09 ഓഗസ്റ്റ് 2008

തെറ്റുകള്‍

നാളെയാണ് ഒക്ടോബര്‍ 7. എന്റെ ജീവിതത്തില്‍ അത്ഭുതകരമായ ദിവസമാണ് ഒക്ടോബര്‍ 7. ഞാന്‍ വിശാല്‍. വയസ് 24. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും ഡയറിയില്‍ എഴുതുകയെന്നത് എന്റെ ഇഷ്ടങ്ങളില്‍ ഒന്ന് മാത്രം. ആ എഴുതിയതൊക്കെ വീണ്ടും വീണ്ടും വായിക്കുക എന്നത് എന്റെ മറ്റൊരിഷ്ടം. അങ്ങനെയാണ് ഞാന്‍ ആ സത്യം മനസിലാക്കിയത്. ചില തെറ്റുകള്‍ (അല്ലെങ്കില്‍ മണ്ടത്തരങ്ങള്‍?) സംഭവിച്ചത് ഒക്ടോബര്‍ 7 എന്ന തീയതിയിലാണ്.

നാല് കൊല്ലം മുമ്പ്, ഞാന്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിക്കുന്ന സമയം. തീയതി.. ഒരു ഗസ്? എന്ത്? ഒക്ടോബര്‍ 7? അല്ലേയല്ല.. ഒക്ടോബര്‍ 4. അതൊരു വ്യാഴാഴ്ച. അന്ന് ഉച്ചയായപ്പോഴേക്കും ഒരു സമരം. ജൂനിയര്‍ ബാച്ചിലെ പിള്ളേരൊക്കെ അവിടിവിടെ കൂടി നില്‍ക്കുന്നു. എനിക്ക് തോന്നി, ഇവന്മാരുമായി ഒന്ന് ക്രിക്കറ്റ് കളിച്ചാലോ? അതിനൊരു പ്രധാന കാരണമുണ്ട്. ഞാന്‍ എന്റെ ക്ലാസിലെ ഏറ്റവും നല്ല ബാറ്റ്സ്‌മാനും ഏറ്റവും നല്ല ബൌളറുമാണല്ലോ. ഒരു വിധം നന്നായി കളിക്കുന്ന കുറച്ച് പേരും ഉണ്ട്. ഞങ്ങള്‍ അവന്മാരെ കളിക്കാന്‍ വിളിച്ചു. അവര്‍ സമ്മതിച്ചു. പത്തോവര്‍ കളി. ആ‍ദ്യം ബാറ്റിങ്ങ് കിട്ടി. ഞാന്‍ ആദ്യമേ ഇറങ്ങുമല്ലോ.. വിശാലേ രണ്ട് സിക്സര്‍..! ഞാന്‍ ബാറ്റിങ്ങ് എന്റ് ലക്ഷ്യമാക്കി നടക്കുമ്പോള്‍ പിന്നില്‍ നിന്നും ആരോ വിളിച്ച് പറഞ്ഞു.
ആ കളി ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്നു. ഡക്ക് പോയതില്‍ എനിക്ക് സങ്കടമില്ല. പക്ഷെ ബോള്‍ഡായല്ലോ.. അതും ആദ്യപന്തില്‍ തന്നെ. എന്നിട്ടും തീര്‍ന്നില്ല. എറിഞ്ഞ 3 ഓവറില്‍ 20 റണ്‍സ്. എന്നെ ഇതുവരെ പത്തില്‍ കൂടുതല്‍ ഒരു കളിയിലും അടിച്ചിട്ടില്ല. അതും അവസാന ഓവറില്‍ 14 റണ്‍സ്. കളിയും തോറ്റു. പക്ഷെ ഞാന്‍ വിട്ടില്ല. ജൂനിയേഴ്സിനോട് തോല്‍ക്കുന്നത് എനിക്ക് സഹിക്കാന്‍ പറ്റുമായിരുന്നില്ല. ഞങ്ങള്‍ അവരെ വെല്ലുവിളിച്ചു. ഞായാറാഴ്ച മാച്ച് കളിക്കാം. ഒക്ടോബര്‍ 7, ഞായാറാഴ്ച. ജയിക്കാനാണ് ഞങ്ങള്‍ ഇറങ്ങിയത്. വീണ്ടും ആദ്യം ബാറ്റിങ്ങ്. പക്ഷെ ഇത്തവണ ഞാന്‍ ഡക്ക് പോയില്ല. അടിച്ച് തകര്‍ത്തു. പത്തോവര്‍ കളിയില്‍ ജയിക്കാന്‍ 97 റണ്‍സ് എന്ന ഭീമന്‍ ലക്ഷ്യമിട്ടുകൊടുത്തിട്ടാണ് ഞങ്ങള്‍ ബാറ്റിങ്ങ് നിര്‍ത്തിയത്. ഞാനാരാണെന്ന് അവരെ മനസിലാക്കുന്ന ആദ്യ സ്പെല്‍ 2 ഓവര്‍ കൂടെ ആയപ്പോഴേക്കും ഞങ്ങള്‍ ഏകദേശം വിജയം ഉറപ്പിച്ചു. പക്ഷെ പിന്നീട് അവര്‍ സ്കോര്‍ ഉയര്‍ത്തി. ഒടുവില്‍ അവസാന ഓവര്‍ എത്തി. അവര്‍ക്ക് ജയിക്കാന്‍ 27. രണ്ടേ രണ്ട് വിക്കറ്റുകള്‍ മാത്രം ബാക്കി. ബാറ്റ് ചെയ്യുന്നത് കഴിഞ്ഞ കളിയില്‍ എന്നെ ഓവറില്‍ 14 റണ്‍സടിച്ച ആ കാലമാടന്‍.
ടാ.. രണ്ട് ബോള്‍ അടിപ്പിക്കാതിരുന്നാല്‍ നമ്മള്‍ ജയിച്ചു.. കമോണ്‍ വിശാല്‍.. ഞാന്‍ പന്തുമായി എന്റെ റണ്ണപ്പ് തുടങ്ങുന്ന ഭാഗത്തേക്ക് നടന്നു. രണ്ട് ബോള്‍ നല്ല ലൈനില്‍ എറിഞ്ഞാല്‍ കളി ജയിക്കാം.പക്ഷെ.. എനിക്കത് പോരാ. എന്റെ ഓവറില്‍ പതിനാല് റണ്‍സടിച്ച ഇവനെ ഞാന്‍ വെറുതെ വിടില്ല. ഇവനെ ഞാന്‍ ഔട്ടാക്കും.. അതും ബോള്‍ഡ്. യോര്‍ക്കര്‍ തന്നെ എറിയാം. ഞാന്‍ മനസിലുറപ്പിച്ചു. പന്തുമായി പാഞ്ഞെത്തി കൊടുത്തു ഒരെണ്ണം. പക്ഷെ ലൈന്‍ കുറച്ച് മാറിപ്പോയി. ബോള്‍ അവന്റെ കാലിന്റെ ഇടയിലൂടെ കീപ്പറുടെ അടുത്തേക്ക്.
അത് തന്നെടാ.. സെയിം ബോള്‍ സെയിം ബോള്‍.. എന്റെ കൂട്ടുകാരന്‍ വിളിച്ചു പറഞ്ഞു.ഞാന്‍ തിരിച്ച് റണ്ണപ്പിലേക്ക് നടന്നു. ഒരു ബോള്‍ കൂടി. പിന്നെ കളി ഞങ്ങള്‍ക്ക് സ്വന്തം. വരട്ടെ.. അവന്‍ അങ്ങനെ പോയാല്‍ ശരിയാവില്ല. ഈ ബോളില്‍ അവനെ ഞാന്‍ ഔട്ടാക്കും. ഞാന്‍ സ്വയം പറഞ്ഞു (തെറ്റ് തെറ്റ് തെറ്റ്..!). പാഞ്ഞെത്തി ഒരു യോര്‍ക്കര്‍ കൂടി. പക്ഷെ ഇത്തവണ പിഴച്ചു - പന്ത് നേരെ അവന്റെ ബാറ്റിലേക്ക് ഫുള്‍‌ടോസായി ചെന്നു. അവന് തെറ്റിയില്ല - സിക്സര്‍!
നോ പ്രോബ്ലം.. വണ്‍ മോര്‍ ഗുഡ് ബോള്‍..നാവെടുത്താല്‍ മലയാളം മാത്രം പറയുന്ന കൂട്ടുകാര്‍ കളിക്കിടയില്‍ ഇംഗ്ലീഷ് മാത്രമാണ് സംസാരിക്കുന്നത് എന്ന കാര്യം എനിക്ക് അപ്പോഴാണ് ഓര്‍മ്മ വന്നത്. അവന്‍ സിക്സ് അടിച്ച സ്ഥിതിക്ക് ഔട്ടാക്കിയിട്ടെ ഉള്ളു കാര്യം. ഞാന്‍ യോര്‍ക്കര്‍ മാറ്റി പരീക്ഷിക്കാന്‍ തീരുമാനിച്ചു. പക്ഷെ ഏത് ബോള്‍ എറിയണം എന്നറിയില്ല. എറിഞ്ഞത് ഒരു ഷോട്ട് പിച്ച് ബോള്‍ - വീണ്ടും സിക്സ്!
തുറന്നു പറയണമല്ലോ.. രണ്ട് സിക്സ് കിട്ടിയതോടെ എന്റെ ധൈര്യമെല്ലാം എവിടെയോ പോയി. പിന്നീടെറിഞ്ഞ രണ്ട് ബോള്‍ സിക്സും ഒരു ബോള്‍ ഫോറും. കളി ഞങ്ങള്‍ തോറ്റു. ഞാന്‍ അന്നത്തോടെ ക്രിക്കറ്റ് കളി നിര്‍ത്തി. രണ്ട് കാര്യങ്ങള്‍ ആ തെറ്റില്‍ നിന്നും ഞാന്‍ പഠിച്ചു - ആവശ്യമില്ലാതെ വാശി പിടിക്കരുത്, മുമ്പുണ്ടായ അനുഭവം ഓര്‍ത്ത് പേടിക്കരുത്.

ഡയറിയുടെ പേജുകള്‍ മറിഞ്ഞു. ഡയറികള്‍ തന്നെ മാറിപ്പോയി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, ജീവിതത്തിലെ ഒരു സുപ്രധാന ദിവസം. മറ്റൊരു ഒക്ടോബര്‍ 7. ഞാനപ്പോള്‍ എം.ബി.എ അവസാന വര്‍ഷ വിദ്യാര്‍ത്ഥി. കോളേജില്‍ റിലയന്‍സ് കമ്പനി ഇന്റര്‍വ്യൂവിന് വരുന്ന ദിവസം, വൈകിട്ട് നാലരയ്ക്കാണ് ഇന്റര്‍വ്യൂ. കടുത്ത ഇന്റര്‍വ്യൂവായിരിക്കുമെന്നാണ് സര്‍ പറഞ്ഞത്. അത് കൊണ്ട് തന്നെ എല്ലാവരും അതിഗംഭീരമായി കമ്പനിയെ കുറിച്ചും മറ്റുമൊക്കെ പഠിക്കുന്നുണ്ടായിരുന്നു. ഞാനും അതിലൊരാളായിരുന്നു. അപ്പോഴാണ് എനിക്കൊരു ചായ കുടിക്കാന്‍ തോന്നിയത്.
കഥ തുടരുന്നതിന് മുമ്പ് വായനക്കാര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്റെ ജൂനിയര്‍ ബാച്ചില്‍ ഒരു കുട്ടിയുണ്ട്, ലേഖ. വെളുത്തു മെലിഞ്ഞ കുട്ടി. നല്ല മുടിയുണ്ട്. എന്നും കണ്ണെഴുതി പൊട്ടും കുത്തിയാണ് വരവ്. മുഖത്ത് എന്നും ഒരു പുഞ്ചിരിയുണ്ടാവും. നിങ്ങള്‍ എത്ര വിഷമിച്ചിരിക്കുകയാണേലും ആ മുഖമൊന്നു കണ്ടാല്‍ മതി, എല്ലാ സങ്കടങ്ങളും എങ്ങോ പോയിരിക്കും. ഇത്രയും പറഞ്ഞതില്‍ നിന്ന് എന്റെ “അസുഖം” നിങ്ങള്‍ക്ക് മനസിലായിരിക്കുമെന്ന് കരുതുന്നു. അതെ. “ലേഖാ.. ഐ ലവ് യൂ..” എത്ര തവണ ഞാനതവളോട് പറഞ്ഞിരിക്കുന്നു. പക്ഷെ അവള്‍ കേള്‍ക്കെയല്ലെന്ന് മാത്രം..! തുറന്ന് പറഞ്ഞാല്‍ എനിക്ക് ഒരു തരം ഭ്രാന്താണ്. അവളോട് ഞാന്‍ ഇതുവരെ മിണ്ടിയിട്ടില്ല. പക്ഷെ അവളെ കുറിച്ച് പലകാര്യങ്ങളും ഞാനറിയുന്നു.
രണ്ടാം വര്‍ഷം എന്ന് പറയുന്നത് സ്പെഷ്യലൈസേഷന്‍ സമയം ആണല്ലോ. എന്നുമൊന്നും ക്ലാസുണ്ടാവില്ല. എന്നാലും ഞാന്‍ എന്നും കോളേജില്‍ പോകും, അവളുടെ ഒരു ചിരി കാണാന്‍ മാത്രം. ഒരു ദിവസം അവളെ കണ്ടില്ലെങ്കില്‍ എന്റെ മൂഡ് പോവും. ആദ്യമൊക്കെ എന്തോ വിഷമം പോലെ തോന്നുകയേ ഉള്ളായിരുന്നു, എന്നാല്‍ ദിവസങ്ങള്‍ കടന്ന് പോകവേ ഞാന്‍ മനസിലാക്കി, അവളില്ലെങ്കില്‍ ഞാന്‍ മറ്റാരോ ആയി പോകുന്നു. എന്നിട്ടും ഒരു വട്ടം പോലും സംസാരിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല, അതോ ധൈര്യമില്ലായിരുന്നോ? അറിയില്ല.
ലേഖയുടെ ഓരോ പുഞ്ചിരിയേയും ഒരുത്സവം പോലെ ഞാന്‍ ആഘോഷിച്ചിരുന്നു. എന്നും കാണാറുണ്ട്, അല്ലെങ്കില്‍ കാണാന്‍ ഞാന്‍ അവസരം ഉണ്ടാക്കാറുണ്ട്. എന്നിട്ടും മിണ്ടിയില്ല. കൂട്ടുകാരൊക്കെ കളിയാക്കും. ഇവന് വട്ടാണ്.. ഇത്രയും ഇഷ്ടമാണെങ്കില്‍ നിനക്ക് പോയി പറഞ്ഞുകൂടെ? ഇങ്ങനെ പല ചോദ്യങ്ങളും ഞാന്‍ നേരിട്ടു. പക്ഷെ അങ്ങനെയൊരു സംഭവം മാത്രം ഉണ്ടായില്ല. ഞാന്‍ ഒന്നു രണ്ട് തവണ ശ്രമിച്ചതാണ്. പക്ഷെ അവളുടെ അടുത്തെത്തുമ്പൊഴേക്കും ഹൃദയം ചാടി പുറത്ത് പോകുന്നത് പോലെയാണ്. അവളെങ്ങാനും എന്നോട് മിണ്ടിയാല്‍ ഞാന്‍ ചിലപ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് തട്ടിപ്പോകും എന്നതാണ് അവസ്ഥ..!
ഞാന്‍ ചായ കുടിക്കാന്‍ വന്നതാണ്. ഗ്ലാസുകള്‍ അടുക്കിയടുക്കി വെച്ചിരുന്നു. ഞാന്‍ ഒരു ഗ്ലാസെടുത്തു. അടുത്ത് വെച്ചിരുന്ന ചായപ്പാത്രത്തില്‍ നിന്നും ഒരു ഗ്ലാസ് ചായ എടുത്ത് ഞാന്‍ മെല്ലെ മാറി നിന്നു. മനസില്‍ മുഴുവന്‍ വരാന്‍ പോകുന്ന ഇന്റര്‍വ്യൂവായിരുന്നു. ഇത് കിട്ടിയാല്‍ ജീവിതം രക്ഷപ്പെട്ടു. നല്ല ശമ്പളം, നല്ല കമ്പനി.. ഞാന്‍ ചായ കുടിച്ച് ഗ്ലാസ് കഴുകി അതിരുന്നിടത്തേക്ക് നടന്നു. ഡും ഡും ഡും ഡും.. ഹൃദയം ഭയങ്കരമായി ഇടിക്കാന്‍ തുടങ്ങി. എന്റെ മുന്നില്‍, എന്നെ തന്നെ നോക്കി അവള്‍ നടന്നു വരുന്നുണ്ടായിരുന്നു.
ഏട്ടാ.. ആ ഗ്ലാസൊന്ന് തരുമോ?.. ഞാന്‍ നോക്കി, മറ്റ് കുട്ടികളൊക്കെ ഗ്ലാസ് കൈയ്യിലാക്കി കഴിഞ്ഞിരുന്നു. ബഹളമുണ്ടാക്കി അവര്‍ ചായ കുടിക്കുകയായിരുന്നു. പക്ഷെ ഞാന്‍ ആ ശബ്ദങ്ങളൊന്നും കേള്‍ക്കുന്നില്ലായിരുന്നു. ഞാന്‍ മറ്റാരെയും കാണുന്നുമില്ലായിരുന്നു. യാന്ത്രികമായി ഗ്ലാസ് അവള്‍ക്ക് നേരെ നീണ്ടു. താങ്ക്സ്.. അവള്‍ പറഞ്ഞു. ഞാന്‍ ഒന്നും പറഞ്ഞില്ല. എന്റെ ചെവിയില്‍ അവളുടെ ശബ്ദത്തിനു പുറമേ എന്റെ ഹൃദയമിടിപ്പുകള്‍ മാത്രമേ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നുള്ളു. ഇന്ന് ഇന്റര്‍വ്യൂവല്ലേ? അടുത്ത ചോദ്യം.
എന്താ??
ഇന്ന്.. ഇന്റര്‍വ്യൂവല്ലെ??
അ..അതെ.
ടൈം ആവാറായി അല്ലെ? ടെന്‍ഷനൊന്നും വേണ്ട. നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റും. ബെസ്റ്റ് ഓഫ് ലക്ക്.
ഞാന്‍ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു. കുറച്ച് നേരം എന്നെ നോക്കി നിന്ന ശേഷം അവള്‍ പോയി, ഒരു ചിരിയോടെ തന്നെ. ഓഹ്! ഒരു നന്ദി പോലും പറഞ്ഞില്ല. മണ്ടന്‍! ആ സംഭവം അവിടെ വിട്ടിട്ട് ഇന്റര്‍വ്യൂവില്‍ ശ്രദ്ധിക്കണമായിരുന്നു ഞാന്‍. പക്ഷെ അത് ചെയ്തില്ല. അവളോട് മിണ്ടിയതിന്റെ സന്തോഷത്തില്‍ മുഖത്തൊരു ചിരിയുമായി ഞാന്‍ എന്റെ ക്ലാസിലേക്ക് പോയി. എന്നാല്‍ ആ കോളേജ് മുഴുവന്‍ ഓടിചാടി നടന്ന് നൃത്തം ചെയ്യുകയായിരുന്നു എന്റെ മനസ്. ഞാന്‍ ഏറ്റവും പ്രതീക്ഷയോടെ ഇരുന്ന ആ ഇന്റര്‍വ്യൂ എന്റെ ജീവിതത്തിലെ ഏറ്റവും ബോറന്‍ ഇന്റര്‍വ്യൂവായി മാറി. ചോദ്യങ്ങളൊന്നും ഞാന്‍ കേള്‍ക്കുന്നില്ലായിരുന്നു. അല്ലെങ്കില്‍ രണ്ടേ രണ്ട് ചോദ്യങ്ങളെ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നുള്ളു - ഗ്ലാസൊന്ന് തരുമോ? ഇന്ന് ഇന്റര്‍വ്യൂവല്ലെ??

ആ ഇന്റര്‍വ്യൂ നഷ്ടപ്പെട്ടെങ്കിലും എനിക്ക് മറ്റൊരു ജോലി കിട്ടി. പക്ഷെ ശമ്പളം നേര്‍ പകുതിയായിരുന്നു എന്ന് മാത്രം. കോളേജില്‍ എന്റെ ശേഷിച്ച അഞ്ചാറ് മാസങ്ങള്‍ ലേഖയുമായി സംബന്ധിച്ചാല്‍ ഒന്നും സംഭവിക്കാതെ കടന്നു പോയി. പഴയ പോലെ ചിരിയില്‍ മാത്രമൊതുങ്ങി ഞങ്ങളുടെ ബന്ധം(?). ഞാന്‍ ഡയറി അടച്ച് വെച്ചു.
ഇന്ന് ഒക്ടോബര്‍ 7. ഒരു വര്‍ഷം കൂടെ കടന്നു പോയിരിക്കുന്നു. കോളേജില്‍ നിന്നും ഇറങ്ങിയ ശേഷം ലേഖയെ ഞാന്‍ കണ്ടിട്ടില്ല. എന്റെ ജോലിയില്‍ ഞാന്‍ അത്രകണ്ട് സന്തുഷ്ടനൊന്നുമല്ലായിരുന്നു എങ്കിലും ജോലി ഞാന്‍ വെറുത്തിരുന്നില്ല. ഇന്ന് ഒരു വെള്ളിയാഴ്ച. ഏകദേശം 12 മണി കഴിഞ്ഞു. ഞാന്‍ എറണാകുളത്ത് തിരക്കേറിയ നഗരവീഥിയിലൂടെ വണ്ടിയോടിച്ച് പോവുകയാണ്. പെട്ടെന്ന് ഒരു മിന്നായം പോലെ ഞാന്‍ കണ്ടു. ലേഖ. പെട്ടെന്ന് ഒന്ന് തിരിഞ്ഞ് നോക്കി. തെറ്റ്! തിരക്കുള്ള റോഡില്‍ കൂടെ വണ്ടിയോടിച്ച് പോകുമ്പോള്‍ നേരെ നോക്കി വണ്ടിയോടിക്കണം. അല്ലെങ്കില്‍...

ഈ വര്‍ഷം എന്റെ ഡയറിയില്‍ ഒക്ടോബര്‍ 7 എന്ന തീയതിയില്‍ ഞാനൊന്നുമെഴുതിയില്ല. പിന്നീടങ്ങോട്ട് ഒരു ദിവസവും ഞാന്‍ ഡയറി എഴുതിയില്ല. അവസാനമായി എനിക്കൊരു തെറ്റ് പറ്റിയത് ഈ ഒക്ടോബര്‍ ഏഴാം തീയതിയായിരുന്നു. പിന്നീട് ഒരു തെറ്റ് പറ്റാന്‍ ഞാന്‍ ഉണ്ടായിരുന്നില്ല..