02 ജൂലൈ 2008

ലവ് ലെറ്റര്‍

പ്രിയപ്പെട്ട അനസൂയ അറിയുന്നതിന്,

കത്തെഴുതി ശീലമില്ലാത്ത ഒരാളാണ് ഞാനെന്ന് അനസൂയയ്ക്ക് അറിയുമോ എന്നെനിക്കറിയില്ല. ഗള്‍ഫില്‍ ജോലിയുള്ള അമ്മാവന് അദ്ദേഹം ലീവിന് വരുന്നതിന് ഒരു മാസം മുമ്പ് അയയ്‌ക്കുന്ന ഒരു കത്തൊഴിച്ചാല്‍ ഞാന്‍ വര്‍ഷത്തില്‍ വേറെ ആര്‍ക്കും എഴുതാറില്ല. പക്ഷെ നിന്നോട് സംസാരിക്കാന്‍ അവസരം ലഭിക്കാത്ത ഈ സാഹചര്യത്തില്‍ എനിക്ക് ഇതല്ലാതെ വേറൊരു വഴിയില്ല.

ഇന്നത്തെ കാലത്ത് നമ്മുടെ ഈ കൊച്ചുഗ്രാമത്തില് പോലും ഇന്റര്നെറ്റും മൊബൈല്ഫോണും അരങ്ങുതകര്ക്കുമ്പോള് നീ ഇത് വരെ ഒരു 1100 പോലും വാങ്ങിയില്ല എന്നത് എന്നില് കുറച്ചൊന്നുമല്ല അത്ഭുതമുളവാക്കുന്നത്. നീ അഥവാ മൊബൈല് വാങ്ങിയിരുന്നുവെങ്കില് നിന്റെ ഏറ്റവും അടുത്ത കൂട്ടുകാരി സുനന്ദയുടെ കൈയ്യില് നിന്നും ഞാന്‍ നിന്റെ നമ്പര്‍ എങ്ങനെയെങ്കിലും വാങ്ങിയേനെ. കാലിത്തീറ്റയുടെ പേരും പശുവിന്റെ മുഖവുമുള്ള നിന്റെ ആ കൂട്ടുകാരി എനിക്ക് ഇപ്പോള്‍ ചെറിയ തോതില്‍ പാര പണിയുന്നത് മറന്നിട്ടല്ല. നിന്നോടുള്ള ഇഷ്‌ടം എനിക്ക് അവളോടുള്ള ദേഷ്യത്തെക്കാള്‍ അധികമാണ്.

ഒരു ഈമെയില്‍ ഐഡിയും ഇതുവരെയായി നീ ക്രിയേറ്റ് ചെയ്‌തില്ലല്ലോ അനസൂയേ? ഒരുപകാരവുമില്ലാത്ത നമ്മുടെ സര്‍ക്കാരുകള്‍ സൌജന്യമായി കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍‌കുന്ന ഈ നാളുകളില്‍ നിന്നില്‍ നിന്ന് ഞാന്‍ ഒരു ഈമെയില്‍ ഐഡിയെങ്കിലും പ്രതീക്ഷിച്ചു. എല്ലാം പോട്ടെ.. വെറുതെ എന്തിന് ഇല്ലാത്ത കാര്യങ്ങള്‍ ഓര്‍ത്ത് എഴുത്തിന്റെ പേജുകള്‍ കൂട്ടണം? എങ്കിലും മുകളില്‍ പറഞ്ഞ സാധനങ്ങളുടെ സേഫ്റ്റി ഈ നേരിട്ടുള്ള കത്തിന് ഇല്ല എന്നത് നീ മറക്കാന്‍ പാടില്ല. അത് കൊണ്ട് എന്നോട് ഒരല്‍‌പമെങ്കിലും സ്നേഹമുണ്ടെങ്കില്‍ നീ ഉടന്‍ തന്നെ ഒരു ഈമെയില്‍ ഐഡി ക്രിയേറ്റ് ചെയ്യണം.

ഈ കത്തിന്റെ മറുപടിക്കൊപ്പം നിന്റെ ഈമെയില്‍ ഐഡി കൂടെ പ്രതീക്ഷിച്ച് കൊണ്ട്,

നിന്നെ ഒരുപാടിഷ്ട‌പ്പെടുന്ന നിന്റെ മാത്രം സ്വന്തമായ,


(പേര് വെയ്‌ക്കുന്നില്ല. എന്റെ കഷ്ട‌കാലത്തിന് നിന്റെ അച്ഛനെങ്ങാനും ഈ കത്ത് കിട്ടിയാല്‍ എന്റെ തടി കേടാകരുതല്ലോ.. അച്ഛന്‍ ആരുടെ കത്താണെന്ന് ചോദിച്ച് നിന്നെ തല്ലിയാലും, എന്റെ പേര് പറയരുതേ ചക്കരേ..)

നിനക്ക് എന്റെ ആയിരം ഉമ്മകള്‍..!