01 ജനുവരി 2008

അഞ്ജലി


അഞ്ജലി. 20 വയസ്. വാഹനാപകടത്തില്‍ മരിച്ചു. പത്രത്തില്‍ ഫോട്ടോയും വന്നിട്ടുണ്ട്. ആ പടം കണ്ടാണ് വിവേക് വേഗം മിഥുന്റെ മുറിയിലേക്ക് ചെന്നത്.

മിഥുന്‍, നീ അറിഞ്ഞോ? അഞ്ജലി...

മ്.. ഞാനറിഞ്ഞു വിവേക്‍.

“...”

എന്തേ നീ ഓടി ഇങ്ങോട്ട് വന്നത്? എന്നെ നിനക്ക് പേടിയാ? ഞാനെന്തെങ്കിലും ചെയ്തു കളയുമെന്ന് കരുതിയോ?”

മിഥൂ.. എനിക്ക് നിന്നെ അറിയാം. നീ മണ്ടത്തരങ്ങള്‍ കാണിക്കില്ലെന്നും അറിയാം. പക്ഷെ ഈ വാര്‍ത്ത കേട്ടപ്പോള്‍ എനിക്കാദ്യം തോന്നിയത് നിന്നെ കാണാനാണ്.

ഇഷ്ടപ്പെട്ട പെണ്‍കുട്ടി മരിച്ചാല്‍ ഒരു ആണ്‍കുട്ടിക്ക് എന്ത് തോന്നും എന്നറിയാനാണോ??”

എനിക്കറിയാം നിനക്ക് അവളെ ഇഷ്ടമായിരുന്നെന്ന്. പക്ഷെ അവളുടെ ഭാഗത്ത് അങ്ങനെയൊരു ഇഷ്ടമുണ്ടോയെന്ന് നമുക്കറിയില്ലല്ലോ.. തന്നെയുമല്ല ഞാനൊരിക്കലും നിങ്ങള്‍ ഒന്നിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല.

മിഥുന്‍ ചോദ്യഭാവത്തില്‍ വിവേകിനെ നോക്കി.

*** *** *** *** ***

എന്റെ ഉണ്ണി, നീയിത്ര പേടിത്തൊണ്ടനായാലെങ്ങനെയാ?”, അരുണ്‍ ചോദിച്ചു. ഉണ്ണി മറുപടി പറഞ്ഞില്ല. അവന്‍ തല ചെരിച്ച് അരുണിനെ ഒന്ന് നോക്കുക മാത്രം ചെയ്തു.

നീ അഞ്ജലിയെ ഇന്നുമിന്നലെയും ഒന്നും കാണാന്‍ തുടങ്ങിയതല്ലല്ലോ? അവളുമായി നീ നല്ല കമ്പനിയുമാണ്. പിന്നെയെന്താ പ്രശ്നം?”

എടാ, നീയെന്താ മനസിലാക്കാത്തത്? ഞങ്ങള്‍ നല്ല കൂട്ടാണെന്ന് വെച്ച് ഇഷ്ടമാണെന്നൊക്കെ ചെന്ന് പറഞ്ഞാല്‍ എന്താ റിയാക്ഷന്‍ എന്ന് പറയാന്‍ പറ്റില്ല. ഉള്ള ഫ്രെണ്ട്‌ഷിപ് കൂടി പോകും ചിലപ്പോള്‍..

അതൊന്നുമില്ല. നീ ചെന്ന് പറയാന്‍ നോക്ക്.. ഒരു കാര്യം പറഞ്ഞേക്കാം, ഇനി രണ്ടേ രണ്ട് ദിവസം കൂടിയേ ക്ലാസുള്ളു. അത് കഴിഞ്ഞാല്‍ നമ്മുടെ ഡിഗ്രി ജീവിതം അവസാനിക്കുകയാണ്. നന്നായി ആലോചിക്കുക.

അരുണ്‍ നടന്നകന്നു. ഉണ്ണി കുറച്ച് നേരം കൂടി അവിടെ നിന്നു. അരുണ്‍ പറയുന്നതിലും കാര്യമില്ലേ? രണ്ട് ദിവസം കൂടിയേ ഉള്ളു. പിന്നെ പരീക്ഷയാണ്. അത് കഴിഞ്ഞാല്‍ പിന്നെ അഞ്ജലിയെ ഒക്കെ കാണാന്‍ കഴിയുമോ എന്ന് തന്നെ സംശയമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി അവളുമായി സൌഹൃദം തുടങ്ങിയിട്ട്. എന്നു മുതലാണ് അതൊരിഷ്ടമായതെന്ന് അറിയില്ല. പക്ഷെ അതൊരിക്കലും തുറന്ന് പറഞ്ഞില്ല. ഇനി വൈകിക്കണ്ട, നാളെ തന്നെ പറയാം. ഈ തീരുമാനത്തില്‍ ഉണ്ണി കോളേജ് വിട്ടു.

പിറ്റേന്ന് വൈകുന്നേരമാണ് ഉണ്ണി അഞ്ജലിയുമായി കണ്ടുമുട്ടിയത്. രാവിലെ മുതല്‍ പല അവസരങ്ങള്‍ ഉണ്ടായെങ്കിലും ഉണ്ണി അതെല്ലാം മനഃപൂര്‍‌വ്വം ഒഴിവാക്കുകയായിരുന്നു. കണ്ടുമുട്ടിയപ്പോഴാകട്ടെ, ടെന്‍ഷന്‍ കൊണ്ട് അവനൊന്നും മിണ്ടാന്‍ തന്നെ വയ്യാത്ത അവസ്ഥയായിരുന്നു.

അഞ്ജലിയെ ഇന്ന് കണ്ടതേയില്ലല്ലോ?”

ഞാന്‍ ഇവിടെ ഉണ്ടായിരുന്നു, ഉണ്ണിയേട്ടനെയാ ഇവിടെ കാണാതിരുന്നത്. ഞാന്‍ രാവിലെ മുതല്‍ നോക്കി നടക്കുവാ.

എന്തേ?”

ഒരു ബെസ്റ്റ് ഓഫ് ലക്ക് പറയാന്‍.. ഞാന്‍ നാളെ വരില്ല, ഒരു മാര്യേജ് ഉണ്ട്.

ഞാന്‍ നാളെ പോകുകയാണ്..

അറിയാം.. അതാ ഞാന്‍ നോക്കി നടന്നത്. ഒരു ഗിഫ്റ്റ് തരാന്‍..

എവിടെ?”

ഒരു കണ്ടീഷന്‍. ഇത് ഇന്ന്‍ തുറന്ന് നോക്കരുത്. നാളെയേ തുറക്കാവൂ.. ഓക്കെ?”

ശരി.. സമ്മതിച്ചു.

അവള്‍ അവന് ഒരു പൊതി നല്‍കി, വര്‍ണ്ണക്കടലാസാല്‍ പൊതിഞ്ഞ ഒരു സമ്മാനം.

അയ്യോ.. ബസ് വന്നു. ഞാന്‍ പോകുവാണേ.. ബൈ

ബൈ..ഉണ്ണി അറിയാതെ കൈ വീശി. പറയാന്‍ വന്നത് അവന്‍ മറന്നിരുന്നുവോ?? കൈയ്യില്‍ ആ സമ്മാനപ്പൊതി അവന്‍ മുറുകെ പിടിച്ചിരുന്നു. ബസിനുള്ളിലിരുന്ന് ആരൊക്കെയൊ അവനെ നോക്കുന്നത് അവന്‍ അറിയുന്നുണ്ടായിരുന്നില്ല.

അന്ന് രാത്രി ആ സമ്മാനം നോക്കി ഉണ്ണി എത്ര നേരം ഇരുന്നു എന്ന് പറയാന്‍ കഴിയില്ല. എങ്കിലും അവന്‍ അത് തുറന്നില്ല. അഞ്ജലിയോട് പ്രോമിസ് ചെയ്തതാണ്, അത് ഞാന്‍ തെറ്റിക്കില്ല എന്നതായിരുന്നു ഉണ്ണിയുടെ പക്ഷം. രാത്രി എപ്പഴോ അവന്‍ ഉറങ്ങി. നേരം വെളുത്തു. ഉണ്ണി ഉണര്‍ന്നു. മേശമേല്‍ ഇരുന്ന ആ പൊതി അവന്‍ വിറയ്‌ക്കുന്ന കൈകളോടെ എടുത്തു. മെല്ലെ അത് അവന്‍ തുറന്നു. ഒരു ഗ്രീറ്റിങ്ങ് കാര്‍ഡ്. അതില്‍ ഇങ്ങനെയെഴുതിയിരുന്നു..

റ്റു മൈ ഡിയര്‍ ബ്രദര്‍..

ബാക്കി അവന്‍ വായിച്ചില്ല.കുറച്ച് നേരം അവന്‍ അനങ്ങാതെയിരുന്നു. പതിയെ അവന്റെ മുഖത്ത് ഒരു ചിരി വിടര്‍ന്നു. തനിക്കൊരനിയത്തിയെ കിട്ടിയിരിക്കുന്നു..

*** *** *** *** ***

ജോണി കുറെ നേരമായി കാത്തിരിക്കുന്നു. ഈ ബസിതെവിടെ പോയി കിടക്കുന്നു. അവന്‍ സ്വയം ചോദിച്ചു. മണി അഞ്ചരയാകുന്നു. എന്നും അഞ്ചേ ഇരുപതിന് കൃത്യമായി വരുന്നതാണ്. ഇന്ന് മാത്രം എന്തേ ഇത് താമസിക്കുന്നു? അഞ്ജലിയോട് തന്റെ ഇഷ്ടം പറയാന്‍ തീരുമാനിച്ച ദിവസം തന്നെ ഈ ബസ് താമസിച്ചാലോ.. ജോണി അവിടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

അപ്പോളതാ, ദൂരെ നിന്നും വരുന്നു മുരുകന്‍, വെള്ളയില്‍ നീലയും ചുവപ്പും വരകളുള്ള മുരുകന്‍ എന്ന പ്രൈവറ്റ് ബസ്. അഞ്ജലി എന്നും വരുന്ന ബസ്. ജോണി വേഗം അവിടുന്ന് കുറച്ച് മാറി നിന്നു. അവള്‍ ബസിറങ്ങുമ്പോള്‍ തന്നെ എന്നെ കാണണ്ട, ജോണി മനസില്‍ പറഞ്ഞു.

ജോണി ഒരു കടത്തിണ്ണയില്‍ നിന്നു, അവന്റെ കണ്ണ് റോഡിലേക്ക് തന്നെയായിരുന്നു. അവന്‍ കണ്ടു, അഞ്ജലി മെല്ലെ നടന്ന് പോകുന്നത്. അവനും അവളുടെ പുറകേ നടന്നു, അഞ്ച് മിനിറ്റോളം. അഞ്ജലി നിന്നു.

എന്താ ഇയാള്‍ക്ക് വേണ്ടത്? കുറച്ച് നേരമായല്ലോ പുറകേ നടക്കുന്നു?”

അഞ്ജലിയോട് ഒരു കാര്യം പറയാനുണ്ടായിരുന്നു..

പറയൂ.. ഇങ്ങനെ പുറകേ നടക്കുന്നത് ശരിയല്ല.

അത്.. എനിക്ക് .. അഞ്ജലി..സംഭരിച്ചു വെച്ചിരുന്ന ധൈര്യമെല്ലാം ചോര്‍ന്നു പോകുന്ന പോലെ ജോണിക്ക് തോന്നി.

വേഗം പറയൂ.. എനിക്ക് പോണം.

എനിക്ക്.. അഞ്ജലിയെ.... അ.. അഞ്ജലീടെ ചിരി എനിക്കിഷ്ടമാ‍.

അഞ്ജലി പൊട്ടിചിരിച്ചു. ജോണി എന്ത് പറയണമെന്നറിയാതെ നിന്നു. പെട്ടെന്നാണ് അവളുടെ ചിരി നിന്നത്.

താനിങ്ങനെ എന്റെ പുറകേ നടക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായല്ലോ.. ഞാന്‍ അറിയുന്നില്ല എന്നാണോ വിചാരം?”

അവളുടെ കനത്ത ശബ്ദം ജോണിയെ നിശബ്‌ദനാക്കി.

ഒരു കാര്യം ഞാന്‍ പറയാം.. ഇതൊന്നും എനിക്കിഷ്ടമല്ല. എന്ന് വെച്ച് എന്നും ഞാന്‍ ഇങ്ങനെ ആയിരിക്കും എന്നൊന്നും പറയുന്നില്ല.. ഇപ്പോള്‍ ഒരു പ്രേമം എന്റെ മനസിലില്ല, ആരോടും.. ഭാവിയില്‍ ഉണ്ടായേക്കാം, ചിലപ്പോള്‍ തന്നോട് തന്നെ..

ജോണിയുടെ മുഖം തെളിഞ്ഞു. അവന്‍ എന്തോ പറയാന്‍ തുടങ്ങി. പക്ഷെ അഞ്ജലി അത് തടഞ്ഞ് കൊണ്ട് തുടര്‍ന്നു

തല്‍ക്കാലം താന്‍ എന്റെ പുറകെ വരുന്നത് നിര്‍ത്തണം. ഒരു പക്ഷെ ഒരു ദിവസം എനിക്ക് തന്നെ ഇഷ്ടപ്പെടാന്‍ അതൊരു കാരണമാകുമായിരിക്കും.. വരട്ടെ

അഞ്ജലി നടന്നകന്നു. ജോണി അവളെ തന്നെ നോക്കി നിന്നു. ഒരു വഴിപോക്കന്‍ അവരെ തന്നെ ശ്രദ്ധിച്ച് നോക്കി വരുന്നുണ്ടായിരുന്നു..

*** *** *** *** ***

അഞ്ജൂ, ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയണം..

എന്താ? നീ ചോദിക്ക്.. നമ്മള്‍ ഈ റൂമിലായിട്ട് ഇപ്പോള്‍ നാല് മാസം. ഞാന്‍ നിന്നോട് നുണ പറയില്ല.

നീ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?”

അങ്ങനെ ചോദിച്ചാല്‍.. ഇല്ല.

കള്ളം. നീ ഒരു സുന്ദരിക്കുട്ടിയല്ലേ? എന്തായാലും നിന്റെ പിറകേ ആണ്‍‌പിള്ളേര് വന്നു കാണും, അവരിലൊരാളെ നീ പ്രേമിച്ചും കാണും.

ആണ്‍കുട്ടികള്‍ ഒരു പാട് പുറകേ നടന്നിട്ടുണ്ട്.. പക്ഷെ ഞാന്‍ അവരെ ആരേം പ്രേമിച്ചിട്ടില്ല.

ഓ പിന്നെ..

ഞാന്‍ പറയട്ടെ, എന്റെ പുറകേ നടന്നിട്ടില്ലാത്ത ഒരാളുണ്ട് നമ്മുടെ കോളേജില്.. അയാളെ എനിക്ക് വല്ല്യ ഇഷ്ടമാ..

അതാരാ?”

അവന്റെ പേര് വിവേക്. നമ്മുടെ സീനിയര്‍ ആണ്.

ഏത്? ആ മിഥുന്റെ ഒക്കെ കൂടെ നടക്കുന്ന വിവേകോ?”

അതെ.

അയ്യോ.. ഒരു മുരടന്‍ സ്വഭാവമാ.. വായിലിട്ടു കുത്തിയാലും മിണ്ടത്തില്ല.

ശരിയാ. ബട്ട്.. എനിക്കവനെ ഇഷ്ടമായി..

എന്നിട്ട് നീ അവനോട് പറഞ്ഞോ? പോട്ടെ എന്തെങ്കിലും സൂചന കൊടുത്തോ?”

ചെറിയ ചില സൂചനകള്‍ കൊടുത്തു. പക്ഷെ ആശാന്‍ അടുക്കുന്ന മട്ടില്ല. മിഥുന്‍ ആണ് പുള്ളിയുടെ ക്ലോസ് ഫ്രണ്ട്. ഞാന്‍ ഇനി മിഥുന്‍ വഴി ഒന്ന് അപ്പ്രോച്ച് ചെയ്യാന്‍ പോകുവാ.

ഓക്കെ.. ഓള്‍ ദ ബെസ്റ്റ്. ആ.. പിന്നെ മിഥുനെ ഒന്ന് സൂക്ഷിച്ചോ, കേട്ടൊ..

ഓ.. സൂക്ഷിച്ചോളാമേ.. എങ്കില്‍ ശരി. ഞാന്‍ പോകുവാ. ഇന്ന് തന്നെ മിഥുനെ കണ്ട് സംസാരിക്കണം.

അഞ്ജലി പോയി. അവളുടെ കൂട്ടുകാരി ഗോപിക അവളെ യാത്രയാക്കി. എന്നാല്‍ അഞ്ജലി മിഥുനെ കണ്ടില്ല. പിറ്റേന്ന് പത്രത്തില്‍ അവളുടെ പടം വന്നു - അഞ്ജലി. 20 വയസ്. വാഹനാപകടത്തില്‍ മരിച്ചു..

*** *** *** *** ***

എനിക്കറിയാം നിനക്ക് അവളെ ഇഷ്ടമായിരുന്നെന്ന്. പക്ഷെ അവളുടെ ഭാഗത്ത് അങ്ങനെയൊരു ഇഷ്ടമുണ്ടോയെന്ന് നമുക്കറിയില്ലല്ലോ.. തന്നെയുമല്ല ഞാനൊരിക്കലും നിങ്ങള്‍ ഒന്നിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല”,വിവേക് പറഞ്ഞു.

മിഥുന്‍ ചോദ്യഭാവത്തില്‍ വിവേകിനെ നോക്കി.

മിഥൂ.. ഞാനീ കോളേജില്‍ വരുന്നതിന് മുമ്പ് തന്നെ ഞാന്‍ അഞ്ജലിയെ കണ്ടിട്ടുണ്ട്. ഞാന്‍ എം.ബി.എ എന്‍‌ട്രന്‍സ് കോച്ചിങ്ങിന് പോയ്കൊണ്ടിരുന്ന സമയത്താണ് അഞ്ജലിയെ ഞാന്‍ ആദ്യമായി കാണുന്നത്. അപ്പോളവള്‍ കോളേജില്‍ പഠിക്കുകയായിരുന്നു. എന്നും ഞാന്‍ കയറുന്ന ബസിലാണ് അവളും കയറിയിരുന്നത്. അത് കൊണ്ട് തന്നെ ഞാനവളെ ശ്രദ്ധിച്ചിരുന്നു. ആദ്യമൊക്കെ ഞാന്‍ വെറുതെ നോക്കുകയേ ഉള്ളായിരുന്നു. പിന്നീടെപ്പൊഴോ അവളുടെ കോളേജ് അടുക്കുമ്പോള്‍ ഞാന്‍ ബസ് സ്റ്റോപ്പില്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങനെയാണ് അവളുടെ സ്വഭാവത്തെ പറ്റി എനിക്ക് ബോധ്യമായത്.

എന്താ അവള്‍ക്ക് കുഴപ്പം? ഒരു നല്ല കുട്ടിയായേ എനിക്ക് തോന്നിയിട്ടുള്ളു.

അതൊക്കെ അവളുടെ അഭിനയമാണ്.. എന്നും അവള്‍ അവിടെ ഒരുത്തനുമായി സംസാരിക്കാറുണ്ടായിരുന്നു.

അവളുടെ ക്ലാസ്‌മേറ്റ് ആയിരിക്കും. ഒരു നല്ല ഫ്രണ്ട് ആയിരിക്കും അവന്‍.

ആദ്യം ഞാനും അങ്ങനെയാ വിചാരിച്ചേ.. പക്ഷെ ഒരു ദിവസം അവള്‍ അവനൊരു സമ്മാനം കൊടുത്തു. എന്നിട്ട് ഓടി വന്ന് ബസില്‍ കയറി. അവന്റെ മുഖം ഞാനിപ്പോഴും ഓര്‍ക്കുന്നു.. എന്തൊരു പ്രേമം!

ഓഹൊ.. അവള്‍ക്ക് ഒരാളെ ഇഷ്ടമായിരുന്നല്ലേ..

ഒരാളെ അല്ല.. അതെനിക്ക് പിന്നീട് മനസിലായി. അവളുടെ വീടിനടുത്ത് എനിക്കൊരു സുഹൃത്തിനെ കിട്ടി, ജോണി. ഒരു ദിവസം ജോണി ക്ലാസില്‍ വന്നില്ല. അന്ന് കുറച്ച് സ്റ്റഡി മെറ്റീരിയല്‍‌സ് കിട്ടി. ഞാന്‍ അതുമായി ജോണിയുടെ വീട്ടിലേക്ക് പോയി. വഴിയില്‍ വെച്ച് അവളും ജോണിയുമായി ചിരിച്ച് സംസാരിക്കുന്നത് കണ്ടു. അവള്‍ പോയപ്പോള്‍ ഞാന്‍ ജോണിയോട് ആരാണവളെന്ന് ചോദിച്ചു. അവന്‍ പറഞ്ഞു അവന്റെ കാമുകിയാണെന്ന്.

ഒരു പക്ഷെ ആദ്യം നീ പറഞ്ഞ ആ പയ്യന്‍ അവളുടെ ഫ്രണ്ടും ജോണി അവളുടെ ലൈനും ആണെങ്കിലോ??”

ആയിരിക്കാം.. പക്ഷെ പിന്നെ അവളെന്തിന് എന്നെ വളയ്‌ക്കാന്‍ നോക്കുന്നു?”

നിന്നെയോ?? നീ എന്താ വിവേക് പറഞ്ഞു വരുന്നത്?”

അതേടാ.. അവള്‍ എന്നെ വളയ്‌ക്കാനും പല ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷെ ഞാന്‍ പിടി കൊടുത്തില്ല. നിന്നോട് ഈ കാര്യം പറയണമെന്ന് ഞാന്‍ പലപ്പോഴും വിചാരിച്ചതാണ്. പിന്നെ വേണ്ട എന്ന് വെച്ചു.

പിന്നെ ഇപ്പോള്‍ പറയുന്നത്?”

അവള്‍ മരിച്ചതോര്‍ത്ത് നീ വിഷമിക്കരുത് എന്ന് കരുതി. നിന്റെ ലൈഫ് നശിക്കരുതല്ലോ, അതും അവളെ പോലൊരു പെണ്ണിന് വേണ്ടി..

താങ്ക്സ്.. നീയിത് ഇപ്പോഴെങ്കിലും പറഞ്ഞല്ലോ.. എന്നാലും അഞ്ജലി അങ്ങനെയൊരു കുട്ടിയാണെന്ന് എനിക്കിപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല.

മിഥുന്‍ സങ്കടമെല്ലാം മറന്ന് ചാടി എഴുന്നേറ്റു.

വിവേക്.. പെട്ടെന്ന് പോയാല്‍ മോണിങ്ങ് ഷോയ്‌ക്ക് കയറാം, അല്ലേ? നീ വേഗം റെഡിയായി വാ.. ഞാന്‍ താഴെ കാണും.

അവന്‍ ഒരു റ്റീഷര്‍ട്ട് എടുത്തിട്ട് ബൈക്കിനടുത്തേക്ക് പോയി. വിവേക് വേഗം അവന്റെ റൂമിലേക്കും...

3 അഭിപ്രായങ്ങൾ:

  1. ഇതൊരു പരീക്ഷണമാണ്.. ഇതു വരെ ഞാന്‍ ഇങ്ങനെ എഴുതിയിട്ടില്ല..

    അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എല്ലാവരും തുറന്ന് പറയണം എന്ന് അപേക്ഷിക്കുന്നു..

    എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍..

    :)

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം കൊള്ളാം.. ആകപ്പാടെ ഒരു മള്‍ട്ടി ഡൈമന്‍ഷണല്‍ ആണല്ലോ.. സിനിമയാക്കാം!! :)

    മറുപടിഇല്ലാതാക്കൂ