22 ജനുവരി 2007

മരീചിക


“വിശ്വാ, നാളെ മുതല്‍ മൂന്ന് ദിവസം നിങ്ങള്‍ക്ക് ട്രെയിനിങ് ഉണ്ടാവും.. കോറ് ബാങ്കിങ്ങ് ആണ് വിഷയം.. ഒരിക്കലും മുടക്കരുത്..”

“അയ്യോ സാറെ, എന്താ ഈ പറയുന്നത്? മറ്റന്നാള്‍ എന്റെ സിസ്റ്റര്‍-ഇന്‍-ലോയുടെ കല്യാണ നിശ്ചയമാണ്. നാളെ മുതല്‍ ലീവ് ചോദിക്കാനാ ഞാന്‍ ഇപ്പോള്‍ വന്നത്..”

“സോറി വിശ്വാ.. ഹെഡ്-ഓഫീസില്‍ നിന്നും ഓര്‍ഡര്‍ ഉണ്ട്.. താന്‍ പോയേ പറ്റൂ”

പിന്നെ ഞാ‍നവിടെ നിന്നില്ല. നിന്നിട്ട് കാര്യവുമില്ല. ഇനി വീട്ടില്‍ ചെന്ന് എന്ത് പറയും? എനിക്കറിയില്ല. ഞാന്‍ ബാങ്കില്‍ നിന്നിറങ്ങി. മറ്റ് ജോലിക്കാരൊക്കെ പോയി കഴിഞ്ഞിരുന്നു. ഞാന്‍ മെല്ലെ നടന്നു. മഴ പൊടിക്കാന്‍ തുടങ്ങി. ഞാന്‍ എന്റെ ബാഗ് പരതി.. കുട ഓഫീസില്‍ വെച്ച് മറന്നിരിക്കുന്നു. ഭാഗ്യത്തിന്‍ ഒരോട്ടോ വന്നു. ഞാന്‍ അതില്‍ കയറി എനിക്ക് പോകേണ്ട സ്ഥലം പറഞ്ഞു- ബസ് സ്റ്റാന്റ്.

ഓട്ടോ ബസ് സ്റ്റാന്റിലെത്തുന്ന സമയത്ത് ഞാന്‍ എന്നെ പരിചയപ്പെടുത്താം.. എന്റെ പേര്‍ വിശ്വനാഥന്‍, വിശ്വന്‍ എന്ന് വിളിക്കും. ഭാര്യയും അവളുടെ അമ്മയും അനിയത്തിയുമായി താമസം(ഈ അനിയത്തിയുടെ കല്യാണനിശ്ചയമാണ്‍ എനിക്ക് നഷ്ടപ്പെടാന്‍ പോകുന്നത്). അവളുടെ അച്ചന്‍ മരിച്ചു പോയി(അപ്പോള്‍ കല്യാണനിശ്ചയത്തില്‍ എന്റെ റോള്‍ പറയേണ്ടല്ലൊ?). എന്റെ അച്ചനും അമ്മയും നാട്ടിലാണ്‍.

ഓട്ടോ അതിന്റെ ലക്ഷ്യത്തിലെത്തി. ഭാഗ്യം! മഴ പോയിരിക്കുന്നു. ഞാന്‍ അന്തരീക്ഷം ആകെയൊന്ന് വിശകലനം ചെയ്തു. പതിവിന്‍ വിപരീതമായി എനിക്ക് പോകേണ്ട സ്ഥലത്തേക്ക് ഒരു ബസ് കിടപ്പുണ്ടായിരുന്നു. ഞാന്‍ വേഗം അതിനടുത്തേക്ക് നടന്നു, കാരണം, എനിക്കറിയാം ആ ബസ് പോയാലുള്ള എന്റെ അവസ്ഥ..

ആളുകള്‍ കയറുന്നുണ്ടായിരുന്നു. ഞാനും തള്ളി കയറി. എനിക്ക് മുന്‍പേ കയറിയവ൪ സീറ്റ് കയ്യടക്കി തുടങ്ങിയിരുന്നു. ഞാനും വേഗം ഒരു സീറ്റില്‍ ഇരിപ്പുറപ്പിച്ചു. വല്ലാത്ത ആശ്വാസം! ഞാന്‍ ചുറ്റും കണ്ണോടിച്ചു. എന്റെ അടുത്തിരുന്ന ആളെ കണ്ട് ഞാനൊന്ന് ഞെട്ടി. പാച്ചുവല്ലേ അത്?? അതെ, പാച്ചു തന്നെ! കോളേജില്‍ ഞാനാകുന്ന സീനീയറിന്റെ റാഗിങ്ങ് സഹിക്കാന്‍ വയ്യാതെ റ്റീസി വാങ്ങി പോയ പാച്ചു. അന്ന് അവന്റെ മുഖത്തുണ്ടായിരുന്ന പക.. അത് ഞാന്‍ ഇപ്പഴും ഓറ്ക്കുന്നു. അവന്‍ ഉറങ്ങുകയായിരുന്നു.
എന്റെ ഉള്ളില്‍ ഒരു ഭയം രൂപപ്പെടുന്നത് ഞാനറിഞ്ഞു. അവന്‍ ഉണറ്ന്നാല്‍.. എന്നെ തിരിച്ചറിഞ്ഞാല്‍.. ശ്ശെ! ഞാനെന്തൊരു മണ്ടനാണ്‍? ഈ പേടിതൊണ്ടന്‍ പാച്ചു എന്നെ എന്ത് ചെയ്യാന്‍? അതും ഈ ബസില്‍..

“ടിക്കറ്റ്..ടിക്കറ്റ്..”, കണ്ടക്ട൪ എന്നെ ചിന്തയില്‍ നിന്നുണറ്ത്തി.

“ഒരു ********”, ഞാന്‍ പറഞ്ഞു, എന്നിട്ട് പോക്കറ്റില്‍ കൈയ്യിട്ടു. പേഴ്സ് കാണുന്നില്ല! ഞാന്‍ മൊത്തത്തില്‍ ഒന്നു തപ്പി. പേഴ്സ് ഏതോ വിദ്വാന്‍ പോക്കറ്റടിച്ചിരിക്കുന്നു.

“എടോ.. വേഗം കാശെടുക്ക്“, കണ്ടക്റ്ററിന്റെ ശബ്ദം കനത്തു.

“സാ൪, എന്റെ പേഴ്സ് പോക്കറ്റടിച്ചു”

“ഹും, അപ്പോള്‍ കാശില്ലല്ലേ? വേലയിറക്കാതെടോ.. ഇതു പോലെ കുറെയെണ്ണത്തിനെ കണ്ടിട്ടുള്ളതാണ്‍.. വേഷമൊക്കെ ടിപ്-ടോപ്. പക്ഷെ ചില്ലി കാശില്ല.”

ഞാന്‍ ചുറ്റും നോക്കി. മറ്റ് യാത്രക്കാ൪ എന്നെ പുച്ഛത്തോടെ നോക്കുന്നു. ഞാന്‍ പാച്ചുവിനെ നോക്കി. അവന്‍ കണ്ണ് തുറന്നു കഴിഞ്ഞു. എന്നെ സൂക്ഷിച്ച് നോക്കുന്നുണ്ട്. അവനെന്നെ മനസ്സിലായി കഴിഞ്ഞു.

“ഇത് പോലെ കുറെ പേര്‍ സ്ഥിരം ബസിലുണ്ടാവാറുണ്ടല്ലോ.. ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല. പിടിച്ച് പുറത്താക്കൂ സാ൪ ഈ ‘മാന്യ’നെ..”, പാച്ചു അങ്ങനെ പറയുമെന്ന് തോന്നി.

പക്ഷെ..

“എനിക്കറിയാവുന്ന ആളാണ്‍ സാ൪, ഇതാ പൈസ.. അദ്ദേഹത്തിന്‍ ടിക്കറ്റ് കൊടുക്കൂ..” എന്നാണ്‍ പാച്ചു.. അല്ല സുനില്‍ പറഞ്ഞത്(പാച്ചുവിന്റെ ശരിയാ‍യ പേര്‍ സുനില്‍ എന്നാണ്‍. സ്വദേശം ‘പച്ചാളം’ ആയത് കൊണ്ട് പാച്ചു എന്ന് വിളിച്ചിരുന്നു).

“അപ്പോള്‍ സുനില്‍ എന്നെ മറന്നില്ലാ അല്ലേ?”

“സുനില്‍ അല്ല, പാച്ചുവെന്ന് വിളിക്കാം”

അവന്‍ ചിരിച്ചു, ഞാനും. എന്തെന്നില്ലാത്ത ആശ്വാസം..

“ഇപ്പോള്‍ എന്ത് ചെയ്യുന്നു?”, ഞാന്‍ ചോദിച്ചു.

“ആറ്മിയിലാണ്‍.. കാശ്മീരില്‍.”

“ഓ.. ഇപ്പോള്‍ ഇവിടെ..”

“എന്റെ ചേട്ടന്റെ കല്യാണ നിശ്ചയമാണ് മറ്റന്നാള്‍.. പക്ഷെ..”

“എന്തുണ്ടായി?”

“ഞങ്ങളുടെ ഒരടുത്ത ബന്ധു ഇന്ന് രാവിലെ മരിച്ചു. അത് കൊണ്ട് ഫങ്ഷന്‍ മാറ്റി വെക്കണം. അതിനായി പെണ് വീട്ടുകാരുടെ അടുത്തേക്ക് പോവുകയാണ്‍ ഞാന്‍.”

“എവിടെയാ വീട്?”

“ചേട്ടന്‍ ബസിറങ്ങുന്നിടത്ത് തന്നെയെവിടെയോ ആണ്‍.. ഞാന്‍ ഈ ആലോചനയുടെ സമയത്ത് വീട്ടിലില്ലായിരുന്നു. എല്ലാവരും അവിടെ ഓരോ ജോലിയിലുമാണ്‍.. അതാ ഞാന്‍ തന്നെ വന്നത്. ഇതാ അഡ്രസ്സ്.. ചേട്ടനറിയാമോ എന്ന് നോക്കു”

ഞാന്‍ ആ അഡ്രസ്സ് വാങ്ങി നോക്കി.. എന്റെ അഡ്രസ്സ്!

“സുനില്‍, ഇത് എന്റെ അഡ്രസ്സ് ആണ്‍..അപ്പോള്‍ നമ്മള്‍ ബന്ധുകാരാണ്‍.. ദാ നമുക്കിറങ്ങാനുള്ള സ്ഥലമായി.. വരൂ.”

ഞങ്ങള്‍ ബസ്സിറങ്ങി. ഞാന്‍ സന്തോഷത്തിലായിരുന്നു. എന്റെ ലീവ് പോയില്ലല്ലൊ. പക്ഷെ ഞാനത് പുറത്ത് കാണിച്ചില്ല. ഗമയില്‍ പറഞ്ഞു..

“കല്യാണനിശ്ചയത്തിന്റെ കാര്യം നമുക്ക് വീട്ടില്‍ ചെന്ന് തീരുമാനിക്കാം.. സുനില്‍ വരൂ..”

ഞങ്ങള്‍ പതിയെ നടന്നു. റോഡില്‍ വെള്ളം കെട്ടികിടപ്പുണ്ടായിരുന്നു. നേരത്തെ പെയ്ത മഴയുടെ ബാക്കിപത്രം.

പെട്ടെന്നാണത് സംഭവിച്ചത്. ഒരു ടിപ്പ൪ ലോറി മിന്നല്‍ വേഗത്തില്‍ വന്ന് ചെളി വെള്ളം ഞങ്ങളുടെ ദേഹത്തേക്ക് വ൪ഷിച്ച് ഒന്നുമറിയാത്തവനെ പോലെ കടന്ന് പോയി.

മുഖത്തെ ചെളിവെള്ളം തുടച്ച് ഞാന്‍ നോ‍ക്കുംബോള്‍ എന്റെ മുന്നില്‍ റോഡില്ല.. പാച്ചുവുമില്ല.. ഭാര്യ കൈയ്യിലൊരു മഗ്ഗുമായി നില്പുണ്ട്!

“മണി 8 ആയി.. എണീറ്റേ മനുഷ്യാ.. ബാങ്കില്‍ പോവണ്ടേ? പിന്നെ ഇന്ന് വൈകിട്ട് നമുക്ക് പോണം.. ട്രെയിന്‍ 8.30നാ. നേരത്തേ വരണം.”

ഞാന്‍ കിടക്കയില്‍ നിന്നെണീറ്റ് എന്റെ റ്റൂത്ത്ബ്രഷിനരികിലേക്ക് നടന്നു..