03 മാർച്ച് 2008

ഈ കഥയുടെ പേര്..ഞാന്‍ ഒരു കഥാകൃത്താണ്. “ഞാന്‍ ഒരുപാട് കഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പാട് പേര്‍ അതൊക്കെ വായിച്ചിട്ടുമുണ്ട്” - ഇങ്ങനെയൊക്കെ പറയാന്‍ കൊതിയായിട്ട് വയ്യ! പക്ഷെ എന്താണ് സത്യമെന്നാല്‍ ഒരഞ്ച് പേരില്‍ കൂടുതല്‍ ഇതു വരെ എന്റെ ഒരു കഥയും വായിച്ചിട്ടില്ല. അത് പക്ഷെ എന്റെ കഥയുടെ കുഴപ്പം കൊണ്ടൊന്നുമല്ല കേട്ടൊ.. വായിക്കുന്നവര്‍ക്ക് ഒരു “ടേസ്റ്റ്” ഇല്ലെന്നേ..!

എന്നിലെ കഥാകൃത്തിനെ ഒന്ന് പ്രശസ്തനാക്കുക എന്നത് എന്റെ എക്കാലത്തേയും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ്. പക്ഷെ ഞാന്‍ വ്യത്യസ്തമായി എഴുതിയ പതിനൊന്ന് കഥകള്‍ ഒരു ദാക്ഷണ്യവുമില്ലാതെ വായനക്കാര്‍ തഴഞ്ഞു കളഞ്ഞു. അതുകൊണ്ട് ഇനി എങ്ങനെയെങ്കിലും പ്രശസ്തനാകുക എന്നതാണ് എന്റെ ലക്ഷ്യം. അതിന് വേണ്ടി ഞാന്‍ എന്ത് ചെയ്യണം?

“എടാ, ഈ കഥ കഥ എന്നൊക്കെ പറയുന്നത് നിനക്ക് പറഞ്ഞിട്ടുള്ള പണിയല്ല. അതിന് കഴിവ് വേണം. എന്റെ അഭിപ്രായത്തില്‍ നിനക്ക് അങ്ങനെയൊരു സാധനം ഇല്ല!”, എന്റെ പ്രിയസുഹൃത്ത് വിഷ്ണുവിന്റെ ഡയലോഗ് ആണിത്. ഞാന്‍ നേരത്തെ പറഞ്ഞ “ടേസ്റ്റ്” ഇല്ലാത്തവരുടെ വര്‍ഗത്തില്‍പെടും ഇവനും.

“കഥയെഴുതാന്‍ ആദ്യം വേണ്ടത് ഭാവനയാണ്. ഈ പറഞ്ഞ മൂന്നക്ഷരത്തിന്റെ അര്‍ത്ഥം അറിയുവോ നിനക്ക്?”, സന്തോഷ് എന്റെ മുഖത്ത് നോക്കി പറഞ്ഞു. അവനും എന്റെ സുഹൃത്താണ്. ഇങ്ങനെയുള്ള സുഹൃത്തുക്കള്‍ ഇല്ലാത്തതാണ് നല്ലത്.

പിന്നീട് ഞാന്‍ ചെന്നത് എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ മനോജിന്റെ അടുത്താണ്. അവന്‍ മാത്രമാണ് എന്റെ കഥകള്‍ നല്ലതാണെന്ന് പറഞ്ഞിട്ടുള്ളത്. എന്റെ കഥകള്‍ മനസിലാക്കിയ ഏക വ്യക്തി.

“എടാ, ഒരു കഥ വിജയിക്കുന്നത് അതിന്റെ സസ്‌പെന്‍സിലാണ്. അവസാനം എന്താണെന്ന് നേരത്തെ മനസിലായാല്‍ കഥയിലുള്ള താത്പര്യം നഷ്ടപ്പെടും. അതാണ് നിന്റെ മുന്‍‌കഥകളുടെ പ്രശ്നവും. നീ ഒരു സസ്‌പെന്‍സ് കഥയില്‍ കൊണ്ടുവന്ന് നോക്ക്. അപ്പോളറിയാം വ്യത്യാസം.” മനോജ് പറഞ്ഞു.

ഞാന്‍ ആ ഉപദേശം സ്വീകരിച്ചു. വായനക്കാര്‍ക്ക് ഒരു സസ്പെന്‍സ് എലമന്റ് കൊടുത്താല്‍ കഥ വിജയിക്കും. തീര്‍ച്ച. പക്ഷെ എന്റെ “ശൈലി” എന്നെ അതിനനുവദിക്കുന്നില്ല. ഞാന്‍ നേരെ വാ നേരെ പോ എന്ന രീതിയില്‍ കഥയെഴുതുന്നവനാണ്. അത് കൊണ്ട് സസ്‌പെന്‍സ് കഥയില്‍ കൊണ്ടുവരാനൊന്നും എനിക്ക് പറ്റില്ല. ഞാന്‍ ആലോചിച്ചു, ഇനി എന്ത് വഴി?

ഒടുവില്‍ ഞാന്‍ വിജയിച്ചു. ഒരു “ടോപ്പ്” ഐഡിയ കിട്ടി. പിറ്റേന്ന് ക്ലാസിലെത്തിയ ഞാന്‍ എല്ലാവരുടെയും മുന്‍പാകെ ഒരു അനൌണ്‍സ്‌മെന്റ് നടത്തി - “ഞാന്‍ പുതിയ കഥ എഴുതുന്നു!” പ്രതീക്ഷിച്ച പോലെ “ഇവനൊന്നും വേറെ പണിയില്ലേ?” എന്ന മട്ടിലുള്ള മറുപടികള്‍ മറ്റു സഹപാഠികളില്‍ നിന്നും കിട്ടി. ഞാന്‍ വിട്ടില്ല.

“കഥയുടെ പേര് കേള്‍ക്കണ്ടേ??” ഞാന്‍ ചോദിച്ചു.

“ഓ.. വേണ്ട” ആരോ പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു. ഞാന്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

“ഈ കഥയുടെ പേര്...”

“വേണ്ടാ.. വേണ്ടാ.. നീ ഞങ്ങളോട് ഈ ക്രൂരത ചെയ്യരുത്”, കലാബോധമില്ലാത്ത എന്റെ സഹപാഠികള്‍ ബഹളം ഉണ്ടാക്കി തുടങ്ങി.

“ഒരു നിമിഷം.. ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ.. ഈ കഥ ഞാന്‍ ഇതുവരെ എഴുതിയ പോലെയല്ല. നമ്മുടെ ക്ലാസിന് ഒരു പ്രധാന പങ്ക് ഈ കഥയിലുണ്ട്.. കാരണം ഈ കഥ നമ്മുടെ ക്ലാസിലെ ചിലരെ കുറിച്ചാണ്.”

ക്ലാസില്‍ പരിപൂര്‍ണ നിശബ്ദത.

“ഈ കഥയുടെ പേര്...” ഞാന്‍ തുടര്‍ന്നു, “സൌഹൃദം വഴി മാറുമ്പോള്‍..”

ഒരുപാട് മുഖങ്ങളില്‍ ഭാവമാറ്റം ഞാന്‍ ശ്രദ്ധിച്ചു. അടുത്ത ദിവസം ഞാന്‍ ക്ലാസിലെത്തിയപ്പോള്‍ എന്റെ ചുറ്റും കുറച്ച് പേര്‍ കൂടി. “കഥയെന്തായി? എപ്പോ തീരും? എന്നാ പബ്ലിഷ് ചെയ്യുന്നത്?”. ഞാന്‍ പറഞ്ഞു “കാത്തിരിക്കൂ.. അധികം താമസിക്കില്ല” എന്റെ ദൈവമേ.. ഇതെന്താ കഥ? എന്റെ കഥ കേള്‍ക്കാന്‍ ഇത്ര ആള്‍ക്കാരോ? ഞാന്‍ സന്തുഷ്ടനായി.

എന്നാല്‍ ആ‍ സന്തോഷത്തോടൊപ്പം തന്നെ ഒരു പേടി എന്റെ മനസില്‍ ഉടലെടുക്കുകയായിരുന്നു. “സൌഹൃദം വഴി മാറുമ്പോള്‍” ഒരു സാങ്കല്‍‌പിക നാമമാണെന്നും ഞാനങ്ങനെയൊരു നമ്പരിട്ടത് എന്റെ കഥ കൂടുതല്‍ പേര്‍ വായിക്കാന്‍ വേണ്ടിയാണെന്നുള്ള സത്യം മറ്റുള്ളവര്‍ മനസിലാക്കുമ്പോഴുള്ള എന്റെ അവസ്ഥ.!