അവന് കണ്ണ് തുറന്നു. നീണ്ട യാത്രയായിരുന്നു ബസ്സില്‍. തന്റെ നാട്ടിലേക്ക്. അതും നാലു വര്‍ഷങ്ങള്‍ക്ക് ശേഷം. പെട്ടിയെടുത്ത് പുറത്തിറങ്ങി, ചുറ്റുപാടും ഒന്ന് നോക്കി. നാട് ഒരുപാട് മാറി പോയി. എന്തായിരുന്നു കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും തിരികെ വരാഞ്ഞത്? പണിയെടുത്ത് പണിയെടുത്ത് വീടിനെ മറന്ന് പോയോ? കൂടുതല്‍ പൈസ ഉണ്ടാക്കാന്‍ അമ്മയെ മറന്നോ? ചോദ്യങ്ങള്‍ ഒരുപാടാണ്. അതിനൊന്നും ഉത്തരം തേടാത്തതാണ് നല്ലത്. ഒരേയൊരു ചോദ്യം മാത്രം - എന്തിന് തിരികെ വന്നു? ഉത്തരം നിസാരം. നഗരത്തില്‍ കട്ടുറുമ്പിനെ കിട്ടാനില്ല..!
ഇനി നാല് ദിവസം കൂടിയെ സമയമുള്ളൂ. കഴിഞ്ഞ മൂന്ന് ദിവസം എന്തൊക്കെ സംഭവിച്ചു?
സ്വപ്നം കണ്ടത് മുതല്‍ അവന്‍ ആശയക്കുഴപ്പത്തിലായിരുന്നു. അവശേഷിക്കുന്ന ഒരാഴ്ച എന്തൊക്കെ ചെയ്ത് തീര്‍ക്കും എന്നതിലുപരി എങ്ങനെ അമ്പത് കട്ടുറുമ്പിനെ കണ്ടെത്തി ലഡ്ഡു തീറ്റിക്കും എന്നതായിരുന്നു അവന്റെ മുന്നിലുള്ള ചോദ്യം. രാവിലെ ഓഫീസില്‍ പോകാന്‍ അവന്‍ തീരുമാനിച്ചതിന് പിന്നിലുള്ള കാരണവും വഴിയില്‍ കട്ടുറുമ്പിനെ തേടാം എന്നതായിരുന്നു. എന്നാല്‍ അവന് ഒരു കട്ടുറുമ്പിനെ പോലും കാണാന്‍ കഴിഞ്ഞില്ല. അന്ന് കമ്പനിയില്‍ നിന്നും രാജി വെച്ചാണ് അവന്‍ ഇറങ്ങിയത്. നോട്ടീസ് നല്‍കാതെ രാജി വെച്ചതിന് എച്. ആര്‍ ഹെഡ്ഡിന്റെ വായിലിരിക്കുന്നത് മുഴുവന്‍ കേള്‍ക്കുകയും ചെയ്തു. അടുത്ത രണ്ട് ദിവസം അവന്‍ ചിലവഴിച്ചത് നഗരത്തിന്റെ മുക്കിലും മൂലയിലും കട്ടുറുമ്പിനെ തേടുകയായിരുന്നു. എന്നാല്‍ എലി, പാറ്റ, പല്ലി, ചീവീട് മുതല്‍ ആന, സിംഹം, ജിറാഫ് തുടങ്ങിയ ജീവികളെ വരെ അവന്‍ കണ്ടു. കട്ടുറുമ്പിനെ തേടി അവന്‍ മൃഗശാലയില്‍ വരെ പോയിരുന്നു! പക്ഷെ അവന്‍ ആരെ തേടിയാണോ പോയത്, ആ ആളെ മാത്രം കണ്ടില്ല. അങ്ങനെയാണ് അവന്‍ തിരികെ തന്റെ നാട്ടിന്‍പുറത്തേക്ക് വരാന്‍ തീരുമാനിച്ചത്. തിരിച്ച് വരുന്നു എന്ന് വിളിച്ച് പറഞ്ഞപ്പോള്‍ അങ്ങേതലയ്ക്കല്‍ അമ്മയുടെ കരച്ചില്‍ സങ്കടത്തിന്റെയല്ല മറിച്ച് സന്തോഷത്തിന്റെയാണെന്ന് അവന് ആരും പറയാതെ തന്നെ മനസിലാവുകയും ചെയ്തു.
പഴയ സ്റ്റേഷന്‍ കവലയിലാണ് താന്‍ നില്‍ക്കുന്നത് എന്ന് തിരിച്ചറിയാന്‍ അവന്‍ കുറച്ച് സമയമെടുത്തു. കാരണം അവിടെ പണ്ടുണ്ടായിരുന്ന പോലീസ് സ്റ്റേഷന്‍ ഇപ്പോള്‍ സ്ഥലം മാറി വേറൊരു കെട്ടിടത്തിലാണ്. സ്റ്റേഷന്‍ നിന്നിടത്ത് ഇപ്പോള്‍ ഒരു വലിയ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ്. അതിനടുത്തുണ്ടായിരുന്ന വിശാലമായ മൈതാനത്തിന് പകരം മൂന്ന് ഫ്ലാറ്റുകള്‍. അവന്‍ വീട്ടിലേക്ക് നടന്നു. ഏകദേശം പത്ത് മിനിറ്റ് നടക്കാനുണ്ട്. ജംഗ്‌ഷനില്‍ ഇപ്പോ ഓട്ടോ സര്‍വ്വീസ് ഉണ്ട്. പണ്ട് നേരെയൊരു റോഡ് പോലുമില്ലാത്ത സ്ഥലമായിരുന്നു. ജോലി കിട്ടിയ ആദ്യ നാളുകളില്‍ ഒരവധി കിട്ടിയാലുടന്‍ ഓടി വരുമായിരുന്നു. അന്നത്തെ ശീലമാണ് ബസ്സിറങ്ങിയാലുള്ള നടപ്പ്. നാടെത്ര മാറിയാലും നാളെത്ര കഴിഞ്ഞാലും ആ ശീലത്തിന് മാറ്റമുണ്ടാവില്ല. വഴിയില്‍ അവന്‍ കണ്ടത് മുഴുവന്‍ മാറ്റങ്ങളായിരുന്നു. തന്റെ ഗ്രാമം ഒരു ചെറിയ ടൌണ്‍ ആയി മാറിയതായി അവന് തോന്നി. പോകുന്ന വഴിയില്‍ കട്ടുറുമ്പിന്റെ കൂട് അവന്‍ തേടി. എന്നാല്‍ ഒരെണ്ണം പോലും കാണാനുണ്ടായിരുന്നില്ല.
വീട്ടില്‍ അവനെ കാത്ത് അമ്മയുടെ സെന്റി ഡയലോഗുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. എല്ലാം കേട്ടിരിക്കുമ്പോഴും അവന്റെ മനസില്‍ ഒരൊറ്റ ചിന്ത മാത്രമേ ഉള്ളായിരുന്നു - എങ്ങനെയെങ്കിലും കട്ടുറുമ്പുകളെ കണ്ടെത്തണം.
“എന്നാലും നിനക്കെങ്ങനെ തോന്നി വരാതിരിക്കാന്‍? അമ്മയെ നീ മറന്നോ? വീട് നീ മറന്നോ? ഓഫീസ് മാത്രമായോ ജീവിതം? എന്തിനാടാ എന്നെ ഇങ്ങനെ വിഷമിപ്പിച്ചത്? നിന്നെയൊന്ന് കാണാന്‍ എത്ര കൊതിച്ചു.. ഫോണില്‍ വിളിച്ചാല്‍ തിരക്കോട് തിരക്ക്. പിന്നെ വിളിക്കാം പിന്നെ വിളിക്കാം എന്ന് പറഞ്ഞോണ്ടിരിക്കും..”
“അമ്മേ..”
“എന്താ മോനെ?”
“ഇവിടെ കട്ടുറുമ്പിനെ എവിടെ കിട്ടും?”
“കട്ടുറുമ്പോ?”
“അതെ, കട്ടുറുമ്പ്.. അത് പോട്ടെ. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ കട്ടുറുമ്പുകളുമായി എന്തെങ്കിലും പ്രശ്നം ഉണ്ടായതായി ഓര്‍ക്കുന്നുണ്ടോ?”, അവന്റെ ശബ്ദം പ്രമാദമായ കൊലപാതകക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഓഫീസറുടെ പോലെയിരുന്നു.
“മോനെ.. നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?” അമ്മയുടെ ശബ്ദത്തില്‍ പരിഭ്രമം. മോന് വട്ടായോ എന്ന ചിന്തയാവാം.
അവന്‍ ഒന്നും മിണ്ടിയില്ല. ഇതാണ് പ്രശ്നം. വെറുതെ തെറ്റിദ്ധരിക്കപ്പെടും. ആ ചെകുത്താന്റെ ഓരോ പരീക്ഷണങ്ങള്‍. ആരോടും സഹായം ചോദിക്കാന്‍ പറ്റില്ല. ഞാന്‍ സ്വയം കണ്ടെത്തണം. ഇപ്പോള്‍ ഇരുട്ടി. നാളെയാട്ടെ. അവന്‍ സ്വയം പറഞ്ഞു.
പിറ്റേന്ന് രാവിലെ തന്നെ അവന്‍ പറമ്പിലിറങ്ങി. ഒരു വശത്തും നിന്നും അന്വേഷണം തുടങ്ങി. ഏകദേശം നാല്‍പത് മിനിറ്റുകളുടെ പരിശ്രമഫലമായി അവന്‍ ഒരു കട്ടുറുമ്പിന്റെ കൂട് കണ്ടെത്തി. സന്തോഷത്തോടെ അവന്‍ കുളിക്കാന്‍ പോയി. കുളിച്ചിട്ട് വേഗം പുറത്തേക്കിറങ്ങി. കവലയില്‍ പോയി ഒരു പായ്‌ക്കറ്റ് ലഡ്ഡു വാങ്ങുക എന്നതായിരുന്നു ലക്ഷ്യം. കവലയിലെ മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ നിന്നും ലഡ്ഡൂ വാങ്ങി അവന്‍ തിരികെ വീട്ടിലെത്തി. എന്നാല്‍ വീട്ടില്‍ അവനെ കാത്തിരുന്നത് ഏറ്റവും സങ്കടമേറിയ ഒരു വാര്‍ത്തയായിരുന്നു. അവന്റെ അമ്മ....
അവന്റെ അമ്മ അന്ന് വീടും പരിസരവും വൃത്തിയാക്കാന്‍ പണിക്കാരെ വരുത്തി. ആ പണിക്കാര്‍ അവന്‍ നാല്‍പത് മിനിറ്റ് കഷ്ടപ്പെട്ട് കണ്ടെത്തിയ ആ കട്ടുറുമ്പിന്‍ കൂട് വെറും നാല്‍പത് സെക്കന്റു കൊണ്ട് ഇടിച്ചു നിരത്തിയിരുന്നു. ആ പണിക്കാരെ മനസ് കൊണ്ട് ശപിച്ച് അവന്‍ തന്റെ മുറിക്കുള്ളിലേക്ക് പോയി. ലഡ്ഡുവിന്റെ പൊതി അവന്‍ ആരും കാണാതെ മുറിയിലെ കട്ടിലിനടിയില്‍ ഒളിച്ചു വെച്ചു. അത് ആരെങ്കിലും കണ്ടാല്‍ പിന്നെ അതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയണം. അവന്‍ കട്ടിലില്‍ കിടന്നു, ഇനിയെന്ത് ചെയ്യും? ഏതായാലും പണിക്കാര്‍ പോകട്ടെ. പറമ്പിലെ പുല്ലൊക്കെ ചെത്തിക്കളയുമ്പോള്‍ ഒരു കൂടെങ്കിലും കാണാതിരിക്കില്ല. അവന്‍ അങ്ങനെ കിടന്നങ്ങ് ഉറങ്ങിപ്പോയി.
“മോനെ എഴുന്നേല്‍ക്ക്.. നിന്നെ കാണാന്‍ ദാ കണ്ണന്‍ വന്നിരിക്കുന്നു” അമ്മയുടെ ശബ്ദം കേട്ടാണ് അവന്‍ ഉണര്‍ന്നത്. കുറച്ചധികനേരം ഉറങ്ങിയെന്ന് അവന് മനസിലായി. കണ്ണന്‍ വന്നിരിക്കുന്നു. പഴയ സുഹൃത്താണ്. സ്കൂളില്‍ ഒരേ ബഞ്ചിലിരുന്ന് പഠിച്ചവര്‍. എന്തിനും എതിനും അവര്‍ ഒരുമിച്ചായിരുന്നു. എന്നിട്ടും പിരിഞ്ഞു. ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ രണ്ട് വഴിക്കായെങ്കിലും അടുപ്പം ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷക്കാലമായി യാതൊരു ബന്ധവുമില്ല. അവന്‍ വരുമെന്ന് കരുതിയതല്ല. എന്തായാലും വന്നത് നന്നായി. താന്‍ പോകുമ്പോള്‍ എല്ലാവരും അടുത്തുണ്ടാവുമല്ലോ..
അവന്‍ കണ്ണനുമായി ഒട്ടേറെ നേരം സംസാരിച്ചു. കണ്ണന്‍ ഇപ്പോള്‍ ഒരു സാറായി ജോലി ചെയ്യുന്നു.
“എന്നാലും എന്റെ കണ്ണാ, നീ എങ്ങനെ ഒരു സാറായെടാ? പിള്ളേരെ ഒക്കെ ഒരു വഴിയ്‌ക്കാക്കിയോ?”
“എന്ത് പറയാനാടാ.. ഒരിക്കലും ആഗ്രഹിച്ചതല്ല സാറാവാന്‍. പക്ഷെ നമുക്ക് വേണ്ടത് കിട്ടിയില്ലെങ്കില്‍ പിന്നെ എന്താ ചെയ്യുക?”
“ശരിയാടാ. അത് ഞാനിപ്പോ അനുഭവിച്ച് കൊണ്ടിരിക്കുവാ. ഒരു സാധനം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ അത് മാത്രം കിട്ടുന്നില്ല”, കട്ടുറുമ്പിനെ മനസിലോര്‍ത്ത് അവന്‍ പറഞ്ഞു.
“ജീവിതം ചിലപ്പോ അങ്ങനെയാടാ. നമ്മള്‍ ഏറ്റവും ആഗ്രഹിക്കുന്നത് മാത്രം നമുക്ക് കിട്ടില്ല. ബാക്കിയെല്ലാം കിട്ടും. പക്ഷെ നമ്മള്‍ എപ്പോഴും കിട്ടാത്തതിനെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കും! ഞാനിപ്പോള്‍ മാറി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. കിട്ടാത്തതിനെ കുറിച്ച് വെറുതെ എന്തിന് ടെന്‍ഷന്‍ ആവണം? ഉള്ളത് കൊണ്ട് അടിച്ച് പൊളിച്ച് ജീവിക്കണം. അദ്ധ്യാപനം ഞാന്‍ ഇപ്പോള്‍ വളരെ ഇഷ്ടപ്പെടുന്നു. ഒന്നുമില്ലേലും നമ്മള്‍ എപ്പോഴും കുട്ടികളുടെ കൂടെയല്ലെ.. ഒരു കുട്ടിത്തം മനസില്‍ വരുന്നു.”
വീണ്ടും കുറെ നേരം കൂടി അവര്‍ സംസാരിച്ചിരുന്നു. കണ്ണന്‍ പോയ ശേഷവും അവന്റെ മനസില്‍ ആ വാക്കുകള്‍ തങ്ങി നിന്നു. കിട്ടാത്തത് ഓര്‍ത്ത് എന്തിന് വിഷമിക്കണം. എന്തൊരു മണ്ടത്തരമാണ് ഇത്രനാള്‍ കാണിച്ചുകൂട്ടിയത്. കട്ടുറുമ്പിനെ തേടി നാലു ദിവസം കളഞ്ഞു. ഇനി മൂന്ന് ദിവസം കൂടിയെ ബാക്കിയുള്ളു. അതും കട്ടുറുമ്പിന്റെ പിന്നാലെ നടന്ന് കളയണോ? അതോ മാക്സിമം അടിച്ച് പൊളിക്കണോ? അവന്‍ സ്വയം ചോദിച്ചു. ഉത്തരം നിസാരമായിരുന്നു. അടിച്ച് പൊളിക്കുക. ചത്ത് നരകത്തില്‍ ചെന്ന് ആ ഇടിവെട്ട് ശിക്ഷ അനുഭവിച്ചാലെന്ത്? ഭൂമിയിലുള്ള സമയം ആഘോഷിക്കണമല്ലൊ.
അടുത്ത രണ്ട് ദിവസം അവന്‍ ആസ്വദിക്കുകയായിരുന്നു. കട്ടുറുമ്പിനെക്കുറിച്ച് ഒന്ന് ചിന്തിക്കുക പോലും ചെയ്തില്ല. ചെകുത്താന്‍ പറഞ്ഞ ഏഴാം ദിവസം വന്നെത്തി. രാവിലെ അവന്‍ കണ്ണു തുറന്നു. ഇന്ന് ഏതെങ്കിലും നേരത്ത് തീരും എല്ലാം. അതിന് മുമ്പ് എല്ലാവര്‍ക്കും മധുരം നല്‍കണം. അവന്‍ മുറിയില്‍ ഒളിച്ചു വച്ചിരുന്ന ലഡ്ഡു പായ്ക്കറ്റ് തപ്പിയെടുത്തു. എന്നാല്‍ ആ പായ്ക്കറ്റ് കാലിയായിരുന്നു. ദേഷ്യത്തോടെ അവന്‍ ആ കൂട് കളഞ്ഞു. എന്തെങ്കിലും വാങ്ങാം എന്ന് കരുതി അവന്‍ പുറത്തേക്ക് പോയി. കട്ടിലിനടിയില്‍ ഒരു മൂലയ്ക്കായി ഒരു കൊച്ച് തുളയുണ്ടായിരുന്നു. അത് ഒരു വലിയ കട്ടുറുമ്പ് സാമ്രാജ്യത്തിന്റെ വാതിലായിരുന്നു. അതിനുള്ളില്‍ എണ്ണത്തില്‍ നൂറിലധികം വരുന്ന കട്ടുറുമ്പുകള്‍ ലഡ്ഡു തിന്ന് മടുത്തിരുന്നു.
വീണ്ടും ഒരു പായ്ക്കറ്റ് ലഡ്ഡുവുമായാണവന്‍ തിരികെ എത്തിയത്. അമ്മയെ വിളിച്ചെങ്കിലും കാണാനുണ്ടായിരുന്നില്ല. അവന്‍ അമ്മയെ അന്വേഷിച്ച് അടുക്കളയിലെത്തി. അവിടെയും അമ്മയെ കണ്ടില്ല. പക്ഷെ അവന്റെ ശ്രദ്ധ മറ്റൊന്നില്‍ പതിഞ്ഞു. കിണറിന്റെ പടിയില്‍ ഒരു കട്ടുറുമ്പ്. അവന്‍ മെല്ലെ അതിനടുത്തേക്ക് ചെന്നു. ആ കട്ടുറുമ്പ് മെല്ലെ കിണറ്റിലേക്ക് ഇറങ്ങി. അതിന്റെ വീട് ആ കിണറിന്റെ പടിയിലെ ഏതോ കല്ലുകള്‍ക്കിടയിലായിരുന്നു. ഇനി കട്ടുറുമ്പിന് ലഡ്ഡു കൊടുത്തില്ലെന്ന പരാതി വേണ്ട. അവന്‍ ഒരു ലഡ്ഡൂവുമായി ഏന്തി വലിഞ്ഞ് കിണറ്റിലേക്ക് നോക്കി. ഒരു നിമിഷം കാലു തെന്നി ദാ കിടക്കുന്നു കിണറ്റില്‍. ആറാള്‍ താഴ്ചയുള്ള ആ കിണറ്റില്‍ വീണായിരുന്നു അവന്റെ അന്ത്യം. അറിയാതെയാണെങ്കിലും ചെയ്ത പ്രായശ്ചിത്തം അവന് സ്വര്‍ഗത്തിലേക്കുള്ള വാതില്‍ തുറന്നു.
...അവസാനിച്ചു...
ഒരു കട്ടുറുമ്പിനെ ഞെരിച്ച് കൊന്നതിന് പരിഹാരമായി 50 കട്ടുറുമ്പുകള്‍ക്ക് ലഡ്ഡൂ കൊടുക്കണം, അതും ഒരാഴ്ചയ്‌ക്കകം.. ഇല്ലെങ്കില്‍ നരകത്തില്‍ ചെക്കിന്റെ വക അതിഭീകരമായ ശിക്ഷാനടപടികള്‍ ഉണ്ടാവും.
മറുപടിഇല്ലാതാക്കൂകട്ടുറുമ്പ് അവസാന ഭാഗം.
ചിരിക്കാനും ചിന്തിപ്പിക്കാനുമുള്ള കഥ :)
മറുപടിഇല്ലാതാക്കൂKozhappavilla... Pakshe pazhayithinthathra pora... ;) Sequels bring pressure... told ya... :)
മറുപടിഇല്ലാതാക്കൂNice one balu.interesting.
മറുപടിഇല്ലാതാക്കൂകൊള്ളാട്ടോ. ഇഷ്ടായി
മറുപടിഇല്ലാതാക്കൂ:-)
മറുപടിഇല്ലാതാക്കൂഇതൊക്കെ എങ്ങിനെ ചിന്തിച്ചു കൂട്ടുന്നു! കട്ടുറുമ്പുകളൊക്കെ അന്യം നിന്നു പോയോ? ഞാനും കണ്ടിട്ട് കുറേ നാളായെന്നൊരു തോന്നല്‍...
അപ്പോള്‍ അടുത്തത് പോരട്ടെ...
--
നല്ല രസമുള്ള കഥ..!
മറുപടിഇല്ലാതാക്കൂവരാനുള്ളത് വഴിയില്‍ തങ്ങില്ല.
ഒരുപാട് കാര്യങ്ങള്‍ കഥയിലൂടെ കടന്നുപോകുന്നു...മാറ്റങ്ങളുടെ കാഴ്ചയും നന്നായി.
കമന്റുകള്‍ക്ക് നന്ദി.. :)
മറുപടിഇല്ലാതാക്കൂവിഷ്ണൂ, തുടരനുകള്‍ എഴുതണമെന്ന് വിചാരിച്ചെഴുതിയതല്ല. പക്ഷെ ഇതെഴുതി വന്നപ്പോള്‍ നീളം കൂടി പോയി. ഇനി ശ്രദ്ധിക്കാം..
ഹരീഷേട്ടാ, ഈ കഥയുടെ തീം കിട്ടിയ സാഹചര്യം ഞാന്‍ നേരിട്ട് വെളിപ്പെടുത്താം, ഇവിടെ പറയാന്‍ പറ്റില്ല. പിന്നെ കട്ടുറുമ്പ് അന്യം നിന്ന് പോയിട്ടൊന്നുമില്ല കേട്ടൊ.. ഒരവസരം കിട്ടിയാല്‍ നല്ല കടി തരുന്ന കട്ടുറുമ്പുകള്‍ മുറ്റത്ത് കറങ്ങി നടപ്പുണ്ട്.. :)
കുഞ്ഞന്‍ ജീ, വളരെ നന്ദി.. :)
kollaam... some thing interesting... while reading the story i also expected the same climax... some times we r thinking in the same line...
മറുപടിഇല്ലാതാക്കൂpeople who read the story will think atleast once when they are intently going to kill an ant.
please write this type of story in a single shedule yaaar.
best wishes for the next yaaar...
really good
മറുപടിഇല്ലാതാക്കൂ