22 ഏപ്രിൽ 2012

34


അയാള്‍ കലണ്ടര്‍ നോക്കി. തീയതി - ഏപ്രില്‍ 22. അയാള്‍ കണക്ക് കൂട്ടി. മാര്‍ച്ച് 15, അല്ല, മാര്‍ച്ച് 18ന് തുടങ്ങി. മൂന്ന് മാസവും നാല് ദിവസവും കഴിഞ്ഞിരിക്കുന്നു തുടങ്ങിയിട്ട്. അതെ, ഇന്ന് 34 ദിവസം ആകുന്നു..!

മാര്‍ച്ച് 15ന്  ആയിരുന്നു എല്ലാത്തിന്റെയും തുടക്കം. അന്നയാള്‍ നഗരത്തിലെ ആ പ്രമുഖ തുണിക്കടയില്‍ പോയി. പുതിയ പാന്റ് വാങ്ങാനാണ് പോയത്. സൈസ് 32. കറുത്ത പാന്റെടുത്തു. ട്രയല്‍ ചെയ്തു നോക്കി. കേറുന്നില്ല. ഇപ്പോള്‍ കൈയ്യിലുള്ള പാന്റുകള്‍ എല്ലാം ടൈറ്റ് ആണല്ലോ എന്നയാള്‍ ഓര്‍ത്തു. അയാള്‍ ട്രയല്‍ റൂമിലെ കണ്ണാടിയില്‍ സ്വന്തം പ്രതിബിംബം നോക്കി. സ്വതവേ പൊക്കം കുറവാണ്. ഇപ്പോള്‍ വണ്ണവും വെച്ചിരിക്കുന്നു. ഒരു പന്ത് പോലെയുണ്ട് ഇപ്പോള്‍. വലിയ ഒരു ഫുട്‌ബോള്‍ ..

മാറിയ ജീവിത രീതി തന്നെ ഈ തടിക്ക് കാരണം. കാരണങ്ങളില്‍ പ്രധാനം ഹോട്ടല്‍ ഭക്ഷണം തന്നെ. വീട്ടില്‍ നിന്ന് ദൂരെയായത് കൊണ്ട് പോയി വരാന്‍ നിര്‍വാഹമില്ല (വേണമെങ്കില്‍ പോയി വരാനൊക്കെ പറ്റും. പക്ഷെ വീട് ഒരു പട്ടിക്കാട്ടിലാണ്. അവിടെ സിറ്റിയിലെ സൌകര്യങ്ങള്‍ ഒന്നും കിട്ടില്ലല്ലോ). പണ്ട് പുഴയില്‍ പോയി കുളിക്കുമായിരുന്നു. എന്നും വൈകുന്നേരം പിള്ളേരൊക്കെ ചേര്‍ന്ന് കളിക്കുമായിരുന്നു. ഇപ്പോഴാണേല്‍ തീറ്റ മാത്രമേ ഉള്ളൂ. ശരീരം അനങ്ങിയുള്ള ജോലിയൊന്നുമില്ല. വ്യായാമം പണ്ടുമില്ല, ഇപ്പോഴുമില്ല. എല്ലാം കൂടെ ചേര്‍ന്ന് വണ്ണം കൂടിയിരിക്കുന്നു.

ട്രയല്‍ റൂമില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അകാരണമായ ഒരു വിഷമം വന്ന് മനസില്‍ കയറിയത് പോലെ തോന്നി. ആത്മവിശ്വാസം ഒക്കെ നഷ്‌ടപ്പെട്ട പോലെ. ഈ കുടവയര്‍ കുറച്ചേ തീരൂ. എന്ത് ചെയ്യും? ആഹാരം കുറച്ചാല്‍ ?? ആഹാരം കുറച്ചത് കൊണ്ട് കൂടിയ വയര്‍ കുറയില്ല. വിശപ്പ് സഹിച്ച് വേറെ വല്ല അസുഖവും വരും. വണ്ണം കുറയാന്‍ ഒരൊറ്റ വഴിയേ ഉള്ളൂ. വ്യായാമം തന്നെ വേണം. അയാള്‍ കടയില്‍ നിന്നും 34 സൈസ് പാന്റ്സ് രണ്ടെണ്ണം വാങ്ങി, ഒപ്പം ഒരു ട്രാക്ക് സ്യൂട്ടും. അവിടുന്ന് നേരെ പോയത്  തൊട്ടപ്പുറത്തുള്ള ബാറ്റ ഷോറൂമിലേക്ക്. അവിടെ നിന്നും ഒരു ജോഡി ക്യാന്‍‌വാസ് ഷൂസും വാങ്ങിയാണ് അയാള്‍ വീട്ടിലേക്ക് പോയത്. തൊട്ടടുത്ത ദിവസം മുതല്‍ തന്നെ രാവിലെ നടക്കാന്‍ പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മടി മാറി ശരിക്കും നടക്കാന്‍ തുടങ്ങാന്‍ വീണ്ടും  2 ദിവസം കൂടി വേണ്ടി വന്നു. മാര്‍ച്ച് 18ന് അയാള്‍ തന്റെ കലണ്ടറില്‍ ചുവന്ന മഷി കൊണ്ട് ഒരു വട്ടം വരച്ചു. മാറുന്ന ജീവിതത്തിന്റെ തുടക്കം.

രാവിലെ എഴുന്നേറ്റത് കൊണ്ടുള്ള മാറ്റങ്ങള്‍ പലതായിരുന്നു. രാവിലെ നടക്കാന്‍ പോകുന്ന ഒരുപാട് ആളുകള്‍ വേറെയും ഉണ്ടെന്നുള്ള തിരിച്ചറിവ്. റോഡില്‍ പട്ടികളുടെ എണ്ണം അപകടകരമായ അവസ്ഥയിലാണെന്ന ഞെട്ടിക്കുന്ന സത്യം. രാവിലെ പത്രം വന്ന് വീഴുന്ന പുറകേ ചൂടോടെ അതെടുക്കുകയും വീടിനകത്തേക്ക് കയറുന്നതിനിടെ പ്രധാന തലക്കെട്ടുകള്‍ ഓടിച്ച് നോക്കുകയും ചെയ്തിരുന്ന ശീലം മാറി. നടന്നിട്ട് വരുമ്പോള്‍ പത്രം പകുതി ചൂടാറി മുറ്റത്ത് (അല്ല, തിണ്ണയില്‍ . കാരണം വീടിന് മുറ്റമില്ല!) കിടപ്പുണ്ടാവും. നേരം വൈകാതിരിക്കാന്‍ അത് മടക്കി ഡൈനിങ്ങ് ടേബിളില്‍ ഇട്ട് ഓഫീസിലേക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും. പിന്നെ പത്രം വായനയൊക്കെ കണക്കാണ്. ആദ്യത്തെ ഒന്ന് രണ്ട് ദിവസം ഓഫീസില്‍ ഇരുന്ന് ഉറക്കം തൂങ്ങുമ്പോള്‍ ഒരു മാതിരി വന്നെങ്കിലും, തുടര്‍ന്നങ്ങോട്ട് അത് ശീലമായി!

ഏപ്രില്‍ 22. അന്നും രാവിലെ പതിവ് പോലെ അയാള്‍ നടക്കാന്‍ പോയി. പക്ഷെ തിരിച്ച് വന്നപ്പോള്‍ വീടിന് പതിവ് മുഖമായിരുന്നില്ല. ആരോ അതിനുള്ളില്‍ കയറി വേണ്ടതെല്ലാം കൊണ്ട് പോയിരുന്നു. പോലീസിലും മറ്റും പരാതി കൊടുത്തു. രാവിലെ ആളുകള്‍ നടക്കാന്‍ പോകുന്ന തക്കത്തിന് വീട്ടില്‍ മോഷ്‌ടിക്കാന്‍ കയറുന്ന കള്ളന്മാരെ കുറിച്ചുള്ള വാര്‍ത്തകള്‍ പത്രത്തില്‍ വെണ്ടക്ക അക്ഷരത്തില്‍ വന്നിട്ടും അതൊന്നും മൈന്റ് ചെയ്യാതെ, വീടിന്റെ സുരക്ഷയില്‍ യാതൊരു ശ്രദ്ധയും കൊടുക്കാതെ വ്യായാമമെന്നും പറഞ്ഞ് രാവിലെ ഇറങ്ങിയതിനെ ആ പോലീസ് ഓഫീസര്‍ വിമര്‍ശിച്ചപ്പോഴാണ് നഗരത്തില്‍ ഇത്തരം സംഭവങ്ങള്‍ നടന്ന വിവരം അയാള്‍ അറിഞ്ഞത്. മൊത്തം നഷ്‌ടം 34000 രൂപയെന്ന് പോലീസ് കണക്കെടുത്തു. എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കാമെന്നും പറഞ്ഞു.

പിറ്റേന്ന് അയാള്‍ നടക്കാന്‍ പോയില്ല. ഒരു തിങ്കളാഴ്‌ചയുടെ പതിവ് ആലസ്യത്തില്‍ രാവിലെ ഓഫീസില്‍ പോകാന്‍ ഒരുങ്ങി. 32-ന്റെ പാന്റ് ആണെടുത്തത്. ഇത് ഇനി ഫിറ്റ് ആകും എന്ന പ്രതീക്ഷയോടെ ആണ് എടുത്തത്. അന്നയാള്‍ ഓഫീ‍സിലെത്താന്‍ കുറച്ച് വൈകി. 34-ന്റെ പാന്റ് തേച്ച് എടുക്കാന്‍ വേണ്ടി വന്ന സമയമാണ് അയാള്‍ വൈകിയത്.

അതെ. 34 ദിവസം നടന്നിട്ടും, രൂപ 34000 പോയിട്ടും.. സൈസ് ഇപ്പോഴും..... 34!