19 നവംബർ 2008

കട്ടുറുമ്പ് - അവസാന ഭാഗം

“സാറേ.. ഇറങ്ങാനുള്ള സ്ഥലമെത്തി.”

അവന്‍ കണ്ണ് തുറന്നു. നീണ്ട യാത്രയായിരുന്നു ബസ്സില്‍. തന്റെ നാട്ടിലേക്ക്. അതും നാലു വര്‍ഷങ്ങള്‍ക്ക് ശേഷം. പെട്ടിയെടുത്ത് പുറത്തിറങ്ങി, ചുറ്റുപാടും ഒന്ന് നോക്കി. നാട് ഒരുപാട് മാറി പോയി. എന്തായിരുന്നു കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും തിരികെ വരാഞ്ഞത്? പണിയെടുത്ത് പണിയെടുത്ത് വീടിനെ മറന്ന് പോയോ? കൂടുതല്‍ പൈസ ഉണ്ടാക്കാന്‍ അമ്മയെ മറന്നോ? ചോദ്യങ്ങള്‍ ഒരുപാടാണ്. അതിനൊന്നും ഉത്തരം തേടാത്തതാണ് നല്ലത്. ഒരേയൊരു ചോദ്യം മാത്രം - എന്തിന് തിരികെ വന്നു? ഉത്തരം നിസാരം. നഗരത്തില്‍ കട്ടുറുമ്പിനെ കിട്ടാനില്ല..!

ഇനി നാല് ദിവസം കൂടിയെ സമയമുള്ളൂ. കഴിഞ്ഞ മൂന്ന് ദിവസം എന്തൊക്കെ സംഭവിച്ചു?

സ്വപ്നം കണ്ടത് മുതല്‍ അവന്‍ ആശയക്കുഴപ്പത്തിലായിരുന്നു. അവശേഷിക്കുന്ന ഒരാഴ്ച എന്തൊക്കെ ചെയ്ത് തീര്‍ക്കും എന്നതിലുപരി എങ്ങനെ അമ്പത് കട്ടുറുമ്പിനെ കണ്ടെത്തി ലഡ്ഡു തീറ്റിക്കും എന്നതായിരുന്നു അവന്റെ മുന്നിലുള്ള ചോദ്യം. രാവിലെ ഓഫീസില്‍ പോകാന്‍ അവന്‍ തീരുമാനിച്ചതിന് പിന്നിലുള്ള കാരണവും വഴിയില്‍ കട്ടുറുമ്പിനെ തേടാം എന്നതായിരുന്നു. എന്നാല്‍ അവന് ഒരു കട്ടുറുമ്പിനെ പോലും കാണാന്‍ കഴിഞ്ഞില്ല. അന്ന് കമ്പനിയില്‍ നിന്നും രാജി വെച്ചാണ് അവന്‍ ഇറങ്ങിയത്. നോട്ടീസ് നല്‍കാതെ രാജി വെച്ചതിന് എച്. ആര്‍ ഹെഡ്ഡിന്റെ വായിലിരിക്കുന്നത് മുഴുവന്‍ കേള്‍ക്കുകയും ചെയ്തു. അടുത്ത രണ്ട് ദിവസം അവന്‍ ചിലവഴിച്ചത് നഗരത്തിന്റെ മുക്കിലും മൂലയിലും കട്ടുറുമ്പിനെ തേടുകയായിരുന്നു. എന്നാല്‍ എലി, പാറ്റ, പല്ലി, ചീവീട് മുതല്‍ ആന, സിംഹം, ജിറാഫ് തുടങ്ങിയ ജീവികളെ വരെ അവന്‍ കണ്ടു. കട്ടുറുമ്പിനെ തേടി അവന്‍ മൃഗശാലയില്‍ വരെ പോയിരുന്നു! പക്ഷെ അവന്‍ ആരെ തേടിയാണോ പോയത്, ആ ആളെ മാത്രം കണ്ടില്ല. അങ്ങനെയാണ് അവന്‍ തിരികെ തന്റെ നാട്ടിന്‍‌പുറത്തേക്ക് വരാന്‍ തീരുമാനിച്ചത്. തിരിച്ച് വരുന്നു എന്ന് വിളിച്ച് പറഞ്ഞപ്പോള്‍ അങ്ങേതലയ്ക്കല്‍ അമ്മയുടെ കരച്ചില്‍ സങ്കടത്തിന്റെയല്ല മറിച്ച് സന്തോഷത്തിന്റെയാണെന്ന് അവന് ആരും പറയാതെ തന്നെ മനസിലാവുകയും ചെയ്തു.

പഴയ സ്റ്റേഷന്‍ കവലയിലാണ് താന്‍ നില്‍ക്കുന്നത് എന്ന് തിരിച്ചറിയാന്‍ അവന്‍ കുറച്ച് സമയമെടുത്തു. കാരണം അവിടെ പണ്ടുണ്ടായിരുന്ന പോലീസ് സ്റ്റേഷന്‍ ഇപ്പോള്‍ സ്ഥലം മാറി വേറൊരു കെട്ടിടത്തിലാണ്. സ്റ്റേഷന്‍ നിന്നിടത്ത് ഇപ്പോള്‍ ഒരു വലിയ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ്. അതിനടുത്തുണ്ടായിരുന്ന വിശാലമായ മൈതാനത്തിന് പകരം മൂന്ന് ഫ്ലാറ്റുകള്‍. അവന്‍ വീട്ടിലേക്ക് നടന്നു. ഏകദേശം പത്ത് മിനിറ്റ് നടക്കാനുണ്ട്. ജംഗ്‌ഷനില്‍ ഇപ്പോ ഓട്ടോ സര്‍വ്വീസ് ഉണ്ട്. പണ്ട് നേരെയൊരു റോഡ് പോലുമില്ലാത്ത സ്ഥലമായിരുന്നു. ജോലി കിട്ടിയ ആദ്യ നാളുകളില്‍ ഒരവധി കിട്ടിയാലുടന്‍ ഓടി വരുമായിരുന്നു. അന്നത്തെ ശീലമാണ് ബസ്സിറങ്ങിയാലുള്ള നടപ്പ്. നാടെത്ര മാറിയാലും നാളെത്ര കഴിഞ്ഞാലും ആ ശീലത്തിന് മാറ്റമുണ്ടാവില്ല. വഴിയില്‍ അവന്‍ കണ്ടത് മുഴുവന്‍ മാറ്റങ്ങളായിരുന്നു. തന്റെ ഗ്രാമം ഒരു ചെറിയ ടൌണ്‍ ആയി മാറിയതായി അവന് തോന്നി. പോകുന്ന വഴിയില്‍ കട്ടുറുമ്പിന്റെ കൂട് അവന്‍ തേടി. എന്നാല്‍ ഒരെണ്ണം പോലും കാണാനുണ്ടായിരുന്നില്ല.

വീട്ടില്‍ അവനെ കാത്ത് അമ്മയുടെ സെന്റി ഡയലോഗുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. എല്ലാം കേട്ടിരിക്കുമ്പോഴും അവന്റെ മനസില്‍ ഒരൊറ്റ ചിന്ത മാത്രമേ ഉള്ളായിരുന്നു - എങ്ങനെയെങ്കിലും കട്ടുറുമ്പുകളെ കണ്ടെത്തണം.

“എന്നാലും നിനക്കെങ്ങനെ തോന്നി വരാതിരിക്കാന്‍? അമ്മയെ നീ മറന്നോ? വീട് നീ മറന്നോ? ഓഫീസ് മാത്രമായോ ജീവിതം? എന്തിനാടാ എന്നെ ഇങ്ങനെ വിഷമിപ്പിച്ചത്? നിന്നെയൊന്ന് കാണാന്‍ എത്ര കൊതിച്ചു.. ഫോണില്‍ വിളിച്ചാല്‍ തിരക്കോട് തിരക്ക്. പിന്നെ വിളിക്കാം പിന്നെ വിളിക്കാം എന്ന് പറഞ്ഞോണ്ടിരിക്കും..”

“അമ്മേ..”

“എന്താ മോനെ?”

“ഇവിടെ കട്ടുറുമ്പിനെ എവിടെ കിട്ടും?”

“കട്ടുറുമ്പോ?”

“അതെ, കട്ടുറുമ്പ്.. അത് പോട്ടെ. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ കട്ടുറുമ്പുകളുമായി എന്തെങ്കിലും പ്രശ്നം ഉണ്ടായതായി ഓര്‍ക്കുന്നുണ്ടോ?”, അവന്റെ ശബ്ദം പ്രമാദമായ കൊലപാതകക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഓഫീസറുടെ പോലെയിരുന്നു.

“മോനെ.. നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?” അമ്മയുടെ ശബ്ദത്തില്‍ പരിഭ്രമം. മോന് വട്ടായോ എന്ന ചിന്തയാവാം.

അവന്‍ ഒന്നും മിണ്ടിയില്ല. ഇതാണ് പ്രശ്നം. വെറുതെ തെറ്റിദ്ധരിക്കപ്പെടും. ആ ചെകുത്താന്റെ ഓരോ പരീക്ഷണങ്ങള്‍. ആരോടും സഹായം ചോദിക്കാന്‍ പറ്റില്ല. ഞാന്‍ സ്വയം കണ്ടെത്തണം. ഇപ്പോള്‍ ഇരുട്ടി. നാളെയാട്ടെ. അവന്‍ സ്വയം പറഞ്ഞു.

പിറ്റേന്ന് രാവിലെ തന്നെ അവന്‍ പറമ്പിലിറങ്ങി. ഒരു വശത്തും നിന്നും അന്വേഷണം തുടങ്ങി. ഏകദേശം നാല്‍‌പത് മിനിറ്റുകളുടെ പരിശ്രമഫലമായി അവന്‍ ഒരു കട്ടുറുമ്പിന്റെ കൂട് കണ്ടെത്തി. സന്തോഷത്തോടെ അവന്‍ കുളിക്കാന്‍ പോയി. കുളിച്ചിട്ട് വേഗം പുറത്തേക്കിറങ്ങി. കവലയില്‍ പോയി ഒരു പായ്‌ക്കറ്റ് ലഡ്ഡു വാങ്ങുക എന്നതായിരുന്നു ലക്ഷ്യം. കവലയിലെ മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ നിന്നും ലഡ്ഡൂ വാങ്ങി അവന്‍ തിരികെ വീട്ടിലെത്തി. എന്നാല്‍ വീട്ടില്‍ അവനെ കാത്തിരുന്നത് ഏറ്റവും സങ്കടമേറിയ ഒരു വാര്‍ത്തയായിരുന്നു. അവന്റെ അമ്മ....

അവന്റെ അമ്മ അന്ന് വീടും പരിസരവും വൃത്തിയാക്കാന്‍ പണിക്കാരെ വരുത്തി. ആ പണിക്കാര്‍ അവന്‍ നാല്‍‌പത് മിനിറ്റ് കഷ്ടപ്പെട്ട് കണ്ടെത്തിയ ആ കട്ടുറുമ്പിന്‍ കൂട് വെറും നാല്‍‌പത് സെക്കന്റു കൊണ്ട് ഇടിച്ചു നിരത്തിയിരുന്നു. ആ പണിക്കാരെ മനസ് കൊണ്ട് ശപിച്ച് അവന്‍ തന്റെ മുറിക്കുള്ളിലേക്ക് പോയി. ലഡ്ഡുവിന്റെ പൊതി അവന്‍ ആരും കാണാതെ മുറിയിലെ കട്ടിലിനടിയില്‍ ഒളിച്ചു വെച്ചു. അത് ആരെങ്കിലും കണ്ടാല്‍ പിന്നെ അതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയണം. അവന്‍ കട്ടിലില്‍ കിടന്നു, ഇനിയെന്ത് ചെയ്യും? ഏതായാലും പണിക്കാര്‍ പോകട്ടെ. പറമ്പിലെ പുല്ലൊക്കെ ചെത്തിക്കളയുമ്പോള്‍ ഒരു കൂടെങ്കിലും കാണാതിരിക്കില്ല. അവന്‍ അങ്ങനെ കിടന്നങ്ങ് ഉറങ്ങിപ്പോയി.

“മോനെ എഴുന്നേല്‍ക്ക്.. നിന്നെ കാണാന്‍ ദാ കണ്ണന്‍ വന്നിരിക്കുന്നു” അമ്മയുടെ ശബ്ദം കേട്ടാണ് അവന്‍ ഉണര്‍ന്നത്. കുറച്ചധികനേരം ഉറങ്ങിയെന്ന് അവന് മനസിലായി. കണ്ണന്‍ വന്നിരിക്കുന്നു. പഴയ സുഹൃത്താണ്. സ്കൂളില്‍ ഒരേ ബഞ്ചിലിരുന്ന് പഠിച്ചവര്‍. എന്തിനും എതിനും അവര്‍ ഒരുമിച്ചായിരുന്നു. എന്നിട്ടും പിരിഞ്ഞു. ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ രണ്ട് വഴിക്കായെങ്കിലും അടുപ്പം ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷക്കാലമായി യാതൊരു ബന്ധവുമില്ല. അവന്‍ വരുമെന്ന് കരുതിയതല്ല. എന്തായാലും വന്നത് നന്നായി. താന്‍ പോകുമ്പോള്‍ എല്ലാവരും അടുത്തുണ്ടാവുമല്ലോ..

അവന്‍ കണ്ണനുമായി ഒട്ടേറെ നേരം സംസാരിച്ചു. കണ്ണന്‍ ഇപ്പോള്‍ ഒരു സാറായി ജോലി ചെയ്യുന്നു.

“എന്നാലും എന്റെ കണ്ണാ, നീ എങ്ങനെ ഒരു സാറായെടാ? പിള്ളേരെ ഒക്കെ ഒരു വഴിയ്‌ക്കാക്കിയോ?”

“എന്ത് പറയാനാടാ.. ഒരിക്കലും ആഗ്രഹിച്ചതല്ല സാറാവാന്‍. പക്ഷെ നമുക്ക് വേണ്ടത് കിട്ടിയില്ലെങ്കില്‍ പിന്നെ എന്താ ചെയ്യുക?”

“ശരിയാടാ. അത് ഞാനിപ്പോ അനുഭവിച്ച് കൊണ്ടിരിക്കുവാ. ഒരു സാധനം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ അത് മാത്രം കിട്ടുന്നില്ല”, കട്ടുറുമ്പിനെ മനസിലോര്‍ത്ത് അവന്‍ പറഞ്ഞു.

“ജീവിതം ചിലപ്പോ അങ്ങനെയാടാ. നമ്മള്‍ ഏറ്റവും ആഗ്രഹിക്കുന്നത് മാത്രം നമുക്ക് കിട്ടില്ല. ബാക്കിയെല്ലാം കിട്ടും. പക്ഷെ നമ്മള്‍ എപ്പോഴും കിട്ടാത്തതിനെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കും! ഞാനിപ്പോള്‍ മാറി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. കിട്ടാത്തതിനെ കുറിച്ച് വെറുതെ എന്തിന് ടെന്‍ഷന്‍ ആവണം? ഉള്ളത് കൊണ്ട് അടിച്ച് പൊളിച്ച് ജീവിക്കണം. അദ്ധ്യാപനം ഞാന്‍ ഇപ്പോള്‍ വളരെ ഇഷ്ടപ്പെടുന്നു. ഒന്നുമില്ലേലും നമ്മള്‍ എപ്പോഴും കുട്ടികളുടെ കൂടെയല്ലെ.. ഒരു കുട്ടിത്തം മനസില്‍ വരുന്നു.”

വീണ്ടും കുറെ നേരം കൂടി അവര്‍ സംസാരിച്ചിരുന്നു. കണ്ണന്‍ പോയ ശേഷവും അവന്റെ മനസില്‍ ആ വാക്കുകള്‍ തങ്ങി നിന്നു. കിട്ടാത്തത് ഓര്‍ത്ത് എന്തിന് വിഷമിക്കണം. എന്തൊരു മണ്ടത്തരമാണ് ഇത്രനാള്‍ കാണിച്ചുകൂട്ടിയത്. കട്ടുറുമ്പിനെ തേടി നാലു ദിവസം കളഞ്ഞു. ഇനി മൂന്ന് ദിവസം കൂടിയെ ബാക്കിയുള്ളു. അതും കട്ടുറുമ്പിന്റെ പിന്നാലെ നടന്ന് കളയണോ? അതോ മാക്സിമം അടിച്ച് പൊളിക്കണോ? അവന്‍ സ്വയം ചോദിച്ചു. ഉത്തരം നിസാരമായിരുന്നു. അടിച്ച് പൊളിക്കുക. ചത്ത് നരകത്തില്‍ ചെന്ന് ആ‍ ഇടിവെട്ട് ശിക്ഷ അനുഭവിച്ചാലെന്ത്? ഭൂമിയിലുള്ള സമയം ആഘോഷിക്കണമല്ലൊ.

അടുത്ത രണ്ട് ദിവസം അവന്‍ ആസ്വദിക്കുകയായിരുന്നു. കട്ടുറുമ്പിനെക്കുറിച്ച് ഒന്ന് ചിന്തിക്കുക പോലും ചെയ്തില്ല. ചെകുത്താന്‍ പറഞ്ഞ ഏഴാം ദിവസം വന്നെത്തി. രാവിലെ അവന്‍ കണ്ണു തുറന്നു. ഇന്ന് ഏതെങ്കിലും നേരത്ത് തീരും എല്ലാം. അതിന് മുമ്പ് എല്ലാവര്‍ക്കും മധുരം നല്‍കണം. അവന്‍ മുറിയില്‍ ഒളിച്ചു വച്ചിരുന്ന ലഡ്ഡു പായ്ക്കറ്റ് തപ്പിയെടുത്തു. എന്നാല്‍ ആ പായ്ക്കറ്റ് കാലിയായിരുന്നു. ദേഷ്യത്തോടെ അവന്‍ ആ കൂട് കളഞ്ഞു. എന്തെങ്കിലും വാങ്ങാം എന്ന് കരുതി അവന്‍ പുറത്തേക്ക് പോയി. കട്ടിലിനടിയില്‍ ഒരു മൂലയ്ക്കായി ഒരു കൊച്ച് തുളയുണ്ടായിരുന്നു. അത് ഒരു വലിയ കട്ടുറുമ്പ് സാമ്രാജ്യത്തിന്റെ വാതിലായിരുന്നു. അതിനുള്ളില്‍ എണ്ണത്തില്‍ നൂറിലധികം വരുന്ന കട്ടുറുമ്പുകള്‍ ലഡ്ഡു തിന്ന് മടുത്തിരുന്നു.

വീണ്ടും ഒരു പായ്ക്കറ്റ് ലഡ്ഡുവുമായാണവന്‍ തിരികെ എത്തിയത്. അമ്മയെ വിളിച്ചെങ്കിലും കാണാനുണ്ടായിരുന്നില്ല. അവന്‍ അമ്മയെ അന്വേഷിച്ച് അടുക്കളയിലെത്തി. അവിടെയും അമ്മയെ കണ്ടില്ല. പക്ഷെ അവന്റെ ശ്രദ്ധ മറ്റൊന്നില്‍ പതിഞ്ഞു. കിണറിന്റെ പടിയില്‍ ഒരു കട്ടുറുമ്പ്. അവന്‍ മെല്ലെ അതിനടുത്തേക്ക് ചെന്നു. ആ കട്ടുറുമ്പ് മെല്ലെ കിണറ്റിലേക്ക് ഇറങ്ങി. അതിന്റെ വീട് ആ കിണറിന്റെ പടിയിലെ ഏതോ കല്ലുകള്‍ക്കിടയിലായിരുന്നു. ഇനി കട്ടുറുമ്പിന് ലഡ്ഡു കൊടുത്തില്ലെന്ന പരാതി വേണ്ട. അവന്‍ ഒരു ലഡ്ഡൂവുമായി ഏന്തി വലിഞ്ഞ് കിണറ്റിലേക്ക് നോക്കി. ഒരു നിമിഷം കാലു തെന്നി ദാ കിടക്കുന്നു കിണറ്റില്‍. ആറാള്‍ താഴ്ചയുള്ള ആ കിണറ്റില്‍ വീണായിരുന്നു അവന്റെ അന്ത്യം. അറിയാതെയാണെങ്കിലും ചെയ്ത പ്രായശ്ചിത്തം അവന് സ്വര്‍ഗത്തിലേക്കുള്ള വാതില്‍ തുറന്നു.

...അവസാനിച്ചു...

17 നവംബർ 2008

കട്ടുറുമ്പ്

സമയം രാത്രി 11.30. പണിയെടുത്ത് നടുവൊടിഞ്ഞ് ഒരു വിധത്തില്‍ മുറിയില്‍ തിരിച്ചെത്തുമ്പോള്‍ മനസില്‍ ഒരേയൊരു ചിന്ത മാത്രമേ ഉള്ളായിരുന്നു - നന്നായൊന്നുറങ്ങുക. നാളെ അവധിയാണല്ലോ എന്ന ചിന്ത മനസിന് വല്ലാത്തൊരു സുഖം നല്‍കുന്നു. വേഷം മാറാനൊന്നും ക്ഷമയുണ്ടായിരുന്നില്ല. നേരെ ചെന്ന് കട്ടിലിലോട്ട് വീഴുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ഉറങ്ങി പോവുകയും ചെയ്തു.

ഒരു ചിരി കേട്ടാണ് അവന്‍ കണ്ണ് തുറന്നത്. ഇതാരാണ് ഇത്ര പൈശാചികമായി ചിരിക്കുന്നത്?. അയ്യോ.. ഞാനിതെവിടാ?? ഇതേത് സ്ഥലം? എന്തൊരു ചൂട്? ഇതെന്ത്? കത്തുന്ന മരമോ? അവന് സംശയങ്ങള്‍ മാത്രമായിരുന്നു. അവന്‍ ഒരു മരച്ചുവട്ടില്‍ കസേരയില്‍ ഇരിക്കുന്നു. മരം പക്ഷെ സാധാരണ മരമല്ല. ഇലകള്‍ക്ക് പച്ച നിറമില്ല, പകരം തീയാണ്. അതിന്റെ ചൂട് അസഹനീയമായി തോന്നി. അപ്പോഴാണ് എതിരെ ഇരിക്കുന്ന മനുഷ്യന്‍ അവന്റെ ശ്രദ്ധയില്‍‌പ്പെട്ടത്. സുന്ദരന്‍. കറുത്ത കുര്‍ത്തയും സ്വര്‍ണ്ണ കസവുള്ള മുണ്ടും വേഷം. ഒരുമാതിരി മംഗലശ്ശേരി നീലകണ്ഠന്‍ സ്റ്റൈല്‍. കൈയ്യില്‍ ഗോള്‍ഡ് ചെയ്ന്‍, അതില്‍ 666 എന്ന് എഴുതിയിരുന്നു. അവന്‍ ആ ചെയ്നില്‍ സൂക്ഷിച്ച് നോക്കി.

“പുതിയതാ.. ഇപ്പോള്‍ ചെകുത്താനാണെന്ന് പറഞ്ഞാല്‍ ഈ 666 കൂടെ വേണമെന്നാ അവസ്ഥ. ഞങ്ങളും ഗ്ലോബലൈസേഷന്‍ കാലത്ത് ജീവിക്കുന്നവരാണല്ലോ.. സ്വഭാവികമായും ഈ വെസ്റ്റേണ്‍ സ്റ്റൈല്‍ ഉണ്ടാവും.”, തന്റെ ചെയ്ന്‍ ഒന്ന് കുലുക്കി അയാള്‍ പറഞ്ഞു.

“താനാരാ? ഇതേതാ സ്ഥലം?”

“ഓഹ്! എന്നെ ഇനിയും മനസിലായില്ലേ?? ഞാന്‍ ചെകുത്താനാണ്. പക്ഷെ ഇപ്പോ കുറച്ച് കൂടി സ്റ്റൈല്‍ ആക്കി “ചെക്ക്“ എന്നറിയപ്പെടുന്നു. ഞാനാരാണെന്ന് മനസിലായ സ്ഥിതിക്ക് സ്ഥലവും മനസിലായി കാണുമല്ലോ.. ഇപ്പോള്‍ താങ്കള്‍ നരകത്തിലാണ്. യൂ ആര്‍ ടോക്കിങ്ങ് ടു മിസ്റ്റര്‍ ചെക്ക് ഫ്രം ഹെല്‍..” അയാള്‍ ചിരിച്ചു. അതേ പൈശാചികമായ ചിരി.

“അപ്പോ മാഷെ, ഞാന്‍ തട്ടിപ്പോയോ?”

“ഇല്ലെടോ.. അതിനിനിയും ഒരാഴ്ച സമയമുണ്ട്. പിന്നെ.. ഈ “മാഷെ”, “ചേട്ടാ” എന്നൊന്നും വിളിക്കരുത്. യൂ ക്യാന്‍ കോള്‍ മീ ചെക്ക്.. ഓക്കെ??”

“ശരി ശരി. ചെക്കെങ്കില്‍ ചെക്ക്. അപ്പോ.. ടാ ചെക്കാ..”

“ചെക്കനല്ല മിസ്റ്റര്‍.. ചെക്ക്, ചെകുത്താനെന്ന ചെക്ക്!”

“അതെ.. ചെക്ക്. എനിക്കൊരു സംശയം.. സാധാരണ നമ്മള്‍ മരിച്ച് കഴിഞ്ഞല്ലേ ഈ സ്വര്‍ഗത്തിലും നരകത്തിലുമൊക്കെ പോകുന്നത്? ഞാന്‍ ഇപ്പോ ചത്തിട്ടില്ലെങ്കില്‍ പിന്നെന്തിന് എന്നെ ഇവിടെ കൊണ്ടുവന്നു?”

“സീ.. ഞാന്‍ ആദ്യമേ പറഞ്ഞല്ലോ.. ഞങ്ങള്‍ ഗ്ലോബലൈസേഷന്റെ കാലഘട്ടത്തിലാണെന്ന്.. അമേരിക്കയിലും മറ്റുമൊക്കെ പരീക്ഷിച്ച് വിജയിപ്പിച്ച ഒരു രീതിയാണ് ഇവിടെ കേരളത്തില്‍ ഞങ്ങള്‍ ഫോളോ ചെയ്യുന്നത്. പ്രധാനമായും നരകത്തിലെ ജനസംഖ്യ കണ്ട്രോള്‍ ചെയ്യാന്‍ വേണ്ടി. എല്ലാവരും വലിയ വലിയ തെറ്റൊക്കെ ചെയ്ത ശേഷം മരിക്കുന്നു. എന്നിട്ട് നേരെ ഇങ്ങോട്ട് കെട്ടിയെടുക്കും. ഞങ്ങള്‍ക്ക് പരിധിയുണ്ട് മിസ്റ്റര്‍. എല്ലാവരെയും നരകത്തില്‍ കേറ്റാന്‍ ഇനി പറ്റില്ല. അതു കൊണ്ട് അധികം തെറ്റൊന്നും ചെയ്യാത്ത ആളുകളെ തേടിപ്പിടിച്ച് ഞങ്ങള്‍ നേരത്തെ ചെല്ലും. അവര്‍ ചെയ്ത തെറ്റ് എന്തെന്ന് പറഞ്ഞ് കൊടുക്കും. പ്രായശ്ചിത്തത്തിന് ഒരവസരവും. ഒരുവിധപ്പെട്ടവരൊക്കെ തെറ്റ് തിരുത്തി സ്വര്‍ഗത്തില്‍ പൊയ്ക്കോളും. പിന്നെ ചിലര്‍ ഒരു രക്ഷയുമില്ലാതെ നരകത്തില്‍ തന്നെ വന്നെത്തും.”

“ഓഹോ.. അപ്പോള്‍ നരകത്തില്‍ ഇനി സ്ഥലമില്ല എന്നാണോ പറഞ്ഞ് വരുന്നത്? എന്നാല്‍ പിന്നെ എല്ലാവരേയും സ്വര്‍ഗത്തില്‍ അയച്ചാല്‍ പോരെ?”

“സോറി. അത് പറ്റില്ല. സ്വര്‍ഗത്തില്‍ പോകാന്‍ പാസ്പോര്‍ട്ട് വേണം. അത് തെറ്റ് ചെയ്യാത്തവര്‍ക്കും തെറ്റ് തിരുത്തിയവര്‍ക്കും മാത്രമേ കിട്ടൂ.. അല്ലാത്തവര്‍ നരകത്തില്‍ തന്നെ കിടക്കണം.”

“ശരി ശരി. എന്നെ ഇവിടെ കൊണ്ടുവനന്തിന്റെ ഉദ്ദേശ്യം?”

“സിനിമയുടെ ട്രെയിലര്‍ കാണിക്കില്ലെ ആദ്യം? അത് പോലെ ഒരു ചെറിയ വിദ്യ. അത്ര മാത്രം. ഈ സ്ഥലം കണ്ടിട്ട് ഇങ്ങോട്ട് വരാന്‍ തോന്നുന്നുണ്ടോ?? ഉണ്ടാവില്ല എന്നെനിക്കറിയാം. കം വിത്ത് മീ.”

ചെകുത്താന്‍, ക്ഷമിക്കണം, ചെക്ക് എണീറ്റു. എന്നിട്ട് നടന്നു. അവന്‍ ചെക്കിന്റെ പിറകേയും. മുണ്ടും കുര്‍ത്തയും വേഷം. എന്നിട്ടവന്റെയൊരു ഇംഗ്ലീഷും ഗ്ലോബലൈസേഷനും. തനി കോമാളി തന്നെ. അവന്‍ ഓര്‍ത്തു. ഒരു വലിയ കുഴിയുടെ അടുത്തേക്കാണ് ചെക്ക് അവനെ കൊണ്ടുപോയത്. അവന്‍ ആ കുഴിയിലേക്ക് നോക്കി. ഒരു മനുഷ്യനെ ഒരു വലിയ ജീവി ഞെരിക്കുകയാണ്. അയാളുടെ തല ഈ ജീവിയുടെ കൈകള്‍ക്കിടയില്‍. അയാള്‍ വേദന കൊണ്ടു പുളയുന്നു. ആ ദൃശ്യം കാണുന്നത് തന്നെ വല്ലാതെ ഭയപ്പെടുത്തും.

“ആ മനുഷ്യനെ കണ്ടോ?” ചെക്ക് സംസാരിച്ച് തുടങ്ങി, “അയാളും നീയും തമ്മില്‍ ഒരു സാമ്യമുണ്ട്. നീ അടുത്ത ആഴ്ച ഇവിടെ വരുമെങ്കില്‍ നീ അനുഭവിക്കാന്‍ പോകുന്നത് ഈ ശിക്ഷയായിരിക്കും. കാരണം നിങ്ങള്‍ രണ്ടും ഒരു തെറ്റ് ചെയ്തിരിക്കുന്നു. ഒരു കട്ടുറുമ്പിനെ നീ ഞെരിച്ച് കൊന്നു.”

“കട്ടുറുമ്പിനെ കൊന്നെന്നോ?? നിങ്ങളിതെന്തൊക്കെയാ മനുഷ്യാ പറയുന്നത്?”

“മനുഷ്യനല്ല.. ചെകുത്താന്‍. കട്ടുറുമ്പിനെ കൊന്നു എന്നത് സത്യം. അന്ന് താനൊരു കൊച്ചുകുട്ടിയായിരുന്നു.”

“കട്ടുറുമ്പിനെ കൊന്നതിന് ഇതാണോ ശിക്ഷ? ഈക്കണക്കിന് ഒരു മനുഷ്യനെ കൊന്നവനെ നിങ്ങള്‍ എന്ത് ചെയ്യും?”

“നിങ്ങള്‍ ആരെ കൊല്ലുന്നു എന്നല്ല. എങ്ങനെ കൊല്ലുന്നു എന്നതാണ് വലിയ കാര്യം. അത് കൊണ്ട് മനുഷ്യനെ കൊന്നാല്‍ അത്രയ്ക്കൊന്നും കുഴപ്പമില്ല. ആഫ്റ്റെറാള്‍, ഒരു തവണ മരിച്ചിട്ടല്ലെ നിങ്ങള്‍ ഇങ്ങ് വരുന്നത്? അത് കൊണ്ട് ഇവിടെ നിങ്ങളെ എന്ത് ചെയ്താലും നിങ്ങള്‍ മരിക്കില്ല. അനുഭവിക്കുക തന്നെ വേണം.”

“എന്നാലും ഇത് കുറച്ച് കടുപ്പമാണ്.”

“എന്ത് കടുപ്പം? ഭൂമിയിലും ഇതൊക്കെ തന്നെയല്ലെ നടക്കുന്നത്.. ഹെല്‍മറ്റ് ഇല്ലാതെ പോകുന്നവനും ബൈക്കില്‍ ട്രിപ്പിള്‍സ് വെച്ച് പോകുന്നവനും നൂറ് രൂപ ഫൈന്‍. ടാക്സ് വെട്ടിക്കുന്നവരും കൈക്കൂലി വാങ്ങുന്നവരും ശിക്ഷയില്ലാതെ രക്ഷപ്പെടുന്നില്ലേ? അതുപോലെയുള്ളു.”

“കൊച്ചുകുട്ടിയായിരുന്നപ്പോള്‍ ഒരു ഉറുമ്പിനെ കൊന്നതിനാണോടോ എനിക്കിങ്ങനെയൊരു ശിക്ഷ തരാന്‍ പോകുന്നത്? നീയൊന്നും ചത്താലും ഗുണം പിടിക്കില്ലെടാ.”

“ഹെയ് മിസ്റ്റര്‍. ഞാനും ദൈവവുമൊന്നും നിങ്ങള്‍ മനുഷ്യരെ പോലെ ചാകുന്നവരല്ല. വീ ആര്‍ ഇമ്മോര്‍ട്ടല്‍‌സ്.. പിന്നെ ഇയാള്‍ ഇത്ര ഇമോഷനല്‍ ആകുകയൊന്നും വേണ്ട. ഞാനാദ്യമേ പറഞ്ഞല്ലോ. ഇതൊരു ട്രെയിലര്‍ മാത്രം. തനിക്ക് ഒരാഴ്ച സമയമുണ്ട്. വേണമെങ്കില്‍ തെറ്റ് തിരുത്തി സ്വര്‍ഗത്തില്‍ പോകാം.”

“ഏതായാലും ഈ ശിക്ഷ എനിക്ക് വേണ്ട. ഈയൊരു തെറ്റേ ഞാന്‍ ചെയ്തിട്ടുള്ളോ? അങ്ങനെയെങ്കില്‍ എന്ത് ത്യാഗം സഹിച്ചും ഞാനത് തിരുത്തും.”

“തല്‍‌ക്കാലം ഇത് മാത്രമേ ഞാന്‍ കാണുന്നുള്ളു. ഞങ്ങള്‍ സ്വര്‍ഗത്തിലെ സിസ്റ്റം ഹാക്ക് ചെയ്തിട്ട് ഇത് വരെ തെറ്റിയിട്ടില്ല..”

“ഹാക്ക് ചെയ്തെന്നോ? അതൊക്കെ തെറ്റല്ലേ? അതിന് ശിക്ഷയൊന്നുമില്ലേ?”

“എടോ.. താനേത് ലോകത്താ ജീവിക്കുന്നത്? ഇത് നരകമാണ്. ഇവിടെ തെറ്റ് മാത്രമാണ് നടക്കുക. അതിനെക്കുറിച്ചൊന്നും ഇയാള്‍ തലപുകയ്‌ക്കണ്ട.”

“ശരി. പറയൂ.. ഈ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ ഞാനെന്ത് ചെയ്യണം?”

“പറയുമ്പോള്‍ തമാശയെന്ന് തോന്നിയേക്കാം. വളരെ നിസാരമായ ഒരു കാര്യമാണ് താന്‍ ചെയ്യെണ്ടത്. 50 കട്ടുറുമ്പിന് ലഡ്ഡു കൊടുക്കണം.”

“50 കട്ടുറുമ്പിന് ലഡ്ഡൂ കൊടുക്കണമെന്നോ? ഇതെന്താടോ? സത്യം പറ. താന്‍ ഭ്രാന്താശുപത്രിയില്‍ നിന്നും ചാടി വന്നതാണോ?”

“ഞാന്‍ നേരത്തെ പറഞ്ഞില്ലേ.. കേള്‍ക്കുമ്പോള്‍ തമാശയാണെന്നൊക്കെ തോന്നും. പക്ഷെ അതാണ് സത്യം. തനിക്ക് ഒരാഴ്ച സമയമുണ്ട്. അതിനുള്ളില്‍ 50 കട്ടുറുമ്പുകള്‍ക്ക് ലഡ്ഡൂ കൊടുത്താല്‍ സ്വര്‍ഗത്തില്‍ പോകാം. അല്ലെങ്കില്‍ കുറച്ച് നാള്‍ ഇവിടെ കിടന്ന് ദാ ഈ ശിക്ഷ അനുഭവിക്കണം.”

അപ്പോഴും കട്ടുറുമ്പിനെ കൊന്ന മനുഷ്യനെ ആ വലിയ ജീവി ഞെരിക്കുന്നുണ്ടായിരുന്നു. കൈകള്‍ക്കിടയില്‍ അയാളുടെ തല റബ്ബര്‍ പന്ത് പോലെ ഇരുന്നു.

“എന്നാല്‍ ശരി. തനിക്ക് തിരിച്ച് പോകാന്‍ സമയമായി. ഒരാഴ്ച കഴിഞ്ഞ് നമുക്ക് കാണാതിരിക്കാന്‍ ശ്രമിക്കാം” എന്ന് പറഞ്ഞ് ചെക്ക് അവന് കൈ നീട്ടി. ചെകുത്താനുമായി കൈ കൊടുത്ത് പിരിയാന്‍ അവനും നീട്ടി കൈ. എന്നാല്‍ പെട്ടെന്ന് ചെക്കിന്റെ തള്ളവിരലില്‍ നിന്നും കൂര്‍ത്ത നഖങ്ങള്‍ നീണ്ടു വന്നു. അത് വെച്ച് ചെക്ക് അവന്റെ കൈയ്യില്‍ ആഞ്ഞ് കുത്തി.

എന്റമ്മോ.. എന്ന് പറഞ്ഞ് അവന്‍ ഞെട്ടി എഴുന്നേറ്റു. ഓഹ്.. അതൊരു സ്വപ്നമായിരുന്നോ?? വല്ലാത്ത സ്വപ്നം തന്നെ. ചെകുത്താന്‍ കട്ടുറുമ്പിന് ലഡ്ഡു കൊടുക്കാന്‍ പറഞ്ഞിരിക്കുന്നു. മണ്ടന്‍ സ്വപ്നം.

ഒരു നിമിഷം. അവന്‍ തന്റെ കൈയ്യിലേക്ക് നോക്കി. കൈയ്യില്‍ നഖം കൊണ്ടത് പോലെ ഒരു മുറിവ്. മെല്ലെ അത് മാഞ്ഞ് പോകുകയാണ്. ഏകദേശം ഒരു മിനിറ്റു കഴിഞ്ഞപ്പോള്‍ കൈയ്യില്‍ ആ പാട് കാണാനുണ്ടായിരുന്നില്ല. ഞെട്ടലോടെ അവന്‍ തിരിച്ചറിഞ്ഞു - താന്‍ കണ്ടത് വെറും സ്വപ്നമല്ല. അതിലും ഞെട്ടിക്കുന്ന മറ്റൊരു കാര്യം അവന്റെ മനസില്‍ മിന്നി - ഒരാഴ്ച കൂടിയെ തനിക്ക് ആയുസ്സ് ബാക്കിയുള്ളു എന്ന്...
[[തുടരും]]