍ കുഞ്ഞിന് എന്താ വില എന്നറിയുവോ?”
“ഓ... എന്ന്..”
“ഏതായാലും ഞാന്‍ നാളെ ആ മൃഗഡോക്ടറെ ഒന്ന് വിളിച്ചോണ്ട് വരാം”

അപ്പുക്കുട്ടന്‍ ഗൌരിയെ തന്നെ ആലോചിച്ച് കിടന്നു. കുറേ നേരം കഴിഞ്ഞു. എന്തോ ശബ്ദം. അവന്‍ പതിയെ ജനലിന്റെ കുറ്റി മാറ്റി ചെറുതായി അത് തുറന്നു. എന്നിട്ട് പുറത്തേക്ക് നോക്കി. ഗൌരി അവിടെ എന്തിനോടോ മല്‍‌പിടുത്തം നടത്തുന്ന പോലെയുണ്ട്. വല്ല എലിയോ, പെരുച്ചാഴിയോ ആവും. അപ്പുക്കുട്ടന്‍ ജനലടച്ചു കിടന്നു.

പിറ്റേന്ന് രവിലെ അവന്‍ എഴുന്നേല്ക്കുമ്പോള്‍ വാതില്‍ക്കല്‍ ആരുടെയോ ശബ്ദം കേട്ടു. അവന്‍ അങ്ങോട്ട് ചെന്നു. അവിടെ മൃഗഡോക്‍ടര്‍ അവന്റെ അച്ചനോട് എന്തോ സംസാരിക്കുകയാണ് .

“.......ങ്ങള്‍ കരുതുന്ന പോലെ ഈ പട്ടി പ്രെഗ്നന്റ് ഒന്നുമല്ല. പ്രശ്നം ഓവര്‍ വെയിറ്റ് ആണ്. ഞാന്‍ ചില എക്സര്‍സൈസുകള്‍ പറഞ്ഞ് തരാം...” പിന്നെ അവന്റെ അമ്മയുടെ നേരെ തിരിഞ്ഞ് അയാള്‍ തുടര്‍ന്നു, “.. പട്ടിക്ക് ഇനി അധികം ആഹാരം കൊടുക്കണ്ട. നിങ്ങള്‍ ഇങ്ങനെ തീറ്റിച്ചാല്‍ അതിനു തന്നെയാണ് കേട്.”

എന്തോ ആലോചിച്ച പോലെ അപ്പുക്കുട്ടന്‍ നേരെ പറമ്പിലേക്ക് ഓടി. തലേന്ന് ഗൌരി നിന്ന സ്ഥലമായിരുന്നു അവന്റെ ലക്ഷ്യം. ഒരല്പം കാടു പിടിച്ചു നിന്ന ആ ഭാഗത്ത് അവന്‍ കണ്ടു - കുറച്ച് എല്ലും പൂടയും, വെളുത്ത പൂട. അവന്‍ നേരെ മിനുമോള്‍ടെ വീട്ടിലേക്ക് ഓടി. മുയല്‍ക്കൂട്ടില്‍ ഒരാഴ്‌ച കഴിക്കാനുള്ള ഇലയും മറ്റും കിടപ്പുണ്ടായിരുന്നു. എന്നാല്‍ ഒരൊറ്റ മുയല്‍ പോലും ഉണ്ടായിരുന്നില്ല..! ഗൌരിയുടെ കുര അവന്റെ കാതില്‍ മുഴങ്ങി..

12 അഭിപ്രായങ്ങൾ:

  1. പെരുകി വരുന്ന കള്ളന്മാരുടെ ശല്യം മുന്‍‌കൂട്ടി കണ്ടത്കൊണ്ട് അപ്പുക്കുട്ടന്റെ അച്ചന്‍ രാഘവേട്ടന്‍ അത്യാവശ്യം പണം മുടക്കി ഒരു സംഗതി സ്വന്തമാക്കി - ഒരു ഡോബര്‍മാന്‍. കക്ഷി അല്പം ബിസിനസ് മൈന്റഡ് ആയത്കൊണ്ട് ഒരു പെണ്‍‌ഡോബര്‍മാനെയാണ് വാങ്ങിയത്. അതിനെ ഗൌരി എന്ന് പേരിട്ട് വിളിച്ചു.

    മറുപടിഇല്ലാതാക്കൂ
  2. പാവം മിനിമോള്‍...
    നന്നായിട്ടുണ്ട്...എഴുത്ത്...
    :)

    മറുപടിഇല്ലാതാക്കൂ
  3. കുമാരന്‍ | kumaran, കുക്കു.., നീര്‍വിളാകന്‍, കമന്റിയതിന് നന്ദി.. :)

    മറുപടിഇല്ലാതാക്കൂ
  4. "..വെട്ടോം വെളിച്ചോം ഇല്ലാത്ത ഒരു വീട്ടില്‍ ചെന്ന് അവിടുത്തെ ചേച്ചിയോട് ഭര്‍ത്താവിന്റെ ശബ്ദത്തില്‍ സംസാരിച്ച് സ്വര്‍ണ്ണം കൊണ്ടുപോയ കഥ വരെയുണ്ട്!.."
    ഹ ഹ അതു കലക്കി. കഥ കൊള്ളാട്ടാ :)

    മറുപടിഇല്ലാതാക്കൂ
  5. കൊള്ളാം. പഴയകാലം ഒര്‍മ്മ വന്നു.

    പണ്ട് എന്നെ പലതും പറഞ്ഞു പറ്റിച്ച 'പുക്കാറിനെയും, പുലുമാലിനെയും' ഓര്‍മ്മ വന്നു!

    http://jayandamodaran.blogspot.com/2009/01/blog-post_08.html

    മറുപടിഇല്ലാതാക്കൂ
  6. ബിനോയ്//HariNav, Sreejith CK, കമന്റിയതിന് നന്ദി.. :)

    jayanEvoor, പോസ്റ്റ് വായിച്ചു. നല്ല എഴുത്ത്. കമന്റിയതിന് നന്ദി.. :)

    മറുപടിഇല്ലാതാക്കൂ
  7. നേരത്തെ വന്നു വായിച്ചു പോയതാ.. പക്ഷെ കമന്റ്‌ ചെയ്യാന്‍ സമയം കിട്ടിയില്ല.. നന്നായിട്ടുണ്ട് അളിയാ.. ഒരു വെത്യാസം ഉള്ള പ്ലോട്ട് ആണല്ലോ.. :)

    മറുപടിഇല്ലാതാക്കൂ