
ബോളര്‍മാരുടെ പേടിക്ക് 20 വയസ്സ്..!
ഒരിക്കലും മറക്കാനാവാത്തത് :
ഷാര്‍ജ - ഓസീസിനെതിരെ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ - ഒന്ന് ടീമിനെ ഫൈനലില്‍ എത്തിക്കാനും, അടുത്തത് കപ്പ് നേടാനും.. ഇതിനു ശേഷം ഷെയ്ന് വോണ്‍ സച്ചിനെ പേടിച്ച് ഉറങ്ങാതിരുന്നിട്ടുണ്ട് എന്നൊരു കഥ കേള്‍ക്കുന്നു..!
ഷാര്‍ജ - ഹെന്റി ഒലോങ്കയുടെ അഹങ്കാരം തീര്‍ത്ത “തല്ല്”.. അന്ന് വിരമിച്ച ഒലോങ്ക പിന്നെ മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും കളി തുടങ്ങിയത്. അതിനു ശേഷം ഇന്ത്യയില്‍ പരമ്പരയ്ക്കെത്തിയ കക്ഷിയെ വീണ്ടും “കൈകാര്യം ചെയ്ത്“ എന്നന്നേക്കുമായി ഗ്രൌണ്ടില് നിന്നും ഓടിച്ചു!
2003 ലോകകപ്പ് - പാകിസ്ഥാനുമായുള്ള മത്സരം. അക്തറിനും വാഖറിനും കണക്കിനു കൊടുത്തു. അന്നൊരു സെഞ്ച്വറി കിട്ടിയില്ല എന്നത് ഇന്നും സങ്കടമുണ്ടാക്കുന്നു. ഇടയ്ക്ക് കാലില്‍ പേശിവലിവ് വന്നിരുന്നു. അതുകൊണ്ട് മാത്രം അന്ന് അവന്മാര് കൂടുതല്‍ വാങ്ങാതെ രക്ഷപ്പെട്ടു..
1993 ഹീറോ കപ്പ് (വര്‍ഷം കൃത്യമാണൊ എന്നോര്‍മ്മയില്ല) - വെസ്റ്റ് ഇന്റീസുമായുള്ള മത്സരത്തില്‍ അടിച്ചു തകര്‍ത്തിരുന്ന ബ്രയാന്‍ ലാറയെ ബോള്‍ഡ് ആക്കിയത്. സ്റ്റമ്പ് കറങ്ങി കറങ്ങി പോയത് ഇപ്പോഴും ഓര്‍ക്കുന്നു. അത് പോലെ സൌത്ത് ആഫ്രിക്കയുമായുള്ള കളി. അവസാന ഓവറില്‍ ജയിക്കാന്‍ 6 റണ്‍സ് വേണ്ടപ്പോള്‍, അതും ബ്രയാന്‍ മക്മില്ലനെ പോലെ അപകടകാരിയായ ഒരു ഓള്‍റൌണ്ടര്‍ ക്രീസില്‍ നില്ക്കുമ്പോള് ക്യാപ്റ്റന്‍ അസറിന് തന്റെ ബോളര്‍മാരെക്കാള്‍ വിശ്വാസം സച്ചിനെയായിരുന്നു. ആ വിശ്വാസം സച്ചിന് കാത്തു..
കൊച്ചി - കേരളത്തില്‍ സച്ചിന്റെ ഒരു മിന്നുന്ന ബാറ്റിങ്ങ് കാണാന്‍ കാത്തിരുന്ന മലയാളികളെ നിരാശരാക്കി സച്ചിന് നേരത്തെ പുറത്തായി. എന്നാല്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ആ കളിയില്‍ സച്ചിന് ഇന്ദ്രജാലം ബോള്‍ കൊണ്ട് കാണിച്ചു - 5 വിക്കറ്റ്!
സി.ബി. സീരിസ് - ഓസ്ട്രേലിയയെ തോല്പിക്കുക തന്നെ പ്രയാസം. അവരെ അവരുടെ മണ്ണില്‍ തോല്പിക്കുക എന്നത് അതിലേറെ പ്രയാസം. രണ്ട് ഫൈനലുകളിലും ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണായി നിന്ന് കപ്പ് നേടി തന്നത്..
ഹൈദരബാദ് - 350 എന്ന ഭീമന് ടോട്ടലിന് മുന്നില്‍ പതറാതെ നിന്ന് പൊരുതി, 175 റണ്‍സും നേടി. ജയിക്കാന്‍ വേണ്ടതില്‍ പകുതി റണ്‍സ്. ബാക്കി പകുതി നേടാന്‍ പത്ത് പേര് ഉണ്ടായിട്ടും നടന്നില്ല.. ജയിക്കാന്‍ വെറും 17 പന്തും 18 റണ്‍സും മാത്രം അകലെ അന്ന് സച്ചിന് പുറത്താകുമ്പോഴും ഞാന്‍ വിശ്വസിച്ചിരുന്നു, ബാക്കിയുള്ളവര്‍ ഈ ജയം സച്ചിന് വേണ്ടി നേടിയെടുക്കുമെന്ന്..
ഇരുപത് വര്‍ഷമായി ഈ മനുഷ്യന് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നു. 2011 ലോകകപ്പ് നേടാന്‍ സച്ചിന് എന്തായാലും പൊരുതും. ടീമിലെ ബാക്കി 13 പേരും കൂടെ നിന്നാല്‍ മതിയായിരുന്നു..